വയനാട് ഉരുള്‍പൊട്ടല്‍ : പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം

Wayanad-Landslide-1-e1724233814312.jpeg
Share

പൊലിഞ്ഞുപോയ മനുഷ്യജീവന്റെയും നാശനഷ്ടങ്ങളുടെയും കണക്കെടുത്താല്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചത് എന്ന് കാണാം. മറ്റ് ജീവജാലങ്ങള്‍, ജീവനോപാധികള്‍ എന്നിവയും മണ്ണടിഞ്ഞുപോയി. രക്ഷപ്പെട്ടവരില്‍ പലരും അനാഥരായി. കുടുംബങ്ങള്‍ ശിഥിലമായി. തകര്‍ച്ചയുടെ പടുകുഴിയില്‍നിന്ന് കരകയറാന്‍ ദുരന്തത്തിന്റെ ഇരകള്‍ക്കിനി സമൂഹത്തിന്റെ ഉറച്ച പിന്തുണ ആവശ്യമാണ്.

ഏത് ദുരന്തത്തിലും ഏറ്റവുമധികം കെടുതികള്‍ ഏറ്റുവാങ്ങുക സാധാരണ മനുഷ്യരായിരിക്കുമല്ലോ. ജീവന്‍ രക്ഷിക്കാനായി ആദ്യം ഓടിയെത്തുന്നതും അവര്‍തന്നെ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഗവണ്മെന്റ് സംവിധാനങ്ങളും സന്നദ്ധസംഘങ്ങളും സാങ്കേതിക സഹായങ്ങളുമൊക്കെ പിന്നാലെയാണെത്തുക. എങ്കിലും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളു മൊക്കെ വലിയൊരു പരിധിവരെ കാര്യക്ഷമമായി നടന്നു എന്നത് ആശ്വാസകരമാണ്. പ്രളയക്കെടുതിയുടെ സമയത്ത് കണ്ടതുപോലെ പ്രശംസനീയമാംവിധം പ്രവര്‍ത്തിച്ചവര്‍ മനുഷ്യ സാഹോദര്യത്തിന്റെ കരുത്താണ് നമ്മെ ബോധ്യപ്പെടുത്തിയത്.


ഉരുള്‍പൊട്ടല്‍ പൂര്‍ണമായും തടയുക മനുഷ്യസാധ്യമല്ല എന്നത് ശരിയായിരിക്കാം. ദുരന്തങ്ങളില്‍ ആഗോളതാപനവും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും വഹിക്കുന്ന പങ്കും പ്രധാനംതന്നെ. പക്ഷേ ഇവയൊന്നുംതന്നെ പ്രകൃതിക്കുമേല്‍ നടത്തുന്ന കൈയേറ്റങ്ങള്‍ക്കും ഏല്‍‌പ്പിക്കപ്പെടുന്ന ആഘാതങ്ങള്‍ക്കും ന്യായീകരണമാകുന്നില്ല. ആഘാതം പരമാവധി കുറയ്ക്കുന്നതിനായുള്ള മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ അധികാര കേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന അലംഭാവം, സമയോചിതമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുള്ള കുറ്റകരമായ അനാസ്ഥ, പരിസ്ഥിതി നശീകരണത്തിന് പരോക്ഷമായി ഒത്താശ ചെയ്യല്‍ എന്നിവയൊക്കെ അവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്.
”മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളോട് ചേര്‍ന്നുള്ള മലനിരകളിലെ അനിയന്ത്രിത ടൂറിസം ഉരുള്‍പൊട്ടലിന് കാരണമാകുമെന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട ഒരു വിദഗ്ദ്ധ സമിതി ഒരു വര്‍ഷം മുമ്പേ റിപ്പോര്‍ട്ടുനല്‍കിയിരുന്നു. പരിസ്ഥിതിലോലമായ ഈ പ്രദേശത്തുമാത്രം മുപ്പത് റിസോര്‍ട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഴിവുദിവസങ്ങളില്‍ 2500 സന്ദര്‍ശകര്‍വരെ എത്തുന്നു. ഓണ്‍റോഡ്, ഓഫ്‌റോഡ് യാത്രകളും കണ്ണാടിപ്പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന നടപടികളും റിസോര്‍ട്ടുകളിലെ മാലിന്യ നിര്‍മാര്‍ജനത്തിന് ഫലപ്രദമായ നടപടികളില്ലാത്തതുമൊക്കെ ഗുരുതരപ്രശ്‌നങ്ങളായി സമിതി ചൂണ്ടിക്കാണിച്ചിരുന്നു.”(മാതൃഭൂമി, 8.8.24)


