ജനാധിപത്യത്തിന് ഭീഷണിയായി മോദിഭരണം


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
Slug-2.jpg
Share

നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ രാജ്യം വിട്ടുപോകേണ്ടിവരുമെന്ന എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ അനന്ത മൂര്‍ത്തിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. അനേകം പരിമിതികളോടെയാണെങ്കിലും രാജ്യത്ത് നിലനിന്നിരുന്ന ജനാധിപത്യ-മതേതര അന്തരീക്ഷം അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന കുടില പദ്ധതികളാണ് രാജ്യത്തെ ഈ പതനത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത പൊള്ളയായ വാക്കുകളും വാഗ്ദാനങ്ങളുമാണ് മോദി ഭരണത്തിന്റെ മുഖമുദ്ര. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്ന് വീമ്പിളക്കിയ നോട്ടുനിരോധനം വലിയ തകര്‍ച്ചയാണുണ്ടാക്കിയിരിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രമറിയാത്തവര്‍ക്കുപോലുമിന്ന് വ്യക്തമാണ്. എന്നിട്ടും അതേക്കുറിച്ചുള്ള വായ്ത്താരികള്‍ക്ക് കുറവൊന്നുമില്ല. നോട്ടുനിരോധനത്തിനുശേഷം ഭീകരപ്രവര്‍ത്തനം വര്‍ദ്ധിച്ചുവെന്നുമാത്രം ‘മന്‍ കി ബാത്തി’ല്‍ പ്രധാനമന്ത്രി സമ്മതിച്ചു. കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള ഉപായംകൂടി നോട്ട് നിരോധനത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു എന്ന വിമര്‍ശനങ്ങളും ശക്തമാണ്. ഇന്ന് രാജ്യത്ത് നടക്കുന്ന കള്ളപ്പണ ഇടപാടില്‍ ബിജെപിയുടെ പങ്ക് ചെറുതല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുതല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വരെ കള്ളപ്പണത്തിന്റെ കരുത്തിലാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മുന്‍നിര്‍ത്തി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പുറത്താക്കണമെന്ന് മുന്‍ ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ തന്നെ ആവശ്യപ്പെട്ടിരിക്കുന്നു.
ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് പെരുമ്പറ മുഴക്കിക്കൊണ്ടാണ് പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള പാത മോദി സുഗമമാക്കിയത്. എന്നാല്‍, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കരടുരൂപം തയ്യാറാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ജീന്‍ ഡ്രീസ് ഈ അവകാശവാദം പൊള്ളയാണെന്ന് സമര്‍ത്ഥിക്കുന്നു. വികസന മാതൃകകളില്‍ ഗുജറാത്ത് ശരാശരി മാത്രം. സാമൂഹിക, മാനവ വികസന, ശിശുക്ഷേമ, ദാരിദ്ര്യ സൂചികകളിലൊക്കെ ഇതാണ് സ്ഥിതി. മോദിക്കുമുമ്പും ശേഷവുമുള്ള ഗുജറാത്ത് വ്യത്യസ്തമല്ലെന്നും അദ്ദേഹം സ്ഥാപിക്കുന്നു. മോദി ഭരണത്തിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വ്യഗ്രത കാണിച്ച ‘മൂഡീസ് റേറ്റിംഗ്’ സംബന്ധിച്ചാകട്ടെ പലകോണുകളില്‍നിന്നും ഗൗരവാവഹമായ വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ജിഡിപിയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായത് ചൂണ്ടിക്കാണിച്ച് രാജ്യം വീണ്ടും വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടാന്‍ തുടങ്ങിയിരിക്കുന്നു ധനമന്ത്രി. എന്നാല്‍ ഇടത്തരം,ചെറുകിട മേഖലകള്‍ക്ക് ഊന്നല്‍ കൊടുക്കാതെ കൃത്രിമമായാണ് ഈ വര്‍ദ്ധന സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

”വണ്‍മാന്‍ ഷോയും ടു മെന്‍ ആര്‍മി”യുമാണ് രാജ്യത്തിന്നുള്ളത് എന്ന വിമര്‍ശനമുയര്‍ത്തിയത് കഴിഞ്ഞ ബിജെപി മന്ത്രിസഭയില്‍ അംഗവും പ്രമുഖ ബുദ്ധിജീവിയുമായ അരുണ്‍ ഷൂരിയാണ്. മോദി-അമിത്ഷാ കൂട്ടുകെട്ട് എല്ലാ കാര്യങ്ങളും തീരുമാനിക്കുമ്പോള്‍ മന്ത്രിമാര്‍ പോലും പലതും അറിയുന്നില്ല. ആരും എതിര്‍ക്കാന്‍ ധൈര്യപ്പെടുന്നുമില്ല. പാര്‍ട്ടി പ്രസിഡന്റായ അമിത്ഷാ ഇത്ര നിര്‍ണായക സ്ഥാനത്ത് നിലകൊള്ളുമ്പോഴാണ് സ്വന്തം മകന്റെ ബിസിനസിലെ ഞെട്ടിപ്പിക്കുന്ന ദുരൂഹതകള്‍ ഒരു ഓണ്‍ലൈന്‍ പത്രം പുറത്തുകൊണ്ടുവന്നത്. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതിനുപകരം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണ് ബിജെപി നീക്കം. അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഈ നീക്കത്തിന്റെ ഭാഗമാണ്.

