കോവിഡ് പ്രതിസന്ധി: വഷളാകുന്ന കോവിഡ് സാഹചര്യം; വഷളാക്കുന്ന സർക്കാർ നയങ്ങൾ

istockphoto-1216728794-1024x1024-1.jpg

India national kerala state lockdown due to coronavirus crisis covid-19 disease. India under lockdown with kerala map

Share

ആഗസ്റ്റ് 6 വരെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 35,13,551 ആയി. 17,515 ജീവനുകളും പൊലിഞ്ഞിരിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിയിലേറെ കേസുകളും ആറിലൊന്ന് മരണങ്ങളും നമ്മുടെ സംസ്ഥാനത്താണ് എന്നതാണ് അവസ്ഥ. തന്മൂലം, കേരളത്തിൽ നിന്നുള്ളവർക്ക് മറ്റ് പല സംസ്ഥാനങ്ങളും യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെമ്പാടും തീക്ഷ്ണമായിനിന്ന മേയ് മാസത്തിൽ സംസ്ഥാനത്ത് 30000ൽ അധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, ജൂൺ ആദ്യവാരം ഇത് 10000ൽ താഴെയായി കുറഞ്ഞിരുന്നു. പക്ഷേ, കഴിഞ്ഞ ഏറെദിവസങ്ങളായി പ്രതിദിനം ഇരുപതിനായിരത്തിനടുത്ത് പുതിയ കേസുകളും നൂറിനുമേലെ മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

ലോകത്തെയാകെ വിറപ്പിച്ച, കോവിഡിന്റെ ഒന്നാം തരംഗത്തെ സധൈര്യം നേരിടുകയും, കേസുകളുെടയും മരണങ്ങളുടെയും എണ്ണം പിടിച്ചുകെട്ടുകയും ചെയ്തതിന് കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനം അന്താരാഷ്ട്രതലത്തിൽതന്നെ ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ ആ അവസ്ഥയിൽനിന്നും ഇപ്പോഴത്തെ ദുര്യോഗത്തിലേക്ക് കേരളം വന്നുവീണത് എങ്ങനെയാണ്? അതിവേഗം പടരുന്ന, കോവിഡിന്റെ ഡെൽറ്റ വകഭേദവൈറസുകൊണ്ട് മാത്രമാണോ ഇപ്പോഴത്തെ ഈ തീവ്രരോഗവ്യാപനം? വളരെയധികം നിയന്ത്രണങ്ങളും പൊലീസ് പരിശോധനകളുംകൊണ്ട് ജനജീവിതത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ചിട്ടും, എന്തുകൊണ്ടാണ് കേസുകളുടെ എണ്ണം കുറയാത്തത്? മാറിയ സാഹചര്യത്തിനനുസരിച്ച് ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ, പ്രഖ്യാപനങ്ങൾക്ക പ്പുറം എന്താണ് സർക്കാർ ചെയ്തത്? സംസ്ഥാനസർക്കാരിന്റെ കോവിഡ് നയം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.
അതുപോലെതന്നെയാണ് കോവിഡ്കാലവും അടച്ചിടലും ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ദുരിതം. കഴിഞ്ഞ ഒന്നരമാസത്തിനിടെ, കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിമൂലം വിവിധ തുറകളിലുള്ള ഇരുപതോളം പേരാണ് ആത്മഹത്യ ചെയ്തത്. കോവിഡ് സൃഷ്ടിക്കുന്ന തൊഴിൽനഷ്ടം ഭീകരമാണ്. കിറ്റ് നൽകുന്നതിൽ മേനി നടിക്കുന്നതിനപ്പുറം, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടേണ്ടിവരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും ജീവിതദുരിതം ലഘൂകരിക്കുവാൻ ഒന്നുംതന്നെ സർക്കാർ ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പൊലീസിനെ അഴിച്ചുവിട്ട് ഫൈൻ ചുമത്തി ജനങ്ങളെ പിഴിയുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തെ ജനങ്ങളെയൊ ആരോഗ്യപ്രവർത്തകരെയൊ, പൊതുജനാരോഗ്യവിദഗ്ദ്ധരെയൊ വിശ്വാസത്തിലെടുക്കാതെ, സംസ്ഥാന സർക്കാർ അനുവർത്തിക്കുന്ന വികലമായ ഇത്തരം നയങ്ങൾതന്നെയാണ് കോവിഡ് മൂലമുള്ള ആരോഗ്യപ്രതിസന്ധിയും സാമൂഹികപ്രതിസന്ധിയും വഷളാക്കുന്നതെന്ന് സംശയലേശമന്യെ പറയാം.