”അതിതീവ്രമഴ ഉരുള്‍പൊട്ടലിനുള്ള ഒരു പ്രധാനകാരണമായി കരുതപ്പെടുന്നു. മഴവെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി അതിന്റെ വ്യാപനം ഒരു പൂരിതാവസ്ഥയിലെ ത്തുമ്പോള്‍ കുറേയേറെ ജലം ഗമനമാര്‍ഗ്ഗങ്ങളിലൂടെ പുറത്തേയ്‌ക്കൊഴുകിപ്പോ കുന്നു. ബാക്കിയാകുന്ന ജലം മേല്‍മണ്ണിലൂടെ താഴേയ്ക്ക് കിനിഞ്ഞിറങ്ങുന്നു. ഈ ജലം പാറയുടെയും മേല്‍മണ്ണിന്റെയും ഇടയിലുള്ള പ്രതലത്തില്‍ ചെളിയായി രൂപപ്പെടുകയും മേല്‍മണ്ണിന്റെ കെട്ടുറപ്പിനെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ, വര്‍ദ്ധിച്ചുവരുന്ന ജലമര്‍ദ്ദം പാറയും മണ്ണുമായുള്ള ഘര്‍ഷണ ശക്തി കുറയ്ക്കുകയും വഴുതാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ തീവ്രമായ മഴയുണ്ടായാല്‍ മേല്‍മണ്ണില്‍ കൂടുതല്‍ ജലം തങ്ങിനിന്ന് അതിന്റെ ഭാരം വര്‍ദ്ധിക്കുകയും അത് ചെരിവുകളിലൂടെ താഴേയ്ക്ക് നീങ്ങുകയും ചെയ്യും. ഭൂമികുലുക്കം, അഗ്നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയവയും ഉരുള്‍പൊട്ടലിന് കാരണമാകും. ലോലമായ വനഭൂമിയിലേയ്ക്കുള്ള കടന്നുകയറ്റവും വനനശീകരണവുംപോലുള്ള മനുഷ്യന്റെ പ്രവൃത്തികള്‍ ഉരുള്‍പൊട്ടലിന്റെ എണ്ണവും തീവ്രതയും വര്‍ദ്ധിപ്പിക്കുന്നു. കാരണം, മേല്‍മണ്ണ് ബലപ്പെടുത്തുന്നതില്‍ വനത്തിന്റെ പങ്ക് ചെറുതല്ല.”(ഡോ.സി.പി.രാജേന്ദ്രന്‍, ഭൗമ ശാസ്ത്രജ്ഞന്‍, മാതൃഭൂമി, 10.8.24)


പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ആഗോള താപനമാണെന്നും അതൊരു ആഗോള പ്രതിഭാസമാണെന്നും പറഞ്ഞ് നിസ്സഹായത നടിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ആഗോള താപനവും മനുഷ്യ സൃഷ്ടിതന്നെയാണ് എന്ന വസ്തുതയാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ അനുവദനീയമായ പരിധിയില്‍ ഒതുക്കാന്‍ മനുഷ്യന് കഴിയും. അതിസമ്പന്നരുടെ ലാഭാര്‍ത്തിയും സുഖലോലുപതയുമൊക്കെ ഇതിന് വിലങ്ങുതടിയാകുന്നു. ഏറ്റവും അധികം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വികസിത രാജ്യങ്ങള്‍ ഇക്കാര്യത്തിലെടുക്കുന്ന നിഷേധാത്മക നിലപാട് അവികസിത രാജ്യങ്ങളിലെ ജനങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.


