ഇസ്രയേലിന്റെ നരനായാട്ടിനെതിരെ അറബ്ഐക്യം രൂപപ്പെടാത്തത് എന്തുകൊണ്ട്?

Palastine.jpg
Share

പലസ്തീന്‍ ജനതയെ ഉന്മൂലനം ചെയ്യാനൊരുങ്ങി ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ മൃഗീയമായ ക്രൂരതയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരത്തിലൊന്ന് ലോകം മുമ്പ് കണ്ടത് ഹിറ്റ്‌ലര്‍, സൈനികശക്തികൊണ്ട് ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അവസരത്തിലാണ്. എതിരാളികളെ നിര്‍ദ്ദയം കശാപ്പുചെയ്യുന്നതില്‍ അയാള്‍ യാതൊരു മനസ്താപവും കാണിച്ചില്ല. അത്തരമൊരു സ്ഥിതിവിശേഷമാണ് ഇന്ന് മധ്യപൂര്‍വേഷ്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. യുദ്ധവെറിയന്മാരായ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ സയണിസ്റ്റ് ഇസ്രയേല്‍ പലസ്തീനികളെ കൊന്നൊടുക്കി അവരുടെ ജന്മനാട് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

പതിനായിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ള സാധാരണക്കാർ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാൽലക്ഷത്തിൽപ്പരം ആളുകൾക്ക് പരുക്കേറ്റു. ഓരോ മിനിട്ടിലും ഗാസയിൽ ഒരു കുട്ടിവീതം കൊല്ലപ്പെടുന്നു. ഒന്നരലക്ഷത്തിൽപ്പരം ആളുകൾ പലായനത്തിലാണ്. ആകാശത്തുനിന്നും കാർപ്പറ്റ് ബോംബുകൾ വർഷിച്ചും മാരകമായ രാസായുധങ്ങൾ ഉപയോഗിച്ചും ടാങ്കുകൾകൊണ്ട് ഇടിച്ചുനിരത്തിയും ഗാസയെ ഒരു പ്രേത നഗരമാക്കിയിരിക്കുകയാണ്. പുകകൊണ്ട് ഗാസയുടെ ആകാശമാകെ മൂടിയിരിക്കുന്നു.


ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങൾ


അടിമുടി ആയുധധാരിയായ ഒരു ഫാസിസ്റ്റ് രാഷ്ട്രമാണ് ഇസ്രയേൽ. അവരുടെ യുദ്ധം ഹമാസിനെതിരെയല്ല; മറിച്ച് പലസ്തീൻ ജനതയ്ക്കെതിരാണ്. മാത്രവുമല്ല, എല്ലാവിധ യുദ്ധമര്യാദകളെയും ഇസ്രയേൽ കാറ്റിൽ പറത്തിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾപോലും തടവുകാരാക്കപ്പെട്ട പട്ടാളക്കാർക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നു. റെഡ് ക്രോസിനെ യുദ്ധമേഖലയിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ ഇസ്രയേൽ, ആശുപത്രികളും അഭയാർത്ഥിക്യാമ്പുകളും മുറിവേറ്റവരുമായി നീങ്ങുന്ന വാഹനങ്ങളുംവരെ ആക്രമിക്കുന്നു. ഭക്ഷണവും മരുന്നും ഇന്ധനവും വൈദ്യുതിയും ഇന്ന് ഗാസയിൽ ലഭ്യമല്ല. മരുന്ന് ലഭ്യമല്ലാത്തതിനാൽ ചികിത്സ സ്തംഭിച്ചിരിക്കുന്നു. കഴിഞ്ഞ ഒക്ടോബർ 21ന് ഈജിപ്തിൽനിന്ന് മരുന്നുമായി പോയ ഇരുപത് ട്രക്കുകളെ നിരന്തരമായ ബോംബിംഗിലൂടെ ഇസ്രയേൽ തടഞ്ഞു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ അനസ്തേഷ്യയ്ക്കുള്ള മരുന്നില്ലാത്തതിനാൽ അതില്ലാതെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർബന്ധിതരാക്കപ്പെടുന്നു. ആശുപത്രികോമ്പൗണ്ടിൽപോലും അമ്പതിനായിരം മുതൽ അറുപതിനായിരംവരെ ആളുകൾ തിങ്ങിഞെരുങ്ങി കഴിയേണ്ടിവരുന്നു. രോഗസാധ്യത വർദ്ധിക്കുന്നു. ഭക്ഷണവും കുടിവെള്ളവും ശൗചാലയങ്ങളുമില്ലാതെ നരകതുല്യമാണ് അവരുടെ ജീവി തം. ഗാസയിലെ ഒരേയൊരു വൈദ്യുതി നിലയം ഒക്ടോബർ5 മുതൽ പ്രവർത്തിക്കുന്നില്ല. വൈദ്യുതി പൂർണമായും നിലച്ചിരിക്കുന്നു.
ജബലിയയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോംബിംഗിനുശേഷമുളള കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. കൽക്കൂമ്പാരത്തിനിടയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, അതിനിടയിൽ ഉറ്റവരെയും ഉടയവരെയും തെരഞ്ഞുനടക്കുന്ന ബന്ധുജനങ്ങൾ. ഇസ്രയേലിന്റെ മനുഷ്യത്വ ഹീനമായ പെരുമാറ്റം നയതന്ത്രബന്ധത്തിലുള്ള രാജ്യങ്ങൾക്കുപോലും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുന്നില്ല. ആക്രമണം ഹമാസിനെതിരാണെന്നാണ് ഇസ്രയേൽ പറയുന്നത്. പിന്നെ വെസ്റ്റ് ബാങ്കിനെ ആക്രമിക്കുന്നതിന്റെ ന്യായമെന്താണ്.
വെസ്റ്റ് ബാങ്ക് ഹമാസിനെ ആശയപരമായി എതിർക്കുന്ന ഫതേ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള നഗരമാണ്. അപ്പോൾ ഹമാസ് ഒരു കാരണം മാത്രമാണ്.


