ഉത്തര കൊറിയയ്ക്കുമേൽ അമേരിക്കയുടെ യുദ്ധഭീഷണി

Procession-of-Communist-Party-in-North-Korea-against-threat-Of-American-Imperialism-3.jpg
Share

സോഷ്യലിസ്റ്റ് രാജ്യമായ ഡമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ(ഡി.പി.ആർ.കെ) അഥവാ ഉത്തര കൊറിയയെ തകർക്കുവാൻവേണ്ടി കുറച്ചു കാലങ്ങളായി അമേരിക്കൻ സാമ്രാജ്യത്വശക്തികൾ വിവിധ മാർഗ്ഗങ്ങളിലൂടെ ശ്രമിക്കുകയാണ്. കഠിനമായ സാമ്പത്തിക ഉപരോധത്തിലൂടെയും സൈനികമായ വലയം ശക്തമാക്കിക്കൊണ്ടും ഈ ചെറിയ രാജ്യത്തെ മുട്ടുകുത്തിക്കുവാൻ അവർ എവ്വിധവും പയറ്റുകയാണ്. യഥാർത്ഥത്തിൽ, കൊറിയൻ ഉപദ്വീപിൽ വൻതോതിൽ ആയുധവിന്യാസം നടത്തിക്കൊണ്ട് അമേരിക്കൻ സാമ്രാജ്യത്വം യുദ്ധ സാഹചര്യത്തിന്റേതായ സംഘർഷാവസ്ഥ വളർത്തിക്കൊണ്ടിരിക്കുന്നു.

ഇപ്പോഴാകട്ടെ, ഏകദേശം 30,000 വരുന്ന അമേരിക്കൻ സൈന്യം തെക്കൻ കൊറിയയിലും 50,000 ത്തോളം സൈന്യം ജപ്പാനിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. അണുവായുധ സന്നാഹങ്ങളോടുകൂടിയ അമേരിക്കയുടെ ഭീമൻ യുദ്ധക്കപ്പലുകൾ ചൈനയുടെ തെക്കൻ കടലിൽ റോന്തുചുറ്റുന്നുണ്ട്. അണുവായുധ ശേഷിയുള്ള അമേരിക്കൻ ബി-ഐ.ബി സുപ്പർ സോണിക്ക് ബോംബറുകൾ കൊറിയൻ ഉപദ്വീപിൽ പതിവായ ആക്രമണ സന്നാഹങ്ങൾ നടത്തുന്നു. അവസരം ലഭിക്കുന്ന മാത്രയിൽ, ഈ ചെറിയ രാജ്യത്തെ കീഴ്‌പ്പെടുത്തുവാനുള്ള സൈനിക നീക്കങ്ങളാണ് യുദ്ധവെറിയൻമാരായ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്നതെന്ന് വ്യക്തമാണ്. എന്നാൽ ലിബിയയെയോ ഇറാഖിനെയോ പോലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കെണിയിൽ വീഴുവാൻ ഉത്തരകൊറിയ വിസമ്മതിക്കുന്നുവെന്നതിനാൽ അമേരിക്കയുടെ കുത്സിതനീക്കങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. അമേരിക്കയുടെ ചതിപ്രയോഗത്തിൽ വീണുപോയ ഇതര രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഉത്തരകൊറിയ, സ്വയം പ്രതിരോധത്തിനാവശ്യമായ അണുബോംബുകളും മിസൈലുകളുമടക്കമുള്ള ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. ലോകമെമ്പാടും തങ്ങളുടെ ദുരയ്ക്കനുസൃതമായി കൊള്ളയടിക്കുവാനും കാൽക്കീഴിൽകൊണ്ടുവരുവാനുമാഗ്രഹിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശശ്രമങ്ങൾക്ക് വഴിപ്പെടാത്ത ഉത്തരകൊറിയയുടെ നിലപാട്, തീർച്ചയായും അമേരിക്കയെ സംബന്ധിച്ചിടത്തോളം ശരീരത്തിൽ തറച്ച മുള്ളു പോലെ ദുസ്സഹമാണ്. ഏറ്റവുമവസാനം ഉത്തരകൊറിയ, വളരെ ദൂരം സഞ്ചരിക്കുവാൻ ശേഷിയുള്ള അന്തർ ഭൂഖണ്ഡ ബാലിസ്റ്റിക് മിസൈലുകളുടെ(കഇആങ) ശ്രേണിയും ശക്തമായ അണുബോംബുകളും വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഇതിനെ തുടർന്ന്, അമേരിക്കൻ സാമ്രാജ്യത്വം, പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വാക്കുകളും പ്രവൃത്തികളുംകൊണ്ട് ഉത്തരകൊറിയയോടുള്ള വൈരം അതിന്റെ ഉച്ചസ്ഥായിയിൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം ഇരന്നുവാങ്ങുന്നു, സമാധാനത്തിന് ഭീഷണിയാകുന്നു തുടങ്ങിയ വാദങ്ങൾ ഉത്തരകൊറിയയ്‌ക്കെതിരെ നിരത്തിക്കൊണ്ട് അമേരിക്കയും സഖ്യകക്ഷികളും ദുഷ്പ്രചരണം നടത്തുകയും ഐക്യരാഷ്ട്ര സംഘടനയുമായി ചേർന്ന് ഈ ചെറിയ സോഷ്യലിസ്റ്റ് രാജ്യത്തിന് നേരെ നിർദ്ദയമായ നിലപാടുകളെടുക്കുകയും യുദ്ധഭീഷണിയ്ക്ക്(വിർച്വൽ വാർ) ആക്കം കൂട്ടുകയും ചെയ്യുന്നു. ആധുനികമായ അണുവായുധങ്ങൾ വികസിപ്പിക്കുന്നതവസാനിപ്പിച്ച് കീഴടങ്ങിയില്ലെങ്കിൽ ലോകമിന്നുവരെ കണ്ടിട്ടില്ലാത്ത ആക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഉത്തരകൊറിയയെ അവർ ഭീഷണിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ്, യു.എന്നിലെ തന്റെ ആദ്യപ്രസംഗത്തിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് ട്രംപ്, ഉത്തരകൊറിയയെ തങ്ങൾ തകർത്തെറിയുമെന്ന് ആക്രോശിക്കുകയുണ്ടായി. ബൂർഷ്വാ മാധ്യമങ്ങളാകട്ടെ, ഉത്തരകൊറിയ ഉന്മാദിയായ ഒരു രാജ്യമാണെന്നും അതിനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അനുപേക്ഷണീയമാണെന്നും പേർത്തും പേർത്തും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ജനങ്ങളുടെ താത്പ്പര്യങ്ങൾക്ക് വിപരീതമായി, സൈനിക ശക്തി വികസിപ്പിച്ചുകൊണ്ടിരിക്കുകയും ജനങ്ങളെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയുമാണെന്ന കപടപ്രചാരണവും കെട്ടഴിച്ച് വിട്ടിരിക്കുന്നു. ഉത്തരകൊറിയൻ ഗവൺമെന്റ് നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളെന്ന പേരിലുള്ള കെട്ടിച്ചമച്ച കഥകളും അവിടുത്തെ പ്രസിഡന്റിനെ വ്യക്തിഹത്യനടത്തുന്ന വിധത്തിലുള്ള പ്രചരണങ്ങളും കൊണ്ടുപിടിച്ച ഈ കപട പ്രചരണങ്ങളുടെ ഭാഗമായി വന്നുകൊണ്ടിരിക്കുകയാണ്. തുല്യാവകാശങ്ങളുടെയും ജനങ്ങളുടെ സ്വയംനിർണ്ണയാധികാരത്തിന്റെയും അടിസ്ഥാനത്തിൽ ലോകസമാധാനവും അന്തർദേശീയ ബന്ധങ്ങളും പരിപാലിക്കുവാനായി സ്ഥാപിതമായ ഐക്യരാഷ്ട്ര സഭയുടെ പങ്കാണിതിൽ ഏറ്റവും ജുഗുപ്‌സാവഹം. ഇതരരാഷ്ട്രങ്ങളുടെ സ്വയംഭരണാവകാശത്തിന്മേൽ അമേരിക്ക നടത്തുന്ന കടന്നാക്രമണങ്ങളെയോ, നിയമവിരുദ്ധമായി നടത്തുന്ന അതിർത്തികൈയേങ്ങളെയോ യുദ്ധങ്ങളെയോ കൊള്ളയടികളെയോ ചെറുക്കുവാനോ അപലപിക്കുവാനോ ഐക്യരാഷ്ട്ര സഭ തയ്യാറാകുന്നില്ലയെന്നു മാത്രമല്ല, പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം വിസ്മരിച്ചുകൊണ്ട് അമേരിക്കൻ സാമ്രാജ്യത്വ ദുരയ്ക്ക് മുന്നിൽ ഒരു റബർ സ്റ്റാംപ് പോലെ യുഎൻ പ്രവർത്തിക്കുന്നു. ഉത്തരകൊറിയയ്ക്ക് മേൽ അമേരിക്ക നടത്തുന്ന കലാപശ്രമങ്ങളെ സംബന്ധിച്ചും ഇതുതന്നെയാണ് യു.എന്നിന്റെ നിലപാട്. നീതിയുടെ ചിഹ്നമുയർത്താനെന്ന വ്യാജേന അമേരിക്കൻ കടന്നാക്രമണങ്ങളെ യുഎൻ ന്യായീകരിക്കുകയാണ്. പ്രതിവിപ്ലവത്തിന് ശേഷം മുതലാളിത്ത രാഷ്ട്രങ്ങളായി മാറിയ റഷ്യയും ചൈനയും ഉത്തരകൊറിയയുടെ അണുവായുധ ശേഷിയെ പഴിചാരിക്കൊണ്ട് ആ രാഷ്ട്രത്തെ തള്ളിപറഞ്ഞിരിക്കുന്നു. ഫലത്തിൽ, പെന്റഗണിന്റെ യുദ്ധഭീഷണിയ്ക്ക് ഉത്തരകൊറിയയെ എറിഞ്ഞുകൊടുക്കുന്ന നിലപാട് തന്നെയാണ് അവരും അനുവർത്തിച്ചിരിക്കുന്നത്. സോഷ്യലിസ്റ്റ് സഹവർത്തിത്വമല്ല, മറിച്ച് സാമ്രാജ്യത്വ വിപണി താത്പ്പര്യങ്ങളാണ് ഇവിടെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ഏകധ്രുവ ലോകത്തിൽ, അമേരിക്കൻ സാമ്രാജ്യത്വത്വത്തിന്റെ യുദ്ധവെറിയ്ക്കു മുൻപിൽ മാതൃരാജ്യത്തെയും സോഷ്യലിസത്തെയും സംരക്ഷിക്കുവാൻ അമേരിക്കൻ യുദ്ധയന്ത്രങ്ങളോട് കിടപിടിക്കുന്ന സന്നാഹങ്ങളൊരുക്കുകയല്ലാതെ മറ്റെന്താണ് ഉത്തരകൊറിയയ്ക്ക് ചെയ്യാനാകുക.

