”ഭരണകൂടം അധികാരദുർവിനിയോഗം നടത്തുമ്പോൾ, അല്ലെങ്കിൽ നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾക്കുനേരെ ഭീഷണി ഉയരുമ്പോൾ, നമ്മൾ ഉറ്റുനോക്കുന്നത് നീതിന്യായ സംവിധാനത്തെയാണ്. അപ്പോൾ കോടതികൾ രക്ഷയ്ക്ക് എത്തുമെന്ന് നമ്മൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ജുഡീഷ്യറിക്ക് ജന്മം നൽകിയ ഭരണഘടനാ സംവിധാനത്തോട് അത് എത്രമാത്രം സത്യസന്ധത പുലർത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയുടെ മൂല്യം നിർണ്ണയിക്കപ്പെടുന്നത്”
”സുപ്രീംകോടതി വിധികളിൽ പലപ്പോഴും വിശേഷിച്ച്, അടുത്തകാലത്ത് പരാമർശിക്കപ്പെടുന്ന വാക്കാണ് ഭരണഘടനാ ധാർമികത എന്നത്. അത് ഉദ്‌ഘോഷിക്കുന്നതിനുമുമ്പ്, കോടതിക്ക് തന്നെ അത് പ്രതിഫലിപ്പിക്കാൻ കഴിയണം എന്നാണ് എന്റെ അഭിപ്രായം. ഭരണഘടനാ ധാർമികതയോട്, ഒരു സ്ഥാപനമെന്ന നിലയിൽ കോടതികൾ കൂറുപുലർത്തുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഒരു കോടതി വിധി കേവലം നിയമം പ്രഖ്യാപിക്കൽ മാത്രമാകരുത്. കോടതിക്കു മുമ്പാകെയുള്ള വസ്തുതകളിൽ നിയമം പ്രയോഗിക്കുകയാണ് വേണ്ടത്…. ജനാധിപത്യത്തിന്റെ ചക്രങ്ങൾ സദാ ചലനത്തിലാണ് എന്ന് എപ്പോഴും ഉറപ്പുകൊടുക്കുന്നുണ്ട്. എന്നാൽ, ‘ജനാധിപത്യ വ്യവസ്ഥകളുടെ മരണം സംഭവിക്കുന്നത് എങ്ങനെ?’എന്ന കൃതി രചിച്ച,ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസർ മാരായ ലവിറ്റ്‌സ്‌കിയും സിബ്ലാറ്റും ആ തകർച്ചക്കിടയിലും തടിച്ചുകൊഴുക്കുന്ന നേതാക്കളെ, തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതികൾ എന്നാണ് വിളിക്കുന്നത്. അവർ സ്ഥാപനങ്ങളെ പടച്ചട്ടയണിയിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പിന് കരുക്കളാക്കാൻ. മാധ്യമങ്ങൾ നിശബ്ദരായിരിക്കാൻ നിർബന്ധിതരാകുന്നു. സ്വകാര്യമേഖലയും മൗനം പാലിക്കുമ്പോൾ അവർ നിയമങ്ങൾ പൊളിച്ചെഴുതുന്നു, രാഷ്ട്രീയ പ്രതിയോഗികളുടെ താൽപ്പര്യങ്ങൾക്കുമേൽ സ്വന്തം താൽപര്യം സ്ഥാപിച്ചെടുക്കാൻ സഹായകമാകും വിധത്തിൽ. എന്നാൽ ഒത്താശക്കാരും സ്തുതിപാഠകരും മാത്രമല്ല, അധികാരകേന്ദ്രങ്ങളെ വിമർശിക്കുന്നവരും ചോദ്യങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്. അവർക്ക് പക്ഷേ ഏറ്റുവാങ്ങേണ്ടിവരുന്ന കെടുതികൾ ചില്ലറയല്ല. നികുതി അടച്ചില്ലെന്നോ, രാജ്യദ്രോഹപരമായ പരാമർശം നടത്തിയെന്നോ ഒക്കെ പറഞ്ഞ് അവരുടെ മേൽ കേസുകൾ ചാർജ്ജ് ചെയ്യും. അങ്ങനെ ജനാധിപത്യ സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ടുതന്നെ അവർ ജനാധിപത്യത്തിന് അന്ത്യം കുറിക്കുകയാണ്.” കഴിഞ്ഞ ഫെബ്രുവരി 10ന് ഡൽഹിയിൽ നടന്ന എൽ.ഡി.ജെയ്ൻ സ്മാരക പ്രഭാഷണത്തിൽ അടുത്തിടെയുണ്ടായ ചില സുപ്രീം കോടതിവിധികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ നടത്തിയ പ്രസംഗത്തിലെ ഏതാനും വാക്കുകളാണിത്.
ഇതിനുപിന്നാലെ ഫെബ്രുവരി 15ന് ഗുജറാത്ത് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന പതിനഞ്ചാമത് പി.ഡി.ദേശായി സ്മാരക പ്രഭാഷണത്തിൽ സുപ്രീംകോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രചൂഡ് ഗുരുതരമായ വിമർശനങ്ങൾ ഉന്നയിച്ചു.”വിയോജിക്കുന്നവരെയെല്ലാം ദേശദ്രോഹികളും ജനാധിപത്യവിരുദ്ധരുമായി മുദ്രകുത്തുന്നത് ഭരണഘടന മൂല്യങ്ങളും സംവാദാത്മക ജനാധിപത്യവും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ മർമ്മത്തിലേൽപ്പിക്കുന്ന പ്രഹരമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗവൺമെന്റ്, വികസനത്തിനും സാമൂഹികമായ ഏകോപനത്തിന് ഉള്ള ന്യായയുക്തമായ ഉപാധികൾ പ്രദാനം ചെയ്യുമ്പോൾ തന്നെ, ഒരു ബഹുസ്വര സമൂഹത്തെ നിർവ്വചിക്കുന്ന സവിശേഷതകൾക്കും മൂല്യങ്ങൾക്കും മേൽ അതിന് ഒരിക്കലും കുത്തക അവകാശപ്പെടാനാവില്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്, വിയോജിക്കാനുള്ള അവകാശത്തന്റെ സംരക്ഷണം. വിയോജിപ്പുകൾക്ക് കടിഞ്ഞാണിടാൻ ഭരണകൂട സംവിധാനങ്ങൾ നിയോഗിക്കപ്പെട്ടപ്പോൾ അത് ഭയം ജനിപ്പിക്കുകയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ഇത് നിയമവാഴ്ചയുടെ ലംഘനവും ബഹുസ്വര സമൂഹത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ ഉൾക്കാഴ്ചയിൽ നിന്നുള്ള വ്യതിചലനവുമാണ്……അഭിപ്രായഭിന്നതയോടുള്ള സഹിഷ്ണുത ഭരണഘടനയുടെ ഉദാരമായ സമീപനത്തിൽ അന്തർലീനമാണ്. സബോധമായ സംവാദങ്ങളോടുള്ള ഒരു ഗവൺമെൻറിന്റെ ആഭിമുഖ്യം രാഷ്ട്രീയമായ വിയോജിപ്പുകൾക്ക് കടിഞ്ഞാണിടുന്നതിലല്ല അതിനെ സ്വാഗതം ചെയ്യുന്നതിലാണ് കുടികൊള്ളുന്നത്. ധിഷണയുടെ മേലുള്ള അടിച്ചമർത്തൽ രാഷ്ട്രത്തിന്റെ മനഃസാക്ഷിക്ക് മേലുള്ള അടിച്ചമർത്തൽ തന്നെയാണ്”.
ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ടി.വി.നളവാതെയും എം.ജി.സേവ്‌ലിക്കറും ഉൾപ്പെടുന്ന ഔറംഗബാദ് ബെഞ്ചും സമാനമായ വിധി പുറപ്പെടുവിക്കുകയുണ്ടായി. മഹാരാഷ്ട്രയിലെ ബീദ് ജില്ലയിൽ നടന്ന സിഎഎ വിരുദ്ധ പ്രകടനവുമായി ബന്ധപ്പെട്ട കേസിൽ വിധി പറയവേ അവർ ഇപ്രകാരം അഭിപ്രായപ്പെട്ടു:”നമ്മുടേത് ഒരു ജനാധിപത്യ റിപ്പബ്ലിക് ആണെന്നും നമ്മുടെ ഭരണഘടന ഉറപ്പുതരുന്നത് ഭൂരിപക്ഷത്തിന്റെ വാഴ്ചയല്ല നിയമവാഴ്ച ആണെന്നും നമ്മൾ ഓർക്കണം. സിഎഎ പോലുള്ള നിയമങ്ങൾ വരുമ്പോൾ മുസ്ലീങ്ങളെ പോലെ ഏതെങ്കിലും മതവിഭാഗത്തിന് അത് തങ്ങളുടെ താൽപര്യത്തിന് എതിരാണെന്നും എതിർക്കപ്പെടേണ്ടതാണെന്നും തോന്നാം. അത് അവരുടെ കാഴ്ചപ്പാടും വിശ്വാസവുമാണ്. അത് ശരിയോ, തെറ്റോ എന്ന് പരിശോധിക്കേണ്ട ബാധ്യത കോടതിക്ക് ഇല്ല….ഇവർക്ക് നിയമത്തെ എതിർക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഉണ്ടോ എന്ന കാര്യമേ കോടതി പരിശോധിക്കേണ്ടതുള്ളൂ. അത് അവരുടെ മൗലിക അവകാശങ്ങളിൽപെട്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ അത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമോ എന്ന കാര്യം പരിഗണിക്കേണ്ടതില്ല… ഒരു നിയമത്തെ എതിർക്കുന്നതുകൊണ്ട് മാത്രം അവരെ വഞ്ചകരും രാജ്യദ്രോഹികളും ആയി ചിത്രീകരിക്കാനും ആവില്ല എന്ന് വ്യക്തമാക്കാനും ഈ കോടതി ആഗ്രഹിക്കുന്നു”.
അഹമ്മദാബാദിൽ വക്കീലൻമാരുടെ ഒരു ശില്പശാലയിൽ പ്രസംഗിച്ച മറ്റൊരു സുപ്രീം കോടതി ജഡ്ജിയായ ദീപക് ഗുപ്തയുടെ അഭിപ്രായവും ഇതേ സ്വരത്തിൽ ഉള്ളതായിരുന്നു. ”മന്ത്രിസഭയുടെയോ, കോടതിയുടെയോ, ഉദ്യോഗസ്ഥ സംവിധാനത്തിന്റെയോ, സൈന്യത്തിന്റെയോ നിലപാടുകളെ വിമർശിക്കുന്നത് രാജ്യദ്രോഹം ആയി വ്യാഖ്യാനിക്കാൻ ആവില്ല. ഒരു പൗരൻ സർക്കാരിനെ വിമർശിക്കുമ്പോൾ, വിരുദ്ധാഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ അയാളെ രാജ്യദ്രോഹിയായി മുദ്രയടിക്കാൻ പാടില്ല. വിമർശനങ്ങളുടെ കഴുത്തുഞെരിച്ചാൽ ജനാധിപത്യത്തിനു പകരം പട്ടാളഭരണമായിരിക്കും നടപ്പിലാകുക”.
ഒരു ഫാസിസ്റ്റ് ഏകാധിപത്യ വാഴ്ചയെ ജനാധിപത്യമെന്ന് മയപ്പെടുത്തി അവതരിപ്പിക്കുകയും മന്ത്രിസഭയുടെ വെളിപാടുകൾക്കും ആജ്ഞകൾക്കുമൊക്കെ നിയമപ്രാബല്യം നൽകുന്നതിനായി നീതിന്യായ പ്രക്രിയയെ തന്നെ തകർക്കുകയും ചെയ്യുന്നതിൽ ആദരണീയരായ പല ജഡ്ജിമാരും അസംതൃപ്തിയും രോഷവും രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ചില ജഡ്ജിമാർ, റിട്ടയർമെന്റിനുശേഷം ലഭിച്ചേക്കാവുന്ന ചില പദവികൾ പോലുള്ള നേട്ടങ്ങൾ മുൻനിർത്തി ഭരണ നിർവഹണ സംവിധാനത്തിന്റെ നിലപാടുകളെ അളവറ്റ് പ്രശംസിക്കുന്നു. ഗവൺമെന്റും കോടതിയും തമ്മിലുള്ള ലോഹ്യം സ്ഥാപിക്കാൻ എന്നോണം അടുത്തിടെ സുപ്രീംകോടതി ജഡ്ജിയായ അരുൺ മിശ്ര പ്രധാനമന്ത്രിയെ, ”പണ്ഡിതനും പ്രതിഭാശാലിയുമായി” വാഴ്ത്തുകയും, ”ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് മോദി” എന്ന്’ തട്ടിമൂളിക്കുകയും ചെയ്തു.
എന്നാൽ, ന്യായാധിപസമൂഹത്തിൽ നിന്നുതന്നെ അദ്ദേഹത്തിന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ പരാമർശം അങ്ങേയറ്റം മുഖസ്തുതി പരവും ദുഷ്ടലാക്കോടെയുള്ളതും പരമോന്നത നീതിപീഠത്തിന്റെ സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്നതുമാണെന്ന്, പല വിരമിച്ച ജഡ്ജിമാരും സീനിയർ അഭിഭാഷകരും രാഷ്ട്രീയ പ്രമുഖരുമൊക്കെ അഭിപ്രായപ്പെട്ടു. ഗവൺമെന്റിനെതിരായ കേസുകൾ വാദം കേൾക്കുന്നതിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ജുഡീഷ്യൽ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ സത്യസന്ധരും ധീരരുമായ ജഡ്ജിമാർ ശിക്ഷിക്കപ്പെട്ട സംഭവങ്ങളും കുറവല്ല.