ഇസ്രയേലിന്റെ ചരിത്രം


1947 നവംബർ 29നാണ് ബ്രിട്ടീഷ് അധീനതയിലായിരുന്ന പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു അറബ് രാഷ്ട്രവും ഒരു ജൂത രാഷ്ട്രവും രൂപീകരിക്കാൻ യുഎൻ അനുമതി നൽകുന്നത്. 1948 മെയ് 15ന് ബ്രിട്ടീഷ് സൈന്യം പിന്മാറിയതോടെ ഇസ്രയേൽ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ അറബ് വംശജരായ പലസ്തീനികളും ഇസ്രയേലികളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. യുഎൻ പ്രമേയപ്രകാരം അറബികൾക്ക് ലഭിച്ച പലസ്തീന്റെ തെക്കൻ പ്രദേശത്തും കിഴക്കൻ പ്രദേശത്തും ഈജിപ്ത്, സിറിയ, ജോർദാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങളുടെ സൈന്യം നിലയുറപ്പിച്ചിരുന്നു. 1949 ജൂലൈയോടെ ഇസ്രയേൽ ഇവരിൽ ഓരോ രാജ്യങ്ങളുമായി വെടിനിർത്തൽ കരാറിലേർപ്പെടുകയും അവർക്കിടയിൽ താൽക്കാലികമായി ഒരു അതിർത്തി നിശ്ചയിക്കുകയു ംചെയ്തു. ഈ കാലയളവിനെയാണ് ഇസ്രയേൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒന്നാമത്തെ യുദ്ധം എന്നുവിളിക്കുന്നത്. എന്നാൽ അറബ് ലോകത്ത് ഇത് അറിയപ്പെടുന്നത് മഹാദുരന്തം എന്നാണ്. നിരവധി പലസ്തീനികൾക്ക് മണ്ണും കിടപ്പാടവും ഉപേക്ഷിച്ച് പലായനം െചയ്യേണ്ടിവന്നത് ഇക്കാലത്താണ്. ഏതാണ്ട് ഏഴുലക്ഷത്തോളം പലസ്തീനികൾ ഇക്കാലയളവിൽ അഭയാർത്ഥികളായി മാറി. ചിലര്‍ തൊട്ടടുത്തുള്ള അറബ് രാജ്യങ്ങളിൽ കുടിയേറി, പലരും തലമുറകളായി അഭയാർതഥിക്യാമ്പുകളിൽ കഴിയുന്നു.
അതിനുശേഷം ഇസ്രയേലികളും അറബികളും തമ്മിൽ യുദ്ധങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. 1956,1967, 1973, 1982 പിന്നെ 2006. 1967ലെ യുദ്ധത്തിനുശേഷം ഗാസയും വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും സിറിയൻ ഗോലാൻ കുന്നുകളും ഇസ്രയേൽ കൈവശപ്പെടുത്തി. കഴിഞ്ഞ അമ്പത്തിയാറുവർഷമായി പലസ്തീൻ ഒന്നാകെ ഇസ്രയേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തിലാണ്. 1979 മാർച്ച് 26ന് ഇസ്രയേലും ഈജിപ്തും തങ്ങൾക്കിടയിൽ മുപ്പതുവർഷമായി തുടരുന്ന യുദ്ധം ഔദ്യാഗികമായി അവസാനിപ്പിച്ച് സമാധാനക്കരാറിൽ ഒപ്പുവച്ചു. ആ കരാർപ്രകാരം സീനായ് മേഖല ഇസ്രയേൽ ഈജിപ്തിന് തിരികെകൊടുത്തു. പകരം ഈജിപ്ത് ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ചു. അതിനുശേഷം ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിലാണ്. 1982 ജൂണിൽ ഇസ്രയേലിനും പലസ്തീനുമിടയിലുള്ള സംഘർഷം രൂക്ഷമാകുകയും പലസ്തീൻ ലിബറേഷൻ ആർമിക്ക് സ്വാധീനമുള്ള ലെബനോണിന്റെയും ബയ്റൂട്ടിന്റെയും മേഖലകളിൽ ഇസ്രയേൽ ബോംബിടുകയും ചെയ്തു. അതിന് പിന്നാലെ ഇസ്രയേൽ സൈന്യം ലെബനോണിലേയ്ക്ക് ഇരച്ചുകയറി. അങ്ങനെ ഇസ്രയേൽ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ, അറബ് രാഷ്ട്രങ്ങളുടെമേൽ നിരന്തരമായി മെക്കിട്ട് കയറിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് കാണാം.