യുദ്ധത്തെയും സമാധാനത്തെയും സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ

യുദ്ധത്തെയും സമാധാനത്തെയും സംബന്ധിച്ച് ചർച്ച ചെയ്യുമ്പോൾ, ഈ വിഷയത്തിൽ സോഷ്യലിസ്റ്റ് ഉത്തരകൊറിയയുടെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇതഃപര്യന്തമുള്ള ചരിത്രം കൂടി പരിശോധനാ വിധേയമാക്കേണ്ടതായുണ്ട്. ഏതെങ്കിലുമൊരു രാജ്യത്തെ, ഏതെങ്കിലുമവസരത്തിൽ, ഉത്തരകൊറിയ ആക്രമിച്ചിട്ടുണ്ടോ? എന്തെങ്കിലും കപടവാദമുയർത്തിക്കൊണ്ട്, ഏതെങ്കിലുമൊരു രാഷ്ട്രത്തിന്റെ പരമാധികാരത്തെ ഉത്തരകൊറിയ ധ്വംസിക്കുകയോ കൈകടത്തുകയോ ചെയ്തിട്ടുണ്ടോ? തങ്ങളുടെ രാസായുധങ്ങളോ ആണവായുധങ്ങളോ അവർ ഏതെങ്കിലും രാജ്യത്തിന് മേൽ പ്രയോഗിക്കുകയോ നിഷ്‌കളങ്കരായ ലക്ഷോപലക്ഷം പൗരന്മാരെ കൊന്നൊടുക്കുകയോ ചെയ്തിട്ടുണ്ടോ? മറ്റ് രാജ്യങ്ങളെ ആക്രമിക്കുവാനായി, ലോകം മുഴുവൻ സൈന്യത്തെ വിന്യസിക്കുവാൻ ഏതെങ്കിലും ഉത്തരകൊറിയൻ പ്രസിഡന്റ് തുനിഞ്ഞിട്ടുണ്ടോ? തങ്ങളുടെ അനുശാസനങ്ങൾക്ക് വഴങ്ങുന്നില്ലെന്നോ, അല്ലെങ്കിൽ തങ്ങൾക്ക് അഹിതമായത് പ്രവർത്തിക്കുന്നെന്നോ പറഞ്ഞ് ഏതെങ്കിലും രാഷ്ട്രത്തെ അവർ യുദ്ധഭീഷണിയിൽ നിർത്തുന്നുണ്ടോ? മറ്റ് രാഷ്ട്രങ്ങൾക്ക് മേൽ അണുവായുധ ഭീഷണി ഉയർത്തുന്നുണ്ടോ? രാഷ്ട്രങ്ങളുടെ വൈമാനികപരിധി ലംഘിച്ചുകൊണ്ട് യുദ്ധവിമാനങ്ങൾ പറത്തുന്നുണ്ടോ? അണുവായുധ വാഹിനികളായ നാവികപ്പട ഉപയോഗിച്ച് മറ്റ് രാഷ്ട്രങ്ങളുടെ തീരങ്ങളിൽ റോന്തു ചുറ്റുന്നുണ്ടോ? ഇതരരാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനുംമേൽ എന്നെങ്കിലും ഉത്തരകൊറിയ കടന്നുകയറിയിട്ടുണ്ടോ? ഏതെങ്കിലും രാഷ്ട്രത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ ഉത്തരകൊറിയ ചതിപ്രയോഗത്തിലൂടെ പുറത്താക്കിയിട്ടുണ്ടോ, വധിച്ചിട്ടുണ്ടോ? തങ്ങളുടെ ചാരന്മാരെ ഉപയോഗിച്ചോ, തത്പ്പരകക്ഷികളെ സ്വാധീനിച്ചോ, സൈനിക നീക്കത്തിലൂടെ ഉത്തരകൊറിയൻ ഭരണകൂടം, ഏതെങ്കിലും രാഷ്ട്രത്തിലെ ഭരണസംവിധാനങ്ങളെ അട്ടിമറിച്ചിട്ടുണ്ടോ? ഇതര രാഷ്ട്രങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്തുവാനുള്ള അട്ടിമറി പ്രവർത്തനങ്ങളിലോ ആഭ്യന്തരകലാപങ്ങൾക്ക് അരങ്ങൊരുക്കുന്ന പ്രവൃത്തികളിലോ ഉത്തരകൊറിയ ഏർപ്പെട്ടതായി അറിവുണ്ടോ? തങ്ങളുടെ താത്പ്പര്യങ്ങൾക്ക് വിരുദ്ധമായ നയങ്ങൾ അനുവർത്തിക്കുന്നുവെന്ന പേരിൽ ഏതെങ്കിലും രാഷ്ട്രത്തിനു മേൽ ഉത്തരകൊറിയ സാമ്പത്തിക-സൈനിക ഉപരോധങ്ങൾ ഏർപ്പെടുത്താറുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒരൊറ്റ മറുപടിയേ ഉള്ളൂ-ഇല്ല.