ജ്യുഡീഷ്യറിയുടെ പതനം വിളിച്ചോതുന്ന കോടതി വിധികൾ
ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന എൻആർസി വിരുദ്ധ, സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ന്യായയുക്തത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഒരു കേസ് പരിഗണിക്കവെ, അടുത്തിടെ സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടു:”പ്രതിഷേധിക്കാനുള്ള അവകാശം ലോകം മുഴുവൻ, വിശേഷിച്ചും ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. സമാധാനപരമായി സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം മൗലികാവകാശമാണ്”. തുടർന്ന് കോടതി പറഞ്ഞു: ”എന്നാൽ എല്ലാവരും ഇതുപോലെ പൊതുസ്ഥലങ്ങൾ കയ്യടക്കിയാൽ അതെവിടെയാണ് അവസാനിക്കുക എന്നതിലാണ് ഞങ്ങൾക്ക് ആശങ്ക. ഈ വിഷയത്തിൽ ഒരു സന്തുലിതമായ നിലപാട് വേണം. പൊതുനിരത്തുകൾ തടയുന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്”. ഇതേക്കുറിച്ച് സുപ്രീംകോടതി അഭിഭാഷകനായ അതുൽകുമാർ പറയുന്നു: ”ഇവിടെ കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു പ്രശ്‌നം നിലനിൽക്കുന്നുണ്ട്. നിയമവാഴ്ച ഉറപ്പാക്കൽ ഒരു പ്രശ്‌നം തന്നെയാണ്. ഈ അവസ്ഥയ്ക്ക് പ്രധാനമായും ഉത്തരവാദി ഭരണനിർവ്വഹണ സംവിധാനം തന്നെയാണ്. ഗവൺമെന്റ് വിമുഖത കാണിച്ചാൽ വിധി നടപ്പാക്കില്ലെന്ന് ഒരുപക്ഷേ സുപ്രീംകോടതി കരുതുന്നുണ്ടാകാം”. 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് ജമ്മുകാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്നും അത് ജനങ്ങളുടെ മൗലികാവകാശമാണെന്നും കോടതി ഉത്തരവിട്ടു. എന്നാൽ അത് പൂർണ്ണമായി പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞില്ല. അതുകൊണ്ടുതന്നെ, 3ജി, 4ജി സേവനങ്ങളുടെ മേലുള്ള നിരോധനം, കോടതി ഉത്തരവ് നിലനിൽക്കുമ്പോൾത്തന്നെ നീട്ടിക്കൊടുത്തു. ഇതെക്കുറിച്ച് എൽ.സി.ജെയ്ൻ സ്മരക പ്രഭാഷണത്തിനിടെ ജസ്റ്റിസ് എ.പി.ഷാ പറഞ്ഞു: ”മൗലികാവകാശങ്ങൾക്കുവേണ്ടി ഉറച്ച് നിലകൊള്ളാനും അതിന്റെ ഉറച്ച സംരക്ഷകൻ എന്ന് തെളിയിക്കാനുമുള്ള അവസരം കോടതി നഷ്ടപ്പെടുത്തിയിരിക്കുന്നു”. ”ഒരു രഹസ്യനിയമത്തേക്കാൾ വലിയ നിയമപരമായ പൈശാചികതയില്ല”എന്ന ലോൺഫുള്ളറുടെ (സ്വാഭാവിക നിയമത്തിന്റെ മതേതരവും പ്രക്രിയാസംബന്ധവുമായ വശങ്ങൾ സംരക്ഷിക്കുന്ന സിദ്ധാന്തം അവതരിപ്പിച്ച നിയമജ്ഞൻ) അഭിപ്രായം അവതരിപ്പിച്ചത് പ്രശംസനീയംതന്നെ. എന്നാൽ പ്രായോഗികഫലമൊന്നും അത് ഉളവാക്കിയില്ല. കാരണം, എല്ലാ ഉത്തരവുകളും പ്രസിദ്ധപ്പെടുത്താതിരിക്കുകയും എല്ലാം സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിക്കാതിരിക്കുകയും ചെയ്ത ഗവൺമെന്റിന്റെ തെറ്റായ പ്രവൃത്തി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കോടതി ഗവൺമെന്റിന് അനുമതി നൽകിയിരിക്കുന്നു”. അദ്ദേഹത്തിന്റെ പരമാർശങ്ങൾ എത്രത്തോളം സുപ്രധാനമാണെന്ന് വിശദീകരിക്കേണ്ടതില്ല.
ഇനി അടുത്ത വിഷയം. സ്വകാര്യത മൗലികാവകാശമാണെന്ന് 2017-ൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിക്കുന്നു. അതായത്, സാധാരണ സാഹചര്യങ്ങളിൽ ഒരു ഗവൺമെന്റ് ഉത്തരവിനും നിയമത്തിനും വ്യക്തിയുടെ സ്വകാര്യതയ്ക്കുമേൽ കടന്നുകയറാനാവില്ലെന്നർത്ഥം. എന്നാൽ 2018-ൽ സുപ്രീംകോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് ആദായനികുതി ആവശ്യങ്ങൾക്കായി ആധാർ ബന്ധപ്പെടുത്താമെന്ന് വിധിച്ചു. ഇതുകൂടാതെ ക്ഷേമപദ്ധതികൾക്കും സർക്കാർ സബ്‌സിഡികൾക്കും ആധാർ ബന്ധപ്പെടുത്താമെന്നും വിധിക്കുകയുണ്ടായി. ഇവയൊക്കെ പ്രത്യേകിച്ച് ചെറുകിട പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, സ്വകാര്യ ഏജൻസികൾ വഴിയാണ് പ്രവർത്തിപ്പിക്കുന്നത്. സ്വകാര്യ ഏജൻസികളെ നിർബന്ധമായി ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് കോടതി ഒഴിവാക്കിയെങ്കിലും ടെലികോം കമ്പനികൾപോലെ ഇതിനകം ബന്ധിപ്പിച്ചവരിൽനിന്ന് ആധാർ വിവരങ്ങൾ നീക്കം ചെയ്യണമെന്ന് വ്യക്തമായ ഉത്തരവിട്ടില്ല. ഈ വിധിയോട് വിയോജിച്ച ഏക ന്യായാധിപനായ ഡി.വൈ.ചന്ദ്രചൂഡ് ഇപ്രകാരം കുറിച്ചു:”സ്വത്വം അല്ലെങ്കിൽ വ്യക്തിത്വം എന്നത് തീർച്ചയായും ഒരു ബഹുസ്വര സങ്കൽപ്പമാണ്. ഭരണഘടന തന്നെ നിരവധി അവകാശങ്ങളിലൂടെ ഇത് സംരക്ഷിച്ചുപോരുന്നു. ആധാർപദ്ധതിയിൽ പ്രയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ വ്യക്തിത്വത്തിന്റെ വൈവിധ്യത്തെ ഒരു 12 അക്കനമ്പർ എന്ന ഏകവ്യക്തിത്വത്തിലേയ്ക്ക് ചുരുക്കുകയാണ്.ഇതുവഴി ഒരാൾക്ക് സ്വീകാര്യമായ വിധത്തിൽ തന്റെ വ്യക്തിത്വത്തെ അവതരിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശത്തിന്മേൽ കൈകടത്തൽ നടത്തുകയും ചെയ്യുന്നു”