അറബ് ദേശീയതയുടെ സവിശേഷതകൾ


ഈ അവസരത്തിൽ അറബ് രാഷ്ട്രങ്ങൾക്കിടയിലുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ഒരുമയെ, അറബ് ദേശീയ സ്വത്വത്തെ, നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനവും ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഉയർന്ന സാക്ഷരത കൈവരിച്ചതിനെത്തുടർന്ന് പൊതുവിൽ അറബ് വംശജർക്കിടയിലുണ്ടായ സാംസ്കാരികവും സാഹിത്യസംബന്ധവുമായ ഉണർവ്-അഥവാ നവോത്ഥാനം(നഹദ എന്നാണ് ഇത് അറിയപ്പെടുന്നത്) ഒരു പൊതു അറബ് ദേശീയ ബോധത്തിന് ജന്മംനൽകി. ഇത് ഒട്ടോമൻ സാമ്രാജ്യത്വത്തിനും(1918ൽ) യൂറോപ്യൻ കൊളോണിയലിസത്തിനും എതിരായ (ഇരുപതാംനൂറ്റാണ്ടിൽ) ഒരു രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കി. അറബ് രാഷ്ട്രങ്ങൾ ചേർന്നുള്ള ഒരു അറബ് ലീഗിന് 1945ൽ രൂപംകൊടുത്തു. ഈജിപ്തും സിറിയയും ചേർന്ന് ഒരു യുണൈറ്റഡ് അറബ് റിപ്പബ്ലിക് സ്ഥാപിച്ചെങ്കിലും അത് അധികകാലം നിന്നില്ല(1958-61). അറബ് ജനകീയതയുടെ ഏറ്റവും പ്രിയങ്കരനായ നേതാവായിരുന്നു ഈജിപ്തിലെ ഗമാൽ അബ‌ദുൾ നാസർ. അദ്ദേഹത്തിന്റെ കീഴിൽ അറബ് ദേശീയത അതിന്റെ രാഷ്ട്രീയവും സമഗ്രവുമായ ഔന്നത്യത്തിലെത്തി. ഈ അറബ് വികാരത്തിലൂന്നിക്കൊണ്ട് അറബ് സമൂഹങ്ങൾക്കിടയിൽ സയണിസ്റ്റ് ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരായ ഒരു വികാരം ഉണ്ടായിവന്നിരുന്നു. രണ്ടാംലോകയുദ്ധാനന്തരകാലത്ത് ഇന്ത്യ, യുഗോസ്ലാവിയ, ഇന്തോനേഷ്യ, ഈജിപ്ത്, ഘാന എന്നീ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ സോവിയറ്റ് പക്ഷത്തോടും അമേരിക്കൻ പക്ഷത്തോടും തുല്യ അകലം പാലിക്കുന്നതായി പ്രഖ്യാപിച്ച ഒരു ചേരിചേരാ പക്ഷം ഉണ്ടായിരുന്നു. കോളനിവത്ക്കരണത്തിൽനിന്നും പുറത്തുവന്ന ഈ രാഷ്ട്രങ്ങളിലെ ബൂർഷ്വാസിക്ക് അവരുടെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് അത്തരമൊരു നയം ആവശ്യമായിരുന്നു. ഒന്നാമതായി അവർക്ക് വ്യവസായവത്ക്കരണം ദ്രുതഗതിയിൽ നടപ്പിലാക്കണമായിരുന്നു. അതിനായി അവരുടെ ആഭ്യന്തരവിപണിയെ വമ്പൻ മുതലാളിത്ത രാജ്യങ്ങളിൽനിന്നും സംരക്ഷിക്കേണ്ടതുണ്ട്. ഇതേസമയംതന്നെ അവർക്ക് വിദേശ വിപണിയിൽ എത്തിച്ചേരുകയും വേണമായിരുന്നു. അത് സാധിക്കണം എങ്കിൽ അന്താരാഷ്ട്രവിപണിയിൽ അവരുടെ ഉൽപ്പന്നങ്ങൾക്ക് മത്സരിക്കാൻ സാധിക്കണം. അതിനുവേണ്ടി ഈ നവമുതലാളിത്ത രാഷ്ട്രങ്ങൾ അവർക്കിടയിൽ ഒരു ഐക്യവും അതുവഴി കൂട്ടായ വിലപേശൽ ശേഷിയും വളർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇങ്ങനെ പരസ്പരം മത്സരിക്കുന്ന വമ്പൻ മുതലാളിത്ത രാജ്യങ്ങളിൽനിന്നും സോഷ്യലിസ്റ്റ് ബ്ലോക്കിൽനിന്നും വിലപേശാനുള്ള അന്നത്തെ അവരുടെ വർഗ്ഗ താൽപര്യമാണ് ചേരിചേരാ പ്രസ്ഥാനത്തിലേയ്ക്ക് നയിച്ചത്. അവരുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സമാധാന അന്തരീക്ഷം അത്യന്താപേക്ഷിതമാണ് എന്നതിനാൽ ഈ നവമുതലാളിത്ത രാഷ്ട്രങ്ങൾ യുദ്ധത്തിനെതിരായി നിലകൊണ്ടു. യുദ്ധം സൃഷ്ടിക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളെ അവർ എതിർത്തു, ലോകസമാധാനത്തിനായി സോഷ്യലിസ്റ്റ് ബ്ലോക്ക് എടുത്ത നടപടികളെ പിന്തുണയ്ക്കുകയും ചെയ്തു. പലസ്തീൻ ജനതയുടെ ന്യായയുക്തമായ ആവശ്യങ്ങൾക്ക് ചേരിചേരാ പ്രസ്ഥാനത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടായിവന്ന സാഹോദര്യത്തെ ചേരിചേരാ രാഷ്ട്രങ്ങൾ പ്രോത്സാഹിപ്പിച്ചു. എന്നാൽ സോഷ്യലിസത്തിന്റെ തകർച്ചയോടെ ചേരിചേരാ പ്രസ്ഥാനം നിഷ്ക്രിയമായി. രണ്ടാമതായി, അറബ് രാഷ്ട്രങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ സോഷ്യലിസത്തിന്റെ തകർച്ചയോടെ അതും ദുർബലമായി.


