ഉദ്യോഗാർത്ഥികളെ നിരന്തരം വഞ്ചിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ യുവജന രോഷം ഉയരണം.

DYO-TVM.jpeg
Share

സെക്രട്ടേറിയറ്റിന് മുന്നിലെ സമരവഴികളിൽ ഉദ്യോഗാർത്ഥികളുടെ കണ്ണുനീർ വീണ്ടും വീഴുന്നു. വലിയ പ്രതീക്ഷകളോടെ അധികാരസമക്ഷമെത്തിയ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് മുഖം പൊത്തിക്കരഞ്ഞു കൊണ്ടാണ് തലസ്ഥാന നഗരിയിൽനിന്നും മടങ്ങിയത്.

ആഗസ്റ്റ് 4ന് അവസാനിക്കുന്ന റാങ്ക് പട്ടിക നീട്ടിക്കൊണ്ട്, നിയമനം നടത്തണമെന്ന ആവശ്യവുമായാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിത സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലുള്ളവർ സമരത്തിനെത്തിയത്. എന്നാൽ, ആഗസ്റ്റ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ, കാലാവധി അവസാനിക്കുന്ന 493 ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല എന്ന് തികഞ്ഞ ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ചതോടെ, ഗവൺമെന്റിന്റെ സമീപനം എന്തെന്ന് വ്യക്തമായിരുന്നു. എന്നിട്ടും വീറോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടവർ സമരരംഗത്ത് തുടർന്നു. അധികാരികളുടെ ബധിരകർണ്ണങ്ങൾ തുറക്കുമെന്ന പ്രതീക്ഷയോടെ അവർ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ തുടർന്നു. ഇതിനിടയിൽ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി രണ്ട് മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി വന്നത് ഉദ്യോ ഗാർത്ഥികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകി. സർക്കാരാവട്ടെ, ലിസ്റ്റിന്റെ കാലാവധി നീട്ടിയ ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സിയെക്കൊണ്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണുണ്ടായത്. ഹൈക്കോടതി, സർക്കാർ വാദങ്ങൾ കണ്ണടച്ചു വിശ്വസിച്ചുകൊണ്ട് ട്രിബ്യൂണൽ ഉത്തരവ് റദ്ദ് ചെയ്തു. മാത്രമല്ല, കേരളത്തിലെ തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ആക്ഷേപിക്കുന്ന നിരീക്ഷണങ്ങൾ നടത്തിക്കൊണ്ട്, സർക്കാർ നിലപാടുകൾക്ക് ശക്തി പകർന്നു.

