ഇൻഡ്യാ മാർച്ച് ഫോർ സയൻസ്

bss-tvm-3.jpg
Share

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ശാസ്ത്രജ്ഞരും ഗവേഷകരും അദ്ധ്യാപകരും, വിദ്യാർത്ഥികളും, ശാസ്ത്രസ്‌നേഹികളുമടങ്ങുന്ന ശാസ്ത്രസമൂഹം തെരുവിൽ അണിനിരന്നു. ഇൻഡ്യ മാർച്ച് ഫോർ സയൻസ് എന്ന ബാനറിൻ കീഴിൽ, ആഗസ്റ്റ് 9-ന്, ന്യൂഡൽഹി, മുബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, തിരുവനന്തപുരം, അലഹബാദ്, പോണ്ടിച്ചേരി, പൂനെ, ഹൈദരാബാദ്, തിരുപ്പതി, അഹമ്മദാബാദ്, ഭുവനേശ്വർ, ഭോപ്പാൽ, അഗർത്തല തുടങ്ങി 40 നഗരങ്ങളിൽ അവർ അണിനിരന്നു. സ്‌പെയ്ൻ, കാനഡ, ജർമ്മനി, ആസ്‌ട്രേലിയ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും വ്യത്യസ്ത നഗരങ്ങളിൽ ഇൻഡ്യ മാർച്ച് ഫോർ സയൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്രജ്ഞരും ഗവേഷകരും അണിനിരന്ന പരിപാടികൾ നടന്നു.
നാല് ആവശ്യങ്ങളാണ് മാർച്ച് ഉന്നയിച്ചത്: 1) ദേശീയ വരുമാനത്തിന്റെ 3 ശതമാനം ശാസ്ത്ര സാങ്കേതിക ഗവേഷണത്തിനായി നീക്കിവയ്ക്കുക, 2) അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടെയും മതപരമായ അസഹിഷ്ണുതയുടെയും പ്രചാരണം അവസാനിപ്പിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 51 (എ)ക്ക് അനുരോധമായി ശാസ്ത്രീയ മനോഭാവവും മാനുഷികമൂല്യങ്ങളും അന്വേഷണ ത്വരയും വളർത്തിയെടുക്കുകയും ചെയ്യുക, 3) വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ശാസ്ത്രീയ തെളിവുകളുടെ പിൻബലമുള്ള ആശയങ്ങൾ മാത്രം പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. 4) എല്ലാ സർക്കാർ നയങ്ങളും തെളിവുകളെ ആധാരമാക്കിയുള്ള ശാസ്ത്രത്തെ അടിസ്ഥാനമാക്കി രൂപീകരിക്കുക.

മാർച്ച് ഫോർ സയൻസ് ആഹ്വാനം ചെയ്തത് ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞരാണ്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസിലെ ജനിതകശാസ്ത്ര പ്രൊഫസർ എസ്.മഹാദേവൻ, ഉയർന്ന ഗണിതത്തിനുള്ള ദേശീയ ബോർഡിന്റെ മുൻ ചെയർമാനും മുംബൈ ടാറ്റാ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽനിന്ന് റിട്ടയർ ചെയ്തയാളുമായ എസ്.ജി.ഡാനി, ലക്‌നൗ കേന്ദ്ര ഔഷധ ഗവേഷണ ഇൻസ്റ്റിസ്റ്റ്യൂട്ട് മുൻ ഡയറക്ടറും പദ്മശ്രീ നിത്യ ആനന്ദ്, കൽക്കട്ട സർവകലാശാല റിട്ടയേഡ് പ്രൊഫസർ പ്രശസ്ത ഭൗമശാസ്ത്രജ്ഞൻ ധ്രുവമുഖർജി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ്ചാൻസലറും ശാസ്ത്രജ്ഞനുമായ ഡോ.കെ.ബാബു ജോസഫ്, കൽക്കട്ടയിലെ ശാസ്ത്ര അഭിരുചിയുടെ വളർച്ചക്കുള്ള ഇന്ത്യൻ അസോസിയേഷന്റെ മുൻ ഡയറക്ടർ ദേബാശിശ് മുഖർജി, കൽക്കട്ട ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ റിസർച്ചിലെ പ്രൊഫസർ സൗമിത്രൊ ബാനർജി, ഡൽഹി ജെഎൻയുവിൽ പശ്ചിമേഷ്യൻ പഠനകേന്ദ്രത്തിലെ പ്രൊഫസർ എ.കെ.രാമകൃഷ്ണൻ, ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസിലെ തന്മാത്രാ ജീവഭൗതികം പ്രൊഫസർ എം.ആർ.എൻ.മൂർത്തി, ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസിലെ മനുഷ്യജനിതക കേന്ദ്രത്തിലെ പ്രൊഫസർ വിജയാനന്ദ് നഞ്ചുണ്ടയ്യ, പ്രശസ്ത ശാസ്ത്രപ്രചാരകനും അധ്യാപകനുമായ അരവിന്ദ് ഗുപ്ത, കോട്ടയം എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ കെ.എം.സീതി തുടങ്ങി നൂറിൽപരം പ്രഗൽഭരായ ശാസ്ത്രജ്ഞരും, ഗവേഷണ സ്ഥാപനങ്ങൾക്കും ഗവേഷകവിദ്യാർത്ഥികൾക്കും നേതൃത്വം നൽകുന്നവരും സംയുക്തമായാണ് ഇൻഡ്യാ മാർച്ച് ഫോർ സയൻസിനുവേണ്ടിയുള്ള ആഹ്വാനം നൽകിയത്.

