ഈ വരികൾക്ക് മഷിപുരളുമ്പോൾ കേരളം അസാധാരണമായ ഒരു വനിതാമുന്നേറ്റത്താൽ പ്രകമ്പനംകൊള്ളുകയാണ്. സംസ്ഥാനത്തിന്റെ പ്രക്ഷോഭചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞ ആശാവർക്കർമാരുടെ അതിജീവന സമരമാണത്. തൊഴിലാളി പ്രക്ഷോഭമായി തുടക്കംകുറിച്ച സമരം ഇന്ന് ഒരു സാമൂഹ്യമുന്നേറ്റമായി വളർന്നിരിക്കുന്നു. സംസ്ഥാനത്തെ ജനാധിപത്യവിശ്വാസികൾ, മനുഷ്യസ്നേഹികൾ, സ്ത്രീകൾ ഒരു സാമൂഹ്യശക്തിയായി ഉയരണമെന്ന അഭിവാഞ്ചയുള്ളവർ, തൊഴിലാളി മുന്നേറ്റം അഭിലഷിക്കുന്നവർ, സർവ്വോപരി എല്ലാ വിഭാഗം തൊഴിലാളികളും ഈ സമരത്തോട് ഹൃദയംകൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു. നന്മയുള്ളവരാകെ മനസ്സുകൊണ്ട് ആ സമരം വിജയിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നു. അവകാശനിഷേധങ്ങളിൽ ശ്വാസംമുട്ടിപ്പിടയുകയായിരുന്ന തൊഴിലാളികൾക്കുമുമ്പിൽ കീഴടങ്ങാത്ത പോരാട്ടത്തിന്റെ മാർഗ്ഗം, ആയിരക്കണക്കിന് നിർദ്ധനരായ ആശമാർ കാട്ടിത്തന്നിരിക്കുന്നു.
സംസ്ഥാനത്തെ ഇരുപത്തിയേഴായിരത്തോളം വരുന്ന ആശാവർക്കർമാരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) ഫെബ്രുവരി പത്തിനാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിനുമുന്നിൽ അസാധാരണമായ ഈ രാപകൽ സമരത്തിന് തുടക്കം കുറിച്ചത്. ഓണറേറിയം 21000 രൂപയാക്കി വർദ്ധിപ്പിക്കുക, എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ നൽകുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ അനുവദിക്കുക എന്നീ ഡിമാന്റുകൾ ഉയർത്തിയാണ് അവർ സമരം ചെയ്യുന്നത്. ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കുന്ന ജീവിത ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിച്ചാൽ ദൈന്യത വെളിവാക്കുന്ന ഡിമാന്റുകളാണവ.
തെരുവിൽ സമരംചെയ്ത് ശീലിച്ചവരല്ല അവർ. എന്നാലും മേൽക്കൂരയുടെ സംരക്ഷണമില്ലാതെ, കഠിനമായ വെയിലിനെ നേരിട്ട്, തുറന്ന തെരുവിൽ രാപകൽ അവർ ഈ സഹനസമരത്തിൽ അണിനിരന്നിരിക്കുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി സമരവേദിയിൽ പാകം ചെയ്യുന്ന ഉച്ചക്കഞ്ഞിയും മനുഷ്യസ്നേഹികൾ നൽകുന്ന അത്താഴവും കഴിച്ച് അവർ സെക്രട്ടേറിയറ്റിനു മുമ്പിൽ അന്തിയുറങ്ങുന്നു. വെയിലേറ്റ് വാടിക്കരിഞ്ഞെങ്കിലും ഇഛാശക്തിയും ആത്മവിശ്വാസവും നൽകുന്ന, തുളുമ്പുന്ന പ്രസന്നത അവരുടെ മുഖങ്ങളിൽ കാണാം. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെ പക്കലെത്തി, അവരുടെ രോഗപീഡകളിലും നിസ്സഹായ വേളകളിലും ആർക്കും വിസ്മരിക്കാനാവാത്ത ആശ്വാസമെത്തിച്ചവരാണവർ. തുഛമായ പ്രതിഫലത്തിന്റെ പ്രേരണയേക്കാൾ, നിർമ്മലമായ മനുഷ്യസ്നേഹത്തെ മുൻനിർത്തി ജോലി ചെയ്തവരാണവർ. അങ്ങിനെ കഠിനപ്രയത്നങ്ങളിലൂടെ ഉരുക്കുപോലുറച്ചവരാണവർ. അവരുടെ പ്രക്ഷോഭത്തെ അധികാരത്തിന്റെ വക്താക്കൾ പുഛിച്ചുതള്ളുമ്പോഴും അവർക്കെതിരെ അധിക്ഷേപങ്ങൾ ചൊരിയുമ്പോഴും അവരെ ഭീഷണിപ്പെടുത്തുമ്പോഴും കണികപോലും തളരാതെ ശിരസ്സുയർത്തിനിന്ന് അവർ പൊരുതുകയാണ്. മുദ്രാവാക്യമുയർത്തിയും പാട്ടുപാടിയും നൃത്തം ചവിട്ടിയും കവിതയും പാരഡികളും കഥാപ്രസംഗങ്ങളും ഓട്ടൻതുള്ളൽ ഗാനങ്ങളും സ്വയമെഴുതിയും ആലപിച്ചും അവർ ഈ തെരുവ് സമരത്തെ ഒരു സാംസ്കാരിക ഉണർവിന്റെ വേദിയായിമാറ്റുകയാണ്.