എൽജിഎസ് ഉദ്യോഗാർത്ഥികളോട് സർക്കാർ ചെയ്തത് തികഞ്ഞ അന്യായം

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ഉദ്യോഗാർത്ഥികളുടെ അതിശക്തമായ പ്രക്ഷോഭം എൽഡിഎഫ് ഗവൺമെന്റിന് സൃഷ്ടിച്ച പ്രതിസന്ധികൾ വളരെ വലുതായിരുന്നു. കേരള മനഃസാക്ഷി സ്ഥിരം തൊഴിലെന്ന ഉദ്യോഗാർത്ഥികളുടെ ഡിമാന്റിനോടൊപ്പം അടിയുറച്ച് നിലകൊണ്ടു. സിവിൽ പോലീസ് ഓഫീസർ, ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കെഎസ്ആർടിസി ഡ്രൈവർ, മെക്കാനിക്, ഫോറസ്റ്റ് വാച്ചർ തുടങ്ങിയ നിരവധി ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികൾ വീറുറ്റ പ്രക്ഷോഭം നടത്തി.ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) ഉദ്യോഗാർത്ഥികളുടെ സമരം 35 ദിവസം പിന്നിട്ടുകഴിഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ സർക്കാർ, ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായി. ആ ചർച്ചയിൽ നിയമവകുപ്പ് മന്ത്രി എ.കെ.ബാലൻ എൽജിഎസ് ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പിൻമേലാണ് അവർ സമരം അവസാനിപ്പിച്ചത്. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം 16 മണിക്കൂറിൽനിന്നും 8 മണിക്കൂറായി കുറച്ചുകൊണ്ട് അവിടെ വരുന്ന ഒഴിവുകളിൽ എൽജിഎസ് ലിസ്റ്റിൽനിന്നും ഇലക്ഷൻ കമ്മീഷന്റെ അനുമതിയോടെ നിയമനം നടത്താം എന്ന് നിയമമന്ത്രി എ.കെ.ബാലൻ ഉറപ്പുനൽകി. തൊട്ടടുത്ത ദിവസം തന്നെ, ‘പിഎസ്‌സിയ്ക്ക് നിയമന നടപടികൾ നടത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനും തടസ്സമില്ലെന്ന്’ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, എൽജിഎസ് ലിസ്റ്റിലെ നിയമനക്കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണുണ്ടായത്. നൈറ്റ് വാച്ചർമാരുടെ തസ്തികകൾ സൃഷ്ടിക്ക പ്പെട്ടാൽതന്നെ പുരുഷ ഉദ്യോഗാർത്ഥികൾക്കായിരിക്കും ജോലി ലഭിക്കുകയെന്നതും ലിസ്റ്റിലെ ബഹുഭൂരിപക്ഷം വരുന്ന വനിതകളുടെ നിയമനത്തിലെ അനിശ്ചിതത്വം തുടരുകതന്നെ ചെയ്യുമെന്നും അന്നേ, എഐഡിവൈഒ ചൂണ്ടിക്കാണിച്ചിരുന്നു.
യൂണിവേഴ്‌സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ടെങ്കിലും സ്‌പെഷ്യൽ റൂൾ ഇറക്കാത്തതിനാൽ നിയമനങ്ങൾ നടക്കുന്നില്ല എന്ന പ്രശ്‌നവും ഉദ്യോഗാർത്ഥികൾ ചർച്ചയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതും പരിഗണിക്കാം എന്ന മന്ത്രിയുടെ വാഗ്ദാനവും ജലരേഖയായി മാറി. 14 ജില്ലകളിലായി 46,285 പേരുള്ള ലിസ്റ്റിൽനിന്നും ആകെ നിയമിച്ചത് 6788 മാത്രമാണ്. 2012ലെ ലിസ്റ്റിൽനിന്നും 12,959ഉം 2015ലെ ലിസ്റ്റിൽനിന്നും 11,455ഉം പേരെ നിയമിച്ചിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 39,497 ഉദ്യോ ഗാർത്ഥികൾ നിലനിൽക്കെയാണ് പട്ടിക റദ്ദായത്. 493 ലിസ്റ്റുകളിൽ ഉൾപ്പെട്ട ലക്ഷക്കണക്കിന് യുവജനങ്ങളുടെ സർക്കാർ ജോലിയെന്ന പ്രതീക്ഷയ്ക്കു മേലെയാണ് പിണറായി സർക്കാർ കരിനിഴൽ വീഴ്ത്തിയത്.

എൽജിഎസ് ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള ട്രിബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കിയത് ഇരുട്ടടി

