ഒരു നൂറ്റാണ്ടിനുശേഷവും ചൂഷണരഹിത സമൂഹത്തിനായുള്ള പോരാട്ടത്തിന് ആവേശത്തിന്റെ അഗ്നിപടർത്തി: മഹത്തായ നവംബർ വിപ്ലവം

lenin-stalin-bw.jpg
Share

(ലോകത്തെ ആദ്യ സോഷ്യലിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേയ്ക്ക് നയിച്ച ഐതിഹാസികമായ, മഹത്തായ നവംബർ വിപ്ലവത്തിന്റെ ശതാബ്ദി ആചരിക്കുന്ന ഈ വേളയിൽ, അതിന്റെ ചരിത്രത്തെയും പാഠങ്ങളെയും യുഗനിർണ്ണായകമായ ഈ സംഭവത്തോടുള്ള ലോകവ്യാപകമായ പ്രതികരണങ്ങളെയും സംബന്ധിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ എസ്‌യുസിഐ(സി) കേന്ദ്രമുഖപത്രമായ ‘പ്രോലിറ്റേറിയൻ ഇറ’ തീരുമാനിച്ചിട്ടുണ്ട്. ബുദ്ധിമുട്ടേറിയതും കഠിനതരവും എന്നാൽ ദൃഢവും നന്നായി രൂപകൽപ്പനചെയ്യപ്പെട്ടതും കുറ്റമറ്റ രീതിയിൽ നടപ്പാക്കപ്പെട്ടതുമായ പദ്ധതിപ്രകാരം തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ലെനിൻ ബോൾഷെവിക് പാർട്ടിക്ക് രൂപം നൽകിയതിനെയും അതിന്റെ നേതൃത്വത്തിൽ വിപ്ലവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതിനെയും കുറിച്ചുള്ള ഒരു ലേഖനമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അതിന്റെ പരിഭാഷ ചുവടെ ചേർക്കുന്നു).

മാനവചരിത്രത്തിലെ നാഴികക്കല്ലുകളാണ് വിപ്ലവങ്ങൾ. ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക-രാഷ്ട്രീയവിപ്ലവങ്ങളിൽവേറിട്ടുനിൽക്കുന്ന ഒന്നാണ് റഷ്യയിൽ നടന്ന മഹത്തായ നവംബർ വിപ്ലവം. മാർക്‌സ്, ഏംഗൽസ് എന്നീ മഹാന്മാരുടെ അർഹനായ ശിഷ്യനും തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവുമായ വ്‌ളാഡിമിർ ഇല്ലിച്ച് ലെനിന്റെ നേതൃത്വത്തിലാണ് ആ വിപ്ലവം നടന്നത്. അതി പ്രാചീനകാലം മുതൽ നിന്ദിതരും ചൂഷിതരും അഭിലഷിച്ചതും കഠിനപ്രയത്‌നം നടത്തിയതും ചൂഷണമുക്തമായ ഒരു ലോകത്തിനുവേണ്ടിയാണ്. അത്തരമൊരു ലോകത്തിന്റെ ആഗമനം വിളംബരം ചെയ്തു എന്നതാണ് ഈ വിപ്ലവത്തിന്റെ വ്യത്യസ്തത. അതുകൊണ്ടുതന്നെ, നവംബർ വിപ്ലവത്തിന്റെ ശതാബ്ദി സഗൗരവം ആചരിക്കുമ്പോൾ, ആ ആചരണം വെറുമൊരു ചടങ്ങല്ല എന്ന കാര്യം ഓർക്കാതെവയ്യ. മുതലാളിത്ത ലോകത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുകയും മുതലാളിത്ത ഭരണകൂടത്തെ തകർത്ത് ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടം റഷ്യയിൽ സ്ഥാപിക്കുകയും ചെയ്ത മഹത്തായ നവംബർ വിപ്ലവം ആകശത്തുനിന്ന് പൊട്ടിവീണതല്ല. വിപ്ലവസിദ്ധാന്തത്തിന് മൂർത്തരൂപം നൽകി യാതാർത്ഥ്യമാക്കിയ അനന്യമായ സംഭവമായിരുന്നു അത്. മഹാനായ വിപ്ലവചിന്തകനും നേതാവും തൊഴിലാളിവർഗ്ഗത്തിന്റെ ഗുരുനാഥനുമായ സഖാവ് ലെനിന്റെ നേതൃത്വത്തിൽ നടന്ന ഈ വിപ്ലവം അങ്ങേയറ്റം പിന്നാക്കമായിരുന്ന റഷ്യയെപ്പോലൊരു രാജ്യത്തെ രണ്ടു പതിറ്റാണ്ടുകൊണ്ട് എല്ലാ അർത്ഥത്തിലും ഏറ്റവും വികസിതമായ ഒന്നാക്കിത്തീർത്തു. മഹാനായ ലെനിന്റെ ഉത്തമനായ പിന്തുടർച്ചക്കാരൻ സ്റ്റാലിന്റെ കഴിവുറ്റ നേതൃത്വത്തിൻകീഴിൽ സോഷ്യലിസ്റ്റ് യുഎസ്എസ്ആർ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ശക്തികൾക്ക് കനത്ത പരാജയമേൽപ്പിച്ചുകൊണ്ട് മാനവരാശിയെ ആസന്നമായൊരു വിപത്തിൽനിന്ന് രക്ഷിച്ചു. യുദ്ധംകൊണ്ട് തകർന്നടിഞ്ഞ തൊഴിലാളികൾക്കും കർഷകർക്കുമൊക്കെ വലിയ ആശ്വാസം പകരുന്ന വമ്പിച്ച നടപടികളും സ്വീകരിച്ചു. അവർക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ കഴിയുന്ന അവസ്ഥ സൃഷ്ടിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. ഇന്ന് മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം പലവിധത്തിൽ വികൃതമാക്കപ്പെടുന്നുണ്ട്. മാർക്‌സിസം-ലെനിനിസത്തെക്കുറിച്ചും അതിന്റെ ശിൽപ്പികളെക്കുറിച്ചുമൊക്കെ അപവാദ പ്രചരണങ്ങൾ നടത്തുന്നു. മുതലാളിത്ത-സാമ്രാജ്യത്വശക്തികളും തിരുത്തൽവാദികളുമൊക്കെ ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങൾ നടത്തുന്ന സങ്കീർണ്ണമായ ഇന്നത്തെ ലോകസാഹചര്യത്തിൽ, യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ നവംബർ വിപ്ലവത്തിൽനിന്ന് ശരിയായ പാഠങ്ങൾ ഉൾക്കൊള്ളുകയും സ്വന്തം രാജ്യത്ത് വിപ്ലവം സാദ്ധ്യമാക്കത്തക്കവണ്ണം ആ പാഠങ്ങൾ ക്രിയാത്മകമായും നിർഭയമായും നടപ്പിലാക്കുകയും ചെയ്യുന്നതിന് വമ്പിച്ച പ്രാധാന്യമുണ്ട്.
ഭൗതികലോകത്തെ സംബന്ധിച്ച് വ്യത്യസ്ത ശാസ്ത്രശാഖകൾ വെളിവാക്കിയിട്ടുള്ളതും സാമൂഹ്യശാസ്ത്രങ്ങൾ സാധൂകരിച്ചിട്ടുള്ളതുമായ പ്രത്യേകസത്യങ്ങളെ ഏകോപിപ്പിക്കുകയും സംയോജിപ്പിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്തുകൊണ്ട് ഭൗതികലോകത്തിന്റെയും സാമൂഹ്യവികാസത്തിന്റെയും നിയമങ്ങൾ കണ്ടെത്തിയ മാർക്‌സ്, പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ട സത്യത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രവും ശാസ്ത്രീയവുമായ ഒരു ലോകവീക്ഷണം വികസിപ്പിച്ചെടുത്തു. അതിലൂടെ ഭൗതികലോകത്തെ ശരിയായി വ്യാഖ്യാനിക്കുക മാത്രമല്ല, അതിനെ മാറ്റിത്തീർക്കാനുള്ള ശാസ്ത്രീയവും വസ്തുനിഷ്ഠവും ചരിത്ര നിർണ്ണീതവുമായ മാർഗ്ഗം കാണിച്ചുതരികയും ചെയ്തു. അതുകൊണ്ടുതന്നെ മാർക്‌സിസം നിർജീവമായ ഒരു തത്വചിന്തയല്ല, അത് പ്രവർത്തനത്തിന്റെ പാത കാണിക്കുന്നതും എല്ലാ ശാസ്ത്രങ്ങളുടെയും ശാസ്ത്രവുമാണ്.
ബൂർഷ്വാസമൂഹം തന്നെയാണ് മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള ശത്രുതാപരമായ വൈരുദ്ധ്യത്തിന്, വർഗ്ഗസമരത്തിന് ജന്മം നൽകുന്നതെന്നും വിപ്ലവകരമായ ഒരു തത്വചിന്തയുടെ അടിസ്ഥാനത്തിൽ തൊഴിലാളിവർഗ്ഗത്തിന് മുതലാളിത്തവ്യവസ്ഥയെ തകർത്തെറിഞ്ഞ് സോഷ്യലിസം സ്ഥാപിക്കാനുള്ള സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാണിച്ചത് മാർക്‌സ് ആണ്. വർഗ്ഗസമരം മുന്നോട്ടുപോകുമ്പോൾ അത് കൂടുതൽ തീവ്രതരമാക്കിക്കൊണ്ട് മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവങ്ങളിലൂടെ സോഷ്യലിസ്റ്റ് വ്യവസ്ഥകൾക്ക് ജന്മം നൽകാനും ആത്യന്തികമായി വർഗ്ഗരഹിതമായ കമ്മ്യൂണിസ്റ്റ് സമൂഹത്തിലെത്താനും മനുഷ്യസമൂഹത്തിന് കഴിയുമെന്നും മാർക്‌സ് പ്രവചിച്ചു. തൊഴിലാളിവർഗ്ഗത്തിന്റെ ഉദയം സമൂഹത്തിന് ഒരു കളങ്കമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നുമാത്രമല്ല, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ശത്രുതാപരമായ വൈരുദ്ധ്യത്തിൽ അകപ്പെട്ടിരിക്കുന്ന മുതലാളിത്ത സമൂഹത്തിന്റെ മോചനം സാദ്ധ്യമാക്കുന്ന വിപ്ലവത്തിന് നേതൃത്വം നൽകാൻ ചരിത്രപരമായി ഉയർന്നുവന്നിരിക്കുന്ന ഏറ്റവും വികസിതമായ വർഗ്ഗമാണ് തൊഴിലാളിവർഗ്ഗമെന്നും അദ്ദേഹം സമർത്ഥിച്ചു. മാർക്‌സിസം അതുകൊണ്ടുതന്നെ തൊഴിലാളിവർഗ്ഗത്തിന്റെ കയ്യിലെ അജയ്യമായ ആയുധമാണ്. മുതലാളിത്ത ചൂഷണവ്യവസ്ഥയെ തകർത്ത് മൂലധനത്തിന്റെ പിടിയിൽനിന്ന് ഭൗതികവും ആശയപരവുമായ വിമോചനം ഉറപ്പാക്കുന്ന ഒരു പുതുയുഗം അത് വിളംബരം ചെയ്യുന്നു. ദേശാതിർത്തികളെല്ലാം ഭേദിച്ച് മാർക്‌സിന്റെ ആശയങ്ങൾ ലോകമെമ്പാടും പ്രചരിച്ചു. അത് തൊഴിലാളിവർഗ്ഗത്തെ തട്ടിയുണർത്തി. ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്തു. ചൂഷണത്തിൽനിന്നും അടിച്ചമർത്തലിൽനിന്നും മോചനം നേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുത്തു. ലോകത്താദ്യമായി തൊഴിലാളിവർഗ്ഗവിപ്ലവം സംഘടിപ്പിക്കുകയും ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയും ചെയ്ത, മാർക്‌സിന്റെ ഉത്തമശിഷ്യനായ ലെനിൻ, മാർക്‌സിസം ശരിയാണെന്ന് അസന്നിഗ്ധമായി തെളിയിച്ചു. മാർക്‌സും ഏംഗൽസും വികസിപ്പിച്ചെടുത്ത വിജ്ഞാനശാസ്ത്രമാകെ സ്വാംശീകരിച്ചുകൊണ്ടും മാർക്‌സിസ്റ്റ് പ്രയോഗശാസ്ത്രം ശരിയായി ഉൾക്കൊണ്ടുകൊണ്ടും, സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റേതുമായ ഈ മാറിയ കാലഘട്ടത്തിൽ മാർക്‌സിസം മൂർത്തരൂപത്തിൽ ശരിയായി പ്രയോഗത്തിൽവരുത്തുന്ന പ്രക്രിയയിലൂടെ ലെനിൻ, മാർക്‌സിസ്റ്റ് ദർശനത്തിന് മൗലികമായ സംഭാവനകൾ നൽകുകയും അതിനെ കൂടുതൽ സമ്പൂഷ്ടമാക്കുകയും വികസിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ലെനിനിസം സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെയും കാലഘട്ടത്തിലെ മാർക്‌സിസമാണ് എന്ന് സ്റ്റാലിൻ പറഞ്ഞത്.
ഈ പശ്ചാത്തലത്തിലാണ് മഹത്തായ നവംബർവിപ്ലവത്തിന്റെ ഗതിവിഗതികളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുവാൻ ശ്രമിക്കുന്നത്.

വിപ്ലവപൂർവ്വ റഷ്യ

സാർ ഭരണകാലത്ത് റഷ്യ വലിയൊരളവിൽ കാർഷിക പ്രധാനമായ ഒരു രാജ്യമായിരുന്നു. മുതലാളിത്തം ക്രമേണ വികാസം പ്രാപിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സമരങ്ങളും സ്വന്തം സമരസംഘടനകളുമൊക്കെ കെട്ടിപ്പടുക്കാൻ തൊഴിലാളിവർഗ്ഗത്തെ പ്രചോദിപ്പിച്ചുകൊണ്ട് മാർക്‌സിസവും വേരോട്ടമുണ്ടാക്കിയിരുന്നു. മാർക്‌സിനും ഏംഗൽസിനും റഷ്യൻഭാഷ അറിയാമായിരുന്നുവെന്നുവെന്നും അവർ റഷ്യൻ പുസ്തകങ്ങൾ വായിച്ചിരുന്നുവെന്നും ഇരുവരും റഷ്യയുടെ കാര്യത്തിൽ താൽപ്പരരായിരുന്നുവെന്നും റഷ്യൻ വിപ്ലവപ്രസ്ഥാനത്തെ അനുഭാവപൂർവ്വം പരിശോധിച്ചിരുന്നുവെന്നും റഷ്യൻ വിപ്ലവകാരികളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും ലെനിൻ പറഞ്ഞിട്ടുണ്ട്. (ഫ്രെഡറിക് ഏംഗൽസിനെപ്പറ്റി, സമാഹൃതകൃതികൾ, വാള്യം 2, പേജ് 19)
റഷ്യൻ മാർക്‌സിസ്റ്റ് ഗ്രൂപ്പുകൾ രംഗപ്രവേശനം ചെയ്യുന്നതിനുമുമ്പ് സാർഭരണത്തിനെതിരായ സമരങ്ങളെ പ്രധാനമായും സ്വാധീനിച്ചിരുന്നത് നരോദിസമായിരുന്നു. ഭീകരതയുടെയും വ്യക്തിഹത്യയുടെയും മാർഗത്തിലൂടെ സാറിസ്റ്റ് വാഴ്ചയ്ക്ക് അന്ത്യം കുറിക്കാമെന്നായിരുന്നു നരോദ്‌നിക്കുകൾ വിശ്വസിച്ചിരുന്നത്. ഏതാനും വ്യക്തികളുടെ സാഹസികപ്രവർത്തനത്തിലൂടെ ഇത് സാദ്ധ്യമാക്കാമെന്നും അവർ കരുതി. ബഹുജനങ്ങൾക്ക് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനില്ല. ‘പ്രവർത്തനനിരതരായ നായകരും നിസ്സംഗരായ ജനക്കൂട്ടവും’ എന്നതായിരുന്നു അവരുടെ കാഴ്ചപ്പാടെന്ന് മഹാനായ സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്. തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവനേതൃത്വവും അവരുടെ സ്വന്തം പാർട്ടിയുടെ ആവശ്യകതയും നരോദ്‌നിക്കുകൾ നിഷേധിച്ചു. അവരുടെ ചിന്താഗതികൾ വ്യക്തമായും വിപ്ലവവിരുദ്ധമായിരുന്നു.
തൊഴിലാളിവിമോചനം എന്ന പേരിലുള്ള റഷ്യയിലെ ആദ്യത്തെ മാർക്‌സിസ്റ്റ് ഗ്രൂപ്പ് സ്ഥാപിതമാകുന്നത് 1883 ലായിരുന്നു. വിദേശത്ത് ഒളിവിൽകഴിഞ്ഞിരുന്ന ജി.വി.പ്ലഖനോവ് ജനീവയിൽവച്ചാണ് ഇതിന് രൂപം നൽകുന്നത്. മുമ്പ് അദ്ദേഹമൊരു നരോദനിക്കായിരുന്നു. എന്നാൽ പിന്നീട് മാർക്‌സിസം പഠിച്ചതിലൂടെ അദ്ദേഹം നരോദനിസവുമായുള്ള ബന്ധം വിച്ഛേദിക്കുകയും മാർക്‌സിസത്തിന്റെ പ്രമുഖ പ്രചാരകനായിമാറുകയും ചെയ്തു. മാർക്‌സിന്റെയും ഏംഗൽസിന്റെയും മുഖവുരയോടു കൂടിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും അവരുടെ മറ്റു ചില കൃതികളും അദ്ദേഹം റഷ്യൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തി. എന്നുമാത്രമല്ല, നരോദനിക് പ്രത്യയശാസ്ത്രത്തിനെതിരായി മാർക്‌സിസ്റ്റ് വീക്ഷണം സംബന്ധിച്ചുള്ള നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ അദ്ദേഹം നേതൃത്വം നൽകിയ തൊഴിലാളി വിമോചനഗ്രൂപ്പ് നരോദനിസത്തിനെതിരെ രൂക്ഷമായ പ്രത്യയശാസ്ത്രസമരം നടത്തുകയും റഷ്യയിൽ വ്യാപകമായി മാർക്‌സിസം പ്രചരിക്കുന്നതിന് അത് കാരണമാകുകയും ചെയ്തു. ”റഷ്യൻ മാർക്‌സിസ്റ്റുകളുടെ ഒരു തലമുറയെത്തന്നെ വാർത്തെടുക്കുന്നതിന്” സഹായമായത് എന്ന് ലെനിൻതന്നെ വിശേഷിപ്പിച്ച ‘ഓൺ ദ ഡവലപ്പ്‌മെന്റ് ഓഫ് ദ മോണിസ്റ്റിക് വ്യൂ ഓഫ് ഹിസ്റ്ററി’ എന്ന ലേഖനം ഇതിൽ എടുത്തുപറയേണ്ടതാണ്. (സമാഹൃതകൃതികൾ, റഷ്യൻഎഡിഷൻ, വാള്യം 14). നരോദനിസത്തെ തുറന്നുകാണിച്ചുകൊണ്ടാണ് റഷ്യയിൽ മാർക്‌സിസം മുന്നേറിയതെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, പ്ലഖനോവ് വളരെ ഗുരുതരമായ ചില പിശകുകൾ വരുത്തുകയുണ്ടായി. നരോദിസത്തിനെതിരെ രൂക്ഷമായ പ്രത്യയശാസ്ത്രസമരം നടത്തുമ്പോൾതന്നെ നരോദനിക് കാഴ്ചപ്പാടുകളുടെ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തിലുണ്ടായിരുന്നു. വ്യക്തിഗതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉപേക്ഷിച്ചിരുന്നില്ല. എന്നുമാത്രമല്ല, തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവത്തിന്റെ സഖ്യശക്തിയെന്ന നിലയിലുള്ള കർഷകവിഭാഗത്തിന്റെ പങ്ക് സംബന്ധിച്ച് ശരിയായ ധാരണ ആർജിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. ലിബറൽ ബൂർഷ്വവർഗ്ഗം തൊഴിലാളിവർഗ്ഗത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ സഹായകമായ ശക്തിയായിരിക്കും എന്നും അദ്ദേഹം കരുതി. എന്നുമാത്രമല്ല, അന്ന് റഷ്യയിലുണ്ടായിരുന്ന പല മാർക്‌സിസ്റ്റ് ഗ്രൂപ്പുകളെയും പോലെതന്നെ അദ്ദേഹത്തിന്റെ തൊഴിലാളി വിമോചനഗ്രൂപ്പിനും റഷ്യൻ മണ്ണിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ മൂർത്തമായ അനുഭവങ്ങളുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.
റഷ്യൻതൊഴിലാളി പ്രസ്ഥാനത്തെ തൊഴിലാളി വിമോചനഗ്രൂപ്പിന്റെ പിശകുകളിൽനിന്ന് സ്വതന്ത്രമാക്കി മാർക്‌സിസത്തിന്റെ ഉറച്ച അടിത്തറയിൽ വികസിപ്പിച്ചെടുക്കുക എന്ന ഉത്തരവാദിത്തം ലെനിന്റെ ചുമലിലായി. കേവലം 18 വയസ്സുള്ളപ്പോൾ, കസാൻ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ, വിപ്ലവവിദ്യാർത്ഥി പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ലെനിൻ അറസ്റ്റ് ചെയ്യപ്പെടുകയും യൂണിവേഴ്‌സിറ്റിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഫെദസെയേവ് രൂപീകരിച്ച മാർക്‌സിസ്റ്റ് സർക്കിളിൽ അംഗമായി. പിന്നീടദ്ദേഹം സമാറയിലേയ്ക്ക് പോവുകയും താമസിയാതെ അവിടെ ഒരു മാർക്‌സിസ്റ്റ് സർക്കിൾ രൂപീകരിക്കുകയും ചെയ്തു. 1893-ൽ ലെനിൻ സെന്റ് പീറ്റേഴ്‌സ് ബർഗിലെത്തി. 1895-ൽ ‘ലീഗ് ഓഫ് സ്ട്രഗിൾ ഫോർ ദ ഇമാൻസിപ്പേഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്’ എന്ന സംഘടന രൂപീകരിച്ചുകൊണ്ട് വിവിധ മാർക്‌സിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു. അതിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങളും നടത്തി. റഷ്യയിലെ തൊഴിലാളി പ്രസ്ഥാനത്തിലേയ്ക്ക് ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാഠങ്ങൾ ആനയിക്കുന്നത് ലെനിനാണ്. നരോദിസത്തിന് തുടർന്നും റഷ്യയിൽ കുറച്ചൊക്കെ സ്വാധീനമുണ്ടായിരുന്നു. അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പിശകുകൾ ‘വാട്ട് ദ ഫ്രണ്ട്‌സ് ഓഫ് ദ പീപ്പിൾ ആർ ആന്റ് ഹൗ ദേ ഫൈറ്റ് ദ സോഷ്യൽ ഡെമോക്രാറ്റ്‌സ്’ എന്ന തന്റെ വിഖ്യാതകൃതിയിൽ ലെനിൻ വിശദമായിത്തന്നെ ചർച്ച ചെയ്തു.
പ്ലഖനോവിന്റേതടക്കമുള്ള റഷ്യയിലെ മുഴുവൻ മാർക്‌സിസ്റ്റ് ഗ്രൂപ്പുകളെയും സർക്കിളുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് രൂപം നൽകുവാനുള്ള (സോഷ്യൽ ഡെമോക്രസിയുടെ അവസരവാദപരവും സന്ധി മനോഭാവപരവുമായ സ്വഭാവങ്ങൾ അന്ന് പ്രകടമായിട്ടില്ല. അവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം വേർപെടുത്തിയിട്ടുമുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റുകൾ അന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ എന്നാണ് അറിയപ്പെട്ടിരുന്നതുതന്നെ) ശ്രമങ്ങൾ അന്ന് സജീവമായിരുന്നു. അത്തരമൊരു നിർണ്ണായക സന്ദർഭത്തിലാണ് ലെനിനെ അറസ്റ്റുചെയ്ത് സൈബീരിയയിലേയ്ക്ക് നാടുകടത്തുന്നത്. അവിടെനിന്നും അദ്ദേഹം സഖാക്കളുമായി ബന്ധം പുലർത്തുകയും നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു. റഷ്യൻ തൊഴിലാളി പ്രസ്ഥാനത്തിൽ സാമ്പത്തികവാദ പ്രവണതകൾ വളർന്നുവരുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും നടത്തുക, ഒരു തൊഴിലാളിവർഗ്ഗ പാർട്ടിക്ക് ജന്മം നൽകുക തുടങ്ങിയ കാര്യങ്ങളൊക്കെ ഒഴിവാക്കി സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങളിൽ തൊഴിലാളികൾ ഏർപ്പെടുകയാണ് ചെയ്തിരുന്നത്. ഈ പ്രവണതയ്‌ക്കെതിരെ സൈബീരിയയിൽ വച്ചുതന്നെ ലെനിൻ തന്റെ തൂലിക ചലിപ്പിക്കാൻ തുടങ്ങി.