ഇതിന് നേർവിപരീതമായി, അമേരിക്കൻ സാമ്രാജ്യത്വമാകട്ടെ, ഇത്തരം ഹീനമായ എല്ലാ കുറ്റകൃത്യങ്ങളിലും പ്രതിയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവർ 70 യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ യുദ്ധഭീകരതയ്ക്കിരയാക്കപ്പെട്ട 37 രാജ്യങ്ങളിലെ 20 ദശലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്. വിദേശമണ്ണിൽ അണുബോംബ് നിക്ഷേപിച്ച്, ഒരു നിമിഷാർദ്ധം കൊണ്ട് രണ്ടു ലക്ഷം നിഷ്‌കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുകയും തലമുറകളെ റേഡിയേഷൻ മൂലമുണ്ടാകുന്ന വൈകല്യങ്ങളിലേക്കും രോഗങ്ങളിലേക്കും തള്ളിവിടുകയും ചെയ്ത ഏക ലോകരാഷ്ട്രം അമേരിക്കയാണ്. 1950കളിലെ കൊറിയൻ യുദ്ധത്തിലും 1960കളിലെയും 70കളിലെയും വിയറ്റ്‌നാം യുദ്ധത്തിലും പിന്നീട് നടന്ന ലിബിയയിലെയും ഇറാഖിലെയും യുദ്ധങ്ങളിലും വൻ പ്രഹരശേഷിയുള്ള, കൂട്ട നശീകരണ ശക്തിയുള്ള ആയുധങ്ങൾ ഉപയോഗിച്ചതിൽ അതാതു കാലങ്ങളിലെ അമേരിക്കൻ പ്രസിഡന്റുമാർ കുറ്റവാളികളാണെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. 70 രാജ്യങ്ങളിലായി അവർ എണ്ണൂറോളം സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, എല്ലാ ലോകരാഷ്ട്രങ്ങളും അവരുടെ മിസൈൽ റേഞ്ചിനുള്ളിലാണ്. ദക്ഷിണകൊറിയയിൽ മാത്രം അവർക്ക് 38സൈനിക കേന്ദ്രങ്ങളാണുള്ളത്. 150 ലോകരാഷ്ട്രങ്ങളിൽ അവരുടെ ആധുനികയുദ്ധ സന്നാഹങ്ങളും പീരങ്കിപ്പടയും വിന്യസിക്കപ്പെട്ടിട്ടുണ്ട്. മൂന്നുലക്ഷത്തോളം അമേരിക്കൻ സൈനികർ ഈ മേഖലകളിൽ സദാസമയവും നിയോഗിക്കപ്പെട്ടിരിക്കുന്നു. ഏതൊരു രാഷ്ട്രവും തങ്ങളുടെ ശത്രുരാഷ്ട്രമാണ്, മറിച്ച് തെളിയിക്കപ്പെടാത്തിടത്തോളം, എന്ന് അമേരിക്കൻ സാമ്രാജ്യത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക-സൈനിക താത്പ്പര്യങ്ങൾക്ക് വഴിപ്പെടാത്ത ഏത് രാഷ്ട്രവും ശത്രുരാഷ്ട്രമായി ഗണിക്കപ്പെടുമെന്ന് തന്നെയാണ് ഈ പ്രഖ്യാപനം അർത്ഥമാക്കുന്നത്. പെന്റഗണിന്റെ ഉപജാപഫലമായാണ് പ്രാദേശികയുദ്ധങ്ങളും പല കലാപങ്ങളും സൈനികമായ കടന്നുകയറ്റങ്ങളും രാജ്യന്തരവൈരങ്ങളും ഉണ്ടാകുന്നത്. നിഷ്‌കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുന്നതിൽ, രാജ്യാതിർത്തികളിൽ നിഷ്‌ക്കരുണമായ ആക്രമണങ്ങൾ നടത്തുന്നതിൽ, അട്ടിമറിപ്രവർത്തനങ്ങളിൽ, രാജ്യാധിപന്മാരെ അട്ടിമറിക്കുന്നതിലും കൊലചെയ്യുന്നതിലുമൊക്കെ ഭയാനകമായ റെക്കോർഡ് തന്നെ അമേരിക്കൻ സാമ്രാജ്യത്വം സൃഷ്ടിച്ചിട്ടുണ്ട്. ജനാധിപത്യം കയറ്റുമതി ചെയ്യുക, അപരിഷ്‌കൃതരെ നാഗരികരാക്കുക തുടങ്ങിയ ചെല്ലപ്പേരുകളിൽ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി(ഇകഅ), ഡിഫൻസ് ഇന്റലിജൻസ് ഏജൻസി(ഉകഅ) പോലെയുള്ള കുപ്രസിദ്ധ രഹസ്യ സർവ്വീസുകളിലൂടെ, വൻ തോതിലുള്ള ചാരപ്രവർത്തികളാണ് അവർ ചെയ്തുപോകുന്നത്. അവർ നടത്തിയിട്ടുള്ള കരാളകൃത്യങ്ങളുടെ പട്ടിക വിവരിക്കുവാൻ സ്ഥലം മതിയാകില്ല.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ, ആരാണ് യഥാർത്ഥത്തിൽ യുദ്ധക്കൊതിയൻ എന്ന് വിളിക്കപ്പെടേണ്ടത്. ആരാണ് സമാധാനത്തിന് ഭീഷണിയുയർത്തുന്നത്. സൈനികബലത്തിന്റെ മുഷ്‌ക്ക് കാണിച്ചുകൊണ്ട് രാജ്യങ്ങളെ കാൽക്കീഴിൽ കൊണ്ടുവരുന്ന ഹീനമായ അജണ്ട ആരാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആരാണ് ലോകരാഷ്ട്രങ്ങളോടെല്ലാം ഈ യുദ്ധഭീഷണിയിൽ നിന്നുമുളള മോചനദ്രവ്യത്തിനായി വിലപേശുന്നത്- സോഷ്യലിസ്റ്റ് ഉത്തരകൊറിയ എന്ന ചെറിയ രാഷ്ട്രമോ അതോ സാമ്രാജ്യത്വ തലവനായുള്ള അമേരിക്കയോ. ലോകമെമ്പാടും പടക്കോപ്പ് കൂട്ടിക്കൊണ്ട് ലക്ഷ്യം വെയ്ക്കുന്ന ഏതൊരു രാഷ്ട്രത്തെയും തോക്കിൻമുനയിൽ നിർത്തി കൊലവിളി നടത്തുന്നത്, തങ്ങളുടെ രാജ്യാതിർത്തിക്കുമെത്രയോ അകലെ പോലും കടന്നാക്രമണം നടത്തുവാൻ തുനിയുന്നത് യഥാർത്ഥത്തിൽ ആരാണ്. ഉത്തരകൊറിയയോ അമേരിക്കയോ? വസ്തുതകളുടെ അടിസ്ഥാനത്തിൽ, 1950-53 വരെ നടന്ന നാലു വർഷം നീണ്ടുനിന്ന കൊറിയൻ യുദ്ധത്തിൽ അമേരിക്ക വഹിച്ച ഹീനമായ പങ്കും എങ്ങനെയാണ് ആ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടതെന്നും പരിശോധിക്കേണ്ടതായുണ്ട്.

കൊറിയൻ യുദ്ധത്തിന്റെ  ചരിത്രപശ്ചാത്തലം

രണ്ടാം ലോകയുദ്ധത്തിൽ ജർമ്മനി-ഇറ്റലി-ജപ്പാൻ എന്നിവർ നയിച്ച ഫാസിസ്റ്റ് സഖ്യം സോവിയറ്റ് യൂണിയന്റെ ധീരതയ്ക്ക് മുമ്പിൽ തറപറ്റിയതോടുകൂടി, ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും സോഷ്യലിസത്തോടുമുള്ള ആഭിമുഖ്യവും വിശ്വാസ്യതയും വളരെ വേഗം വർദ്ധിച്ചു. അടിച്ചമർത്തപ്പെട്ട മാനവസമൂഹത്തിന് എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിയുവാനുള്ള ഊർജ്ജമിത് പകർന്ന് നൽകി. കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങൾ സോഷ്യലിസ്റ്റ് ഭരണക്രമം സ്ഥാപിച്ചു. ചൈനീസ് വിപ്ലവമാകട്ടെ വിജയത്തോട് അടുത്തുനിൽക്കുന്ന സമയവും. മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ചേരി ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും കോളനി-അർദ്ധകോളനികളിലെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങൾക്കും സ്വാതന്ത്ര്യസമരങ്ങൾക്കും ആശയും ആവേശവുമായി വർത്തിച്ചു. മാത്രമല്ല, മൂന്നിലൊന്ന് ലോകരാഷ്ട്രങ്ങളും സോഷ്യലിസ്റ്റ് ഭരണക്രമത്തിലായതോട് കൂടി, ആഗോള മുതലാളിത്ത വിപണിക്ക് ഇടിവുണ്ടായി.

വ്യവസ്ഥാപിത മുതലാളിത്ത രാഷ്ട്രങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നതായിരുന്നു യുദ്ധാനന്തരം ലോകസാഹചര്യത്തിലുണ്ടായ ഈ മാറ്റം. മറ്റൊരു പ്രധാന സവിശേഷത, പ്രധാനപ്പെട്ട യൂറോപ്യൻ മുതലാളിത്ത രാഷ്ട്രങ്ങളെല്ലാം യുദ്ധക്കെടുതിയിലായിരുന്ന ആ ഘട്ടത്തിലും അമേരിക്കൻ സാമ്രാജ്യത്വം കോട്ടം തട്ടാത്ത സുരക്ഷിതമായൊരവസ്ഥായിലായിരുന്നുവെന്നതാണ്. അമേരിക്കയുടെ മണ്ണിൽ യഥാർത്ഥത്തിൽ യുദ്ധം നടന്നിട്ടേയില്ലയെന്ന് പറയാം. അമേരിക്കയുടെ മർമ്മപ്രധാനമായ ഒരു മേഖലയിലും ബോംബാക്രമണമോ മറ്റ് യുദ്ധക്കെടുതികളോ നേരിടേണ്ടി വന്നിട്ടില്ല. ഈയൊരു സാഹചര്യം മുതലെടുത്തുകൊണ്ട് സാമ്പത്തികശക്തി വികസിപ്പിക്കുവാനും മുതലാളിത്ത-സാമ്രാജ്യത്വ ചേരിയിലെ ഒന്നാമത്തെ ശക്തിയായി വളരുവാനുമുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചു. മാത്രമല്ല, യുദ്ധക്കെടുതിയിൽ തകർന്ന പലരാജ്യങ്ങളും പുനർനിർമ്മാണത്തിനായി അമേരിക്കയുടെ സഹായഹസ്തങ്ങൾ ആവശ്യപ്പെടാനും തുടങ്ങി. ഇതോടെ അമേരിക്ക നവകോളനിവത്ക്കരണത്തിന്റെ സാധ്യതകൾ മുതലെടുത്തുകൊണ്ട് ആധിപത്യം സ്ഥാപിക്കുവാൻ ആരംഭിച്ചു. ഫിനാൻസ് കാപ്പിറ്റലിന്റെ സഹായത്തോടെ പലരാജ്യങ്ങളുടെയും സാമ്പത്തികഘടനയെ നിയന്ത്രിക്കുകയും അവിടങ്ങളിൽ തങ്ങളുടെ ആജ്ഞാനുവർത്തികളായ പാവഭരണാധികാരികളെ സ്ഥാപിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ സോഷ്യലിസത്തിനെതിരായ കുരിശ് യുദ്ധവും അവർ തുടർന്നു. സോഷ്യലിസ്റ്റ് ഭരണകൂടത്തെ ഏകാധിപത്യപരമെന്നും സർവ്വാധിപത്യപരമെന്നും ചാപ്പകുത്തി അപകീർത്തിപ്പെടുത്തുകയും സ്വയം സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവികതയുടെയും സംരക്ഷകരെന്നും സമാധാനത്തിന്റെ ദൂതന്മാരെന്നും വിശേഷിപ്പിക്കുകയും ചെയ്തു. മാത്രമല്ല, അന്തർദേശീയ കമ്മ്യൂണിസത്തിന്റെ സാധ്യതകൾ തടയുവാനെന്ന പേരിൽ, അവർ കുപ്രസിദ്ധമായ ഉപരോധതന്ത്രം സ്വീകരിക്കുകയും ജനങ്ങളുടെ മോചനസമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും തടയിടുകയും സോഷ്യലിസ്റ്റ് ശക്തികളുടെ വളർച്ചയ്ക്കുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്തു.

