2013 ജൂലൈ 6ന് കേരള എക്‌സ്പ്രസ്സില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ നിന്ന് ദേവഭൂമിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഹിമാലയന്‍ മടിത്തട്ടിന്റെ ഭംഗിയായിരുന്നു മനസ്സ് നിറയെ. ജലചൈതന്യം നിറഞ്ഞ ഗംഗയും അളകനന്ദയും മന്ദാകിനിയും. ഹിമാലയത്തിന്റെ വനസാന്ദ്രത, കാറ്റിന്റെ ഓളങ്ങളിലിളകുന്ന പുല്‍മേടുകള്‍, ഹിമപ്രഭാവിതമായ ഗിരിനിരകളിലെ പൂക്കളും ശലഭങ്ങളും കര്‍ഷക ഗൃഹങ്ങളും. അവയെല്ലാം ഒരു കലണ്ടര്‍ ചിത്രം പോലെ മനസ്സില്‍ തെളിഞ്ഞുനിന്നു.
ഹരിദ്വാറില്‍ നിന്ന് രുദ്രപ്രയാഗിലേക്കുള്ള 7 മണിക്കൂര്‍ യാത്രയില്‍ ആ കലണ്ടര്‍ ചിത്രം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുമറഞ്ഞുപോയി. പതിവ് മാര്‍ഗ്ഗങ്ങളില്‍ നിന്നു മാറി ഏറെ ക്ലേശകരവും ദുര്‍ഗമവുമായ വഴികളിലൂടെയായിരുന്നു യാത്ര. പച്ചയുടെ പല സ്ഥായികളുള്ള മലനിരകള്‍ക്ക് പകരം മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയാല്‍ ആക്രമിക്കപ്പെട്ട് തലകുനിച്ച് കരയുന്ന പര്‍വ്വതങ്ങളുടെ കണ്ണീര്‍ – ഗംഗയായി ആരുടെയൊക്കെയോ പാപങ്ങളുടെ ചെളിനിറം പേറി, സങ്കടത്തിന്റെയും പ്രതിഷേധത്തിന്റെയും നിലവിളി ശബ്ദങ്ങള്‍ ഉയര്‍ത്തി ഭ്രാന്തുപിടിച്ച് ഒഴുകുകയായിരുന്നു. യാത്രക്കിടയില്‍ കണ്ടുമുട്ടിയ, ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും അനിശ്ചിതത്വം നിറഞ്ഞുനില്‍ക്കുന്ന അസാധാരണ മനുഷ്യര്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. നദീപ്രവാഹത്തില്‍ ഏതുസമയത്തും മുങ്ങപ്പോകാനിടയുണ്ടെന്ന അപായസൂചനയുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ മനുഷ്യര്‍ മറ്റെവിടെയും പോകാനിടമില്ലാത്തതിനാല്‍ അവരുടെ ദൈനംദിന ജീവിതം സാധാരണപോലെ തുടരുകയാണ്.
കഴിഞ്ഞ ജൂണ്‍ 28ന് അഖിലേന്ത്യാ മെഡിക്കല്‍ സര്‍വ്വീസ് സെന്റര്‍ ഉത്തരാഖണ്ഡില്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സേവന സന്നദ്ധരായ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ സര്‍വ്വീസ് സെന്ററിനുവേണ്ടി ഉത്തരാഖണ്ഡില്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ കേരളത്തില്‍ നിന്ന് മെഡിക്കല്‍ സര്‍വ്വീസ് സെന്ററിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ഹരിപ്രസാദ്, അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഞാന്‍, എസ്‌യുസിഐയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ സഖാവ് ബെന്നി ദേവസ്യ എന്നിവര്‍ ജൂലൈ 9ന് ഉത്തരാഖണ്ഡിലെ ബേസ് ക്യാമ്പായ രുദ്രപ്രയാഗിലെത്തിച്ചേര്‍ന്നു.