ഇസ്‌ക്ര രംഗപ്രവേശം ചെയ്യുന്നു

ലെനിൻ ആരംഭിച്ച ‘ലീഗ് ഓഫ് സ്ട്രഗിൾ ഫോർ ദ ഇമാൻസിപ്പേഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്’ എന്ന സംഘടന, റഷ്യൻമണ്ണിലെ തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവ പാർട്ടിയുടെ അടിത്തറയായി വർത്തിച്ചു. പല റഷ്യൻനഗരങ്ങളിലും പ്രവർത്തിച്ചിരുന്ന ലീഗിന്റെ യൂണിറ്റുകൾ തൊഴിലാളിവർഗ്ഗത്തിന്റെ ഏകോപിതമായൊരു പാർട്ടിക്ക് രൂപം നൽകുക എന്ന ഏക ലക്ഷ്യത്തിലേയ്‌ക്കെത്തി. 1898 മാർച്ചിൽ, പോലീസിന്റെ കണ്ണുവെട്ടിച്ച്, നിരവധി സോഷ്യൽ ഡെമോക്രാറ്റിക് സംഘടനകളുടെ പ്രതിനിധികൾ, മിൻസ്‌ക് എന്ന സ്ഥലത്ത് ആദ്യ കോൺഗ്രസ്സിൽ ഒത്തുചേർന്നു. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർപാർട്ടി (ആർഎസ്ഡിഎൽപി) രൂപീകരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു. എന്നാൽ ലെനിൻ വിദേശത്ത് ഒളിവിൽ താമസിച്ചിരുന്നതിനാൽ പാർട്ടി രൂപീകരിക്കുവാൻ സാധിച്ചില്ല. കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം തടസ്സം സൃഷ്ടിച്ചു. കേന്ദ്രനേതാക്കൾ താമസിയാതെ അറസ്റ്റിലാകുകയും ചെയ്തു. അതോടെ വ്യത്യസ്ത സോഷ്യൽ ഡെമോക്രാറ്റിക് സംഘടനകൾ സ്വന്തം നിലയിലുള്ള പ്രവർത്തനങ്ങളിലേയ്ക്ക് തിരിച്ചുപോയി.
എന്നാൽ എല്ലാ സോഷ്യൽ ഡെമോക്രാറ്റ്ക് സംഘടനകളെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു പാർട്ടി രൂപീകരിക്കുന്നതിനുള്ള വിശദമായ പദ്ധതി വിദേശത്തായിരുന്നപ്പോൾത്തന്നെ ലെനിൻ ആരംഭിച്ചിരുന്നു. അതോടൊപ്പം തന്നെ ഒരു രാഷ്ട്രീയ മുഖപത്രം പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തിന് അനുഭവപ്പെട്ടു. വിശാലമായ റഷ്യൻ മണ്ണിൽ പലയിടത്തായി പ്രവർത്തിക്കുന്ന മാർക്‌സിസ്റ്റ് ഗ്രൂപ്പുകൾ തമ്മിൽ ഒരു ജൈവബന്ധം സ്ഥാപിച്ചെടുക്കുന്നതിനും അതുവഴി ഒരു പാർട്ടി രൂപീകരിക്കുന്നതിലേയ്ക്കുള്ള പാത സുഗമമാക്കുന്നതിനും അത് ഏറെ സഹായകമാകും.
1900-ൽ വിദേശവാസം കഴിഞ്ഞ് തിരിച്ചെത്തിയ ലെനിൻ പ്ലഖനോവുമായി ചേർന്ന് ‘ഇസ്‌ക്ര’യുടെ ആദ്യ പതിപ്പ് പുറത്തിറക്കി. ‘തീപ്പൊരി തീയുണ്ടാക്കും’ എന്ന ഐതിഹാസികമായ തലവാചകം ആദ്യപേജിൽത്തന്നെ സ്ഥാനം പിടിച്ചിരുന്നു. വിദേശത്ത് അച്ചടിച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് റഷ്യയിലേയ്ക്ക് കടത്തിയാണ് ഇസ്‌ക്ര വിതരണം ചെയ്തിരുന്നത്. അത് പ്രചരിപ്പിക്കുന്നതായി സാർഭരണത്തിന്റെ ശ്രദ്ധയിൽപെട്ടാൽ ജയിൽവാസമോ നാടുകടത്തലോ ഉറപ്പായിരുന്നു. എന്നാൽ ഈ ഭീഷണികൾക്കൊന്നും ഇസ്‌ക്രയുടെ പ്രചാരണം തടയാൻ കഴിഞ്ഞില്ല. റഷ്യയിലെല്ലായിടത്തും അത് എത്തി. ഇസ്‌ക്രയുടെ വായനക്കാരുടെ സംഘടനകൾ ഓരോരോ പട്ടണങ്ങളിലായി ജന്മമെടുത്തു. ട്രാൻസ് കോക്കേഷ്യ മേഖലയിലെ അത്തരമൊരു സംഘടനയുടെ നേതാവായിരുന്നു സ്റ്റാലിൻ. പിന്നീട് ‘ബ്രദ്‌സോല'(സമരം) എന്ന പേരിൽ മറ്റൊരു രാഷ്ട്രീയപ്രസിദ്ധീകരണം ജോർജ്ജിയയായിൽ നിന്ന് സ്റ്റാലിന്റെ നേതൃത്വത്തിൽ പുറത്തുവന്നു.

ആർഎസ്ഡിഎൽപിയുടെ രൂപീകരണം

ലെനിൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയിലൂടെ ഇസ്‌ക്ര നേടിയ വിജയം പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സിന് പാതയൊരുക്കി. അത് 1903-ൽ ലണ്ടനിലാണ് നടന്നത്. പാർട്ടി പരിപാടി തയ്യാറാക്കുകയായിരുന്നു മുഖ്യോദ്ദേശം. കൈക്കൊണ്ട പരിപാടി ഒരു വിപ്ലവപാർട്ടിയുടെ മിലിറ്റന്റായ സമരത്തിന്റേതായിരുന്നു. സ്വകാര്യസ്വത്ത് നിരോധിക്കുക, മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണം അവസാനിപ്പിക്കുക, വർഗ്ഗവിഭജിത സമൂഹത്തിന് അന്ത്യംകുറിക്കുക എന്നിവ ലക്ഷ്യങ്ങളായി പാർട്ടി പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകർത്ത് സോഷ്യലിസം സ്ഥാപിക്കുക എന്നത് ലക്ഷ്യം വയ്ക്കുന്നു എന്ന് സാരം. ഈ ലക്ഷ്യങ്ങൾ നേടാൻ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തീകരിക്കേണ്ടതുണ്ട് എന്നും പരിപാടി വ്യക്തമാക്കുന്നു. അടിയന്തര ലക്ഷ്യം സാറിസ്റ്റ് വാഴ്ചയ്ക്ക് അന്ത്യം കുറിക്കുകതന്നെ. എന്നാൽ ഒരു പരിപാടി സ്വീകരിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. പാർട്ടിയുടെ സംഘടനാരൂപം എങ്ങനെയായിരിക്കണം, വിപ്ലവം യാഥാർത്ഥ്യമാക്കാൻ പാർട്ടി സ്വീകരിക്കുന്ന മാർഗ്ഗമെന്ത് തുടങ്ങിയ കാര്യങ്ങളൊക്കെ വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട്. പാർട്ടിയുടെ നിയമങ്ങളും ചട്ടങ്ങളുമൊക്കെ തയ്യാറാക്കുകയും വേണം. എന്നാൽ ഇതേച്ചൊല്ലി രണ്ടാം കോൺഗ്രസ്സിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. ആരായിരിക്കണം പാർട്ടി മെമ്പർ എന്നതായിരുന്നു പ്രധാനതർക്കവിഷയം. രണ്ടുചേരിയായി പ്രതിനിധികൾ തിരിഞ്ഞു. ഭൂരിപക്ഷം ലെനിനെ പിന്തുണച്ചു. അവർ ബോൾഷേവിക് എന്നറിയപ്പെട്ടു. ന്യൂനപക്ഷക്കാരെ മെൻഷെവിക് എന്നും വിളിച്ചു. തുടക്കത്തിൽ പ്ലഖനോവ് ലെനിന്റെ കൂടെയായിരുന്നു. പിന്നീട് മെൻഷെവിക് പക്ഷത്തേയ്ക്ക് ചാഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് സ്വയം മെമ്പർ എന്ന് പ്രഖ്യാപിക്കാൻ അവകാശമുണ്ടെന്ന് മെൻഷെവിക്കുകൾ വാദിച്ചു. കാഴ്ചപ്പാടിൽ വ്യത്യാസമുണ്ടെങ്കിലും വ്യത്യസ്തഗ്രൂപ്പുകളെയും വ്യക്തികളെയും മെമ്പർഷിപ്പിന് പരിഗണിക്കണം. ന്യൂനപക്ഷം ഭൂരിപക്ഷത്തിന് വിധേയമാകണം എന്ന തത്വം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്രീയത എന്ന സങ്കൽപ്പത്തെയും അവർ എതിർത്തു. വ്യക്തികൾ അവരുടെ ചിന്തയ്ക്ക് സ്വയംനിയന്ത്രണമേർപ്പെടുത്തണം എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. ഒരു തരം അയഞ്ഞ സംഘടനയായി പാർട്ടിയെ മാറ്റുക എന്നതായിരുന്നു അവരുടെ താൽപ്പര്യം. റഷ്യ അന്ന് ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ പടിവാതിൽക്കലെത്തിയിരുന്നു. വിപ്ലവത്തെയും പാർട്ടിയെയും സഹായിക്കാൻ ബൂർഷ്വാബുദ്ധിജീവികൾ മുന്നോട്ടുവരുന്ന സമയമായിരുന്നു അത്. അത്തരക്കാർക്കെല്ലാം മെമ്പർഷിപ്പ് നൽകണം എന്ന് മെൻഷെവിക്കുകൾ പറയാൻ കാരണമതാണ്. എന്നാൽ തൊഴിലാളിവർഗ്ഗ വിപ്ലവപാർട്ടിയെ സംബന്ധിച്ച് ലെനിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. മെൻഷെവിക്കുകളുടെ അരാജകവാദപരവും അതിവിപ്ലവവാദപരവുമായ ആശയങ്ങളിൽനിന്ന് വ്യത്യസ്തമായി മനുഷ്യശരീരത്തെപ്പോലെ ഏകശിലാസമാനമായ സ്വഭാവത്തോടുകൂടിയ ഒരു പാർട്ടിയാണ് ലെനിൻ വിഭാവന ചെയ്തത്. ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക് പാർട്ടി താഴെപ്പറയുന്ന കാര്യങ്ങൾ തറപ്പിച്ച് പറഞ്ഞു:
1. തൊഴിലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗപാർട്ടിയും ഒന്നല്ല. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്താൽ പ്രചോദിതമായ, വർഗ്ഗബോധമുള്ള, തൊഴിലാളിവർഗ്ഗത്തിലെ മുന്നണി വിഭാഗമാണ് തൊഴിലാളിവർഗ്ഗ പാർട്ടി.

2. പാർട്ടി തൊഴിലാളിവർഗ്ഗത്തിലെ വർഗ്ഗബോധമുള്ള മുന്നണി വിഭാഗം മാത്രമല്ല, സംഘടിതമായ വിഭാഗം കൂടിയാണ്. വെറും സംഘടനയല്ല, ‘എല്ലാ സംഘടനകളിലും വച്ച് ഏറ്റവും ഉയർന്ന രൂപത്തിലുള്ള’ സംഘടനയാണത്.

3. ‘തൊഴിലാളിവർഗ്ഗത്തിന് സംഘടനയല്ലാതെ മറ്റായുധമൊന്നുമില്ല’. അതിനാൽ, പാർട്ടി അംഗങ്ങൾ, പാർട്ടിയുടെ കീഴിലുള്ള ഏതെങ്കിലുമൊരു സംഘടനയിൽ അംഗമായിരിക്കണം.

4. ശരിയാംവണ്ണം പ്രവർത്തിക്കുന്നതിനും ജനങ്ങളെ അച്ചടക്കത്തോടെ നയിക്കുന്നതിനും തൊഴിലാളിവർഗ്ഗപാർട്ടി കേന്ദ്രീയത എന്ന തത്ത്വത്തെ ആധാരമാക്കി പ്രവർത്തിക്കേണ്ടതുണ്ട്. താഴ്ന്ന ഘടകങ്ങൾ ഉയർന്ന ഘടകങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന തരത്തിലാണ് നേതൃത്വം വിഭാവന ചെയ്തിട്ടുള്ളത്. എല്ലാത്തലങ്ങളിലുമുള്ള നേതാക്കളും അണികളും പാർട്ടി അച്ചടക്കം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്.

5. സംഘടനയുടെ ഏറ്റവും ഉയർന്ന ആവിഷ്‌ക്കാരമാണ് പാർട്ടി. അതിനാൽ എല്ലാ സംഘടനകളെയും നയിക്കുന്നത് പാർട്ടി ആയിരിക്കും. ഉയർന്ന പ്രത്യയശാസ്ത്രധാരണയുള്ള, വർഗ്ഗസമരത്തിന്റെ നിയമങ്ങൾ നന്നായി ഗ്രഹിച്ചിട്ടുള്ള, വിപ്ലവസമരങ്ങൾ സംഘടിപ്പിക്കുന്നതിൽ അനുഭവസമ്പത്തുള്ള തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിവിഭാഗത്തെ ചേർത്താണ് പാർട്ടിക്ക് രൂപം നൽകുന്നത്.

6. ജനങ്ങളുമായി നിരന്തര സമ്പർക്കത്തിലായിരിക്കണം പാർട്ടി എന്നുള്ളത് അങ്ങേയറ്റം പ്രധാനമാണ്. എങ്കിൽമാത്രമേ പാർട്ടിക്ക് മുന്നേറാനാകൂ.

7. പാർട്ടി ഒരിക്കലും ഒരു അയഞ്ഞ സംഘടനയായിരിക്കില്ല. സാഹചര്യങ്ങളെ അതിന്റെ വഴിക്ക് വിട്ട്, യാദൃശ്ചികതകളുടെ പിന്നാലെ പോകുന്ന, അതിന്റെ വാലായി പ്രവർത്തിക്കുന്ന സ്ഥിതി ഒരിക്കലും അനുവദിക്കാനാവില്ല. ലെനിൻ പറഞ്ഞു ”ഒരു വിപ്ലവസിദ്ധാന്തമില്ലാതെ വിപ്ലവ പ്രസ്ഥാനമുണ്ടാകില്ല… ഏറ്റവും വികസിതമായ സിദ്ധാന്തത്താൽ നയിക്കപ്പെടുന്ന ഒരു പാർട്ടിക്കുമാത്രമേ ഒരു മുന്നണി പോരാളിയുടെ പങ്ക് നിറവേറ്റാനാകുകയുള്ളൂ. തൊഴിലാളി പ്രസ്ഥാനത്തിൽ യാദൃശ്ചികതയോടുള്ള ആരാധന തൊഴിലാളികളിൽ ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കും. ബോധത്തിന്റെ, പാർട്ടിയുടെ പങ്ക് കുറച്ചുകാണിക്കുന്നവർ, അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഈ ധർമ്മമാണ് നിർവ്വഹിക്കുന്നത്.(തെരഞ്ഞെടുത്ത കൃതികൾ, ഇംഗ്ലീഷ്പതിപ്പ്, മോസ്‌കോ, വാള്യം- 1).

ആയിരത്തിത്തൊള്ളായിരാമാണ്ടിൽ, ഒരു യഥാർത്ഥ മാർക്‌സിസ്റ്റ് പാർട്ടിക്ക് റഷ്യൻ മണ്ണിൽ രൂപം നൽകാനുള്ള പ്രാഥമിക കടമകൾ എന്തൊക്കെയെന്ന് ലെനിൻ സുവ്യക്തമായി അവതരിപ്പിച്ചു. പാർട്ടി രൂപീകരിച്ച് ദൃഢീകരിച്ചെടുക്കുകയെന്നാൽ റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റുകളുടെയിടയിൽ ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുക എന്നാണർത്ഥമെന്ന് ലെനിൻ പറയുകയുണ്ടായി (അന്ന് മാർക്‌സിസ്റ്റുകൾ സോഷ്യൽ ഡെമോക്രാറ്റുകൾ എന്നാണറിയപ്പെട്ടിരുന്നത്). മീറ്റിംഗുകൂടി പ്രമേയം പാസ്സാക്കുന്നതുകൊണ്ടോ ആജ്ഞകൾ പുറപ്പെടുവിക്കുന്നതുകൊണ്ടോ ഒന്നും ഈ ഐക്യം സ്ഥാപിച്ചെടുക്കാനാവില്ല. ഇതിന് ചില കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. ഒന്നാമതായി, ഒരു ആശയപ്പൊരുത്തമുണ്ടാകണം. സോഷ്യൽ ഡെമോക്രാറ്റുകൾക്കിടയിലെ ഒരുമ, അഭിപ്രായവ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളുമൊക്കെ ദുരീകരിക്കും. അല്ലാത്തപക്ഷം ഐക്യം വെറുമൊരു ഏച്ചുകെട്ടൽ മാത്രമായിരിക്കും. അങ്ങനെവന്നാൽ ഇപ്പോഴുള്ള ആശയക്കുഴപ്പങ്ങളെല്ലാം അതേപടി തുടരും. തെറ്റായ ആശയങ്ങൾ പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന പ്രക്രിയയ്ക്ക് അത് വിലങ്ങുതടിയാകും. മഹാനായ ലെനിൻ ആശയപരമായ ഐക്യത്തിന് വമ്പിച്ച പ്രാധാന്യമാണ് കൽപ്പിച്ചത്. ഇത് കേവലം വിപ്ലവപരിപാടികളുടെ നടത്തിപ്പിനായി മാത്രമായിരുന്നില്ല. ആശയപരമായ ഐക്യം എന്നതുകൊണ്ട് ലെനിൻ എന്താണ് ഉദ്ദേശിച്ചതെന്ന് സഖാവ് ലെനിന്റെ അർഹനായ ശിഷ്യൻ സഖാവ് ശിബ്ദാസ്‌ഘോഷ് വിശദമാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും മാർക്‌സിസം പ്രാവർത്തികമാക്കാനുള്ള സമരമാണത്. ഈ വിപ്ലവസിദ്ധാന്തം ശരിയായി ഗ്രഹിക്കാനും ഒരു രാജ്യത്തിന്റെ മൂർത്തസാഹചര്യത്തിൽ മാർക്‌സിസം മൂർത്തവൽക്കരിക്കാനും ബൂർഷ്വാ സംസ്‌കാരത്തിനുബദലായി കമ്മ്യൂണിസ്റ്റ് സംസ്‌കാരം വളർത്തിയെടുക്കാനും പാർട്ടിയിൽ ജനാധിപത്യകേന്ദ്രീയതയും സാമൂഹ്യനേതൃത്വവും വികസിപ്പിച്ചെടുക്കാനും അതിലൂടെ മാത്രമേ സാദ്ധ്യമാകൂ. ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ എന്ന കൃതിയിൽ, മാർക്‌സിസത്തിന്റെ ചരിത്രത്തിൽ ആദ്യമായി, വിപ്ലവപാർട്ടിയുടെ പങ്കെന്താണെന്ന് ലെനിൻ മൂർത്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. തൊഴിലാളിവർഗ്ഗത്തിന്റെ കയ്യിലെ മുഖ്യആയുധം മുന്നണിപ്പടയായ ഈ പാർട്ടിയാണെന്ന് അദ്ദേഹം പറയുന്നു. വിപ്ലവപ്പാർട്ടിയില്ലാതെ വിപ്ലവമുണ്ടാകില്ല, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടമുണ്ടാകില്ല.
റഷ്യയിലെ ഭൂരിപക്ഷം സോഷ്യൽ ഡെമോക്രാറ്റിക് സംഘടനകളും ബോൾഷെവിക്കുകളോട് ചേർന്നു. അന്ന് സഖാവ് സ്റ്റാലിൻ ജയിലിലായിരുന്നു. രണ്ടാം കോൺഗ്രസ്സിന്റെ തീരുമാനങ്ങൾ അറിഞ്ഞപ്പോൾ അദ്ദേഹം ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളോടൊപ്പം അടിയുറച്ചുനിന്നു.
ഇതേത്തുടർന്ന് വർദ്ധിതവീര്യത്തോടെ ബോൾഷെവിക്കുകൾ തൊഴിലാളിവർഗ്ഗ സമരങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. 1901 നും 1904 നുമിടയ്ക്ക് വർഗ്ഗസമരങ്ങൾ വമ്പിച്ച മുന്നേറ്റം കൈവരിച്ചു. 1904-ലെ ഡിസംബർ മാസത്തിൽ ബോൾഷെവിക്കുകൾ ബാക്കുവിലെ എണ്ണപ്പാടത്ത് ഒരു പടുക്കൂറ്റൻ സമരം സംഘടിപ്പിച്ചു. ഈ സമരം രാജ്യത്താകെ നിരവധി സമരങ്ങൾക്ക് തിരികൊളുത്തി. ആസന്നമായ വിപ്ലവത്തിന്റെ വരവറിയിക്കുന്ന ഇടിമുഴക്കമായി ഈ സമരങ്ങൾ.