ബ്രേക്ത്രൂ സയൻസ് സൊസൈറ്റി, ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക്, ആസ്‌ട്രോ കേരള, ഉൾപ്പടെയുള്ള ശാസ്ത്രസംഘടനകളും സച്ചിദാനന്ദനും എൻ.എസ്.മാധവനും സക്കറിയയും സാറാ ജോസഫും ഉൾപ്പെടെയുള്ള പ്രമുഖ എഴുത്തുകാർ നേതൃത്വം നൽകുന്ന ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം അടക്കമുള്ള സാംസ്‌കാരിക സംഘടനകളും മാർച്ച് ഫോർ സയൻസ് വിജയിപ്പിക്കാനായി മുന്നിട്ടിറങ്ങി.
സാർവ്വദേശീയമായി ശാസ്ത്രലോകത്ത് ഉയർന്നുവന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗവുമാണ് ഇൻഡ്യാ മാർച്ച് ഫോർ സയൻസ്. ഇക്കഴിഞ്ഞ ഏപ്രിൽ 22 ന്, യുഎസിലും, യൂറോപ്പിലും, ലാറ്റിൻ അമേരിക്കയിലുമായി 600 ഓളം നഗരങ്ങളിൽ സമാന ആവശ്യങ്ങൾ ഉയർത്തി പത്ത് ലക്ഷത്തോളം ആളുകൾ പങ്കെടുത്ത മാർച്ച് ഫോർസയൻസ് നടന്നിരുന്നു.

