കുത്തകകള്‍ക്കുവേണ്ടി രാജ്യം മുടിക്കുന്ന ബിജെപി ഭരണത്തെ പുറത്താക്കുക. ജനകീയ സമരരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

437595512_292059033941111_1305134391027030965_n.jpg
Share

സുഹൃത്തെ,


പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണല്ലോ. കഴിഞ്ഞ പത്തുവര്‍ഷത്തെ ബിജെപി ഭരണം കുത്തകമുതലാളിമാര്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നു എന്ന് നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുകയാണ്. അതിരൂക്ഷമായ തൊഴിലില്ലായ്മയും ഭീമമായ വിലക്കയറ്റവും ഞെട്ടലുളവാക്കുന്ന സാമ്പത്തിക അസമത്വവുമാണ് ഈ കാലയളവുകൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അന്യമതവെറി പടര്‍ത്തി മനുഷ്യസാഹോദര്യം തകര്‍ത്തു. ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശിലകള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. മോദിയുടെ ഗ്യാരന്റി എന്ന പരസ്യവാചകമുയര്‍ത്തി രാജ്യത്തിന്റെ തകര്‍ച്ച മറയ്ക്കാനാണ് മോദിയും സംഘവും പരിശ്രമിക്കുന്നത്.


അഞ്ചാം സാമ്പത്തിക ശക്തിയായി എന്ന് ഘോഷിക്കപ്പെടുന്ന നമ്മുടെ രാജ്യം ആഗോള പട്ടിണിസൂചികയില്‍ 111-ാം സ്ഥാനത്തേക്ക് നിപതിച്ചിരിക്കുന്നു. കുത്തകകള്‍ സമാഹരിക്കുന്ന ഭീമമായ സമ്പത്തിന്റെ കണക്കിലാണ് രാജ്യത്തിന്റെ പുരോഗതി അളക്കുന്നത്. കോടിക്കണക്കിന് സാധാരണക്കാര്‍ വരുമാനത്തകര്‍ച്ചയും ദാരിദ്ര്യവുംമൂലം പിടയുകയാണ്. ഒന്നാംസ്ഥാനം ലക്ഷ്യമാക്കി അദാനിയും അംബാനിയും മോദിയുടെ ആശീര്‍വാദത്തോടെ കുതിക്കുകയാണ്. പ്രത്യുപകാരം എന്നനിലയില്‍ ഇലക്ടറല്‍ ബോണ്ടുവഴിയും അല്ലാതെയും കോടാനുകോടികളാണ് മുതലാളിമാര്‍ കൈമാറുന്നത്. പത്തുവര്‍ഷംകൊണ്ട് ഖജനാവില്‍നിന്ന് ഇളവുകളും ആനുകൂല്യങ്ങളും വഴിമാത്രം മുതലാളിമാരുടെ കീശയിലേക്ക് ഒഴുകിയത് പതിനൊന്നര ലക്ഷം കോടിരൂപയാണ്. വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെ എത്ര കോടി ഒഴുകിയെന്നതിന് കണക്കില്ല.


