കരട് ബ്രോഡ്കാസ്റ്റിങ്ങ് സർവ്വീസസ് (റെഗുലേഷന്‍) ബില്‍-2023: മാധ്യമ സെന്‍സറിങ്ങിനുള്ള രൂപരേഖ

Share

2023 നവംബർ 10ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഒടിടി(ഓവർ-ദി-ടോപ്പ്) ഉള്ളടക്കവും ഡിജിറ്റൽ വാർത്താ മാധ്യമങ്ങളും ഉൾപ്പെടുത്തുന്നതിനായി, നിലവിലുള്ള ഇന്ത്യൻ കേബിൾ നിയന്ത്രണ നിയമങ്ങളുടെ നിയന്ത്രണപരിധി വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന കരട് ബ്രോഡ്കാസ്റ്റിംഗ് സർവ്വീസസ് (റെഗുലേഷൻ) ബിൽ 2023 പുറത്തിറക്കി. 2023 ഡിസംബർ 9 വരെ, ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് ഈ കരട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്ട് 1995, നിലവിൽ രാജ്യത്തെ പ്രക്ഷേപണ മേഖലയെ നിയന്ത്രിക്കുന്ന മറ്റ് നയ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയ്ക്കു പകരമായാണ് ഈ ബിൽ വരുന്നത്. ഒരു ബ്രോഡ്കാസ്റ്റിംഗ് ശൃംഖല ഉപയോഗിച്ച്, പൊതുജനങ്ങൾക്കോ ബ്രോഡ്കാസ്റ്റിംഗ് ശൃംഖലയുടെ വരിക്കാർക്കോ, സ്വീകരിക്കാനോ ലഭ്യമാക്കാനോ ഉദ്ദേശിച്ചുള്ള ശ്രവ്യ, ദൃശ്യ അല്ലെങ്കിൽ ശ്രവ്യ-ദൃശ്യ പ്രോഗ്രാമുകളുടെ, ഒന്നിൽ നിന്ന് ഒന്നിലധികം പേരിലേക്കുള്ള സംപ്രേക്ഷണം എന്നാണ്, ബിൽ “പ്രക്ഷേപണം” അഥവാ ബ്രോഡ്കാസ്റ്റിങ്ങ് എന്നതുകൊണ്ട് നിർവചിക്കുന്നത്. ഒരേ സമയം നിരവധി ഉപയോക്താക്കൾക്ക് ഓഡിയോ-വിഷ്വൽ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏതൊരു തൽക്ഷണ സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമും അതിന്റെ സെൻസർഷിപ്പിന് കീഴിലാകും എന്നാണ് ഇതിനർത്ഥം. അതായത്, വാട്ട്സ്ആപ്പ്, ടെലിഗ്രാം മെസഞ്ചർ, സിഗ്നൽ പ്രൈവറ്റ് മെസഞ്ചർ എന്നിവ വഴി നടക്കുന്ന ഏത് സന്ദേശമയയ്ക്കലും അല്ലെങ്കിൽ ഓഡിയോകള്‍, വീഡിയോകൾ അല്ലെങ്കിൽ മറ്റ് ദൃശ്യസംവേദന കൈമാറ്റം എന്നിവയും അതില്‍ ഉൾപ്പെടുന്നു. ഇന്റർനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ സ്ട്രീമിംഗ്, അവയുടെ ഉള്ളടക്കങ്ങൾ എന്നിവ പോലും ഈ പുതിയ നിയന്ത്രണങ്ങള്‍ക്ക് കീഴിലായിരിക്കും. അതിലെ “പ്രോഗ്രാമിന്റെ” (പേജ്-6, ഡ്രാഫ്റ്റിന്റെ പാരഗ്രാഫ് (ഡിഡി)) നിർവചനം നമുക്ക് നോക്കാം. “പ്രോഗ്രാം” എന്നാൽ ഏതെങ്കിലും ശ്രവ്യ, ദൃശ്യ അല്ലെങ്കിൽ ഓഡിയോ-വിഷ്വൽ ഉള്ളടക്കം, അടയാളം, സിഗ്നലുകൾ, എഴുത്ത്, ഒരു ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് ഉപയോഗിച്ച് കൈമാറ്റം ചെയ്യപ്പെടുന്ന ചിത്രങ്ങൾ എന്നിവയും, കൂടാതെ