കൊറിയൻ യുദ്ധവും  രാജ്യവിഭജനവും

സോവിയറ്റ് യൂണിയനും ചൈനയുമായി അതിർത്തി പങ്കിടുന്ന കൊറിയ ജപ്പാന്റെ കോളനിയായിരുന്നു. 1945ൽ സോവിയറ്റ് ചെമ്പട, ഫാസിസ്റ്റ് സഖ്യശക്തികളെ പരാജയപ്പെടുത്തിയതോടെ, ജപ്പാൻ കീഴടങ്ങുകയും തുടർന്ന് കൊറിയയിൽ നിന്നും പിന്മാറുകയും ചെയ്തു. കോളനിവത്ക്കരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതിൽ ആഹ്ലാദചിത്തരായ കൊറിയൻ ജനത സോഷ്യലിസവും പുരോഗതിയും ആഗ്രഹിച്ചു. 1930കളിലും 40കളിലും കൊറിയൻ കമ്മ്യൂണിസ്റ്റുകൾ ചൈനീസ് കമ്മ്യൂണിസ്റ്റുകളുമായി ചേർന്ന് ജാപ്പനീസ് അധിനിവേശത്തിനെതിരെ പൊരുതിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർവ്വകാലാംഗവും കൊറിയയുടെ പ്രഥമ പ്രസിഡന്റുമായ കിം ഇൽ-സുംഗ് ജനങ്ങളുടെ ആദരണീയനായ നേതാവായി ഉയർന്നുവരികയുണ്ടായി.

ഈ സംഭവവികാസങ്ങൾ പ്രത്യക്ഷത്തിൽ തന്നെ അമേരിക്കയെ വിറളിപിടിപ്പിച്ചു. സോഷ്യലിസത്തിന് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന പിന്തുണയിലും അംഗീകാരത്തിലും പരിഭ്രാന്തരായിരുന്ന അമേരിക്ക, അവിഭജിതമായ സോവിയറ്റ് കൊറിയ വടക്കുകിഴക്കൻ പ്രദേശങ്ങളിലേക്ക് മാത്രമല്ല, മുഴുവൻ ഏഷ്യയിലേക്കുമുള്ള തങ്ങളുടെ പ്രവേശനമില്ലാതാകുവാൻ കാരണമാകുമെന്ന് ഭയപ്പെട്ടു. അതിനാൽ പസഫിക് മേഖലയിൽ വിന്യസിച്ചിരുന്ന സൈനികശേഷി ഉപയോഗിച്ച്, കൊറിയയുടെ തെക്കൻ അതിർത്തിയിലെ വലിയൊരു ഭാഗം കൈയേറി. 38 ഡിഗ്രി വടക്കേ അക്ഷാംശത്തിന്റെ ദക്ഷിണഭാഗത്തുള്ള ജപ്പാൻ സൈന്യത്തെ നിരായുധീകരിക്കുന്നുവെന്നു പറഞ്ഞാണ് അവർ ഈ അധിനിവേശത്തെ ന്യായീകരിച്ചത്. ക്രമാനുഗതം കൊറിയ സ്വതന്ത്രമാക്കപ്പെടും എന്ന തത്വത്തിന്മേൽ 1943 നവംബർ 22ന് നടന്ന കെയ്‌റോ കോൺഫറൻസിൽ ഈ നടപടി അംഗീകരിക്കപ്പെട്ടു. എന്നാൽ, അമേരിക്ക അവരുടെ സാമ്രാജ്യത്വ താത്പ്പര്യങ്ങളുടെ മൂർച്ച തെല്ലും കുറച്ചില്ലെന്നു മാത്രമല്ല, 38-ാം സമാന്തരരേഖ കൊറിയയെ രണ്ടായി വിഭജിക്കുന്ന സാങ്കൽപ്പിക അതിർത്തിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ, 1948 മേയ് മാസം ദക്ഷിണകൊറിയ പ്രത്യേക രാഷ്ട്രപദവി പ്രഖ്യാപിക്കുകയും അമേരിക്കയുടെ താത്പ്പര്യങ്ങൾക്കനുസൃതമായ ഭരണസംവിധാനം സിംഗ്മാൻ റീയുടെ നേതൃത്വത്തിൽ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന്, 1948 സെപ്റ്റംബറിൽ, ഉത്തരകൊറിയൻ പ്രദേശം, ഡമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന പേരിൽ സോഷ്യലിസ്റ്റ് ഭരണകൂടമായും സ്ഥാപിതമായി. ജപ്പാൻ അധീശത്വത്തിന്റെ പതനത്തിന് ശേഷം, പെന്റഗൺ ഭരണാധികാരികളുടെ ഇടപെടലിന്റെ ഫലമായി, കൊറിയ രണ്ട് പ്രത്യേക രാജ്യങ്ങളായി വിഭജിക്കപ്പെട്ടത് ഇങ്ങനെയാണ്. ശക്തവും അവിഭജിതവുമായ സോഷ്യലിസ്റ്റ് കൊറിയയെന്ന കൊറിയൻ ജനതയുടെ അഭിലാഷം ഇത്തരത്തിലാണ് അമേരിക്ക ഇല്ലാതാക്കിത്. സ്വന്തം രാഷ്ട്രം ഏത് തരം ഭരണസംവിധാനത്തിലും സാമൂഹിക ക്രമത്തിലുമാകണമെന്ന ജനങ്ങളുടെ മൗലികാവകാശത്തെ, പ്രത്യക്ഷത്തിൽ തന്നെ അങ്ങനെ അവർ ചവിട്ടിമെതിച്ചു.
എന്നാൽ, ഇതുകൊണ്ടും എല്ലാമായില്ല. അമേരിക്കൻ സാമാജ്യത്വ അധിനിവേശ താത്പ്പര്യാർത്ഥം, ഉത്തര കൊറിയയെ ഏതു സന്ദർഭത്തിലും ആക്രമിക്കുവാൻ സൗകര്യപ്പെടുന്ന മുന്നണി പ്രദേശവും സൈനികകേന്ദ്രവുമായി ദക്ഷിണകൊറിയയെ മാറ്റിയെടുത്തു. 1949 മുതൽ തന്നെ ദക്ഷിണകൊറിയയെ തങ്ങളുടെ കാലാളായി ഉപയോഗപ്പെടുത്തിക്കൊണ്ട്, കൊറിയ ഉപദ്വീപിനെ മുഴുവാനായി ആക്രമിക്കാനുതകുന്ന സന്നാഹങ്ങൾ അമേരിക്ക കോപ്പുകൂട്ടിത്തുടങ്ങിയിരുന്നു. ഈ പ്രദേശത്ത് യുദ്ധഭീഷണി നിരന്തരം ഉയർത്തിവിടുന്നതിനായി, 1949 ആഗസ്റ്റിലും ഒക്‌ടോബറിലും ചൈനയുടെ അതിർത്തി പങ്കിടുന്ന മേഖലകളിൽ, അമേരിക്കൻ സാമ്രാജ്യത്വം വ്യോമാക്രമണങ്ങൾ നടത്തി. ”ഞങ്ങൾ താത്പ്പര്യപ്പെട്ടതു പോലെ ലോകത്തിലെ നേതൃസ്ഥാനീയരായി മാറുവാൻ രണ്ട് മഹായുദ്ധങ്ങളും മുപ്പത് വർഷത്തെ കാലയളവും ആവശ്യമായി വന്നു, ഇന്ന് ഈ പ്രബലസ്ഥാനം നിലനിർത്തുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” എന്ന് 1950 ജനുവരി 10ന് നടത്തിയ പ്രസംഗത്തിൽ, അമേരിക്കൻ പ്രസിഡന്റ് ട്രൂമാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒടുവിൽ ദക്ഷിണകൊറിയയെ കമ്മ്യൂണിസ്റ്റ് ആക്രമണത്തിൽ നിന്നും രക്ഷിക്കുവാനെന്ന പേരിൽ ഉത്തരകൊറിയയ്ക്ക് മേൽ അമേരിക്ക സർവസന്നാഹങ്ങളോടും കൂടി സൈനികാക്രമണം നടത്തി. 5.7 ദശലക്ഷം അമേരിക്കൻ സൈന്യമാണ് കൊറിയൻ യുദ്ധത്തിന് നിയോഗിക്കപ്പെട്ടത്. കൊറിയൻ ജനതയെ നിരുപാധികം കൊന്നൊടുക്കിക്കൊണ്ട് ആ രാഷ്ട്രത്തെ ഭസ്മീകരിക്കാമെന്നും, ഭയപ്പെടുത്തി ആ രാജ്യത്തെ മുട്ടുകുത്തിക്കാമെന്നുമുള്ള ലക്ഷ്യമായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ ഫാക്ടറികളും സ്‌കൂളുകളും ആശുപത്രികളും വീടുകളും അവർ തകർത്തു. ഏതാനും മാസങ്ങൾ കൊണ്ട് ഉത്തര കൊറിയയിലെ 20 ശതമാനം ജനങ്ങളെ അവർ ഇല്ലാതാക്കി. രാജ്യാന്തര നിയമപ്രകാരം വിലക്കിയിട്ടുള്ള രാസായുദ്ധങ്ങളും മാരകമായ ബാക്ടീരിയൽ ആയുധങ്ങളും ഉപയോഗിച്ചുകൊണ്ട്, മൂന്നുലക്ഷത്തോളം കൊറിയൻ ജനതയെ അമേരിക്ക കൊന്നൊടുക്കി. അണുവായുധ ഭീഷണി മുഴക്കിക്കൊണ്ട്, അവരുടെ കിരാതത്വത്തിന്റെ പരമാവധി പ്രയോഗിച്ചുകൊണ്ട്, യുദ്ധക്കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ട് ഉത്തരകൊറിയയെ സാമ്രാജ്യത്വ നുകത്തിൻ കീഴിൽ കൊണ്ടുവരുവാൻ അവർ ശ്രമിച്ചു. എന്നാൽ 1949-50ൽ, അമേരിക്കൻ അധിനിവേശ സൈന്യത്തിന്റെ തലവനായിരുന്ന ജനറൽ റോബർട്ട് പ്രഖ്യാപിച്ചതുപോലെ കൊറിയൻ ഉപദ്വീപിനെ മുഴുവനായി അധീനപ്പെടുത്തുകയെന്ന സാമ്രാജ്യത്വ താത്പ്പര്യം സഫലീകരിക്കപ്പെടുവാൻ, സമാധാനപരമായ സഹവർത്തിത്വമെന്ന തത്വം കർത്തവ്യമായി കണ്ടിരുന്ന സോവിയറ്റ് ക്യാമ്പ് അനുവദിച്ചില്ല. അതേ സമയം, സാമ്രാജ്യത്വ ശക്തികൾ ഏതെങ്കിലും സോഷ്യലിസ്റ്റ് രാഷ്ട്രത്തെ ആക്രമിച്ചാൽ തിരിച്ചടിക്കുവാൻ മടിക്കില്ലെന്നും സോവിയേറ്റ് ചേരി പ്രഖ്യാപിച്ചു. സൈനിക നീക്കത്തിലൂടെ ഉത്തര കൊറിയയെ ചവിട്ടടിയിലാക്കുകയെന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കുടിലമായ തന്ത്രം മഹാനായ സ്റ്റാലിൻ നേതൃത്വം നൽകിയ സോവിയേറ്റ് യൂണിയനും മാവോ സേ തൂങ്ങിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചൈനയും അതീവ ഗൗരവത്തോടെ ശ്രദ്ധിച്ചിരുന്നു. തൊഴിലാളിവർഗ്ഗ സാർവദേശീയതയെന്ന ആശയം പേറിയിരുന്ന യോവിയേറ്റ് യൂണിയനും ചൈനയും, അമേരിക്കൻ സൈനികാക്രമണം നേരിടേണ്ടി വരുന്ന പക്ഷം, ഉത്തര കൊറിയയ്‌ക്കൊപ്പം നിലകൊള്ളുമെന്ന നിലപാട് സ്വീകരിച്ചു. അതിനാൽ, സമാധാനപരമായ സഹവർത്തിത്വമെന്ന തത്വത്തെ അനാദരിച്ചുകൊണ്ട്, അമേരിക്ക, ഉത്തരകൊറിയയുടെ മേൽ ചാടിവീണപ്പോൾ, സോഷ്യലിസത്തിന്റെ പ്രാരംഭഘട്ടത്തിലായിരിന്നിട്ടു പോലും ചൈന, തങ്ങളുടെ മാതൃഭൂമിയ്ക്ക് നേരെയുള്ള ആക്രമണത്തിന് സമാനമായി വീക്ഷിച്ചുകൊണ്ട് അത് നേരിടുവാൻ തയ്യാറായി. അമേരിക്കയുടെ കൂലിപ്പടയാളികളെ നേരിടുവാൻ അവർ ഉടൻ തന്നെ സോഷ്യലിസ്റ്റ് സന്നദ്ധഭടന്മാരെ ഉത്തര കൊറിയയിലേക്ക് അയച്ചു. യു.എസ്.എസ്.ആറും ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉത്തരകൊറിയയ്ക്ക് നൽകി. ഡി.പി.ആർ.കെയിലേയും ചൈനയിലേയും ധീരരായ സോഷ്യലിസ്റ്റ് യോദ്ധാക്കൾ ഉൾക്കൊണ്ടിരിക്കുന്ന ആദർശം പകർന്നു നൽകിയ സ്ഥൈര്യവും നിശ്ചയദാർഢ്യവും അമേരിക്കൻ കിരാതസൈന്യത്തെ തിരിച്ചടിക്കുന്നതിൽ വിജയിച്ചു. ഒടുവിൽ ധീരരായ കൊറിയൻ ജനതയ്ക്ക് മുന്നിൽ അമേരിക്കൻ സാമ്രാജ്യത്വം മുട്ടുകുത്തി. മൂന്നുവർഷവും ഒരുമാസവും നീണ്ടുനിന്ന കൊറിയൻ യുദ്ധം 1953ൽ കൊറിയൻ ജനതയുടെ മഹത്തായ വിജയത്തോടെ പര്യവസാനിച്ചു. എന്നാൽ ഒരു സമാധാനക്കരാറിലും ഒപ്പുവെയ്ക്കാൻ ദക്ഷിണ കൊറിയയെ അമേരിക്ക അനുവദിച്ചില്ല. തത്ഫലമായി ഡി.പി.ആർ.കെയും ദക്ഷിണകൊറിയയും രണ്ട് വ്യത്യസ്തരാഷ്ട്രങ്ങളായി തുടരുവാൻ നിർബന്ധിതമായി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധീശത്വനയങ്ങളുടെ ഭാഗമായി, അഖണ്ഡമായ രാഷ്ട്രമെന്ന കൊറിയൻ ജനതയുടെ സ്വപ്‌നം വീണ്ടും സഫലീകരിക്കാതെ അവശേഷിച്ചു.
കൊറിയൻ യുദ്ധത്തിലെ ദയനീയമായ പരാജയം അമേരിക്കക്കേറ്റ കനത്തതിരിച്ചടിയായിരുന്നു. ആയുധബലത്തിന്റെയും സൈനികശക്തിയുടെയും മേൽ പടുത്തുയർത്തിയ അവരുടെ അധീശത്വം ഒന്നുമല്ലെന്ന് കൊറിയൻ ജനതയുടെ വിജയം തെളിയിച്ചു. അണുവായുധങ്ങളാണ് യുദ്ധവിജയത്തെ നിർണ്ണയിക്കുന്നതെന്ന മിത്ത് പൊളിച്ചടുക്കപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വം ഹീനമായ യുദ്ധവെറി പടർത്തുവരും സമാധാനത്തിനും ജനാധിപത്യത്തിനും ഭീഷണിയുയർത്തുന്നവരും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന രക്തദാഹികളുമാണെന്ന് ഈ ചരിത്രം വ്യക്തമാക്കുന്നു. കമ്മ്യൂണിസമെന്ന പുരോഗമനപരവും ആധുനികവുമായ ആദർശത്തിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പോരടിക്കുന്ന ചെറിയ ഒരു രാഷ്ട്രത്തിലെ ജനതയ്ക്ക് പോലും സാമ്രാജ്യത്വ ഉപജാപത്തെ അതിജീവിക്കുവാൻ സാധിക്കുമെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു കൊറിയൻ യുദ്ധം.