പാപ്പരാക്കപ്പെടുന്ന സാധാരണക്കാരൻ


2014ല്‍ ഒരു പാചകവാതക സിലിണ്ടറിന്റെ വില 400 രൂപയും ഒരു ലിറ്റര്‍ പെട്രോളിന് 60 രൂപയുമായിരുന്നത് 2024ല്‍ യഥാക്രമം 1000 രൂപയും 110 രൂപയുമായി ഉയർന്നിരിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന നികുതിനിരക്കിലുള്ള ജിഎസ്‌ടിയിലൂടെ രാജ്യത്തെ സാധാരണക്കാരനില്‍നിന്ന് പ്രതിവര്‍ഷം കൊള്ളയടിക്കുന്നത് 18 ലക്ഷംകോടി രൂപയാണ്.
രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം തൊഴിലില്ലായ്മയാണ്. 2023 ജൂലൈയില്‍ തൊഴിലില്ലായ്മയുടെ നിരക്ക് 7.95 ശതമാനമാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. രാജ്യത്ത് 37% പേര്‍, അതായത് 45 കോടി പേര്‍ തൊഴില്‍ തേടി രാജ്യം മുഴുവന്‍ അലയുന്ന കുടിയേറ്റത്തൊഴിലാളികളാണ്. നികത്തപ്പെടാത്ത ഒഴിവുകള്‍ റെയില്‍വേയില്‍ മാത്രം മൂന്നുലക്ഷമാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അത് ആറര ലക്ഷമാണ്. ജോലിതേടി രാജ്യംവിടുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ എണ്ണം നാട് നേരിടുന്ന തൊഴിലില്ലായ്മയുടെ നേര്‍സാക്ഷ്യമാണ്.
തൊഴിലവകാശങ്ങളുടെ പട്ടടയായി രാജ്യം മാറി. രാഷ്ട്രത്തിന്റെ ആസ്തികളും പൊതുമേഖലാസ്ഥാപനങ്ങളും വിഭവങ്ങളും സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതുന്നു, ദേശീയ വിദ്യാഭ്യാസനയം എന്ന പേരില്‍ നയമാവിഷ്‌ക്കരിച്ച് ജനങ്ങളുടെ ശാസ്ത്ര-യുക്തിബോധത്തെ കെടുത്തുന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഞെട്ടലുളവാക്കുംവിധം വര്‍ദ്ധിക്കുന്നു. ഉന്നാവയും കത്വയും ഹത്രാസും സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന ഭയാനകമായ അരക്ഷിതാവസ്ഥയുടെ പ്രതീകങ്ങളാണ്. എങ്കിലും നാരീ സുരക്ഷ എന്ന് പെരുമ്പറ മുഴക്കാന്‍ പ്രധാനമന്ത്രിക്ക് ലജ്ജയേതുമില്ല.


ഇന്ത്യയുടെ ഭാവിദിനങ്ങള്‍ ഇരുളുനിറഞ്ഞതാക്കുന്ന ജനാധിപത്യ ധ്വംസനങ്ങളും വര്‍ഗ്ഗീയ ധ്രുവീകരണവും അന്യമതവിദ്വേഷവും ആസൂത്രിതമായി സൃഷ്ടിക്കുകയാണ് ബിജെപിയും അവരുടെ സര്‍ക്കാരും. സംഘപരിവാറിന്റെ വ്യാഖ്യാനങ്ങളെ ചരിത്രപാഠങ്ങളാക്കി മാറ്റുന്നു. ശാസ്ത്രലോകത്തിനുമുമ്പില്‍ പരിഹസിക്കപ്പെടുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ അധഃപതിപ്പിച്ചു. യുക്തിബോധവും ശാസ്ത്രീയ മനോഭാവവും ചോര്‍ത്തപ്പെട്ട ഒരുതലമുറയെത്തന്നെ സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് നയിക്കുന്നു. ജനങ്ങളുടെ ഐക്യത്തെ തകര്‍ത്തുകൊണ്ട്, നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ക്കുമേല്‍ അനിവാര്യമായും ഉയരുന്ന പ്രക്ഷോഭങ്ങളെ നേരിടുക എന്ന ഭരണവര്‍ഗ്ഗ അജണ്ടയും സമര്‍ത്ഥമായി നിറവേറ്റപ്പെടുന്നു.