(എ) സിനിമകൾ, ഫീച്ചറുകൾ, നാടകങ്ങൾ, ഡോക്യുമെന്ററികൾ, പരസ്യങ്ങൾ, സീരിയലുകൾ എന്നിവയുടെ പ്രദർശനം;
(ബി) ഏതെങ്കിലും ഓഡിയോ അല്ലെങ്കിൽ വിഷ്വൽ അല്ലെങ്കിൽ ഓഡിയോ-വിഷ്വൽ തത്സമയ പ്രകടനം അല്ലെങ്കിൽ അവതരണം;


എന്നിവയും ഉള്‍പ്പെടുന്നു. കൂടാതെ ‘പ്രോഗ്രാമിംഗ് സേവനം’ എന്ന പ്രയോഗം അതനുസരിച്ച് വ്യാഖ്യാനിക്കപ്പെടും. എല്ലാത്തരം ആശയവിനിമയങ്ങളും പ്രക്ഷേപണങ്ങളും സർക്കാർ നിരീക്ഷണത്തിനു കീഴിൽ വരും എന്നാണ് ഇതിനർത്ഥം. വ്യക്തിഗത പ്രക്ഷേപകർ, യൂട്യൂബ് ചാനലുകൾ, സ്വതന്ത്ര വാർത്താ പ്രക്ഷേപകർ, സമകാലിക പരിപാടികൾ, കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരുടെ വിശകലനം എന്നിവ സർക്കാരിന്റെ അഭിപ്രായത്തിന് അനുസൃതമായി പ്രവർത്തിക്കണം. ആരെങ്കിലും സർക്കാരിനും അതിന്റെ ഏജൻസികൾക്കും രുചിക്കാത്ത എന്തെങ്കിലും പ്രക്ഷേപണം ചെയ്യുകയോ ആശയവിനിമയം നടത്തുകയോ ചെയ്താൽ അവർ പിഴശിക്ഷ നേരിടേണ്ടിവരും. സമൂഹമാധ്യമങ്ങള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും നേരെയുള്ള അസാധാരണമായ ആക്രമണമാണിത്. നിരവധി സ്വതന്ത്ര വാർത്താ ചാനലുകൾ, ഓൺലൈൻ വാർത്താ പ്രക്ഷേപകർ, യൂട്യൂബർമാർ എന്നിവർ വാർത്തകളുടെയും പരിപാടികളുടെയും മറുവശം വെളിവാക്കിക്കൊണ്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് കേന്ദ്രസർക്കാരിന് അങ്കലാപ്പുണ്ടാക്കുന്നു. ‘ഗോഡി'(കുത്തക നിയന്ത്രണത്തിലുള്ള) മാധ്യമങ്ങളോ അല്ലെങ്കിൽ സർക്കാർ വിലയ്ക്കെടുത്ത മാധ്യമങ്ങളോ ആകട്ടെ, ഈ വശം പൂർണ്ണമായും അടിച്ചമർത്തുന്നു.


ഒന്നാമതായി, പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കുന്നതായി സ്വയം സർട്ടിഫിക്കേഷൻ നടത്താന്‍ “ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ” ഉണ്ടായിരിക്കും. അതിന്റെ ഘടന കേന്ദ്രസർക്കാരാണ് നിർദ്ദേശിക്കുന്നത്. ഓരോ പ്രക്ഷേപകരും പ്രക്ഷേപണ ശൃംഖലാ ഓപ്പറേറ്ററും ഈ സമിതി സാക്ഷ്യപ്പെടുത്തിയ പരിപാടികള്‍ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ. കേബിൾ പ്രക്ഷേപണശൃംഖലാ ഓപ്പറേറ്റർമാർ, ഉപഗ്രഹ പ്രക്ഷേപണശൃംഖലാ ഓപ്പറേറ്റർമാർ, ഐപിടിവി ശൃംഖലാ ഓപ്പറേറ്റർമാർ, തങ്ങളുടെ ശൃംഖലയില്‍ പ്ലാറ്റ്ഫോം സേവനങ്ങൾ നൽകുന്ന ഓപ്പറേറ്റർമാർ എന്നിവരുടെ കാര്യത്തിലും ഇത് ബാധകമാണ്.