ഇത്രയും വീറുറ്റ, എന്നാൽ തികച്ചും സമാധാനപരമായ, ഇത്രയും നീണ്ടുനിൽക്കുന്ന, ഉത്തരോത്തരം വർദ്ധിക്കുന്ന പങ്കാളിത്തമുള്ള സ്ത്രീതൊഴിലാളികളുടെ സമരം കേരളചരിത്രത്തിൽ ആദ്യത്തേതാണ്. മരണം താണ്ഡവമാടിയ, മനുഷ്യരെല്ലാം വീട്ടുതടങ്കലിലായിരുന്ന, കോവിഡ് കാലത്ത് ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശ വാഹകരായി എത്തുകയും, ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും കിടപ്പുരോഗികളുടെയും മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും പരിചരണത്തിന്റെ കാര്യത്തിൽ പ്രാഥമിക ആരോഗ്യപ്രവർത്തനം നടത്തുകയും ചെയ്യുന്ന ആശമാർ കേരളത്തിലെ ഓരോ വീടിന്റെയും പ്രിയപ്പെട്ടവരാണ്. അതിനാൽ തന്നെ അവരുടെ സമരത്തെ കേരളസമൂഹം നെഞ്ചിലേറ്റിയിരിക്കുകയാണ്. ഈ ജനതാൽപര്യം കൊണ്ടു തന്നെയാണ് മാദ്ധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ ഈ സമരത്തെ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ, ഒറ്റയ്ക്കും കൂട്ടായും കുടുംബസമേതവും സമര വേദി സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സംഭാവന നൽകുന്നു. ഭരണമുന്നണിയിൽപ്പെട്ടവരൊഴികെയുള്ള എല്ലാ രാഷ്ട്രീയകക്ഷികളും, തൊഴിലാളി സംഘടനകൾ, സർക്കാർ ജീവനക്കാരുടെയും റിട്ടയർ ചെയ്തവരുടെയും സംഘടനകൾ, മതസംഘടനകൾ, പരിസ്ഥിതി സംഘടനകൾ, കലാകാരന്മാർ, സാഹിത്യകാരന്മാർ, സാംസ്കാരിക നായകർ, സിനിമ പ്രവർത്തകർ എന്നിങ്ങനെ അസംഖ്യം പേർ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചകണ്ട് കേരളം ആശ്ചര്യപ്പെടുകയാണ്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ, വിദൂരങ്ങളായ, പ്രയാസപ്പെട്ട് മാത്രം യാത്രചെയ്ത് എത്താവുന്ന ഇടങ്ങളിൽനിന്ന് ആശമാർ സമരത്തിന് എത്തിച്ചേരുകയാണ്. വണ്ടിക്കൂലിക്ക് കാശില്ലാത്തതുകൊണ്ടുമാത്രം സമരത്തിന് എത്താനാവാതെ സങ്കടപ്പെടുന്നവർ ഏറെയാണ്. ആരംഭത്തിൽ സെക്രട്ടേറിയറ്റ് നടയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സമരം ഇന്ന് കേരളമാകെ വ്യാപിച്ചിരിക്കുകയാണ്. വമ്പിച്ച പങ്കാളിത്തത്തോടെ ആശമാർ ജില്ലാ കേന്ദ്രങ്ങളിൽ സമരവേദികൾ സൃഷ്ടിക്കുകയാണ്. പിഎച്ച്‌സികൾ കേന്ദ്രീകരിച്ച് സമരങ്ങൾ നടക്കുകയാണ്. ഫെബ്രുവരി 20മുതൽ അവർ പൊതുജനങ്ങളുടെ പിന്തുണയോടെ അനിശ്ചിതകാല പണിമുടക്കിലുമാണ്.
ദീർഘകാലത്തെ പരിശീലനത്തിനുശേഷം മാത്രം ചെയ്യാവുന്ന, വിദഗ്ദ്ധ തൊഴിൽ എന്ന് പരിഗണിക്കാവുന്ന, ദിവസം 18 മണിക്കൂറോളം ലീവ് ഇല്ലാതെ ചെയ്യുന്ന ഈ പണിക്ക് പ്രതിദിനം പ്രതിഫലമായി 233 രൂപ നൽകുന്നത് ഏറ്റവും അപമാനകരമാം വിധം തുച്ഛമാണ്. സർക്കാർ തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിദിന മിനിമംവേതനം 700 രൂപ ആണെന്നിരിക്കെ, ഈ കുറഞ്ഞ കൂലി ഒരു നിയമലംഘനം കൂടിയാണ്. മിനിമം കൂലി നൽകാനാവാത്ത ഒരു സ്ഥാപനത്തിന് നിലനിൽക്കാനുള്ള അവകാശമില്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച നാടാണിത്. ആ കൂലി തന്നെ മൂന്ന് നാല് മാസം തടഞ്ഞു വയ്ക്കുന്നത് കൂലി കൊള്ളയുമാണ്. സർക്കാർ നിശ്ചയിച്ച മിനിമം വേതനമായ, 2021ലെ എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായ 21,000 രൂപയെ ആശാവർക്കർമാർ ആവശ്യപ്പെടുന്നുള്ളൂ. ആ തുക മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ശമ്പളം വാങ്ങുന്ന മാസാദ്യം തന്നെ സ്ഥിരമായി നൽകണമെന്നതും തികച്ചും ന്യായം.
കേന്ദ്രമാണ് സംസ്ഥാനമാണോ നൽകേണ്ടത്? ഈ തുക നൽകേണ്ടത് കേന്ദ്രമാണോ സംസ്ഥാനമാണോ എന്ന തർക്കം ആശമാരെ സംബന്ധിച്ചടത്തോളം അപ്രസക്തമാണ്. ആ തർക്കം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ നടത്തട്ടെ. ഇപ്പോഴത്തെ സർക്കാരാണോ മുൻ സർക്കാരാണോ കൂടുതൽ നൽകിയത് എന്ന തർക്കവും അവർ തമ്മിൽ തന്നെ നടത്തട്ടെ. പണിയെടുക്കുന്നവരെ സംബന്ധിച്ച് അവർ ചെയ്ത പണിക്ക് നിയമവും ന്യായവും മാനുഷിക പരിഗണനയും പരിഷ്കൃത ജീവിത ആവശ്യകതയും പരിഗണിച്ച് പ്രതിഫലം നൽകുക എന്നത് ഒരു തർക്ക വിഷയമാക്കാൻ പാടില്ല. മറ്റു പണികൾ ചെയ്തുകൊണ്ടുതന്നെ നിർവ്വഹിക്കാവുന്ന ചില ദൗത്യങ്ങൾ എന്ന നിലയിലാണ് ഈ പദ്ധതി ആരംഭിച്ചത്. അതിനാണ് ഓണറേറിയം എന്ന് പേരിട്ട് പിച്ചക്കാശ് പ്രതിഫലമായി നൽകിയത്. തുടർന്ന് സംസ്ഥാനവും കേന്ദ്രവും പുതിയ പുതിയ ചുമതലകൾ അവരെ ഏൽപ്പിച്ചു തുടങ്ങി. ആശമാർ മറ്റൊരുവിധ ജോലികൾക്കും പോകാൻ പാടില്ല എന്ന ഉത്തരവും ഇതിനിടയിൽ പുറപ്പെടുവിച്ചു. പാവപ്പെട്ട ഈ സ്ത്രീ തൊഴിലാളികൾ എതിർപ്പ് ഏതുമില്ലാതെ അവരെ ഏൽപ്പിച്ച ചുമതലകൾ വളരെ ഭംഗിയായി നിർവ്വഹിച്ചു. ഫീൽഡ് തലത്തിലും സംസ്ഥാന സ്ഥാപനതലത്തിലും മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു സ്ഥിരം സർക്കാർ ഉദ്യോഗസ്ഥൻ മുന്തിയ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടുന്ന ചുമതലകളാണ് ഇപ്പോഴവർ നിർവ്വഹിക്കുന്നത്.
