പട്ടിണി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷ്യഭദ്രതാനിയമം; കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് അട്ടിമറിക്കുന്നു

ration-shop-article-distribution-1.jpg
Share

സാധാരണ ജനങ്ങൾക്കും ദരിദ്രജനവിഭാഗങ്ങൾക്കും ഒരളവുവരെ ആശ്വാസമായിരുന്ന റേഷൻ സമ്പ്രദായം വൻതകർച്ചയെ നേരിടുകയാണിന്ന്. കേന്ദ്രസർക്കാർ 2013 ൽ പാസ്സാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചത് മുതലാണ് പ്രതിസന്ധി രൂക്ഷമായത്. റേഷൻകാർഡ് പുതുക്കുന്നതിന്റെ മറയിൽ മഹാഭൂരിപക്ഷത്തെയും ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതിനാൽ, പുറത്താക്കപ്പെട്ട ദരിദ്രജനലക്ഷങ്ങൾ റേഷൻ കാർഡിലെ തെറ്റുകളും മുൻഗണനാ പട്ടികയിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ റേഷനിംഗ് ഓഫീസുകളിൽ ക്യൂ നിൽക്കുന്ന വേദനാകരമായ ചിത്രമാണ് സംസ്ഥാനത്തെവിടെയും കാണാനുള്ളത്. ആദ്യത്തെ ആഴ്ചമാത്രം രണ്ടരലക്ഷം ആളുകളാണ് പരാതികൾ നൽകാൻ മുന്നോട്ട് വന്ന് ക്യൂവിൽ അണിനിരന്നത്. അവരിൽ കുറേയേറെപ്പേർ ബോധംകെട്ടുവീഴുകയുണ്ടായി.ആകെ പരാതികളുടെ എണ്ണം ഏഴ് ലക്ഷമായി ഉയർന്നിരിക്കുന്നു.

ദരിദ്രർ,റേഷൻ ആനുകൂല്യം ലഭിക്കാൻ അർഹരാണെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. അതിനായി, വരുമാനസർട്ടിഫിക്കറ്റ്, ജാതിസർട്ടിഫിക്കറ്റ് താമസിക്കുന്നവീടിന്റെ രേഖകൾ അംഗങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ തുടങ്ങിയ നിരവധി രേഖകൾ ഹാജരാക്കണം. അതുകൊണ്ടും ബോധ്യംവരാതെ വന്നാൽ ഫോൺ, വൈദ്യുതി, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ സകലമാന വിശദാംശങ്ങളും വ്യക്തമായി രേഖപ്പെടുത്തിയാൽ മാത്രമേ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന മുൻഗണനാപട്ടികയിൽ സ്ഥാനം ലഭിക്കൂ. ഒരേക്കർ വരെ ഭൂമി, ആയിരം ചതുരശ്രയടി വീട്, നാല്ചക്രവാഹനമുള്ളവർ, എന്തെങ്കിലും വരുമാനമുള്ള ജോലി എന്നിവയൊക്കെ റേഷൻ ആനുകൂല്യം നിഷേധിക്കപ്പെടാൻ കാരണമാകും. എന്തായാലും കേരളത്തിൽ ഇതിനകം 2.85 കോടി ജനങ്ങൾക്കാണ് റേഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടുകൂടി 1.54 കോടി ആളുകൾക്ക് മാത്രമേ ലഭിക്കൂ. ആകെയുള്ള 3.37 കോടി ജനങ്ങളിൽ 1.83 കോടി ജനങ്ങളാണ് ഒറ്റയടിക്ക് റേഷൻ അവകാശങ്ങളിൽ നിന്ന് പുറത്താകാൻ പോകുന്നത്.
രോഗികൾ, വികലാംഗർ, ദാരിദ്ര്യരേഖക്ക് താഴെകഴിയുന്നവർ, തൊട്ടടുത്ത് കൂടിവെള്ളം ലഭ്യമല്ലാത്തവർ,അന്ത്യോദയ കാർഡുടമകൾ എന്നിവർക്കാണ് പുതുക്കുന്ന റേഷൻ കാർഡുകളിൽ മുൻഗണന ലഭിക്കുക. എന്നാൽ മുൻഗണനാ പട്ടിക തയ്യാറാക്കിയപ്പോൾ യഥാർത്ഥത്തിൽ പുറത്തായത് മേൽപ്പറഞ്ഞ ജനവിഭാഗങ്ങളാണ്. രേഖകൾ ഹാജരാക്കാനും ക്യൂവിൽ നിൽക്കാനും കഴിയാത്ത ലക്ഷക്കണക്കിന് ആളുകൾ വേറെയുമുണ്ട്. അവരുടെയെല്ലാം അന്നം മുട്ടിക്കുന്ന ഒരു റേഷൻ നയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. സംസ്ഥാന ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമനാകട്ടെ, നവംബർ മാസം മുതൽ തന്നെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്നും കഴിഞ്ഞ യുഡിഎഫ് സർക്കാർ ഈ നിയമം നടപ്പാക്കുന്നത് മൂന്ന് വർഷത്തേക്ക് വൈകിപ്പിച്ചുവെന്നുമാണ് ആരോപിക്കുന്നത്. ഫലത്തിൽ മൂന്ന് കൂട്ടരും ഒത്തൊരുമിച്ചാണ് കേരളത്തിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകാലമായി നിലനിൽക്കുന്ന സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം അവസാനിപ്പിക്കാൻ മത്സരിക്കുന്നത്.