1905-ലെ വിപ്ലവം

സാറിന്റെ യുദ്ധനീക്കങ്ങളെ മെൻഷെവിക്കുകൾ പിന്തുണച്ചു. ലിബറൽ ബൂർഷ്വാസിയുടെ നിലപാടാണ് അവരും സ്വീകരിച്ചത്. എന്നാൽ ലെനിൻ വ്യത്യസ്തമായ നിലപാടാണ് കൈക്കൊണ്ടത്. 1905-ലെ ബൂർഷ്വാ ജനാധിപത്യവിപ്ലവത്തെക്കുറിച്ചുള്ള ലെനിന്റെ സങ്കൽപ്പം വ്യത്യസ്തമായിരുന്നു. ലോകമുതലാളിത്തം സാമ്രാജ്യത്വഘട്ടത്തിലെത്തിയിരിക്കുന്നതിനാൽ, ബൂർഷ്വാ ജനാധിപത്യവിപ്ലവങ്ങളിൽ തൊഴിലാളിവർഗ്ഗം നേതൃത്വപരമായ പങ്കുവഹിക്കണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. വിപ്ലവം വിജയിക്കാൻ അത് അനിവാര്യമാണ്. സായുധ വിപ്ലവത്തിലൂടെ സാർ ഭരണത്തിന് അന്ത്യംകുറിച്ച് ഒരു താൽക്കാലിക വിപ്ലവഗവൺമെന്റിന് രൂപം നൽകണമെന്നതായിരുന്നു ബോൾഷെവിക്കുകളുടെ നിലപാട്. എന്നാൽ ജനങ്ങൾ ആയുധമെടുക്കരുതെന്ന മെൻഷെവിക് നിലപാടാണ് പ്ലഖനോവ് ഉയർത്തിപ്പിടിച്ചത്. വിപ്ലവപ്രസ്ഥാനത്തെ ക്രൂരമായി അടിച്ചമർത്താൻ ഈ വഞ്ചന സാർഭരണത്തിന് അവസരം നൽകി. വിപ്ലവവേലിയേറ്റം പിൻവാങ്ങി. 1905 മുതൽ 1907 വരെയുള്ള മൂന്നുവർഷക്കാലത്തെ ധീരോദാത്തമായ പോരാട്ടം റഷ്യൻ ജനതയ്ക്ക് സമ്മാനിച്ച വമ്പിച്ച നേട്ടങ്ങൾ കൈവരിക്കാൻ മറ്റുരാജ്യങ്ങൾക്ക് യുഗങ്ങൾതന്നെ വേണ്ടിവന്നുവെന്ന് ലെനിൻ നിരീക്ഷിച്ചു. ഈ വിപ്ലവം തൊഴിലാളിവർഗ്ഗത്തെ വഞ്ചനാത്മകവും വെറുക്കപ്പെട്ടതും കാലഹരണപ്പെട്ടതുമായ ഉദാരതാവാദത്തിന്റെ സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ചു. റഷ്യയിലെ ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ വർഗ്ഗത്തിന് വിപ്ലവമുന്നേറ്റം വളർത്തിയെടുക്കാനുള്ള ഊർജ്ജസ്വലത അത് പ്രദാനം ചെയ്തു. റഷ്യയിലെ ആദ്യത്തെ വിപ്ലവം വിജയമായിരുന്നില്ലെങ്കിലും ലോകമെമ്പാടുമുള്ള വിമോചനമുന്നേറ്റങ്ങൾക്ക് അത് വലിയ പ്രചോദനമായി.
പരാജയപ്പെട്ട ഈ വിപ്ലവം റഷ്യയെ ലോകവിപ്ലവത്തിന്റെ ആസ്ഥാനമാക്കി മാറ്റി. ലെനിന്റെ ബോൾഷെവിക് പാർട്ടി നയിക്കുന്ന റഷ്യയിലെ തൊഴിലാളിവർഗ്ഗം വിപ്ലവത്തിന്റെ മുന്നണിപ്പടയായി മാറി. റഷ്യൻ വിപ്ലവത്തിന്റെ അനിഷേധ്യനേതാവും ചിന്തകനും സംഘാടകനുമായി ലെനിൻ ഉയർന്നുവന്നു. എന്നാൽ 1905 ലെ പരാജയപ്പെട്ട ഈ വിപ്ലവം നിരാശയും സൃഷ്ടിച്ചു.
എന്നാൽ ലെനിന്റെ ആവേശം ജനിപ്പിക്കുന്ന നേതൃത്വം നിരാശയിൽനിന്ന് ജനങ്ങളെ മുക്തരാക്കി. അടിച്ചമർത്തിലിൽ നിന്നുള്ള മോചനത്തിനായി വിപ്ലവസമരങ്ങൾ സംഘടിപ്പിക്കാൻ റഷ്യൻ തൊഴിലാളിവർഗ്ഗത്തെ അത് വീണ്ടും ഉത്തേജിപ്പിച്ചു. വിപ്ലവത്തെ ശക്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി ലെനിൻ സങ്കീർണ്ണമായ പല സമരമാർഗ്ഗങ്ങളിലൂടെയും സഞ്ചരിച്ചു. ഒരു ഘട്ടത്തിൽ ഡ്യൂമയിൽ പങ്കെടുക്കാനും മറ്റൊരു ഘട്ടത്തിൽ ഡ്യൂമ ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്ത ലെനിന്റെ മാർക്‌സിസ്റ്റ് വിശകലനപാടവം അപാരമായിരുന്നു.
1905-ൽ ഏകാധിപത്യ സാർ ഭരണത്തിനെതിരെ ബൂർഷ്വാജനാധിപത്യവിപ്ലവ സാദ്ധ്യത ഉയർന്നുവന്നപ്പോൾ, ആ വിപ്ലവത്തിൽ സജീവമായി പങ്കെടുക്കുക മാത്രമല്ല നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ട് അതിനെ ഒരു തൊഴിലാളിവർഗ്ഗ വിപ്ലവമാക്കി പരിവർത്തനപ്പെടുത്താൻ തൊഴിലാളിവർഗ്ഗത്തെ ലെനിൻ ആഹ്വാനം ചെയ്തു. പലകാരണങ്ങളാൽ വിപ്ലവം യാഥാർത്ഥ്യമായില്ല. ആ സന്ദർഭത്തിൽ നിയമപരമായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിപ്ലവസമരങ്ങൾ ശക്തിപ്പെടുത്തിയെടുക്കാനാണ് സാഹചര്യം ആവശ്യപ്പെട്ടത്. വിപ്ലവ ”വേലിയേറ്റം”എന്ന് ലെനിൻ വിശേഷിപ്പിച്ച സാഹചര്യം കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാൻ ബോൾഷെവിക്കുകൾക്ക് കഴിഞ്ഞു. ഭൂവുടമകളുടെയും മുതലാളിമാരുടെയുമൊക്കെ പ്രതിനിധികളടങ്ങുന്ന ഒരു ഉപദേശക സമിതിയായിരുന്നു ഡ്യൂമ. ഭൂസ്വത്തും പദവിയുമൊക്കെയായിരുന്നു അതിൽ അംഗത്വത്തിന് മാനദണ്ഡം. തെരഞ്ഞെടുപ്പാകട്ടെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിലും ഒത്താശയിലുമായിരുന്നു. ജനങ്ങളുടെ പ്രാതിനിധ്യം എന്നത് വെറുമൊരു പ്രഹസനമായിരുന്നു. ആ സാഹചര്യത്തിൽ ലെനിൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: ”ഇന്നത്തെ സാഹചര്യത്തിൽ ലിബറൽ ബൂർഷ്വാസി ഡ്യൂമയിൽ പങ്കെടുക്കുന്നത് സമരത്തിൽ വെള്ളം ചേർക്കലാണ്. ജനങ്ങളേക്കാൾ സാർ ഭരണത്തിന് പ്രയോജനകരമായ ഈ നടപടി സാർ ചക്രവർത്തിയും ബൂർഷ്വാസിയും തമ്മിലുള്ള പ്രതിവിപ്ലവകരമായ പങ്കുകച്ചവടമാണ് വെളിവാക്കുന്നത്”. (സമാഹൃതകൃതികൾ, വാള്യം 9, പേജ് 181).
എന്നാൽ, ”വ്യത്യസ്തമായൊരു സാഹചര്യത്തിൽ, ഈ അനുഭവം, അന്ധമായി, വിമർശനാത്മകമായല്ലാതെ, അതേപടി പകർത്തുന്നത് തീർച്ചയായും വലിയ അപരാധമായിരിക്കു”മെന്നും ലെനിൻ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. (ഇടതുപക്ഷ കമ്മ്യൂണിസം, പേജ് 22). യഥാർത്ഥ വിപ്ലവകാരികൾ വ്യത്യസ്ത സന്ദർഭങ്ങളിൽ, സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച്, മാർക്‌സിസ്റ്റ് പ്രയോഗ പദ്ധതിയും വിശകലനരീതിയും പിന്തുടർന്നുകൊണ്ട്, വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചുകൊണ്ട് വിപ്ലവപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഉത്തമദൃഷ്ടാന്തമാണിത്.
ലെനിന്റെ വാക്കുകൾതന്നെ ഉദ്ധരിക്കാം: ”പാർലമെന്ററിയും പാർലമെന്റേതരവുമായ സമരരൂപങ്ങൾ സ്വീകരിക്കൽ, പാർലമെന്റ് ബഹിഷ്‌ക്കരിക്കുന്നതും അതിൽ പങ്കെടുക്കുന്നതും, നിയമാനുസൃതവും നിയമവിരുദ്ധവുമായ സമരമാർഗ്ഗങ്ങൾ അവലംബിക്കൽ ഇവയൊക്കെത്തമ്മിലുള്ള പരസ്പരബന്ധം – എല്ലാംതന്നെ അസാധാരണമാംവിധം സമ്പന്നമായ ഉള്ളടക്കമുള്ളതായിരുന്നു…. 1905-ൽ ‘പാർലമെന്റ്’ ബഹിഷ്‌ക്കരിച്ച ബോൾഷെവിക്കുകളുടെ നടപടി തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവാനുഭവങ്ങളെ സമ്പുഷ്ടമാക്കുകയും അമൂല്യമായ രാഷ്ട്രീയപാഠങ്ങൾ സമ്മാനിക്കുകയും ചെയ്തു. നിയമാനുസൃതവും നിയമവിരുദ്ധവും പാർലമെന്ററിയും പാർലമെന്റേതരവുമൊക്കെയായ സമരരൂപങ്ങൾ ഏകോപിപ്പിക്കുമ്പോൾ പാർലമെന്ററി മാർഗ്ഗം ഉപേക്ഷിക്കുന്നത് ചിലപ്പോൾ പ്രയോജനകരവും അത്യന്താപേക്ഷിതം തന്നെയുമാകും. എന്നാൽ, മറ്റു സാഹചര്യങ്ങളിൽ ഈ അനുഭവം യാതൊരു പരിശോധനയും കൂടാതെ അന്ധമായി പകർത്തുന്നത് വലിയ അപരാധമായിരിക്കും… നിയമാനുസൃതവും നിയമവിരുദ്ധവുമായ സമരരൂപങ്ങൾ സമന്വയിപ്പിക്കേണ്ടതും ഏറ്റവും പിന്തിരിപ്പനായ ഒരു പാർലമെന്റിൽപോലും ആവശ്യമെങ്കിൽ പങ്കെടുക്കേണ്ടതും ഒരു തൊഴിലാളിവർഗ്ഗ വിപ്ലവപ്പാർട്ടിയുടെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ, ഒരു തൊഴിലാളിവർഗ്ഗ വിപ്ലവപാർട്ടിയുടെ അന്തസത്ത കാത്തുപുലർത്താൻ (അതിനെ ശക്തിപ്പെടുത്തുന്നതോ വികസിപ്പിക്കുന്നതോ പോകട്ടെ) ബോൾഷെവിക്കുകൾക്ക് കഴിയുമായിരുന്നില്ല”. (ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത, സമാഹൃതകൃതികൾ, വാള്യം 31).

പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലെ പങ്കാളിത്തം, പാര്‍ലമെന്ററി സമരങ്ങളെ പാര്‍ലമെന്റേതര സമരങ്ങളുമായി കോര്‍ത്തിണക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന ഇന്ന്‌, ഇക്കാര്യങ്ങളിലുള്ള ലെനിന്റെ വിലപ്പെട്ട പാഠങ്ങള്‍ മാര്‍ഗ്ഗദായകമായിരിക്കും. വിപ്ലവസമരങ്ങള്‍ രാജ്യവ്യാപകമായി പടരാത്തിടത്തോളം ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിലുള്ള ആഴമാര്‍ന്ന വ്യാമോഹം ജനങ്ങളില്‍ നിലനില്‍ക്കുവോളം പാര്‍ലമെന്റേതര സമരങ്ങളുടെ ശബ്‌ദം പാര്‍ലമെന്റില്‍ എത്തിക്കേണ്ടത്‌ ഒരു ആവശ്യകതയായി തുടരും. ജനങ്ങളുടെ മോചനത്തിലേയ്‌ക്ക്‌ നയിക്കാന്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയ്‌ക്ക്‌ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്‌. പാര്‍ലമെന്ററി സംവിധാനത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കുമുമ്പാകെ പൂര്‍ണ്ണമായി തുറന്നുകാട്ടപ്പെടുകയും അവര്‍ വിപ്ലവ പ്രത്യയശാസ്‌ത്രത്താല്‍ പ്രചോദിതരായി വിപ്ലവത്തിന്‌ സജ്ജരാകുകയും ചെയ്‌താല്‍പ്പിന്നെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കേണ്ട ആവശ്യമില്ല. അതാണ്‌ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കേണ്ട സമയം.
വിപ്ലവസമരം പിന്നോട്ടടിക്കപ്പെട്ട സന്ദര്‍ഭത്തില്‍ രണ്ടാം ദൂമയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ബോള്‍ഷെവിക്കുകള്‍ തീരുമാനിച്ചു. വിപ്ലവ താല്‌പര്യം സംരക്ഷിക്കാനായി ആ വേദിയെ ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. മെന്‍ഷെവിക്കുകളും, വിപ്ലവവിരുദ്ധ ശക്തിയായ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റുകളെപ്പോലുള്ളവരുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാലത്‌ വിപ്ലവസമരങ്ങളെ അടിച്ചമര്‍ത്തുക എന്ന സാര്‍ ഭരണത്തിന്റെ താല്‌പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. മെന്‍ഷെവിക്കുകള്‍ക്ക്‌ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട്‌ നയപരമായ തീരുമാനങ്ങള്‍ അവര്‍ക്കനുകൂലമായിരുന്നു. ഈ ഒത്തുതീര്‍പ്പുകാരില്‍നിന്ന്‌ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തെ രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബോള്‍ഷെവിക്കുകള്‍, പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ വിളിച്ചുചേര്‍ക്കണമെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചു. 1907 മെയ്‌ മാസം ലണ്ടനില്‍വച്ച്‌ 5-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ ചേര്‍ന്നു. മദ്ധ്യമാര്‍ഗ്ഗക്കാരുടെ ഒരു ഗ്രൂപ്പുണ്ടാക്കാന്‍ ട്രോട്‌സ്‌കി ശ്രമിച്ചെങ്കിലും അത്‌ പരാജയപ്പെട്ടു. കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റുകളും സോഷ്യലിസ്റ്റ്‌ റെവലൂഷണറികളും പോപ്പുലര്‍ സോഷ്യലിസ്റ്റുകളുമടക്കം എല്ലാ ബൂര്‍ഷ്വാ, പെറ്റിബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷമായ പ്രത്യയശാസ്‌ത്ര സമരം കെട്ടഴിച്ചുവിടാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ തീരുമാനിച്ചു. ബോള്‍ഷെവിക്കുകള്‍ നേടിയ ഈ വിജയത്തെക്കുറിച്ച്‌ സ്റ്റാലിന്‍ പറയുന്നു: “റഷ്യയിലാകെയുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണി പോരാളികളെ, വിപ്ലവകരമായ സോഷ്യല്‍ ഡെമോക്രസിയുടെ ബാനറിന്‍ കീഴില്‍ ഒരു പാര്‍ട്ടിയില്‍ ഏകോപിപ്പിക്കാനായി എന്നതാണ്‌ ലണ്ടന്‍ കോണ്‍ഗ്രസ്സിന്റെ പ്രാധാന്യം.” ഈ കോണ്‍ഗ്രസ്സിനു തൊട്ടുപിന്നാലെ സാര്‍ ഭരണം രണ്ടാം ദൂമ പിരച്ചുവിടുകയും വ്യാപകമായ അറസ്റ്റ്‌ ആരംഭിക്കുകയും ചെയ്‌തു. പോലീസിന്‌ പിടികൊടുക്കാതെ ലെനിന്‍ 1907ല്‍ വിദേശത്തേയ്‌ക്ക്‌ കടന്നു.

സ്റ്റോളീപ്പിന്റെ പിന്തിരിപ്പന്‍ ഭരണകാലം

1908നും 12നും ഇടയ്‌ക്കുള്ള കാലം വിപ്ലവകാരികളെ സംബന്ധിച്ച്‌ ഏറ്റവും കഠിനതരമായിരുന്നു. സാര്‍ ഭരണത്തിലെ ഒരു മന്ത്രിയായിരുന്ന സ്റ്റോളിപ്പിന്‍ ആയിരങ്ങളെയാണ്‌ തൂക്കിലേറ്റിയത്‌. `സ്റ്റോളിപ്പിന്‍ പ്രതിലോമത്വം’ എന്നാണ്‌ ആ കാലയളവ്‌ അറിയപ്പെടുന്നത്‌. ഈ കാലയളവില്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്ഷതമേല്‍ക്കാതെ നടത്താനും പാര്‍ട്ടിയെ കഴിയുന്നത്ര ശക്തിപ്പെടുത്താനും ബോള്‍ഷെവിക്കുകള്‍ നിയമപരമായ സാദ്ധ്യതകളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി. സാറിനെതിരായ തുറന്ന വിപ്ലവസമരങ്ങളില്‍നിന്ന്‌ നിയമപരമായ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പരോക്ഷ സമരങ്ങളിലേയ്‌ക്ക്‌ ഈ ഘട്ടത്തില്‍ പാര്‍ട്ടി ചുവടുമാറ്റിയതായി ലെനിന്‍ പറയുന്നുണ്ട്‌. മെന്‍ഷെവിക്കുകളാകട്ടെ സമരപാത പൂര്‍ണ്ണമായും വെടിഞ്ഞു. പുതിയ സാഹചര്യത്തില്‍ മാര്‍ക്‌സിസത്തില്‍ തിരുത്തലുകള്‍ ആവശ്യമാണ്‌ എന്ന്‌ ബുദ്ധിജീവികള്‍ ഒരു ഫാഷന്‍പോലെ പറഞ്ഞുനടന്നു. മാര്‍ക്‌സിസത്തെ മെച്ചപ്പെടുത്താനെന്ന പേരില്‍ അതിന്റെ സുദൃഢമായ സൈദ്ധാന്തിക അടിത്തറയെ ദുര്‍ബലപ്പെടുത്തുന്ന പ്രവൃത്തികളില്‍ ബോഗ്‌ദനോവ്‌, ലൂനച്ചാര്‍സ്‌കി തുടങ്ങിയവര്‍ ഏര്‍പ്പെട്ടു. അവരെ നേരിടുന്നതിനുപകരം പ്ലഖനോവടക്കമുള്ളവര്‍ ആയുധംവച്ച്‌ കളമൊഴിഞ്ഞു. ഈ ആക്രമണത്തെ ചെറുക്കാനും മാര്‍ക്‌സിസത്തിന്റെ ധാരണയെ വികസിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ലെനിന്റെ ചുമലിലായി. `മെറ്റീരിയലിസം ആന്റ്‌ എംപിരിയോക്രിട്ടിസിസം’ എന്ന ലെനിന്റെ വിഖ്യാതകൃതി രചിക്കപ്പെടുന്നത്‌ ഈ കാലയളവിലാണ്‌. മാക്കും അവനേറിയസുമൊക്കെ മുന്നോട്ടുവച്ച ആശയവാദ ചിന്തകള്‍ക്കെതിരെ ലെനിന്‍ വിജയകരമായി പോരാടി. വിപ്ലവ വേലിയേറ്റമുണ്ടാകുമ്പോള്‍ മുന്നേറാന്‍ കമ്മ്യൂണിസ്റ്റുകള്‍ പഠിച്ചിരിക്കണം. അതുപോലെതന്നെ പിന്തിരിപ്പത്തം ആധിപത്യം നേടുമ്പോള്‍ ശരിയാംവണ്ണം പിന്മാറാനും അറിഞ്ഞിരിക്കണം. പാര്‍ട്ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ നിലനില്‍ക്കുന്ന നിയമപരമായ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും ജനങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്തിക്കൊണ്ടും പാര്‍ട്ടിയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുംകൂടി കമ്മ്യൂണിസ്റ്റുകള്‍ പരിശീലിക്കണമെന്നും ലെനിന്‍ ചൂണ്ടിക്കാണിച്ചു. ലെനിന്‍ തുടര്‍ന്ന്‌ പറയുന്നു: “തങ്ങളുടെ സേന”യ്‌ക്ക്‌ ഏറ്റവും കുറച്ച്‌ പരുക്കേല്‌പിച്ചുകൊണ്ട്‌, കാതലിന്‌ ഒരു കേടുപാടും പറ്റാതെ ഏറ്റവും ചിട്ടയായി പിന്മാറാന്‍ ബോള്‍ഷെവിക്കുകള്‍ക്ക്‌ കഴിഞ്ഞു… പിന്മാറേണ്ടിവന്നാല്‍ അതിന്‌ കഴിയണമെന്ന്‌ മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത, ഏറ്റവും പിന്തിരിപ്പനായ പാര്‍ലമെന്റില്‍, ഏറ്റവും പിന്തിരപ്പനായ ട്രേഡ്‌ യൂണിയനില്‍, സഹകരണ സംഘങ്ങളില്‍, ഇന്‍ഷുറന്‍സ്‌ സൊസൈറ്റികളില്‍ ഒക്കെ എങ്ങനെ നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്ന്‌ നന്നായി മനസ്സിലാക്കേണ്ടതുണ്ടെന്ന കാര്യം അംഗീകരിക്കാത്ത, വിപ്ലവ വായാടികളെ തുറന്നുകാട്ടാനും പുറത്താക്കാനും കഴിഞ്ഞതുകൊണ്ടാണ്‌ ബോള്‍ഷെവിക്കുകള്‍ക്ക്‌ ഈ നേട്ടം കൈവരിക്കാനായത്‌.” (ഇടതുപക്ഷ കമ്മ്യൂണിസം, ഒരു ബാലാരിഷ്‌ടത. പേജ്‌ 16). ഇത്തരമൊരു സാഹചര്യത്തില്‍ ഒരു വിപ്ലവപാര്‍ട്ടി അതിന്റെ അറിവും ധാരണയുമൊക്കെ മൂര്‍ച്ചപ്പെടുത്തിയെടുക്കേണ്ടതുണ്ട്‌.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപ്ലവ വേലിയേറ്റം വീണ്ടുമുണ്ടാകുമെന്ന കാര്യം മെന്‍ഷെവിക്കുകള്‍ക്ക്‌ മനസ്സിലായില്ല. ബോള്‍ഷെവിക്കുകള്‍ക്ക്‌ അക്കാര്യത്തില്‍ ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. പുതിയ പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ പാകത്തില്‍ ജനങ്ങളെ തയ്യാറെടുപ്പിക്കേണ്ടത്‌ പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. ലെനിന്‍ പറയുന്നു: “ഒറ്റ സംഭവം എന്ന നിലയില്‍ ഒരിക്കലും വിപ്ലവത്തെ കാണാനാകില്ല. നിരവധി ശക്തമായ പൊട്ടിത്തെറികളും പരിപൂര്‍ണ നിശബ്‌ദതയുമൊക്കെ ഉള്‍ക്കൊള്ളുന്ന തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രക്രിയയാണത്‌. അതുകൊണ്ടുതന്നെ നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മുഖ്യാംശം, അതിന്റെ ഊന്നല്‍, ശക്തമായ സമരങ്ങളുടെ ചടുലതയിലും സമ്പൂര്‍ണ്ണമായ നിശബ്‌ദതയുടെ ശാന്തതയിലും ഒരുപോലെ സാദ്ധ്യവും അനിവാര്യവുമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ്‌”. (സമാഹൃത കൃതികള്‍ വാള്യം 5, പേജ്‌ 14).

വിപ്ലവം ആരംഭിച്ചതിനുശേഷം വിപ്ലവകാരിയാകുന്നയാള്‍ യഥാര്‍ത്ഥ വിപ്ലവകാരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിന്തിരിപ്പത്തം കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ലിബറലുകളും ജനാധിപത്യവാദികളുമൊക്കെ അങ്ങേയറ്റം ചാഞ്ചാടുകയും ചെയ്യുമ്പോള്‍ വിപ്ലവാദര്‍ശങ്ങളും മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുന്നയാളാണ്‌ യഥാര്‍ത്ഥ വിപ്ലവകാരി. വിപ്ലവകരമായ രീതിയില്‍ എങ്ങനെ സമരങ്ങള്‍ നടത്താമെന്ന്‌ ജനങ്ങളെ പഠിപ്പിക്കുന്നയാളാണ്‌ യഥാര്‍ത്ഥ വിപ്ലവകാരി; ആ പാഠങ്ങള്‍ക്ക്‌ എന്ന്‌ ഫലമുളവാക്കാന്‍ കഴിയുമെന്ന്‌ ആര്‍ക്കും പ്രവചിക്കാനാവില്ല. “നാളെ, മറ്റന്നാള്‍, അല്ലെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞാണോ ഒരു തിരയിളക്കമുണ്ടാകുകയെന്നത്‌ പ്രവചനാതീതമായ നിരവധി സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌…” (സമാഹൃത കൃതികള്‍, വാള്യം 8, പേജ്‌ 153.) “വിപ്ലവത്തിന്‌ തയ്യാറെടുക്കുന്നവര്‍ക്ക്‌ ജനങ്ങളുടെ മേല്‍ സ്വാധീനമുണ്ടായിരിക്കുകയും സാഹചര്യം കൃത്യമായി വിലയിരുത്താന്‍ കഴിയുകയും ചെയ്‌താല്‍ വിപ്ലവം തുടങ്ങേണ്ട സമയം മുന്‍കൂറായി തീരുമാനിക്കാനാകു” മെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സന്ദര്‍ഭത്തില്‍ ലെനിന്റെ മറ്റൊരു പാഠം ഓര്‍ക്കുന്നത്‌ നന്നായിരിക്കും: “പൊതുവായി പറഞ്ഞാല്‍ വിപ്ലവകാരികള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്‌? താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക്‌ ഊന്നല്‍ കൊടുക്കുന്നതില്‍ പിശക്‌ പറ്റിക്കൂടാ.
വിപ്ലവത്തിന്‌ സാഹചര്യം പക്വമാണെന്നതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്‌? താഴെപ്പറയുന്ന മുഖ്യമായ മൂന്ന്‌ ലക്ഷണങ്ങളുടെ കാര്യത്തില്‍ തെറ്റുപറ്റരുത്‌. 1. ഒരു മാറ്റവുമില്ലാതെ ഭരണവര്‍ഗ്ഗങ്ങള്‍ക്ക്‌ അവരുടെ ഭരണം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ; ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തിലുള്ള ഒരു പ്രതിസന്ധി ഉടലെടുക്കുന്നു, അത്‌ `ഉപരിവര്‍ഗ്ഗ’ ങ്ങളുടെ ഇടയിലുള്ള പ്രതിസന്ധിയാകാം, അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗ്ഗങ്ങള്‍ക്കിടയിലെ അസംതൃപ്‌തിയും വെറുപ്പും ഒരു പൊട്ടിത്തെറിയിലേയ്‌ക്ക്‌ നയിക്കുംവിധം ഭരണവര്‍ഗ്ഗ നയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രതിസന്ധിയുമാകാം. `താഴ്‌ന്ന വര്‍ഗ്ഗങ്ങള്‍ക്ക്‌ പഴയ രീതിയിലുള്ള ജീവിതത്തില്‍ താല്‌പര്യം നഷ്‌ടപ്പെടുന്ന’തുകൊണ്ടുമാത്രം വിപ്ലവമുണ്ടാകില്ല. `ഉപരിവര്‍ഗ്ഗങ്ങള്‍ക്കും പഴയ ജീവിതം മടുക്കുന്ന’ അവസ്ഥയുണ്ടാകേണ്ടതുണ്ട്‌. 2. അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗ്ഗങ്ങളുടെ ദുരിതങ്ങളും ആവശ്യങ്ങളും പതിവിലേറെ രൂക്ഷമാകുമ്പോള്‍; 3. മേല്‌പറഞ്ഞ കാരണങ്ങള്‍കൊണ്ടെല്ലാം ജനങ്ങളുടെയിടയില്‍ വര്‍ദ്ധിച്ച അളവിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിവരുന്നു. `സമാധാന കാലത്ത്‌’ അവര്‍ തങ്ങളെ കൊള്ളയടിക്കാന്‍ നിശബ്‌ദം നിന്നുകൊടുക്കുന്നു. എന്നാല്‍ പ്രക്ഷുബ്‌ധകാലത്ത്‌ `ഉപരിവര്‍ഗ്ഗ’ നിലപാടുകള്‍ അടക്കം എല്ലാ സാഹചര്യങ്ങളും അവരെ ഐതിഹാസികമായ, സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളിലേയ്‌ക്ക്‌ വലിച്ചടുപ്പിക്കുന്നു.
ആഗ്രഹങ്ങള്‍ക്കപ്പുറത്ത്‌, വസ്‌തുനിഷ്‌ഠമായ ഈ മാറ്റങ്ങള്‍ സംഭവിക്കാതെ, ഒരു പൊതുനിയമം എന്നനിലയില്‍ പറഞ്ഞാല്‍, വിപ്ലവം സാദ്ധ്യമാകില്ല. ഈ വസ്‌തുന്‌ഷ്‌ഠ സാഹചര്യങ്ങളുടെ ആകെത്തുകയാണ്‌ `വിപ്ലവത്തിന്‌ പക്വമായ സാഹചര്യം’ എന്ന്‌ പറയുന്നത്‌. (സമാഹൃതകൃതികള്‍, വാള്യം-21, പേജ്‌ 213-214).