റാങ്ക് ലിസ്റ്റിന്റെ കാലാവധി 2 മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നത്, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് നേരിയൊരാശ്വാസം നൽകി.എന്നാൽ, ഉദ്യോഗാർത്ഥികളെ ദ്രോഹിക്കാനുറച്ചുകൊണ്ട് കെഎറ്റി ഉത്തരവിനെതിരെ സർക്കാർ പിഎസ്‌സിവഴി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പിഎസ്‌സിയുടെ അപ്പീലിന്മേൽ വന്ന ഹൈക്കോടതി വിധിയും പരാമർശങ്ങളും ഉദ്യോഗാർത്ഥികളെ മാത്രമല്ല, തൊഴിൽ രഹിതരായ യുവജനങ്ങളെ ആകമാനം അപമാനിക്കും വിധമുള്ളതായിരുന്നു. സർക്കാർ വാദങ്ങളെ കണ്ണടച്ച് വിശ്വസിച്ചുകൊണ്ട് എൽജിഎസ് ലിസ്റ്റ് നീട്ടിയ ട്രിബ്യൂണൽ ഉത്തരവ് കോടതി റദ്ദ് ചെയ്തു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതിനുള്ള അസാധാരണ സാഹചര്യമൊന്നും നിലവിലില്ല എന്ന സർക്കാർ വാദം കോടതി എന്തുകൊണ്ടാണ് അംഗീകരിച്ചത്. കോവിഡിന്റെ അസാധാരണ സാഹചര്യം നിലനിൽക്കുന്നുവെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സർക്കാർതന്നെ, നിയമനം നടക്കാത്ത അസാധാരണ സാഹചര്യമൊന്നുമില്ല എന്നുപറഞ്ഞതിൽ, കോടതിക്ക് അസ്വാഭാവികമായൊന്നും തോന്നിയില്ല. കോവിഡ് കാരണം, കഴിഞ്ഞ രണ്ടു വർഷമായി സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് നിയമന ശുപാർശകൾ അയയ്ക്കാത്തത് എന്നതാണ് പിഎസ്‌സിയുടെ വാദം. കോടതിക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടാനാണെങ്കിൽ ദൂരെയെങ്ങും പോകേണ്ടതില്ല, കേരളത്തിലെ കോടതികളിൽ ഒഴിവുള്ള ക്ലാർക്ക് പോസ്റ്റുകൾ എത്രയുണ്ടെന്ന് അന്വേഷിച്ചാൽ മാത്രം മതി. അങ്ങനെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും വലിയ തോതിൽ ഒഴിവുകൾ നിലനിൽക്കെയാണ് എൽജിഎസ് അടക്കമുള്ള 493 ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ, കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഏതെങ്കിലും ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? കോടതി അന്വേഷിക്കേണ്ടതായിരുന്നു. പിഎസ്‌സി പരീക്ഷകൾ നടത്തിക്കൊണ്ട് നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു, അതിനാൽ ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകരുത് എന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. സർക്കാർവാദം വസ്തുനിഷ്ഠമാണോ എന്നു പരിശോധിക്കുവാൻ കോടതി തയ്യാറായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കോവിഡ് കാരണം, 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടു മാസക്കാലയളവിൽ 40 പിഎസ്‌സി പരീക്ഷകളാണ് സർക്കാർ മാറ്റിവച്ചത്. ഇനിയും കുറഞ്ഞത് ഒരു വർഷമെങ്കിലും കഴിയാതെ പുതിയ റാങ്ക് പട്ടികകൾ നിലവിൽ വരില്ല. എന്നുപറഞ്ഞാൽ, നടപ്പു വർഷത്തിൽ നിയമന മരവിപ്പാകും സംഭവിക്കുന്നത്. സർക്കാർ ചില വിഭാഗങ്ങളിൽ പരീക്ഷ നടത്തിയിട്ടുണ്ട്. അത് പ്രിലിമിനറി പരീക്ഷകൾ മാത്രമായിരുന്നു. വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികൾക്ക് അയോഗ്യത കൽപ്പിച്ച് പിഎസ്‌സി പരീക്ഷ എഴുതുന്നതിൽനിന്നും അവരെ വർഷങ്ങളോളം മാറ്റി നിർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്നതാണ് പ്രിലിമിനറി പരീക്ഷകൾ.
സർക്കാർ വാദത്തെ കണ്ണടച്ച് വിശ്വസിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ വിധി നീതിയുക്തമായിരുന്നില്ല എന്നു ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എൽജിഎസ് ലിസ്റ്റ് നിലവിൽ വന്നതിനുശേഷം രൂപപ്പെട്ട നിരവധി ഒഴിവുകൾ അവശേഷിക്കുമ്പോഴാണ് സർക്കാരും കോടതിയും ലിസ്റ്റ് റദ്ദാക്കിയത്. റാങ്ക് പട്ടിക നിലനിൽക്കുന്ന കാലത്ത് രൂപപ്പെട്ട ഒരൊഴിവുപോലും നികത്താതെ പട്ടിക റദ്ദാക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതി സർക്കാരിനോട് പറയേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല, തൊഴിൽരഹിതരെ മുഴുവനും ആക്ഷേപിക്കും വിധത്തിലുള്ള പരാമർശങ്ങളും ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഭാഗത്തുനിന്നുമുണ്ടായി. ‘സർക്കാർ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മനോഭാവം മാറണം. എംഎസ്‌സി ഉള്ളയാൾ ആടിനെ വളർത്തിയാൽ സ്റ്റാറ്റസ് പോകുമോ? സർക്കാർ ജോലിയില്ലെങ്കിൽ ലോകാവസാനമില്ല. എപ്പോഴും സർക്കാർ ജോലിയെ ആശ്രയിക്കാനാവില്ല ‘തുടങ്ങിയ ആക്ഷേപകരമായ പ്രസ്താവനകൾ യുവാക്കളുടെമേൽ വർഷിക്കുവാൻ കോടതിയെ പ്രേരിപ്പിച്ച സാഹചര്യമൊന്നും ഞങ്ങൾക്ക് ബോദ്ധ്യപ്പെടുന്നില്ല. സർക്കാർ ജോലിയ്ക്കുവേണ്ടി യുവജനങ്ങൾ പരിശ്രമിക്കുന്നത്, സ്ഥിരം ജോലിയെന്ന മൗലികാവകാശത്തിന് വേണ്ടിയാണ്. ഒരു വ്യക്തിയെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തനാക്കുന്നത് സ്ഥിരം ജോലിയും മാന്യമായ വരുമാനവുമാണ്. ഒരു മാതൃകാ തൊഴിൽ ദാതാവെന്ന നിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അത് നിർവ്വഹിക്കേണ്ടത് രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യവുമാണ്. എന്നാൽ, സ്ഥിരം തൊഴിൽ ഇല്ലാതാക്കിക്കൊണ്ട്, അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ തങ്ങൾക്കിഷ്ടപ്പെട്ടവരെ താൽക്കാലികക്കാരായി നിയമിക്കുന്നത് പരീക്ഷ എഴുതി ജോലി കാത്തിരിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയാണ്. സ്ഥിരം തൊഴിൽ സമ്പ്രദായം ഇല്ലാതാക്കുന്ന നയത്തെ ചോദ്യം ചെയ്യുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. അഭ്യസ്തവിദ്യരായ യുവാക്കൾ ആടിനെ വളർത്തിയാൽ സ്റ്റാറ്റസ് പോകുമോ എന്ന് ചോദിക്കുന്ന കോടതി ദയവ് ചെയ്ത് പിഎസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ പശ്ചാത്തലം അന്വേഷിക്കുവാൻ തയ്യാറാവണം. പാറ പൊട്ടിച്ചും മീൻ പിടിച്ചും കൂലിപ്പണി ചെയ്തുമൊക്കെ ജീവിക്കുന്നവരാണ് കഷ്ടപ്പെട്ട് പരീക്ഷ എഴുതി പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവരിൽ അധികവും. അവരെയൊക്കെയും അടച്ചാക്ഷേപിയ്ക്കുന്നതിനുമുൻപ് വസ്തുതകൾ മനസ്സിലാക്കേണ്ടതായിരുന്നു.

