ബലിയാടാക്കപ്പെട്ട മാരുതി തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യവ്യാപകമായി തൊഴിലാളിപ്രക്ഷോഭം

Share

2012-ൽ ഹരിയാനയിലെ മനേസറിലുള്ള മാരുതി കമ്പനിയുടെ ഫാക്ടറിയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസ്സിൽ 3 തൊഴിലാളികൾക്ക് ജീവപര്യന്തം തടവും നാലുപേർക്ക് 5 വർഷത്തെ തടവും വിധിച്ചതിൽ പ്രതിഷേധിച്ച് ഏപ്രിൽ 5 ന് തൊഴിലാളികൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ കേന്ദ്ര സമിതി ആഹ്വാനം ചെയ്തതുപ്രകാരമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഈ വിധിപ്രകാരം 117 പേരെ വെറുതെ വിടുകയും 14 പേരെ അവർ ജയിലിൽ കഴിഞ്ഞ കാലാവധി പരിഗണിച്ച് വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്.
യൂണിയനുകളെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മാരുതി കമ്പനി നിയോഗിച്ച വാടകഗൂണ്ടകളുടെ ഇടപെടലാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട് ജനറൽമാനേജർ കൊല്ലപ്പെട്ടു. ഈ സംഭവവുമായി ബന്ധമില്ലാത്ത തൊഴിലാളികളുടെ പേരിൽ കള്ളക്കേസ് ചുമത്തിയത് ഹരിയാന സർക്കാരും മാരുതി മാനേജുമെന്റും നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. ഇതിന്റെ മറവിൽ 546 ലേറെ സ്ഥിരം തൊഴിലാളികളെയും 2000 കരാർ തൊഴിലാളികളെയും പിരിച്ചുവിടുകയും 148 തൊഴിലാളികളെ കഴിഞ്ഞ നാലരവർഷം ജയിലിലടയ്ക്കുകയും ചെയ്തു.
എന്നാൽ തൊഴിലാളി സമരത്തെ അമർച്ചചെയ്യാൻ ഇതുകൊണ്ടൊന്നുമായില്ല. 2017 മാർച്ച് 16 ന് ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിച്ചു. മാർച്ച് 18 ന് ഗുഗോൺ, മനേസർ പ്ലാന്റുകളിലെ തൊഴിലാളികൾ ഒരു മണിക്കൂർ പണിമുടക്ക് നടത്തി. മാർച്ച് 23 ന് ഗുർഗോൺ വ്യവസായമേഖലയിലെ തൊഴിലാളികൾ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ശിക്ഷിക്കപ്പെട്ട തൊഴിലാളികളെ നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും തൊഴിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും നിയമയുദ്ധമടക്കം മാരുതിയിലെ തൊഴിലാളികൾ ഏറ്റെടുത്തിട്ടുള്ള സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഏപ്രിൽ 5 ന് രാജ്യവ്യാപകമായി തൊഴിലാളിറാലികൾ നടന്നത്. കേരളത്തിലും നിരവധി കേന്ദ്രങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

 

Share this post

scroll to top