ബോള്‍ഷെവിക്‌ പാര്‍ട്ടി രൂപമെടുക്കുന്നു

1912-ല്‍ എല്ലാ ലെനിന്‍ വിരുദ്ധ, ബോള്‍ഷെവിക്‌ വിരുദ്ധ ഗ്രൂപ്പുകളെയും പ്രവണതകളെയും ഏകോപിപ്പിച്ചുകൊണ്ട്‌ ട്രോട്‌സ്‌കി `ആഗസ്റ്റ്‌ ബ്ലോക്‌’ എന്നൊരു സംഘടനയ്‌ക്ക്‌ രൂപം കൊടുത്തു. താന്‍ ബോള്‍ഷെവിക്കുകള്‍ക്കും മെന്‍ഷെവിക്കുകള്‍ക്കും ഒപ്പമല്ലെന്ന്‌ ട്രോട്‌സ്‌കി പ്രഖ്യാപിച്ചു. ഒരു ഇടനിലക്കാരന്‍, `സെന്‍ട്രിസ്റ്റ്‌’ എന്നാണദ്ദേഹം സ്വയം വിശേഷിപ്പിച്ചത്‌. മറ്റ്‌ ട്രോട്‌സ്‌കിയൈറ്റുകളെക്കൂടി വിളിച്ചുകൂട്ടിക്കൊണ്ട്‌ 1910-ല്‍ അദ്ദേഹം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ ഒരു പ്ലീനം വിളിച്ചുചേര്‍ത്തു. ലെനിന്റെ താല്‌പര്യത്തിനെതിരായിരുന്നു ഈ നീക്കം. പ്ലീനത്തിന്റെ തീരുമാനപ്രകാരം ബോള്‍ഷെവിക്കുകള്‍ അവരുടെ മുഖപത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും മെന്‍ഷെവിക്കുകളും ട്രോട്‌സ്‌കിയൈറ്റുകളും അത്‌ തുടര്‍ന്നു. ഈ പാര്‍ട്ടിവിരുദ്ധ ശക്തികള്‍ക്കെതിരായ സമരത്തിലൂടെ ബോള്‍ഷെവിക്കുകള്‍ തിരിച്ചറിഞ്ഞ കാര്യം, എല്ലാ ബോള്‍ഷെവിക്കുകളെയും ഏകോപിപ്പിച്ചുകൊണ്ട്‌ ഒരു പ്രത്യേക ബോള്‍ഷെവിക്‌ പാര്‍ട്ടി രൂപീകരിക്കണം എന്നതായിരുന്നു. ഈ ലക്ഷ്യത്തോടെ 1912 ജനുവരിയില്‍ പ്രാഗില്‍വച്ച്‌ 6-ാമത്‌ ആള്‍ റഷ്യന്‍ പാര്‍ട്ടി കോണ്‍ഫറന്‍സ്‌ കൂടി. ഈ കോണ്‍ഫറന്‍സിനെക്കുറിച്ച്‌ സ്റ്റാലിന്‍ എഴുതി: “നമ്മുടെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഈ കോണ്‍ഫറന്‍സിന്‌ അങ്ങേയറ്റം പ്രാധാന്യമുണ്ട്‌. കാരണം ഈ സമ്മേളനമാണ്‌ ബോള്‍ഷെവിക്കുകളെയും മെന്‍ഷെവിക്കുകളെയും തമ്മില്‍ വേര്‍തിരിച്ച്‌ അതിര്‍വരമ്പിട്ടത്‌. രാജ്യമെമ്പാടുമുള്ള ബോള്‍ഷെവിക്‌ സംഘടനകളെ ഒരു ഏകീകൃത ബോള്‍ഷെവിക്‌ പാര്‍ട്ടിയിലേയ്‌ക്ക്‌ വിളക്കി ചേര്‍ത്തതും ഈ സമ്മേളനമായിരുന്നു.” (സിപിഎസ്‌യു(ബി)യുടെ ചരിത്രം എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുള്ള സിപിഎസ്‌യു(ബി) പതിനഞ്ചാം കോണ്‍ഗ്രസ്‌ റിപ്പോര്‍ട്ടില്‍നിന്ന്‌.) ഇപ്രകാരം ആര്‍എസ്‌ഡിഎല്‍പിയില്‍നിന്ന്‌ അവസരവാദികളായ മെന്‍ഷെവിക്കുകളെയും ലിക്വിഡേറ്റര്‍മാരെയും ഒട്‌സോവിസ്റ്റുകളെയും മറ്റും പുറത്താക്കിക്കൊണ്ട്‌ അതിനെ `ബോള്‍ഷെവിക്‌ പാര്‍ട്ടി’ എന്ന പേരില്‍ ഏകശിലാസമാനമായ ഒരു പാര്‍ട്ടിയായി പുനഃസംഘടിപ്പിച്ചെടുത്തു. ഒരു യഥാര്‍ത്ഥ വിപ്ലവപാര്‍ട്ടിയ്‌ക്ക്‌ രൂപംകൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഒരു ലെനിനിസ്റ്റ്‌ മാതൃകയായി ഈ ബോള്‍ഷെവിക്‌ പാര്‍ട്ടി.

ലെനിന്റെ അനിതരസാധാരണമായ നേതൃത്വത്തില്‍ ബോള്‍ഷെവിക്‌ പാര്‍ട്ടി, അവസരവാദികളും ചാഞ്ചാട്ടക്കാരും വഞ്ചകരുമായ എല്ലാ ശക്തികളില്‍നിന്നും വിടുതല്‍ നേടി പുത്തനുണര്‍വ്‌ കൈവരിച്ചതോടെ, സ്റ്റോളിപ്പിന്റെ പിന്തിരിപ്പന്‍ ഭരണകാലത്ത്‌ രാജ്യത്താകെ കര്‍ഷകരുടെയും തൊഴിലാളികളുടെയും മറ്റും മേല്‍ പടര്‍ന്ന നിരാശയുടെ കൂരിരുട്ടകറ്റി പുതുചൈതന്യം പ്രസരിപ്പിച്ചു. വിപ്ലവപ്രസ്ഥാനം വീണ്ടും മുന്നേറാന്‍ തുടങ്ങി. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കള്‍ക്കും അവരുടെ പിണിയാളുകള്‍ക്കുമെതിരെ പൊരുതിക്കൊണ്ട്‌ ബോള്‍ഷെവിക്‌ പര്‍ട്ടി കൂടുതല്‍ ദൃഢീകരണം നേടുകയും തൊഴിലാളിവര്‍ഗ്ഗവുമായുള്ള ബന്ധം കൂടുതല്‍ വിപുലമാക്കുകയും ചെയ്‌തു. 1912 മേയ്‌ 5ന്‌ സത്യം എന്നര്‍ത്ഥം വരുന്ന `പ്രവദ’ എന്ന പേരില്‍ പുതിയ പാര്‍ട്ടി ദിനപ്പത്രം പുറത്തുവന്നു. ആ വര്‍ഷം തന്നെ സാറിസ്റ്റ്‌ ഗവണ്മെന്റ്‌ 4-ാം സ്റ്റേറ്റ്‌ ദ്യൂമ വിളിച്ചുചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ച ബോള്‍ഷെവിക്‌ പാര്‍ട്ടിയ്‌ക്ക്‌ ദ്യൂമയിലേയ്‌ക്ക്‌ 6 പ്രതിനിധികളെ തെരഞ്ഞെടുത്ത്‌ അയയ്‌ക്കാന്‍ കഴിഞ്ഞു. വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദ്യൂമയുടെ വേദി ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടും അദ്ധ്വാനിക്കുന്നവന്റെ മുഖപത്രമെന്ന നിലയില്‍ പ്രവദയെ ഉപയോഗിച്ചുകൊണ്ടും പുതുതലമുറയില്‍പ്പെട്ട വിപ്ലവ പ്രവര്‍ത്തകര്‍ക്ക്‌ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബോള്‍ഷെവിക്‌ പാര്‍ട്ടിയ്‌ക്ക്‌ സാധിച്ചു. പ്രവദയുടെ പ്രാധാന്യം സ്റ്റാലിന്‍ ഇങ്ങനെ വിശദീകരിച്ചു: “1917ലെ ബോള്‍ഷെവിസത്തിന്റെ വിജയത്തിന്‌ ആണിക്കല്ലായത്‌ 1912 ലെ പ്രവദയുടെ പ്രസിദ്ധീകരണമാണ്‌.”
1914 ആഗസ്റ്റില്‍ ജര്‍മ്മനി റഷ്യയ്‌ക്കുമേല്‍ യുദ്ധം പ്രഖ്യാപിച്ചു. ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്‌ പാര്‍ട്ടി യുദ്ധത്തിന്റെ വിഷയത്തിലെടുത്ത സവിശേഷ നിലപാട്‌ അല്‌പം വിശദമാക്കേണ്ടതുണ്ട്‌.

ലോകയുദ്ധവും ബോള്‍ഷെവിക്‌ പാര്‍ട്ടിയും
വിപ്ലവപ്രസ്ഥാനവും

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകമുതലാളിത്തം സാമ്രാജ്യത്വ ഘട്ടത്തിലെത്തിയെന്ന്‌ ലെനിന്‍ ചൂണ്ടിക്കാണിച്ചു. ഫിനാന്‍സ്‌ മൂലധനത്തിന്റെ വളര്‍ച്ചയായിരുന്നു അതിന്റെ സവിശേഷത. ഫിനാന്‍സ്‌ മൂലധനത്തിന്റെ താല്‌പര്യാര്‍ത്ഥം പുതിയ കമ്പോളങ്ങള്‍ കണ്ടെത്തുകയെന്നത്‌ സാമ്രാജ്യത്വ രാജ്യങ്ങളുടെ ആവശ്യകതയായി. ഇതിനായി പുതിയ കോളണികളും, ഫിനാന്‍സ്‌ മൂലധനം കയറ്റുമതി ചെയ്യാനും അസംസ്‌കൃത വിഭവങ്ങള്‍ കണ്ടെത്താനും കഴിയുന്ന പുതിയ മേഖലകളും പിടിച്ചടക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ നിര്‍ബ്ബന്ധിതരായി. സാമ്രാജ്യത്വ രാജ്യങ്ങളുടെ സാമ്പത്തിക, സൈനിക ശക്തികളുടെ സന്തുലനത്തില്‍ മാറ്റമുണ്ടായി. ലോക കമ്പോളം പുനര്‍വിഭജിക്കാന്‍ അവര്‍ ആഗ്രഹിച്ചു. രാഷ്‌ട്രീയ സ്വാധീനം വിപുലപ്പെടുത്തുകയും കുത്തകകള്‍ക്ക്‌ പരമാവധി ലാഭം ഉറപ്പാക്കുകയുമായിരുന്നു ഇതിലൂടെ ലക്ഷ്യം വച്ചത്‌. ആര്‌, എത്ര കമ്പോളം പിടിച്ചടക്കണമെന്നതിനെച്ചൊല്ലിയുള്ള രൂക്ഷമായ തര്‍ക്കം ഒരു സാമ്രാജ്യത്വ യുദ്ധം അനിവാര്യമാക്കിത്തീര്‍ത്തു. അങ്ങനെയാണ്‌ ഒന്നാം ലോകയുദ്ധം ആരംഭിച്ചത്‌. സാറിസ്റ്റ്‌ റഷ്യ, ഫ്രാന്‍സ്‌, ബെല്‍ജിയം, ഗ്രേറ്റ്‌ ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന്‌ ഒരു സഖ്യമുണ്ടാക്കി. ജര്‍മ്മനി, ആസ്‌ട്രിയ, ഹംഗറി, ബള്‍ഗേറിയ, ടര്‍ക്കി തുടങ്ങിയവര്‍ മറ്റുചേരിയിലും സംഘടിച്ചു.

2-ാം ഇന്റര്‍നാഷണലിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വഞ്ചന കാണിച്ചില്ലായിരുന്നുവെങ്കില്‍ യുദ്ധം ഇത്രകണ്ട്‌ ഭീകരമാകുകയില്ലായിരുന്നു എന്നുമാത്രമല്ല ലോകത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നുതാനും. 1912ല്‍ ബാസിലില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ കോണ്‍ഗ്രസ്സ്‌ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. “തങ്ങളുടെ രാജ്യങ്ങളിലെ മുതലാളിമാരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി പരസ്‌പരം വെടിവയ്‌ക്കുന്നത്‌ ഒരു കുറ്റമായി ലോകത്തെ തൊഴിലാളിവര്‍ഗ്ഗം കണക്കാക്കുന്നു” എന്ന ഈ പ്രഖ്യാപനം സധൈര്യം ഉയര്‍ത്തിപ്പിടിക്കാന്‍ 2-ാം ഇന്റര്‍നാഷണലിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ കഴിഞ്ഞില്ല. യുദ്ധം തുടങ്ങിയപ്പോള്‍ ഒട്ടുമിക്ക കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ഈ പ്രഖ്യാപനം വിസ്‌മരിക്കുകയും സങ്കുചിത ദേശീയവാദത്തിന്‌ ഇരയായി, `പിതൃഭൂമിയുടെ സംരക്ഷണം’ എന്ന മുദ്രാവാക്യമുയര്‍ത്തുകയും ചെയ്‌തു. ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്‌ പാര്‍ട്ടി മാത്രമാണ്‌ ഈ പ്രഖ്യാപനത്തോട്‌ കൂറ്‌ പുലര്‍ത്തിയത്‌. റഷ്യയില്‍ മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവലൂഷണറികളും സങ്കുചിത ദേശീയവാദ മുദ്രാവാക്യങ്ങളുമായി റഷ്യന്‍ സാമ്രാജ്യത്വ ശക്തികളോടൊപ്പം നിലകൊണ്ടു. വര്‍ഗ്ഗ സഹകരണത്തിലൂടെ മുതലാളിവര്‍ഗ്ഗത്തിനും തൊഴിലാളിവര്‍ഗ്ഗത്തിനും സമാധാനം എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട്‌ റഷ്യ മറ്റ്‌ രാജ്യങ്ങള്‍ക്കുമേല്‍ നടത്തുന്ന യുദ്ധത്തെ അവര്‍ പിന്തുണച്ചു. കോളണികളില്‍നിന്ന്‌ കൊള്ളയടിച്ച ധനം ഉപയോഗിച്ച്‌ യൂറോപ്പിലെ തൊഴിലാളികളിലെ മേല്‍ത്തട്ടുകാരെ വിലയ്‌ക്കെടുത്തുകൊണ്ട്‌ സാമ്രാജ്യത്വ-മുതലാളിത്ത വര്‍ഗ്ഗം കുലീനരായ ഒരു തൊഴിലാളി നേതൃത്വത്തെ സൃഷ്‌ടിച്ചെടുത്തു. ഈ നേതാക്കള്‍ രണ്ടാം ഇന്റര്‍നാഷണലിലെ പാര്‍ട്ടികള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ രണ്ടാം ഇന്റര്‍ നാഷണല്‍ പിരിച്ചുവിടാന്‍ ലെനിന്‍ നിര്‍ബ്ബന്ധിതനായി.
റഷ്യയില്‍ മെന്‍ഷെവിക്കുകളുടെ അവസരവാദ ചിന്താഗതികള്‍ക്കും ആശയങ്ങള്‍ക്കുമെതിരെ പൊരുതുന്നതോടൊപ്പംതന്നെ, ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ കടന്നുകൂടിയ ആശയക്കുഴപ്പങ്ങള്‍ക്കെതിരെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം ലെനിന്‍ നടത്തി. 1916ല്‍ `സാമ്രാജ്യത്വം – മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന വിഖ്യാത കൃതി ലെനിന്‍ രചിച്ചു. മുതലാളിത്തം അതിന്റെ വികാസത്തിന്റെ അന്ത്യ ദശയില്‍ എത്തിയതുവഴി അതിനുണ്ടായിരുന്ന പുരോഗമനപരമായ പങ്ക്‌ നഷ്‌ടപ്പെട്ട്‌ ജീര്‍ണ്ണവും പരാന്നഭോജിയുമായിത്തീര്‍ന്നിരിക്കുന്നുവെന്ന്‌ ഈ കൃതിയില്‍ ലെനിന്‍ എഴുതി. മുതലാളിത്തം താനേ നാശമടയുമെന്ന്‌ ഇതിനര്‍ത്ഥമില്ല. വിപ്ലവത്തെ ആയുധമാക്കി തൊഴിലാളവര്‍ഗ്ഗം ഇതിനെ പിഴുത്‌ കളയണം. “തൊഴിലാളിവര്‍ഗ്ഗ സാമൂഹ്യവിപ്ലവത്തിന്റെ തൊട്ടുമുമ്പുള്ള ഘട്ടമാണ്‌ സാമ്രാജ്യത്വമെന്ന്‌ ലെനിന്‍ പറഞ്ഞു. സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റേതുമായ ഈ ഘട്ടത്തില്‍ ഒരു മുതലാളിത്ത രാജ്യത്തുമാത്രമായി സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‌ വിജയിക്കാന്‍ കഴിയുമെന്നും ലെനിന്‍ സുവ്യക്തമാക്കി. ലെനിന്റെ ഈ നിഗമനം, വിവിധ രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ്ഗത്തിന്‌ അതാതുനാട്ടിലെ മുതലാളിവര്‍ഗ്ഗത്തിനെതിരെ വിജയകരമായി വിപ്ലവം നടത്താന്‍ കഴിയുമെന്ന തിരിച്ചറിവ്‌ നല്‍കി. വിവിധ രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗത്തെ ഇത്‌ പ്രചോദിപ്പിച്ചു.
യുദ്ധത്തിനുപകരം സമാധാനം സ്ഥാപിക്കുന്നതിനെ ബോള്‍ഷെവിക്കുകള്‍ തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ വിജയവുമായാണ്‌ ബന്ധിപ്പിച്ചത്‌. തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിലൂടെ സാമ്രാജ്യത്വ വാഴ്‌ചയെ കടപുഴക്കുന്നതിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാനും യഥാര്‍ത്ഥത്തില്‍ സമാധാനം സ്ഥാപിക്കാനും കഴിയൂ. യുദ്ധം, സമാധാനം, വിപ്ലവം എന്നിവയെ സംബന്ധിച്ചുള്ള സൈദ്ധാന്തികവും തന്ത്രപരവുമായ നിലപാട്‌ ഇതാണ്‌. ഈ ധാരണയെ അടിസ്ഥാനമാക്കിയാണ്‌ ബോള്‍ഷെവിക്കുകള്‍ വിപ്ലവപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്‌. സമ്രാജ്യത്വ മുതലാളിത്തത്തെ ബാധിച്ച രൂക്ഷമായ പൊതുക്കുഴപ്പത്തില്‍നിന്നാണ്‌ ഒന്നാം ലോകയുദ്ധമുണ്ടായത്‌. യുദ്ധം പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടാക്കുന്നതിനുപകരം അത്‌ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയാണ്‌ ചെയ്‌തത്‌. റഷ്യയിലെ ഭരണകൂടം ഇതുമൂലം കൂടുതല്‍ ദുര്‍ബലമായി. സാമ്രാജ്യത്വയുദ്ധം ജനങ്ങള്‍ക്കുമേല്‍ വച്ചുകെട്ടിയത്‌ ദുരിതങ്ങളും മരണങ്ങളും മാത്രം. ഈ സന്ദര്‍ഭത്തിലാണ്‌ ലെനിന്‍ റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗത്തെ സാറിസ്റ്റ്‌ വാഴ്‌ചക്കെതിരെ അണിനിരത്തിയത്‌- യുദ്ധത്തിന്റെയും എല്ലാ കെടുതികളുടെയും കാരണക്കാരായ സാര്‍ ഭരണത്തിന്‌ അന്ത്യം കുറിക്കുംവിധം വര്‍ഗ്ഗസമരവും ബഹുജനപ്രക്ഷോഭങ്ങളും ശക്തമാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. സാമ്രാജ്യത്വ യുദ്ധം ജനങ്ങളുടെ യുദ്ധമാണെന്ന കള്ളം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു റഷ്യന്‍ മുതലാളിവര്‍ഗ്ഗം. റഷ്യന്‍ മുതലാളിവര്‍ഗ്ഗത്തിന്‌ കപട ദേശസ്‌നേഹത്തിന്റെ പരിവേഷം ചാര്‍ത്താന്‍ മെന്‍ഷെവിക്കുകള്‍ എല്ലാ ഒത്താശയും ചെയ്‌തു. എന്നാല്‍ മുതലാളിവര്‍ഗ്ഗ ഗൂഢാലോചന തുറന്നുകാട്ടി യുദ്ധത്തിനെതിരെ തൊഴിലാളികളെയും കര്‍ഷകരെയുമെല്ലാം അണിനിരത്താനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു ബോള്‍ഷെവിക്കുകള്‍. നേവിയിലും ആര്‍മിയിലുംവരെ ബോള്‍ഷെവിക്കുകള്‍ പ്രചാരണം നടത്തി. സാമ്രാജ്യത്വ-മുതലാളിത്തം ജനങ്ങളുടെ ശത്രുവാണെന്ന യാഥാര്‍ത്ഥ്യം സൈന്യത്തെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ അവര്‍ക്കായി. സമാധാനം സ്ഥാപിക്കണമെങ്കില്‍ സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റിയെടുക്കണം. ഓരോ രാജ്യത്തെയും സൈന്യം അതാതിടത്തെ മുതലാളിവര്‍ഗ്ഗത്തിനുനേരെ തോക്കുതിരിക്കണം.
ബോള്‍ഷെവിക്കുകളുടെ അഭിപ്രായം റഷ്യയിലെ സാധാരണ ജനങ്ങളുടെ അനുഭവങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നു. യുദ്ധത്തില്‍നിന്ന്‌ ഭൂവുടമകളും മുതലാളിമാരും വന്‍നേട്ടമുണ്ടാക്കി. തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതങ്ങള്‍ അത്‌ ഇരട്ടിപ്പിക്കുകയും ചെയ്‌തു. യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു. യുദ്ധംകൊണ്ട്‌ തകര്‍ന്ന രാജ്യത്ത്‌ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട്‌ ലക്ഷക്കണക്കിന്‌ മനുഷ്യജീവന്‍ പൊലിഞ്ഞു. റഷ്യന്‍ സമ്പദ്‌ഘടനയാകട്ടെ തകര്‍ച്ചയിലേയ്‌ക്ക്‌ പതിക്കുകയായിരുന്നു. ഒന്നരക്കോടി യുവാക്കള്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതരായി. ഇതുമൂലം പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായി. ഫാക്‌ടറികളും മില്ലുകളും ഒന്നൊന്നായി അടഞ്ഞു. കാര്‍ഷിക മേഖലയും മാന്ദ്യത്തിലായി. സാധാരണ ജനങ്ങളും യുദ്ധമുന്നണിയിലെ പട്ടാളക്കാരും ഒരുപോലെ ഭക്ഷണവും വസ്‌ത്രവും മറ്റും കിട്ടാതെ വലഞ്ഞു. രാജ്യത്തിന്റെ വിഭവങ്ങളുടെ നല്ലൊരു പങ്ക്‌ യുദ്ധം വിഴുങ്ങി.
മറുവശത്ത്‌, സാറിസ്റ്റ്‌ പട്ടാളം തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. അത്യാവശ്യത്തിനുപോലും പടക്കോപ്പുകളില്ലാത്ത അവര്‍ക്ക്‌ ജര്‍മ്മന്‍ സൈനിക ശക്തിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടയിലാണ്‌ സാറിസ്റ്റ്‌ ഗവണ്മെന്റിലെ യുദ്ധമന്ത്രി സുലോമ്‌നിലോവും മറ്റുചില മന്ത്രിമാരും രാജ്യത്തെ വഞ്ചിച്ച്‌ ജര്‍മ്മനിക്ക്‌ സഹായം ചെയ്‌തതായുള്ള വാര്‍ത്ത പുറത്തുവന്നത്‌. ഇതിന്റെയെല്ലാം ഫലമായി സാറിസ്റ്റ്‌ പട്ടാളം പിന്‍വാങ്ങിക്കൊണ്ടിരിക്കുകയും ജര്‍മ്മന്‍ സൈനികശക്തി പോളണ്ടും ബാള്‍ട്ടിക്‌ മേഖലയിലെ മറ്റുചില പ്രദേശങ്ങളും റഷ്യയില്‍നിന്ന്‌ പിടിച്ചെടുക്കുകയും ചെയ്‌തു.
സാറിസ്റ്റ്‌ ഭരണത്തോടും പട്ടാളത്തോടുമുള്ള തൊഴിലാളികളുടെയും കര്‍ഷകരുടെയും ബുദ്ധിജീവികളുടെയുമൊക്കെ വെറുപ്പ്‌ ഇതുമൂലം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരായ ജനങ്ങളുടെ വിപ്ലവ പ്രസ്ഥാനം യുദ്ധമുന്നണിയിലും രാജ്യത്താകമാനവും ശക്തിപ്പെടാനും ഇതിടയാക്കി.