ഇപ്പോഴത്തെ പ്രതിസന്ധി

കേരളം ഇന്നു നേരിടുന്ന കോവിഡ് പ്രതിസന്ധി ജനിതകവ്യതിയാനംവന്ന വൈറസ് അതിവേഗം പടർന്നതുകൊണ്ട് സ്വാഭാവികമായി ഉണ്ടായതല്ല, സർക്കാരിന്റെ തെറ്റായ സമീപനങ്ങൾമൂലം അതിവേഗം രോഗം പടരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ഉണ്ടായതാണ് എന്നതല്ലേ വസ്തുത? എന്നാല്‍ സർക്കാർ ജനങ്ങളെ കുറ്റപ്പെടുത്തു കയാണ് ചെയ്യുന്നത്.
കോവിഡിന്റെ രണ്ടാംഘട്ടം ആരംഭിച്ചതിനുശേഷം സർക്കാർ പുറത്തിറക്കിയ നിർദ്ദേശങ്ങൾ നിഷ്പക്ഷമായി പരിശോധിച്ചാൽ എങ്ങനെയാണ് പ്രതിസന്ധിയുടെ ഈ ഘട്ടത്തിലെത്തിയതെന്ന് മനസ്സിലാകും. ചില കാര്യങ്ങൾമാത്രം നമുക്കൊന്നു നോക്കാം. രോഗസാധ്യതയുള്ളവരെയും അവരുടെ സമ്പർക്കപ്പട്ടികയും കൃത്യമായി കണ്ടെത്തി അവരെ പ്രത്യേകം പാർപ്പിക്കുന്ന പ്രവർത്തനം ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പ് കൃത്യമായി നടത്തിയിരുന്നതു കൊണ്ടാണ് അന്ന് രോഗവ്യാപനം വലിയൊരളവുവരെ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞത്. പക്ഷേ ഈ പ്രവർത്തനം ഇത്തവണ കാര്യക്ഷമമായിരുന്നില്ല. വിദേശത്തുനിന്നും വരുന്നവർക്കുപോലും പരിശോധനകളോ, ക്വാറന്റൈൻ നിബന്ധനയോ ഇല്ലാതെ വീടുകളിലേക്ക് പോകാൻ സാധിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ എന്ന സംവിധാനം ആദ്യഘട്ടത്തിൽതന്നെ ഇല്ലാതായിരുന്നു. രോഗസാധ്യതയുള്ളവരെ നേരത്തേ സർക്കാരിന്റെ മുൻകൈയിൽ പരിശോധിച്ചിരുന്നുവെങ്കിൽ ഇത്തവണ അത് മിക്കവാറും ഇല്ലാതായി. ജനങ്ങൾക്ക് പരിശോധനകൾക്കായി സ്വകാര്യലാബുകളെ കൂടുതൽ ആശ്രയിക്കേണ്ടിവന്നു. രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലോ, എഫ്എൽടിസി കളിലോ പ്രവേശിപ്പിക്കുന്ന തിനുപകരം, രോഗലക്ഷണങ്ങളില്ല എന്നപേരിൽ വീടുകളിൽ പാർപ്പിച്ചാൽ മതി എന്നുപറഞ്ഞ് വിടുകയാണ് ഉണ്ടായത്. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രോഗികളെ പാർപ്പിക്കാൻ കേരളത്തിലെ എത്ര വീടുകളിൽ സൗകര്യം ഉണ്ടെന്നത് പരിഗണിച്ചിരുന്നോ? രോഗികൾ വീടുകളിലെത്തിയപ്പോൾ വീടുകളിൽ രോഗവ്യാപനമുണ്ടായി. ഇത്തവണ വൻതോതിൽ രോഗവ്യാപനമുണ്ടാകാനുള്ള പ്രധാനകാരണം കുടുംബങ്ങളിൽ രോഗം വ്യാപകമായതാണ്. ലക്ഷണമില്ല എന്നുപറഞ്ഞ് വീടുകളിലേക്ക്‌വിട്ടവരിൽതന്നെ പെട്ടെന്ന് രോഗം മൂർച്ഛിച്ചപ്പോൾ സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ മരണം സംഭവിച്ചിട്ടുണ്ട്. തീർന്നില്ല, രോഗം മാറി നെഗറ്റീവ് ആയോ എന്നറിയാനുള്ള രണ്ടാമത്തെ പരിശോധന വേണ്ട എന്നതും പുതിയ നയമാണ്. നെഗറ്റീവ് ആയി എന്ന സർട്ടിഫിക്കറ്റ് പലതിനും അത്യാവശ്യമായിരിക്കെ, ഈ നീക്കത്തിലൂടെ അതിനായി സ്വകാര്യലാബുകളെ ആശ്രയിക്കാൻ ജനങ്ങളെ തള്ളിവിടുകയാണ്. അതിലുപരിയായി, എന്ത് ന്യായം പറഞ്ഞാലും, രോഗം മാറിയെന്ന് ഉറപ്പാക്കാതെ ആളുകളെ പറഞ്ഞുവിടുന്നതിന്റെ അപകടം ഗുരുതരമാണ്.


ഇതിനുപുറമേയാണ് ലോക്ക്ഡൗൺ കർശനമാക്കാനെന്നപേരിൽ നടപ്പാക്കിയ തലതിരിഞ്ഞ നയങ്ങളുടെ പ്രത്യാഘാതങ്ങൾ. ആഴ്ച്ചയിൽ ഏതാനും മണിക്കൂറുകൾമാത്രം കടകൾ തുറന്നുവെച്ചപ്പോൾ ആ ദിവസം ജനങ്ങൾക്ക് കൂട്ടമായി പുറത്തിറങ്ങേണ്ടി വന്നു. റേഷൻ കടകളിലും ബാങ്കുകളിലും അത്യാവശ്യത്തിന് എത്തേണ്ടിവരുന്ന ജനങ്ങളോട് കോവിഡ് മാനദണ്ഡത്തിന്റെപേരിൽ തട്ടിക്കയറാനും പെറ്റിയടിക്കാനും പൊലീസ് ഉണ്ടായിരുന്നു. അതേസമയംതന്നെ, സർക്കാർതന്നെ യാതൊരു തത്വദീക്ഷയുമില്ലാതെ തുറന്നുകൊടുത്ത ബിവറേജസ് ഷോപ്പുകൾക്കുമുന്നിൽ ആളുകൂടുന്നത് പൊലീസ് കണ്ടില്ലെന്നു നടിച്ചു.


വിദ്യാർത്ഥികൾ തങ്ങളുടെ സുരക്ഷയെ കരുതി ഏറെ അപേക്ഷിച്ചിട്ടും ധാർഷ്ട്യത്തോടെ സർവ്വകലാശാല പരീക്ഷകൾ നടത്തുകയാണ് സർക്കാർ ചെയ്തത്. എന്തിനേറെ പറയുന്നു, സാധാരണക്കാരന്റെ മരണത്തിനോ വിവാഹത്തിനോ 20 പേരിൽ കൂടുതൽ പങ്കെടുത്താൽ കേസാക്കുന്ന സർക്കാർ, രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് നൂറുകണക്കിനുപേരെ പങ്കെടുപ്പിച്ചു കൊണ്ട് എന്തുമാതൃകയാണ് കാണിച്ചത്? പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുവേളകളിലും കോവിഡ് പ്രോട്ടോക്കോള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു. നേതാക്കന്മാര്‍ത്തന്നെ പ്രോട്ടോക്കോള്‍ ലംഘനത്തിന് മുന്‍കൈയെടുക്കുന്നത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കപ്പെട്ടതാണ്.
നടത്തുന്ന ആകെ ടെസ്റ്റുകളിൽ എത്ര എണ്ണം പോസിറ്റീവായി എന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഇതുവരെ നിയന്ത്രണങ്ങളും കണ്ടെയിൻമെന്റ് സോണുകളും തീരുമാനിച്ചിരുന്നത്. ഇത് വളരെ അശാസ്ത്രീയ സമീപനമാണെന്ന് പല കോണുകളിലും നിന്ന് വിമർശനമുണ്ടായിട്ടും തിരുത്താൻ സർക്കാർ തയ്യാറായിരുന്നില്ല. പക്ഷേ വിവിധ വിഭാഗങ്ങളിൽനിന്നും ആരോഗ്യവിദഗ്ദ്ധരിൽനിന്നുമുള്ള വിമർശനവും, അനുദിനം വഷളാകുന്ന കോവിഡ് സാഹചര്യവും തിരുത്തലിന് സർക്കാരിനെ നിർബന്ധിതരാക്കി. പക്ഷേ തിരുത്തുമ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാകാത്ത തലതിരിഞ്ഞ നിർദ്ദേശങ്ങളാണ് വീണ്ടും വരുന്നത്. കടകളിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവർ ആർടി-പിസിആർ പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ, അതുമല്ലെങ്കിൽ ഒരു മാസം മുന്നേ കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നതിന്റെ രേഖയോ കൈയിൽ കരുതണമത്രേ. സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവാണിത്. വിവാദമായിട്ടും ഉത്തരവിനെ ന്യായികരിച്ചുകൊണ്ട്, വരുംനാളുകളിൽ കോവിഡ് കൂടുതൽ രൂക്ഷമാകും എന്നുപറഞ്ഞ് ഭീതി വിതയ്ക്കാനാണ് ആരോഗ്യവകുപ്പു മന്ത്രി ശ്രമിച്ചത്. വർധിക്കുന്ന കേസുകൾ നേരിടാൻ സർക്കാർ എന്ത് മുന്നൊരുക്കം നടത്തും എന്നതുപക്ഷേ മന്ത്രി പറയുന്നില്ല. സ്ഥിതി വഷളാകുമ്പോൾ പഴി ജനത്തിനും, നേട്ടമുണ്ടാക്കിയാൽ അതിന്റെ കർതൃത്വം സർക്കാരിനുമാത്രവും എന്നതാണ് സമീപനം.

കോവിഡ് ഒന്നാംഘട്ടം – മറന്ന പാഠങ്ങൾ

ആഗോളീകരണനയങ്ങളെതുടർന്ന് സ്വകാര്യമേഖലക്ക് കീഴടങ്ങിക്കൊണ്ടിരിക്കുകയായിരുന്ന കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കരുത്തും വീണ്ടും വെളിവാക്കിയത്, 2018ൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട നിപ്പ രോഗബാധയായിരുന്നു. തീവ്രമായി പടർന്ന് മരണം സുനിശ്ചിതമാക്കുന്ന ഈ ഗുരുതരരോഗത്തെ അതിവേഗം തിരിച്ചറിഞ്ഞ് വേണ്ട കരുതൽ നടപടികളെടുക്കാനും, സംക്രമണവും മരണങ്ങളും നിയന്ത്രിക്കുവാനും, പരാധീനതകൾക്കുനടുവിലും ഉണർന്നുപ്രവർത്തിച്ച നമ്മുടെ പൊതുജനാരോഗ്യസംവിധാനത്തിനായി. 2019 അവസാനം ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയുടെ ഇന്ത്യയിലെതന്നെ ആദ്യകേസ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. 2020 ജനുവരി 30ന്. എന്നിട്ടും, കോവിഡിന്റെ ആദ്യതരംഗത്തിനെതിരേ ഏറ്റവും ശക്തമായ പ്രതിരോധംതീർത്ത സ്ഥലങ്ങളിലൊന്ന് കേരളമായിരുന്നു. അന്താരാഷ്ട്രതലത്തിലും കേരളത്തിന്റെ പൊതുആരോഗ്യസംവിധാനത്തിന്റെ ഈ നേട്ടം ചർച്ചാവിഷയമായിരുന്നു. വാസ്തവത്തിൽ എങ്ങനെയാണ്, അല്ലെങ്കിൽ എന്തുകൊണ്ടാണ് കോവിഡ് ആദ്യതരംഗത്തിൽ പിടിച്ചുനിൽക്കാൻ കേരളത്തിനു സാധിച്ചത്? അതിൽനിന്നും പഠിക്കേണ്ടിയിരുന്ന എന്തൊക്കെ പാഠങ്ങളാണ് ഭരണാധികാരികൾ മറന്നുപോയത്? വസ്തുനിഷ്ഠമായി അതു പരിശോധിച്ചെങ്കിൽ മാത്രമേ, ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണങ്ങൾ നമുക്ക് ശരിയായി കണ്ടെത്താൻ സാധിക്കൂ.
സ്വാതന്ത്ര്യത്തിനുമുന്നേ തന്നെ, കൊളോണിയൽ-രാജഭരണ-നവോത്ഥാന കാലഘട്ടത്തിൽ അടിത്തറ പാകിയ പൊതുജനാരോഗ്യ-ശുചി