കേന്ദ്രസർക്കാർ നൽകുന്ന ചുമതലകൾ കൂടാതെ, സംസ്ഥാനസർക്കാർ ഏൽപ്പിക്കുന്ന ആശുപത്രി ഡ്യൂട്ടികൾ, സബ്ബ് സെന്റർ ഡ്യൂട്ടി, കിടപ്പുരോഗികളെ നോക്കുന്ന പാലിയേറ്റീവ് കെയർ തുടങ്ങിയവ കൂടാതെ നിരവധിയായ ആരോഗ്യ സർവ്വേകൾ നിർവ്വഹിക്കുന്നവരാണ് ആശമാർ. സംസ്ഥാന സർക്കാർ ഏൽപ്പിച്ചു നൽകുന്ന പണികൾതന്നെ ഒരു മുഴുവൻ സമയ തൊഴിലാണ്. അതിനാൽ അവരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക എന്ന ഡിമാന്റിന് വലിയ പ്രസക്തിയാണുള്ളത്. ആശമാർ മറ്റു തൊഴിലുകൾ ചെയ്യരുതെന്ന് ഉത്തരവിറക്കിയ ആ നിമിഷം മുതൽ, ഒരു പൂർണ്ണസമയ സർക്കാർ ഉദ്യോഗസ്ഥന് നൽകേണ്ടുന്ന പ്രതിഫലം നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടായിരുന്നു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിനുവേണ്ടിയാണ് ആശമാർ പണിയെടുക്കുന്നത്. കേരള സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ കീഴിൽ നിർവ്വഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി നിർവ്വഹിക്കുന്നു എന്നതിനാലും ആരോഗ്യവിഷയം സംസ്ഥാന പട്ടികയിൽ പെടുന്നതിനാലും കേരളത്തിലെ ആശമാർക്ക് മതിയായ വേതനം നൽകുന്നതിനോ, അവരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുന്നതിനോ യാതൊരു നിയമ തടസ്സവുമില്ല. ധാർമിക ബാധ്യതയിൽ നിന്ന് ഒഴിയാനുമാവില്ല.
മേൽ പറഞ്ഞതിനർത്ഥം കേന്ദ്രത്തിൽനിന്ന് മതിയായ വിഹിതം വാങ്ങി എടുക്കേണ്ട എന്നല്ല. പക്ഷേ അത് കേരളം എന്ന ചെറിയ സംസ്ഥാനത്തെ പാവപ്പെട്ട ആശമാരുടെ മാത്രം ഉത്തരവാദിത്തമല്ല. കേന്ദ്രസർക്കാരിനെതിരെ , പ്രത്യേകിച്ച് ജനാധിപത്യ ബോധത്തിന്റെ തരിമ്പുപോലുമില്ലാത്ത മോദി സർക്കാരിനെതിരെയാകുമ്പോൾ. കർഷക സമരസമാനമായ ശക്തി സമാഹരിച്ചുകൊണ്ടുള്ള ഒരു വമ്പൻ സമരത്തിനുമാത്രമേ തൊഴിലാളികളുടെ ഒരു ചെറിയ ഡിമാന്റുപോലും നേടിയെടുക്കാനാവു. തൊഴിൽ കോഡുകൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേർന്ന് വർഷങ്ങളായി നടത്തിവരുന്ന സമരത്തിന്റെ കാര്യം ഓർക്കുക. അപ്പോൾ മനുഷ്യോചിതമായി ജീവിക്കാനുള്ള വേതനം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമ്പോൾ, കേന്ദ്രത്തോട് ചോദിച്ചു വാങ്ങിക്കോ എന്നുപറയുന്നതിലെ തൊഴിലാളി വിരുദ്ധതയുടെ ആഴം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി സർക്കാരിനും പിണിയാളുകൾക്കും നഷ്ടപ്പെട്ടു എന്നാണോ മനസ്സിലാക്കേണ്ടത്?
