വൈദ്യുതി മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് ഇടവരുത്തുന്ന വൈദ്യുതി(ഭേദഗതി) ബിൽ 2021 പിൻവലിക്കുക. തൊഴിലാളികൾ പ്രക്ഷോഭത്തിൽ

TU-TVM.jpeg
Share

രാജ്യത്തെ വൈദ്യുതി വിതരണമേഖലയും സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്ന തിരക്കിലാണ് ബിജെപിയുടെ കേന്ദ്രസർക്കാർ. ഇതിനുവേണ്ടി തയ്യാറാക്കിയ വൈദ്യുതി (ഭേദഗതി) ബിൽ 2021 നടപ്പ് പാർലമെന്റ് സെഷനിൽ പാസ്സാക്കിയെടുക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ ഊർജ്ജരംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഫെഡറേഷനുകൾ ചേർന്ന് രൂപം കൊടുത്ത് 2000 മുതൽ പ്രവർത്തിച്ചുവരുന്ന നേഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്‌സ് (NCCOEEE) ന്റെ നേതൃത്വത്തില്‍ ഇതിനെതിരെ തൊഴിലാളികള്‍ ദേശവ്യാപകമായി പ്രക്ഷോഭത്തിലാണ്.

1991ൽ രാജ്യത്ത് ആരംഭിച്ച ആഗോളവൽക്കരണ-ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനും തുടക്കമിടുന്നത്. വാജ്‌പേയുടെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന എൻഡിഎ സർക്കാർ 2000ൽ വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തെ പുതിയ തലത്തിലേക്കുയർത്തി ശക്തിപ്പെടുത്തി. ഊർജ്ജ മേഖലയുടെ സ്വകാര്യവൽക്കരണത്തിനുള്ള സമഗ്ര പദ്ധതിയായി വൈദ്യുതി ബിൽ-2000 കൊണ്ടുവന്നു. ഇതിനെതിരെ വൈദ്യതി മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെയും എഞ്ചിനീയർമാരുടെയും വിശാലമായ പൊതുവേദി രൂപീകരിച്ചുകൊണ്ട് പ്രക്ഷോഭണങ്ങളും നടന്നു.
എന്നാൽ, ചില വ്യത്യാസങ്ങൾ വരുത്തിക്കൊണ്ട് ആ ബിൽ 2003ൽ കേന്ദ്ര സർക്കാർ പാസ്സാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോർഡുകൾ ഇല്ലാതാക്കുകയും, പൊതുമേഖലാ കമ്പനികൾ തൽസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല, വൈദ്യുതി ഉല്പാദന രംഗത്ത് അനേകം സ്വകാര്യ ഉല്പാദന നിലയങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇത്തരം ഉല്പാദന നിലയങ്ങൾ സ്ഥാപിക്കുവാൻ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ കമ്പനികൾക്ക് വൻതുക വായ്പയായി നൽകിയിരുന്നു. ഈ സ്വകാര്യ നിലയങ്ങളിൽനിന്നെല്ലാം ഉല്പാദിപ്പിച്ച വൈദ്യുതിക്ക് ആവശ്യമായ മാർക്കറ്റ് ഇല്ലാതാകുകയും, ഏതാണ്ട് 50,000 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങൾ അടച്ചുപൂട്ടുകയുമുണ്ടായി. സ്വകാര്യ കമ്പനികൾ വായ്പയെടുത്ത 75,000 കോടിയോളം രൂപ പൊതുമേഖലാ ബാങ്കുകളിൽ കിട്ടാക്കടമായി (NPA) കിടക്കുകയാണ്!
ഇപ്രകാരം, വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിച്ചതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഒറീസ്സയിലും ഇരുപതോളം നഗരങ്ങളിലും വിതരണരംഗത്ത് സ്വകാര്യവൽക്കരണം നടത്തിയതിന്റെ തിക്താനുഭവം നിലനിൽക്കെയാണ്, രാജ്യമൊട്ടാകെയുള്ള വിതരണമേഖല സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ ഒരുമ്പെടുന്നത്. വിതരണമേഖല സ്വകാര്യവൽക്കരിച്ച ഒറീസ്സയിൽ ജനങ്ങൾ വൈദ്യുതി കിട്ടാതെയും ഉയർന്ന താരീഫ് നൽകിയും ഗതികെട്ട അവസ്ഥയിലെത്തുകയുണ്ടായി. പ്രത്യേകിച്ച്, പ്രളയകാലത്ത് തകർന്ന ലൈനുകൾ പുനഃസ്ഥാപിക്കാൻ തയ്യാറാകാതെ സ്വകാര്യ കമ്പനികൾ രംഗം വിട്ടൊഴിഞ്ഞപ്പോൾ മാസങ്ങളോളം വൈദ്യുതി ലഭിക്കാതെ ജനങ്ങൾ കഷ്ടപ്പെട്ടു. സ്വകാര്യവൽക്കരണം നടപ്പാക്കിയ നഗരങ്ങളിലെ ഫ്രാഞ്ചൈസി സമ്പ്രദായവും തികഞ്ഞ പരാജയമായിരുന്നു.
