കോവിഡ് റിസ്‌ക് അലവൻസ് ആശമാർക്കും നൽകുക: ആശാവർക്കർമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം

WhatsApp-Image-2021-08-10-at-8.25.03-AM.jpeg
Share

ആശാ വർക്കർമാരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക, സുപ്രീം കോടതിയും ഐഎൽസി യും നിർദ്ദേശിച്ച മിനിമം വേതനമായ 21,000 രൂപ പ്രതിമാസം നൽകുക, കോവിഡ് റിസ്‌ക് അലവൻസ് 15,000 രൂപ പ്രതിമാസം നൽകുക, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നൽകുക, വാക്‌സിൻ ഡ്യൂട്ടിക്ക് ആശമാർക്കും അലവൻസ് അനുവദിക്കുക, വാക്‌സിനേഷനിലെ അനാവശ്യ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ഡിമാന്റുകൾ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ (KAHWA) നേതൃത്വത്തിൽ നിരന്തരമായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു പരിഗണനയും നൽകുവാൻ സർക്കാർ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് ആശമാർ ഒപ്പിട്ട ഭീമ ഹർജി സമർപ്പിച്ചിട്ടും സർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്നതിൽ ആശാ വർക്കർമാർ കടുത്ത പ്രതിഷേധത്തിലാണ്.
കഴിഞ്ഞ 14 വർഷമായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാർ ആരോഗ്യ സംവിധാനത്തിന്റെ അവിഭാജ്യഘടകമാണ്. ആരോഗ്യ സംവിധാനത്തിന്റെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന ആശാ പ്രർത്തകരിലൂടെയാണ് കൃത്യമായ സ്ഥിതിവിവര കണക്കുകൾ ലഭിക്കുന്നത്. കോവിഡ് കാലം ആശാ പ്രവർത്തകരുടെ പ്രവർത്തന മികവ് തെളിയിച്ച കാലഘട്ടമാണ്. ആ വസ്തുത അധികാരികൾ അംഗീകരിക്കുകയും പ്രശംസിക്കു കയും ചെയ്യുന്നുണ്ട്. എന്നാൽ ആശാ വർക്കർ മാർക്ക് ലഭിക്കുന്ന വേതനം വളരെ തുച്ഛമാണ്. അതാകട്ടെ മാസങ്ങൾ കുടിശ്ശികയും. ഓരോ തവണയും സമരം ചെയ്താലേ അത് ലഭിക്കുകയുള്ളൂ എന്നതാണ് നിലവിലെ അവസ്ഥ. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ (KAHWA) നേതൃത്വത്തിൽ ഈ അവഗണനക്കെതിരെ ആശാ വർക്കർമാർ നിരന്തര സമരത്തിലാണ്.
കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം കഴിഞ്ഞ ഒന്നര വർഷമായി കോവിഡിനെ പ്രതിരോധിക്കുവാനുള്ള പ്രയത്‌നങ്ങളിൽ എല്ലാം മറന്നുകൊണ്ടുള്ള ജോലിയാണ് ആശാ വർക്കർമാർ നടത്തുന്നത്. കൃത്യമായ ജോലി സമയമോ മതിയായ സുരക്ഷാസംവിധാനങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിലും കോവിഡ് രോഗികളുടെയും ക്വാറൻറീനിൽ കഴിയുന്നവരുടെയും ഭവന സന്ദർശനം മുതൽ ആശുപത്രി ജോലികൾവരെ ചെയ്തുവരുന്നു.’ പകൽ ഫീൽഡ് പ്രവർത്തനവും ആശുപത്രി ഡ്യൂട്ടിയും കഴിഞ്ഞാൽ സമയക്രമമില്ലാതെ ഫോണിലൂടെ പരിഹാര നിർദ്ദേശവും നൽകണം. അമിതജോലിഭാരംമൂലം നല്ലൊരു ശതമാനം ആശാ വർക്കർമാർക്കും പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടയിൽ ധാരാളം ആശമാരും കോവിഡ് രോഗികളായി. ചിലർ മരണമടഞ്ഞു. കുടുംബാംഗങ്ങളും അവരിലൂടെ രോഗികളായി. എന്നാൽ എൻഎച്ച്എം കീഴിലുള്ള മറ്റെലാ ജോലിക്കാർക്കും കോവിഡ് റിസ്‌ക് അലവൻസ് നൽകുമ്പോൾ ആശാ വർക്കർമാരെ മാത്രം നിർദ്ദാക്ഷിണ്യം അവഗണിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചപ്പോൾത്തന്നെ നമ്മുടെ സംഘാടന കോവിഡ് റിസ്‌ക് അലവൻസ് 15,000 രൂപ ആവശ്യപ്പെട്ടുകൊണ്ട് നിരവധി സമര പരിപാടികൾ നടത്തിയെങ്കിലും അത് പരിഗണിക്കുവാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് പുതുതായി ഉദയം ചെയ്തിരിക്കുന്നത്. വാക്‌സിനേഷൻ എടുക്കേണ്ടവരുടെ ലിസ്റ്റ് ഫീൽഡ് പ്രവർത്തനത്തിലൂടെ മുൻഗണന ക്രമത്തിൽ ആശാ വർക്കർമാർ തയ്യാറാക്കി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ വളരെ സുഗമമായി നടന്നിരുന്ന സംവിധാനത്തെ രാഷ്ട്രീയ ഇടപെടലുകളിലൂടെ തകിടം മറിച്ചിരിക്കുകയാണിപ്പോൾ. ഇത് ജനങ്ങളിൽ പ്രതിഷേധത്തിനി ടയാക്കി. ആശാ വർക്കർമാരെ വളരെയധികം മാനസിക സമ്മർദ്ദത്തിലുമെത്തിച്ചിരിക്കുന്നു.സംസ്ഥാനത്തൊട്ടാകെ ആരോഗ്യ പ്രവർത്തകർ ഡോക്ടർമാരടക്കം മർദ്ദനത്തിന് ഇരകളാകുന്നു. വാക്‌സിനേഷൻ ഡ്യൂട്ടിക്ക് രാഷ്ട്രീയ വോളന്റിയർമാർക്ക് 300 രൂപ അലവൻസ് നൽകുമ്പോൾ അതിൽനിന്നും ആശമാരെ ഒഴിവാക്കിയിരിക്കുന്നു.
ദിവസംപ്രതി പുതിയ പുതിയ ജോലികൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ആശാ വർക്കർമാർ സമരസന്നദ്ധരായിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ജില്ലാ അടിസ്ഥാനത്തിൽ കളക്ട്രേറ്റ് ധർണ്ണയും ഡിഎംഓ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണയും നടത്തി അധികാരികൾക്ക് നിവേദനവും നൽകിക്കൊണ്ടിരിക്കുകയാണ്.
തിരുവനനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൺവീനർ എസ്. മിനി അദ്ധ്യക്ഷത വഹിച്ചു. എഐയുറ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ.കുമാർ, ജയശ്രീ, ഝാൻസി റാണി, ജെയിൻ റോസ്, ഗീത, ബിന്ദു, ഓമന എന്നിവർ പ്രസംഗിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ജില്ലാതലത്തിൽ സമരപരിപാടികൾ നടന്നു. തുടർ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും പരിപാടികള്‍ നടക്കും. കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ആശാ വർക്കർമാർ ഉന്നയിച്ചിരിക്കുന്ന ന്യായമായ ഡിമാൻറുകൾ അനുഭാവപൂർവ്വം പരിഗണിക്കുവാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമര പരിപാടികളുമായി ശക്തമായി മുന്നോട്ട് പോകനാണ് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

Share this post

scroll to top