ഇസ്രയേലിന്റെ കശാപ്പിനെതിരെ അറബ് ലോകത്തുനിന്ന് ഒത്തൊരുമിച്ച് എതിർപ്പ് വരുന്നില്ല


എന്നാൽ ഇസ്രയേൽ ഇപ്പോൾ നടത്തുന്ന കശാപ്പിനെതിരെ അയൽപക്കത്തുള്ള അറബ് രാജ്യത്തുനിന്ന് ഒത്തൊരുമിച്ചുള്ള നീക്കങ്ങളൊന്നും കാണാനില്ല. പലസ്തീനുമായി അതിർത്തി പങ്കിടുന്ന ഈജിപ്തും ജോർദ്ദാനും മാത്രമാണ് ഒരു താക്കീതെങ്കിലും പുറപ്പെടുവിച്ചത്. ലബനീസ് ഗവൺമെന്റും പലസ്തീന് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ട്. അവർക്ക് ഇസ്രയേലുമായി നയതന്ത്രബന്ധം ഇല്ല. എന്നാൽ സൗദിഅറേബ്യ, ഖത്തർ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങൾ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. അടുത്ത കാലത്ത് ഇസ്രയേലും സൗദി അറേബ്യയും പരസ്പരം അടുക്കുന്നുതായി സൂചനകളുണ്ട്. ഇസ്രയേലുമായി ബന്ധം സാധാരണഗതിയിലാക്കുന്നതിനായി യുഎഇ 2020ൽ അവരുമായി അബ്രഹാം അക്കോർഡ്സ് എന്ന പേരിൽ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തെ യുഎഇ വിമർശിച്ചിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതേപോലെ ഒരു കരാറിൽ ബഹ്റൈനും 2020ൽ ഇസ്രയേലുമായി യോജിപ്പിലെത്തിയിട്ടുണ്ട്. ഇതിനുപിറകിൽ സാമ്രാജ്യത്വശക്തികൾ കരുനീക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. മാത്രവുമല്ല, അറബ് ഐക്യം തകർക്കാൻവേണ്ടി സുന്നി-ഷിയ സംഘർഷങ്ങൾ രൂക്ഷമാക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. ഹമാസ് പ്രധാനമായും ഒരു സുന്നി ഗ്രൂപ്പാണ്, ഇറാനാകട്ടെ ഷിയകളും. അതുകൊണ്ടാണ് ഇരുവരും ഇസ്രയേലിനെതിരാണെങ്കിലും യോജിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തത്. അമേരിക്കൻ സാമ്രാജ്യത്വം സിറിയയിൽ ആഭ്യന്തരകലാപം കുത്തിപ്പൊക്കിയപ്പോൾ ഇറാൻ ആസാദ് ഭരണത്തെ പിന്തുണച്ചു. എന്നാൽ ഹമാസ് ആദ്യം സുന്നിഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെയാണ് പിന്തുണച്ചത്. ഇതും ഇറാനും ഹമാസും തമ്മിലുള്ള ബന്ധം വഷളാക്കി. ഇപ്പോൾനടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ച് ഇരുപത്തിരണ്ട് അംഗരാജ്യങ്ങളുള്ള അറബ് ലീഗിന്റെ തലവൻ അഹമ്മദ് അബുൽ ഗെയ്റ്റ് ആകെ ചെയ്തത് ‘പലസ്തീനിയൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഈ ഭ്രാന്തമായ ഇസ്രയേലി പരിശ്രമത്തെ അപലപിക്കണം’ എന്ന് യുഎൻ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടുക മാത്രമാണ്. അറബ് രാജ്യങ്ങൾ യോജിച്ചുനിന്ന് ഇസ്രയേലിനെ ചെറുക്കുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു അതിക്രമത്തിന് ഇസ്രയേലോ അതിന്റെ സാമ്രാജ്യത്വ സുഹൃത്തുക്കളോ തുനിയുമായിരുന്നില്ല.