ത്വ സംവിധാനമാണ് കേരളമെന്ന പ്രദേശത്തുള്ളത്. തിരുവിതാംകൂർ ഭാഗത്തെ പൊതുപ്രതിരോധ കുത്തിവെയ്പ്പ് സംവിധാനത്തിനുപോലും പത്തൊമ്പതാം നൂറ്റാണ്ടുതൊട്ടുള്ള ചരിത്രം പറയാനുണ്ട്. സ്വാതന്ത്ര്യാനന്തരം വന്ന ഭരണാധികാരികൾ പൊതുജനാരോഗ്യസംവിധാനത്തിന് നൽകിയ പ്രാധാന്യം, കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകനിലവാരത്തിലെത്തിച്ചു. പക്ഷേ, ആഗോളീകരണനയങ്ങൾ കേരളത്തിലെ ഇടതും വലതുമായ അധികാരമുന്നണികൾ മത്സരിച്ച് നടപ്പാക്കിയപ്പോൾ, ആരോഗ്യരംഗം സ്വകാര്യമൂലധനത്തിന്റെ കൊള്ളലാഭത്തിനുള്ള കേളീരംഗമായി. കാലാനുസൃതമായി വേണ്ടത്ര സ്ഥിരം ആരോഗ്യപ്രവർത്തകരെ സർവ്വീസിൽ നിയമിക്കാതെയും, അടിസ്ഥാനസൗകര്യങ്ങൾ ശ്രദ്ധയോടെ വികസിപ്പിക്കാതെയും, അനാവശ്യമായ നിർമ്മാണപ്രവർത്തനങ്ങളിലേക്ക് ഫണ്ട് വകമാറ്റിയുമൊക്കെ പൊതുജനാരോഗ്യ മേഖലയുടെ പരാധീനതകളെ വർധിപ്പിക്കുന്ന നടപടികൾ മാത്രമേ ഈ സർക്കാരുകൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കൈക്കൊണ്ടിരുന്നുള്ളൂ. പക്ഷേ പരിമിതികൾക്കുള്ളിലും അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന വലിയൊരു നിര ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം നിലനിന്നു. ആ സംവിധാനത്തിന്റെ അധ്വാനത്തിന്റെ ബലത്തിലാണ് നിപ്പയും കോവിഡിന്റെ ആദ്യതരംഗത്തെയുമൊക്കെ കേരളം അതിജീവിച്ചത് എന്നതാണ് യാഥാർത്ഥ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള വിവിധ തലങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ, പഞ്ചായത്ത്-വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന അസംഖ്യം ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശ പ്രവർത്തകരുമടക്കമുള്ള ആരോഗ്യപ്രവർത്തകർ, ഇവർക്കൊപ്പം സന്നദ്ധസേവനം നടത്തിയ വിവിധ കക്ഷികളിൽപ്പെട്ട പൊതുപ്രവർത്തകർ, സംഘടനകൾ തുടങ്ങി സാധാരണജനങ്ങൾ വരെയുള്ളവരുടെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് കോവിഡിന്റെ ആദ്യഘട്ട ആക്രമണത്തെ കേരളം ചെറുത്തത്. ഇതാണ് പിണറായി വിജയൻ സർക്കാർ മറന്നുപോയ ഒന്നാമത്തെ പാഠം.