ഏകധ്രുവലോകത്തിലെ  അനിയന്ത്രിതമായ അമേരിക്കൻ സാമ്രാജ്യത്വ ധാർഷ്ട്യം

അമേരിക്കൻ സാമ്രാജ്യത്വചേരിയുടെ യുദ്ധതന്ത്രങ്ങൾ ഫലപ്രദമായി തടയുവാൻ സോഷ്യലിസ്റ്റ് ചേരി സുശക്തമായി നിലനിന്നിരുന്ന കാലത്തോളം സാധിച്ചിരുന്നു. എന്നാൽ തിരുത്തൽവാദ നയങ്ങൾ അനുവർത്തിച്ചുകൊണ്ട് ക്രൂഷ്‌ചേവ് നേതൃത്വമേറ്റടുത്തതോടുകൂടി, സാമ്രാജ്യത്വ ചേരിയുടെ അണുവായുധ ഭീഷണിക്കുമുമ്പിൽ വഴിപ്പെട്ട് സമാധാനപരമായ സഹവർത്തിത്വമെന്ന തത്വം വികലമായി വളച്ചൊടിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രീതിപ്പെടുത്തുന്ന നയം സോവിയറ്റ് യൂണിയൻ ആരംഭിച്ചു. ഇതോടു കൂടി മഹാനായ മാവോ സേ തൂങ്ങിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചൈന, അമേരിക്കൻ സാമ്രാജ്യത്വയുദ്ധഭീഷണി നേരിടുവാനായി അണുവായുധങ്ങൾ വികസിപ്പിക്കുവാൻ നിർബന്ധിതമായി. മാവോയുടെ മരണംവരെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മേലുളള സാമ്രാജ്യത്വ ആക്രമണങ്ങൾക്കും ഭയപ്പെടുത്തലുകൾക്കുമെതിരെ പ്രതിരോധകവചമായി ചൈന വർത്തിച്ചു. എന്നാൽ മാവോയ്ക്കു ശേഷം ചൈനയും പ്രതിലോമകാരികളുടെ സ്വാധീനത്തിൽപ്പെടുകയും (അത് പിന്നീട് പ്രതിവിപ്ലവത്തിലേക്കും 2004-ൽ സമ്പൂർണ്ണമായ തിരിച്ചപോക്കിലേക്കും വഴിവെച്ചു) സാമ്രാജ്യത്വ ശക്തികൾക്കനുകൂലമായ വിധത്തിൽ ലോകസാഹചര്യം പ്രകടമായി മാറുകയും ചെയ്തു.