പശ്ചിമഘട്ട മലനിരകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയാണ് വയനാട്. പശ്ചിമ ഘട്ടത്തിന്റെ ഏത് രൂപ-ഭാവമാറ്റവും വയനാടിനെ വളരെയേറെ ബാധിക്കും. വയനാടിനെ മാത്രമല്ല ഇത് ബാധിക്കുക. ആറ് സംസ്ഥാനങ്ങളിലായി 1490കി.മി. നീളത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകളാണിത്. 28 കോടി ആളുകളാണ് ഇതിനെ ആശ്രയിച്ച് ജീവിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികമായ പ്രാധാന്യം മനസ്സിലാക്കി അതിന്റെ സംരക്ഷണത്തിനായി ധാരാളം സംഘടനകളും വ്യക്തികളും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജനങ്ങളുടെ ഈ മുറവിളി അവഗണിക്കാനാകാതെ വന്നപ്പോഴാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തി പഠനം നടത്താന്‍ ‘പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി’ എന്നൊരു കമ്മിറ്റിക്ക് കേന്ദ്ര ഗവണ്മെന്റ് 2010ല്‍ രൂപം നല്‍കുന്നത്. പ്രമുഖ ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ ഈ പാനല്‍ 2011ല്‍തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമഗ്രമായൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനോ തുടര്‍നടപടികള്‍ കൈക്കൊള്ളാനോ കേന്ദ്രം ഭരിച്ച ഗവണ്മെന്റുകളൊന്നും തയ്യാറായില്ല. ഏറെ വൈകി, കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇത് വെളിച്ചം കണ്ടത്.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം ഭൂപ്രകൃതിയു ടെയും കാലാവസ്ഥയുടെയും ശുദ്ധജലത്തിന്റെയുമൊക്കെ പേരിലാണ് ആ ഖ്യാതി നേടിയത് എന്ന് നമുക്കറിയാം. ഇതിനെല്ലാം കാരണം പശ്ചിമഘട്ടം തന്നെയാണ്. കേരളത്തെ സമ്പന്നമാക്കുന്ന 44 നദികളുടെ ഉദ്ഭവസ്ഥാനമാണത്. സമൃദ്ധമായ മണ്‍സൂണ്‍ മഴ നല്‍കുന്നതും കേരളത്തെ വരണ്ട കാലാവസ്ഥയില്‍നിന്ന് സംരക്ഷിക്കുന്നതുമൊക്കെ ഈ മലനിരകളാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ 8 ജൈവവൈവിദ്ധ്യ കലവറകളിലൊന്നാണ് പശ്ചിമഘട്ടം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി നേരിടുന്ന നമ്മള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ് മണ്ണിന്റെ ഉറപ്പ് പരിപാലിക്കുക എന്നത്. മരങ്ങളും ജൈവ വൈവിദ്ധ്യവുമൊക്കെ ഇതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പരിസ്ഥിതി സംരക്ഷണം സുപ്രധാനമായ കര്‍ത്തവ്യങ്ങളിലൊന്നായി ഏറ്റെടുക്കുകയും ജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുകയും ജീവിതശൈലിതന്നെ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്തുകൊണ്ടേ നമുക്കിനി മുന്നേറാനാകൂ.


‘ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്- യാഥാര്‍ത്ഥ്യങ്ങളും ഉത്കണ്ഠകളും’ എന്ന ലഘുലേഘയില്‍ ഗാഡ്ഗില്‍ കമ്മിറ്റി അംഗമായിരുന്ന ഡോ.വി.എസ്.വിജയന്‍ പറയുന്നു: ”പരിസ്ഥിതിയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ഏറ്റവും കുറഞ്ഞ അലോസരങ്ങള്‍ മാത്രം ഏല്‍പിച്ചുകൊണ്ട് പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. വീണ്ടുവിചാരമില്ലാത്ത വികസനം-ഭാവനാശൂന്യമായ സംരക്ഷണം എന്നതിന്റെ സ്ഥാനത്ത് സുസ്ഥിര വികസനം-വിവേകപൂര്‍ണമായ സംരക്ഷണം എന്നതിന് ഈ റിപ്പോര്‍ട്ട് പ്രേരണ നല്‍കുന്നു. ജലവും ജല സ്രോതസ്സുകളും സംരക്ഷിക്കുവാനും കാലാവസ്ഥാ വ്യതിയാനംമൂലമുള്ള ആഘാതങ്ങള്‍ ലഘൂകരിക്കാനും പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നവയാണ് ഇതിലെ നിര്‍ദ്ദേശങ്ങള്‍. പ്രകൃതി സംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകുന്ന സമീപനമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. നിയമവിരുദ്ധമായ ഖനനം, പാറപൊട്ടിക്കല്‍, മണല്‍ ഖനനം, മരം മുറിക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കഞ്ചാവ് കൃഷി, വന്യമൃഗങ്ങളെ വേട്ടയാടല്‍ പോലുള്ളവയൊക്കെ ചെയ്യുന്നവര്‍ക്കുമാത്രമാണ് ഈ റിപ്പോര്‍ട്ട് എതിരായിട്ടുള്ളത്.”