വിവരാവകാശനിയമത്തിന്റെ സുതാര്യത സംബന്ധിച്ച വിധിയുടെ കാര്യമാണ് മറ്റൊന്ന്. 2015-ൽ, വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുന്ന മുഴുവൻ വിവരങ്ങളും കൈമാറണമെന്ന്, സുതാര്യതയുടെയും പ്രതിബദ്ധതയുടെയും വിഷയം ചൂണ്ടിക്കാട്ടി, സുപ്രീംകോടതി റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാൽ റിസർവ്വ് ബാങ്ക് അത് അനുവദിച്ചില്ല. കോടതിയാകട്ടെ, ഒരു സർക്കാർ ഏജൻസി കോടതി ഉത്തരവ് പാലിക്കുന്നില്ല എന്ന വിഷയം ഉന്നയിക്കുന്നതിനുപകരം സ്വന്തം വിധിയിൽ വെള്ളം ചേർക്കുകയും ബാങ്കിന്റെ പരിശോധനാ റിപ്പോർട്ട്, അപകട സാധ്യതാറിപ്പോർട്ട്, സാമ്പത്തിക പരിശോധനാ റിപ്പോർട്ട് എന്നിവ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് 2019 ഡിസംബറിൽ വിധിക്കുകയുംചെയ്തു. അതുപോലെ, 1993-ലെ സുപ്രധാനവിധിയിൽ സംവരണം എസ്‌സി,എസ്ടി വിഭാഗങ്ങളുടെ അവകാശമാണെന്ന് അംഗീകരിക്കുകയും അതോടൊപ്പം ഒഴിവുകളുടെ 50 ശതമാനമായി സംവരണപരിധി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് അതേ പരമോന്നത കോടതിതന്നെ, എസ്‌സി-എസ്ടി നിയമം വ്യാഖ്യാനിക്കവെ, സർക്കാർ ജോലികളിൽ സംവരണം നൽകുന്നത് ഐച്ഛികമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ശബരിമല, അയോദ്ധ്യവിധികളുടെ കാര്യമാണ് അടുത്തത്. ശബരിമലയിൽ ആർത്തവപ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. 2018-ൽ, മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മറികടന്ന്, ലിംഗപരമായ ഒരു വിവേചനവും പാടില്ല എന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ വിധി നടപ്പിലാക്കിക്കൊണ്ട് മുഴുവൻ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്ന്, നിയമവാഴ്ച ഉറപ്പാക്കണമെന്ന് അധികൃതരോട് കർശനമായി കോടതി ആവശ്യപ്പെടുന്നില്ല. പിന്നീട് ഇതിന്റെ അപ്പീലിൽ വാദംകേട്ട കോടതി വിഷയം 9 അംഗബെഞ്ചിന് വിട്ടു. നിയമവിദഗ്ദ്ധർ കരുതുന്നത് ലിംഗ സമത്വം മറ്റ് മൗലികാവകാശങ്ങളെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞതെന്ന് വ്യാഖ്യാനിക്കാനുള്ള സാധ്യതയുണ്ടെന്നത്രെ.
അയോധ്യവിഷയത്തിൽ, 1992-ൽ പള്ളി തകർത്തത്”നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനമാണെ”ന്ന് കോടതി വിധിച്ചു. എന്നാൽ അതേ ശ്വാസത്തിൽ, പള്ളി തകർത്ത ഹിന്ദുത്വ ശക്തികൾക്ക് അയോധ്യയിലെ ഭൂമിയിൽ ഉടമസ്ഥാവകാശം ഉണ്ടെന്നും വിധിച്ചു.”മതവിശ്വാസം വ്യക്തിപരമായ വിശ്വാസം ആണെന്നും, ഹിന്ദുക്കളുടെ വിശ്വാസത്തെ നിരാകരിക്കാൻ പോകുന്ന ഒരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും”കൂടി കോടതി പറഞ്ഞു. നിയമവിധേയമായി നിലനിന്നിരുന്ന ഒരു കെട്ടിടം നിയമവിരുദ്ധമായി തകർത്തതിനെക്കുറിച്ചാണ് ഇത് പറഞ്ഞതെന്ന് ഓർക്കുക. 1857 മുതൽ 1949 വരെ മുസ്ലീങ്ങളുടെ നമസ്‌കാരം നടത്തിയിരുന്നതായും തെളിവുകളുണ്ട്. ആ ആരാധനാലയം അവർക്ക് നിഷേധിക്കാനായി കരുതിക്കൂട്ടി 1949-ൽ അവരെ പുറത്താക്കുകയായിരുന്നു. ”വേദഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങൾ പലതരത്തിലുള്ള നിഗമനങ്ങൾക്ക് വഴിവെക്കുന്നതാണെ”ന്ന് പറഞ്ഞ കോടതി, ”വിശ്വാസം അകൃത്രിമവും യഥാർത്ഥവും ആണെന്ന് ബോധ്യപ്പെട്ടു” എന്ന വിചിത്രനിഗമനത്തിലാണ് എത്തിയത്. അങ്ങനെ ബോധ്യപ്പെട്ടു കഴിഞ്ഞാൽ ആരാധന നടത്തുന്ന ആളുടെ വിശ്വാസം അംഗീകരിച്ചു കൊടുക്കണമത്രേ! അതായത്, ഉടമസ്ഥാവകാശം സംബന്ധിച്ച ഒരു കേസിൽ കോടതി വിശ്വാസത്തെ അതും മതവിശ്വാസത്തെ, മറ്റ് എല്ലാ പരിഗണനകൾക്കും മുകളിൽ പ്രതിഷ്ഠിച്ചുവെന്ന് വ്യക്തം. ഈ വിധി ദുരൂഹത നിറഞ്ഞതാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.ജസ്റ്റിസ് എ.പി.ഷാ പറഞ്ഞു: ”അയോധ്യവിധിയിൽ കോടതി ശ്രമിച്ചത് തികച്ചും രാഷ്ട്രീയമായ ഒരു വിഷയത്തിൽ നിയമപരമായ തീർപ്പ് ഉണ്ടാക്കാനാണ്”. വിധിയോട് 116 പേജ് വരുന്ന പേരുവയ്ക്കാത്ത ഒരു അനുബന്ധം കൂട്ടിച്ചേർക്കുകയുണ്ടായി. അയോദ്ധ്യയിലെ തർക്കമന്ദിരം രാമ ഭഗവാന്റെ ജന്മസ്ഥലം ആണെന്ന് ഹിന്ദുക്കളുടെ വിശ്വാസം സ്ഥാപിക്കാനായി എഴുതിച്ചേർത്ത ഈ അനുബന്ധത്തിലെ നിലപാടുകൾ അംഗീകരിക്കാവുന്നതല്ല. കേസ് ഏകകണ്ഠമായി, ഭരണഘടനാ തത്വങ്ങൾക്ക് അനുസൃതമായി ബഞ്ച് തീർപ്പാക്കിയതാണ്. അതിനു നിരക്കാത്തതാണ് അനുബന്ധത്തിലെ നിഗമനങ്ങൾ. എന്നുമാത്രമല്ല, അത് ഹിന്ദുക്കളുടെ വിശ്വാസപ്രമാണങ്ങളുടെ മേധാവിത്വം അംഗീകരിക്കുന്നതിനും ഉറപ്പിച്ചെടുക്കുന്നതിനുമാണ് ശ്രമിച്ചിട്ടുള്ളത്. കോടതിയുടെ നിരീക്ഷണങ്ങൾ, പള്ളി പൊളിച്ച് ഇല്ലായിരുന്നുവെങ്കിലും അത് ഹിന്ദുക്കൾക്ക് വിട്ടു നൽകുമായിരുന്നുവെന്ന് തോന്നിപ്പോകും വിധമുള്ളതാണ.