ഈ ജനകീയ ഉദ്യമത്തിനൊപ്പം അമരത്തുനിന്നുകൊണ്ടുള്ള ക്രിയാത്മകപ്രവർത്തനങ്ങൾ തുടക്കത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ചൈനയിൽ അസുഖത്തിന്റെ തീവ്രത റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തുടങ്ങി അതിനെ നിരീക്ഷിക്കുന്നതിന് നമ്മുടെ ആരോഗ്യവകുപ്പ് ശ്രദ്ധ വെച്ചു. ജനുവരി 30ന് ആദ്യകേസ് റിപ്പോർട്ട് ചെയ്യുന്നതിനുമുന്നേതന്നെ ചികിത്സയ്ക്കു നടപടികളടക്കം, അന്ന് ലഭ്യമായ വിദഗ്ദ്ധാഭിപ്രായങ്ങളനുസരിച്ച്, ആരോഗ്യവകുപ്പ് തയ്യാറാക്കിയിരുന്നു. പുറത്തുനിന്ന് വരുന്നവരെയും അവരുടെ സമ്പർക്കങ്ങളെയും കണ്ടെത്തി ക്വാറന്റൈനിലാക്കുവാനും,അവരെ നിരീക്ഷിക്കുവാനും, കൃത്യമായി പരിശോധനക്കു വിധേയരാക്കുവാനും താഴേത്തലത്തിൽ സംവിധാനം ഒരുക്കി. പൊതുജനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ ആരോഗ്യവകുപ്പിന് നടപ്പിലാക്കാൻ പറ്റിയ ഈ സംവിധാനത്തിലൂടെ, കാര്യക്ഷമമായി രോഗമുള്ളവരെയും രോഗസാധ്യതയുള്ളവരെയും തിരിച്ചറിഞ്ഞ് ക്വാറന്റൈൻ ചെയ്യാനും പരിശോധന നടത്തുവാനും കഴിഞ്ഞതുകൊണ്ടാണ് കേരളത്തിൽ അതിരൂക്ഷമാകുമായിരുന്ന രോഗപ്പകർച്ചയെ നിയന്ത്രിച്ചു നിർത്താൻ നമുക്ക് സാധിച്ചത്. ഇതാണ് സർക്കാർ ഓർക്കേണ്ടിയിരുന്ന രണ്ടാമത്തെ പാഠം.
രോഗം സ്ഥിരീകരിക്കുന്നവരെ ഉടനടി ഐസൊലേറ്റ് ചെയ്ത് ചികിത്സയാരംഭിക്കുവാൻ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും, രോഗം മൂർച്ഛിക്കുന്നവർക്കായി പ്രത്യേക ആശുപത്രികളും ആരംഭിച്ചു. രോഗപരിശോധനയും നിരീക്ഷണവും ചികിത്സയുമെല്ലാം അപ്പോൾ പൊതുമേഖലയിൽ തന്നെയായിരുന്നു. ആരോഗ്യവകുപ്പിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ചുള്ള കാര്യക്ഷമതയോടെ, ഈ സംവിധാനം പ്രവർത്തിപ്പിച്ച പൊതുമേഖലയുടെ പ്രതിബദ്ധത കൊണ്ടാണ് രോഗപ്പകർച്ചയെയും, രോഗം മൂലമുണ്ടായ മരണങ്ങളെയും പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചത്. ഇതാണ് സർക്കാർ മറന്നുപോയ മൂന്നാമത്തെ പാഠം.
കഠിനാധ്വാനം ചെയ്ത ആരോഗ്യമേഖലയ്ക്ക് മതിയായ പിന്തുണ കൊടുക്കുക എന്നതായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്ന കടമ. ഒപ്പം, ക്വാറന്റൈനിലായി ഒറ്റപ്പെട്ട് പോകുന്നവർക്കും അടച്ചുപൂട്ടൽമൂലം ദുരിതമനുഭവിക്കുന്നവർക്കും വേണ്ടസഹായങ്ങൾ നൽകുക എന്നതും. തുടക്കത്തിൽ ഇതിനുള്ള ശ്രമങ്ങൾ സമൂഹഅടുക്കളകളിലൂടെയും ഭക്ഷ്യകിറ്റുകളിലൂടെയും നൽകാൻ ശ്രമിച്ചെങ്കിലും അതൊരു താത്കാലിക പരിഹാരം മാത്രമായിരുന്നു. രാജ്യവ്യാപകമായി മഹാമാരിയുടെ സാഹചര്യങ്ങൾ വഷളായ അവസ്ഥയിൽ ക്രമേണ ഇത്തരം ഉത്തരവാദിത്തങ്ങളിൽനിന്നും സർക്കാർ പിൻവാങ്ങുകയാണ് ഉണ്ടായത്. സൗജന്യകിറ്റു വിതരണത്തിലേക്ക് സാമൂഹിക ഉത്തരവാദിത്തം ചുരുങ്ങി. ആരോഗ്യമേഖലയിലാകട്ടെ, സർക്കാർ ചെയ്യേണ്ടിയിരുന്ന അടിയന്തരസഹായം, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഉൾപ്പടെ, കാലങ്ങളായി നികത്തപ്പെടാതെകിടന്ന ആയിരക്കണക്കിന് ഒഴിവുകളിലേക്ക് സ്ഥിരം നിയമനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക എന്നതായിരുന്നു. എന്നാൽ അതിന് എന്ത് നടപടി കൈക്കൊണ്ടു? ഒന്നുമില്ല, പകരം താത്കാലികമായി കുറച്ചുപേരെ നിയമിച്ചു. ഫലമോ, അർപ്പണബോധത്തോടെ ജോലി ചെയ്ത ആരോഗ്യപ്രവർത്തകർക്ക് വേണ്ട വിശ്രമംപോലും അനുവദിക്കാതെ കൂടുതൽ ജോലി ചെയ്യേണ്ടിവന്നു. തുടർച്ചയായി ഏറ്റെടുക്കേണ്ടിവന്ന അമിതജോലിഭാരം, ആരോഗ്യപ്രവർത്തകരുടെ തന്നെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. നിരവധി ആരോഗ്യപ്രവർത്തകരെ രോഗം ബാധിച്ചു.
ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ആദ്യ എൽഡിഎഫ് സർക്കാരും രണ്ടാം സർക്കാരും ചെയ്തുപോരുന്നത്. ആരോഗ്യവകുപ്പിന്റെ മനുഷ്യവിഭവശേഷി വർധിപ്പിക്കുമെന്നുള്ള പ്രഖ്യാപനങ്ങളൊക്കെ കടലാസിൽ ഒതുങ്ങുന്നു. ആരോഗ്യപ്രവർത്തകരുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചകൾക്കും കാലതാമസങ്ങൾക്കും പരസ്യമായിവരെ അവരെ ശാസിച്ച് കൈയ്യടി വാങ്ങിയ മന്ത്രിമാർ, പക്ഷേ ആരോഗ്യവകുപ്പ് നേരിടുന്ന ആൾക്ഷാമം പരിഹരിക്കാൻ എന്തു നടപടിയെടുത്തു? കോവിഡിന്റെ ഒന്നാം തരംഗത്തെ അതിജീവിക്കാൻ ഗണ്യമായി പണിയെടുത്ത ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ ആത്മാർത്ഥതയില്ലാത്ത സമീപനമാണ് പിണറായി വിജയന്റെ ആദ്യത്തെയും ഇപ്പോളത്തെയും സർക്കാർ പുലർത്തിപ്പോന്നത് എന്നുതന്നെ പറയേണ്ടി വരുന്നു. രോഗത്തിന്റെ രണ്ടാം തരംഗത്തിലെ കൂടുതൽ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാനുള്ള പൊതുജനാരോഗ്യമേഖലയുടെ ശേഷിയെ വർധിപ്പിക്കുന്നതിനുപകരം, അതിനെ ദുർബ്ബലമാക്കി എന്നതാണ് സർക്കാരിന്റെ ആത്മാർത്ഥതയില്ലാത്ത സമീപനത്തിന്റെ പരിണതഫലം. ഓർക്കുക, കോവിഡിൽ പിടിച്ചുനിന്നു എന്നതിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തിന്റെ മികവല്ല പ്രകടമായത്. മറിച്ച്, അതിന്റെ പരിമിതികളും പരാധീനതകളും പുറത്തു വരികയാണ് ഉണ്ടായത്.
ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി രോഗത്തെ നേരിടുന്നതിനുപകരം, ലോക്ക്ഡൗൺ കർശനമാക്കി ജനങ്ങളെ നേരിടുന്ന നയമാണ് പിണറായി സർക്കാരുകൾ കൈക്കൊണ്ടത്. ഇതെത്രത്തോളം പരാജയമായി എന്നത് ഇന്ന് വിശദീകരിക്കേണ്ട കാര്യമില്ല. സർക്കാരിന് തത്വത്തിലെങ്കിലും നയം തിരുത്തേണ്ടിവന്നു. ഇത്തരത്തിലൊരു ആരോഗ്യപ്രതിസന്ധിയിൽ രോഗത്തെയാണ് നേരിടേണ്ടത്, അല്ലാതെ ജനങ്ങളെയല്ല എന്നതാണ് ഇവിടെ സർക്കാർ പഠിക്കേണ്ട അടുത്ത പാഠം.
കോവിഡിനെതിരായ പ്രവർത്തനങ്ങളുടെ നേതൃത്വം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തപ്പോൾ തന്നെ, ആരോഗ്യപ്രവർത്തകരേയും പൊതുജനങ്ങളെയും പിന്നണിയിലേക്ക് മാറ്റി പൊലീസിനും ഉന്നതഉദ്യോഗസ്ഥർക്കും മേൽക്കൈ നൽകുന്ന പ്രവണത ദൃശ്യമായിരുന്നു. ആരോഗ്യരംഗത്തെ വിദഗ്ദ്ധർക്കൊന്നും നയരൂപീകരണത്തിൽ സ്ഥാനമില്ലാത്ത അവസ്ഥ. ഡോക്ടർമാരുടേയൊ നഴ്‌സുമാരുടേയൊ സംഘടനകളുമായോ, ഐഎംഎ പോലെയുള്ളവരുമായോ പേരിനുപോലും കൂട്ടായ ചർച്ചയോ പ്രവർത്തനമോ നടത്താൻ സർക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥരും പൊലീസും സർക്കാരിന് വിശ്വാസമുള്ള ചില ഉപദേശകരും നയിച്ച വഴിയേ മാത്രമാണ് കാര്യങ്ങൾ പോയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ രാഷ്ട്രീയനേതൃത്വത്തിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിലേക്കായി. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആരംഭിച്ച 2021 മാർച്ച് മുതലുള്ള ഇതേ കാലത്ത്, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾപോലും ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തീരുമാനിക്കുന്നതു പോലെയായി കാര്യങ്ങൾ. ഇതാകട്ടെ, ഐഎംഎ അടക്കമുള്ള സംഘടനകളും ആരോഗ്യപ്രവർത്തകരും വിദഗ്ധരും പലവട്ടം പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടും നിർദ്ദേശങ്ങൾ നൽകിയിട്ടും, അത് കേൾക്കാൻകൂടി തയ്യാറാകാത്ത ധാർഷ്ട്യമാണ് സർക്കാർ പുലർത്തിയത്.