കേരളം ഇന്ന് ബഹുമുഖമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. കടലാക്രമണങ്ങളും ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമൊക്കെ നിരന്തരം ഉണ്ടാകുന്നു. ഉള്‍നാടന്‍ ജലാശയങ്ങളടക്കം നമ്മുടെ ജലസ്രോതസ്സുകളെല്ലാം മലിനീകരണം നേരിടുന്നു. അധികൃതമായും അനധികൃതമായും ആയിരക്കണക്കിന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പുഴകളിലെ മണല്‍ഖനനം ജലക്ഷാമത്തിന് ഇടയാക്കുന്നു. ടൂറിസത്തിന്റെ പേരില്‍ മലനിരകളെല്ലാം യഥേഷ്ടം കൈയേറുകയാണ്. വനങ്ങള്‍ വെട്ടിവെളുപ്പിക്കുന്നു. വികസനത്തിന്റെ പേരില്‍ വരുന്ന വന്‍കിട പദ്ധതികളെല്ലാം വന്‍തോതിലുള്ള പരിസ്ഥിതി നാശം ക്ഷണിച്ചു വരുത്തുന്നവയാണ്. കൊടും ചൂടും വരള്‍ച്ചയും നമുക്ക് ചിരപരിചിതമാകുകയാണ്. പേമാരിയും വെള്ളപ്പൊക്കവും വര്‍ഷംതോറും സംഭവിക്കുന്നു. മഴയുടെ താളക്രമം തെറ്റിക്കഴിഞ്ഞു. ഒരു തുള്ളിക്ക് ഒരു കുടം എന്നത് വെറും പഴഞ്ചൊല്ലല്ല, നമ്മുടെ അനുഭവമാണിന്ന്. മലമ്പ്രദേശത്ത് താമസിക്കുന്നവര്‍ സുരക്ഷിത വാസസ്ഥലം തേടുകയാണ്. ഒരുകാലത്ത് മല കയറി ജീവിതം വെട്ടിപ്പിടിച്ചവരാണ് ഇന്ന് മലയിറങ്ങി രക്ഷപ്പെടാന്‍ വെമ്പല്‍ കൊള്ളുന്നത്. നമ്മുടെ സംസ്ഥാനം ക്രമേണ വാസയോഗ്യമല്ലാതായി മാറുകയാണോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയിലും ഇവയ്‌ക്കൊന്നും പരിഹാരമില്ലെന്ന് വിശ്വസിക്കണോ? അതോ ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടുന്ന താണോ? ദുരന്തങ്ങള്‍ മനുഷ്യ നിര്‍മ്മിതമാകുന്നുണ്ടോ? അതിന്റെ പിന്നില്‍ മനുഷ്യന്റെ ലാഭാര്‍ത്തി പതിയിരിക്കുന്നുണ്ടോ? ജീവിക്കാനുള്ള അവകാശംപോലും നഷ്ടപ്പെടുന്ന സ്ഥിതി വന്നാല്‍ എങ്ങനെയാണ് നമ്മള്‍ പ്രതികരിക്കേണ്ടത്. ”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ” എന്ന കവിയുടെ വിലാപം ബൃഹത്തായ ജനകീയ മുന്നേറ്റങ്ങളുടെ മുദ്രാവാക്യമായി മാറുന്ന സ്ഥിതിയിലേയ്ക്കാണോ കാലം ചുവടുവയ്‌ക്കേണ്ടത്.


കാലാവസ്ഥാവ്യതിയാനം കാടുകളുടെ സ്ഥിതിയിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ആഹാരത്തിന്റെയും വെള്ളത്തിന്റെയും ദൗര്‍ലഭ്യം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നതിനും മനഷ്യജീവനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായി മാറുന്നതിനും ഇടയാക്കുന്നു. വനനശീകരണവും കൈയേറ്റങ്ങളുമൊക്കെ ഈ സാഹചര്യം കൂടുതല്‍ വഷളാക്കുകയാണ്.
വ്യവസായശാലകള്‍ പുറന്തള്ളുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നില്ല. നിയമവിരുദ്ധമായ ഈ പ്രവര്‍ത്തനം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഭീമമായ ലാഭത്തില്‍നിന്ന് ചെറിയൊരു വിഹിതംപോലും ഇതിനായി ചിലവഴിക്കാന്‍ ഫാക്ടറി ഉടമകള്‍ തയ്യാറാകാത്തതാണ് നമ്മുടെ മണ്ണും വെള്ളവും വായുവും ഇത്രയേറെ മലിനമാകാന്‍ കാരണം. മണ്ണ് പ്ലാസ്റ്റിക് കൊണ്ട് നിറയുകയാണ്. പ്ലാസ്റ്റിക് കത്തിക്കുന്നതാകട്ടെ അതിലേറെ വിനാശകരവും. മൈക്രോണ്‍ കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉത്പാദനം ഗവണ്മെന്റ് വിചാരിച്ചാല്‍ നിസ്സാരമായി നിര്‍ത്തലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയും ഗവണ്മെന്റുകള്‍ക്കില്ല.
കുട്ടനാട്ടിലുംമറ്റും വര്‍ഷംതോറുമുണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജലാശയങ്ങള്‍ വൃത്തിയാക്കുക, അവയുടെ ഒഴുക്ക് തടയുന്ന നടപടികള്‍ ഒഴിവാക്കുക തുടങ്ങി അനായാസം ചെയ്യാവുന്ന കാര്യങ്ങള്‍പോലും അവഗണിക്കപ്പെടുകയാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടല്‍ത്തീരത്ത് നടക്കുന്ന കരിമണല്‍ ഖനനം നിരന്തരമായ കരശോഷണത്തിനും കടലാക്രമണങ്ങള്‍ക്കും ഇടയാക്കുന്നു. മുതലാളിമാരുടെ കൈയില്‍നിന്ന് പണംപറ്റി അവരുടെ കീശ വീര്‍പ്പിക്കാനുള്ള അധികാരികളുടെ വ്യഗ്രതയാണ് തീരത്തെ അനേകായിരങ്ങളുടെ ജീവിതം കശക്കിയെറിയുന്നത്.
വികസനത്തിന്റെ പേരില്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ പരിസ്ഥിതിക്കുമേല്‍ ഏല്‍പിക്കുന്ന ആഘാതത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ദേശീയപാതാ വികസനം ഇതിനൊരു ഉദാഹരണമാണ്. ദേശീയപാതകള്‍ ചുങ്കപ്പാതകളാക്കി സ്വകാര്യ സംരംഭകരെ ഏല്‍പിക്കുന്ന തന്ത്രത്തെയാണ് വികസനമെന്ന് വിളിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന മണ്ണ്, പാറ, തുടങ്ങിയവയ്ക്കായി കുന്നുകള്‍ ഇടിച്ചുനിരത്തുകയും പാറകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഇതുണ്ടാക്കുന്നത്.


