ബിപിസിഎൽ(BPCL) സ്വകാര്യവൽക്കരിക്കാനുള്ള മോദി ഗവൺമെന്റിന്റെ തീരുമാനം പിൻവലിക്കുക: എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവന

Share

പ്രവർത്തനമികവിന്റെയും ലാഭത്തിന്റെയുമടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് മഹാരത്‌ന കമ്പനിയെന്ന് റേറ്റ് ചെയ്തിട്ടുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യ വൽക്കരിക്കാൻ മോദി ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ 25 ശതമാനവും ഈ കമ്പനിയാണ് ഉല്പാദിപ്പിക്കുന്നത്. നാല് റിഫൈനറികളും പ്രധാന സ്ഥലങ്ങളിലായി 6,000 ഏക്കർ ഭൂമിയും 14,802 പെട്രോൾ പമ്പുകളും 5,907 പാചകവാതക വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളും ബിപിസിഎല്ലിനുണ്ട്. 8 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയുള്ള ഈ കമ്പനി 56,000 കോടി രൂപയെന്ന തുച്ഛമായ വിലയ്ക്കാണ് സ്വദേശത്തോ വിദേശത്തോ ഉള്ള കുത്തകകൾക്ക് വില്ക്കാൻ പോകുന്നത്. ഒരു ലക്ഷത്തിലേറെ ആളുകൾ ഉപജീവനത്തിനായി ഈ കമ്പനിയെ ആശ്രയിക്കുന്നുണ്ട്. പെട്രോളിയം വ്യാപാരം കുത്തകകളുടെ കൈയിലായാൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില മാത്രമല്ല അവശ്യസാധന വിലകളും കുതിച്ചുയരും.

രാജ്യത്തെ ജനങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ ആർജ്ജിച്ചെടുത്ത സമ്പത്ത് പട്ടാപ്പകൽ കൊള്ളയടിക്കാനുള്ള മോദി ഗവണ്മെന്റിന്റെ ഈ നീക്കം ജനഹിതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്. അതുകൊണ്ട് ഇതിൽനിന്ന് പിന്തിരിയണമെന്ന് ഞങ്ങൾ കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു. ഈ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവല്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയാൻ സർക്കാരിനെ നിർബന്ധിതമാക്കുന്ന തരത്തിൽ അതിശക്തമായ ജനകീയ പ്രക്ഷോഭം പടുത്തുയർത്താനായി മുന്നോട്ടുവരാൻ നേരായി ചിന്തിക്കുന്ന ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top