ആരോഗ്യസംവിധാനത്തിന്റെ കരുത്തു കൂട്ടുന്നതിനു പകരം, കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ജനങ്ങൾക്കുമേൽ കുതിരകയറാൻ പൊലീസിനെ അഴിച്ചുവിട്ടതുപോലെയായി കാര്യങ്ങൾ. ജീവിതദുരിതത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന സാധാരണക്കാരനു മേൽ നിർദ്ദയം പിഴ ചുമത്തുന്നതാണ് പ്രധാന പ്രതിരോധമത്രേ. ജനപക്ഷത്തുനിന്ന് ഇത് തടയുന്നതിനുപകരം ഈ ഉദ്യോഗസ്ഥ-പൊലീസ് മേധാവിത്വത്തെ പ്രോത്സാഹിപ്പിച്ചുകൊ ടുക്കുകയാണ് പിണറായി സർക്കാർ. ഇപ്പോഴും ഇത് തുടരുന്നു. ഇതാണ് ഓഗസ്റ്റ് ആദ്യവാരത്തിൽ, അശാസ്ത്രീയമായ ലോക്ക്ഡൗൺ നയത്തിൽ തിരുത്തൽ വരുത്താനുള്ള തീരുമാനം, ആരോഗ്യവകുപ്പുമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചതിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിലും കാണുന്നത്. എന്നാൽ ഉദ്യോഗസ്ഥരെ തിരുത്തുന്നതിനുപകരം അവർക്കുവഴങ്ങി കുടപിടിച്ചുകൊടുക്കുന്നതാണ് പിണറായി സർക്കാരിന്റെ സമീപനം. കോവിഡ് ഒരു ആരോഗ്യപ്രതിസന്ധിയാണ്, അല്ലാതെ പൊലീസിനെ ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഒരു ക്രമസമാധാനപ്രശ്‌നമല്ല, എന്ന തമിഴ്‌നാട് ധനകാര്യവകുപ്പുമന്ത്രി പളനിവേൽ ത്യാഗരാജന്റേതായി റിപ്പോർട്ട് ചെയ്യപ്പെട്ട അഭിപ്രായം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. പൊലീസിനെ ഉപയോഗിച്ച് നേരിടേണ്ട ഒന്നല്ല രോഗപ്പകർച്ച എന്നതും, അതിന് ജനത്തെ വിശ്വാസത്തിലെടുക്കുകയും പ്രതിരോധത്തിന്റെ നേതൃത്വം ആരോഗ്യരംഗത്തെ വിദഗ്ദ്ധർക്ക് നൽകിക്കൊണ്ട്, പൊലീസ് അടക്കമുള്ള ഭരണനിർവ്വഹണ സംവിധാനങ്ങൾ അവർക്ക് ആവശ്യമായ പിന്തുണ നൽകുകയുമാണ് വേണ്ടിയിരുന്നത് എന്നതാണ് മറന്ന ഒരു പ്രധാനപാഠം.