ഇടതുമുന്നണി സർക്കാരിന്റെ തീവ്രവലതുപക്ഷ നിലപാടുകൾ
ക്രിമിനൽ മൂലധനം അടക്കമുള്ള മൂലധന നിക്ഷേപങ്ങൾ ആകർഷിക്കാൻ വേണ്ടി നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന പദ്ധതിയാണ് തങ്ങളെ നയിക്കുകയെന്ന് സത്യപ്രതിജ്ഞാവേളയിൽ തന്നെ പ്രഖ്യാപിച്ചുകൊണ്ട് അധികാരമേറ്റ പിണറായി സർക്കാർ അതിന്റെ നടത്തിപ്പുമായി മുന്നോട്ടു പോവുകയാണ്. തൊഴിലാളികളെ അടിമസമാനം ചൂഷണത്തിന് വിധേയപ്പെടുത്തുക എന്നതാണ് അതിൽ പ്രധാന ഇനം. ഏറ്റവും വിദഗ്ദ്ധരായ, ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ തൊഴിലാളികളെയും തൊഴിൽ രഹിതരായ യുവാക്കളെയും, ഭരണകൂടതാല്പര്യത്തിന് വിധേയപ്പെട്ട ട്രേഡ് യൂണിയനുകളെയും അവർ അവതരിപ്പിക്കുന്നു. എത്ര തുച്ഛമായ വേതനം നൽകിയാലും മതി, അതുതന്നെ എപ്പോഴെങ്കിലും നൽകിയാൽ മതി, നൽകിയില്ലെങ്കിലും സാരമില്ല, എത്രനേരം വേണമെങ്കിലും പണിയെടുപ്പിക്കാം, ചോദിക്കാനും പറയാനും തൊഴിൽ വകുപ്പോ, തൊഴിലാളി സംഘടനകളൊ ഉണ്ടാവില്ല എന്ന സന്ദേശമാണ് മൂലധന നിക്ഷേപകരായ സ്വദേശ, വിദേശ മുതലാളിമാരുടെ മുന്നിൽ വയ്ക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നത്. കെഎസ്‍ആർടിസിയിലും ഇതര സർക്കാർ മേഖലകളിലും അത് സ്വന്തം കാർമികത്വത്തിൽ, സ്വന്തം വരുതിയിലുള്ള സംഘടനകളെ കൂടി ഉപയോഗപ്പെടുത്തി നടപ്പിലാക്കി ലോകത്തോട് വിളംബരം ചെയ്യുകയാണ് പിണറായി സർക്കാർ. ആശമാരോട് കാട്ടുന്നതും ഇതേ സമീപനമാണ്. ഇതൊക്കെ കണക്കിലെടുത്താണ് ലോകബാങ്കും കേന്ദ്ര ഗവൺമെന്റും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’ൽ കേരളത്തിന് ഒന്നാം റാങ്ക് നൽകിയിരിക്കുന്നത്.
സമരത്തോടുള്ള സർക്കാർ നിലപാട് ഇടതുവിരുദ്ധത
പതിനൊന്ന് വർഷം മുമ്പാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രൂപം കൊള്ളുന്നത്. അന്നുമുതൽ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആശമാരെ വൻതോതിൽ അണിനിരത്തിക്കൊണ്ട് നിരവധിയായ പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്. ഈ കാലയളവിൽ സർക്കാർ അംഗീകരിച്ച ഡിമാന്റുകളുടെ പിന്നിൽ ഈ സംഘടനയുടെ പ്രക്ഷോഭണത്തിന്റെ സമ്മർദ്ദമുണ്ടായിരുന്നു. സർക്കാരിനെ പിൻപറ്റി നിന്നിരുന്ന സിഐറ്റിയു യൂണിയൻ പിന്നീട് ആ ഡിമാന്റുകൾ ഏറ്റെടുക്കുകയും സമരങ്ങൾ നടത്തുകയും അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാൽ അവയെല്ലാം ഡിമാന്റുകൾ നേടുക എന്നതിനല്ല, മറിച്ച് അസംതൃപ്തരായ തൊഴിലാളികളെ കൂടെ നിർത്തുന്നതിനായി നടത്തപ്പെട്ടതായിരുന്നു. ആശമാരുടെ മിനിമം ഡിമാന്റുകൾ ഈ ബജറ്റിൽ പരിഗണിക്കണമെന്ന് മുൻകൂറായി തന്നെ നിരവധി സമരരൂപങ്ങളിലൂടെ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫെബ്രുവരി 7ന് അവ തരിപ്പിച്ച ബജറ്റിൽ ആശമാരുടെ പ്രശ്നങ്ങൾ പരിപൂർണ്ണമായി അവഗണിക്കപ്പെട്ടു. അതോടെയാണ് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ അസോസിയേഷൻ രാപകൽ സമരം ആരംഭിച്ചത്.
ആരംഭത്തിൽ സർക്കാർ തീർത്തും അവഗണിക്കുകയും അനാവശ്യ സമരം എന്ന് ആരോഗ്യമന്ത്രിതന്നെ പ്രസ്താവിക്കുകയും ചെയ്തു. സമരത്തിന് ആശമാരുടെയും ബഹുജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും പിന്തുണ വൻതോതിൽ വർദ്ധിച്ചതോടെ മന്ത്രിമാർ അധിക്ഷേപവാക്കുകളുമായി രംഗത്തിറങ്ങി. ആരോഗ്യമന്ത്രിയെ കാണാനായി വീട്ടിലെത്തിയ സംഘടനാനേതാക്കളെ കാണാതെ ആട്ടിയോടിച്ചു. ഫെബ്രുവരി 15 ന് സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന, ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത കുടുംബസംഗമത്തിന്റെ സമ്മർദത്തിൽ മന്ത്രി ചർച്ചയ്ക്ക് തയ്യാറായെങ്കിലും യാതൊരു ഡിമാന്റുകളും അംഗീകരിക്കാതെ, സമരം പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും സമര നോട്ടീസുകളും പണിമുടക്ക് നോട്ടീസും നൽകി പണിമുടക്കിന് ഇറങ്ങിയ ആശമാർക്ക് യാതൊരു മറുപടിയും നൽകാതെ പിരിച്ചുവിടൽ ഭീഷണി മുഴക്കുകയും പകരം ആളെ നിയോഗിക്കാൻ നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുകയുമാണ് സർക്കാർ ചെയ്തത്. ദീർഘകാലത്തെ പരിശീലനം ആവശ്യമായ വിദഗ്ദ്ധ തൊഴിൽ നിർവ്വഹിക്കാൻ കരിങ്കാലികളെ താൽക്കാലികമായി നിയോഗിക്കാൻ തീരുമാനിച്ചത്, തികഞ്ഞ തൊഴിലാളി വിരുദ്ധത മാത്രമല്ല, ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കവുമാണ്.