സമ്പൂർണ്ണ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഭക്ഷ്യസുരക്ഷാ നിയമം

വളരെ കൊട്ടിഘോഷിച്ചുകൊണ്ടാണ് കഴിഞ്ഞ യുപിഎ സർക്കാർ ദേശീയ ഭക്ഷ്യസുരക്ഷാനിയമം എന്ന പേരിൽ ഒരു നിയമം പാർലമെന്റിൽ പാസ്സാക്കുന്നത്. ആ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭക്ഷ്യസുരക്ഷ നൽകില്ലായെന്നതാണ്. ജനങ്ങളെ എപിഎൽ-ബിപിഎൽ എന്നിങ്ങനെ തരംതിരിച്ച് ഭൂരിപക്ഷം ആളുകളെയും എപിഎൽ എന്ന ഗണത്തിൽപ്പെടുത്തി ആ വിഭാഗത്തിന് പൂർണ്ണമായി റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുക എന്നതാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്. ഒപ്പം ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന വലിയൊരു വിഭാഗത്തെ കാലാകാലങ്ങളിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ദാരിദ്ര്യരേഖക്ക് മുകളിൽ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതുവഴി അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. മൂന്ന് രൂപക്ക് അഞ്ചുകിലോ വീതം അരിയും രണ്ട് രൂപക്ക് ഗോതമ്പുമാണ് പ്രതിമാസം നൽകുന്ന റേഷൻ. പഞ്ചസാരയും മണ്ണെണ്ണയുമെല്ലാം വർഷങ്ങൾക്ക് മുമ്പേ ഭൂരിപക്ഷംപേർക്കും നിർത്തലാക്കിക്കഴിഞ്ഞിരുന്നു. വിപണിയിലെ ഏറ്റവും മോശം നിലവാരത്തിലുള്ള അരിയും ഗോതമ്പുമാണ് മുൻഗണനാ വിഭാഗക്കാർക്ക് വിതരണം ചെയ്യുന്നത്.അതുപോലും പരമാവധി പേർക്ക് നിഷേധിക്കാനാണ് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത്. റേഷൻ കടകളിൽ നിലവിലുള്ള പൊതുവിതരണ സമ്പ്രദായത്തിന്റെ (ജഉട) സ്ഥാനത്ത് ഠജഉട അഥവാ ലക്ഷ്യവേധിയായ പൊതുവിതരണം ഏർപ്പെടുത്തിയത് ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. റേഷൻ എല്ലാവർക്കുമുള്ളതല്ല; അത് ‘ടാർഗറ്റഡ്’ വിഭാഗങ്ങൾക്ക് മാത്രമുള്ളതാണ് എന്നാണ് നിയമം പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും അളവിൽ വരുമാനമുള്ളവർ പൊതുവിപണിയെ ആശ്രയിക്കണമെന്നാണ് ഭദ്രതാനിയമം അതുവഴി ആവശ്യപ്പെടുന്നത്. ഒരു ഗതിയും പരഗതിയുമില്ലാത്തവർക്കുമാത്രമായി, ഭക്ഷ്യധാന്യങ്ങൾ സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്തുക, സ്റ്റാറ്റിയൂട്ടറി റേഷനിംഗ് അവസാനിപ്പിക്കുക എന്നിവയാണ് നിയമം ലക്ഷ്യമിടുന്നത്.
അങ്ങനെ, പരമാവധി പേരെ പുറത്താക്കാൻ ലക്ഷ്യമിട്ട് ദേശീയ ആസൂത്രണ കമ്മിഷൻ നടത്തിയ സർവ്വേകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ 52 ശതമാനം ഗ്രാമീണർക്കും 39 ശതമാനം നഗരവാസികൾക്കും മാത്രം റേഷൻ ആനുകൂല്യങ്ങൾ നൽകിയാൽ മതി എന്ന തീരുമാനമായത്. അതിനായി, 14.25 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ മാത്രമേ കേന്ദ്രം സംസ്ഥാനത്തിന് നൽകൂ. മറ്റ് ജനവിഭാഗങ്ങൾക്ക് റേഷൻ ലഭിക്കില്ലായെന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു.
ദേശീയതലത്തിലെ കണക്കുകൾ പരിശോധിച്ചാൽ 80 കോടിയിലേറെ ആളുകൾ ആസൂത്രണകമ്മിഷന്റെ കണക്ക് പ്രകാരം എ.പി.എൽ വിഭാഗത്തിൽപ്പെട്ടവരാണ്. അവർ റേഷൻ ആനുകൂല്യങ്ങൾക്ക് അർഹരല്ലായെന്ന് സാരം. അവരുടെ ഭക്ഷ്യസുരക്ഷ ആരാണ് ഉറപ്പാക്കുക? ആ എൺപത് കോടിയിൽ അതിസമ്പന്നരോ സമ്പന്നരോ ആയ എത്ര ശതമാനം ആളുകൾ വരും? പത്ത് കോടി ജനങ്ങൾക്ക് പൊതുവിപണിയെ ആശ്രയിക്കാൻ സാമ്പത്തിക സ്ഥിതിയുണ്ടെന്ന് സങ്കല്പിച്ചാൽ പോലും ബാക്കി 70 കോടി ജനങ്ങളെ എപിഎൽ മുദ്രചാർത്തി ഓപ്പൺ മാർക്കറ്റിലേക്ക് തള്ളുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭക്ഷണമെങ്കിലും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട ഭരണകൂടം എത്ര ക്രൂരമായ വിവേചനമാണ് കാട്ടുന്നത്.