സർക്കാർ കയ്യൊഴിയുന്നു, സ്വകാര്യമേഖല ലാഭം കൊയ്യുന്നു

സർക്കാർ ഈ പാഠങ്ങൾ മറക്കുമ്പോൾ മറുവശത്ത് നേട്ടമുണ്ടാക്കുന്നതാര് എന്നത് കാണാതെ പോകരുത്. കഴിഞ്ഞ കോവിഡ് കാലത്തുതന്നെ ചികിത്സക്കും പരിശോധനകൾക്കും സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും അനുമതി ലഭിച്ചിരുന്നു. പക്ഷേ കോവിഡിന്റെ പേരിൽ യാതൊരു മാനദണ്ഡവുമില്ലാത്ത നിരക്കുകളാണ് സ്വകാര്യ ആശുപത്രികളും ലാബുകളും ജനങ്ങളിൽനിന്ന് ഈടാക്കിയത്. പ്രതിഷേധങ്ങളെയും കോടതി ഉത്തരവിനെയും തുടർന്ന് ഏകീകൃത നിരക്കുകൾ സർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. പക്ഷേ ഈ നിരക്കുകൾതന്നെയും നീതിക്കോ യുക്തിക്കോ നിരക്കുന്നതായിരുന്നില്ല. പക്ഷേ, ഇത്തവണ സർക്കാർ സംവിധാനത്തിൽ രോഗികളെ ഉൾക്കൊള്ളുന്നത് ചുരുക്കി അവരെ വീടുകളിലേക്ക് പറഞ്ഞയച്ചപ്പോൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ജനങ്ങൾ നിർബന്ധിതരായി. സർക്കാർതന്നെ പരിശോധനകൾകൂടി ചുരുക്കിയപ്പോഴും, നെഗറ്റീവ് ആയോ എന്നറിയാനുള്ള ടെസ്റ്റ് നടത്താതെ വന്നപ്പോഴും, ഇതൊക്കെ പണം മുടക്കി സ്വകാര്യ ലാബുകളിൽ ചെയ്യേണ്ടിവരുന്നു. കോവിഡ് കാലത്ത് മറ്റുരോഗങ്ങൾ കുറയുകയും, ചികിത്സക്കായി ജനങ്ങൾ പൊതുമേഖലയെ കൂടുതലായി ആശ്രയിച്ചുതുടങ്ങുകയും ചെയ്തപ്പോൾ കച്ചവടം കുറഞ്ഞ സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കച്ചവടം സൃഷ്ടിച്ചു കൊടുക്കുന്നതായി സർക്കാരിന്റെ നയങ്ങൾ. ചില മുതലാളിത്തരാജ്യങ്ങൾ ചെയ്തതു പോലെ, സ്വകാര്യ ആശുപത്രികളെയടക്കം താത്കാലികമായി സർക്കാർ ഏറ്റെടുത്ത് കോവിഡ് ചികിത്സയൊരുക്കണം എന്നുപോലും ചർച്ചവന്ന സ്ഥാനത്താണ്, ഇപ്പോൾ ചികിത്സക്കും പരിശോധനക്കുമായി സ്വകാര്യമേഖലയുടെ ലാഭക്കൊതിയെ ആശ്രയിക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടായിരിക്കുന്നത്. ഇതോടൊപ്പം, ഇപ്പോൾ കടയിൽ പോകാൻപോലും പരിശോധനയുടേയൊ വാക്‌സിനേഷന്റെയോ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും, എന്നാൽ ഇതിനുള്ള സൗകര്യം പൊതുമേഖലയിൽ ഇല്ലാതെയാക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾ ആർക്കാണ് ലാഭമുണ്ടാക്കുന്നത്? സ്വകാര്യ മൂലധനശക്തികൾക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള ഔത്സുക്യം ഒരു പുതിയ കാര്യമല്ല. ഇവിടെ അതിന് ജനങ്ങളുടെ ജീവന്റെ വിലയുണ്ട് എന്നു മാത്രം.