കോർപ്പറേറ്റുകൾക്ക് പിന്നാലെ പായുന്ന ഭരണപക്ഷ പ്രസ്ഥാനങ്ങൾ


മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളും ഉദാരവല്‍ക്കരണ നടപടികളും അണുവിട വ്യത്യാസമില്ലാതെ നടപ്പാക്കുകയാണ് സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം. സ്വകാര്യമൂലധന നിക്ഷേപത്തെ കുടിയിരുത്തുന്നതിനായി എന്തിനുംതയ്യാറാണ് പിണറായി വാഴ്ച. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് അതിലൊന്നുമാത്രം. യൂസഫലി ആണ് ബ്രാന്‍ഡ് അംബാസിഡര്‍. അദാനി തന്നെയാണ് ഉറ്റചങ്ങാതി. കരാര്‍ നിയമനം നടപ്പാക്കാന്‍ സ്വിഫ്റ്റ് എന്നൊരു പുതിയ കമ്പനി തന്നെ കെഎസ്‌ആർടിസിക്കുള്ളില്‍ സൃഷ്ടിച്ചു. രാജ്യത്തെ ഒരു സംസ്ഥാനവും നടപ്പാക്കാന്‍ മുതിരാത്ത തൊഴിലാളി വിരുദ്ധമായ ഈ നീചമാതൃക നടപ്പാക്കാന്‍ സംസ്ഥാനത്തെ സിപിഐ(എം) സര്‍ക്കാരിന് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. വായ്പാധിഷ്ഠിത വികസനമെന്ന ആഗോളമുതലാളിമാരുടെ കെണിയിലേക്ക് കേരളത്തിലെ ജനങ്ങളെ എറിഞ്ഞുകൊടുത്തു. വികസനത്തിനെന്നപേരിലെടുത്ത വായ്പകളുടെ ബാധ്യതകള്‍ കുമിഞ്ഞുകൂടിയിട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും ശമ്പളം നല്‍കാനാകാത്ത സ്ഥിതിയിലെത്തി കേരളം. ക്ഷേമപെന്‍ഷനുകളും ഉച്ചക്കഞ്ഞിയും എന്നേമുടങ്ങി. ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യകള്‍ തുടരുകയാണ്. രാജാവിനെ വെല്ലുന്ന രാജഭക്തിയോടെയാണ് കേന്ദ്രനയങ്ങള്‍ നടപ്പിലാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020, വൈദ്യുതിമേഖലയുടെയും ആരോഗ്യമേഖലയുടെയും സ്വകാര്യവത്ക്കരണവും അവയില്‍ ചിലവ മാത്രം. അഴിമതി സര്‍വസീമകളും ലംഘിച്ചുമുന്നേറുന്നു. മുഖ്യമന്ത്രിതന്നെ സംശയത്തിനിടയില്ലാത്തവിധം പ്രതിക്കൂട്ടിലായിരിക്കുന്നു.


മുതലാളിമാരുടെ വിശ്വസ്തകാര്യസ്ഥന്മാരെന്ന നിലയില്‍ കോണ്‍ഗ്രസ്സ് തുടങ്ങിവച്ച നയങ്ങളുടെ തീവ്രരൂപമാണ് ബിജെപി നടപ്പാക്കുന്നത്. അതിനാല്‍ രാജ്യമനുഭവിക്കുന്ന ദുരിതങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ്സിനും അവര്‍ നയിക്കുന്ന യുഡിഎഫിനും ആവില്ല. അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ തീവ്രനയങ്ങളുടെ അടുത്തഘട്ടമായിരിക്കും ഇക്കൂട്ടരും നടപ്പാക്കുക.


ജനകീയ സമരരാഷ്ട്രീയമാണ് ബദൽ


ബിജെപിക്കെതിരായ ചേരിയെന്ന നിലയില്‍ ഒരു തിരഞ്ഞെടുപ്പ് മുന്നണി ഇന്‍ഡ്യ എന്ന പേരില്‍ ഭാഗികമായി നിലവില്‍വന്നിട്ടുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലല്ലാതെ, ബിജെപിയുടെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരായ തത്വാധിഷ്ഠിതമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാടും അതിന്റെയടിസ്ഥാനത്തിലുള്ള പ്രക്ഷോഭവും എന്നൊരു പരിഗണന പ്രതിപക്ഷസംഘത്തിനില്ല. അത്തരമൊരു പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം ഇടതുപക്ഷ പ്രസ്ഥാനങ്ങൾപോലും ഉയർത്തുന്നില്ല. നിർഭാഗ്യകരമെന്നുപറയട്ടെ, പ്രതിപക്ഷനിരയിലെ കക്ഷികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രനയങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കി, മോദിസര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് അളവറ്റ ഹാനി വരുത്തുകയുംചെയ്തു. കേന്ദ്രത്തിനെതിരായ പ്രതിപക്ഷകക്ഷികളുടെ പ്രസ്താവനകള്‍ വിശ്വാസ്യത തരിമ്പുമില്ലാത്ത വാചകമടികളായി മാറി.
കേന്ദ്രസര്‍ക്കാരിന്റെ അത്യാപല്‍ക്കരമായ നയങ്ങളെ പരാജയപ്പെടുത്താൻ ദൃഢനിശ്ചയംചെയ്ത ഒരു പ്രക്ഷോഭം പടിപടിയായി വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, രാജ്യത്ത് ഉന്നതമായ ജനാധിപത്യരാഷ്ട്രീയത്തിന്റെ ഉദയമുണ്ടാകുമായിരുന്നു. ബിജെപിയുടെ നയങ്ങളെ മാനദണ്ഡമാക്കിക്കൊണ്ടുള്ള ഒരു വിധിയെഴുത്തിനായി ജനങ്ങളെ തയ്യാറെടുപ്പിക്കാനും സാധിക്കുമായിരുന്നു. ജനങ്ങളുടെ ഐക്യവും സാഹോദര്യവും കൂടുതല്‍ ശക്തിപ്പെടുമായിരുന്നു. അത്തരമൊരു പ്രക്ഷോഭം സൃഷ്ടിക്കുന്ന ജനാധിപത്യഅന്തരീക്ഷത്തില്‍ ഫാസിസ്റ്റ് മനോഘടന പടര്‍ത്താനോ സഹോദരഹത്യയുടെയും അന്യമതവെറിയുടെയും ഹീനരാഷ്ട്രീയം അവലംബിക്കാനോ ബിജെപിക്ക് ആകുമായിരുന്നില്ല. രാജ്യം കേഴുന്നത് ഇത്തരമൊരു പ്രക്ഷോഭത്തിനുവേണ്ടിയാണ്.