് അഡ്വക്കേറ്റ് അതുൽകുമാർ പറഞ്ഞത് ”ഇത് ഒരു നിയമ പരിഹാരം എന്നതിനേക്കാൾ ഒരു സന്തുലനപെടുത്തൽ മാത്രമാണ്”എന്നാണ.് മറ്റൊരു സന്ദേശവും അത് നൽകുന്നുണ്ട്. സന്തുലനപ്പെടുത്തൽ ഭരണനിർവഹണ സംവിധാനത്തിന്റെ, ഗവൺമെന്റിന്റെ ചുമതലയിൽപെട്ട കാര്യമാണ്. ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് ആശങ്കയുള്ള വിഷയമാണെങ്കിൽ അത് ഗവൺമെൻറ് ഗൗരവമായെടുക്കും. എന്നാൽ ഇക്കാര്യത്തിൽ സാമൂഹികമായ സൗഹാർദ്ദം നിലനിർത്തും വിധം ഗവൺമെൻറ് പങ്ക് നിർവഹിക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പില്ലായിരുന്നവെന്നുവേണം കരുതാൻ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലെ പൗരത്വം രജിസ്റ്ററുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ
അസമിലെ എൻആർസി നടപ്പാക്കലുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെ സംബന്ധിച്ച് ജസ്റ്റിസ് ഷാ ഇങ്ങനെ അഭിപ്രായപ്പെട്ടു: ”സുപ്രീംകോടതി വർഷങ്ങൾക്കുമുമ്പുതന്നെ, ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീങ്ങളുടെ അസമിലേക്കുള്ള നിയമവിരുദ്ധകുടിയേറ്റത്തെ പുറമേ നിന്നുള്ള അതിക്രമിച്ചുകയറാലായും ഇന്ത്യയ്ക്കുമേലുള്ള അതിക്രമമായുമൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പൗരത്വം അവകാശപ്പെടുന്നവരോട് അത് തെളിയിക്കാൻ ആവശ്യപ്പെടാനാണ് സുപ്രീം കോടതി തീരുമാനിച്ചത്. ഒരാൾ വിദേശിയാണെന്ന് തെളിയിക്കാനുള്ള ചുമതലയിൽനിന്ന് ഭരണകൂടത്തെ ഒഴിവാക്കിയാണ് പൗരന്റെ ചുമലിൽ അത് കെട്ടിവച്ചിരിക്കുന്നത്. ഒരാൾ നിയമം ലംഘിച്ചുവെന്നോ, കുറ്റം ചെയ്തുവെന്നോ തെളിയിക്കേണ്ട ബാധ്യത അത് ആരോപിക്കുന്ന ആൾക്കാണ് എന്ന നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനതത്വം തന്നെ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു”എന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങൾ ”ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തലത്തിൽ നടക്കുന്ന കാര്യങ്ങളാണെന്നും ഗവൺമെന്റും ഉദ്യോഗസ്ഥ മേധാവികളുമാണ് അതിന് ഉത്തരവാദികൾ എന്ന കാര്യത്തിൽ തർക്കമില്ലെന്നും” അദ്ദേഹം പറഞ്ഞു. ”അതിനുപകരം സുപ്രീംകോടതിയുടെ വിശേഷിച്ച് ചീഫ് ജസ്റ്റിസ് ഗോഗോയ്‌യുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത.് ഇവിടെ കോടതിയുടെ മേൽനോട്ടം കുറവും, നിയന്ത്രണം കൂടുതലും ആയിരുന്നു”. മുൻ ചീഫ് ജസ്റ്റിസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”ഒരിക്കൽ അദ്ദേഹം കോടതിയിൽ ഉദ്യോഗസ്ഥരോട് ചോദിച്ചു എത്രപേർ തടങ്കൽപ്പാളയത്തിലുണ്ടെന്ന്. 900 എന്നായിരുന്നു മറുപടി. അദ്ദേഹം രോഷംകൊണ്ട് എന്തുകൊണ്ട് വെറും തൊള്ളായിരം? ആയിരങ്ങൾ ഉണ്ടാകേണ്ടതല്ലേ? എന്നായി അടുത്ത ചോദ്യം. ഇന്ത്യയുടെ പരമോന്നത കോടതിയിലാണ,് അവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതിയിലാണ് ഇതെല്ലാം നടക്കുന്നത്. ഇനിയും ഈ കോടതി അവകാശങ്ങൾ സംരക്ഷിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആക്ടിവിസ്റ്റായ ഹർഷ്മന്ദർ ഒരിക്കൽ ചീഫ് ജസ്റ്റിസിനെ ഈ കേസിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ എന്തായാലും അദ്ദേഹം സ്വയം ഒഴിഞ്ഞിരുന്നു”. പരമോന്നത കോടതിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് കീഴ്‌ക്കോടതിയിൽ നിന്ന് വിരമിച്ച ഒരു ചീഫ് ജസ്റ്റിസിന്റെ ശക്തമായ നിരീക്ഷണങ്ങളാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത.്