രണ്ടാമതായി, സ്വയം നിയന്ത്രണത്തിനും “പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കുന്നതിനെക്കുറിച്ചും ലംഘനങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിനെ ഉപദേശിക്കുന്നതിന് “കേന്ദ്രസർക്കാർ ഒരു പ്രക്ഷേപണ ഉപദേശക സമിതി അഥവാ ബ്രോഡ്കാസ്റ്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കും. അവർക്ക് പ്രക്ഷേപണ ശൃംഖലകളുടെയും സേവനങ്ങളുടെയും ഉപകരണങ്ങൾ പരിശോധിക്കാനും തടസ്സപ്പെടുത്താനും നിരീക്ഷിക്കാനും പിടിച്ചെടുക്കാനും കഴിയും. മാധ്യമം, വിനോദം, പ്രക്ഷേപണം, തുടങ്ങിയ പ്രസക്തമായ മേഖലകളില്‍ ഇരുപത്തിയഞ്ച് വർഷത്തിൽ കുറയാത്ത അനുഭവപരിചയമുള്ള ഒരു പ്രമുഖ സ്വതന്ത്ര വ്യക്തിയായിരിക്കണം ഈ കൗൺസിലിന്റെ ചെയർമാൻ. ചെയർമാന്റെയും അതിലെ അംഗങ്ങളുടെയും നിയമനങ്ങൾ കേന്ദ്രസർക്കാർ നടത്തുകയും അവരുടെ സേവന നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുകയും ചെയ്യും. കൗൺസിൽ സർക്കാരിന്റെ തത്തയാകുമെന്നർത്ഥം. അതായത്, കൗൺസിലിന്റെ പൂർണ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കൈയിലായിരിക്കും. യാതൊരു മുന്നറിയിപ്പും കൂടാതെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും ഏതൊരു മാധ്യമപ്രവർത്തകരുടെയും വീട്ടിൽ പോലീസിന് എങ്ങനെ റെയ്ഡ് ചെയ്യാൻ കഴിയുമെന്ന് അടുത്തിടെ നമ്മൾ കണ്ടതാണ്.


മൂന്നാമതായി, ബില്ലിന്റെ 33-ാം വകുപ്പിന് കീഴിൽ, ഓപ്പറേറ്റർമാർക്കും പ്രക്ഷേപകർക്കും ഉപദേശം, മുന്നറിയിപ്പ്, ശാസന അതല്ലെങ്കിൽ പണപ്പിഴകൾ എന്നിവ ചുമത്തുന്നതിനായി ഒരു “ശിക്ഷാഘടന” ഉണ്ടായിരിക്കും. ഈ നിയമത്തിലെ വ്യവസ്ഥകൾ, ചട്ടങ്ങൾ, അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശ കോഡുകൾ എന്നിവ ലംഘിക്കുന്ന ഏതൊരാൾക്കും, ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, ഒരു കാലയളവിലേക്കുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കും. പ്രക്ഷേപണ സ്ഥാപനത്തിന്റെ ഡയറക്ടർ, മാനേജർ, സെക്രട്ടറി അല്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ആ കുറ്റം ചെയ്തതായി കണക്കാക്കും. ന്യായവും നീതിയും ഉറപ്പാക്കുന്നതിനായി സ്ഥാപനത്തിന്റെ നിക്ഷേപവും വിറ്റുവരവും കണക്കിലെടുത്ത്, അവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള പിഴയാകും ചുമത്തുക.