കെ-റെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ മുന്നോട്ടുവന്നപ്പോള്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാണിച്ച് പദ്ധതിയെ എതിര്‍ക്കാന്‍ ജനങ്ങള്‍ തയ്യാറായി. നിര്‍മ്മാണരംഗത്ത് മൂലധനമിറക്കി കൃത്രിമമായ ഉത്തേജനം സൃഷ്ടിക്കുക എന്നത് പുതിയ കാലത്തിന്റെ കമ്പോളതന്ത്രമാണ്. ഓരോ പദ്ധതിയും നടപ്പിലാക്കുന്നതിനുമുമ്പ് നടത്തേണ്ട പാരിസ്ഥിതികാഘാത പഠനംപോലും വേണ്ടവണ്ണം നടത്തുന്നില്ല. എല്ലാം ഇരകളുടെയും സാമൂഹ്യബോധമുള്ള ജനങ്ങളുടെയും കടുത്ത എതിര്‍പ്പുണ്ടായാല്‍ മാത്രം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളായി നമ്മുടെ ജീവിതത്തില്‍ അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.


പരിസ്ഥിതി സംരക്ഷണവും വികസനവും പൊരുത്തപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുക സാദ്ധ്യമാണ്. ജനങ്ങൾക്ക് തൊഴിലും വിദ്യാഭ്യാസവും പാർപ്പിടവുമൊക്കെ ഉറപ്പാക്കിക്കൊണ്ട് പുരോഗതി കൈവരിക്കുക എന്നതാണ് വികസനമെന്ന നിലയിൽ ചെയ്യേണ്ടത്. എന്നാൽ ഇന്ന് വികസനംകൊണ്ട് സർക്കാരുകൾ അർത്ഥമാക്കുന്നത് മൂലധന നിക്ഷേപത്തിന് അവസരമൊരുക്കുക എന്നതുമാത്രമാണ്. വികസനത്തിന്റെ കാര്യത്തില്‍ ആവശ്യകതയ്ക്കിണങ്ങുന്നതും ശാസ്ത്രീയവുമായ ഒരു നയം രൂപീകരിച്ചെടുക്കേണ്ടതുമുണ്ട്. വികസനപ്രവര്‍ത്തനങ്ങളോട് മുഖംതിരിച്ച് നില്‍ക്കുകയല്ല, അവ ജനപക്ഷത്തുനിന്ന് വിലയിരുത്തി മനുഷ്യപുരോഗതിക്ക് ആവശ്യമുള്ളതുമാത്രം യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്. മൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ പേറുമ്പോള്‍ വികസനം വിനാശമായി മാറുന്നു. കൃഷി, വ്യവസായം, നിര്‍മ്മാണം, ഭക്ഷണം, ജീവിതശൈലി തുടങ്ങി സമസ്ത മേഖലകളും കമ്പോള താല്പര്യാര്‍ത്ഥം സംവിധാനം ചെയ്യപ്പെടുകയും മനുഷ്യര്‍ ആ ദുഷ്ടലാക്കുകള്‍ക്ക് ഇരയായിത്തീരുകയുമാണിന്ന്. അധികാരികളെ ജനപക്ഷ വികസനത്തിന്റെ വഴിക്ക് നടത്താന്‍ ഉയര്‍ന്ന സാമൂഹ്യ അവബോധവും പ്രതിബദ്ധതയുമുള്ള ജനമുന്നേറ്റങ്ങള്‍ അനിവാര്യമാണ്.