യുവജനങ്ങൾ തൊഴിൽ രഹിതരുടെ അഖിലേന്ത്യാ സമരവേദിയിൽ അണിനിരക്കുക

2018ൽ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്, രാജ്യം 45 വർഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നു എന്നാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ഥിര നിയമനം കുറച്ചതും കോർപ്പറേറ്റ് അനുകൂല നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതുമാണ് തൊഴിലില്ലായ്മ ഗുരുതരമാകുവാൻ കാരണമായത്. കോവിഡ് മഹാമാരികൂടി വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഭയാനകമായി വർദ്ധിച്ചു.2020 ൽ 13 കോടി ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. യുവജനങ്ങൾ, അക്ഷരാർത്ഥത്തിൽ തെരുവുകളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. തൊഴിലില്ലായ്മയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല.
അതിരൂക്ഷമാകുന്ന തൊഴിലില്ലായ്മയ്‌ക്കെതിരായി ദേശീയ തലത്തിൽ പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് തൊഴിൽ രഹിതരുടെ അഖിലേന്ത്യാ പ്രക്ഷോഭ വേദി (ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത്‌ സ്ട്രഗിൾ കമ്മിറ്റി)ക്ക് ജൂലൈ 18ന് ഓൺലൈനായി നടത്തിയ ദേശീയ കൺവൻഷനിൽ രൂപം നൽകി. തൊഴിലില്ലായ്മ അതിരൂക്ഷമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ എഐഡിവൈഒ(ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവൻഷനിൽ 24 സംസ്ഥാനങ്ങളിൽ നിന്നായി, പതിനായിരക്കണക്കിന് യുവാക്കൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാജ്യമെമ്പാടും നൂറുകണക്കിന് കേന്ദ്രങ്ങളിൽ ചെറിയ യോഗങ്ങളിൽ ഒരേ സമയം ഒരുമിച്ച് ചേർന്നുകൊണ്ടാണ് യുവജനങ്ങൾ കൺവൻഷനിൽ പങ്കാളികളായത്. ദേശവ്യാപകമായി വീറുറ്റ പ്രക്ഷോഭങ്ങൾ വളർത്തിയെടുത്തുകൊണ്ട്, തൊഴിൽ എന്ന അവകാശം നേടിയെടുക്കുവാൻ യുവജനങ്ങൾ എഐയുവൈഎസ്‌സി വേദിയിൽ ഒന്നിക്കുക.

Share this post

scroll to top