ദില്ലി ചലോ കർഷക സമര മാതൃകയിൽനെൽകർഷകർ സമരത്തിൽ

Nelkarshaka-4.jpeg
Share

കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങളും, വിശാല കുട്ടനാട്ടിലെ സവിശേഷ പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിച്ചുകൊണ്ട് അതിന് പരിഹാരം കാണുക, സംഭരിച്ച നെല്ലിന്റെ വില ഉടൻ നല്കുക, രൊക്കം പണം നല്കി നെല്ല് സംഭരിക്കുക, ഹാന്റ്‌ലിംഗ് ചാർജ് സമ്പൂർണ്ണമായും സർക്കാർ നല്കുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, രാസ വളത്തിന്റെ ഭീമമായ വിലവർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കുക, പമ്പിംഗ് സബ്സിഡി, വിളനാശ ഇൻഷ്വറൻസ്, കുടിശ്ശിക നല്കുക, ക്രോസ് സബ്സിഡി ഇല്ലാത്ത സ്മാർട്ട് മീറ്റർ പാടില്ല, പ്രൊഡക്ഷൻ ബോണസ്സ് 1500 രുപായാക്കുക, കുടിശ്ശിഖ നല്കുക, ചെറുകിട കർഷകന്റെ കൃഷിപണി തൊഴിലുറപ്പിൽ ഉൾപ്പെടുത്തുക, തോടുകളിലെ മാലിന്യ നിർമ്മാർജ്ജനം തൊഴിലുറപ്പിൽ പുനഃസ്ഥാപിക്കുക, കുട്ടനാട്ടിൽ ഉപ്പു വന്ന് കൃഷിനാശത്തിന് വഴിവെക്കുന്ന കരിമണൽ ഖനനം അവസാനിപ്പിക്കുക, ഉല്പാദന ചെലവിന് ആനുപാതികമായി നെല്ല് വില വർദ്ധിപ്പിക്കുക തുടങ്ങിയഡിമാന്റുകൾ ഉന്നയിച്ചു കൊണ്ട് 2023മെയ് മാസം രൂപീകരിച്ച നെൽകർഷക സംരക്ഷണ സമിതി നെൽകർഷകരുടെ ഏക പ്രതീക്ഷയായി മാറുകയാണ്. രൂപീകരിച്ച നാൾ മുതൽ ആരംഭിച്ച നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ നെൽകർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന്ഇന്ന് പൊതുസമൂഹം അംഗീകരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കയാണ്.


നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന നിർവ്വാഹക സമിതി അംഗവും മികച്ച കർഷകനുള്ള അവാർഡ് ജേതാവും സിനിമാതാരവുമായ കൃഷ്ണപ്രസാദിന്റെ സുഹൃത്തും പ്രമുഖ സിനിമാ താരമായ ജയസൂര്യ വ്യവസായ മന്ത്രിയുടെയും, കൃഷിമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ നെൽകർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത് ഇന്ന് നമ്മുടെ നാട് ഏറെ ചർച്ച ചെയ്യുകയാണ്. കർഷകനെ നാം ദിവസം 3 നേരം ഓർക്കേണ്ടവരാണെന്നും, സർക്കാരിന് നല്കിയ നെല്ലിന്റെവില കിട്ടാനായി തിരുവോണ നാളിൽ പോലും ഉപവാസമിരിക്കേണ്ട സാഹചര്യം പ്രതിഷേധാർഹമാണെന്നും, അക്കാരണത്താൽ മക്കൾ, യുവതലമുറ കാർഷിക മേഖല ഉപേക്ഷിക്കാൻ നിർബന്ധിരാവുകയാണെന്നും, അല്ലാതെ മന്ത്രി പറയുന്നതുപോലെ ചെളി പുരളാനുള്ള വൈമനസ്യമല്ലെന്നതും അദ്ദേഹം സുവ്യക്തമാക്കി. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കർഷകപക്ഷ നിലപാടിനെ പിന്തുണയ്ക്കുന്നതാണ് നാം കണ്ടത്. എന്നാൽ കൃഷിമന്ത്രിയും സമൂഹമാധ്യമങ്ങളിലെ സൈബർ, സർക്കാർ, പാർട്ടി കുഴലൂത്തുകാരും അദ്ദേഹത്തേയും, കൃഷ്ണ പ്രസാദിനേയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എന്നാൽ മനുഷ്യ സ്നേഹികൾ ലോകമെമ്പാടും ജയസൂര്യയുടെ ഉജ്ജ്വലമായ നിലപാടിനെ പിന്തുണച്ചു. നെൽകർഷക സംരക്ഷണ സമിതി കർഷകൻ കൂടിയായ കൃഷ്ണപ്രസാദിന്റെ വസതിയിൽ യോഗം ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കർഷകരേയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് നെൽകർഷക സംരക്ഷണ സമിതി രാമങ്കരിയിൽ നടത്തിയ കർഷക-ബഹുജന മഹാ ധർണ്ണ ക്നാനായ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവറ്യൂസ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി മുഖ്യ പ്രസംഗം നടത്തി. ധീവരസഭാ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽയുമായ വി.ദിനകരൻ, എസ്‌എൻഡിപി യോഗം കുട്ടനാട് കൺവീനർ സന്തോഷ് ശാന്തി, എൻഎസ്‌എസ് താലൂക്ക് ഭാരവാഹി രാധാകൃഷ്ണൻ നായർ ,സിനിമ താരം കൃഷ്ണപ്രസാദ്, കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി രക്ഷാധികാരി ആർ.പാർത്ഥസാരഥി വർമ്മ തുടങ്ങിയവർ പ്രസംഗിച്ചു. സമര പ്രചരണാർത്ഥം കോട്ടയം, പത്തനംതിട്ട ജില്ലകളിൽപ്പെടുന്ന വിശാല കുട്ടനാട്ടിൽ നാല് ദിവസത്തെ വാഹന ജാഥയും സ്വീകരണ സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. ചിങ്ങം ഒന്ന് കർഷക ദിനം കരിദിനമായി ആചരിച്ചു കൊണ്ട് കൃഷിഭവനുകൾക്കു മുമ്പിൽ കരിങ്കൊടി ഉയർത്തുകയും, രാവിലെ കൃഷിഭവനുകളിലേയ്ക്ക് കരിങ്കൊടി പ്രകടനം നടത്തുകയുമുണ്ടായി. നെടുമുടി കൃഷിഭവനുകളിലേയക്ക് മാർച്ച് നടത്തിയ സമിതി വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവരെ സിപിഐ(എം) നേതാക്കൾ കൈയേറ്റം നടത്തുകയും മൈക്ക് സെറ്റ് നശിപ്പിക്കുകയുമുണ്ടായി.