ബില്ലിലെ 35-ാം വകുപ്പ് പ്രകാരം, ഒരു പരിപാടിയോ പരസ്യമോ ഒഴിവാക്കാനോ പരിഷ്ക്കരിക്കാനോ കേന്ദ്രസർക്കാരിന് പ്രക്ഷേപകരോട് ആവശ്യപ്പെടാം. ഒരു നിശ്ചിത എണ്ണം മണിക്കൂറുകളോ ദിവസങ്ങളോ ഒരു ചാനലിനെ ഓഫ്-എയർ ചെയ്യാൻ, അതായത് സംപ്രേഷണം നിർത്തിവെയ്ക്കാന്‍ ഇതിലൂടെ നിർദ്ദേശിക്കാനാകും. സർക്കാർ വ്യക്തമാക്കുന്ന തീയതിയിലും സമയത്തും ഒരു ക്ഷമാപണ സ്ക്രോൾ പ്രദർശിപ്പിക്കാനും അവർക്ക് നിർദ്ദേശം നൽകാം. ഏതെങ്കിലും കേബിൾ പ്രക്ഷേപണശൃംഖല ഓപ്പറേറ്റർ, റേഡിയോ പ്രക്ഷേപണശൃംഖല ഓപ്പറേറ്റർ, ഭൂതല പ്രക്ഷേപണശൃംഖലാ ഓപ്പറേറ്റർ, ഐപിടിവി പ്രക്ഷേപണശൃംഖല ഓപ്പറേറ്റർ എന്നിവരുടെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് നിരോധിക്കാൻ ബില്ലിന്റെ 36-ാം വകുപ്പ് കേന്ദ്രസർക്കാരിന് അധികാരം നൽകുന്നു. പൊതുതാൽപ്പര്യത്തിന്റെ പേരിൽ ഒരു പ്രത്യേക പ്രദേശത്ത് പ്രക്ഷേപണം ചെയ്യുന്നത് സർക്കാരിന് നിരോധിക്കാം. കരട് ബില്ലിലെ 36(2)-ാം വകുപ്പ്, കാടടച്ചുള്ള സെൻസർഷിപ്പിന്റെ കാര്യത്തില്‍ അഗ്രഗണ്യനായി വരും. പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമോ ഉചിതമോ ആണെന്ന് തോന്നുകയാണെങ്കിൽ, വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിൽ ഏതെങ്കിലും പ്രക്ഷേപണ സേവനങ്ങളുടെയോ പ്രക്ഷേപണശൃംഖലാ ഓപ്പറേറ്റർമാരുടെയോ പ്രവർത്തനം നിരോധിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ സ്വയം നൽകുന്നു. മുമ്പ് ചില ടിവി ചാനലുകളോട് ചില പരിപാടികൾ ബ്ലാക്ക് ഔട്ട് ചെയ്യാനും സംപ്രേക്ഷണം ചെയ്യാതിരിക്കാനും ആവശ്യപ്പെട്ട ഇത്തരം സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. “ജനാധിപത്യത്തിന്റെ മാതാവ്” എന്ന് പലപ്പോഴും ഭരണാധികാരികൾ അവകാശപ്പെടുന്ന രാജ്യത്താണ് ഇത് സംഭവിക്കാൻ പോകുന്നത്.
ഈ കരട് ബില്ലിൽ ഉള്ളടക്ക വർഗ്ഗീകരണത്തിന് മറ്റൊരു വ്യവസ്ഥയുണ്ട്. അതായത് “ഉള്ളടക്കം, പ്രമേയം, ഭാവം, ആഘാതം, അത്തരം ഉള്ളടക്കത്തിന്റെ ഉദ്ദിഷ്ട പ്രേക്ഷകർ” എന്നിവയെ അടിസ്ഥാനമാക്കി പ്രക്ഷേപകർക്ക് അവരുടെ പരിപാടികളെ തരംതിരിക്കുന്നതിന് കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചേക്കാം. മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള പ്രസക്തമായ ഉള്ളടക്ക വിവരണങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അത്തരം വിഭാഗങ്ങൾക്ക് അനുസൃതമായ പ്രായപരിധികള്‍ പ്ലാറ്റ്ഫോമുകൾ നിശ്ചയിക്കുന്നതും ആവശ്യമായി വന്നേക്കാം. ഉള്ളടക്ക വർഗ്ഗീകരണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിയന്ത്രിത കാഴ്ചയ്ക്ക് അനുയോജ്യമെന്ന് തരംതിരിച്ചിരിക്കുന്ന പരിപാടികളെ സംബന്ധിച്ച ലഭ്യതാ നിയന്ത്രണ നടപടികൾ അഥവാ ആക്സസ് കണ്‍ട്രോള്‍ പ്രക്ഷേപകർ ഉറപ്പാക്കേണ്ടതുണ്ട്.
ഈ ബില്ലിലെ മറ്റൊരു നിർദ്ദയ വ്യവസ്ഥ “പരിശോധനയ്ക്കുള്ള അധികാരം” ആണ്. ബില്ലിന്റെ 30-ാം വകുപ്പ് പ്രകാരം, പ്രക്ഷേപണ ശൃംഖലകളും സേവനങ്ങളും പരിശോധിക്കാൻ സർക്കാരിന് (അല്ലെങ്കിൽ അതിന്റെ ഏജൻസിക്കോ അംഗീകൃത ഉദ്യോഗസ്ഥനോ) അവകാശമുണ്ട്. അത്തരം ഒരു പരിശോധന നടത്താൻ മുൻകൂർ അനുമതി ആവശ്യമില്ല. അതുപോലെ “ഇത് സർക്കാരിന്റെ ശിക്ഷാനടപടി എന്ന ഭീഷണിയെ ഔപചാരികമാക്കാനും ഡിജിറ്റൽ മാധ്യമരംഗത്തേക്ക് അതിനെ വ്യാപിപ്പിക്കാനുമുള്ള ശ്രമമാണ്” എന്നു പറയാവുന്നതാണ്. അത്തരം ഉദ്യോഗസ്ഥർക്ക് പ്രക്ഷേപണ ശൃംഖലകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കും. അതുമാത്രമല്ല, പ്രക്ഷേപണ സേവനദാതാക്കള്‍ അവരുടെ പരിപാടികള്‍ ചോർത്തിയെടുക്കുന്നതിനോ തുടർച്ചയായി നിരീക്ഷിക്കുന്നതിനോ ഉള്ള സൗകര്യങ്ങൾ നൽകേണ്ടതുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾ നേരിട്ടതിനേക്കാൾ മോശമാണ് ഈ അവസ്ഥ. ഇന്നും ഭൂരിഭാഗം പത്രങ്ങളും ടിവി ചാനലുകളും നിയന്ത്രിക്കുന്നത് കുത്തക മുതലാളിമാരാണ്. പരസ്യങ്ങളും പത്രത്തിന്റെ പ്രിന്റ് ക്വാട്ടയും പരിമിതപ്പെടുത്തി സർക്കാർ അവരെ വരുതിയില്‍ നിർത്തുന്നു. ഈ പുതിയ ബിൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള സൗകര്യപ്രദമായ ആയുധമായിരിക്കും.
2024ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ബിൽ തിടുക്കത്തിൽ കൊണ്ടുവരുന്നത്. യൂട്യൂബ് വീഡിയോകൾ, സൗജന്യവും സ്വതന്ത്രവുമായ വാർത്താ ചാനലുകൾ, സന്ദേശമയയ്ക്കൽ ആപ്പുകൾ, ഒടിടി മാധ്യമങ്ങളില്‍ ലഭ്യമായ സാമഗ്രികള്‍ എന്നിവയൊന്നും മോദി സർക്കാരിനെ വിമർശിക്കുന്നതും അതിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതുമായ കാര്യങ്ങൾ വിതരണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ ബില്ലിലൂടെ ഏത് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിച്ചും ജനങ്ങളുടെ ജീവിതത്തിന്മേൽ മോദി സർക്കാരിന് പൂർണനിയന്ത്രണം നേടാനാകും. ഭരണകക്ഷിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായ ഉള്ളടക്കങ്ങൾ കാണാനും ആശയവിനിമയം നടത്താനും പങ്കിടാനും കൈമാറാനും മാത്രമേ ആളുകളെ അനുവദിക്കൂ. ബിബിസി ഡോക്യുമെന്ററിയെ ഇപ്പോഴത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ തടഞ്ഞത് എങ്ങനെയെന്ന് നമ്മൾ നേരത്തെ കണ്ടതാണ്.