സമരത്തെ ഭയപ്പെടുത്തി തളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പോലീസ് കേസുകൾ സമരം ആരംഭിച്ച ദിവസം മുതൽ തുടങ്ങിയതാണ്. പ്രധാന നേതാക്കൾക്കെതിരെ കേസുകൾ ചാർജ് ചെയ്തു സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു. സമരത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ കേസെടുക്കുന്ന വിചിത്രവും ജനാധിപത്യവിരുദ്ധവുമായ നീക്കവും നമ്മൾ കണ്ടു. ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്ത കേരളത്തിലെ ഏറ്റവും ആദരണീയരായ സാമൂഹ്യപ്രവർത്തകരായ ജോസഫ് സി.മാത്യു, ഡോ.കെ.ജി.താര, ഡോ.എം.പി.മത്തായി തുടങ്ങിയ അനവധി പേർക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഈ സമരത്തിന് കേരളത്തിലെ ബുദ്ധിജീവി വിഭാഗത്തിന്റെ, പ്രത്യേകിച്ച് ഇടതു സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ ഇല്ലാതാക്കാൻ വേണ്ടി അവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. കൂടുതൽ സാംസ്കാരിക പ്രവർത്തകർ സമരത്തിന് പിന്തുണയുമായി എത്തിയതോടെ ഈ ദുഷ്ടലക്ഷ്യം പൊളിഞ്ഞു പോയിരിക്കുകയാണ്.
സമരവിരുദ്ധ സമരങ്ങൾ
സമരം ചെയ്യുന്ന പാവപ്പെട്ട ആശാവർക്കർമാരോട് മത്സരിച്ച് ബദൽ സമരങ്ങളുമായി സിഐറ്റിയു രംഗത്തെത്തിയിരിക്കുന്നു. സമരംചെയ്തു ജയിപ്പിക്കുന്നതിനേക്കാൾ, സമരത്തെ പരാജയപ്പെടുത്താനുള്ള അടവും തന്ത്രവും പ്രയോഗിക്കുന്നതിലാണ്, ഒരുകാലത്ത് വീറുറ്റ തൊഴിൽ സമരങ്ങൾ നടത്തിയിരുന്ന ഈ പ്രസ്ഥാനം ഇപ്പോൾ വൈദഗ്ദ്ധ്യം കാണിക്കുന്നത്.‘ഈർക്കിൽ പാർട്ടി’ ‘അരാജകവാദികൾ’ ‘പാട്ടപ്പിരിവുകാർ’ ‘സാക്രമിക രോഗം പരത്തുന്ന കീടം’ ഇവയൊക്ക സമരവേളയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ വിശേഷിപ്പിക്കാൻ സിപിഐ(എം) സിഐറ്റിയു പ്രസ്ഥാനങ്ങൾ ഉപയോഗിക്കുന്ന വാക്കുകളാണ്.
സ്വാതന്ത്ര്യസമരത്തിലെ സന്ധിയില്ലാ സമരധാരയിലൂടെ കടന്നുവന്ന് 1948ൽ രൂപീകരിച്ച, ബംഗാളിൽ രണ്ട് തവണ സിപിഐ(എം)നോടൊപ്പം മന്ത്രിസഭ പങ്കിട്ട, നിരവധി സംയുക്ത പ്രക്ഷോഭണങ്ങളിൽ ഒരുമിച്ചു പങ്കെടുക്കുന്ന ഒരു പ്രസ്ഥാന ത്തെപ്പറ്റിയാണ് ഈ അധിക്ഷേപ പദപ്രയോഗങ്ങൾ നടത്തിയിരിക്കുന്നത്. ആശ സമരം ഉയർത്തി വിടുന്ന ഊഷ്മാവിൽ നീറി സമനില നഷ്ടപ്പെട്ടതിന്റെ ലക്ഷണങ്ങളാണിവ. പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ സമരപാത വെടിഞ്ഞ് മുതലാളിത്തത്തിനുവേണ്ടി പാദസേവ ചെയ്യുന്ന ലക്ഷണമൊത്ത ഒരു സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനമായ സിപിഐ(എം) തങ്ങളുടെ എല്ലാ പുരോഗമന മുഖംമൂടികളും വലിച്ചെറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മുതലാളി വർഗ്ഗത്തിന് സ്വീകാര്യരാകുവാൻ വേണ്ടിയുള്ള തത്രപ്പാടിലാണവർ.ഇടതു വിശ്വാസികളായ സ്വന്തം അണികളുടെ മുമ്പിൽപോലും ഇവർ നാണം കെട്ടുകൊണ്ടിരിക്കുകയാണ്.
ആശ സമരത്തിന് സമ്പൂർണ്ണമായ പിന്തുണയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നൽകുന്നത്. സമരം നടത്തുന്നത് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എന്ന കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വതന്ത്ര സംഘടനയാണ്. നിലവിൽ ഏതെങ്കിലും കേന്ദ്രട്രേഡ് യൂണിയനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയനല്ല. കേരളത്തിലെ തലമുതിർന്ന ട്രേഡ് യൂണിയൻ നേതാവും എഐയുറ്റിയുസി എന്ന കേന്ദ്ര ട്രേഡ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റുമായ സഖാവ് വി.കെ.സദാനന്ദനാണ് ആ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. അതേ കേന്ദ്ര ട്രേഡ് യൂണിയന്റെ സംസ്ഥാനനേതാവായ എം.എ.ബിന്ദു, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ ആശയനേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹിളാ സാംസ്കാരിക സംഘടനയുടെ മുതിർന്ന നേതാക്കളിലൊരാളായ എസ്.മിനി എന്നിവരും ആ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ട്. ആശമാരിൽനിന്ന് ഉയർന്നുവന്ന ഉജ്ജ്വലമായ കാര്യശേഷിയുള്ള ഒരുനിര നേതാക്കൾ ആ സംഘടനയെ നയിക്കുന്നു. സർക്കാരിന്റെയും സിപിഐ(എം)ന്റെയും സിഐറ്റിയുവിന്റെയും നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് അടിപതറാതെ ധീരമായി ഈ സമരത്തെ നയിച്ച് പടനിലത്തിൽ നിലകൊള്ളുകയാണ് ഈ നേതാക്കൾ.