2014ൽ അധികാരത്തിൽ വന്ന ഒന്നാം മോദി സർക്കാർ ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ 2014 ലോകസഭയിൽ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ, പാർലമെന്റിനകത്തും പുറത്തുമുള്ള കടുത്ത എതിർപ്പ് കാരണം അത് പാസ്സാക്കാൻ കഴിഞ്ഞില്ല. കോർപ്പറേറ്റുകളുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദത്തിനു വഴങ്ങി 2018 ലും 2020 ലും ഇതിനുള്ള പരിശ്രമം സർക്കാർ തുടർന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിക്കുന്ന വൈദ്യുതി (ഭേദഗതി) ബിൽ-2021. ഈ ബിൽ പാസ്സാക്കുന്നതിലുള്ള ആഹ്ലാദത്തിമർപ്പിലാണ് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (CII) പവ്വർ സെക്ടർ ഭീമൻമാരുമെല്ലാം.
ഈ ബിൽ നിയമമായിക്കഴിഞ്ഞാൽ ജനങ്ങൾക്കുണ്ടാകുന്ന വലിയ നേട്ടമായി സർക്കാർ പ്രചരിപ്പിക്കുന്നത്, രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അവർക്കിഷ്ടമുള്ള വിതരണകമ്പനികളെ തെരഞ്ഞടുക്കുവാൻ അവസരം ലഭിക്കുന്നുവെന്നതാണ്. ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനുകളിൽ നിയമപരിജ്ഞാനമുള്ള അംഗത്തെ നിയമിക്കണം എന്നത് നിർബ്ബന്ധമാക്കും, ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന കേസ്സുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് അപ്പലറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി (APTEL) ശക്തമാക്കും, പാരീസ്സ് ഉടമ്പടി പോലുള്ള അന്താരാഷ്ട്ര നിബന്ധനകൾ പാലിക്കുന്നതിന് ആവർത്തനാർഹമായ ഊർജ്ജം വാങ്ങേണ്ടുന്ന ബാദ്ധ്യത (Renewable Purchase Obligation) വ്യവസ്ഥ ചെയ്യും തുടങ്ങിയ ലക്ഷ്യങ്ങളും ഈ നിയമത്തിന്റെ പ്രത്യേകതകളായി പറയുന്നുണ്ട്.
വൈദ്യുതി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണ കമ്പനികളെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്നുള്ള മോഹിപ്പിക്കുന്ന മേന്മ യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കണം. ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനത്തെ പൊളിച്ചടുക്കാൻ സർക്കാർ മുന്നോട്ട് വച്ചത് ഇതേ തന്ത്രമായിരുന്നു. ഉപഭോക്താക്കൾക്ക് റിലയൻസിനെ തെരഞ്ഞെടുക്കുവാൻ അവസരമുണ്ടാക്കുകയായിരുന്നു. ഓഫറുകളുടെ മോഹവലയത്തിലേക്ക് രാജ്യത്തെ വലിയ വിഭാഗം ഉപഭോക്താക്കളും വീണുകഴിഞ്ഞപ്പോൾ, ബിഎസ്എൻഎൽ പോലുള്ള ഒരു പൊതുമേഖലാ സ്ഥാപനം നിലനില്പിനായി കിതയ്ക്കുന്നത് നമ്മൾ കാണുന്നു. റിലയൻസിന്റെ യഥാർത്ഥമുഖം മറനീക്കി പുറത്തുവരികയും ചെയ്തിരിക്കുന്നു. ഇതുതന്നെയാണ് വൈദ്യുതി വിതരണരംഗത്തും സംഭവിക്കുക.