കൊട്ടാര വിപ്ലവം

റഷ്യയിലെ മുതലാളിവര്‍ഗ്ഗത്തിനിടയിലും ക്രമേണ അസംതൃപ്‌തി പടര്‍ന്നുപിടിച്ചു. റാസ്‌പുട്ടിന്‍ എന്ന ആത്മീയ നേതാവും സാറിസ്റ്റ്‌ മന്ത്രിസഭയിലെ മറ്റുചില പ്രമാണിമാരും ചേര്‍ന്ന്‌ ജര്‍മ്മനിയുമായി സമാധാന ഉടമ്പടിയുണ്ടാക്കാന്‍ നടത്തിയ നീക്കം റഷ്യന്‍ മുതലാളിവര്‍ഗ്ഗത്തെ പ്രകോപിപ്പിച്ചു. സാറിന്റെ യുദ്ധതന്ത്രങ്ങള്‍ പരാജയമടയുകയാണെന്ന കാര്യത്തില്‍ അവര്‍ക്ക്‌ സംശയമുണ്ടായിരുന്നില്ല. സാര്‍ ജര്‍മ്മനിയുമായി മാത്രം ഒരു പ്രത്യേക സമാധാന ഉടമ്പടിയുണ്ടാക്കുമോ എന്നവര്‍ ആശങ്കപ്പെട്ടു. അങ്ങനെ വന്നാല്‍, സാര്‍ നിക്കോളാസ്‌ രണ്ടാമന്റെ സഹോദരന്‍ മിഖായേല്‍ റൊമാനോവിനെ അധികാരത്തില്‍ അവരോധിക്കാനാണ്‌ റഷ്യന്‍ മുതലാളിവര്‍ഗ്ഗം പദ്ധതിയിട്ടത്‌. അതിനായി അവര്‍ കരുനീക്കങ്ങള്‍ നടത്തി. ഒരു കൊട്ടാര വിപ്ലവത്തിലൂടെ സാറിനെ മാറ്റുന്നതുവഴി ഒരുവെടിക്ക്‌ രണ്ടു പക്ഷികളെ കൊല്ലാമെന്നാണ്‌ അവര്‍ കണക്കുകൂട്ടിയത്‌. ഒന്ന്‌, ഗവണ്മെന്റിന്റെ അധികാരം ഉപയോഗിച്ച്‌ യുദ്ധം തുടരാം. രണ്ട്‌, സാറിനെ മാറ്റുന്നതുവഴി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ശക്തി പ്രാപിച്ചുവരുന്ന വിപ്ലവ മുന്നേറ്റത്തെ അമര്‍ച്ചചെയ്യാം.
ജര്‍മ്മനിയുമായി സാര്‍ ഭരണം ഒരു പ്രത്യേക സമാധാന ഉടമ്പടിയുണ്ടാക്കിയാല്‍ ബ്രിട്ടീഷ്‌-ഫ്രഞ്ച്‌ ഗവണ്മെന്റുകള്‍ക്ക്‌ യുദ്ധത്തില്‍ ഒരു സഖ്യകക്ഷിയെ നഷ്‌ടപ്പെടുമെന്ന്‌ മാത്രമല്ല, റഷ്യയില്‍നിന്ന്‌ നല്ല പോരാളികളെ റിക്രൂട്ട്‌ ചെയ്‌ത്‌ യുദ്ധമുന്നണിയിലെത്തിക്കാനുള്ള സാദ്ധ്യതയും ഇല്ലാതാകും. അതുകൊണ്ടവര്‍ റഷ്യന്‍ മുതലാളിവര്‍ഗ്ഗത്തെ കയ്യയച്ച്‌ സഹായിച്ചു. നിക്കോളാസ്‌ രണ്ടാമനെ മാറ്റാനുള്ള കൊട്ടാര വിപ്ലവത്തിന്‌ അവര്‍ എല്ലാ പിന്തുണയും നല്‍കി.
റഷ്യന്‍ പട്ടാളം പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും അപായകരമായ നിലയിലെത്തിയിരുന്നു. 1917 ജനുവരി-ഫെബ്രുവരി ആയതോടെ ഭക്ഷ്യ വസ്‌തുക്കളുടെയും അസംസ്‌കൃത വിഭവങ്ങളുടെയും ഇന്ധനത്തിന്റെയുമൊക്കെ വിതരണം തകരാറിലായിരുന്നു. പെട്രോഗ്രാഡിലേയ്‌ക്കും മോസ്‌കോയിലേയ്‌ക്കുമുള്ള ഭക്ഷ്യവിതരണം ഏതാണ്ട്‌ നിലച്ചിരുന്നു. മില്ലുകളും ഫാക്‌ടറികളും അടഞ്ഞുകൊണ്ടിരുന്നതിനാല്‍ തൊഴിലാളികള്‍ തൊഴില്‍രഹിതരായി മാറിക്കൊണ്ടിരുന്നു. സാറിന്റെ ഏകാധിപത്യ വാഴ്‌ചയ്‌ക്ക്‌ അന്ത്യം കുറിക്കുക മാത്രമാണ്‌ അസഹനീയമായ ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാക്കാനുള്ള പോംവഴി എന്ന ചിന്ത വലിയൊരു വിഭാഗമാളുകളെ സ്വാധീനിച്ചുകഴിഞ്ഞിരുന്നു.
സാറിസ്റ്റ്‌ വാഴ്‌ചയുടെ അന്ത്യം ആസന്നമായിരുന്നു. കൊട്ടാര വിപ്ലവം നടത്തി ഈ പ്രതിസന്ധി മറികടക്കാമെന്നാണ്‌ കരുതിയതെങ്കിലും സാധാരണ ജനങ്ങള്‍ മറ്റൊരു വഴിക്കാണ്‌ നീങ്ങിയത്‌.

ഫെബ്രുവരി വിപ്ലവവും
സാര്‍ ഭരണത്തിന്റെ പതനവും

1917ന്റെ തുടക്കത്തില്‍, ജനുവരി 9ന്‌ ഒരു പണിമുടക്ക്‌ നടന്നു. പെട്രോഗ്രാഡ്‌, മോസ്‌കോ, ബാക്കു, നിഷ്‌നി നവ്‌ഗൊറോദ്‌ തുടങ്ങിയ നഗരങ്ങളൊക്കെ വമ്പന്‍ പ്രകടനങ്ങളാല്‍ പ്രകമ്പനംകൊണ്ടു. പോലീസ്‌ അതിക്രമങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ട്‌ തൊഴിലാളികള്‍ രാജ്യവ്യാപകമായ പണിമുടക്ക്‌ സമരം വിജയിപ്പിക്കാനായി വന്‍തോതില്‍ അണിനിരന്നു.
ലിബറല്‍ ബൂര്‍ഷ്വാസിയുടെ താല്‌പര്യപ്രകാരം മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവലൂഷണറികളും ഈ സമരങ്ങളുടെ നേതൃത്വമേറ്റെടുക്കാന്‍ ശ്രമം നടത്തി. ഫെബ്രുവരി 14-ാം തീയതി ദ്യൂമയുടെ സമ്മേളനം തുടങ്ങുന്ന ദിവസമായിരുന്നു. ദ്യൂമയുടെ മുന്നില്‍ ഒരു തൊഴിലാളി പ്രകടനം സംഘടിപ്പിക്കാന്‍ മെന്‍ഷെവിക്കുകള്‍ പദ്ധതിയിട്ടു. എന്നാല്‍, ദ്യൂമയിലേയ്‌ക്ക്‌ മാര്‍ച്ച്‌ ചെയ്യുന്നതിന്‌ പകരം ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കാനുള്ള ബോള്‍ഷെവിക്കുകളുടെ ആഹ്വാനമാണ്‌ തൊഴിലാളികള്‍ ഏറ്റെടുത്തത്‌.
1917 ഫെബ്രുവരി 18ന്‌ പെട്രോഗ്രാഡിലെ പുട്ടിലോവ്‌ ഫാക്‌ടറിയില്‍ ഒരു പണിമുടക്ക്‌ നടന്നു. ഫെബ്രുവരി 22 ആയപ്പോഴേയ്‌ക്കും വന്‍കിട ഫാക്‌ടറികളെല്ലാംതന്നെ പണിമുടക്കുമൂലം അടയ്‌ക്കേണ്ട സ്ഥിതിയിലായി. ഫെബ്രുവരി 23ന്‌ (പുതിയ കലണ്ടര്‍ പ്രകാരം മാര്‍ച്ച്‌ 8) അന്തര്‍ദേശീയ വനിതാദിനത്തില്‍, പട്ടിണിയ്‌ക്കും യുദ്ധത്തിനും സാര്‍ഭരണത്തിനുമെതിരെ സ്‌ത്രീ തൊഴിലാളികള്‍ തെരുവിലിറങ്ങി. പെട്രോഗ്രാഡിലെ തൊഴിലാളികള്‍ ഈ സമരത്തിന്‌ പിന്തുണ നല്‍കി. പിറ്റേന്ന്‌ ഫെബ്രുവരി 24ന്‌ ഏതാണ്ട്‌ രണ്ടുലക്ഷം തൊഴിലാളികളുടെ പങ്കാളിത്തത്തിലേയ്‌ക്ക്‌ പണിമുടക്ക്‌ സമരം വളര്‍ന്നു.
ഫെബ്രുവരി 25ന്‌ പെട്രോഗ്രാഡിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കിയതോടെ നഗരം നിശ്ചലമായി. സാറിസ്റ്റ്‌ പോലീസും പ്രകടനക്കാരും തമ്മില്‍ നിരവധി സ്ഥലങ്ങളില്‍ ഏറ്റുമുട്ടി. `സാര്‍ ഭരണം തുലയട്ടെ’, `യുദ്ധം നിര്‍ത്തുക’, `ഞങ്ങള്‍ക്ക്‌ ഭക്ഷണം തരൂ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും ചെങ്കൊടികളുമായി തൊഴിലാളികള്‍ ഒന്നടങ്കം തെരുവിലണഞ്ഞു.

ഫെബ്രുവരി 26 രാവിലെ മുതല്‍ പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ ജനങ്ങളുടെ കലാപത്തിന്റെ രൂപമെടുത്തു. പോലീസിന്റെയും പട്ടാളത്തിന്റെയുമൊക്കെ ആയുധങ്ങള്‍ ജനങ്ങള്‍ പിടിച്ചെടുത്തു. സമന്‍സ്‌കയ സ്‌ക്വയറില്‍ പോലീസ്‌ തൊഴിലാളികള്‍ക്കുനേരെ നിറയൊഴിച്ചു. സാറിസ്റ്റ്‌ ജനറല്‍തന്നെ അടിച്ചമര്‍ത്തലിന്‌ നേതൃത്വം കൊടുത്തെങ്കിലും പരാജയത്തില്‍ കലാശിച്ചു. അന്നേ ദിവസം സാറിസ്റ്റ്‌ ഗവണ്മെന്റിന്റെ 4-ാം കമ്പനി പാവ്‌ലോവ്‌സ്‌കി റെജിമെന്റ്‌കുതിരപ്പട്ടാളത്തിന്റെ നേര്‍ക്ക്‌ തിരിച്ച്‌ വെടിവച്ചു. പോലീസിനെയും പട്ടാളത്തിനെയും തൊഴിലാളികളുടെ പക്ഷംചേര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടന്നു. സ്‌ത്രീ തൊഴിലാളികളും ഇക്കാര്യത്തില്‍ സജീവമായ പങ്കുവഹിച്ചു. സാറിസ്റ്റ്‌ വാഴ്‌ചയില്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ അവര്‍ പോലീസിന്റെയും പട്ടാളത്തിന്റെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. അന്നേദിവസം തന്നെ ബോള്‍ഷെവിക്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഒരു മാനിഫെസ്റ്റോ തയ്യാറാക്കുകയും സായുധ സമരം തുടരാന്‍ ആഹ്വാനം നല്‍കുകയും ചെയ്‌തു. അതോടൊപ്പം ഒരു താത്‌ക്കാലിക വപ്ലവ ഗവണ്മമെന്റിനും രൂപം നല്‍കി.
പിറ്റേന്ന്‌, ഫെബ്രുവരി 27ന്‌, തൊഴിലാളികളുടെ നേര്‍ക്ക്‌ വെടിവയ്‌ക്കാന്‍ പെട്രോഗ്രാഡില്‍ സൈന്യം തയ്യാറായില്ല. അസംതൃപ്‌തരായ പട്ടാളക്കാരെല്ലാം വിപ്ലവകാരികളോടൊപ്പം ചേര്‍ന്നു. 27-ന്‌ രാവിലെ 10,000 പേരാണ്‌ ഇവ്വിധം ചേര്‍ന്നതെങ്കില്‍ വൈകുന്നേരമായപ്പോഴേയ്‌ക്കും അത്‌ 60,000 ആയി ഉയര്‍ന്നു.

വിപ്ലവകാരികളും സൈനികരും ചേര്‍ന്ന്‌ സാറിസ്റ്റ്‌ മന്ത്രിമാരെയും പട്ടാള ജനറല്‍മാരെയും അറസ്റ്റ്‌ ചെയ്യാന്‍ തുടങ്ങി. തടവിലായിരുന്ന വിപ്ലവകാരികളെ മോചിപ്പിക്കുകയും ചെയ്‌തു. അവരെല്ലാം വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. വെടിവയ്‌പ്‌ കുറച്ചുനേരംകൂടി തുടര്‍ന്നെങ്കിലും സാറിസ്റ്റ്‌ പട്ടാളം വിപ്ലവകാരികളോടൊപ്പം ചേര്‍ന്നതോടെ സാറിസ്റ്റ്‌ വാഴ്‌ചയുടെ പതനം അനിവാര്യമായി.
പെട്രോഗ്രാഡിലെ വിപ്ലവകാരികളുടെ വിജയത്തിന്റെ വാര്‍ത്ത മറ്റ്‌ നഗരങ്ങളിലേയ്‌ക്കും യുദ്ധമുന്നണിയിലേയ്‌ക്കുമൊക്കെ എത്തിയതോടെ എല്ലായിടത്തും തൊഴിലാളികളും പട്ടാളക്കാരും ചേര്‍ന്ന്‌ സാറിസ്റ്റ്‌ ഉദ്യോഗസ്ഥരെ അധികാര ഭ്രഷ്‌ടരാക്കാന്‍ തുടങ്ങി. അങ്ങനെ ഫെബ്രുവരിയിലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവം വിജയം വരിച്ചു; സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്ക്‌ അന്ത്യം കുറിക്കപ്പെട്ടു.

ഫെബ്രുവരിയിലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവം വിജയിക്കാന്‍ കാരണം തൊഴിലാളികള്‍ മുന്നണി പടയായി വര്‍ത്തിച്ചതാണ്‌. പട്ടാള യൂണിഫോമണിഞ്ഞ അവര്‍ `സമാധാനം, ഭക്ഷണം, സ്വാതന്ത്ര്യം’ എന്ന ഡിമാന്റുകള്‍ ഉയര്‍ത്തിക്കൊണ്ട്‌ ലക്ഷക്കണക്കിന്‌ കര്‍ഷകരുടെ വിപ്ലവത്തിന്‌ നേതൃത്വം നല്‍കി. വിപ്ലവത്തിന്റെ ഈ ആദ്യ നാളുകളില്‍ ലെനിന്‍ ഇങ്ങനെ കുറിച്ചു: “വിപ്ലവം നടത്തിയത്‌ തൊഴിലാളിവര്‍ഗ്ഗമാണ്‌. അവര്‍ വീരോചിതം പൊരുതി, രക്തം ചൊരിഞ്ഞു: ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിച്ചു ജീവിക്കുന്നവരെയും ദരിദ്രരെയും ഒപ്പം ചേര്‍ന്ന്‌ മുന്നേറി.” (സമാഹൃത കൃതികള്‍, വാള്യം 20, പേജ്‌23-24).

തൊഴിലാളികളുടെയും
പട്ടാളക്കാരുടെയും സോവിയറ്റുകള്‍

`സോവിയറ്റുകള്‍’ക്ക്‌ വലിയ പ്രാധാന്യമാണുള്ളത്‌. സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെ രൂക്ഷമായ പോരാട്ടം നടക്കുന്ന കാലത്ത്‌ ഉദയംചെയ്‌ത തൊഴിലാളി പ്രതിനിധികളടങ്ങുന്നതും തൊഴിലാളികളുടെ സ്വന്തം ജനകീയ സമരസംഘടനയുടെ സ്വഭാവത്തിലുള്ളതുമായ ഈ സോവിയറ്റുകള്‍ അതുവരെ ലോകം ദര്‍ശിച്ചിട്ടില്ലാത്ത ഒന്നാണ്‌. ജനങ്ങളുടെ വിപ്ലവാത്മകവും സര്‍ഗ്ഗാത്മകവുമായ മുന്‍കൈ പ്രവര്‍ത്തനത്തിന്റെ പ്രകടിതരൂപമായ സോവിയറ്റുകള്‍ 1905-ലാണ്‌ നിലവില്‍ വരുന്നത്‌. സാര്‍ഭരണത്തിന്റെ നിയമപരമായ വിലക്കുകളെയും ആജ്ഞകളെയും ഒക്കെ ലംഘിക്കുന്ന വിപ്ലവാനുകൂലികളായ ജനവിഭാഗങ്ങളാണ്‌ ഇതിന്‌ മുന്‍കൈയ്യെടുത്തത്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ ഒരു ബദല്‍ ഭരണകൂടാധികാരമായി മാറുകയായിരുന്നു.
1905-ലെ വിപ്ലവത്തില്‍ തുടക്കംമുതല്‍ സോവിയറ്റുകള്‍ സജീവമായി പങ്കെടുത്തു. ഒരു വശത്ത്‌ അവ വിപ്ലവത്തിന്റെ സായുധ വിഭാഗമായി പ്രവര്‍ത്തിച്ചു. മറുവശത്ത്‌ ഒരു പുതിയ വിപ്ലവാധികാരത്തിന്റെ ഗര്‍ഭസ്ഥശിശുവായി വളര്‍ന്നുവരികയും ചെയ്‌തു. സോവിയറ്റുകളിലൂടെയുള്ള പോരാട്ടത്തെ റഷ്യന്‍ജനത ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്‌തു. എന്നാല്‍ 1905-ലും 1917-ലും രൂപീകരിക്കപ്പെട്ട സോവിയറ്റുകള്‍ക്ക്‌ തമ്മില്‍ ഒരു വ്യത്യാസമുണ്ടായിരുന്നു. 1905-ല്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ മാത്രമാണ്‌ അതിലുണ്ടായിരുന്നതെങ്കില്‍ 1917-ല്‍ പട്ടാളക്കാരും അതില്‍ ചേര്‍ന്നു. ഫെബ്രുവരി വിപ്ലവം തുടങ്ങിയ അന്നുമുതല്‍ തൊഴിലാളികളും പട്ടാളക്കാരും സോവിയറ്റുകള്‍ രൂപീകരിച്ചുകൊണ്ടാണ്‌ പോരാട്ടമാരംഭിച്ചത്‌. വിപ്ലവത്തിന്റെ വിജയത്തില്‍ ഇത്‌ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്‌തു.

താല്‍ക്കാലിക ഗവണ്‍മെന്റിന്റെ
രൂപീകരണം

ഫെബ്രുവരി വിപ്ലവകാലത്ത്‌, ബോള്‍ഷെവിക്കുകള്‍ തെരുവില്‍ ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തുകൊണ്ടിരുന്നപ്പോള്‍, സന്ധി മനോഭാവക്കാരായ മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവലൂഷണറികളും സോവിയറ്റുകളില്‍ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള തിരക്കിലായിരുന്നു. ബോള്‍ഷെവിക്കുകളുടെ നല്ലൊരുപങ്കും ജയിലിലും നാടുകടത്തപ്പെട്ട അവസ്ഥയിലുമായിരുന്നു എന്നതും ഇതിനൊരു കാരണമായി. അങ്ങനെ പെട്രോഗ്രാഡ്‌, മോസ്‌കോ തുടങ്ങിയ നഗരങ്ങളിലെ സോവിയറ്റുകളിലൊക്കെ ഈ സന്ധിമനോഭാവക്കാരായ മെന്‍ഷെവിക്കുകളും മറ്റും നേതൃത്വം കയ്യടക്കാനിടയായി. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണ്‌ ബോള്‍ഷെവിക്കുകള്‍ക്ക്‌ നേതൃത്വം നിലനിര്‍ത്താനായത്‌.
വിപ്ലവകാരികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സോവിയറ്റുകള്‍ ഉപകരിക്കുമെന്ന്‌ തൊഴിലാളികളിലെയും പട്ടാളക്കാരിലെയും വിപ്ലവകാരികള്‍ ഉറച്ചുവിശ്വസിച്ചു. സമാധാനം സ്ഥാപിക്കുക എന്നതിനായിരുന്നു ഒന്നാമത്തെ പരിഗണന. എന്നാല്‍ മെന്‍ഷെവിക്കുകള്‍ക്കും സോഷ്യലിസ്റ്റ്‌ റവലൂഷണറികള്‍ക്കും യുദ്ധം അവസാനിപ്പിക്കുവാനോ സമാധാനം സ്ഥാപിക്കുവാനോ യാതൊരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. വിപ്ലവാനന്തരം അധികാരം മുതലാളിവര്‍ഗ്ഗത്തിന്‌ കൈമാറാനായി ഈ അവസരം ഉപയോഗപ്പെടുത്താമെന്നാണ്‌ അവര്‍ കണക്കുകൂട്ടിയത്‌. ഇതനുസരിച്ച്‌ ഫെബ്രുവരി 27 ന്‌ (പുതിയ കലണ്ടറില്‍ മാര്‍ച്ച്‌ 12) 4-ാം സ്റ്റേറ്റ്‌ ദ്യൂമയിലെ ലിബറലുകളും മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവലൂഷണറികളും തമ്മില്‍ ഒരു കരാറുണ്ടാക്കി. അതിന്‍പ്രകാരം സ്റ്റേറ്റ്‌ ദ്യൂമയുടെ ഒരു താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന്‌ സോവിയറ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലെ മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവലൂഷണറികളും ഇവരും ചേര്‍ന്ന്‌ ഒരു താല്‍ക്കാലിക ഗവണ്‍മെന്റുണ്ടാക്കാന്‍ കരാറായി. ഇക്കാര്യങ്ങളെല്ലാം ബോള്‍ഷേവിക്കുകളില്‍നിന്ന്‌ മറച്ചുവച്ചു. മുതലാളിമാരിലെ ചില പ്രമാണികളും `ജനാധിപത്യ’ത്തിന്റെ പ്രതിനിധികളും സോഷ്യലിസ്റ്റ്‌ റവലൂഷണറിയായ കെരന്‍സ്‌കിയുമാണ്‌ ഈ താല്‍ക്കാലിക ഗവണ്‍മെന്റില്‍ അംഗങ്ങളായത്‌. ഈ താല്‍ക്കാലിക ഗവണ്‍മെന്റിന്റെ രൂപീകരണത്തോടെ അധികാരം സോവിയറ്റുകളില്‍നിന്ന്‌ മുതലാളിവര്‍ഗ്ഗത്തിന്റെ കൈകളിലേയ്‌ക്ക്‌ മാറ്റപ്പെട്ടു. ഇതോടെ ഒരു പുതിയ അധികാരസംവിധാനം ഉയര്‍ന്നുവന്നു. ലെനിന്റെ ഭാഷയില്‍, “മുതലാളിവര്‍ഗ്ഗവും മുതലാളിമാരായിമാറിയ ഭൂവുടമകളും” അടങ്ങിയ അധികാരസംവിധാനം.