കുത്തഴിഞ്ഞ വാക്‌സിനേഷൻ

കോവിഡ് രോഗവ്യാപനത്തോട് ചേർത്തുതന്നെ പ്രതിരോധ കുത്തിവെയ്പ്പിന്റെ അവസ്ഥയും പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച്, 43 ശതമാനത്തിലധികംപേർക്ക് കേരളത്തിൽ ഒരു ഡോസ് വാക്‌സിനെങ്കിലും ലഭ്യമായിട്ടുണ്ട്. 18% പേർക്ക് രണ്ട് ഡോസും സ്വീകരിക്കാനായി. പക്ഷേ, സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യവാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും പ്രയോഗതലത്തിൽ അതല്ല അവസ്ഥ. ആദ്യഘട്ടത്തിൽ മുൻഗണന വിഭാഗങ്ങൾക്കുമാത്രം നൽകിയ വേളയിൽ താരതമ്യേന നല്ല രീതിയിൽ നടന്ന വാക്‌സിൻ വിതരണം ഇന്ന് കുത്തഴിഞ്ഞ അവസ്ഥയിലാണ്. താഴേത്തലത്തിലെ വാക്‌സിൻ വിതരണം ഏറെക്കുറെ വീതംവെപ്പായി മാറുന്നു. പലയിടത്തും വാക്‌സിൻ സ്റ്റോക്കില്ല എന്നുപറഞ്ഞ് സർക്കാർ സംവിധാനം കൈമലർത്തുമ്പോൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ യാതൊരു ക്ഷാമവുമില്ലാതെ വിലകൊടുത്തു വാങ്ങാവുന്ന വാക്‌സിൻ ലഭ്യമാകുന്നു. പല കാരണങ്ങൾ കൊണ്ടും നിശ്ചിതസമയത്ത് വാക്‌സിൻ എടുക്കേണ്ട ജനങ്ങൾക്ക് സർക്കാർ സംവിധാനത്തിൽ അത് ലഭ്യമാകാതെ സ്വകാര്യ ആശുപത്രികളുടെ കച്ചവടത്തിന് തല വെച്ചുകൊടുക്കേണ്ടിവരുന്നു. മറുവശത്ത് നേരായ വഴിയിൽ വാക്‌സിൻ ബുക്കുചെയ്യാനായി കാത്തിരിക്കുന്നവർ നിരാശരാകുന്നു. അവിടെയും ലാഭം സ്വകാര്യമേഖലയ്ക്ക് എന്നുറപ്പാക്കി കണ്ണടക്കുകയാണ് സർക്കാർ. പക്ഷേ വാക്‌സിനേഷന്റെ വേഗം ഇങ്ങനെ കുറയുമ്പോൾ, അർഹരായ അനവധിയാളുകൾ ഇനിയും വാക്‌സിനെടുക്കാതിരിക്കുമ്പോൾ, അത് രോഗത്തെ അതിജീവിക്കാനുള്ള സമൂഹത്തിന്റെ ശേഷിയെയാണ് ബാധിക്കുന്നത്.

സർക്കാർ ജനവിരുദ്ധസമീപനം തിരുത്തിയേ മതിയാകൂ

ആരോഗ്യപ്രവർത്തകരും എല്ലാവിഭാഗം ജനങ്ങളും ഒത്തുചേർന്ന് കോവിഡിന്റെ ഒന്നാം ഘട്ടത്തെ നേരിട്ടപ്പോൾ അത് തന്റെയും തന്റെ പാർട്ടിയുടെയും മാത്രം പ്രവർത്തനമായി ചുരുക്കി തെരഞ്ഞെടുപ്പ് നേട്ടത്തിനുള്ള പ്രചാരണമായി മാറ്റുകയല്ലേ മുഖ്യമന്ത്രി ചെയ്തത്? കേന്ദ്രസർക്കാരിന്റെ മാതൃകയിലുള്ള പ്രചാരണ പ്രവർത്തനങ്ങ ളല്ല, ജനപക്ഷത്തുനിന്നുള്ള പ്രവൃത്തിയാണ് കേരളം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. സർക്കാരിലും പൊതുജനാരോഗ്യസംവിധാനത്തിലും ജനങ്ങൾക്കുള്ള വിശ്വാസവും, തിരികെ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള സർക്കാർ നടപടികളുമാണ് ഫലപ്രദമായി കോവിഡ് പ്രതിസന്ധിയെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗം. എന്നാൽ ജനങ്ങളുടെ വിശ്വാസം തകർക്കുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. ഇതുകൊണ്ട് ആത്യന്തികമായി നേട്ടമുണ്ടാക്കുന്നത്, ആരോഗ്യമേഖലയിലെ സ്വകാര്യ ലോബികളും മൂലധന ശക്തികളുമാണ്. ഇത് അംഗീകരിക്കാൻ പറ്റില്ല. ഇത്തരം സമീപനവും നയവും പ്രവൃത്തിയും തിരുത്തിയേ മതിയാകൂ. മഹാമാരിയെ ചെറുക്കാൻ ആരോഗ്യരംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിക്കുന്ന നയവും പരിപാടിയും, അത് നടപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ജനങ്ങളെയും ഒരുമിച്ചു ചേർത്തുകൊണ്ടുളള പ്രവർത്തനവുമാണ് ആവശ്യം. യുദ്ധകാലാടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിലെ ഒഴിവുകൾ നികത്തി പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള അടിയന്തര നടപടികൾ ഒപ്പം സർക്കാർ കൈക്കൊള്ളണം. കോവിഡ് സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രതിസന്ധിയെ കൂട്ടായി നമുക്ക് മറികടക്കുന്നതിനായി നിലവിലെ ജനവിരുദ്ധ സമീപനം തിരുത്തി, ഈ ജനകീയസമീപനത്തിലേക്ക് സർക്കാർ എത്തണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

Share this post

scroll to top