അറബ് ലോകത്തെ വൈരുദ്ധ്യങ്ങൾ


എന്തുകൊണ്ട് അത്തരമൊരു യോജിച്ച ചെറുത്തുനിൽപ്പ് ഉണ്ടാകുന്നില്ല. അറബ് ലോകത്ത് നിലനിൽക്കുന്ന രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് മാർക്സിസം-ലെനിനിസം-ശിബ്‌ദാസ് ഘോഷ് ചിന്തകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പഠിക്കുമ്പോൾമാത്രമേ ഇതിനുശരിയായ ഉത്തരം നമുക്ക് ലഭിക്കുകയുള്ളൂ. ഇന്നത്തെ മൃതപ്രായമായ ജീർണിച്ച മുതലാളിത്തത്തിന്റെ ഘട്ടത്തിൽ താന്താങ്ങളുടെ നാട്ടിൽ മുതലാളിത്തത്തെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങളും. ഈ അവസരത്തിൽ ദേശീയ താൽപര്യങ്ങൾക്കും ദേശീയ വികാരങ്ങൾക്കും മീതെ തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളെയാണ് അവർ പ്രതിഷ്ഠിക്കുന്നത്. അതിനായി അറബ് നേതാക്കൾ ലോകസാമ്രാജ്യത്വവുമായി ചങ്ങാത്തത്തിലാകാനുള്ള ശ്രമത്തിലാണ്. ഏകാധിപത്യ രാജഭരണമെന്ന പുകമറയ്ക്കുള്ളിൽ നിന്നുകൊണ്ട് അറബ് രാജ്യങ്ങളെല്ലാംതന്നെ അമേരിക്കൻ, പാശ്ചാത്യസാമ്രാജ്യത്വ രാജ്യങ്ങളുമായി തങ്ങളുടെ സാമ്പത്തിക ബന്ധം ദൃഢമാക്കിക്കൊണ്ടിരിക്കുകയാണ്. താന്താങ്ങളുടെ രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണ് അറബ് രാജ്യങ്ങളും. ഓരോ രാജ്യങ്ങളുടെയും മുതലാളിത്ത അഭിലാഷങ്ങളുടെ ഫലമായി അവർക്കിടയിലും വൈരുദ്ധ്യങ്ങൾ ഉടലെടുക്കുകയും മൂർച്ഛിക്കുകയും ചെയ്യുന്നുണ്ട്. 2017ൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദി സന്ദർശിച്ചതും അതിനുപുറകെ യുഎസ് 110 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ സൗദി, ബഹ്റൈന്‍, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങൾക്ക് വിറ്റതും ഇവിടെ ഓർക്കണം. അതിന് പുറകെയാണ് യുഎസ് താൽപര്യപ്രകാരം യമനി ഗവൺമെന്റ് ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത്. അമേരിക്കയോടൊപ്പം കുവൈറ്റും ഒമാനും ഒഴികെയുള്ള ഗൾഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയിലെ(ജിസിസി) അംഗരാജ്യങ്ങളും ഖത്തറിനെതിരെ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തുകയുണ്ടായി. യമനും ലിബിയയും ഇവരോടൊപ്പം ചേർന്നു. തുർക്കി ആ സമയത്ത് യുഎസും സൗദിയുമായും നല്ല ബന്ധത്തിലായിരുന്നുവെങ്കിലും ഈ ഉപരോധത്തിൽ പങ്കുചേരാതെ ഖത്തറിന് ഉടനടി ഭക്ഷണവും വെള്ളവും എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഖത്തറിലേയ്ക്ക് പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പുകൾ സൗദിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽത്തന്നെ ഖത്തറിനെ തങ്ങളുടെ ആശ്രിതരാജ്യമായായിരുന്നു സൗദി കണ്ടുകൊണ്ടിരുന്നത്. യുഎസിന്റെ ഏറ്റവും വലിയ എയർബേസ് ഖത്തറിലാണ് ഉള്ളത്. മധ്യപൂർവേഷ്യയെ നിയന്ത്രിക്കാനുള്ള യുഎസ് ആർമിയുെട ഏറ്റവും വലിയ സംഘം ഖത്തറിലാണ് തമ്പടിച്ചിരിക്കുന്നത്. ഈ മേഖലയിലെ അമേരിക്കൻ സെൻട്രൽ കമാന്റ് ഖത്തറിലാണ് ഉള്ളത്. സിറിയയിലെയും ഇറാഖിലെയും അവരുടെ ഓപ്പറേഷന് ഖത്തർ വളരെ നിർണായകമായ പിന്തുണയാണ് നൽകുന്നത്. എന്നിട്ടും ഖത്തറിനെതിരെ അവർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. എന്തുകൊണ്ട്?
പുതിയ സാങ്കേതിക വിദ്യ വികസിച്ചുവന്നതോടെ സൗദിയിലെ പൈപ്പിലൂടെയല്ലാതെതന്നെ കപ്പലുകൾവഴി പ്രകൃതിവാതകം ലഭിക്കുമെന്നായപ്പോൾ ഖത്തറിലെ ഉൽക്കർഷേഛുക്കളായ ഭരണാധികാരികൾക്ക് ഇതിന്റെ വലിയ വ്യാപാരസാധ്യതകൾ ഉപയോഗപ്പെടുത്താനും അതുവഴി സൗദിയുടെ അധീശത്വത്തിൽനിന്നും പുറത്തുവരാനും സാധിച്ചു. 1995ൽ ഒരു രക്തരഹിത പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഖത്തർ ഭരണാധികാരി, ഖത്തറിനെ സൗദിയുടെ നിഴലിൽനിന്നും മോചിപ്പിച്ച് കരുത്തുറ്റ ഒരു ഗൾഫ് രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. അങ്ങനെ രാജഭരണത്തിൻ കീഴിലുള്ള രണ്ടുമുതലാളിത്ത രാജ്യങ്ങളും തമ്മിൽ സാമ്പത്തികമായി മേൽക്കോയ്മ നേടാനുള്ള മത്സരം ആരംഭിച്ചു. സ്വാഭാവികമായും ഖത്തർ ഭരണാധികാരികൾ സൗദി വിരോധികളായ ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡുമായും പലസ്തീനിലെ ഹമാസുമായും സൗദിക്കും അമേരിക്കയ്ക്കും ഒരുപോലെ ശത്രുവായുള്ള ഇറാനുമായും അടുപ്പംസ്ഥാപിച്ചു. 2015ൽ ഇറാനും അമേരിക്കയും തങ്ങൾക്കിടയിലെ റ്റെൻഷൻ കുറയ്ക്കാനും അൽപംസാവകാശം ലഭിക്കാനുംവേണ്ടി ആണവകരാറിൽ ഒപ്പുവച്ചപ്പോൾ അത് സൗദിരാജാക്കന്മാർക്ക് അത്ര പഥ്യമായിരുന്നില്ല. എന്നാൽ അമേരിക്കയെ പിണക്കാൻ സാധിക്കാത്തതുകൊണ്ട് അവർ മിണ്ടാതിരുന്നു എന്നുമാത്രം. എന്നാൽ ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അവർ ഖത്തറിനുമേൽ സമ്മർദ്ദം ചെലുത്തി. എന്നാൽ അങ്ങനെ ഭീഷണിക്ക് വഴങ്ങുന്നവരായിരുന്നില്ല ഖത്തർ ഭരണാധികാരികൾ, ഇറാനെ നിലയ്ക്കുനിർത്താൻ അമേരിക്കയ്ക്കുപോലും സാധിക്കുന്നില്ല എന്നത് ഖത്തറിനും വലിയ ധൈര്യം നൽകുന്നുണ്ട്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനെതിരെ അറബ് രാജ്യങ്ങളും നാറ്റോയും ചേർന്നുള്ള ഒരു സഖ്യത്തെക്കുറിച്ചുപോലും ആലോചിച്ചിരുന്നു.
ഇതിൽനിന്നെല്ലാം വെളിവാകുന്നത് ഓരോ അറബ് രാഷ്ട്രവും താന്താങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് നയങ്ങൾ രൂപീകരിക്കുന്നതും, ഓരോ രാഷ്ട്രത്തിന്റെയും മുതലാളിത്ത താൽപര്യങ്ങൾ അവർക്കിടയിൽ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുകുയും ചെയ്യുന്ന കാഴ്ചയാണ്.


സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അഭാവത്തിന് ജനങ്ങൾ വലിയ വില കൊടുക്കുന്നു


വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം അറബ് ലോകത്തെ, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നിലനിൽക്കുന്ന രാജ്യങ്ങൾക്ക് വിശ്വസിക്കാവുന്ന സുഹൃദ് രാജ്യങ്ങൾ ഒന്നുംതന്നെ ലോകത്തില്ല എന്നതാണ്. സോഷ്യലിസ്റ്റ് ബ്ലോക്ക് നിലനിന്നിരുന്ന കാലത്ത് സാമ്രാജ്യത്വ കുതന്ത്രങ്ങൾക്കെതിരെ അറബ് ലോകത്തിന് വിശ്വസിക്കാവുന്ന ഒരു ശക്തിയായിരുന്നു അവർ. 1956ൽ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്‌ദുള്‍ നാസർ, സൂയസ് കനാൽ ദേശസാത്ക്കരിച്ചതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഇവിടെ ഓർക്കേണ്ടതാണ്. യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള വാണിജ്യപാതയിലെ പ്രധാന നദിയായിരുന്ന സൂയസ് കനാൽ ബ്രിട്ടീഷ്, ഫ്രഞ്ച് കമ്പനികളുടെ അധീനതയിലായിരുന്നു. ഫ്രാൻസും ബ്രിട്ടനും ഉടനെ ഇസ്രയേലുമായി ധാരണയിലെത്തി-ഇസ്രയേലിന്റെ കപ്പലുകൾ കനാലിൽ പ്രവേശിക്കുന്നത് ഈജിപ്ത് വിലക്കിയിരുന്നു. ഈ ധാരണപ്രകാരം ഇസ്രയേൽ ഈജിപ്തിനെ ആക്രമിക്കും, ഫ്രാൻസും ബ്രിട്ടനും സമാധാനപാലകരെന്ന നിലയിൽ ആ യുദ്ധത്തിൽ ഇടപെടുകയും കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. അന്ന് സോവിയറ്റ് നേതാവ് തിരുത്തല്‍വാദിയായ ക്രൂഷ്ചേവ് ആയിരുന്നുവെങ്കിലും സ്റ്റാലിന്റെ കാലത്തെ നയങ്ങളിൽനിന്ന് സോവിയറ്റ് യൂണിയൻ ഒരുപാടൊന്നും വ്യതിചലിച്ചിട്ടുണ്ടായിരുന്നില്ല. സൂയസ് കനാലിൽനിന്നും 72മണിക്കൂറിനകം പിന്മാറിയില്ലെങ്കിൽ ലണ്ടനിലും പാരീസിലും ബോംബുകൾ വർഷിക്കുമെന്ന് സോവിയറ്റ് യൂണിയൻ താക്കീത് നൽകി. ഭയന്നുവിറച്ച് ബ്രിട്ടനും ഫ്രാൻസും വെറും നാൽപത്തിയെട്ടുമണിക്കൂറിനകം വാലുംചുരുട്ടി തിരിഞ്ഞോടി. സാമ്രാജ്യത്വ കുതന്ത്രങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിൽ സോഷ്യലിസ്റ്റ് ബ്ലോക്ക് വഹിച്ച നിർണായകപങ്കിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ സംഭവം.
എന്നാൽ ഇന്ന് സോഷ്യലിസ്റ്റ് ബ്ലോക്ക് നിലവിലില്ല. അതിനകത്തുനിന്നും പുറത്തുനിന്നും മുതലാളിവർഗ്ഗം തിരുത്തല്‍വാദികളുടെ സഹായത്തോടെ നടപ്പിലാക്കിയ പ്രതിവിപ്ലവം സോഷ്യലിസ്റ്റ് ബ്ലോക്കിനെ ഉള്ളിൽനിന്നും തകർത്തു. അതോടെ സാമ്രാജ്യത്വത്തിന് തന്നിഷ്ടപ്രകാരം ദുർബല രാജ്യങ്ങളുടെമേൽ മെക്കിട്ട് കയറാനും രാജ്യങ്ങളെ തമ്മിലടിപ്പിക്കാനും അവിടങ്ങളിൽ തങ്ങളുടെ പാവ ഗവൺമെന്റുകളെ സ്ഥാപിക്കാനും തങ്ങളുടെ സാമ്പത്തികവും സൈനികവുമായ കരുത്തുപയോഗിച്ച് ലോകജനതയ്ക്കുമേൽ കുതിര കയറാനും യാതൊരു തടസ്സവുമില്ലാതായിരിക്കുന്നു. സോവിയറ്റ് യൂണിയൻ ഇന്ന് നിലവിലുണ്ടായിരുന്നുവെങ്കിൽ ഇസ്രയേലിന് പലസ്തീനെ തൊടാൻ ധൈര്യമുണ്ടാകുമായിരുന്നില്ല.
മധ്യപൂർവേഷ്യയിൽ ചൈന തങ്ങളുടെ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുക യാണ്. ഇറാഖിലെയും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയുമെല്ലാം അമേരിക്കന്‍ ഇടപെടലുകൾക്കെതിരെ ഉയർന്നുവരുന്ന വികാരം, അറബ് മേഖലയിൽ കാലുറപ്പിക്കാൻ ചൈനയ്ക്ക് അവസരം ഒരുക്കി. തങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കുന്നതിനായി അമേരിക്കൻ സാമ്രാജ്യത്വം അറബ് രാജ്യങ്ങൾക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കിക്കൊ ണ്ടിരിക്കുന്നു. അറബ് ലോകത്തെ അനൈക്യത്തിന്റെ മറ്റൊരു പ്രധാന കാരണം പിന്നാമ്പുറത്തുള്ള അമേരിക്കൻ ഇടപെടലുകളും കൂടെയാണ്.