എന്തുകൊണ്ടാണ് സമരരംഗത്ത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ സാന്നിധ്യത്തെ ഇക്കൂട്ടർ ഇത്രമേൽ അധിക്ഷേപിക്കുന്നത്? ന്യായത്തിന്റെപക്ഷത്ത് അടിയുറച്ചു നിലകൊള്ളുന്ന ആ പ്രസ്ഥാനം ഒരു തരത്തിലുമുള്ള സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വശംവദരാവില്ല എന്ന് അവർക്കറിയാം. അക്രമത്തിന്റെ ലാഞ്ചനപോലുമില്ലാതെ ചെറുതും വലുതുമായ ജനകീയ സമരങ്ങളെ പടിപടിയായി വളർത്തിയെടുത്ത് വിജയത്തിലെത്തിച്ച ചരിത്രം അവർക്കറിയാം. അതിൽ പലതും ഭരണകൂടത്തിന്റെ പക്ഷത്ത് സിപിഐ(എം) ആയിരുന്നു എന്നതുകൊണ്ട് പ്രത്യേകിച്ചും. ബംഗാളിലെ സുദീർഘമായ ഭാഷാ സമരം, ഐതിഹാസികമായ നന്ദിഗ്രാം-സിംഗൂർ ജനകീയ പ്രക്ഷോഭം, നമ്മുടെ സംസ്ഥാനത്തെ ചെങ്ങറ ഭൂസമരം, വിളപ്പിൽശാല ചെറുത്തുനിൽപ്പ്, കരിമണൽ ഖനനവിരുദ്ധ സമരം, കെറെയിൽ സമരം തുടങ്ങിയവ അതിൽ ചിലതുമാത്രം.
വിദേശ കോർപ്പറേറ്റ് മുതലാളിമാർ ക്കുവേണ്ടി കർഷകരുടെ ഭൂമി ബലാൽക്കാരേണ പിടിച്ചെടുക്കുവാൻ തുനിഞ്ഞ നന്ദിഗ്രാമിൽ നേരിട്ട പരാജയത്തിൽനിന്ന് തുടങ്ങിയ തകർച്ച സിപിഐ(എം)നെ ബംഗാളിന്റെ മണ്ണിൽ അധികാരത്തിൽനിന്ന് ജനങ്ങൾ തൂത്തെറിയുന്നതിൽ കൊണ്ടെത്തിച്ചു.ഹാരിസൺ മുതലാളിക്കുവേണ്ടി ചെങ്ങറ സമരത്തെ അടിച്ചമർത്താൻ തുനിഞ്ഞ സിപിഐ(എം) ഭരണം അതിൽ അമ്പെ പരാജയമടഞ്ഞതും ചരിത്രം. വിളപ്പിൽശാല സമരത്തെ നേരിട്ട സിപിഐ(എം) നയിച്ച നഗരസഭാ ഭരണത്തെ ജനങ്ങൾ പൊരുതി പരാജയപ്പെടുത്തി മാലിന്യമുക്തമായ ജീവിതം സാധ്യമാക്കിയതും ജനങ്ങളുടെ മുന്നിലുണ്ട്. കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുവാൻപോന്ന കെറെയിൽ പദ്ധതി ഇന്നും കടലാസിൽ നിന്ന് പുറത്ത് കടക്കാത്തതും ജനകീയ സമരത്തിന്റെ ഉജ്ജ്വലമായ വിജയമാണ്. ഈ ജനകീയ മുന്നേറ്റങ്ങളി ലെല്ലാം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അവിഭാജ്യഭാഗമായിരുന്നു എന്നതും ചരിത്രം.
ജനകീയ സമരങ്ങളുടെ ദുഷ്കരമായ സംഘാടനത്തിലും അതിനെ നയിക്കുന്നതിലും അസാധാരണമായ കാര്യശേഷിയോടെ പ്രവർത്തിക്കുന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)നെ അരാജകശക്തി എന്ന് വിളിച്ചാക്ഷേപിക്കുന്നത് ബൂമാറാങുപോലെ തിരിച്ച് കൊള്ളും എന്നുറപ്പാണ്. വിളപ്പിൽശാല സമരത്തിന് ഉജ്ജ്വലമായ നേതൃത്വം നൽകിയവരിൽ ഒരാളും സംസ്ഥാനത്തെ ഏതൊരു ജനകീയ സമരത്തിലും നേതൃനിരയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന എസ്.മിനി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. വിളപ്പിൽശാല സമരത്തിലും ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയോടൊപ്പമുള്ള സമരത്തിലും പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച നേതാവാണ് സഖാവ് മിനി. സമൂഹത്തിനുവേണ്ടി സ്വന്തം ജീവിതം പൂർണമായി സമർപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആ സഖാവിനെ ‘സാംക്രമിക രോഗം പരത്തുന്ന കീടം’ എന്ന് വിശേഷിപ്പിച്ച സിപിഐ(എം) പ്രസ്ഥാനത്തിന്റെ നിലവാരം എത്രമേൽ താണിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ്. ജനങ്ങളിൽനിന്ന് പണം പിരിച്ച് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത് അഭിമാനകരമായ പ്രവർത്തനശൈലിയായി എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) ഉറച്ച് വിശ്വസിക്കുന്നു. മുതലാളിമാരിൽനിന്ന് പണം സ്വീകരിച്ച് അവർക്കുവേണ്ടി പ്രവർത്തിക്കുന്ന സിപിഐ(എം)ന് ഈ മാതൃകായോഗ്യമായ ശൈലി ആക്ഷേപാർഹമായി തോന്നുന്നത് സ്വാഭാവികം മാത്രം.