പരിസ്ഥിതിക്കുമേലുള്ള കടന്നുകയറ്റങ്ങള്‍ക്ക് ഒത്താശചെയ്യുന്ന അധികാരികള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരോട് സ്വീകരിക്കുന്ന നിലപാടും ജനവിരുദ്ധം തന്നെയാണ്. പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍പോലും ലഭിക്കാതെ, മാന്യമായ പുനരധിവാസം നിഷേധിക്കപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ എല്ലാ ദുരന്തമുഖങ്ങളിലും നമുക്ക് കാണാം. വായ്പയുടെ പേരില്‍ ബാങ്കുകള്‍ ഇവര്‍ക്കുനേരെ ജപ്തിഭീഷണി മുഴക്കുന്നതുപോലും നമുക്ക് കാണേണ്ടിവരുന്നു. വികസന പദ്ധതികളുടെപേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ഡോ.ടി.വി.സജീവ് ഓണ്‍ലൈന്‍ ചാനലായ ‘ദ കൃട്ടിക്’ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു: ”നമ്മുടെ ആവാസ വ്യവസ്ഥകളെ ആരോഗ്യത്തോടെ സംരക്ഷിച്ചാല്‍ നമുക്ക് കാലാവസ്ഥാ വ്യതിയാനംപോലുള്ള പ്രതിഭാസങ്ങളുടെ ആഘാതം കുറയ്ക്കാനാകും. മരംവെട്ടി കാട് നശിപ്പിക്കല്‍, തേക്കിന്‍തോട്ടങ്ങളും തേയിലത്തോട്ടങ്ങളും പോലുള്ള പ്ലാന്റേഷനുകള്‍ എന്നിവയൊക്കെ കാടിന്റെ സ്ഥിതിയില്‍ മാറ്റം വരുത്തുന്നുണ്ട്. പല സസ്യ-ജീവി വര്‍ഗങ്ങളുടെ ഒന്നിച്ചുള്ള വാസസ്ഥലം ഒന്നിന്റേതുമാത്രമാക്കി തീര്‍ക്കുന്നത് സഹായകരമല്ല. മണ്ണിനെ പാറയോടുറപ്പിച്ച് നിര്‍ത്തണമെങ്കില്‍ പലതരം സസ്യങ്ങള്‍ വേണ്ടിവരും. അതിശക്തമായ മഴ മണ്ണിന്റെ ഭാരം കൂട്ടുന്നു. ചരിവുള്ള പ്രദേശങ്ങളില്‍ അത് മണ്ണിടിച്ചിലിന് കാരണമാകുന്നു. നിര്‍മ്മാണ മേഖല പുരോഗമിക്കുമ്പോള്‍ അവയ്ക്കാവശ്യമായ സാധനങ്ങള്‍ക്കുവേണ്ടി നമ്മള്‍ ഭൂമിയെ അധികമധികം ആശ്രയിക്കേണ്ടിവരുന്നു. പാറ മാത്രമല്ല മണലിനുപകരം പാറപ്പൊടികൂടി ഉപയോഗിച്ച് തുടങ്ങിയതോടെ പാറഖനനം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ വിള്ളലുകള്‍ക്ക് കാരണമാകുന്നു. വജ്രം കഴിഞ്ഞാല്‍ പ്രകമ്പനങ്ങള്‍ ഏറ്റവുമധികം സഞ്ചരിക്കുന്നത് പാറയിലാണ്. വിള്ളലുകളിലൂടെ വെള്ളമിറങ്ങുന്നത് പാറയുടെ ഘടനതന്നെ മാറ്റും. അത് മയപ്പെടുകയും പൊടിയുകയുമൊക്കെ ചെയ്യും. പാറയും മണ്ണും തമ്മിലുള്ള ബന്ധം വേര്‍പെടുന്നതിന് ഇത് കാരണമാകും. പാറ ഖനനം കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണം. മലഞ്ചെരുവുകളിലുണ്ടാക്കുന്ന റോഡുകളും മണ്ണിനെയും പാറയെയും വലിയൊരളവില്‍ അസ്ഥിരപ്പെടുത്തുന്നതാണ്. ഇന്ന് പഴയ രീതിയില്‍ ശക്തികുറഞ്ഞതും വ്യാപകവുമായ മഴയല്ല പെയ്യുന്നത്. അതിശക്തമായ മഴ ഒരു പ്രദേശത്ത് മാത്രമായി പെയ്യുന്നു. ഇതും ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തി. എന്നാല്‍ അതിന്റെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള അധികാരം പശ്ചിമഘട്ട അതോറിറ്റിക്കും സംസ്ഥാന അതോറിറ്റിക്കും ജില്ലാകമ്മിറ്റിക്കും പ്രാദേശിക സമൂഹത്തിനുമായിരിക്കും എന്നാണ് പറഞ്ഞത്. പശ്ചിമഘട്ടത്തെ അത് മൂന്ന് മേഖലകളായി തിരിച്ചു. ഏറ്റവുമധികം സംരക്ഷിക്കപ്പെടേണ്ട ഒന്നാം മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചു. ഒന്നും പാടില്ലെന്നല്ല, എന്ത്, എവിടെ, എങ്ങനെ വേണം എന്നാണ് ആ റിപ്പോര്‍ട്ട് പറഞ്ഞത്. എന്നാല്‍ അതുപ്രകാരമുള്ള തുടര്‍ നടപടികളുണ്ടായില്ല. പകരം കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ പരിമിതപ്പെടുത്തുക മാത്രമല്ല മേഖലകളായുള്ള വിഭജനവും വേണ്ടെന്നുവച്ചു. കേരളമാകട്ടെ, ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ട് ഇത് വീണ്ടും വെട്ടിച്ചുരുക്കി. ഫലത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍തന്നെ അസ്ഥിരപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. സത്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സമീപനരീതി സ്വീകരിച്ചുകൊണ്ട് അത് സംസ്ഥാനത്തിനാകെ ബാധകമാക്കേണ്ടതുണ്ട്. നമ്മുടെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി, പല മേഖലകളാക്കി തിരിച്ച്, കേരളത്തെ മുഴുവന്‍ പഠനവിധേയമാക്കണം. അപ്പോള്‍ മാത്രമേ നമുക്ക് ദുരന്തങ്ങളെ മുന്‍കൂട്ടി കാണാനും ആവശ്യമായ മുന്‍കരുതലെടു ക്കാനും സ്വസ്ഥമായി ജീവിക്കാനും സാധിക്കൂ.”