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തിന്റെ അനിഷേധ്യനും വെല്ലുവിളിക്കാനാവാത്തതുമായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്നും, ‘അമൃത് കാലിൽ’ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് അദ്ദേഹമാണെന്നും ഒരു വമ്പിച്ച പ്രതിച്ഛായ സൃഷ്ടിക്കാൻ ഭരണകക്ഷി ആഗ്രഹിക്കുന്നു. ജനങ്ങളുടെ അഭിപ്രായങ്ങളോ പ്രതിഷേധമോ പരിഗണിക്കാതെ ഒന്നിന് പുറകെ ഒന്നായി കറുത്ത നിയമങ്ങൾ പുറപ്പെടുവിച്ച് ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും വെട്ടിച്ചുരുക്കുകയും പൗരന്മാരുടെ സ്വകാര്യതയിൽ പോലും കടന്നുകയറുകയും ചെയ്യുന്ന, ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ മുഖമുദ്രയായ, ആവിഷ്കാരസ്വാതന്ത്ര്യത്തിന് മേലുള്ള സമ്പൂർണ്ണ നിരോധനമായിരിക്കും ഇത്. അടയാളം അശുഭകരമാണ്. ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളും പത്രപ്രവർത്തകരും കൂടാതെ, സ്വതന്ത്രമായി ആശയവിനിമയം നടത്താനും അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പരിപാടികള്‍ കാണാനും അവരുടെ ആഗ്രഹത്തിനും താത്പര്യത്തിനും അനുസരിച്ച് സന്ദേശമയയ്ക്കൽ സൈറ്റുകൾ ഉപയോഗിക്കാനുമുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമായ എല്ലാ വിഭാഗം ആളുകളും ഈ ജനവിരുദ്ധ-നിർദ്ദയ ‘ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) കരട് ബില്‍ 2023’നെ എല്ലാ വിധത്തിലും എതിർക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതിന് മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Share this post

scroll to top