ഇതിനുശേഷമാണ് കർഷകർ രാമങ്കരിയിലെ കർഷക മഹാ ധർണ്ണയിൽ വൈകിട്ട് അണിചേർന്നത്. ഇത്രയും സമര മുന്നേറ്റങ്ങൾ നടത്തിയിട്ടും പൂർണ്ണമായും സംഭരിച്ച നെല്ല് വിലനല്കാൻ തയ്യാറാവാതെ തുച്ഛമായ 28 ശതമാനം മാത്രമാണ് ഓണത്തിന് നല്കിയത്. ഇതിനെതിരെയാണ് നെൽകർഷക സംരക്ഷണ സമിതി എല്ലാ മേഖലാ കമ്മറ്റിയിൽ നിന്നും കർഷകർ ഇരന്നു സമാഹരിച്ച കൊണ്ടുവന്ന പിടിയരി ഉപയോഗിച്ച് മങ്കൊമ്പ് പാഡി ഓഫീസ് പടിക്കൽ കഞ്ഞി വച്ച് തിരുവോണ നാളിൽ കർഷകന് കുമ്പിളിൽ കഞ്ഞി സമരം നടത്തിയത്. സമരം കർഷകനും സിനിമാതാരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സമിതി യുടെ സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് കാഞ്ഞിരം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ വി.ജെ.ലാലി, ജയിംസ്‌ കല്ലൂപ്പാത്ര, വർക്കിംഗ് പ്രസിന്റ് പി.ആർ.സതീശൻ, ട്രഷറർ ജോൺ സി.ടിറ്റോ, കോർഡിനേറ്റർ ജോസ് കാവനാട്, വൈസ് പ്രസിഡന്റുമാരായ കെ.ബി.മോഹനൻ, വേലായുധൻ നായർ, പി.എ.തോമസ്, ലാലിച്ചൻ പള്ളിവാതുക്കൽ, അനിൽകുമാർ ലതാ ഭവൻ, ഷാജി മുടന്താഞ്ജലി, സണ്ണിച്ചൻ മേപ്രാല്‍, അനിയൻകുഞ്ഞ്, റോയി ഊരാംവേലിൽ, വിശ്വനാഥപിള്ള ഹരിപ്പാട്, എ.ജി.അജയകുമാർ, സിനു തോമസ്, സെക്രട്ടറിമാരായ മാത്യൂ തോമസ് കോട്ടയം, ശർമ്മ വാലടി, മാത്യൂസ് പൊന്നാടും വാക്ക, ഷാജി മoത്തിൽ, കറിയാച്ചൻ ചേന്നങ്കര, പ്രണീഷ് വള്ളക്കാലിൽ, ലിരീഷ് തോമസ്, കാർത്തികേയൻ കൈനകരി, സിബിച്ചൻ തറയിൽ, ബിജുമോൻ നീലംപേരൂർ, അഷറഫ് കാഞ്ഞിരം, ഷാജി പൊങ്ങ, കെ.എം.പൊന്നപ്പൻ, മധു പള്ളിപ്പാട്, റ്റി.കെ.ഗോപിനാഥൻ, അനീഷ് തകഴി, ഗണേഷ് ബാബു ചമ്പക്കുളം, കിരൺ കണ്ണൻ പന്തളം, ഗോപിനാഥൻ രാമങ്കരി, കുര്യാക്കോസ്, പി.എ.തോമസ് ശ്രാമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top