രാജ്യത്തെ ഞെട്ടിച്ച മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയും അനുബന്ധ കൊലപാതകങ്ങളും ബിജെപി ഭരണത്തിന്റെ ഭീകരമുഖമാണ് വെളിപ്പെടുത്തിയത്. റാഫേല്‍ യുദ്ധവിമാന വിഷയത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു നേരെയും ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നു. ഈ ഇടപാടില്‍ അനില്‍ അംബാനി വമ്പന്‍ നേട്ടം കൊയ്തു. അഴിമതിയില്‍ മാത്രമല്ല കെടുകാര്യസ്ഥതയിലും മോദി ഭരണം മുന്നിലാണ്. രാജ്യ തലസ്ഥാനം മലിനീകരണംമൂലം വാസയോഗ്യമല്ലാതായിട്ട് നാളേറെയായി. എയര്‍ കണ്ടീഷന്‍ഡ് വാഹനങ്ങളിലും മന്ദിരങ്ങളിലും കഴിയുന്ന നേതാക്കന്മാര്‍ക്ക് ഇത് അലോസരമുണ്ടാക്കുന്നില്ലെങ്കിലും കോടിക്കണക്കിന് സാധാരണക്കാരുടെ സ്ഥിതി ദയനീയമാണ്. ലോകത്തിന്റെ മുന്നില്‍ അപഹാസ്യരാകുന്നതുപോലും ഭൂഷണമായാണോ ഇവര്‍ കരുതുന്നത്? ഇപ്പോഴിതാ ഡെല്‍ഹിയെപ്പോലും പിന്തള്ളി മോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തില്‍പെടുന്ന വാരണാസി വായു മലിനീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയിരിക്കുന്നു. രാജ്യത്തെ 48 നഗരങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ‘സ്വച്ഛ് ഭാരത്’ മുദ്രാവാക്യവുമായി എന്തെല്ലാം കോലാഹലങ്ങളാണ് രാജ്യത്ത് ഇക്കൂട്ടരുണ്ടാക്കിയത്!

ബിജെപി ഭരണത്തെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി പരോക്ഷമായി വിമര്‍ശിക്കുമ്പോള്‍ പാര്‍ടി എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ തുറന്ന വിമര്‍ശനംതന്നെ നടത്തുന്നു. ജനാധിപത്യത്തിന് നിരക്കാത്ത പ്രവര്‍ത്തന ശൈലി മാത്രമല്ല ജനാധിപത്യ സംവിധാനത്തോടുതന്നെയുള്ള വിയോജിപ്പും പുച്ഛവും പ്രകടമാക്കുന്നു മോദി ഭരണം എന്നത് ഭീതിജനകമാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഭരണകക്ഷിയുടെ താത്പര്യാര്‍ത്ഥം വെട്ടിച്ചുരുക്കി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അപൂര്‍വ്വമായേ പ്രത്യക്ഷപ്പെടൂ. മാദ്ധ്യമങ്ങളുമായുള്ള ചര്‍ച്ച പാടെ ഒഴിവാക്കിയിരിക്കുന്നു. ഗവണ്മെന്റിനും ജനങ്ങള്‍ക്കുമിടയിലെ സുപ്രധാന കണ്ണിയാണ് ജനാധിപത്യത്തില്‍ മാദ്ധ്യമങ്ങള്‍. മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭരണത്തലവനായ പ്രധാനമന്ത്രി തയ്യാറാകാത്തത് ജനാധിപത്യ വ്യവസ്ഥയോടുതന്നെയുള്ള അവഹേളനവും ജനവിരുദ്ധ നയങ്ങളെയും നിലപാടുകളെയും സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവുമാണ്.