ഭരണ-പ്രതിപക്ഷ കക്ഷിരാഷ്ട്രീയ, പാർലമെന്ററി അധികാര രാഷ്ട്രീയ രംഗത്തിന് പുറത്ത് എസ്‌യു സിഐ(കമ്മ്യൂണിസ്റ്റ്)ന്റെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന്റെ ഒരു പുതിയ ചേരി വളർന്നുവരികയാണ്. തൊഴിലാളികളുടെ പ്രക്ഷോഭ രംഗത്തും അത് അനുഭവവേദ്യമാണ്. ഇതെല്ലാം ഇക്കൂട്ടരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈ പ്രസ്ഥാനത്തെ ജനങ്ങൾ നെഞ്ചിലേറ്റുന്നത് അസൂയയോടെയും ആശ ങ്കയോടെയും അവർ വീക്ഷിക്കുന്നു. ഒരു തൊഴിലാളി സമരത്തിന്റെ വിജയം, അടിച്ചമർത്തപ്പെടുന്ന, നിരാശരായിരിക്കുന്ന ഇതര തൊഴിലാളി വിഭാഗങ്ങളെ സമരസജ്ജരായി തട്ടിയുണർത്തും എന്നവർ ഭയപ്പെടുന്നു. അതിന്റെ തികട്ടലുകളാണ് മേൽപ്പറഞ്ഞ അധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്.
യൂസഫലിയെ ‘കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ’ ആയി പ്രഖ്യാപിക്കുകയും രവി മുതലാളിക്ക് കേരളത്തിന്റെ ആദരം നൽകുകയും അദാനിക്കുവേണ്ടി കേരളത്തിന്റെ ഖജനാവിൽ നിന്ന് പണമൊഴുക്കുകയും ചെയ്യുന്നു. മറുവശത്ത് പാവപ്പെട്ട തൊഴിലാളിക്ക് മിനിമം കൂലി നൽകാതിരിക്കുകയും സർക്കാർ ജീവനക്കാരിൽനിന്ന് എഴുപതിനായിരം കോടി കവരുകയും ക്ഷേമ തുകകൾ നൽകാതിരിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ തികഞ്ഞ തൊഴിലാളി വിരുദ്ധ പ്രസ്ഥാനമായി അധ:പതിച്ചിരിക്കുന്നു. തൊഴിലാളികളും ഇടതു ബോധമുള്ളവരും സ്വന്തം പാർട്ടി അണികളും തെളിമയോടെ അത് മനസ്സിലാക്കി കൊണ്ടിരിക്കുന്നു. യഥാർത്ഥ തൊഴിലാളി വർഗ്ഗസിദ്ധാന്തത്തിന്റെ അടി സ്ഥാനത്തിൽ സാമൂഹ്യമാറ്റത്തിന്റെ നിയമങ്ങൾക്കൊത്ത് ചരിത്രം മുന്നേറുമ്പോൾ മൂലധനശക്തികളുടെ ഈ കൂട്ടാളികൾ അപ്രസക്തമാവും എന്നത് ചരിത്രസത്യമാണ്.
സത്യസന്ധരായ ഇടതുപക്ഷ അണികളോടുള്ള അഭ്യർത്ഥന
നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും തൊഴിലാളികളുടെ ജീവനെടുക്കുന്ന അവകാശലംഘനങ്ങളുടെ സാഹചര്യത്തിൽ ഒരു തൊഴിലാളി പ്രക്ഷോഭമെങ്കിലും വിജയിച്ചുവന്നാൽ അത് പ്രതീക്ഷയുടെയും അളവറ്റ ആത്മിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കില്ലേ? ശിരസ്സുയർത്തിനിന്ന് പൊരുതാനുള്ള മാർഗ്ഗം അത് വെട്ടിത്തെളിക്കില്ലേ? പരമതുഛമായ പ്രതിഫലത്തിനുവേണ്ടി രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾ ഡെലിവറി ബോയ്സായി പണിയെടുത്ത് മരിക്കുകയാണ്. ഐറ്റി രംഗത്ത് നിർദ്ദയമായ ചൂഷണമാണ് അരങ്ങുവാഴുന്നത്. ലോക്കോ പൈലറ്റുമാർ മാടുകളെപ്പോലെ പണിയെടുത്ത് തളർന്നുവീഴുമ്പോഴും റെയിൽവേയിൽ 1976 ലെ പണിമുടക്കിനുശേഷം പേടിപ്പെടുത്തുന്ന നിശബ്ദതയാണ്. പങ്കാളിത്തപെൻഷൻ ഒരുക്കിയ കെണി നിമിത്തം വിരമിക്കലിനുശേഷം വയോധികരായ റിട്ടയറീസ് തെരുവാധാരമായിരിക്കുന്നു. തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതപ്പെട്ടതോടെ, അവകാശങ്ങൾ നഷ്ടപ്പെട്ട് തൊഴിലാളികൾ നിരായുധരായിരിക്കുന്നു. മുതലാളിത്തത്തിന്റെ കഴുത്തറപ്പൻ ചൂഷണം എല്ലാ സീമകളെയും ലംഘിച്ച് ആടിത്തിമർക്കുകയാണ്. ആഞ്ഞുവീശുന്ന സമരശക്തിയായി തൊഴിലാളികളെ തെരുവിലെത്തിക്കേണ്ട അടിയന്തര സന്ദർഭമാണിത്.
കേരളത്തിൽ അലയടിക്കുന്ന ആശാ സമരത്തിന്റെ ചരിത്രപ്രാധാന്യമിതാണ്. മുതലാളിത്ത നയങ്ങൾക്കെതിരെ ഒരു കൊടുങ്കാറ്റായി ഉയരാൻ തൊഴിലാളികൾക്ക് മാർഗ്ഗം കാട്ടുന്ന ഐതിഹാസിക പ്രക്ഷോഭമാണ് ആശാസമരം. ഇത് വിജയിച്ചാൽ നട്ടെല്ല് നിവർത്തിനിന്ന് പൊരുതാൻ എല്ലാ തൊഴിലാളി വിഭാഗങ്ങൾക്കും വിലപേശൽ ശേഷി നൽകും. പരാജയപ്പെട്ടാൽ തൊഴിലാളികളുടെ നിലവിലുള്ള ദുരവസ്ഥ തുടരുക മാത്രമല്ല, ഒന്നുരിയാടാൻ പോലുമാവാത്ത ഇരുണ്ടദിനങ്ങളിലേക്ക് നിപതിക്കും. അതിനാൽ എന്തുവില നൽകിയും ആശാ സമരത്തെ വിജയിപ്പിക്കുവാൻ രംഗത്തിറങ്ങണമെന്ന് എല്ലാ നല്ല മനുഷ്യരോടും അഭ്യർത്ഥിക്കുന്നു.
