മോദി ഭരണത്തിൽ പത്തുവർഷത്തിനിടയിൽ 23-ാമത്തേതാണ് കഴിഞ്ഞ ജൂൺ 17ന് പശ്ചിമബംഗാളിലെ ന്യൂ ജൽപായ്‌ഗുരിയിലുണ്ടായത്. 9 പേർ അപകടസ്ഥലത്തുവച്ചുതന്നെ മരിക്കുകയും നിരവധിപേർക്ക് ഗുരതരമായ പരിക്കുകളേൽക്കുകയും ചെയ്തു. നിർത്തിയിട്ടിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിലേയ്ക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഈദ് ആഘോഷം ഒഴിവാക്കി നാട്ടുകാർ ഓടിയെത്തിയതുകൊണ്ടാണ് പലരുടെയും ജീവൻ രക്ഷിക്കാനായത്.
371 വിലപ്പെട്ട ജീവനുകളാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അപഹരിക്കപ്പെട്ടത്. ഒരുവർഷം ശരാശരി 80പേർ ട്രെയിൻ അപകടത്തിൽ മരിക്കുന്നുണ്ട്. ട്രെയിൻ യാത്രക്കൂലിയും മറ്റ് ചാർജ്ജുകളും നിരന്തം വർദ്ധിപ്പിക്കുന്ന കേന്ദ്രഗവൺമെന്റിന് യാത്രക്കാരുടെ സൗകര്യങ്ങളിൽ പോയിട്ട് ജീവനിൽപോലും ഒരു താൽപര്യവുമില്ലെന്നാണ് ആവർത്തിച്ചുണ്ടാകുന്ന ഈ അപകടങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ബാലസോർ അപകടത്തെത്തുടർന്ന് ട്രെയിൻ കൂട്ടിമുട്ടൽ ഒഴിവാക്കാനായി ‘കവച്’ എന്ന േപരിൽ ഒരു സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിനിയും വേണ്ടവണ്ണം നിലവിൽ വന്നിട്ടില്ല. സിഗ്നൽ തെറ്റിച്ചാൽ ലോക്കോപൈലറ്റിന് മുന്നറിയിപ്പ് നൽകുന്നതും സ്പീഡ് കുറച്ചില്ലെങ്കിൽ ആട്ടോമാറ്റിക് ആയിട്ട് ബ്രേക് പ്രവർത്തിക്കുന്നതുമായ സംവിധാനമാണ് കവച്. റയിൽവേ സ്റ്റേഷനിലും ട്രാക്കിലും ട്രെയിനിലും ഏർപ്പെടുത്തുന്ന ത്രിതല സംവിധാനമാണിത്. റയിൽവേ ബജറ്റിന്റെ രണ്ടുശതമാനം മതി ഇത് രാജ്യത്താകമാനം നടപ്പിലാക്കുവാൻ. എന്നാൽ ട്രാക്കിന്റെ വെറും രണ്ടുശതമാനത്തിലും ട്രെയിനുകളിൽ വെറും ഒരു ശതമാനത്തിനും മാത്രമാണ് ഇതുവരെ ഇത് ഏർപ്പെടുത്തിയത്. ഇപ്പോഴത്തെ സ്ഥിതിയിൽപ്പോയാൽ റൂട്ടിൽ 46 വർഷവും എഞ്ചിനിൽ 100 വർഷവും എടുക്കും.
റെയിൽവേയിൽ ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കുകയാണ്. ട്രാക്ക് പരിശോധന, സിഗ്നൽ സംവിധാനത്തിന്റെ മേൽനോട്ടം തുടങ്ങി മർമ്മപ്രധാനമായ മേഖലകളിൽപ്പോലും ആവശ്യത്തിന് ജീവനക്കാരില്ല. പലമേഖലകളും സ്വകാര്യവത്ക്കരിച്ചുകൊണ്ടുമിരിക്കുന്നു. ബാലസോർ അപടകത്തെത്തുടർന്ന് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വാർത്ത റയിൽവേയിലെ ഒഴിവുകൾ മൂന്നരലക്ഷത്തിന് മേലെയാണ് എന്നതായിരുന്നു. അപകടമുണ്ടാകുമ്പോൾ ജീവനക്കാരെ പഴിക്കുകയോ എന്തെങ്കിലും നഷ്ടപരിഹാരം നൽകുകയോ ചെയ്യുന്നതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകില്ല. സുരക്ഷാ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾപോലും അപര്യാപ്തമാണ്. റെയിൽവേയുടെ നേട്ടങ്ങളെല്ലാം സ്വന്തം നേട്ടങ്ങളായി അവതരിപ്പിക്കുന്ന, 49 അതിവേഗ ഭാരത് ട്രെയിനുകൾ ആരംഭിച്ചതിന്റെ പേരിൽ ഊറ്റംകൊള്ളുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നിരന്തരമുണ്ടാകുന്ന ഇത്തരം അപകടങ്ങളുടെയും കുറ്റകരമായ അനാസ്ഥയുടെയുമൊക്കെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല?
ശക്തമായ ഒരു ജുഡീഷ്യൽ അന്വേഷണം ഈ വിഷയത്തിൽ നടത്തണമെന്നും അപകടത്തിനിരയായവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനം ഉടനടി സ്ഥാപിക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ആവശ്യപ്പെടുന്നു.
സംഭവം നടന്നയുടൻ എഐഡിഎസ്ഒ പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. സംഭവം നടന്ന രംഗപാണി എന്ന സ്ഥലത്തും അപകടത്തിൽപെട്ടവരെ കൽക്കത്തയിലേയ്ക്ക് കൊണ്ടുപോയ ട്രെയിനിലും ഉത്തരംബംഗാൾ മെഡിക്കൽ കോളജ് പടിക്കലുമൊക്കെ മെഡിക്കൽ സർവീസ് സെന്ററിന്റെ വിവിധ സംഘങ്ങളും പ്രവർത്തന നിരതമായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ചികിത്സയിലുള്ള ഉത്തരവാദിത്തം പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും മെഡിക്കൽ സർവീസ് സെന്റർ ആവശ്യപ്പെട്ടിരുന്നു.