വൈദ്യുതി വിതരണ രംഗത്തെത്തുന്ന സ്വകാര്യ കമ്പനികൾ വിതരണത്തിന് ആവശ്യമായ ലൈനുകളോ ഭൂഗർഭ കേബിളുകളോ സ്ഥാപിക്കേണ്ടതില്ലെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. പുതിയ ട്രാൻസ്‌ഫോമറുകളോ വിതരണ ശൃംഖലയ്ക്ക് ആവശ്യമായ മറ്റ് സാങ്കേതിക ഉപകരണങ്ങളോ സ്ഥാപിക്കേണ്ടതില്ല. ലൈനുകൾ ഉൾപ്പെടെ ഉള്ളവയുടെ പരിപാലനവും അവർ നടത്തേണ്ടതില്ല. നിലവിലുള്ള പൊതുമേഖലാ കമ്പനികൾ (State Discoms) സ്ഥാപിച്ചതും പരിപാലിച്ചു വരുന്നതുമായ ലൈനുകളും കേമ്പിളുകളും ഉൽപ്പെടെ വിതരണ ശൃംഖല ആകെയും വിതരണ രംഗത്തേക്ക് വരുന്ന എല്ലാ സ്വകാര്യ കമ്പനികൾക്കും ഉപയോഗിക്കാൻ കഴിയും. നിലവിലുള്ള ഡിസ്‌കോമുകളുടെ കൈവശമുള്ള വൈദ്യുതിയും ഇത്തരം പ്രൈവറ്റ് കമ്പനികൾ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് പങ്കുവച്ച് നൽകുകയും വേണം. ചുരുക്കത്തിൽ, വൈദ്യുതി വിതരണരംഗത്തേക്ക് വരുന്ന സ്വകാര്യകമ്പനികൾ ബില്ലിംഗിനാവശ്യമുള്ള ഓഫീസ്സും സാമഗ്രികളും ജീവനക്കാരെയും മാത്രം തയ്യാറാക്കിയാൽ മതിയാകും. വല്ല കാരണവശാലും കുറച്ചു കാലം നടത്തിയിട്ട് വിചാരിച്ച തരത്തിൽ ലാഭം ലഭിക്കുന്നില്ലെങ്കിൽ അവർക്ക് കച്ചവടം മതിയാക്കി പോകാനും കഴിയും. ഇതിന്റെയൊക്കെ ഫലം വിതരണ മേഖലയിൽ തികഞ്ഞ അരാജകത്വമായിരിക്കും.
ഉപഭോക്താവിന് ഇഷ്ടമുള്ള വിതരണകമ്പനിയെ തെരഞ്ഞെടുക്കാമെന്നും, ഗുണമേന്മയും തടസ്സവുമില്ലാത്ത വൈദ്യുതി ലഭ്യമാക്കുമെന്നും പറയുന്നത് ജനങ്ങളെ കമ്പളിപ്പിക്കാൻ വേണ്ടിയാണ്. നിലവിലുള്ള പൊതുമേഖലാ കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ കൈവശമുള്ള വൈദ്യുതിയും ഉപയോഗിച്ചുകൊണ്ട് വെറും ബില്ല് മുറിച്ച് നൽകിക്കൊണ്ട് മാത്രം ഇതൊന്നും സാദ്ധ്യമല്ലെന്ന് ആർക്കും മനസ്സിലാകുന്നതേയുള്ളൂ.
സ്വകാര്യകമ്പനികൾ ലക്ഷ്യം വെക്കുന്നത് പാവപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും ഇടത്തരം-ചെറുകിട വ്യവസായ സംരംഭകർക്കും വൈദ്യുതി നൽകുക എന്നതല്ല. മറിച്ച്, നഗരങ്ങളിലെ മേലേകിട ഉപഭോക്താക്കളെയും വൻകിട വ്യവസായ-വാണിജ്യ സ്ഥാപനങ്ങളെയും തങ്ങളുടെ ഉപഭോക്താക്കളാക്കി വലവീശിപ്പിടിക്കുക എന്നതാണ്.
സ്വാഭാവികമായും ഇത്തരം വൻകിട ഉപഭോക്താക്കൾ ഇന്നുള്ള പൊതുമേഖലാ കമ്പനികളെ ഒഴിവാക്കി സ്വകാര്യ കമ്പനികളുടെ ഉപഭോക്താക്കളാകുന്നതോടെ പൊതുമേഖലാ കമ്പനികളുടെ പ്രധാനപ്പെട്ട വരുമാനം ഇടിയുകയും അവയുടെ നിലനില്പ് തന്നെ ഭീഷണിയിലാകുകയും ചെയ്യും. മാത്രമല്ല, ഇന്ന് നിലനില്ക്കുന്ന ക്രോസ്സ് സബ്‌സിഡി (മേലേകിട ഉപഭോക്താക്കളിൽനിന്നും കൂടിയ താരീഫ് ഇനത്തിൽ ലഭിക്കുന്ന തുക, താഴേകിട പാവപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും ചെറുകിട വ്യവസായ സംരംഭകർക്കും കുറഞ്ഞ താരിഫ് നിശ്ചയിച്ചുകൊണ്ട് സബ്‌സിഡിയായി നൽകുന്ന രീതി) തുടരാൻ നിവൃത്തിയില്ലാതാകും. ക്രോസ്സ് സബ്‌സിഡി നിർത്തലാക്കി പകരം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) നടപ്പാക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പാചക വാതക സബ്‌സിഡി നിർത്തലാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഡിബിടി കൊണ്ടുവന്നതിന് പിന്നിലെ വഞ്ചന ജനങ്ങൾക്ക് നന്നായി അറിയാം. വൈദ്യുതിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുമെന്ന് ഉറപ്പാണ്.