താല്‍ക്കാലിക ഗവണ്‍മെന്റിന്റെയും
സോവിയറ്റുകളുടെയും
രണ്ട്‌ അധികാരകേന്ദ്രങ്ങള്‍

1917-ലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം താല്‍ക്കാലിക ഗവണ്‍മെന്റിനോടൊപ്പം മറ്റൊരു അധികാരസംവിധാനം കൂടി പ്രൗഢിയോടെ ഉയര്‍ന്നുവന്നു. തൊഴിലാളികളുടെയും പട്ടാളക്കാരുടെയും പ്രതിനിധികളടങ്ങിയ സോവിയറ്റുകളുടെ, ജനകീയ കമ്മിറ്റികളുടെതായ അധികാരസംവിധാനമായിരുന്നു അത്‌. സോവിയറ്റുകളിലെ സൈനിക പ്രതിനിധികള്‍ ഒട്ടുമിക്കവരും യുദ്ധത്തിനുമുമ്പ്‌ കര്‍ഷകരായിരുന്നു. സാര്‍ ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരമാണ്‌ അവര്‍ പട്ടാളത്തില്‍ ചേര്‍ന്നത്‌. അങ്ങനെ തൊഴിലാളികളുടെയും കര്‍ഷകരുടെയും പട്ടാളക്കാരുടെയും പ്രതിനിധികളടങ്ങിയ സോവിയറ്റുകള്‍ സാര്‍വാഴ്‌ചയ്‌ക്കെതിരായി പോരാടുന്നതിനുള്ള തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ സംഘടനകളായി മാറി.
അങ്ങനെ റഷ്യയില്‍ ഒരേ സമയം രണ്ട്‌ സര്‍വ്വാധിപത്യങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥ വന്നു. ഒരുവശത്ത്‌ താല്‍ക്കാലിക ഗവണ്‍മെന്റ്‌, മറുവശത്ത്‌ തൊഴിലാളികളുടെയും കര്‍ഷകരുടെയും സര്‍വ്വാധിപത്യം. ഇത്‌ വിശദമാക്കിക്കൊണ്ട്‌ ലെനിന്‍ എഴുതി: താല്‍ക്കാലിക ഗവണ്‍മെന്റിനോടൊപ്പം, ദുര്‍ബലവും ശൈശവാവസ്ഥയിലുള്ളതുമെങ്കിലും നിസ്സംശയം നിലനില്‍ക്കുന്ന തൊഴിലാളികളുടെയും പട്ടാളക്കാരുടെയും സോവിയറ്റുകളും. (സമാഹൃത കൃതികള്‍, വാള്യം 14).

ഫെബ്രുവരി വിപ്ലവത്തിനുമുമ്പുള്ള സമയത്ത്‌ ബോള്‍ഷെവിക്കുകള്‍

പോരാട്ടത്തിലായിരുന്നപ്പോള്‍, മെന്‍ഷെവിക്കുകളും മറ്റും സോവിയറ്റുകള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചകാര്യം മുമ്പ്‌ പറഞ്ഞുവല്ലോ. ഒരു ഗൂഢനീക്കത്തിലൂടെ, താല്‍ക്കാലികഗവണ്‍മെന്റ്‌ വഴി അധികാരം മുതലാളിവര്‍ഗ്ഗത്തിലേയ്‌ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍, ബോള്‍ഷെവിക്കുകള്‍ എതിര്‍ത്തെങ്കിലും ഭൂരിഭാഗം സോവിയറ്റുകളും ആ നീക്കത്തെ പിന്തുണയ്‌ക്കാനിടയായത്‌ അങ്ങനെയാണ്‌. ഈ വസ്‌തുത ലെനിന്‍ ഇങ്ങനെയാണ്‌ വിശദീകരിച്ചത്‌: ലക്ഷക്കണക്കിന്‌ തൊഴിലാളികളും ചെറുകിട ഉടമകളും കര്‍ഷകരുമൊക്കെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളികളായെങ്കിലും അവര്‍ക്ക്‌ കാര്യമായ രാഷ്‌ട്രീയ ജ്ഞാനമോ പ്രവര്‍ത്തനപരിചയമോ ഉണ്ടായിരുന്നില്ല. അന്ന്‌ യൂറോപ്പിലാകെയും പ്രത്യേകിച്ച്‌ റഷ്യയിലും പെറ്റി ബൂര്‍ഷ്വാ മനോഭാവം തരംഗമായി വീശിയടിക്കുന്ന കാലമായിരുന്നതിനാല്‍ അവര്‍ അതിന്റെ സ്വാധീനത്തില്‍പെട്ടുപോകുകയാണുണ്ടായത്‌. എന്നുമത്രമല്ല, തൊഴിലാളികളില്‍ 40 ശതമാനം പേരെങ്കിലും പട്ടാളത്തില്‍ ചേര്‍ക്കപ്പെട്ടതിനാല്‍ ആ സ്ഥാനത്തേയ്‌ക്ക്‌ പുതിയ ആളുകള്‍ കടന്നുവരികയുണ്ടായി. അവരാകട്ടെ പട്ടാളത്തില്‍ ചേരുന്നത്‌ ഒഴിവാക്കാനായി തൊഴിലാളികളായി മാറിയ ചെറുകിട ഭൂവുടമകളും കൈവേലക്കാരും കച്ചവടക്കാരുമൊക്കെയായിരുന്നു. അവര്‍ക്ക്‌ തൊഴിലാളിവര്‍ഗ്ഗ മനോഭാവം അന്യമായിരുന്നുതാനും. മെന്‍ഷെവിക്കുകളെയും സോഷ്യലിസ്റ്റ്‌ റവലൂഷണറികളെയും പോലുള്ളവര്‍ക്ക്‌ വളക്കൂറുള്ള മണ്ണായി മാറിയത്‌ ഇക്കൂട്ടരാണ്‌. ആദ്യവിപ്ലവത്തിന്റെ ലഹരിയില്‍, തുടക്കത്തില്‍, വലിയൊരുവിഭാഗമാളുകള്‍, സന്ധി മനോഭാവക്കാരായ പാര്‍ട്ടികളാല്‍ സ്വാധീനിക്കപ്പെടുകയും ഭരണകൂടാധികാരം മുതലാളിവര്‍ഗ്ഗത്തിന്‌ കൈമാറുന്നതിനെ അനുകൂലിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുതലാളിവര്‍ഗ്ഗം സോവിയറ്റുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയില്ലെന്നാണ്‌ ഈ സാധുക്കള്‍ കരുതിയത്‌ എന്നും ലെനിന്‍ വിശദീകരിക്കുന്നു.
ഈ സാഹചര്യത്തിലാണ്‌ താല്‍ക്കാലിക ഗവണ്‍മെന്റിന്റെ സാമ്രാജ്യത്വ സ്വഭാവവും മെന്‍ഷെവിക്കുകളുടെയും സോഷ്യലിസ്റ്റ്‌ റവലൂഷണറികളുടെയും വഞ്ചനയും തുറന്നുകാട്ടാന്‍ ബോള്‍ഷെവിക്കുകള്‍ നിര്‍ബന്ധിതരായത്‌. താല്‍ക്കാലിക ഗവണ്‍മെന്റിനെ തൂത്തെറിഞ്ഞ്‌ അധികാരമെല്ലാം സോവിയറ്റുകളില്‍ നിക്ഷിപ്‌തമാക്കാതെ രാജ്യത്ത്‌ സമാധാനം സ്ഥാപിക്കപ്പെടുകയോ ഭക്ഷണത്തിനും ഭൂമിയ്‌ക്കുംവേണ്ടിയുള്ള അവരുടെ മുറവിളിക്ക്‌ പരിഹാരമുണ്ടാകുകയോ ചെയ്യില്ലെന്ന്‌ ക്ഷമയോടെ ബോള്‍ഷെവിക്കുകള്‍ ജനങ്ങള്‍ക്ക്‌ വിശദീകരിച്ചുകൊടുത്തു.

ജനങ്ങളെ സത്യം ബോധ്യപ്പെടുത്താനുള്ള കഠിന യത്‌നത്തില്‍ മുഴുകിയ ബോള്‍ഷെവിക്കുകള്‍ ഫെബ്രുവരി വിപ്ലവം കഴിഞ്ഞ്‌ വെറും 5 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേയ്‌ക്കും പാര്‍ട്ടി പത്രമായ `പ്രവദ’യുടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. ഏതാനും ദിവസംകഴിഞ്ഞപ്പോഴേയ്‌ക്കും `സോഷ്യല്‍ ഡെമോക്രാറ്റും’ പുറത്തുവന്നു. ക്രമേണ മെന്‍ഷെവിക്കുകളടക്കമുള്ള ചാഞ്ചാട്ടക്കാരിലും ലിബറല്‍ ബൂര്‍ഷ്വപ്രസ്ഥാനങ്ങളിലും ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്‌ടപ്പെടുകയും അവരുടെ മനസ്സില്‍ വീണ്ടും ബോള്‍ഷെവിക്‌ പാര്‍ട്ടി ഇടംപിടിക്കുകയും ചെയ്‌തു. തൊഴിലാളികളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ബോള്‍ഷെവിക്കുകള്‍ കര്‍ഷകരെയും പട്ടാളക്കാരെയും ബോദ്ധ്യപ്പെടുത്തി. ഒരു വിപ്ലവത്തിലൂടെ താല്‍ക്കാലിക ഗവണ്‍മെന്റിനെ സ്ഥാനഭ്രഷ്‌ടമാക്കി സോവിയറ്റുകളുടെ അധികാരം സ്ഥാപിച്ചെടുക്കുന്നതിലൂടെ മാത്രമേ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ പൂര്‍ത്തീകരണമുണ്ടാകുകയുള്ളുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ബോള്‍ഷെവിക്‌ പാര്‍ട്ടിയുടെ ലൈന്‍ ശരിയായിരുന്നു എന്ന്‌ തെളിയിക്കുന്ന നടപടികളാണ്‌ ഓരോ ദിവസവും താല്‍ക്കാലിക ഗവണ്‍മെന്റില്‍നിന്ന്‌ ഉണ്ടായിക്കൊണ്ടിരുന്നത്‌. താല്‍ക്കാലിക ഗവണ്‍മെന്റ്‌ ജനങ്ങളുടെ താല്‍പ്പര്യാര്‍ത്ഥമല്ല പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ക്രമേണ വ്യക്തമായി. അവര്‍ യുദ്ധത്തിനുവേണ്ടിയാണ്‌ നിലകൊള്ളുന്നത്‌. സമാധാനം സ്ഥാപിക്കാന്‍ അവര്‍ക്ക്‌ താല്‍പ്പര്യമില്ല. ജനങ്ങള്‍ക്ക്‌ അപ്പവും ഭൂമിയും സമാധാനവും ഉറപ്പാക്കാന്‍ ഒരു നടപടിയും അവര്‍ കൈക്കൊള്ളാന്‍ പോകുന്നില്ല എന്നും വ്യക്തമായി. സാറിസ്റ്റ്‌ വാഴ്‌ചയെ കടപുഴക്കാന്‍ തൊഴിലാളികളും പട്ടാളക്കാരും ചോരയൊഴുക്കിക്കൊണ്ടുള്ള വിപ്ലവപോരാട്ടമാണ്‌ നടത്തിയതെന്നും താല്‍ക്കാലിക ഗവണ്‍മെന്റാകട്ടെ രാജവാഴ്‌ചയുടെ സംരക്ഷണമാണ്‌ അഭിലഷിക്കുന്നതെന്നും കൂടി അവര്‍ തിരിച്ചറിഞ്ഞു. മുതലാളിമാരുടെയും ഭൂവുടമകളുടെയും പ്രാതിനിധ്യമുണ്ടായിരുന്ന താല്‍ക്കാലിക ഗവണ്‍മെന്റ്‌ കര്‍ഷകര്‍ക്ക്‌ ഭൂമി തിരിച്ചുകൊടുക്കാന്‍ വിസമ്മതിച്ചു. സാധാരണക്കാര്‍ക്ക്‌ ഭക്ഷണമുറപ്പാക്കുന്ന കാര്യം അവര്‍ ചിന്തിച്ചതേയില്ല. കാരണം, വന്‍കിട ധാന്യ കച്ചവടക്കാരുടെയും ഭൂവുടമകളുടെയും ധനികകര്‍ഷകരായ കുലാക്കുകളുടെയുമൊക്കെ താല്‍പ്പര്യം ഹനിച്ചുകൊണ്ടേ അത്തരമൊരു നടപടി കൈക്കൊള്ളാനാകുമായിരുന്നുള്ളു. സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ച താല്‍ക്കാലികഗവണ്‍മെന്റ്‌ ഒരിക്കലും അത്തരമൊരു നടപടി സ്വീകരിക്കുകയില്ലായിരുന്നു. എന്നുമാത്രമല്ല, ബ്രിട്ടീഷ്‌, ഫ്രഞ്ച്‌ സാമ്രാജ്യത്വങ്ങളുമായി ബന്ധത്തിലായിരുന്ന താല്‍ക്കാലിക ഗവണ്‍മെന്റിന്‌ യുദ്ധം അവസാനിപ്പിക്കാനും യാതൊരുദ്ദേശവുമില്ലായിരുന്നു. യുദ്ധത്തിലൂടെ റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ പദ്ധതി നടപ്പിലാക്കിയെടുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. ഫെബ്രുവരി വിപ്ലവത്തിനുശേഷം നിലവില്‍ വന്ന ഇരട്ട അധികാരം അങ്ങനെ അധികകാലം മുന്നോട്ടുപോകില്ല എന്ന്‌ ക്രമേണ വ്യക്തമായിത്തുടങ്ങി. ഒന്നുകില്‍ അധികാരം താല്‍ക്കാലിക ഗവണ്‍മെന്റിന്‌, അല്ലെങ്കില്‍ സോവിയറ്റുകള്‍ക്ക്‌ എന്നത്‌ അനിവാര്യമായി.

ഫെബ്രുവരിവിപ്ലവാനന്തര റഷ്യ

ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരുവിഭാഗമാളുകള്‍ മെന്‍ഷെവിക്കുകളെയും സോഷ്യലിസ്റ്റ്‌ റവലൂഷണറികളെയും പിന്തുണച്ചിരുന്നു. താല്‍ക്കാലിക ഗവണ്‍മെന്റ്‌ എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും എന്നായിരുന്നു അവരുടെ വിശ്വാസം. ഇതിനിടയില്‍ വിപ്ലവപ്രസ്ഥാനത്തിനെതിരെ താല്‍ക്കാലിക ഗവണ്‍മെന്റ്‌ പല ഗൂഢനീക്കങ്ങളും നടത്തുകയും ചെയ്‌തു. എന്നുമാത്രമല്ല, ക്രമസമാധാനവും അച്ചടക്കവും പാലിക്കാനെന്ന പേരില്‍ അവര്‍ ജനങ്ങളുടെ പല ജനാധിപത്യാവകാശങ്ങളും വെട്ടിച്ചുരുക്കാനും തുടങ്ങി. എന്നാല്‍ അതൊന്നും വിലപ്പോയില്ല. നിലനില്‍ക്കുന്ന ജനാധിപത്യാന്തരീക്ഷം തൊഴിലാളികളും പട്ടാളക്കാരും ശരിക്കും ഉപയോഗപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, പ്രകടനങ്ങളും യോഗങ്ങളും നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഉപയോഗിച്ച്‌ രാജ്യത്തിന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ സജീവമായ പങ്കുവഹിക്കാനും സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ സാഹചര്യം വിലയിരുത്തി ഭാവിപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും അവര്‍ക്കുകഴിഞ്ഞു.

സാര്‍ ഭരണകാലത്ത്‌ എല്ലാ വൈതരണികളെയും നേരിട്ടുകൊണ്ട്‌ രഹസ്യമായി പ്രവര്‍ത്തിക്കാനേ ബോള്‍ഷെവിക്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞുള്ളൂ. ഫെബ്രുവരി വിപ്ലവത്തിനുശേഷം അവര്‍ പരസ്യമായ പ്രവര്‍ത്തനം ആരംഭിക്കുകയും സംഘടനകെട്ടിപ്പടുക്കാന്‍ തുടങ്ങുകയും ചെയ്‌തു. ബോള്‍ഷെവിക്‌ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ്‌ നാല്‍പ്പതിനായിരമോ നാല്‍പ്പത്തയ്യായിരമോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കില്‍പോലും അവരെല്ലാം വിപ്ലവാഗ്നിയില്‍ അചഞ്ചലമായ കൂറ്‌ പുലര്‍ത്തുന്നവര്‍ ആയിരുന്നു.

ലെനിന്റെ മടങ്ങിവരവും  ഏപ്രിൽ തീസിസുകളും

ആ സന്ദർഭത്തിൽ ബോൾഷെവിക് പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസം ഉടലെടുത്തു. കാമനേവ്, റൈക്കോവ്, ബുബനേവ് തുടങ്ങിയവർ താത്കാലിക ഗവണ്മെന്റിന് സോപാധിക പിന്തുണ നൽകണമെന്ന അഭിപ്രായം ഉന്നയിച്ചു. എന്നാൽ, വിദേശത്തുനിന്ന് തിരിച്ചെത്തിയ സ്റ്റാലിനും മൊളോട്ടോവ് തുടങ്ങി ഭൂരിപക്ഷം ബോൾഷെവിക്കുകളും ആ നയത്തെ എതിർത്തു. അവർ സാമ്രാജ്യത്വ യുദ്ധത്തിനെതിരെ ശക്തമായ സമരമാരംഭിക്കാൻ ആഹ്വാനം ചെയ്തു. ലെനിനെപ്പോലൊരു നേതാവിന്റെ അസാന്നിദ്ധ്യം ആ സന്ദർഭത്തിൽ വളരെയേറെ അനുഭവപ്പെട്ടു.

ഒടുവിൽ, ദീർഘകാലത്തെ വിദേശവാസത്തിനുശേഷം ഏപ്രിൽ 3ന് (പുതിയ കലണ്ടറിൽ ഏപ്രിൽ 16) ലെനിൻ റഷ്യയിൽ തിരിച്ചെത്തി. പെട്രോഗ്രാഡിലെ ഫിൻലന്റ് റയിൽവേ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് തൊഴിലാളികളെയും പട്ടാളക്കാരെയും, ഒരു സൈനിക വാഹനത്തിന് മുകളിൽ കയറിനിന്ന് സംബോധന ചെയ്തുകൊണ്ട്, സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയത്തിനായി പൊരുതാൻ ലെനിൻ ആഹ്വാനം ചെയ്തു.
റഷ്യയിൽ തിരിച്ചെത്തിയതോടെ, വിപ്ലവ സംഘാടനത്തിൽ ലെനിൻ പൂർണ്ണമായും മുഴുകി. പിറ്റേന്നുതന്നെ യുദ്ധത്തെയും വിപ്ലവത്തെയും കുറിച്ചുള്ള ഒരു വിശകലനം ആദ്യം ബോൾഷെവിക്കുകളുടെ മീറ്റിംഗിലും പിന്നീട് ബോൾഷെവിക്കുകളുടെയും മെൻഷെവിക്കുകളുടെയും മീറ്റിംഗിലും അദ്ദേഹം അവതരിപ്പിച്ചു. ഈ വിശകലനമാണ് വിഖ്യാതമായ ഏപ്രിൽ തീസിസുകൾ എന്നറിയപ്പെട്ടത്. ബൂർഷ്വാ ജനാധിപത്യ വിപ്ലവമെന്ന ആദ്യ ഘട്ടത്തിൽനിന്ന് സോഷ്യലിസ്റ്റ് വിപ്ലവമെന്ന രണ്ടാം ഘട്ടത്തിലേയ്ക്ക് മുന്നേറാൻ ബോൾഷെവിക് പാർട്ടിക്കും തൊഴിലാളിവർഗ്ഗത്തിനും ശരിയായ വിപ്ലവലൈനും പ്രവർത്തന പദ്ധതിയും പ്രദാനം ചെയ്തത് ഈ തീസിസുകളാണ്. സോഷ്യലിസ്റ്റ് വിപ്ലവം സാക്ഷാത്കരിച്ചതിൽ ഇതിന് വമ്പിച്ച പ്രാധാന്യമാണുള്ളത്. സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്കുള്ള പരിവർത്തനത്തിൽ സൈദ്ധാന്തിക അടിത്തറയുള്ളതും മൂർത്തവുമായ വിപ്ലവ പദ്ധതിയാണ് ഇത് അനാവരണം ചെയ്തത്.
സാമ്പത്തിക രംഗത്ത് ഇപ്രകാരമായിരുന്നു ചുവടുവയ്പുകൾ; ആദ്യം തോട്ടങ്ങൾ അടക്കമുള്ള മുഴുവൻ ഭൂമിയും ദേശസാൽക്കരിക്കുക; തുടർന്ന്, തൊഴിലാളി പ്രതിനിധികളുടെ സോവിയറ്റിന്റെ നിയന്ത്രണത്തിൽ മുഴുവൻ ബാങ്കുകളെയും ലയിപ്പിച്ച് ഒറ്റ ദേശീയ ബാങ്ക് രൂപീകരിക്കുക; അതോടൊപ്പം ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും മേൽ നിയന്ത്രണം സ്ഥാപിച്ചെടുക്കുക.

രാഷ്ട്രീയരംഗത്ത്, പാർലമെന്ററി റിപ്പബ്ലിക്കിൽനിന്ന് സോവിയറ്റുകളുടെ റിപ്പബ്ലിക് എന്നതിലേയ്ക്ക് മുന്നേറുന്ന പദ്ധതിയാണ് ലെനിൻ അവതരിപ്പിച്ചത്. മാർക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും മേഖലയിൽ ഇതൊരു സുപ്രധാന കാൽവയ്പായിരുന്നു. സോഷ്യലിസം സ്ഥാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ രാഷ്ട്രീയ സംവിധാനം പാർലമെന്ററി റിപ്പബ്ലിക് ആണ് എന്നാണ് അന്നേവരെ മാർക്‌സിസ്റ്റ് സൈദ്ധാന്തികർ കരുതിയിരുന്നത്. തൊഴിലാളി പ്രതിനിധികളുടെ സോവിയറ്റുകൾ എന്ന സംവിധാനത്തിൽ നിന്നുള്ള തിരിച്ചുപോക്ക് ഒരു പിന്തിരിപ്പൻ നടപടിയായിരിക്കുമെന്ന് ഏപ്രിൽ തീസിസിൽ ലെനിൻ ചൂണ്ടിക്കാണിച്ചു. പാർലമെന്ററി റിപ്പബ്ലിക്കിനുപകരം, തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും പ്രതിനിധികളടങ്ങുന്നതും രാജ്യത്താകെ പടർന്ന് പന്തലിച്ചിട്ടുള്ളതുമായ സോവിയറ്റുകളുടെ റിപ്പബ്ലിക് ആയിരിക്കും സോഷ്യലിസത്തിലേയ്ക്കുള്ള പരിവർത്തനത്തിന് ഏറ്റവും അനുയോജ്യമായ രാഷ്ട്രീയ സംവിധാനമെന്നും ലെനിൻ സമർത്ഥിച്ചു. അതിനാൽ, താത്കാലിക ഗവണ്മെന്റിന് ഇനിമേൽ ഒരു പിന്തുണയും നൽകേണ്ടതില്ല. സോവിയറ്റുകളിൽ ബോൾഷെവിക്കുകൾ ഇപ്പോഴും ന്യൂനപക്ഷമാണെന്നും തൊഴിലാളിവർഗ്ഗത്തെ ബൂർഷ്വാ സ്വാധീനവലയത്തിലാക്കാൻ ശ്രമിക്കുന്ന മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവലൂഷണറികളുമാണ് അവിടെ മേധാവിത്വം ചെലുത്തുന്നതെന്നും ഏപ്രിൽ തീസിസിൽ ലെനിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാഹചര്യം അങ്ങനെയായതുകൊണ്ടാണ് താത്കാലിക ഗവണ്മെന്റിനെതിരെ കലാപം നടത്താനും അതിനെ കടപുഴക്കാനും ഏപ്രിൽ തീസിസിൽ ലെനിൻ ആഹ്വാനം ചെയ്യാതിരുന്നത്. പകരം, ക്ഷമാപൂർവ്വവും നിരന്തരവുമായ വിശദീകരണങ്ങളിലൂടെ ജനങ്ങളെ സത്യം ബോദ്ധ്യപ്പെടുത്തിക്കൊണ്ട് സോവിയറ്റുകളിൽ ബോൾഷെവിക്കുകൾ ഭൂരിപക്ഷം നേടിയെടുക്കണം. തുടർന്ന് സോവിയറ്റുകളുടെ നയം മാറ്റിയെടുക്കുകയും അതുവഴി താത്ക്കാലിക ഗവണ്മെന്റിന്റെ ഘടനയിലും നയത്തിലും മാറ്റം സാദ്ധ്യമാക്കിയെടുക്കുകയും വേണം. ”മുഷിഞ്ഞ കുപ്പായം” നമുക്കിനി ഊരിക്കളയാം, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എന്ന പേര് നമുക്കിനി വേണ്ട എന്നും ലെനിൻ അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ, രണ്ടാം ഇന്റർ നാഷണലിൽ അംഗങ്ങളായിട്ടുള്ള പാർട്ടികളും മെൻഷെവിക്കുകളുമൊക്കെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. സോഷ്യലിസത്തെ വഞ്ചിച്ചതിലൂടെയും അവസരവാദത്തിലൂടെയും അവർ ആ പേരിന് കളങ്കം ചാർത്തി. ബോൾഷെവിക് പാർട്ടിക്ക് ‘കമ്മ്യൂണിസ്റ്റ് പാർട്ടി’ എന്ന പുതിയ പേര് ലെനിൻ നൽകി. മാർക്‌സും ഏംഗൽസും അവരുടെ പാർട്ടിക്ക് തെരഞ്ഞെടുത്ത പേര് ഇതായിരുന്നു. ശാസ്ത്രീയമായി ഈ പേരാണ് ശരിയെന്നും ലെനിൻ പറഞ്ഞു. ”ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തർക്കും അവരുടെ ആവശ്യമനുസരിച്ച്” എന്ന മുദ്രാവാക്യവുമായി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തിലേയ്ക്ക്, സോഷ്യലിസം എന്ന പരിവർത്തന ഘട്ടത്തിലൂടെ ചെന്നെത്തുക എന്ന ആത്യന്തിക ലക്ഷ്യമാണ് ബോൾഷെവിക് പാർട്ടിയുടേതെന്ന കാര്യവും ലെനിൻ ഓർമ്മിപ്പിച്ചു.