പിന്നീട് ‘വിദേശി’ എന്ന് അസമിലെ വിദേശ ട്രിബ്യൂണൽ പ്രഖ്യാപിച്ച ഒരാൾ അതിനെ ചോദ്യം ചെയ്തുകൊണ്ട് ഗുവാഹത്തി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച റിട്ട് ഹർജിയിൽ ജസ്റ്റിസുമാരായ മനോജത്ത് ഭുയാൻ, പാർത്ഥീവ് ജ്യോതീ സൈക്കിയ എന്നിവർ വിധിപറയവേ ഇങ്ങനെ പറഞ്ഞു: ”ഹാജരാക്കുന്ന രേഖകളും അവയുടെ തെളിവും നിയമപരമായി വ്യത്യസ്തമായ കാര്യങ്ങളാണെന്ന് സുപ്രീംകോടതി തന്നെ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. തെളിവുകൾ എന്ന നിലയിൽ രേഖകൾ ഹാജരാക്കുന്നതുകൊണ്ട് മാത്രം അവ തെളിവുകൾ ആകുന്നില്ല. വസ്തുതകളിൽ നിന്ന് സത്യം ബോധ്യപ്പെടേണ്ടതുണ്ട്. വോട്ടർ ഐഡി കാർഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് ഈ കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്”. എന്നാൽ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 16-ാം വകുപ്പ്പ്രകാരം ”ഒരാൾ ഇന്ത്യൻപൗരൻ അല്ലെങ്കിൽ അയാൾ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടാൻ അർഹനല്ല” എന്ന് പറയുന്നുണ്ട.് അപ്പോൾ സാധുവായ ഒരു വോട്ടർ ഐഡി കാർഡ് ഹാജരാക്കുന്ന ഒരാൾ ഇന്ത്യൻ പൗരനല്ല വിദേശിയാണ് എന്നെങ്ങനെ പറയാൻ കഴിയും?. ഭൂമിയുടെ കരം അടച്ചരസീത്, പാൻകാർഡ,് ബാങ്ക്പാസ് ബുക്ക്, വോട്ടേഴ്‌സ് ലിസ്റ്റ്, ഗ്രാമമുഖ്യന്റെ സാക്ഷ്യത്രം തുടങ്ങി 15 രേഖകൾ ഹാജരാക്കിയ ഒരു സ്ത്രീയുടെ കാര്യത്തിലും ഡിവിഷൻബെഞ്ച് ഇതേ നിലപാട് തന്നെയാണ് എടുത്തത്. ഇവയൊന്നും പൗരത്വത്തിനുള്ള രേഖയല്ലെന്നായിരുന്നു കോടതി ഉത്തരവ്. എന്നൽ അസമിൽ പൗരത്വ രജിസ്റ്റർ പുതുക്കുന്ന സമയത്ത് വിവാഹിതകളായ സ്ത്രീകൾക്ക് അച്ഛനമ്മമാരുമായുള്ള ബന്ധം തെളിയിക്കുന്നതിനും രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനും ഗ്രാമമുഖ്യന്റെ സാക്ഷ്യപത്രം മതിയെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി മറികടന്നതെങ്ങനെയെന്നതും വിചിത്രമായിരിക്കുന്നു.
ഒരു ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ അതിന്റെ നടത്തിപ്പിൽ ഈ അപചയം സംഭവിച്ചത് എന്തുകൊണ്ട്? ജനങ്ങൾ ഇപ്പോഴും ഏറെ ആദരവോടെ കാണുന്ന ജുഡീഷ്യറിയുടെ നേർക്ക് എന്തുകൊണ്ട് ചോദ്യങ്ങൾ ഉയരുന്നു എന്നതും ഗൗരവത്തോടെ കാണേണ്ട കാര്യങ്ങളാണ്. ഇതിനുത്തരം കണ്ടെത്താൻ നമ്മൾ ചരിത്രത്തിന്റെയും സാമൂഹിക വികാസത്തിന്റെയും താളുകൾ മറിച്ചു നോക്കണം.
പഴയ, കാലഹരണപ്പെട്ട, ഫ്യൂഡൽ ആധിപത്യത്തെ തൂത്തെറിഞ്ഞുകൊണ്ട് പുതിയതായി ഉദയം ചെയ്ത ബൂർഷ്വാവർഗ്ഗം (അധികാരമേറ്റെടുത്ത-മുതലാളിത്തം) ഒരു പുരോഗമനശക്തി ആയിരുന്ന കാലത്താണ് ബൂർഷ്വാ ജനാധിപത്യം ജന്മമെടുത്തത്.- മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ഒരു രാഷ്ട്രീയ ഉപരിഘടന എന്ന നിലയിലാണ് ബൂർഷ്വാ ജനാധിപത്യം അല്ലെങ്കിൽ പാർലമെൻററി ജനാധിപത്യം ജന്മമെടുത്തത്. മുതലാളിമാർക്കിടയിൽ സ്വതന്ത്രമത്സരം പ്രോത്സാഹിപ്പിച്ചുകൊണ്ടാണത് പ്രവർത്തിച്ചുതുടങ്ങിയത്. അതിനാൽ അക്കാലത്ത് മുതലാളിവർഗ്ഗം തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ഉദാര തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. സേച്ഛാധിപത്യ ജന്മിത്വ വ്യവസ്ഥയിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ തത്വങ്ങളാണ് ബൂർഷ്വാ ജനാധിപത്യത്തിന്റെ സ്രഷ്ടാക്കൾ ആവിഷ്‌ക്കരിച്ചത്. മൂന്നുതൂണുകളിലാണ് ബൂർഷ്വാ ജനാധിപത്യം നിലകൊണ്ടത.് അല്ലെങ്കിൽ, മൂന്ന് വിഭാഗങ്ങളാണ് അതിലുണ്ടായിരുന്നത് -നിയമനിർമാണവിഭാഗം (നിയമനിർമാണാധികാരത്തോടെ തിരഞ്ഞെടുക്കപ്പെടുന്നവർ), ഭരണ നിർവ്വഹണവിഭാഗം (നിയമവാഴ്ച നടപ്പിലാക്കാനും നിരീക്ഷിക്കാനും ഉറപ്പുവരുത്താനും ചുമതലപ്പെട്ട പോലീസ്-സൈനിക-ഉദ്യോഗസ്ഥ-മന്ത്രിമാർ), നീതിന്യായവിഭാഗം(ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നിയമത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട,് നിയമ തർക്കങ്ങൾക്ക് ശരിയായ പരിഹാരം ഉണ്ടാക്കുകയും നിയമത്തെ വ്യാഖ്യാനിക്കുകയും ചെയ്യുക). ഈ ജനാധിപത്യം തന്നെ ഏകാധിപത്യത്തിലേയ്ക്ക് വഴുതി പോകാതിരിക്കാനും ഭരണകൂടത്തിന്റെ ഏതെങ്കിലുമൊരു വിഭാഗത്തിലേയ്ക്ക് മാത്രമായി അധികാരം കേന്ദ്രീകരിക്കപ്പെടാതിരിക്കാനും അവയുടെ പ്രവർത്തനത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാകാതിരിക്കാനും പരസ്പരം പ്രവർത്തനമേഖലകളിൽ കൈകടത്താതിരിക്കാനുമായി ബൂർഷ്വാവർഗ്ഗംതന്നെ ‘അധികാര വിഭജനം’ എന്ന ആശയം രൂപവൽക്കരിച്ചു. ഈ സിദ്ധാന്തം, ഓരോ വിഭാഗത്തിന്റെയും പ്രത്യേക ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതോടൊപ്പം അവയുടെ സാപേക്ഷിക സ്വാതന്ത്ര്യം ഉറപ്പുവരുത്താനും, അധികാര വിഭജനത്തിന്റെ തടസ്സമില്ലാത്ത പ്രവർത്തനത്തിനുള്ള സഹചര്യം നിലനിർത്താനുമുള്ള മാർഗ്ഗരേഖകളും രൂപപ്പെടുത്തിയിട്ടുണ്ട്. ബൂർഷ്വാവർഗ്ഗം പ്രക്ഷോഭണങ്ങൾക്കുള്ള ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുക മാത്രമല്ല, തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പാർലമെന്റിനു പുറത്തുനടത്തുവാനുള്ള ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തുകയും ചെയ്തു. ജനങ്ങൾക്ക് അവരുടെ ലക്ഷ്യത്തിനുവേണ്ടി പ്രചാരണം സംഘടിപ്പിക്കുവാനും പ്രക്ഷോഭം നടത്താനും അവകാശമുണ്ടെന്ന നിലയിലുള്ള ചിന്തകളും ചർച്ചകളുംവരെ നടന്നിരുന്നു. ജനങ്ങളുടെ അഭിപ്രായങ്ങളും തെരുവിലുള്ള ജനങ്ങളുടെ പാർലമെന്റേതര സമരങ്ങളും നിർണായകമായാണ് പരിഗണിച്ചുപോന്നത.