രുദ്രപ്രയാഗ് ജില്ലാ ആസ്ഥാനത്തും ചമോലി ജില്ലയിലെ ബസ്വാഡയിലും എം.എസ്.സി ബേസ് ക്യാമ്പുകള്‍ തുറന്നിരുന്നു. അവിടെ കേന്ദ്രീകരിച്ചുകൊണ്ട് അഡ്വാന്‍സ്ഡ് ക്യാമ്പുകളും ആരംഭിച്ചു. ഈ ക്യാമ്പുകളില്‍ നിന്ന് 50ഉം 60ഉം കിലോമീറ്ററുകള്‍ അകലെയുള്ള വിവിധ ഗ്രാമങ്ങളിലേക്ക് മൊബൈല്‍ ക്യാമ്പുകളും പ്രവര്‍ത്തിപ്പിച്ചു. ജൂലൈ 18 വരെയുള്ള ചെറിയ കാലയളവിനുള്ളില്‍ എം.എസ്.സി ദുരന്തത്തിനിരയായ ഏതാണ്ട് 7,000ത്തോളം പേര്‍ക്ക് ചികില്‍സ നല്‍കി. ഏകദേശം നൂറോളം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവമെന്തെന്നാല്‍ ഞങ്ങള്‍ എത്തിയ ഗ്രാമങ്ങളില്‍ അതിനു മുമ്പ് ആരും തന്നെ ഈ ദുരന്തത്തിനുശേഷം അവിടെ എത്തിയിട്ടേ ഇല്ല എന്നതാണ്. അതായത് ദുരന്തം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അതിന്നിരയായവര്‍ക്ക് ആശ്വാസമെത്തിക്കുവാന്‍ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്കായിട്ടില്ല എന്നതാണ്. ഉത്തരാഖണ്ഡിന്റെ പേരില്‍ വ്യാപകമായി പണംപിരിച്ച എന്‍ജിഒകളെയും അവിടെ എവിടെയും കാണാന്‍ സാധിച്ചില്ല. ചില സംഘടനകള്‍ വന്നെങ്കിലും അവരുടെ റിലീഫ് സാധനങ്ങള്‍ രുദ്രപ്രയാഗില്‍ വലിച്ചെറിഞ്ഞിട്ട് തിരികെപോകുന്ന കാഴ്ചയാണ് കണ്ടത്.
ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നേരിട്ട ഏറ്റവും വലിയ വിഘ്‌നം ഗതാഗതസൗകര്യമില്ലായ്മയായിരുന്നു. അരമണിക്കൂര്‍ യാത്ര വേണ്ടിടത്ത് 4ഉം 5ഉം മണിക്കൂര്‍ യാത്ര വേണ്ടിവന്നു. റോഡുകള്‍ പലതും പാടേ തകര്‍ന്നുപോയി. നടന്നോ മലകയറിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ആണ് അത് പോലുള്ള സ്ഥലങ്ങളില്‍ എത്തിപ്പെട്ടതും അവിടുത്തെ രോഗികളെ സംരക്ഷിച്ചതും. ദുരന്തത്തില്‍ എല്ലുകള്‍ ഒടിഞ്ഞവരോ സന്ധിസ്ഥാനം തെറ്റിയവരോ ആയവര്‍ക്ക് പോലും ചികില്‍സ ലഭിച്ചത് ഞങ്ങള്‍ അവരെ കണ്ടെത്തിയതിനുശേഷമാണ്. വയറിളക്കം വന്ന് നിര്‍ജ്ജലീകരണം സംഭവിച്ച് മരണത്തിന്റെ വക്കില്‍ എത്തിയ ഒരാളെ എം.എസ്.സിയുടെ പ്രവര്‍ത്തകര്‍ രണ്ടര മണിക്കൂര്‍ മലകയറിയെത്തി രക്ഷിച്ചു. നിരവധിയായ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി മെഡിക്കല്‍ സര്‍വ്വീസ് സെന്റര്‍ ആയിരക്കണക്കിന് ആളുകളെ ചികില്‍സിക്കുകയും നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഗുജറാത്തിന്റെ ഭൂകമ്പമേഖലയിലും തമിഴ്‌നാട്ടിലെ സുനാമി ദുരന്തമേഖലയിലും എം.എസ്.സി നടത്തിയിട്ടുള്ള പ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത് ഇവിടെ പ്രയോജനകരമായി. ദുരിതനിവാരണപ്രവര്‍ത്തനങ്ങളുടെ ഏകോപനവും സംഘാടനവും ആരെയും അതിശയിപ്പിക്കുന്ന നിലയിലായിരുന്നു. പ്രദേശവാസികളായ നല്ല മനുഷ്യരെ കണ്ടെത്തുകയും അവരുടെ മുന്‍കൈയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയുമായിരുന്നു. ബസ് കണ്ടക്ടര്‍മാര്‍ മുതല്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ വരെ ഈ പ്രവര്‍ത്തനങ്ങളില്‍ ആഴ്ചകളോളം ലീവെടുത്ത് പങ്കെടുത്തു. കളങ്കരഹിതമായ സ്‌നേഹത്തിന്റെ വാടാത്ത തളിരില സൂക്ഷിക്കുന്ന ഒരസാധാരണ ജനവിഭാഗത്തെ ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞു. എല്ലാ ദിവസവും ക്യാമ്പില്‍ യോഗം ചേര്‍ന്ന് അന്നന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമായ എം.എസ്.സിയുടെ ഭടന്മാര്‍ ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ചു. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ ഒരു ബന്ധം അവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി.