എന്താണ് ചെയ്യേണ്ടത്


ഇസ്രയേലിന്റെ നിഷ്ഠുരമായ പലസ്തീൻ ആക്രമണത്തിനെതിരെ ധീരമായി മുന്നോട്ടുവരുന്ന, അറബ് നാടുകളിലെയും യൂറോപ്പിലെയും അമേരിക്കയിലെയും തെരുവുകളിൽ കൂറ്റൻ യുദ്ധവിരുദ്ധ റാലികൾ സംഘടിപ്പിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തകരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഇസ്രയേലിനെ അംഗീകരിക്കുന്ന മൊറോക്കോയുടെ തെരുവുകളിൽ അഞ്ചുലക്ഷംപേരാണ് അണിനിരന്നത്. അമ്മാനിൽ രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷത്തോളംപേർ തെരുവിൽ ഇറങ്ങി. കെയ്റോ, ലണ്ടൻ, പാരീസ്, ബർലിൻ, വാഷിംഗ്ടൺ, അങ്കാറ, ഈസ്താംബൂൾ എന്നീ നഗരങ്ങളിലെല്ലാം ഇസ്രയേലിന്റെ ചെയ്തികളെ അപലപിച്ചുകൊണ്ട് ലക്ഷക്കണക്കിന് മനുഷ്യർ തെരുവുകളിലേയ്ക്കൊഴുകി. ഈ പ്രതിഷേധങ്ങ ളെല്ലാം വളരെ പ്രാധാന്യമർഹിക്കുന്നു.
എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ വേട്ടനായയായ ഇസ്രയേലും തിരിച്ചടി നേരിട്ടാലല്ലാതെ, ഓരോ രാജ്യത്തെയും നേതാക്കന്മാർ അമേരിക്കൻ ഭീഷണികൾക്ക് വഴങ്ങുന്നത് അവസാനിപ്പിച്ചാലല്ലാതെ, ലോകത്ത് ഒരിടത്തും സമാധാനം ഉണ്ടാകാൻ പോകുന്നില്ല എന്നതാണ്. അത് സംഭവിക്കാത്തിടത്തോളംകാലം പലസ്തീൻ ഒരു യുദ്ധമുഖമായി തുടരും, ലക്ഷക്കണക്കിന് നിരപരാധികൾ അവരുടെ കിടപ്പാടത്തിൽനിന്ന് പുറത്താക്കപ്പെടും, സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും ഉൾപ്പെടെ സാധാരണക്കാർ കീടങ്ങളെപ്പോലെ കൊല്ലപ്പെടും. ഒരു യഥാർത്ഥ ഇടതുപക്ഷ, ജനാധിപത്യ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നുവരാത്തിടത്തോളം കാലം ജനതാൽപര്യം ലവലേശമില്ലാത്ത മത തീവ്രവാദി സംഘടനകൾ പലസ്തീനിൽ സ്വാധീനം ഉറപ്പിക്കും. എല്ലാ അറബ് ജനതയും ഒറ്റക്കെട്ടായി, മത-ദേശ ചേരിതിരിവുകളില്ലാതെ, ശരിയായ വിപ്ലവലൈനിന്റെ അടിസ്ഥാനത്തിൽ, ശരിയായ വിപ്ലവനേതൃത്വത്തിൻ കീഴിൽ അണിനിരന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ കരുത്തുറ്റ, ബൃഹത്തായ ഒരു സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം വളർത്തിയെടുത്തുകൊണ്ടുമാത്രമേ ഈ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ.

Share this post

scroll to top