് കാരണം ഇവയാണ്: നിയമനിർമ്മാണസഭയ്ക്കും(അസംബ്ലി അല്ലെങ്കിൽ പാർലമെന്റ്) സർക്കാരിനും മേലുള്ള ജനകീയാധികാരം. എന്തൊക്കെയായാലും, ഇവയുടെ സാപേക്ഷികമായ സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെങ്കിലും, ബൂർഷ്വാ ഭരണയന്ത്രത്തിന്റെ മൂന്ന് വിഭാഗങ്ങൾ എന്ന നിലയിൽ ഇവ വർഗ്ഗാതീതമല്ല. ഭരിക്കപ്പെടുന്ന ചൂഷിതരായ ജനലക്ഷങ്ങളുടെ-തൊഴിലാളി-കർഷക-മധ്യവർഗത്തിന്റെ താല്പര്യങ്ങൾക്ക് എതിരാണെങ്കിൽ പോലും ആത്യന്തികമായി ബൂർഷ്വാ വർഗ്ഗ താല്പര്യം സംരക്ഷിക്കാനുള്ളതാണത്. ജുഡീഷ്യറിയിൽ അർപ്പിതമായ ഉത്തരവാദിത്തം, മുകളിൽ സൂചിപ്പിച്ചതുപോലെ, നിയമ നിർമാണസഭ രൂപംനൽകുന്ന, ഉദ്യോഗസ്ഥർ നടപ്പിലാക്കുന്ന നിയമം ഭരണഘടനയ്ക്ക് നിരക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ്; ഇതിനെ ജുഡീഷ്യൽ റിവ്യൂ എന്നാണ് പറയുന്നത്. എങ്ങനെയായാലും നിയമനിർമ്മാണസഭയുടെ മേധാവിത്വം അംഗീകരിച്ചുകൊണ്ടുള്ള പരിമിതമായ തലത്തിൽ നിന്നുമാത്രമേ ഈ റിവ്യൂ നടത്താവൂ. എന്നിരിക്കിലും, ഒരു സാമൂഹികശക്തി എന്ന നിലയിലുള്ള തങ്ങളുടെ ആവിർഭാവകാലത്തുതന്നെ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പരിഗണിക്കുമ്പോൾ ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് പരമപ്രാധാന്യം നൽകേണ്ടതാണ് എന്ന നിലപാടാണ് എടുത്തത്. ഈ മൂന്നുവിഭാഗങ്ങളിൽ നിയമനിർമാണസഭ മാത്രമാണ് ജനങ്ങൾ പാർലമെൻററി ജനാധിപത്യത്തിലുള്ള തെരഞ്ഞെടുപ്പിലൂടെ നേരിട്ട് രൂപീകരിക്കുന്നത.് അതിനാൽ പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏവരും ആത്യന്തികമായി ജനകീയ അഭിപ്രായങ്ങളുടെ വിജയത്തിൽ (ശക്തവും യോജിച്ചതും നിർഭയവും) വിശ്വസിക്കുന്നു. ജനങ്ങളാണ് രാജ്യത്തെ നയിക്കേണ്ടതെങ്കിൽ, ജനങ്ങളുടെ ഇച്ഛ പൊതുജനാഭിപ്രായത്തിലൂടെയും പാർലമെന്റേതര പ്രക്ഷോഭത്തിന്റെ ഡിമാന്റിലൂടെയും മാത്രമേ പ്രകടമാകൂ. നിയമസഭ അല്ലെങ്കിൽ പാർലമെന്റ് പരമാധികാര സഭയായാണ് പരിഗണിക്കുന്നത്. പക്ഷേ, പാർലമെന്റിന്റെ പരമാധികാരം ജനങ്ങളുടെ പരമാധികാരത്തെ ആശ്രയിച്ചിരിക്കുന്നു.
മുതലാളിത്തം സുപ്രധാന ജനാധിപത്യ തത്വങ്ങൾപോലും ചവിട്ടിയരയ്ക്കുന്നു
ബൂർഷ്വാ പാർലമെൻററി ജനാധിപത്യത്തിന്റെ സുവർണകാലം പക്ഷേ, ഹ്രസ്വമായിരുന്നു. കുത്തകകളുടെ കടന്നുവരവോടെ സ്വതന്ത്രമത്സരത്തിന്റെ കാലം അവസാനിച്ച പ്പോൾ അത് മങ്ങിത്തുടങ്ങി. ഇപ്പോൾ മുതലാളിത്തം ജീർണ്ണവും മരണാസന്നവുമായ അവസ്ഥയിൽ, അത് ഈ വ്യവസ്ഥയുടെ സഹജമായ, അപരിഹാര്യമായ കമ്പോളപ്രതിസന്ധിയിൽ പെട്ടുഴലുമ്പോൾ, സുസ്ഥാപിതമായ ജനാധിപത്യ തത്വങ്ങളും കീഴ്‌വഴക്കങ്ങളും മൂല്യങ്ങളും ചട്ടങ്ങളും പ്രയോഗങ്ങളും പിന്തിരിപ്പൻ ബൂർഷ്വാസിയും അവരുടെ രാഷ്ട്രീയ കാര്യകർത്താക്കളും വർദ്ധിതവീര്യത്തോടെ കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കുകയാണ്. അതിനാൽ അസംതൃപ്തരായ ജനങ്ങൾക്ക് തങ്ങളുടെ രോഷം പ്രകടിപ്പിക്കുവാനും ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും ബൂർഷ്വാ ജനാധിപത്യസംവിധാനത്തിന്റെ ഏതെങ്കിലും വിഭാഗത്തെ ഉപയോഗിക്കാൻ കഴിയുന്നില്ല. നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനത്തിലും ചില കോടതി ഉത്തരവുകളിലും ഭരണത്തിൽ സർക്കാരും ഉദ്യോഗസ്ഥരും കാണിക്കുന്ന അതിക്രമത്തിലും കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ കാണിക്കുന്ന വിമുഖതയിലും വിയോജിപ്പുള്ളവരുണ്ട്. തങ്ങളുടെ വിയോജിപ്പിന്റെ ശബ്ദം പ്രകടിപ്പിക്കുന്ന പ്രമുഖരായ ന്യായാധിപന്മാരും നിയമജ്ഞരും ഭരണഘടനാവിദഗ്ധരും ജനാധിപത്യമനോഭാവമുള്ള ചിന്തകരും മാറിയ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കണം. സാമൂഹിക വികാസനിയമം മനസ്സിലാക്കാതെയിരുന്നാൽ, ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും അസ്വസ്ഥതയുണ്ടാക്കുന്ന വ്യതിചലനത്തെയും കുത്തക മുതലാളിത്തത്തിന്റെ ദാസന്മാരായ രാഷ്ട്രീയക്കാരെയും മനസ്സിലാക്കുവാൻ കഴിയില്ല.