”ജൂലൈ 29ന്, അതായത് വയനാട് ദുരന്തത്തിന് 16 മണിക്കൂര്‍ മുമ്പ്, കല്‍പറ്റ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഹും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി’, വയനാട് ജില്ലാ ഭരണകൂടത്തിന് ഉരുള്‍പൊട്ടല്‍ സാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുത്തുമലയില്‍ അവര്‍ സ്ഥാപിച്ചിരിക്കുന്ന മാപിനിയില്‍ 572 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. 2019ല്‍ പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലായിരുന്നു ഇത്. എന്നാല്‍ അധികാരികള്‍ ദുരന്തനിവാരണ നടപടികള്‍ എടുത്തില്ല. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സാദ്ധ്യതയെക്കുറിച്ച് ഒരു പഠനറിപ്പോര്‍ട്ട് 2020ലും ഇവര്‍ സമര്‍പ്പിച്ചിരുന്നു.


പല മുന്‍കരുതലുകളും ഇത്തരം മേഖലകളില്‍ നടപ്പിലാക്കേണ്ടതാണ്. അതിവര്‍ഷപാതം ഉണ്ടാകുമ്പോള്‍ ഭൂമിയിലേക്ക് കൂടുതല്‍ ജലം കിനിഞ്ഞിറങ്ങാന്‍ അനുവദിക്കാതെ സമയമെടുത്ത് താഴേയ്ക്ക് ഒഴുകുന്ന രീതിയില്‍ മലഞ്ചെരിവുകള്‍ ക്രമീകരിക്കാവുന്നതാണ്. പല തട്ടുകളിലൂടെ ജലപാതകള്‍ സൃഷ്ടിക്കുമ്പോള്‍ അതിവേഗത്തിലുള്ള ജലപ്രവാഹവും മണ്ണൊലിപ്പും നിയന്ത്രിക്കാനാവും. സൂക്ഷ്മ നിരീക്ഷണങ്ങളുടെയും വിവരശേഖരണത്തിന്റെയും അഭാവം ഇത്തരം നടപടികള്‍ക്ക് തടസ്സമാകുന്നു. മഴയുടെ തോത് മണ്ണിന്റെ ഘടന, ഉപരിതലത്തിലൂടെയും ഭൂഗര്‍ഭ പാതകളിലൂടെയും ഒലിച്ചിറങ്ങുന്ന ജലത്തിന്റെ അളവ് എന്നിവയൊക്കെ കണക്കാക്കണം. അതോടൊപ്പം ഉപരിതലത്തിലെ ചലനങ്ങള്‍ രേഖപ്പെടുത്തുന്ന സെന്‍സറുകള്‍ സാദ്ധ്യതാ മേഖലകളില്‍ സ്ഥാപിക്കുകയും വേണം. ജിയോ ടെക്‌നിക്കല്‍ വിവരശേഖരണവും ഡേറ്റാ തല്‍സമയം സംപ്രേഷണം ചെയ്ത് വിശകലനം ചെയ്യാനുള്ള സാങ്കേതികതകളും നിലവിലുള്ള ഇക്കാലത്ത് ഇത്തരം പഠനങ്ങള്‍ ഫലവത്താകാനുള്ള സാധ്യത കൂടുതലാണ്. ജനപങ്കാളിത്തത്തോടെ, പ്രകൃതിയുടെ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഉത്തരവാദിത്വപൂര്‍ണമായ സമീപനത്തിലൂടെ പ്രതിസന്ധികളെ നേരിടുക എന്നത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള വഴി.”(ഡോ.സി.പി.രാജേന്ദ്രന്റെ മാതൃഭൂമി ലേഖനം)