ദരിദ്രരെ ഉന്മൂലനം ചെയ്യുന്ന നിയമം

അർഹരായ റേഷൻകാർഡുടമകളുടെ എണ്ണം കുറയ്ക്കുവാൻ ഓരോ അഞ്ചുവർഷം കൂടുമ്പോഴും കാർഡ് പുതുക്കണമെന്ന് നിയമം അനുശാസിക്കുന്നു. ആ പുറന്തള്ളൽ പ്രക്രിയ ഇനിയങ്ങോട്ട് അനുസ്യൂതം നടക്കും. കേന്ദ്രസർക്കാരിന് മാത്രമേ ബിപിഎൽ അന്തിമലിസ്റ്റ് തയ്യാറാക്കാൻ അധികാരമുണ്ടായിരിക്കൂവെന്നാണ് നിയമം വ്യക്തമാക്കുന്നത്.
അങ്ങനെ ഓരോ അഞ്ചുവർഷം കൂടുമ്പോഴും കാർഡ് പുതുക്കുന്നുവെന്ന പേരിൽ ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരെ രേഖക്ക് മുകളിലേക്ക് ഉയർത്തി റേഷൻ ആനുകൂല്യങ്ങളിൽ നിന്ന് പുറത്താക്കും.
അതോടൊപ്പം ആനുകൂല്യാവർത്തനങ്ങൾ ഒഴിവാക്കാൻ വ്യത്യസ്ത സാമൂഹിക ക്ഷേമ സ്‌കീമുകളിലായി നിൽകി വന്നിരുന്ന ഭക്ഷ്യധാന്യ സബ്‌സിഡികൾ നിർത്തലാക്കാനും നിയമം നിർദ്ദേശിക്കുന്നു. അന്നപൂർണ്ണ, വില്ലേജ് ധാന്യ ബാങ്ക് സ്‌കീം, സാമൂഹിക ക്ഷേമ സ്ഥാപനങ്ങൾ, ശിശുക്ഷേമ സമിതികൾ, അനാഥാലയങ്ങൾ, ഹോസ്റ്റലുകൾ എന്നിവയ്‌ക്കൊക്കെ നൽകി വന്നിരുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും നിയമം മൂലം നിർത്തിവെച്ചിരിക്കുന്നു. അന്ത്യോദയ അന്നയോജന പോലെ ദരിദ്രരിൽ ദരിദ്രരായ ആളുകൾക്ക് തലയൊന്നിന് 35 കിലോ വീതം ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിലും കുറവ് വരുത്തിക്കഴിഞ്ഞു. (ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇത് പുനഃസ്ഥാപിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.)
അങ്ങനെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള മുതലക്കണ്ണീരോടെ ആരംഭിച്ച നിയമം അവശേഷിക്കുന്ന സുരക്ഷക്ക് കൂടി ഭീഷണി ഉയർത്തുകയാണ്. സാമൂഹിക ക്ഷേമത്തിന്റെ വിദൂരമായ അംശങ്ങളെപ്പോലും വെച്ചുപൊറുപ്പിക്കാതെ തുടച്ചുനീക്കുകയെന്നതാണ് ലക്ഷ്യം. ചുരുക്കത്തിൽ ഭക്ഷ്യഭദ്രതാ നിയമം ദാരിദ്ര്യമല്ല നിർമ്മാർജ്ജനം ചെയ്യാൻ പോകുന്നത്, ദരിദ്രരെയാണ്.