ഒടുവിൽ, സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുടെ പിന്തുണയോടെയുള്ള പ്രതിവിപ്ലവ ഉപജാപത്തിന്റെ ഫലമായി, സോഷ്യലിസ്റ്റ് ചേരി സമ്പൂർണ്ണമായും തകർക്കപ്പെട്ടതോടുകൂടി, സാമ്രാജ്യത്വ സ്രാവുകളുടെ അധിനിവേശ ശ്രമങ്ങൾക്കും കൊള്ളയ്ക്കും യജമാനത്വഭാവത്തിനും എതിരില്ലാത്തവിധം മുന്നേറാനായി. നവകോളനിവത്ക്കരണത്തിലൂടെയോ സൈനികാക്രമണങ്ങളിലൂടെയോ ലോകം മുഴുവൻ കാൽക്കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ അമേരിക്കൻ സാമ്രാജ്യത്വം ആരംഭിച്ചു. തങ്ങളുടെ താല്പര്യങ്ങൾക്ക് വഴിപ്പെടാത്ത രാഷ്ട്രങ്ങളെ ഉപജാപങ്ങളിലൂടെ തകർക്കുവാൻ സി.ഐ.എയും ഡി.ഐ.എയും ഉപയോഗിച്ച് അവർ ശ്രമിച്ചു. അല്ലെങ്കിൽ തലമുറകൾ നീണ്ടുനിൽക്കുന്ന യുദ്ധമഴിച്ചുവിട്ടു. ഇത്തരത്തിൽ, ദുർബലരായ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അമേരിക്കൻ താല്പര്യങ്ങൾക്ക് വഴിപ്പെടാതെ നിൽക്കുക അസാധ്യമാണെന്ന ഒരവസ്ഥ സൃഷ്ടിച്ചു.

അമേരിക്കയും സഖ്യശക്തികളും അണുവായുധ ഉൽപ്പാദനം  ഉപേക്ഷിക്കുന്നില്ല

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ധാർഷ്ട്യം മറ്റൊരു വിധത്തിലും പ്രകടമാണ്. മറ്റ് രാഷ്ട്രങ്ങളോട്, ആണവപദ്ധതികൾ ഉപേക്ഷിക്കുവാൻ സമ്മർദ്ദം ചെലുത്തുന്ന അമേരിക്ക, തങ്ങളുടെ അണുവായുധ നിർമ്മാണ പദ്ധതികളിൽ നിന്നും തെല്ലും പിന്നോട്ട് പോയിട്ടില്ല. മാത്രമല്ല, മാരകമായ അണുവായുധങ്ങളുടെ ഉൽപ്പാദനത്തിൽ അവർ സ്വയം ഒരു നിയന്ത്രണവും വരുത്തിയിട്ടുമില്ല. നിരന്തരം അവർ പുതിയ ഇനം അണുവായുധങ്ങളും കൂട്ട നശീകരണശേഷിയുള്ള ആയുധങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 1,054 പരീക്ഷണങ്ങൾ അവരുടെ തന്നെ ഔദ്യോഗികമായ കണക്കുകൾ പ്രകാരം അമേരിക്ക നടത്തിയിട്ടുണ്ട്. മറ്റ് രാഷ്ട്രങ്ങളുമായി ചേർന്നുനടത്തിയിട്ടുളള പരീക്ഷണങ്ങൾ വേറെയും. അമേരിക്കൻ സാമ്രാജ്യത്വമാണ് ചരിത്രത്തിലാദ്യമായി അണുബോംബ് നിർമ്മിക്കുകയും കൂട്ടക്കുരുതിയുടെയും ഭീതിയുടേതുമായ ഒരു ലോകസാഹചര്യത്തിൽ ഒരു വിദേശമണ്ണിൽ അണുബോംബ് നിക്ഷേപിച്ചുകൊണ്ട് തങ്ങളുടെ സൈനിക അപ്രമാദിത്വം വിളംബരം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്തത്.

രാസബോംബുകളും ഏജന്റ് ഓറഞ്ചും പോലെയുള്ള മാരകമായ ആയുധങ്ങൾ അവരുടെ സൃഷ്ടിയാണ്. ഈ മാരകായുധങ്ങൾ വിയറ്റ്‌നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കുവാനും റേഡിയേഷൻ മൂലമുള്ള രോഗങ്ങൾ പരത്തിക്കൊണ്ട് തലമുറകളെ ജീവച്ഛവങ്ങളായി മാറ്റുവാനുമുതകുന്ന വിധത്തിൽ അമേരിക്ക പ്രയോഗിച്ചിട്ടുമുണ്ട്. 1962 മുതലിങ്ങോട്ട് പരസ്പരം ഉറപ്പു നൽകുന്ന നശീകരണം എന്ന യുദ്ധതത്വമാണ് അമേരിക്ക പ്രകടമായി തന്നെ പിന്തുടരുന്നത്. ഏകദേശം 7000 അണുവായുധശാലകൾ ഇന്ന് അമേരിക്കയ്ക്കുണ്ട്. അമേരിക്കയിലെ തന്നെ ആംസ് കൺട്രോൾ അസോസിയേഷന്റെ കണക്ക് പ്രകാരം ട്രംപിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അണുവായുധ ആധുനീകരണ പദ്ധതിയുടെ മാത്രം ചെലവ് 1.25 ട്രില്ല്യൺ മുതൽ 1.446ട്രില്ല്യൺ ഡോളർ വരും.
ഇതുകൂടാതെ, അണുവായുധശാല വികസിപ്പിക്കുന്നതിനു മാത്രമായി, അമേരിക്കൻ ഗവൺമെന്റ് ഒരു ട്രില്ല്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ട്. തങ്ങൾക്കു മാത്രമേ, ആണവവത്ക്കരണം പാടുള്ളൂ എന്ന ധിക്കാരപരമായ നിലപാടാണ് അമേരിക്കൻ സാമ്രാജ്യത്വം പിന്തുടരുന്നതെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. അണുവായുധ നിരോധനത്തിനുള്ള കരാറിനായി ഐക്യരാഷ്ട്രസഭയിൽ വിലപേശുമ്പോഴും അമേരിക്കയും അവരുടെ സഖ്യകക്ഷികളും വളരെ വിചിത്രമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടേതല്ലാതെ മറ്റാരുടേയും പക്കൽ അണുവായുധങ്ങൾ സുരക്ഷിതമല്ലയെന്നാണ് അവർ വാദിക്കുന്നത്. അണുവായുധശേഷിയുണ്ടെന്ന് അറിയപ്പെടുന്ന ഇതര രാഷ്ട്രങ്ങളോട് (അമേരിക്ക, ബ്രിട്ടൺ, റഷ്യ, ചൈന, ഫ്രാൻസ്, ഇസ്രായേൽ, ഇന്ത്യ, പാകിസ്ഥാൻ എന്നിവയാണ് നിലവിൽ അണുവായുധങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്ന രാഷ്ട്രങ്ങൾ) അവ ഉപേക്ഷിക്കുവാനാവശ്യപ്പെടുമ്പോഴും അമേരിക്ക സ്വയമതിന് വിമുഖത കാണിക്കുന്നു.

സമ്പൂർണ്ണ നിരായുധീകരണം  അമേരിക്കൻ സാമ്രാജ്യത്വം നിരാകരിക്കുന്നു

മറ്റൊരു വസ്തുത ഇവിടെ വളരെ പ്രാധാന്യമർഹിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് നിക്ഷേപിച്ചുകൊണ്ട് നടത്തിയ കൂട്ടക്കുരുതിയ്ക്ക് ശേഷം, യുദ്ധ ഭീഷണി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുവാൻ, സമ്പൂർണ്ണമായ നിരായുധീകരണമെന്ന നിർദ്ദേശം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയേറ്റ് യൂണിയൻ മുന്നോട്ട് വെച്ചു. അണുവായുധങ്ങൾ ഉൾപ്പടെയുള്ളവ നിർവ്വീര്യമാക്കണമെന്ന അഭിപ്രായമാണ് അന്നുണ്ടായത്(അമേരിക്കൻ സാമ്രാജ്യത്വ ഭീഷണി മുന്നിൽ കണ്ട്, സോവിയേറ്റ് യൂണിയനും വളരെ പെട്ടന്ന് അണുബോംബ് വികസിപ്പിക്കേണ്ടി വന്നിട്ടുണ്ട്). ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികളായ ജനങ്ങൾ ഈ നിർദ്ദേശത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. എന്നാൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരി ലോകജനതയുടെ ഈ താല്പര്യം പരിഗണിച്ചതേയില്ല. മറിച്ച്, കൂടുതൽ ആധുനികമായ അണുവായുധങ്ങൾ വികസിപ്പിക്കുന്നതിലും എല്ലാത്തരം ഹീനപ്രവൃത്തികളും തുടരുന്നതിലുമാണ് അവർ താല്പര്യം കാണിച്ചത്. എന്നാൽ വിവിധ രാജ്യങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും അന്തർദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേതുമായ അന്തരീക്ഷം, സാമ്രാജ്യത്വ യുദ്ധ താത്പ്പര്യങ്ങൾക്കും അധീശത്വത്തിനും തടയിടുവാൻ ഒരു പരിധിവരെ പ്രാപ്തമായിരുന്നു. ഈയൊരവസ്ഥ ക്രമേണ ശക്തിപ്പെട്ടിരുന്നുവെങ്കിൽ സാമ്രാജ്യത്വ താല്പര്യങ്ങൾ കൂടുതൽ ദുർബലമാകുമായിരുന്നു. എന്നാൽ സ്റ്റാലിന്റെ മരണത്തോടെ, കമ്മ്യൂണിസ്റ്റ് ക്യാമ്പിൽ നുഴഞ്ഞുകയറിയ പ്രതിലോമശക്തികൾ, മാവോയുടെ കൂടി നിര്യാണത്തോടെ കൂടുതൽ ശക്തിയാർജ്ജിക്കുകയും തത്ഫലമായി അന്തർദേശീയ സമാധാനപ്രസ്ഥാനം ദുർബലമാകുകയും ചെയ്തു.