ഇപ്പോഴും നമ്മുടെ രാജ്യത്ത് 25 ദശലക്ഷം വീടുകളെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതായി ഉണ്ട്. ഗ്രാമീണ- ആദിവാസി മേഖലകളിൽ വൈദ്യുതി എത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാ കമ്പനികൾക്ക് ഇനിമുതൽ അതിന് കഴിയാതെ വരും. സ്വകാര്യ കമ്പനികളുടെ വരവോടെ സംസ്ഥാന പൊതുമേഖലാ കമ്പനികൾ പാപ്പരാകുകയും, ക്രോസ്സ് സബ്‌സിഡി ഇല്ലാതാകുകയും, ഗ്രാമീണരും കർഷകരും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരികയും, ചെറുകിട-ഇടത്തരം സംരംഭങ്ങൾ വ്യാപകമായി അടച്ചുപൂട്ടപ്പെടുകയും ചെയ്യും. ഇതോടെ തൊഴിലില്ലായ്മ പതിന്മടങ്ങാകുമെന്ന് ഉറപ്പാണ്.
ഇലക്ട്രിസിറ്റി ആക്ട് 2003 ഉല്പാദനരംഗത്ത് ഡി-ലൈസൻസിംഗ് കൊണ്ടുവന്നതുപോലെ, വൈദ്യുതി (ഭേദഗതി) ബിൽ 2021 വിതരണരംഗത്ത് ഡി-ലൈസൻസിംഗ് നടപ്പാക്കി സ്വകാര്യവൽക്കരണം സമ്പൂർണ്ണമാക്കാനാണ് മോദി സർക്കാറിന്റെ ലക്ഷ്യം. താങ്ങാവുന്ന നിരക്കിൽ വൈദ്യുതി എല്ലാവർക്കും നൽകുകയെന്ന രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ഇതിലൂടെ അട്ടിമറിക്കപ്പെടും. ദൂരവ്യാപകമായ ഭവിഷ്യത്താണ് ഈ ബില്ല് സൃഷ്ടിക്കുക. മനുഷ്യശരീരത്തിലെ രക്തധമനികൾപോലെ പ്രധാന്യമുള്ളതാണ് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി. അത് ജനങ്ങൾക്ക് അപ്രാപ്യമാക്കും വിധമുള്ള ഈ നിയമം രാജ്യത്തെ എല്ലാ നിലയിലും പിറകോട്ടടിക്കും.
2020 ഏപ്രിൽ 7ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ 2020 മുന്നോട്ട് വച്ചു. 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിൽ ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുക യുണ്ടായി. എന്നാൽ ഇതൊന്നും പരിഗണിക്കാതെ 2021 ഫിബ്രവരി 5ന് പുതിയ കരട് (ഭേദഗതി) നിയമം പ്രസിദ്ധീകരിച്ചു. പാർലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിടാനുള്ള ജനാധിപത്യമര്യാദപോലും സർക്കാർ പാലിച്ചില്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യാധികാരമുള്ള കൺകറൺന്റ് ലിസ്റ്റിൽ പെട്ടതാണ് വൈദ്യതി. എന്നാൽ ഈ ബില്ലിലൂടെ കേന്ദ്ര സർക്കാർ വൈദ്യുതിയുടെ മേലുള്ള പൂർണ്ണാധികാരം കൈക്കലാക്കിക്കൊണ്ട്, രാജ്യത്തിന്റെ ഫെഡറലിസംതന്നെ തകർക്കുകയാണ്.
ഇന്ത്യയിലെ വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്ന 15 ലക്ഷം ജീനക്കാരും എഞ്ചിനീയർമാരും ഈ ബില്ലിനെതിരെ ഒറ്റക്കെട്ടായി സമരത്തിലാണ്. 8 മാസം പിന്നിട്ട ഡൽഹിയിലെ ഐതിഹാസികമായ കർഷക സമരം, ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, വൈദ്യുതി (ഭേദഗതി) ബിൽ 2021 പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഈ ബിൽ രാജ്യത്തെ കർഷകരെ മാരകമായി ബാധിക്കുമെന്ന് കർഷകർക്ക് നന്നായി അറിയാം. രാജ്യത്തെ വൈദ്യുതി വിതരണരംഗം പൊതുമേഖലയിൽ നിലനിർത്താനുള്ള പോരാട്ടത്തിൽ, വൈദ്യുതി മേഖലയിലെ ജീവനക്കാർ മാത്രമല്ല, എല്ലാ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളും ബഹുജനങ്ങളും അണിനിരക്കേണ്ടതുണ്ട്.

Share this post

scroll to top