ലെനിൻ ഏപ്രിൽ തീസിസുകൾ അവതരിപ്പിച്ചതോടെ ബേജാറിലായ മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവലൂഷണറികളും വിപ്ലവം അപകടത്തിൽ എന്ന് മുറവിളികൂട്ടി. അധികാരം സോവിയറ്റുകൾക്ക് കൈമാറുക എന്ന ബോൾഷെവിക് മുദ്രാവാക്യം അപകടകരമാണ് എന്നവർ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. യെദിൻസ്‌ത്വോ (ഐക്യം) എന്ന തന്റെ പത്രത്തിൽ, മെൻഷെവിക്കുകളെ ഉദ്ധരിച്ചുകൊണ്ട് പ്ലഖനോവ് ഏപ്രിൽ തീസിസുകളെ ഇപ്രകാരം വിലയിരുത്തി: ”ലെനിൻ മാത്രം വിപ്ലവത്തിന് അന്യമായി നിൽക്കും, നമ്മൾ നമ്മുടെ വഴിയേ മുന്നോട്ടുപോകും.” ബൂർഷ്വാ ജനാധിപത്യ വിപ്ലവം നടന്നെങ്കിലും അതിന്റെ പല കടമകളും പൂർത്തീകരിക്കേണ്ടതായുണ്ട്. സാമ്പത്തികവും സാമൂഹികവുമായ ആ കടമകൾ പൂർത്തീകരിക്കുന്നതിനുമുമ്പ് സോഷ്യലിസ്റ്റ് വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നത് വിഡ്ഢിത്തം നിറഞ്ഞ സാഹസമാണ് എന്നത്രെ മെൻഷെവിക്കുകളും സോഷ്യൽ ഡെമോക്രാറ്റുകളുമൊക്കെ കരുതിയത്. താത്കാലിക ഗവണ്മെന്റുമായി സഹകരിക്കുകയാണ് ഇടതുപക്ഷക്കാരുടെ കടമ എന്നാണവർ അഭിപ്രായപ്പെട്ടത്.

ഈ സാഹചര്യത്തിലാണ്, ഏപ്രിൽ 14ന് പെട്രോഗ്രാഡിൽ ചേർന്ന ബോൾഷെവിക് പാർട്ടിയുടെ സമ്മേളനം ഏപ്രിൽ തീസിസുകൾ അംഗീകരിക്കുകയും അതിന്റെയടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തത്. പ്രാദേശിക കമ്മിറ്റികളും താമസിയാതെതന്നെ ഇത് അംഗീകരിച്ചു. അങ്ങനെ, കാമനേവും റൈക്കോവും പ്യാട്ടക്കോവും പോലെയുള്ള ചില വ്യക്തികൾ ഒഴികെ ബോൾഷെവിക് പാർട്ടി ഒന്നടങ്കം ലെനിന്റെ തീസിസുകൾ ഹൃദയപൂർവ്വം സ്വീകരിക്കുകയും അതിനനുസരിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

താത്കാലിക ഗവണ്മെന്റിന്റെ പ്രതിസന്ധി

വിപ്ലവ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ബോൾഷെവിക് പാർട്ടി തീരുമാനിച്ചതോടെ, താത്കാലിക ഗവണ്മെന്റ് ഒന്നൊന്നായി ജനവിരുദ്ധ നടപടികൾ സ്വീകരിക്കാൻ തുടങ്ങി. ഏപ്രിൽ 18ന് വിദേശകാര്യ മന്ത്രി ഒരു പ്രഖ്യാപനം നടത്തി. റഷ്യയുടെ സഖ്യ രാജ്യങ്ങളുമായി സാറിസ്റ്റ് ഭരണം ഒപ്പിട്ട കരാറുകളെല്ലാം പാലിക്കുമെന്നും അന്തിമവിജയം നേടുംവരെ ലോകയുദ്ധം തുടരാൻ രാജ്യമൊന്നാകെ സജ്ജമാണെന്നുമായിരുന്നു ആ പ്രഖ്യാപനം. 19-ാം തീയതി ഈ വിവരം പുറത്തുവന്നപ്പോൾ ജനങ്ങൾ രോഷാകുലരായി. സാറിസ്റ്റ് ഗവണ്മെന്റിന്റെ കരാറുകൾ പാലിക്കാനായി, സാമ്രാജ്യത്വ ശക്തികൾക്കുവേണ്ടി സാധാരണ ജനങ്ങളുടെ ചോരയൊഴുക്കാൻ താത്കാലിക ഗവണ്മെന്റിന് യാതൊരവകാശവുമില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. താത്കാലിക ഗവണ്മെന്റിന്റെ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ബോൾഷെവിക് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി ഏപ്രിൽ 20ന് ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന് ഏപ്രിൽ 20,21 തീയതികളിലായി ഒരു ലക്ഷത്തിലേറെ തൊഴിലാളികളും പട്ടാളക്കാരും പ്രകടനങ്ങളിൽ പങ്കെടുത്തു. ”രഹസ്യ കരാറുകൾ പരസ്യപ്പെടുത്തുക,” ”യുദ്ധം തുലയട്ടെ,” ”എല്ലാ അധികാരങ്ങളും സോവിയറ്റുകൾക്ക്” എന്നീ മുദ്രാവാക്യങ്ങളാണ് അവരുയർത്തിയത്. തത്കാലിക ഗവണ്മെന്റിന്റെ അസ്ഥാനമായ നഗര കേന്ദ്രത്തിലേയ്ക്ക് അവർ മാർച്ചുചെയ്തു. ബൂർഷ്വാ ഗ്രൂപ്പുകളുമായി അവർ നെവ്‌സ്‌കി പ്രോസ്‌പെക്ട് തുടങ്ങി പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. പ്രകടനക്കാരെ വെടിവയ്ക്കാൻ പ്രതിവിപ്ലവ സേനയുടെ ജനറലായ കോർണിലോവ് ഉത്തരവിട്ടെങ്കിലും അത് അനുസരിക്കാൻ പട്ടാളം തയ്യാറായില്ല.
ഇതിനിടയിൽ, താത്കാലിക ഗവണ്മെന്റിനെ ഉടൻ തൂത്തെറിയുക എന്ന മുദ്രാവാക്യം പെട്രോഗ്രാഡ് പാർട്ടി കമ്മിറ്റിയിലെ ചിലർ മുന്നോട്ടുവച്ചു. എന്നാൽ ഇത് ഇടതുപക്ഷ സാഹസികതയാണെന്നും ഇത്തരമൊരു മുദ്രാവാക്യമുയർത്താനുള്ള സമയമായില്ലെന്നും, ബോൾഷെവിക് പാർട്ടി കേന്ദ്ര കമ്മിറ്റി ഈ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ മുന്നേറി സോവിയറ്റുകളിൽ ഭൂരിപക്ഷമുറപ്പാക്കുക എന്ന പാർട്ടി പദ്ധതിക്ക് എതിരായിരുന്നു ഈ നടപടി.
എന്നാൽ ഈ സമരം താത്കാലിക ഗവണ്മെന്റിനെ പ്രതിസന്ധിയിലാക്കി. സമരത്തിന്റെ സമ്മർദ്ദത്താൽ രണ്ട് മന്ത്രിമാർക്ക് രാജിവയ്‌ക്കേണ്ടിവന്നു. തുടർന്ന് ഐക്യമുന്നണിയായുള്ള താത്കാലിക ഗവണ്മെന്റ് നിലവിൽ വന്നു. ബൂർഷ്വാ വർഗ്ഗത്തിന്റെ പ്രതിനിധികളെ കൂടാതെ മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവലൂഷണറികളും താത്കാലിക ഗവണ്മെന്റിൽ ചേർന്നു. അങ്ങനെ അവർ ജനങ്ങളെ കയ്യൊഴിഞ്ഞ് പ്രതിവിപ്ലവ ശക്തികളുടെ പക്ഷത്ത് ചേർന്നു.
ബോൾഷെവിക് പാർട്ടിയുടെ ഏപ്രിൽ സമ്മേളനം
ഏപ്രിൽ 24ന് ചേർന്ന ബോൾഷെവിക് പാർട്ടിയുടെ 7-ാം കോൺഗ്രസ്സിൽ, മെൻഷെവിക്കുകളുടെയും സോഷ്യലിസ്റ്റ് റവലൂഷണറികളുടെയും നിലപാടുകൾക്ക് വിരുദ്ധമായി യുദ്ധം, താത്കാലിക ഗവണ്മെന്റ്, സോവിയറ്റുകൾ, കാർഷിക പ്രശ്‌നം, ദേശീയ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് അനുപൂരകമായ നയങ്ങൾക്ക് രൂപംനൽകി. പരസ്യമായി ബോൾഷെവിക് പാർട്ടികോൺഗ്രസ്സ് ചേരുന്നത് അന്നാദ്യമായിരുന്നു. ഈ സമ്മേളനത്തിലെ ചർച്ചകൾക്കിടയിൽ കാമനേവ്, സിനവീവ്, പ്യാട്ടക്കോവ്, ബുക്കാറിൻ, റൈക്കോവ് തുടങ്ങിയവരുടെ അവസരവാദ ചിന്തകൾ മറനീക്കി പുറത്തുവന്നു. അവർ ലെനിന്റെ ലൈനിനെ എതിർത്തു. റഷ്യ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് പാകമായിട്ടില്ലെന്നും ബൂർഷ്വാ റിപ്പബ്ലിക്കേ സാദ്ധ്യമാവൂ എന്നും മെൻഷെവിക് ലൈൻ പിന്തുടർന്ന് അവർ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ താത്കാലിക ഗവണ്മെന്റിനെ ‘നിയന്ത്രിക്കാൻ’ വേണ്ടിയാണ് പാർട്ടിയും തൊഴിലാളിവർഗവും നിലകൊള്ളേണ്ടതെന്ന് അവർ പറഞ്ഞു. യഥാർത്ഥത്തിൽ, അവർ മെൻഷെവിക്കുകളെപ്പോലെതന്നെ, മുതലാളിത്തത്തെയും അതിന്റെ ഭരണകൂടാധികാരത്തെയും നിലനിർത്താൻ വേണ്ടിയാണ് യത്‌നിച്ചത്.
ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ ബോൾഷെവിക് പാർട്ടി നേടിയ വിജയം
ഏപ്രിൽ സമ്മേളനത്തിന്റെ തീരുമാനപ്രകാരം ജനങ്ങളെ തങ്ങളുടെ പക്ഷത്തേയ്ക്ക് കൊണ്ടുവരാനും അവരെ വിപ്ലവത്തിന് തയ്യാറെടുപ്പിക്കാനും ബോൾഷെവിക് പാർട്ടി കൊണ്ടുപിടിച്ച് ശ്രമം തുടങ്ങി. വിപ്ലവ പദ്ധതി ജനങ്ങൾക്ക് വിശദമാക്കിക്കൊടുക്കാനും മെൻഷെവിക്കുകളുടെയും സോഷ്യലിസ്റ്റ് റവലൂഷണറികളുടെയും അനുരഞ്ജന സ്വഭാവം തുറന്നുകാട്ടി അവരുടെ സ്വാധീനത്തിൽനിന്ന് ജനങ്ങളെ മുക്തമാക്കാനും അങ്ങനെ സോവിയറ്റുകളിൽ ഭൂരിപക്ഷം നേടാനും ബോൾഷെവിക് പാർട്ടി പ്രവർത്തകർ നിരന്തരവും ക്ഷമാപൂർവ്വവുമായ പരിശ്രമം നടത്തി.

ബോൾഷെവിക് പാർട്ടി അന്തിമ സമരത്തിന് തയ്യാറെടുക്കുന്നു

സോവിയറ്റുകളിൽ നടത്തുന്ന പ്രവർത്തനത്തോടൊപ്പം ട്രേഡ് യൂണിയനുകളിലും ഫാക്ടറി കമ്മിറ്റികളിലും ബോൾഷെവിക്കുകൾ വ്യാപകമായ പ്രവർത്തനം നടത്തി. സൈന്യത്തിനിടയിലും അവരുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നു. സൈനികരുടെ സായുധ സംഘടനകൾ പലയിടത്തായി ഉയർന്നുവന്നു. ഈ സൈനികരെ സജീവ വിപ്ലവകാരികളാക്കുന്നതിൽ ബോൾഷെവിക് മുഖപത്രമായ പ്രവ്ദ (സത്യം) വലിയ പങ്കുവഹിച്ചു. ബോൾഷെവിക്കുകളുടെ അക്ഷീണമായ പ്രചാരണവും പ്രവർത്തനവും മൂലം സോവിയറ്റുകളിൽ പുതിയ തെരഞ്ഞെടുപ്പുകൾ നടക്കുകയും നിരവധിയിടങ്ങളിൽ പ്രത്യേകിച്ച് ജില്ലകളിൽ, മെൻഷെവിക്കുകളെയും സോഷ്യലിസ്റ്റ് റവലൂഷണറികളെയും പിന്തള്ളി ബോൾഷെവിക്കുകളെ ജനങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, റഷ്യയെ മൊത്തത്തിലെടുക്കുമ്പോൾ ഇപ്പോഴും മെൻഷെവിക്കുകൾക്കും മറ്റുമായിരുന്നു ഭൂരിപക്ഷം.
1917 ജൂലൈ 3ന് പെട്രോഗ്രാഡിലെ വൈബോർഗിൽ ജനങ്ങൾ പൊടുന്നനെ ശക്തമായ പ്രക്ഷോഭം തുടങ്ങി. ഈ സായുധ കലാപം ഒരു ദിവസം മുഴുവൻ നീണ്ടുനിന്നു. പല ജാഥകൾ ഒന്നുചേർന്ന് ഒരു വമ്പൻ പ്രകടനം രൂപപ്പെട്ടു. എല്ലാ അധികാരങ്ങളും സോവിയറ്റുകൾക്ക് എന്നവർ ആക്രോശിച്ചു. എന്നാൽ ഇപ്രകാരം പൊടുന്നനെയുണ്ടാകുന്ന പൊട്ടിത്തെറിയുടെ ദൗർബല്യം ബോൾഷെവിക് പാർട്ടി നന്നായി മനസ്സിലാക്കിയിരുന്നു. ജനങ്ങൾ പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും സജ്ജരല്ലെങ്കിൽ, ഇത്തരം പൊട്ടിത്തെറികളൊക്കെ പ്രതിവിപ്ലവശക്തികൾക്ക് എളുപ്പത്തിൽ അടിച്ചമർത്താനാകും. എന്നാൽ ജനങ്ങളുടെ കലാപം ഒരു തരത്തിലും നിയന്ത്രിക്കാനാകാതെ വന്നപ്പോൾ അതിൽ പങ്കെടുത്തുകൊണ്ട് അതിനെ സമാധാനപരമായും സുസംഘടിതമായും നയിക്കാൻ ബോൾഷെവിക് പാർട്ടി തീരുമാനിച്ചു. അങ്ങനെ ഒരു ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്ത സമാധാനപരമായ പ്രകടനം പെട്രോഗ്രാഡിൽ നടന്നു. എല്ലാ അധികാരങ്ങളും സോവിയറ്റുകൾക്ക്, സാമ്രാജ്യത്വ ശക്തികളുമായും മുതലാളിത്തവുമായും ഒരു സൗഹാർദ്ദവുമില്ല, സമാധാനനയം ശക്തമായി പിന്തുടരുക തുടങ്ങിയവയായിരുന്നു അവരുടെ മുദ്രാവാക്യങ്ങൾ. പ്രകടനം സമാധാനപരമായിരുന്നുവെങ്കിലും താത്കാലിക ഗവണ്മെന്റ് അണിനിരത്തിയ പ്രതിവിപ്ലവ സേന ജനങ്ങൾക്കുമേൽ ബുള്ളറ്റുകൾ വർഷിച്ചു. പെട്രോഗ്രാഡിലെ തെരുവുകൾ അവരുടെ ചോരയിൽ കുതിർന്നു.

ജൂലൈ 3 കലാപത്തോടെ, മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവലൂഷണറികളും മുതലാളിവർഗ്ഗത്തിന്റെയും പട്ടാള മേധാവികളുടെയും സഹായത്തോടെ ബോൾഷെവിക്കുകൾക്കുനേരെ തിരിഞ്ഞു. പ്രവ്ദയടക്കമുള്ള ബോൾഷെവിക് പ്രസിദ്ധീകരണങ്ങൾക്കുമേൽ അവർ നിരോധനമേർപ്പെടുത്തി. തെരുവിൽ പ്രവ്ദ വിറ്റതിന് വോയ്‌നോവ് എന്ന തൊഴിലാളിയെ വെടിവച്ചുകൊന്നു. വ്യാപകമായ അറസ്റ്റുകളും നടന്നു. ജൂലൈ 7ന് ലെനിനെ അറസ്റ്റുചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചു. ബോൾഷെവിക് പാർട്ടിയുടെ പല മുൻനിര നേതാക്കളും തടങ്കലിലായി. പാർട്ടി പത്രങ്ങൾ പ്രിന്റുചെയ്തിരുന്ന പ്രസ്സുകൾ നശിപ്പിച്ചു. പ്രഭുക്കളും മുതലാളിമാരുമായി സഖ്യമുണ്ടാക്കി താത്കാലിക ഗവണ്മെന്റ് രൂപീകരിച്ച കെരൻസ്‌കി, സ്‌കൊബലേവ്, ചെർണോവ് തുടങ്ങിയ മെൻഷെവിക്-സോഷ്യലിസ്റ്റ് റവലൂഷണറി നേതാക്കൾ പ്രതിവിപ്ലവത്തിന്റെ സൂത്രധാരൻമാരായി മാറി. സമാധാനത്തിനുപകരം യുദ്ധം തുടരാനാണ് അവർ തീരുമാനിച്ചത്. തൊഴിലാളികളുടെയും പട്ടാളക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുപകരം അവ ആയുധത്തിന്റെ ബലത്തിൽ അവർ പിടിച്ചെടുത്തു. മുതലാളിവർഗ്ഗം ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾകൂടി ഇവർ ചെയ്തുകൂട്ടി.
ഇരട്ട അധികാരത്തിന്റെ നാളുകൾ കഴിഞ്ഞു. താത്കാലിക ഗവണ്മെന്റ് എല്ലാ അധികാരങ്ങളും പിടിച്ചെടുത്തു. സോവിയറ്റുകളെ അവർ സർക്കാരിന്റെ അനുബന്ധമാക്കി. അതോടൊപ്പം സമാധാനപരമായ വിപ്ലവത്തിന്റെ കാലവും കഴിഞ്ഞു. മാറിയ സാഹചര്യത്തിൽ അടവുമാറ്റാൻ ബോൾഷെവിക് പാർട്ടി തീരുമാനിച്ചു. പാർട്ടി ഒന്നടങ്കം ഒളിവിൽ പോയി. ലെനിനും മറ്റുനേതാക്കൾക്കും രഹസ്യതാവളങ്ങൾ ഏർപ്പാടുചെയ്തു. രാജ്‌ലീവ് സ്റ്റേഷനുസമീപത്തെ ഒരു ചേരിയിൽ ലെനിൻ അഭയം തേടി. ഗവണ്മെന്റ് ബോൾഷെവിക്കുകളെ വേട്ടയാടിക്കൊണ്ടിരുന്നെങ്കിലും അത് അവഗണിച്ചുകൊണ്ട് അവർ വിപ്ലവ പ്രവർത്തനം തുടർന്നു. മുതലാളിവർഗ്ഗത്തെ സായുധ വിപ്ലവത്തിലൂടെ സ്ഥാനഭ്രഷ്ടമാക്കി സോവിയറ്റുകളുടെ അധികാരം സ്ഥാപിക്കുക എന്നതായിരുന്നു ബോൾഷെവിക്കുകൾ ലക്ഷ്യം വച്ചത്.

ബോൾഷെവിക് പാർട്ടിയുടെ 6-ാം കോൺഗ്രസ്സ്

ഇത്രയും ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് ജൂലൈ 26 മുതൽ ആഗസ്റ്റ് 5 വരെ അതീവരഹസ്യമായി 6-ാം പാർട്ടി കോൺഗ്രസ്സ് ചേരുന്നത്. ഈ സമയത്തെല്ലാം താത്കാലിക ഗവണ്മെന്റിന്റെ വേട്ടപ്പട്ടികൾ ലെനിനെ അന്വേഷിച്ച് പരക്കം പായുകയായിരുന്നു. അതുകൊണ്ട് ലെനിന് കോൺഗ്രസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ രഹസ്യതാവളത്തിൽനിന്ന് സ്റ്റാലിൻ, മൊളോട്ടോവ്, ഒർദ്‌സോനിക്കിഡ്‌ജെ തുടങ്ങിയ ഉറ്റ സഖാക്കളിലൂടെ അദ്ദേഹം കോൺഗ്രസ്സിലേയ്ക്ക് നിർദ്ദേശങ്ങൾ എത്തിച്ചുകൊണ്ടിരുന്നു.
157 ഡെലിഗേറ്റുകളാണ് ഈ കോൺഗ്രസ്സിൽ പങ്കെടുത്തത്. അന്ന് പാർട്ടി അംഗങ്ങളുടെ എണ്ണം 2,40,000 ആയിരുന്നു. ഒളിവിൽ പോകുന്നതിനുമുമ്പ് റഷ്യനിലും മറ്റ് ഭാഷകളിലുമായി ബോൾഷെവിക് പാർട്ടി 41 മുഖപത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും നടത്തിയിരുന്നു.
ഈ 6-ാം കോൺഗ്രസ്സ് റഷ്യൻ വിപ്ലവത്തിൽ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ലെനിന്റെ ചരിത്രപ്രധാനമായ ഏപ്രിൽ തീസിസ് അന്തിമമായി അംഗീകരിക്കുന്നത് ഈ കോൺഗ്രസ്സിൽ വച്ചാണ്. ട്രോട്‌സ്‌കിയും അദ്ദേഹത്തിന്റെ അനുചരനായ പ്രൊബ്രാജെസ്‌കിയും ബുക്കാറിനും മറ്റും സോഷ്യലിസ്റ്റ് വിപ്ലവ പദ്ധതിയെ എതിർത്തു. പടിഞ്ഞാറൻ നാടുകളിൽ വിപ്ലവം നടക്കാതെ റഷ്യൻ തൊഴിലാളിവർഗ്ഗത്തിന് സോഷ്യലിസ്റ്റ് വിപ്ലവം നടത്താനോ നടത്തിയാൽത്തന്നെ അത് നിലനിർത്താനോ കഴിയില്ലെന്ന് അവർ വാദിച്ചു. നിരന്തര വിപ്ലവം എന്ന സിദ്ധാന്തമാണ് അവർ അവതരിപ്പിച്ചത്. കർഷകർ തൊഴിലാളികളോടൊപ്പം ചേരില്ലെന്നും അവർ വിപ്ലവത്തെ എതിർക്കുകയേ ഉള്ളുവെന്നും അവർ അഭിപ്രായപ്പെട്ടു.

ലെനിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ ഈ തെറ്റായതും അവസരവാദപരമായതുമായ ആശയങ്ങളെ സ്റ്റാലിൻ എതിർത്ത് പരാജയപ്പെടുത്തി. മുതലാളിവർഗ്ഗത്തിന്റെ അടിച്ചമർത്തലിനിടയിലും വിപ്ലവം എങ്ങനെ മുന്നേറുന്നുവെന്ന് സ്റ്റാലിൻ സുവ്യക്തമായി കാണിച്ചുകൊടുത്തു. റഷ്യൻ വിപ്ലവം സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ രൂപമെടുക്കുന്നുവെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഈ സന്ദർഭത്തിൽ വിപ്ലവത്തിന്റെ കടമകൾ ഇവയാണ്: ഉൽപ്പാദനത്തിലും വിതരണത്തിലും തൊഴിലാളിവർഗ്ഗത്തിന്റെ നിയന്ത്രണം സ്ഥാപിച്ചെടുക്കുക, കർഷകർക്ക് ഭൂമി നൽകുക, മുതലാളിവർഗ്ഗത്തിന്റെ കൈകളിൽനിന്നധികാരം തൊഴിലാളിവർഗ്ഗവും ദരിദ്ര കർഷകരും കരസ്ഥമാക്കുക.
സായുധ വിപ്ലവത്തിന്റെ പാതയിലൂടെ മുന്നേറാൻ ബോൾഷെവിക് പാർട്ടി തീരുമാനിച്ചു. ഇതിനായി തൊഴിലാളിവർഗ്ഗത്തെയും ഏറ്റവും ദരിദ്രരായ കർഷകരെയും സജ്ജമാക്കണം. മുതലാളിവർഗ്ഗത്തിനെതിരായ അന്തിമ യുദ്ധത്തിന് തയ്യാറാകാൻ കോൺഗ്രസ്സ് പുറത്തിറക്കിയ മാനിഫെസ്റ്റോ തൊഴിലാളികളെയും സൈനികരെയും കർഷകരെയും ആഹ്വാനം ചെയ്തു.
ജനറൽ കോർണിലോവിന്റെ ഗൂഢപദ്ധതി
ദുർബലമായ സോവിറ്റുകളെ തകർക്കാനും തുറന്ന പ്രതിവിപ്ലവ നടപടികൾ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലായിരുന്നു ഈ സമയം റഷ്യയിലെ മുതലാളിവർഗ്ഗം. കൃഷിഭൂമി നിയമവിരുദ്ധമായി പിടിച്ചെടുക്കാനുള്ള കർഷകരുടെ നീക്കമടക്കം എല്ലാ വിപ്ലവ പ്രവർത്തനങ്ങളെയും ശക്തമായി കൈകാര്യം ചെയ്യുമെന്ന് സോഷ്യലിസ്റ്റ് റവലൂഷണറി പാർട്ടിക്കാരനായ കെരൻസ്‌കി ഭീഷണിപ്പെടുത്തി. സോവിയറ്റുകളും ജനകീയ കമ്മിറ്റികളുമൊക്കെ തുടച്ചുനീക്കി സൈനിക സ്വേച്ഛാധിപത്യം സ്ഥാപിക്കണമെന്നായിരുന്നു ജനറൽ കോർണിലോവിന്റെ അഭിപ്രായം. ബാങ്കുടമകളും കച്ചവടക്കാരും ഫാക്ടറി ഉടമകളുമൊക്കെ അയാളെ പിന്തുണയ്ക്കുകയും വൻതോതിലുള്ള സാമ്പത്തിക സഹായം നൽകുകയും ചെയ്തു. റഷ്യയുടെ സഖ്യശക്തികളായ ബ്രിട്ടനും ഫ്രാൻസും, എത്രയും വേഗം വിപ്ലവ ശ്രമങ്ങൾ അടിച്ചമർത്താൻ കോർണിലോവിനെ പ്രോത്സാഹിപ്പിച്ചു.

ആഗസ്റ്റ് 25ന് പെട്രോഗ്രാഡിലേയ്ക്ക് ജനറൽ ട്രിമോവിന്റെ നേതൃത്വത്തിൽ സൈനികനീക്കം നടത്താൻ കോർണിലോവ് ഏർപ്പാട് ചെയ്തു. അതോടെ സായുധമായി സജ്ജമാകാൻ ബോൾഷെവിക് പാർട്ടി തൊഴിലാളികളെയും സൈനികരെയും ആഹ്വാനം ചെയ്തു. ഇതിനായി ഊർജ്ജിതമായ തയ്യാറെടുപ്പുകൾ നടന്നു. ചുവപ്പുസേനയുടെ കോട്ടകൾ ഉയർന്നു. ട്രേഡ് യൂണിയനുകൾ അംഗങ്ങളോട് ചെറുത്തുനിൽപിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. പെട്രോഗ്രാഡിലെ വിപ്ലവസൈന്യം യുദ്ധത്തിന് സജ്ജമായിക്കഴിഞ്ഞു. വിപ്ലവകാരികൾ പെട്രോഗ്രാഡ് നഗരത്തിനുചുറ്റും കിടങ്ങുകൾ കുഴിച്ചു, മുള്ളുകമ്പികൾ കൊണ്ടുള്ള മതിലുകൾ ഉയർന്നു, നഗരത്തിലേയ്ക്കുള്ള റെയിൽവേ ട്രാക്കുകൾ വെട്ടിമുറിച്ചു. കോർണിലോവ് സേനയുടെ ആക്രമണം പ്രതീക്ഷിച്ചിടത്തൊക്കെ വിപ്ലവകമ്മിറ്റികളും ആസ്ഥാനങ്ങളും സ്ഥാപിക്കപ്പെട്ടു.
ഈ സമയത്താണ്, വിരണ്ടുപോയ കെരൻസ്‌കിയടക്കമുള്ള സോഷ്യലിസ്റ്റ് റവലൂഷണറികളും മെൻഷെവിക്കുകളും ബോൾഷെവിക്കുകളോട് അഭയത്തിനായി അപേക്ഷിച്ചത്. പെട്രോഗ്രാഡിൽ കോർണിലോവിനെ പരാജയപ്പെടുത്താൻ ബോൾഷെവിക്കുകൾക്കേ കഴിയൂ എന്നവർക്കറിയാമായിരുന്നു. കോർണിലോവിന്റെ ആക്രമണങ്ങളെ ചെറുക്കാൻ തയ്യാറെടുക്കുന്നതോടൊപ്പം കെരൻസ്‌കി ഗവണ്മെന്റിനെയും മെൻഷെവിക്കുകളെയും സോഷ്യലിസ്റ്റ് റവലൂഷണറികളെയും തുറന്നുകാട്ടാനും ബോൾഷെവിക്കുകൾ ഉപേക്ഷ കാണിച്ചില്ല. സർക്കാരിന്റെ മുഴുവൻ നയങ്ങളും പ്രവർത്തനങ്ങളും യഥാർത്ഥത്തിൽ കോർണിലോവിന്റെ പ്രതിവിപ്ലവ ഗൂഢാലോചനകളെ സഹായിക്കുന്നതാണെന്ന് ബോൾഷെവിക്കുകൾ വ്യക്തമാക്കി.
ഈ ഘടകങ്ങളെല്ലാം ചേർന്നപ്പോൾ കോർണിലോവിന്റെ സൈന്യത്തിൽനിന്നുള്ള ആക്രമണത്തെ ചെറുക്കാനായി. കോർണിലോവിന്റെ പരാജയം ജനങ്ങൾക്ക് ചില സുപ്രധാന കാര്യങ്ങൾ വെളിവാക്കിക്കൊടുത്തു. വിപ്ലവകാരികൾ പ്രതിവിപ്ലവകാരികളേക്കാൾ ശക്തരാണ് എന്നതാണ് ഒന്നാമത്തെ കാര്യം. ഭാവി നിർണ്ണയിക്കുന്നതിൽ ബോൾഷെവിക് പാർട്ടിയുടെ ഉദയം നിർണ്ണായകമാണ് എന്നതാണ് രണ്ടാമത് വ്യക്തമായ വസ്തുത. മൂന്നാമത്തെകാര്യം, ദുർബലമായി എന്ന് കരുതിയ സോവിയറ്റുകൾക്ക് ചെറുത്തുനില്പിനുള്ള വിപ്ലവകരമായ കരുത്തുണ്ട് എന്നതാണ്. കോർണിലോവിന്റെ സൈന്യത്തെ ചെറുത്ത് പരാജയപ്പെടുത്തിയത് ജനങ്ങളുടെ വിപ്ലവ സമിതികളായ സോവിയറ്റുകളായിരുന്നു എന്നത് സംശയാതീതമായി തെളിയിക്കപ്പെടുകയും ചെയ്തു.

കോർണിലോവുമായുള്ള ഏറ്റുമുട്ടൽ തളർന്നിരുന്ന സോവിയറ്റുകൾക്ക് പുതുജീവൻ നൽകി. ഈ യുദ്ധം അവയെ വിപ്ലവപോരാട്ടങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു. നിശ്ചയദാർഢ്യത്തിന്റെ അഭാവം വെടിഞ്ഞ് അവ ബോൾഷെവിക്കുകളോട് കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിക്കാൻ തുടങ്ങി. സോവിയറ്റുകൾക്കുമേലുള്ള ബോൾഷെവിക്കുകളുടെ സ്വാധീനം വർദ്ധിച്ചു. നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും അവർ ഗണ്യമായ സ്വാധീനം നേടി. ദരിദ്ര, ഇടത്തരം കർഷകരും ബോൾഷെവിക് പാർട്ടിയിലേയ്ക്ക് ആകൃഷ്ടരായി. 1917 സെപ്തംബർ-ഒക്‌ടോബർ മാസമായപ്പോഴേയ്ക്കും കർഷകർ ഭൂവുടമകളിൽനിന്ന് വൻതോതിൽ ഭൂമി പിടിച്ചെടുത്തുകഴിഞ്ഞിരുന്നു. വിപ്ലവ സ്വപ്നങ്ങൾ മനസ്സിൽ താലോലിച്ചിരുന്ന അവരെ ഒരു തരത്തിലും അമർച്ച ചെയ്യാൻ കഴിയില്ല എന്ന സ്ഥിതിയായി. വിപ്ലവത്തിന്റെ തിരകൾ ആഞ്ഞടിക്കാൻ തുടങ്ങിക്കഴിഞ്ഞു.
ആ സമയത്തുതന്നെ മറ്റൊരു വഴിത്തിരിവുമുണ്ടായി. സോവിയറ്റുകളിൽ ബോൾഷെവിക്കുകൾ ഭൂരിപക്ഷം നേടാൻ തുടങ്ങി. അതോടെ, എല്ലാ അധികാരങ്ങളും സോവിയറ്റുകൾക്ക് എന്ന മുദ്രാവാക്യം വീണ്ടും മുഴങ്ങാൻ തുടങ്ങി. താത്കാലിക ഗവണ്മെന്റിനെ പുറത്താക്കി അധികാരമെല്ലാം ബോൾഷെവിക്കുകൾക്ക് ഭൂരിപക്ഷമുള്ള സോവിയറ്റുകൾക്ക് കൈമാറുക എന്നതായിരുന്നു ആ മുദ്രാവാക്യത്തിന്റെ ഉന്നം.
അനുരഞ്ജന നിലപാടെടുത്ത പാർട്ടികൾ പിളർപ്പിനെ അഭിമുഖീകരിക്കുന്ന സ്ഥിതിയും സംജാതമായി. നല്ലൊരു പങ്ക് മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവലൂഷണറികളും ബോൾഷെവിക് പാർട്ടിയിൽ ചേർന്നു.

കോർണിലോവിന്റെ പരാജയത്തിനുശേഷം ഈ പാർട്ടികൾ വിപ്ലവമുന്നേറ്റം തടയാൻ മറ്റൊരു ശ്രമംകൂടി നടത്തി. ചാഞ്ചാടി നിൽക്കുന്ന സോവിയറ്റുകളെയും സന്ധിമനോഭാവം പുലർത്തിയ ട്രേഡ്‌യൂണിയനുകളെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് 1917 സെപ്തംബർ 12ന് അവർ ഒരു ആൾ റഷ്യൻ ഡെമോക്രാറ്റിക് കോൺഫറൻസ് നടത്തി. പാർലമെന്ററി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു കമ്മിറ്റിക്ക് ഈ കോൺഫറൻസ് രൂപംനൽകി. ഈ കമ്മിറ്റി ബഹിഷ്‌കരിക്കാൻ ബോൾഷെവിക് പാർട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എന്നാൽ കാമനേവ്, സിനവീവ് തുടങ്ങിയവർ അതിൽ പങ്കെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. മെൻഷെവിക്കുകളുടെ അഭിലാഷമാണ് അവർ പേറിയത്. എന്നാൽ ഇത് ബൂർഷ്വാ പാർലമെന്റിൽ ജനങ്ങൾക്ക് വ്യാമോഹമുണ്ടാക്കുവാനും വിപ്ലവതാല്പര്യങ്ങൾ ബലികഴിക്കാനുമേ ഉപകരിക്കൂവെന്ന് ലെനിൻ വാദിച്ചു.

ബോൾഷെവിക്കുകൾ സായുധ കലാപത്തിനുള്ള തയ്യാറെടുപ്പുകൾ തുടർന്നു. വിപ്ലവസമയത്ത് സൈനിക യൂണിറ്റുകൾ, റെഡ് ഗാർഡ് സംഘങ്ങൾ, നേവിയിലെ വിപ്ലവവിഭാഗം എന്നിവയൊക്കെ എവിടെ, എങ്ങനെ നിലയുറപ്പിക്കണമെന്ന് വ്യക്തമാക്കുന്ന വിശദവും സമഗ്രവുമായ ഒരു പദ്ധതി ലെനിൻ തയ്യാറാക്കി.
ഒക്‌ടോബർ 7ന് അതീവ രഹസ്യമായി ലെനിൻ പെട്രോഗ്രാഡിലെത്തി. ഒക്‌ടോബർ പത്തിന് ബോൾഷെവിക് പാർട്ടിയുടെ ചരിത്രപ്രധാനമായ ഒരു കേന്ദ്രകമ്മിറ്റി യോഗം നടന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ സായുധ വിപ്ലവം ആരംഭിക്കാനുള്ള പദ്ധതി ഈ യോഗം അംഗീകരിച്ചു. ഐതിഹാസികമായ ഈ തീരുമാനത്തെ രണ്ടുപേർ, കാമനേവും സിനവീവും എതിർത്തു. മെൻഷെവിക്കുകളെപ്പോലെ അവരും പാർലമെന്ററി റിപ്പബ്ലിക് ആണ് സ്വപ്നം കണ്ടത്. സോഷ്യലിസ്റ്റ് വിപ്ലവം നടത്താനുള്ള ശേഷി തൊഴിലാളിവർഗ്ഗത്തിനുണ്ടെന്ന് അവർ വിശ്വസിച്ചില്ല. ട്രോട്‌സ്‌കിയാകട്ടെ, വിപ്ലവം ആരംഭിക്കാനുള്ള തീയതി കുറച്ചുകൂടി നീട്ടിവച്ച്, രണ്ടാം കോൺഗ്രസ്സിനുശേഷമാക്കണമെന്ന് ആവശ്യപ്പെട്ടു.
ബോൾഷെവിക് പാർട്ടി കേന്ദ്രകമ്മിറ്റി വൊറോഷിലോവ്, മൊളോട്ടോവ്, ദെർഷിൻസ്‌കി, ഒർജോണിക്‌സെ, കീറോവ്, കഗനോവിച്ച് തുടങ്ങിയവരെ വിപ്ലവത്തിന് നേതൃത്വം നൽകാനായി തെക്കുപടിഞ്ഞാറൻ മേഖലയടക്കം രാജ്യത്തിന്റെ വിവിധ പ്രോവിൻസുകളിലേയ്ക്ക് അയച്ചു. പെട്രോഗ്രാഡിൽ വിപ്ലവം തുടങ്ങുന്നതോടൊപ്പംതന്നെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിപ്ലവം ആരംഭിക്കണം എന്നതായിരുന്നു കാഴ്ചപ്പാട്. കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെട്രോഗ്രാഡ് സോവിയറ്റിന്റെ ഒരു വിപ്ലവസൈനിക കമ്മിറ്റി രൂപീകരിക്കപ്പെട്ടു. രാജ്യത്താകെ നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളുടെ ആസ്ഥാനമായി അത് പ്രവർത്തിച്ചു.
ഒക്‌ടോബർ 16ന് കേന്ദ്രകമ്മിറ്റിയുടെ വിപുലീകൃത യോഗം ചേർന്നു. സ്റ്റാലിന്റെ നേതൃത്വത്തിൽ വിപ്ലവത്തിന് നേതൃത്വം നൽകാൻ ഒരു കോർ കമ്മിറ്റിക്ക് ഈ യോഗം രൂപംനൽകി. പെട്രോഗ്രാഡ് സോവിയറ്റിന്റെ വിപ്ലവസൈനിക കമ്മിറ്റിയുടെ പ്രവർത്തനമടക്കം മുഴുവൻ വിപ്ലവപ്രവർത്തനങ്ങളുടെയും നേതൃത്വം ഈ കോർ കമ്മിറ്റിയായിരുന്നു. ഒക്‌ടോബർ 16 ന്റെ മീറ്റിംഗിലും കാമനേവും സിനവീവും വിപ്ലവം തുടങ്ങുന്നതിനെ എതിർക്കുകയും കമ്മിറ്റി തീരുമാനം പത്രങ്ങൾക്ക് ചോർത്തിക്കൊടുക്കുകയും ചെയ്തു.
ഈ വഞ്ചകരുടെ നടപടിയുടെ ഫലമായി പ്രതിവിപ്ലവശക്തികൾ ആക്രമണത്തിന് പദ്ധതി തയ്യാറാക്കി. ഒക്‌ടോബർ 19ന് താത്കാലിക ഗവണ്മെന്റ് യുദ്ധമുന്നണിയിൽനിന്ന് സൈന്യത്തെ പിൻവലിച്ച് പെട്രോഗ്രാഡിൽ വിന്യസിച്ചു. നിരത്തുകളിൽ സൈനിക നിരീക്ഷണം ശക്തമാക്കി. സ്‌മോൾനിയിലെ ബോൾഷെവിക് പാർട്ടി ആസ്ഥാനം ആക്രമിച്ച് പിടിച്ചെടുക്കുകയായിരുന്നു സൈന്യത്തിന്റെ പദ്ധതി.

പെട്രോഗ്രാഡ് സോവിയറ്റിന്റെ ഒരു മീറ്റിംഗിൽ വിപ്ലവം ആരംഭിക്കുന്ന തീയതി ട്രോട്‌സ്‌കി പരസ്യപ്പെടുത്തി. അതിനാൽ വിപ്ലവം നിശ്ചയിച്ചതിനേക്കാൾ നേരത്തെ തുടങ്ങാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. രണ്ടാം പാർട്ടികോൺഗ്രസ്സിന് തലേന്ന് സായുധ വിപ്ലവം ആരംഭിക്കാൻ തീരുമാനിച്ചു.

ലോകത്തെ പിടിച്ചുകുലുക്കിയ ദിനങ്ങൾ

ഒക്‌ടോബർ 24 (നവംബർ 6) ന്, പാർട്ടിയുടെ കേന്ദ്ര മുഖപത്രമായ റബോച്ചി പുത് (തൊഴിലാളി പാത) ന്റെ പ്രസിദ്ധീകരണം തടയുന്നതിനും പ്രസ്സ് അടച്ചുപൂട്ടുന്നതിനുമായി കെരൻസ്‌കി ഗവണ്മെന്റ് വെളുപ്പാൻകാലത്ത് എഡിറ്റോറിയൽ ഓഫീസിനും പ്രസിനും ചുറ്റും സൈന്യത്തെ വിന്യസിച്ചു. എന്നാൽ, മഹാനായ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം റെഡ്ഗാർഡുകളും ചുവപ്പുസേനയും ആ ശ്രമം പരാജയപ്പെടുത്തി. അന്ന് രാവിലെ 11 മണിക്ക് മുഖപത്രം ഇറങ്ങിയത് താത്കാലിക ഗവണ്മെന്റിനെ തൂത്തെറിയുക എന്ന ആഹ്വാനവുമായാണ്. അതോടൊപ്പംതന്നെ, പാർട്ടി കോർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വിപ്ലവസേനയും റെഡ്ഗാർഡുകളും സ്‌മോൾനിയിലേയ്ക്ക് നീങ്ങി. വിപ്ലവം ആരംഭിച്ചു. അന്ന് രാത്രി മഹാനായ ലെനിൻ സ്‌മോൾനിയിലെത്തുകയും വിപ്ലവത്തിന് തേതൃത്വം നൽകുകയും ചെയ്തു. രാത്രി മുഴുവൻ വിപ്ലവസേന സ്‌മോൾനിയിൽ തമ്പടിച്ചു. വിന്റർ പാലസ് വളയാനായി അവർ നിയോഗിക്കപ്പെട്ടു. താത്കാലിക ഗവണ്മെന്റിന്റെ തലവന്മാർ അവിടെ അഭയം തേടിയിരിക്കുകയായിരുന്നു.

ഒക്‌ടോബർ 25ന് (നവംബർ 7) റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ടെലഗ്രാഫ് ഓഫീസ്, മന്ത്രിമന്ദിരങ്ങൾ, സ്റ്റേറ്റ് ബാങ്ക് എന്നിവയൊക്കെ വിപ്ലവസേന പിടിച്ചെടുത്തു. പാർലമെന്റ് പിരിച്ചുവിട്ടു. സ്‌മോൾനി വിപ്ലവത്തിന്റെ തലസ്ഥാനമായി. വിപ്ലവസേനയോടൊപ്പം പെട്രോഗ്രാഡിലെ തൊഴിലാളികളും സൈന്യത്തിലെ വിപ്ലവയൂണിറ്റുകളും ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ വീരോചിതമായ പോരാട്ടം നടത്തി. നേവിയും പിന്നിലായിരുന്നില്ല. അറോറ എന്ന യുദ്ധക്കപ്പൽ വിന്റർ പാലസിന് നേർക്ക് വെടിയുതിർത്തു. താത്കാലിക ബൂർഷ്വാ ഗവണ്മെന്റിനെ സ്ഥാനഭ്രഷ്ടമാക്കി സോവിയറ്റുകൾ ഭരണകൂടാധികാരം പിടിച്ചെടുത്തതായി ഒക്‌ടോബർ 25നുതന്നെ ബോൾഷെവിക്കുകൾ നോട്ടീസടിച്ച് പ്രചരണം നടത്തി. അന്നുരാത്രി വിപ്ലവകാരികളും വിപ്ലവസേനയും നാവികരും എല്ലാം ചേർന്ന് വിന്റർ പാലസ് ആക്രമിച്ച് താത്കാലിക ഗവണ്മെന്റിലെ അംഗങ്ങളെ അറസ്റ്റുചെയ്തു. അങ്ങനെ പെട്രോഗ്രാഡിലെ സായുധ വിപ്ലവത്തിൽ ബോൾഷെവിക്കുകൾ വിജയിച്ചു. തലസ്ഥാന നഗരിയുടെ നിയന്ത്രണം പെട്രോഗ്രാഡ് സോവിയറ്റിന്റെ കൈകളിലായി.

ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ, പട്ടാളക്കാരുടെയും നാവികരുടെയും സഹായത്തോടെ ദരിദ്ര കർഷകരുമായി സഖ്യമുണ്ടാക്കിക്കൊണ്ട് മുതലാളിവർഗ്ഗത്തിന്റെ ഭരണം അവസാനിപ്പിച്ച് സോവിയറ്റുകളുടെ അധികാരം സ്ഥാപിച്ചു. പുതിയ സ്വഭാവത്തിലുള്ള പുതിയൊരു ഭരണകൂടം- സോഷ്യലിസ്റ്റ് സോവിയറ്റ് ഭരണകൂടം സ്ഥാപിക്കപ്പെട്ടു. ഭൂപ്രഭുക്കളുടെ ഉടമസ്ഥാവകാശം എടുത്തുകളഞ്ഞ് ഭൂമി ദരിദ്ര കർഷകർക്ക് വിതരണം ചെയ്തു. മുഴുവൻ ഭൂമിയും ദേശസാൽക്കരിക്കപ്പെട്ടു. എല്ലാം പിടിച്ചടക്കിയിരുന്ന ഉടമസ്ഥന്മാരിൽനിന്ന്-മുതലാളിമാരിൽനിന്ന്, എല്ലാം പിടിച്ചെടുത്ത് പൊതുസ്വത്താക്കി. വൻകിട വ്യവസായശാലകൾ, ബാങ്കുകൾ, റെയിൽവേ, വിദേശവ്യാപാരം, വാണിജ്യം തുടങ്ങിയവയൊക്കെ ദേശസാൽക്കരിച്ച് ജനങ്ങളുടെ ഉടമസ്ഥതയിലാക്കി. യുദ്ധത്തിൽനിന്ന് പിൻവാങ്ങിയതോടെ ഒടുവിൽ സമാധാനവും കൈവന്നു. സോവിയറ്റ് യൂണിയൻ അതിന്റെ മുഴുവൻ ശേഷിയും സോഷ്യലിസ്റ്റ് വികസനത്തിനായി വിനിയോഗിക്കാൻ തുടങ്ങി.
നവംബർ വിപ്ലവം മുതലാളിത്ത വ്യവസ്ഥയെ തകർത്തു. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സ്ഥാപിച്ചു. റഷ്യയെന്ന വിശാലമായ രാജ്യത്തിന്റെ അധികാരം തൊഴിലാളിവർഗ്ഗത്തിന് കൈമാറിക്കൊണ്ട് തൊഴിലാളിവർഗ്ഗത്തെ ഭരണവർഗമാക്കിത്തീർത്തു.
മഹത്തായ നവംബർ വിപ്ലവം അങ്ങനെ നൂതനമായൊരു യുഗത്തിലേയ്ക്ക് പ്രവേശിച്ചു – സോഷ്യലിസ്റ്റ് വിപ്ലവ വിജയത്തിന്റെ യുഗം.

Share this post

scroll to top