ജനങ്ങൾ അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഗൗരവം കണികപോലും ഉള്‍ക്കൊള്ളാതെ, പാര്‍ലമെന്ററി സൗഭാഗ്യങ്ങള്‍ക്കുവേണ്ടിയുള്ള സങ്കുചിതമായ രാഷ്ട്രീയലക്ഷ്യവുമായി നീങ്ങുകയാണ് ഇടതെന്ന ലേബലുള്ളവരുള്‍പ്പടെയുള്ള പ്രതിപക്ഷസംഘം. ഈ സാഹചര്യത്തില്‍ നാം പ്രാണനുതുല്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനകീയപ്രക്ഷോഭത്തിന്റെ രാഷ്ട്രീയമായിരിക്കണം. അധികാരത്തിന്റെ കനിവുകൊണ്ടല്ല, പ്രക്ഷോഭത്തിന്റെ കരുത്തുകൊണ്ടാണ് ജനങ്ങള്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നത്. ഓരോ സര്‍ക്കാരും, ഏത് പാര്‍ട്ടി നയിക്കുന്നതായാലും ജനവിരുദ്ധ നയങ്ങളുടെ കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ നേര്‍തുടര്‍ച്ചയാണ് എന്നതാണ് കഴിഞ്ഞ പതിനേഴ് തിരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്നത്. അതിനാല്‍ തിരുത്തല്‍ ശക്തിയായി ഉയരാന്‍ ജനങ്ങളെ പ്രാപ്തമാക്കുന്ന പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം മാത്രമേ ജനങ്ങളുടെ മുമ്പിലുള്ളൂ. വെള്ളിവെളിച്ചമാകുന്ന കര്‍ഷകപ്രക്ഷോഭവും സംസ്ഥാനത്തെ കെറെയില്‍ വിരുദ്ധ പ്രക്ഷോഭവുമു ള്‍പ്പെടെയുള്ള ജനകീയ സമരങ്ങളാണ് നമ്മുടെ മാതൃക.
ഇന്ത്യയെമ്പാടും ജനകീയ പ്രക്ഷോഭത്തിന്റെ ഉദാത്തമായ രാഷ്ട്രീയം വളര്‍ത്തിയെടുക്കാന്‍ സമര്‍പ്പണംചെയ്ത പ്രസ്ഥാനമാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). നയങ്ങള്‍ക്കിരായകുന്ന സാധാരണക്കാരുടെ ചെറുതും വലുതുമായ ഒട്ടനവധി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ജനങ്ങളോടൊപ്പം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി അചഞ്ചലം നിലകൊള്ളുന്നു. ജനകീയപ്രക്ഷോഭത്തിന്റെ ഈ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ആഗതമാകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 151 സീറ്റുകളില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മത്സരിക്കുകകയാണ്. കറകളഞ്ഞ ജനപക്ഷ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ എന്ന നിലയില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് ഉദാരമായ സംഭാവന നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,
ജയ്സൺ ജോസഫ്, സംസ്ഥാന സെക്രട്ടറി, എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)


Share this post

scroll to top