സമ്പൂർണ്ണ നിരായുധീകരണം എന്ന ആവശ്യത്തിന് വഴങ്ങുവാൻ സാമ്രാജ്യത്വശക്തികൾക്കുമേലുള്ള സമ്മർദ്ദവും അതോടെയില്ലാതായി. ഒടുവിൽ നിരായുധീകരണമെന്ന ആവശ്യം പിന്തള്ളപ്പെടുകയും അമേരിക്കൻ സാമ്രാജ്യത്വശക്തികൾ പൂർവാധികം ഉത്സാഹത്തോടെ മുഷ്‌ക്കും ധാർഷ്ട്യവും ലോകമെങ്ങും വ്യാപിപ്പിക്കുകയും ചെയ്തു. കൊറിയൻ യുദ്ധമവസാനിച്ചയുടൻ തന്നെ, ക്യൂബയിലും ഗ്വാട്ടേമാലയിലും ഇറാനിലുമെല്ലാം അമേരിക്കൻ പിന്തുണയോടെയുളള സൈനികാക്രമണങ്ങളും ഭരണഅട്ടിമറികളുമുണ്ടായതും വിയറ്റ്‌നാമിൽ നീണ്ടയുദ്ധത്തിന് തിരിതെളിച്ചതുമെല്ലാം ഇതോട് അനുബന്ധിച്ച് വായിക്കേണ്ടതാണ്.
അമേരിക്കൻ സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം ആണവായുദ്ധങ്ങൾ അവർക്ക് മാത്രമായ കരുതലും മറ്റുള്ളവർക്ക് നിഷിദ്ധമായ മേഖലയുമാണ്. എല്ലാ വസ്തുതകളും അവരുടെ ഈ ഇരട്ടനിലപാട് വ്യക്തമാക്കുന്നു. ഒരു രാഷ്ട്രത്തിന് ഏറ്റവും ആധുനികമായ ആണവായുധങ്ങൾ സ്വന്തമാക്കാം, മറ്റൊന്നിന് അവ കൈവശം വയ്ക്കുവാൻ അധികാരമില്ല എന്ന രണ്ട് തരം മാനദണ്ഡങ്ങൾ പരിഹാസ്യമല്ലേ. ആണവായുധ ഭീഷണി നിരന്തരം മുഴക്കുന്ന ഒരു രാഷ്ട്രത്തിന് യാതൊരു തടസ്സുവുമില്ലാതെ അവരുടെ ആയുധശേഷി വികസിപ്പിക്കാം, എന്നാൽ മറ്റുള്ളവർ അവരുടെ ആണവപദ്ധതികൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുന്നു. ഇത് സമാധാനം സംരക്ഷിക്കുവാനുള്ള പരിഷ്‌കൃതമായ നീക്കമാണോ. അതോ ലോകമെങ്ങും തങ്ങളുടെ അധീശത്വമുറപ്പിക്കുവാനുതകുന്ന യജമാനഭാവമോ.

നിർദ്ദയമായ സാമ്പത്തിക  ഉപരോധം

നേരിട്ടുള്ള സൈനികാക്രമണം കൂടാതെ, തങ്ങളെ അനുസരിക്കാത്ത രാഷ്ട്രങ്ങളുടെ മേൽ ഒന്നിനുപിന്നാലെ ഒന്നായി നിർദ്ദയമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടാണ് അമേരിക്കൻ സാമ്രാജ്യത്വമെന്ന വേതാളം പിടിമുറുക്കുന്നത്. ജീവിക്കാനുള്ള അവകാശം കവർന്നെടുക്കാനുള്ള അധികാരം ആരാണ് ഇവർക്ക് നൽകിയത്. ഇത്തരമൊരു സാമ്പത്തിക ഉപരോധം തങ്ങൾക്കാണ് നേരിടേണ്ടി വരുന്നതെങ്കിൽ അമേരിക്കയിലെ പൗരന്മാർ എങ്ങനെയായിരിക്കും പ്രതികരിക്കുക. മഹത്തരമായ ജനാധിപത്യ നടപടിയെന്നവർ അതിനെ വിശേഷിപ്പിക്കുമോ. തങ്ങൾക്ക് ഏതുതരം സാമൂഹിക-രാഷ്ട്രീയ സംവിധാനമാണാവശ്യമെന്നും തങ്ങളുടെ രാജ്യത്തിൽ ഏത് ഘടനയിലുള്ള ഭരണസംവിധാനമാണ് നിലനിൽക്കേണ്ടതെന്നും സ്വതന്ത്രമായി നിർണ്ണയിക്കുവാനുള്ള അവകാശം ഓരോ രാജ്യത്തിലെയും ജനങ്ങൾക്കുണ്ട്. ഏത് തരം വൈദേശികാക്രമണങ്ങളെയും കടന്നുകയറ്റത്തെയും പ്രതിരോധിക്കാനുള്ള നിരങ്കുശമായ അധികാരം എല്ലാ രാജ്യങ്ങൾക്കുമുണ്ട്. എങ്ങനെയാണ് ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തരവിഷയങ്ങളിൽ ഇടപെടുവാനുള്ള നിരാക്ഷേപമായ പരമാധികാരമുണ്ടെന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന് അവകാശപ്പെടാനാകുന്നത്. അമേരിക്കയുടെ സാമ്പത്തിക-സൈനികശക്തിയ്ക്ക് മുന്നിൽ മുട്ടുമടക്കുവാൻ ഇതരരാഷ്ട്രങ്ങളെ നിർബന്ധിതമാക്കുവാൻ ഇവർക്കെന്ത് അവകാശം. നിരന്തരമായ ബലപരീക്ഷണങ്ങളുടെയും ആക്രമണഭീഷണിയുടെയും മുൾമുനയിൽ, ഏതെങ്കിലുമൊരു രാഷ്ട്രം സ്വയം പ്രതിരോധത്തിനാവശ്യമായ സന്നാഹങ്ങളൊരുക്കിയാൽ അത് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് മുദ്രകുത്തപ്പെടുന്നതെങ്ങനെ. ലോകസമാധാനത്തിനും ജനാധിപത്യത്തിനും ജീവിക്കുവാനുള്ള അവകാശത്തിനും മേലുള്ള ഏറ്റവും വലിയ ഭീഷണി നിലവിൽ അമേരിക്കൻ സാമ്രാജ്യത്വമാണ്. മാനവകുലത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കൻ സാമ്രാജ്യത്വമാണ്.

‘തിന്മയുടെ അച്ചുതണ്ട്’- അമേരിക്ക ചാർത്തിയ മുദ്ര

ഉത്തരകൊറിയ, ക്യൂബ, ഇറാൻ എന്നീ രാജ്യങ്ങൾ തിന്മയുടെ അച്ചുതണ്ടിലെ ഘടകങ്ങളാണെന്ന് വളരെ മുമ്പ് തന്നെ അമേരിക്കൻ സാമ്രാജ്യത്വം പ്രസ്താവിച്ചിട്ടുണ്ട്. തിന്മയെ അടിച്ചമർത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അതിനാൽ ഈ രാഷ്ട്രങ്ങൾ തങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്നും തന്നെയാണ് ഇത്തരമൊരു വിശേഷണം ചാർത്തിക്കൊടുത്തതിന്റെ അർത്ഥം. ഈ അവകാശം നടപ്പിലാക്കാനെന്ന പേരിൽ, ഐക്യരാഷ്ട്ര സഭയെ ഒരു ഉപകരണമാക്കിക്കൊണ്ട് ഏകപക്ഷീയമായ നോൺ-പ്രോലിഫിറേഷൻ കരാർ നടപ്പിലാക്കുവാൻ (മറ്റ് രാജ്യങ്ങളെ അണുവായുധ ഉത്പ്പാദനം അവസാനിപ്പിക്കുവാൻ നിർബന്ധിതമാക്കുന്ന നയം) സമ്മർദ്ദം ചെലുത്തുന്നു. ഒരിക്കൽ ഏതെങ്കിലുമൊരു രാജ്യം ഈ സമ്മർദ്ദത്തിന് വഴിപ്പെട്ടാൽ പിന്നെ ആക്രമിച്ച് താറുമാറാക്കാനോ യുദ്ധഭീഷണി മുഴക്കിക്കൊണ്ട് അവയെ അടിയറവ് പറയിക്കുവാനോ അമേരിക്കൻ സാമ്രാജ്യത്വത്തിന് എളുപ്പമാണ്. ഉക്രയിൻ, ലിബിയ, ഇറാഖ്, ഏറ്റവുമൊടുവിൽ ഇറാൻ എന്നീ രാഷ്ട്രങ്ങളുടെ ചിത്രം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ തന്ത്രത്തിന് ഉദാഹരണമാണ്.