നമ്മുടെ അസംതൃപ്തിയും രോഷവുമെല്ലാം നിരാശാജനകമായ പ്രസ്താവനകൾ നടത്തുന്നതിലേയ്ക്കും വ്യവസ്ഥിതിയെ പ്രവർത്തിപ്പിക്കുന്ന ചില വ്യക്തികളെ പഴിചാരുന്നതിലേയ്ക്കും ഒതുങ്ങിപ്പോകും. എന്നാൽ, എല്ലാ തിന്മകളുടെയും മൂലകാരണമായ വ്യവസ്ഥിതി ഒരു പോറൽ പോലും ഏൽക്കാതെ തുടരുകയും സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോൾ മുതലാളിത്ത വ്യവസ്ഥിതിയുടെ ജീർണതകൾക്കെതിരെ നമ്മൾ എത്ര രോഷം കൊണ്ടാലും ജനങ്ങൾക്ക് അതിന്റെ പിടിയിൽനിന്ന് മോചനം ഉണ്ടാകില്ല. ഇത്തരമൊരു അവസ്ഥയിൽ, ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ സംഘടിതവും ശക്തമായ പ്രക്ഷോഭം വളർന്നു വരണം. അതോടൊപ്പം, മുതലാളിത്തവ്യവസ്ഥ ചരിത്രപരമായി എങ്ങനെ കാലഹരണപ്പെട്ടിരിക്കുന്നുവെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥ യുടെ ഔന്നത്യം എന്താണെന്നും ശക്തമായ പ്രത്യയശാസ്ത്രസമരത്തിലൂടെ വെളിവാക്കണം. ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്‌നങ്ങളെ ചുറ്റിപ്പറ്റി ജനാധിപത്യ സമരങ്ങൾ ശക്തിപ്പെടുത്തുകയും വേണം. ജുഡീഷ്യറിയുടെ അപചയത്തിൽനിന്ന് തിരുത്തൽപ്രക്രിയ ആരംഭിക്കുക, വിയോജിക്കാനുള്ള അവകാശം അടക്കമുള്ള മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കുക, ജാതി, മതം, വംശം, ഭാഷ തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് അസമത്വവും വിവേചനവും ഊട്ടി വളർത്തി ജനങ്ങളുടെ ഐക്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ ഭരണസംവിധാനം ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ഡിമാന്റുകളും ഈ സമരവേദിയിൽ നിന്ന് ഉയർന്നുവരണം. ഒരുകാലത്ത് പാർലമെന്ററി ജനാധിപത്യത്തിന്റെ സന്തുലിതവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പുവരുത്താൻ അനിവാര്യമെന്ന് കരുതിയിരുന്നതാണ് ജനകീയ മുന്നേറ്റങ്ങളും ജനജാഗ്രതയും. ന്യായമായ ഡിമാൻഡുകൾ നേടിയെടുക്കാനും സമ്പന്നവർഗ്ഗത്തിന് തോന്നുംപടി ഭരണം വഴിതിരിച്ചുകൊണ്ടുപോകാതിരിക്കാനും അത് ആവശ്യമാണ.് ഇന്ന് ഭരണസംവിധാനത്തിന്റെ പ്രതികാരനടപടികൾ അവഗണിച്ചുകൊണ്ട് ജനങ്ങൾ തങ്ങളുടെ ന്യായമായ ഡിമാൻഡുകളുമായി തെരുവിൽ അണഞ്ഞുകൊണ്ടിരിക്കുന്നു എന്നതും രാജ്യത്തെ ബുദ്ധിജീവികൾ് കിട്ടുന്ന വേദികളിലെല്ലാം അവരുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നതും ആശാവഹമായ സംഗതിയാണ്. പ്രത്യേകിച്ചും, ഇന്ന് എൻആർസിക്കും സിഎഎയ്ക്കും എതിരെ രാജ്യമെമ്പാടും ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾ ജനാധിപത്യ സമരചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് പിറവി കുറിക്കുന്നു എന്നത് അങ്ങേയറ്റം പ്രതീക്ഷാനിർഭരമാണ്. സമരം ശക്തിപ്പെടുന്നതോടെ അധികാരികൾ അതിനെതിരായ നീക്കങ്ങളും ശക്തിപ്പെടുത്തും.’സമരം ചെയ്യുന്നവർ പൊതുസ്ഥലത്ത് കുഴപ്പം ഉണ്ടാക്കുന്നു’,’ക്രമസമാധാനം തകർക്കുന്നു’, ‘ദേശവിരുദ്ധ ശക്തികളുടെ കരുക്കളായി പ്രവർത്തിക്കുന്നു’ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അലയടിച്ചുയരുന്ന ജനകീയ മുന്നേറ്റത്തെ അപമാനിക്കാൻ അവർ തകൃതിയായി ശ്രമിക്കുന്നുണ്ട.് അതോടൊപ്പംതന്നെ, ആനുകൂല്യങ്ങൾ നൽകിയും മറ്റും ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കാനും ആഗ്രഹിക്കുന്ന വിധത്തിൽ കോടതിവിധികൾ തരപ്പെടുത്താനും ശ്രമമുണ്ട.് ഇവിടെ അപകടം പതിയിരിക്കുന്നു. ജനാധിപത്യത്തെ കുരിശിലേറ്റാനും ഫാസിസ്റ്റ് ഏകാധിപത്യഭരണം അടിച്ചേൽപ്പിക്കാനുമുള്ള പദ്ധതികൾക്കെതിരെയും നമ്മൾ ജാഗ്രത പാലിക്കണം.