ജീവിതത്തിലെ ആദ്യാനുഭവമായിരുന്ന ഈ ദുരിതാശ്വാസ പ്രവര്‍ത്തനം എന്നെ സര്‍വ്വാര്‍ത്ഥത്തിലും പുതിയൊരാളാക്കി മാറ്റി. മെഡിക്കല്‍ സര്‍വ്വീസ് സെന്റര്‍ എന്ന സംഘടനയെ ഞാന്‍ ആദ്യമായാണ് പരിചയപ്പെടുന്നത്. സംഘടനയുടെയും എസ്.യു.സി.ഐയുടെ സഖാക്കളുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ രീതി എന്നെ അത്ഭുതപ്പെടുത്തി.
ഒരുപരിഭവവുമില്ലാതെ എത്ര ആയാസപ്പെട്ട ജോലിയും അവര്‍ സന്തോഷത്തോടെ ഏറ്റെടുത്തു. മറ്റുള്ളവര്‍ക്കുവേണ്ടി ഇത്ര ആനന്ദത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്ന ആളുകളെ ഞാന്‍ ആദ്യമായി പരിചയപ്പെടുകയായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ കയറ്റങ്ങള്‍ നടന്നുകയറി അവര്‍ തലച്ചുമടായി മരുന്നുകള്‍ മലമുകളില്‍ എത്തിച്ചു.
ജൂലൈ 16-ാം തീയതി. മനുഷ്യനിര്‍മ്മിത പ്രകൃതി ദുരന്തത്തിന് ഇരയായി പതിനായിരങ്ങള്‍ ലോകത്തോട് വിട പറഞ്ഞിട്ട് 30 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്നേ ദിവസം മരിച്ചവരുടെ ഓര്‍മ്മയ്ക്കായി രുദ്രപ്രയാഗില്‍ എം.എസ്.സി ‘ശ്രദ്ധാഞ്ജലി’ സംഘടിപ്പിച്ചു. താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കിയ സ്മൃതിമണ്ഡപത്തില്‍ നൂറുകണക്കിന് ആളുകള്‍ നിറകണ്ണുകളോടെ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. കത്തിച്ച മെഴുകുതിരിയുമായി സായാഹ്നത്തില്‍ നടന്ന പ്രദക്ഷിണത്തിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. എം.എസ്.സിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണചടങ്ങില്‍ ജനങ്ങള്‍ വൈകാരികമായി അണിനിരന്നത് അവിടെ ആഴ്ചകളായി നടത്തി വരുന്ന ആശ്വാസപ്രവര്‍ത്തനങ്ങള്‍ വഴി എം.എസി.സി ജനങ്ങളുടെ ഹൃദയത്തോട് എത്രമേല്‍ ഇഴുകിച്ചേര്‍ന്നു എന്നതിന്റെ വ്യക്തമായ തെളിവായി.
ദുരന്തം സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളേക്കാള്‍ ഞങ്ങളെ നടുക്കിയത് ഉത്തരാഖണ്ഡ് എന്ന ദേവഭൂമിയിലെ സാധാരണജനങ്ങളുടെ പൊതുവായ ആരോഗ്യനിലയാണ്. പോഷകാഹാരക്കുറവും വിളര്‍ച്ചയും ത്വക്ക്‌രോഗങ്ങളും ബാധിക്കാത്ത ആരും തന്നെയുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ആറര പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ രാജ്യത്തെ എല്ലും തോലുമായ സാധാരണജനങ്ങള്‍. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളുമായി മുമ്പില്‍ വന്നിരുന്ന ഒരു സ്ത്രീയോട് പ്രായം ചോദിച്ചപ്പോള്‍ 30 എന്നാണ് പറഞ്ഞത്! യൗവനത്തില്‍ത്തന്നെ വാര്‍ദ്ധക്യത്തിന്റെ പിടിയിലമരുന്ന പാവപ്പെട്ട ജനങ്ങള്‍. ഹൃദയഭേദകമായ കാഴ്ചയാണ് അത്. പോഷകാഹാരക്കുറവ്‌കൊണ്ട് നീറുന്ന ഒരു സമൂഹം. വിറക്കരിയും ചെറിയ കല്ലുകളും ഭക്ഷിക്കുന്ന ശീലമുള്ള മീന എന്ന സ്ത്രീയോട് കൂടുതല്‍ ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഞങ്ങളെ ഞെട്ടിച്ചു. മണ്ണും ചെറിയ കല്ലുകളും വിറക് കത്തിച്ച കരിയും ചെളിയും ചോക്കും പേപ്പര്‍ കഷണങ്ങളും കഴിക്കുന്ന ശീലം അവിടുത്ത ബഹുഭൂരിപക്ഷം സ്ത്രികളിലുമുണ്ടത്രേ. ശരീരത്തില്‍ ഇരുമ്പിന്റെ കുറവും പോഷക അസന്തുലിതാവസ്ഥയും സൃഷ്ടിക്കുന്ന, ആഫ്രിക്കയുടെ ദരിദ്രരാഷ്ട്രങ്ങളില്‍ കാണുന്ന ജിയോഫേജിയ എന്ന അവസ്ഥ നമ്മുടെ രാജ്യത്തെ ഉത്തരാഖണ്ഡില്‍ വ്യാപകമാണത്രേ. ആദ്യത്ത ഗര്‍ഭധാരണ സമയത്താണ് ഈ ശീലം ഉത്തരാഖണ്ഡിലെ സ്ത്രീകളില്‍ ആരംഭം കുറിക്കുന്നത്, അതായത് ശരീരം പോഷകാഹാരം ഏറ്റവും ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍പോലും അത് ലഭിക്കാതെ വരുമ്പോള്‍ ഭാരതത്തിലെ സ്ത്രീകള്‍ കല്ലും മണ്ണും തിന്നുന്നു. രാജ്യം വികസിക്കുക തന്നെയാണ്!