ഐഎസ്ആർഒയിൽ എൽപിഎസ്‌സി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശാസ്ത്രജ്ഞൻ പി.രാധാകൃഷ്ണൻ ചെയർമാനും ശാസ്ത്ര പ്രചാരകനായ പ്രൊഫ. സി.പി.അരവിന്ദാക്ഷൻ, സി-ഡാക് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആസ്‌ട്രോ കേരള പ്രസിഡന്റ് ഡി.കൃഷ്ണവാരിയർ, ബ്രേക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജി.എസ്.പത്മകുമാർ, യൂണിവേഴ്‌സിറ്റി കോളജ് ഫിസിക്‌സ് വിഭാഗം തലവനായിരുന്ന പ്രൊഫസർ ഗിരീഷ് എന്നിവർ വൈസ് പ്രസിഡന്റുമാരും, കോട്ടയം ആർ.ഐ.റ്റി എഞ്ചിനീയറിംഗ് കോളേജിലെ റിട്ടയേഡ് പ്രൊഫസർ പി.എൻ.തങ്കച്ചൻ ജനറൽ കൺവീനറും ഗോമതി, ഷാജി ആൽബർട്, പ്രൊഫ.ബിജു ലോംഗിനോസ്, ഷാജി, ശ്രീരാഗ്, മനു, എന്നിവർ കൺവീനർമാരും ജ്യോതിസ് ബാബു ട്രഷററുമായി രൂപീകരിച്ച സംഘാടകസമിതിയാണ് കേരളത്തിൽ മാർച്ച് ഫോർ സയൻസിന് നേതൃത്വം നൽകിയത്.
മാർച്ച് ഉയർത്തുന്ന ആവശ്യങ്ങൾ, പ്രത്യേകിച്ചും ശാസ്ത്രീയ മനോഭാവം വളർത്തേണ്ടതിന്റെ ആവശ്യകത, വിശദീകരിച്ചുകൊണ്ടുള്ള വ്യാപകമായ പ്രചാരണം മാർച്ചിന് മുന്നോടിയായി കേരളമെമ്പാടും നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണസ്ഥാപനങ്ങളിലും നടന്ന സെമിനാറുകളും ക്ലാസ്സുകളും, ശാസ്ത്രതല്പരർ അണിനിരന്ന് വിവിധ ജില്ലാകേന്ദ്രങ്ങളിൽ നടന്ന വിളംബരജാഥകൾ, സയൻസ് മാജിക്, വിശദീകരണയോഗങ്ങൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ അതിന്റെ ഭാഗമായി നടന്നു.

ആഗസ്റ്റ് 9-ന് തിരുവനന്തപുരത്ത് നടന്ന മാർച്ച് എംജി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐഐഎസ്ടി അദ്ധ്യാപകൻ ഉമേഷ് കഥാനെയുടെ പ്രഭാഷണത്തെത്തുടർന്ന് നടന്ന യോഗത്തിൽ പ്രൊഫ.പി.എൻ.തങ്കച്ചൻ, പ്രൊഫ.ഇന്ദുലാൽ എന്നിവർ സംസാരിച്ചു. ശാസ്ത്രഗവേഷകരും വിദ്യാർത്ഥികളും അദ്ധ്യാപകരും സാംസ്‌കാരിക പ്രവർത്തകരും വിവിധ തുറകളിൽ നിന്നുള്ള ശാസ്ത്രസ്‌നേഹികളുമുൾപ്പെടെ ആയിരത്തോളം പേർ അണിനിരന്ന മാർച്ച് പബ്ലിക് ലൈബ്രറിക്ക് മുന്നിൽ നിന്ന് ആരംഭിച്ച് കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിന് മുന്നിൽ സമാപിച്ചു. അവിടെ നടന്ന യോഗത്തിൽ ഡി.കൃഷ്ണവാര്യർ, പ്രൊഫ.സി.പി.അരവിന്ദാക്ഷൻ, ജി.എസ്.പത്മകുമാർ, പ്രൊഫ.ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യവ്യാപകമായി നടക്കുന്ന മാർച്ച് ഫോർ സയൻസ് കേവലം ഒരു പ്രകടനത്തിൽ അവസാനിക്കുന്ന പരിപാടിയല്ലെന്നും, ശാസ്ത്രത്തെയും ശാസ്ത്രീയമനോഭാവത്തെയും സംരക്ഷിക്കാൻ വേണ്ടിയുള്ള ബൃഹത്തായ പ്രസ്ഥാനത്തിന്റെ ഒരു ചുവടുവെപ്പ് മാത്രമാണെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗത്തിലും പെടുന്ന ശാസ്ത്രസ്‌നേഹികളുടെ സജീവ പങ്കാളിത്തത്തോടെ അത്തരമൊരു പ്രസ്ഥാനം വളർത്തിയെടുക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് മാർച്ച് അവസാനിച്ചത്. ഭരണാധികാരികളുടെ ഒത്താശയോടെ അന്ധതയും അസഹിഷ്ണുതയും വളർത്തുന്ന ശക്തികൾ ഒരു ജനാധിപത്യസമൂഹമെന്ന നിലയിലുളള നമ്മുടെ നിലനില്പിനെത്തന്നെ വെല്ലുവിളിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രസമൂഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം പുരോഗമന ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവേശദായകമാണ്.

Share this post

scroll to top