ചുരുക്കത്തില്‍ പ്രകൃതിക്കുമേല്‍, മനുഷ്യന്‍ ഏല്‍പിക്കുന്ന ആഘാതമാണ് ദുരന്തങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമാകുന്നത് എന്നതാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. പ്രകൃതി ഏല്‍പിക്കുന്ന ആഘാതങ്ങളെ സയന്‍സിന്റെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി പരമാവധി ലഘൂകരിക്കാന്‍ നമുക്ക് കഴിയും. മുന്‍കരുതല്‍ നടപടികളും കൈക്കൊള്ളാനാകും. എന്നാല്‍ ഇതിന് ജനാനുകൂലമായ നിലപാട് അധികാരസ്ഥാനങ്ങള്‍ക്കുണ്ടാകണം. കോര്‍പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ഒരിക്കലും ജനങ്ങളുടെ ദുരിതങ്ങള്‍ കാണില്ല. അവര്‍ പ്രകൃതിക്കുമേലുള്ള അനിയന്ത്രിതമായ ചൂഷണത്തിനും കടന്നുകയറ്റത്തിനും ഒത്താശ ചെയ്തുകൊണ്ടിരിക്കും. പരിസ്ഥിതിയെ തകര്‍ക്കുന്ന വിനാശകരമായ പദ്ധതികള്‍ വികസനമെന്നപേരില്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കും. അതിനാല്‍ പരിസ്ഥിതി അവബോധമാര്‍ജിച്ച, ജനതാല്‍പര്യം പേറുന്ന ബൃഹത്തായ മുന്നേറ്റങ്ങള്‍ ഉണ്ടാകണം. പുരോഗതിക്കും സ്വസ്ഥമായ ജീവിതത്തിനും സ്വച്ഛന്ദമായ പ്രകൃതിക്കും വേണ്ടിയുള്ള സന്തുലിതവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനശക്തി ഉയര്‍ന്നുവരണം. അപ്പോള്‍ തീര്‍ച്ചയായും സര്‍വ്വ നാശത്തിലേയ്ക്കല്ല സര്‍വ്വതോമുഖമായ പുരോഗതിയിലേക്ക് നമുക്ക് മുന്നേറാനാകും. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് ഇരയായിരുന്ന നിസ്സഹായമായ പ്രാകൃത ജീവിതത്തിന്റെ സ്ഥാനത്ത് സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ ശേഷിയുള്ള അര്‍ത്ഥവത്തായ മനുഷ്യജീവിതം നമുക്ക് കെട്ടിപ്പടുക്കാനാകും.


മനുഷ്യനെ പ്രകൃതിയുടെ അഭേദ്യഭാഗമായി കാണുന്ന, മനുഷ്യനും പ്രകൃതിക്കും മേലുള്ള എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും മുക്തമായ, അനുസ്യൂതമായ സാമൂഹ്യപുരോഗതി ഉറപ്പാക്കുന്ന മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി പരിസ്ഥിതി സംരക്ഷണത്തിനും ജനപക്ഷവികസനത്തിനും വേണ്ടിയുള്ള എല്ലാ ജനകീയ മുന്നേറ്റങ്ങളിലും സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്. പരമാവധി ലാഭത്തിനുവേണ്ടി നിലകൊള്ളുന്ന മുതലാളിത്ത വ്യവസ്ഥയാണ് ലോകത്തെവിടെയും മനുഷ്യ പുരോഗതിക്കും പ്രകൃതി സംരക്ഷണത്തിനും വിലങ്ങുതടിയായി നില്‍ക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഏതൊരു ജനമുന്നേറ്റവും മുതലാളിത്ത വ്യവസ്ഥയുടെ ഈ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയാനും അതിനെതിരെ നിലകൊള്ളാനും പ്രാപ്തമാകുമ്പോള്‍ മാത്രമേ സ്വസ്ഥമായ ജീവിതം നമുക്ക് ഉറപ്പാക്കാന്‍ കഴിയൂ.

Share this post

scroll to top