നാലുമാസം ഗര്‍ഭിണിയായ ഒരു സ്ത്രീ ഞങ്ങളുടെ മുമ്പില്‍ വന്നിരുന്നു. രക്തക്കുറവ് കാരണം കണ്ണുകളിലെ ചുവപ്പ് മാഞ്ഞുപോയിരിക്കുന്നു. ഒരു കുഞ്ഞിന്റെ ഭാരം വഹിക്കാനുള്ള ത്രാണി ആ ശരീരത്തിനില്ല. രോഗവിവരം ആരാഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണം വളരെ വേദനയുളവാക്കി. പ്രസവത്തില്‍ കുട്ടിയെ ലഭിച്ചാല്‍ ഭാഗ്യമെന്നു പറയാം. മാതാവ് ജീവനോടെ അവശേഷിച്ചാല്‍ അതിലേറെ ഭാഗ്യം. അമ്മ മരിച്ചില്ലെങ്കില്‍ കുഞ്ഞിനെ നോക്കാന്‍ അമ്മ കാണും. അല്ലെങ്കില്‍ ആരുമുണ്ടാവില്ല. വളരെ നിസ്സംഗതയോടെയാണ് അവരിത് പറയുന്നത്. ഭാരതസ്ത്രീത്വത്തിന്റെ പ്രതീകം!
ദുരന്തത്തിന് ശേഷം പോലും ജനങ്ങള്‍ക്ക് അവശ്യംവേണ്ട ആരോഗ്യസംവിധാനങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. വര്‍ഷംതോറും ടൂറിസത്തിലൂടെയും ഭക്തി വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന സര്‍ക്കാരുകള്‍ ദുരന്തവും പണസമ്പാദനത്തിന്റെ മാര്‍ഗ്ഗമാക്കി മാറ്റുകയാണ്. മാധ്യമങ്ങളുടെ ശ്രദ്ധ പിന്‍വലിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ പാടേ ഉപേക്ഷിച്ച് കടന്നുപോയിരിക്കുന്നു. മരിച്ചുപോയവരെന്ന് കരുതപ്പെട്ട ചിലര്‍ മലമടക്കുകളില്‍ നിന്നും വനമേഖലയില്‍ നിന്നും അതീവദുരിതങ്ങള്‍ അനുഭവിച്ച് മടങ്ങിവന്നപ്പോള്‍ സര്‍ക്കാര്‍ അവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായം തിരികെ വാങ്ങുകയാണ്.
കഠിനമായ കാലാവസ്ഥയും കാട്ടുമൃഗങ്ങളും രോഗങ്ങളും പട്ടിണിയും തളര്‍ത്താത്ത ഒരു ജനത മനുഷ്യനിര്‍മ്മിത പ്രകൃതിദുരന്തത്തിനു മുമ്പില്‍ നിസ്സഹായരായി നില്‍ക്കുകയാണ്. നാം ഉത്തരാഖണ്ഡിന് പുറത്തുള്ള ജനങ്ങള്‍ അവിടുത്തെ സാഹചര്യം മനസ്സിലാക്കി ആലംബഹീനരായ ജനങ്ങളോടൊപ്പം നിലകൊള്ളണം. ഈ ദുരന്തത്തിനു കാരണമായ മുതലാളിത്ത ലാഭദുരയ്‌ക്കെതിരെ നാം ഒറ്റക്കെട്ടായി നീങ്ങണം. 12 ദിവസത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം ഞങ്ങള്‍ക്ക് നല്‍കിയ വിലപ്പെട്ട പാഠം അതാണ്.