പട്ടാള ബജറ്റ് ഭീമമായി വര്‍ദ്ധിപ്പിക്കല്‍, പട്ടാളത്തെ മഹത്വവല്‍ക്കരിക്കല്‍, ദേശസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടല്‍, സങ്കുചിത ദേശീയവാദം പോഷിപ്പിക്കല്‍, ന്യൂനപക്ഷങ്ങളോടും ദലിതുകളോടുമുളള വിവേചനം, അതിര്‍ത്തി രാജ്യങ്ങളോട് പുലര്‍ത്തുന്ന അസഹിഷ്ണുത, അതിര്‍ത്തിയിലെ പ്രകോപനപരമായ ഇടപെടല്‍, അമേരിക്ക-ഇസ്രായേല്‍ കൂട്ടുകെട്ടുമായിച്ചേര്‍ന്നുള്ള സൈനിക കരുനീക്കങ്ങള്‍ തുടങ്ങിയവയൊക്കെ ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിച്ച നിലപാടും നമ്മുടെ നാടിന്റെ ജനാധിപത്യ പാരമ്പര്യത്തിന് നിരക്കാത്തതും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്നതുമായിരുന്നു.
അക്കാദമിക് സമിതികള്‍ പിടിച്ചടക്കി സംഘപരിവാര്‍ വക്താക്കളെ അവരോധിച്ചതായിരുന്നു ജനാധിപത്യത്തിനുനേര്‍ക്ക് നടന്ന മറ്റൊരാക്രമണം. ജനാധിപത്യ സമിതികളില്‍ പിടിമുറുക്കിക്കൊണ്ട് രാജ്യത്തെ ബൗദ്ധികാന്തരീക്ഷത്തെ സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ക്കിണങ്ങുംപടി രൂപപ്പെടുത്തിയെടുക്കാനാണിവര്‍ ശ്രമിച്ചത്. കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച ചിത്രത്തിനുപോലും ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതും സാങ്കേതിക കാര്യങ്ങളും മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതുമൊക്കെ ഈ പദ്ധതിയുടെ ഭാഗമായേ കാണാന്‍ കഴിയൂ. മറ്റൊരു സിനിമ പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ അതില്‍ ചരിത്രം വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുന്നു എന്നാക്രോശിച്ചുകൊണ്ട് നടിയുടെ മൂക്കുചെത്തുമെന്നും സംവിധായകന്റെ തല വെട്ടുമെന്നുമൊക്കെ പ്രഖ്യാപനങ്ങളുണ്ടായിരിക്കുകയാണ്. തല വെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് 10 കോടി രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്കാരനായ ഉപരാഷ്ട്രപതിക്കുപോലും ഇതിനെതിരെ പ്രതികരിക്കേണ്ടിവന്നിരിക്കുന്നു.
ചരിത്രത്തെ സംഘപരിവാര്‍ ആശയങ്ങള്‍ക്കിണങ്ങുംപടി യഥേഷ്ടം, അപഹാസ്യമാംവിധം വളച്ചൊടിക്കുന്നവരാണ് ഇപ്പോള്‍ ചരിത്രത്തെക്കുറിച്ച് ആവലാതിപ്പെടുന്നത്. ഗോവ ചലച്ചിത്ര മേളയിലേയ്ക്ക് ജൂറി തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഒഴിവാക്കുകയും മറ്റുരണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാനും അംഗങ്ങളും രാജിവച്ചു. ഇതുമൊരു സൗകര്യമായാണ് ഇവര്‍ കാണുന്നത്.