തൊഴിലാളിപ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും പ്രാണനുതുല്യം ഗണിക്കുക എന്നതാണ് യഥാർത്ഥ ഇടതുപക്ഷ സമീപനം. അതോടൊപ്പംതന്നെ ജനാധിപത്യ സമരത്തിന്റെ കടമകൾ നിറവേറ്റാൻ കെൽപ്പും ചരിത്രപരമായ സാധ്യതയുമുള്ള പ്രസ്ഥാനങ്ങളും വ്യക്തികളും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനു പുറത്തും നിലനിൽക്കുന്നുണ്ടെന്ന് ശരിയായ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തുന്നു. തങ്ങൾക്കുപുറത്തും ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉയർന്നുവരുമെന്നുതന്നെയാണ് ശരിയായ ഇടതുവിശകലനം. സ്വന്തം മുൻകൈയിൽ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാൻ പ്രയത്നിക്കുന്ന തിനോടൊപ്പം ജനാധിപത്യശക്തികളാൽ ഉയർത്തപ്പെടുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടാനും അവയെ ശക്തിപ്പെടുത്താനും പരമപ്രാധാന്യത്തോടെ പണിയെടുക്കുക എന്നതും ഇടതുപക്ഷ ദൗത്യമാണ്. ഈ ഉത്തരവാദിത്തം വിസ്മരിക്കുക മാത്രമല്ല, അതി നെതിരെ പ്രവർത്തിക്കുക യാണ് സിപിഐ(എം) ചെയ്യുന്നത്.
ആശാ വർക്കർമാരുടെ സമരത്തിന് എന്തു പരിമിതിയാണ് സിപിഐ(എം) നേതൃത്വത്തിന് ചൂണ്ടിക്കാട്ടാനുള്ളത്? ഡിമാന്റുകളുടെ കാര്യത്തിൽ അവര്‍ക്കും വിയോജിപ്പില്ല. സമര നേതൃത്വത്തെക്കുറിച്ചാണ് വിയോജിപ്പെങ്കില്‍ ഒരു യൂണിയനെ നയിക്കാനും സമരം നയിക്കാനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)നുള്ള അയോഗ്യത എന്താണ്?
ദേശീയതലത്തിൽ സംയുക്തട്രേഡ് യൂണിയന്റെ സമരരംഗത്ത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)യുടെ ആശയനേതൃത്വത്തിലുള്ള എഐയുറ്റിയുസിയും ഒരുമിച്ചുനിന്ന് പോരടിക്കുകയല്ലേ. മുതലാളിമാർക്കു വേണ്ടി വിടുപണിചെയ്ത്, തൊഴിലാളി സമരങ്ങളെ വഞ്ചിച്ചിട്ടുള്ള ഒരനുഭവമെങ്കിലും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)നെ സംബന്ധിച്ച് ചൂണ്ടിക്കാട്ടാൻ കഴിയുമോ. ‘ഈർക്കിൽ പാർട്ടി’ യാണെന്നുള്ളതാണ് അയോഗ്യതയെങ്കിൽ ഈ അയോഗ്യത കേരളത്തിനുപുറത്ത് പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ സിപിഐ(എം)നും ബാധകമല്ലേ. ഒരു സംഘടനയുടെ എണ്ണമോ വലിപ്പമോ അല്ല മുഖ്യം, മറിച്ച് ശരിയായ മുദ്രവാക്യങ്ങളാണോ ഉയർത്തുന്നത്, അവ നേടിയെടുക്കുന്നതിനായി സത്യസന്ധമായി പൊരുതുന്നുണ്ടോ ഇല്ലയോ ഇവയാണ് പരമപ്രധാനം. മുതലാളിത്ത വിരുദ്ധ രാഷ്ട്രീയനിലപാടുകളിൽ തികഞ്ഞ പ്രതിബദ്ധതയോടെ നിലകൊള്ളുന്ന പാർട്ടിയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). പാർലിമെന്ററി അധികാരത്തിനോ രാഷ്ട്രീയ സൗഭാഗ്യങ്ങൾക്കോവേണ്ടി ആദർശനിഷ്ഠമായ നിലപാടുകളിൽനിന്ന് അണുവിട വ്യതിചലിക്കാത്ത പ്രസ്ഥാനമാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). ഇതെല്ലാം സിപിഐ(എം) നേതാക്കൾക്ക് വളരെ നന്നായി അറിയാവുന്ന വസ്തുതകളാണ്. പ്രക്ഷോഭരംഗത്തുനിന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)നെ പടിയടച്ച് പി ണ്ഡം വയ്ക്കണമെന്ന നേതാക്കളുടെ ശത്രുതാപരമായ ശാഠ്യത്തിനു പിറകിലെ യഥാർത്ഥ വസ്തുത കണ്ടെത്തണമെന്ന് സിപിഐ(എം)ലെ സത്യസന്ധരായ അണികളോട് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുകുയാണ്. പ്രത്യേകിച്ചും ഇന്നത്തെ ഫാസിസ്റ്റ് പ്രവണതയുടെയും തൊഴിലാളിവിരുദ്ധതയുടെയും അത്യാപൽക്കരമായ രാഷ്ട്രീയ സാഹചര്യത്തിൽ. ആശാസമരം വിജയതീരമണഞ്ഞാല്‍ യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ കരുത്ത് പതിന്മടങ്ങാകും. തൊഴിലാളിവിരുദ്ധ ശക്തികള്‍ തുറന്നു കാട്ടപ്പെടും. തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഗോദയില്‍ തിരിച്ചടികള്‍ സൃഷ്ടിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണമുന്നണിയുടെ നേതാക്കള്‍ ഈ സമരത്തിനെതിരെ നിലപാടെടുക്കുന്നത്. പണിയെടുക്കുന്ന ജനവിഭാഗങ്ങളെ കൈയൊഴിഞ്ഞുകൊണ്ടുപോലും പാര്‍ലമെന്ററി അധികാര രാഷ്ട്രീയത്തിന്റെ സൗഭാഗ്യങ്ങള്‍ നിലനിര്‍ത്താന്‍ അവര്‍ അഭിലഷിക്കുന്നു.