ഈ സംഭവവികാസങ്ങളുടെയും നേരിടേണ്ടി വന്നിട്ടുള്ള ഭീഷണികളുടെയും അടിസ്ഥാനത്തിൽ, എന്ത് കിരാതമാർഗ്ഗത്തിലൂടെയും തങ്ങളെ കീഴടക്കുവാൻ ഏതുനിമിഷവും അമേരിക്ക സൈനികാക്രമണം അഴിച്ചുവിടുമെന്ന് ഉത്തരകൊറിയ മനസ്സിലാക്കി. അത്തരമൊരു ആക്രമണമുണ്ടായാൽ ഒരു രാജ്യവും തങ്ങളെ സഹായിക്കാനുണ്ടാവില്ല എന്ന തിരിച്ചറിവും ഉത്തരകൊറിയയ്ക്കുണ്ട്. കാരണം, ഒരുവിധം എല്ലാ രാഷ്ട്രങ്ങളും പെന്റഗൺ ഭരണവ്യവസ്ഥയ്ക്ക് മുന്നിൽ വിനീതമായി കീഴടങ്ങി നിൽക്കുകയാണ്. അമേരിക്കൻ യുദ്ധഭീഷണി നയതന്ത്രപരമായി കൈകാര്യം ചെയ്യുവാനും സമാധാനാന്തരീക്ഷം നിലനിർത്തുവാനുമുള്ള സകല സാധ്യതകളും ആരായുന്നതിൽ ഉത്തരകൊറിയ യാതൊരു ഉപേക്ഷയും പുലർത്തിയിരുന്നില്ല.

എന്നാൽ 1953 മുതലിങ്ങോട്ട്, കഴിഞ്ഞ 64 വർഷങ്ങളായി ഉത്തരകൊറിയയുമായി ഒരു ചർച്ചയ്‌ക്കോ യുദ്ധമവസാനിപ്പിച്ചുകൊണ്ടുള്ള ഒരു സമാധാന കരാറിൽ ഒപ്പിടാനോ ഇന്നേവരെ അമേരിക്ക തയ്യാറായിട്ടില്ല. ഈയൊരു സാഹചര്യത്തിൽ രണ്ട് സാധ്യതകളാണ് ഉത്തരകൊറിയയ്ക്ക് മുമ്പിലുള്ളത്- ഒന്നുകിൽ, നിശബ്ദമായി കീഴടങ്ങുക, അല്ലെങ്കിൽ, സാമ്രാജ്യത്വ ആക്രമണങ്ങളെ ധീരമായി ചെറുക്കുന്ന മറ്റൊരു മാതൃക സൃഷ്ടിച്ചുകൊണ്ട്, ഈ യുദ്ധഭീഷണിയെ ചങ്കുറപ്പോടെ നേരിടുക. ഉത്തരകൊറിയ ഉചിതമായ വിധത്തിൽ രണ്ടാമത്തെ മാർഗ്ഗം തെരഞ്ഞെടുത്തു. നിരന്തരമായ സാമ്രാജ്യത്വ ഭീഷണികളെ നേരിടുവാനായി, ആണവശേഷി വികസിപ്പിച്ചുകൊണ്ട് സൈനികബലം വർദ്ധിപ്പിക്കേണ്ടത് ഉത്തരകൊറിയയ്ക്ക് ആവശ്യമായിരുന്നു. എങ്കിൽ മാത്രമേ, അമേരിക്കയോട് കിടപിടിക്കുവാൻ ശേഷിയുള്ള ശക്തിയായി അവർക്ക് മാറുവാൻ സാധിക്കുമായിരുന്നുള്ളൂ. ഡി.പി.ആർ.കെ-യുടെ നിലവിലെ പ്രസിഡന്റ് അത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്- ”മറ്റാരേക്കാളും ഉത്തരകൊറിയ സമാധാനം താത്പ്പര്യപ്പെടുന്നു… എന്നാൽ അമേരിക്കയും അവരുടെ കൈയിലെ പാവശക്തികളും കൊറിയൻ ഉപദ്വീപിന്റെ സമാധാനത്തെയും സ്ഥിരതയെയും അപമാനിക്കുകയും ഈ പ്രദേശത്തെ ഗൗരവകരമായ വിധത്തിൽ ഭീഷണിയുടെ മുമ്പിൽ നിർത്തുകയും ചെയ്യുന്നു.

പ്രകോപനം സൃഷ്ടിക്കുന്നതിലും ആക്രമസ്വഭാവത്താലും മത്തുപിടിച്ച അമേരിക്ക യുദ്ധഭ്രാന്തന്മാരാണ്…അമേരിക്കൻ അധീശത്വം ചെറുക്കുന്നതിനും കൊറിയൻ ഉപദ്വീപിന്റെയും പ്രദേശത്തിന്റെയും പരമാധികാരവും ഈ രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിതത്തിനും സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ഏതുവിധേനയും സംരക്ഷിക്കുന്നതിനുമുള്ള പ്രതിരോധമാർഗ്ഗമെന്ന നിലയിലാണ് ഡി.പി.ആർ.കെയുടെ സൈന്യവും ജനങ്ങളും ആണവശേഷിയെ അവലംബിക്കുന്നത്.”
മറ്റൊരു വസ്തുത കൂടി ഇവിടെ പ്രത്യേകം പ്രസ്താവാർഹ്യമാണ്- ഡി.പി.ആർ.കെ-യുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയത് കൊണ്ടാണ് ദക്ഷിണകൊറിയയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മൂൺ ജെ ഇൻ ഈയടുത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ മൂണിന്റെ ഈ വാഗ്ദത്ത നയത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നീരസം പ്രകടിപ്പിക്കുകയും അത്തരമൊരു നീക്കത്തിൽ നിന്നും പിന്തിരിയുവാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്തു. ഇവിടെ അമേരിക്കൻ സാമ്രാജ്യത്വമാണ് അപരാധി. സ്വയം പ്രതിരോധിക്കുവാനുള്ള മാർഗ്ഗങ്ങൾ നടപ്പിലാക്കുക മാത്രമാണ് ഡിപിആർകെ ചെയ്തുകൊണ്ടിരിക്കുന്നത്.

സാർവദേശീയ  സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം വളർത്തിയെടുക്കണം

ഉത്തരകൊറിയ സ്വന്തം പ്രതിരോധം മാത്രമല്ല പടുത്തുയർത്തുന്നത്. മാനവികതയ്ക്ക് നേരെയുള്ള കിരാതമായ സാമ്രാജ്യത്വ ആക്രമണങ്ങൾക്കെതിരായ യുദ്ധവിരുദ്ധ, നീതി-ചിന്തയുടെ പ്രതിരോധമാണ് അവർ കെട്ടിപ്പടുക്കുന്നത്. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണകൊറിയയിലേയും പീഡിതരായ ജനങ്ങൾ, ഉത്തരകൊറിയുമായി കുടുതൽ സാഹോദര്യവും സഹാനുഭാവവും പുലർത്തുന്നു. കഴിഞ്ഞ ദിവസമാണ്, അമേരിക്കയുടെ ആധുനിക മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ ആൾറ്റിറ്റിയൂഡ് ഏരിയ ഡിഫൻസ്(ഠഒഅഅഉ) തങ്ങളുടെ മണ്ണിൽ സ്ഥാപിക്കുന്നതിനെതിരെ ദക്ഷിണ കൊറിയൻ ജനത ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.

എന്നാൽ, ദക്ഷിണകൊറിയൻ ജനതയുടെ ഈ താല്പര്യത്തെ, പെന്റഗൺ ശക്തി വളരെ നിസ്സാരമായാണ് പരിഗണിക്കുന്നത്. അതിനാൽ, ഉത്തരകൊറിയയ്‌ക്കൊപ്പം ഏകതയോടെ, അചഞ്ചലം നിലയുറപ്പിക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യബോധമുള്ള നീതിമാന്മാരായ വ്യക്തികൾ ഏറ്റെടുക്കേണ്ടതുണ്ട്.

എല്ലാ രാജ്യങ്ങളിലേയും പീഡിതരായ ജനങ്ങളുടെ ഐക്യം വളർത്തിയെടുക്കുകയും സാമ്രാജ്യത്വവിരുദ്ധ, പ്രത്യേകിച്ച് അമേരിക്കൻ വിരുദ്ധ, സമാധാനപ്രസ്ഥാനങ്ങൾ പടുത്തുയർത്തുകയും അത്തരം പ്രസ്ഥാനങ്ങളെ സാർവദേശീയതലത്തിൽ ഒരുമിപ്പിക്കുകയും ചെയ്യേണ്ടതും അടിയന്തിരാവശ്യകതയായി മാറിയിരിക്കുന്നു.

ലോകസമാധാനത്തിന് നേരെയുള്ള ആക്രമണ ഭീഷണിയും ഉത്തരകൊറിയയ്ക്ക് നേരെയുള്ള യുദ്ധഭീഷണിയും ഉപരോധവും ചെറുക്കുന്നവിധത്തിൽ സാർവദേശീയമായ ഒരു ഐക്യനിര പടുത്തുയർത്തിക്കൊണ്ട് മാത്രമേ സാമ്രാജ്യത്വ സ്രാവുകളുടെ ഹീനമായ ഉപജാപത്തെ പരാജയപ്പെടുത്തുവാൻ സാധിക്കുകയുള്ളു. ഏകതയോടെ, സ്ഥൈര്യപൂർവം ഈ മുദ്രാവാക്യമുയർത്താം- അമേരിക്കൻ സാമ്രാജ്യത്വം, ഉത്തരകൊറിയയെ തൊട്ടുകളിക്കരുത്.

Share this post

scroll to top