നീതിന്യായ വ്യവസ്ഥയോടും ബിജെപി ഭരണത്തിന് നിഷേധാത്മക നിലപാടാണുള്ളത്. ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ വിഷയത്തില്‍ സുപ്രീംകോടതിയുമായി സര്‍ക്കാര്‍ കൊമ്പുകോര്‍ത്തിരിക്കുകയാണ്. ദൈവത്തിന്റെ കാര്യം കോടതിയല്ല തീരുമാനിക്കേണ്ടത് എന്നുപറഞ്ഞുകൊണ്ട് ബാബറി മസ്ജിദ് വിഷയത്തില്‍ മുമ്പുതന്നെ ഇവര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ സുപ്രീംകോടതി വിധി വരുന്നതിനുമുമ്പുതന്നെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍എസ്എസ് മേധാവി പ്രഖ്യാപിച്ചിരിക്കുന്നു. താജ്മഹലിനെതിരായ നീക്കങ്ങളും ഇതോടുചേര്‍ത്ത് വേണം കാണാന്‍. സംഘപരിവാര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് ലഖ്‌നൗ സാഹിത്യോത്സവത്തിന് അനുമതി നിഷേധിക്കപ്പെട്ടതും കനയ്യകുമാര്‍ ആക്രമിക്കപ്പെട്ടതുമൊക്കെ അടുത്തിടെയാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വീറുറ്റ പ്രതീകവും അന്യമതസ്ഥരോട് മാതൃകാപരമായ സൗഹാര്‍ദ്ദം പുലര്‍ത്തിയ വ്യക്തിത്വവും ആധുനികവത്ക്കരണത്തിന്റെ പ്രണേതാവുമൊക്കെയായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷത്തിനെതിരെ കര്‍ണാടകത്തില്‍ സംഘപരിവാര്‍ ഉറഞ്ഞുതുള്ളി. ജാതിക്കും മതത്തിനും അതീതമായ ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ മിശ്ര വിവാഹങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകമാണെന്നിരിക്കെ ഇതിനോടുള്ള സംഘപരിവാര്‍ അസഹിഷ്ണുത മറനീക്കി പുറത്തുവന്നത് ഹാദിയ കേസിലും കണ്ടു. പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തിത്വങ്ങളോടുപോലും രാജ്യം വിട്ടുപൊയ്‌ക്കൊള്ളാന്‍ ആക്രോശിക്കുന്ന ഇവര്‍ പശുവിന്റെ പേരില്‍ എത്ര അരുംകൊലകളാണ് രാജ്യത്ത് നടത്തിയത്. ഇതിനെതിരായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കുപോലും ഇവര്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ഉന്നത വ്യക്തിത്വങ്ങളെ അരിഞ്ഞുതള്ളുന്നവര്‍ പോലും ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഭീകരമാണ്. പൊതുവെ വാചാലനായ പ്രധാനമന്ത്രി ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുന്നതും കുറ്റകരംതന്നെയാണ്.
അന്ധതയും അസഹിഷ്ണുതയും മതവൈരവും ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങളുമെല്ലാം ഭീതിജനകമാംവിധം വര്‍ദ്ധിച്ചുവരുന്നതിനിടയിലാണ് ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കേസിലെ പ്രധാനപ്രതിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ അമിത്ഷാ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട ജഡ്ജി ഹര്‍കിഷന്‍ലോയ വിചാരണ നടക്കുന്ന കാലയളവില്‍ത്തന്നെ നാഗ്പൂരിലെ ഒരു ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തപ്പെട്ടിരുന്നു. വിധിയെ സ്വാധീനിക്കാന്‍ ഈ ജഡ്ജിക്ക് 100 കോടി രൂപ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത്ഷാ വാഗ്ദാനം ചെയ്തിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ട ജഡ്ജിയുടെ സഹോദരി അനുരാധ ബിയാനി ‘കാരവന്‍’ മാസികയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ആയിരക്കണക്കിന് മുസ്ലീങ്ങള്‍ വംശഹത്യക്കിരയായ ഗുജറാത്ത് കലാപവേളയില്‍ മോദി മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തര മന്ത്രിയുമായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇരുവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു! നീതിന്യായ സംവിധാനം സത്യം സ്ഥാപിക്കുന്നതിലും ജനസാമാന്യത്തിന് നീതി ലഭ്യമാക്കുന്നതിലും എത്രത്തോളം ഉപകരിക്കുന്നുണ്ട് എന്നകാര്യം വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ചും പോലീസ്-ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ നിഷ്പക്ഷത വെടിഞ്ഞ് ഭരണകക്ഷിയുടെയും സമ്പന്നവര്‍ഗ്ഗങ്ങളുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്ന ഇന്നത്തെ അവസ്ഥയില്‍. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സൊറാബുദ്ദീന്‍ കേസ് പുനര്‍വിചാരണ ചെയ്യണമെന്ന് യശ്വന്ത് സിന്‍ഹയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ച രാജ്യത്തെ ഫാസിസത്തിലേയ്ക്കാണ് നയിക്കുക. രാജ്യത്തിന്റെ സമ്പത്താകെ ഏതാനും കുടുംബങ്ങളുടെ കയ്യില്‍ കേന്ദ്രീകരിക്കപ്പെടുകയും രാഷ്ട്രീയാധികാരത്തെ ഇവര്‍ നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥിതിയാണിന്നുള്ളത്. ജനങ്ങള്‍ പൊരുതിനേടിയ അവകാശങ്ങളെല്ലാം തിരിച്ചുപിടിക്കുകയാണ്. ആഗോളീകരണ നയങ്ങള്‍ കോര്‍പ്പറേറ്റുകളുടെ ലാഭം പെരുക്കുകയും ജനങ്ങള്‍ക്ക് ദുരിതങ്ങള്‍മാത്രം വച്ചുനീട്ടുകയും ചെയ്യുന്നു. ആഗോളമായിത്തന്നെ പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്തവ്യവസ്ഥ ആ പ്രതിസന്ധിയുടെ ഭാരമെല്ലാം ജനങ്ങളുടെ ചുമലിലേയ്ക്കിറക്കിവയ്ക്കുകയാണ്. ഗവണ്മെന്റുകളുടെ ജനദ്രോഹ നയങ്ങളിലൂടെയാണ് ഇത് നിര്‍വ്വഹിക്കപ്പെടുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും കുത്തകകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സബ്‌സിഡികള്‍ നിര്‍ത്തലാക്കലുമടക്കം, ബിജെപി ഗവണ്മെന്റിന്റെ മുഴുവന്‍ നയങ്ങളും ഈ ദിശയിലുള്ളതാണ്. ജനജീവിതം ദുരിതമയമാകുമ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലണയും. രക്ഷകരായി അവതരിപ്പിക്കപ്പെടുന്ന ഭരണാധികാരികളും ഗവണ്മെന്റുകളുമൊക്കെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ജനങ്ങളുടെ വെറുപ്പിന് പാത്രമാകും.

ജനസമരങ്ങള്‍ക്ക് ശരിയായ നേതൃത്വവും ദിശയും ലഭിച്ചാല്‍ മുതലാളിത്ത വ്യവസ്ഥയ്ക്ക് പിന്നെ നിലനില്‍പ്പുണ്ടാകില്ല. ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരില്‍ ജനങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്താനും അന്ധതയിലും യുക്തിരാഹിത്യത്തിലും ജനങ്ങളെ തളച്ചിടാനും മുതലാളിവര്‍ഗ്ഗം ശ്രമിക്കുന്നത് ജനകീയൈക്യത്തെ തകര്‍ക്കാനാണ്. ബിജെപിയും അവരെ നയിക്കുന്ന സംഘപരിവാറും ഈ ലക്ഷ്യത്തോടെ സമഗ്രമായൊരു പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഗണനയും എതിരഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയും അന്ധമായ ആള്‍ക്കൂട്ടങ്ങളിലൂടെ അരങ്ങേറുന്ന അക്രമങ്ങളും ചരിത്രത്തോടും ശാസ്ത്രത്തോടും പുലര്‍ത്തുന്ന നിഷേധാത്മക നിലപാടുമെല്ലാം ഈ ഹീനപദ്ധതിയുടെ ഭാഗമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ജനാധിപത്യ-മതേതര ധാരയെ ശക്തിപ്പെടുത്തുക എന്നതാണ് ഏതൊരു പൗരന്റെയും ഉത്തരവാദിത്വം.

മുതലാളിവര്‍ഗ്ഗ സേവകരായ വലതുപക്ഷ പാര്‍ട്ടികള്‍ക്കോ പാര്‍ലമെന്ററി നേട്ടങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന കപട ഇടതുപക്ഷങ്ങള്‍ക്കോ മഹത്തും ബൃഹത്തുമായ ഈ ജനമുന്നേറ്റത്തിന് നായകത്വം വഹിക്കാനാവില്ല. ഉന്നതമായ തൊഴിലാളിവര്‍ഗ്ഗ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച യാഥാര്‍ത്ഥ ഇടതുപക്ഷ ശക്തികള്‍ക്കേ ആ ദൗത്യം നിറവേറ്റാനാകൂ. ഈ യാഥാര്‍ത്ഥ്യം കൂടി മനസ്സില്‍വച്ചുകൊണ്ട് രാജ്യത്തെ ഫാസിസ്റ്റ് വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള വിശാലമായ ജനകീയ പ്രസ്ഥാനം കരുപ്പിടിപ്പിച്ചെടുക്കാനായി മുന്നോട്ടുവരാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും മനുഷ്യ സ്‌നേഹികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top