റേഷൻ നിഷേധം കേരളത്തിൽ പട്ടിണി മരണങ്ങൾ സൃഷ്ടിക്കും

താരതമ്യേന മെച്ചപ്പെട്ട പൊതുവിതരണ സംവിധാനം നിലനിൽക്കുന്ന കേരളത്തിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുവാൻ പോകുന്നത്. ഒരു വിഭാഗത്തെ മുൻഗണനാവിഭാഗമെന്ന് വിശേഷിപ്പിച്ച് അവരുടെ റേഷൻ കാർഡുകളിൽ ചഎടഅ മുദ്ര പതിച്ച് അവർക്ക് മാത്രമുള്ള റേഷനരിയും ഗോതമ്പും മാത്രം വിതരണം ചെയ്യും എന്ന കേന്ദ്രസർക്കാരിന്റെ നയം കേരളത്തിൽ നടപ്പാക്കാവുന്നതല്ല. അങ്ങേയറ്റം ജനവിരുദ്ധമാണ് ഭക്ഷ്യഭദ്രതാനിയമം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും പ്രക്ഷോഭം നടത്താനുമാണ് ഇടതുമുന്നണി ശ്രമിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ നിയമാനുസൃത റേഷനിംഗ് സമ്പ്രദായത്തെ ശക്തിപ്പെടുത്താനുമാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കേണ്ടത്. അതിനുപകരം കേരള ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ഇപ്പോൾ പറയുന്നു ‘ഈ വർഷം റേഷൻ ആനുകൂല്യങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ അടുത്ത വർഷത്തെ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാ’മെന്ന്.
യഥാർത്ഥത്തിൽ, പട്ടികയിൽ നിന്ന് നല്ലൊരുവിഭാഗത്തെ പുറത്താക്കാനായിട്ടാണ് താലൂക്ക് അടിസ്ഥാനത്തിൽ തയ്യാറാക്കി വന്ന പട്ടിക നിർമ്മാണം സംസ്ഥാനാടിസ്ഥാനത്തിലേക്ക് മാറ്റിയത്. ഇന്നേവരെയുണ്ടായിട്ടില്ലാത്ത അത്രയും നിബന്ധനകളോടെയാണ് അപേക്ഷാഫോറം വിതരണം ചെയ്തിട്ടുള്ളത്. വീട്ടിലെ മുതിർന്ന സ്ത്രീയുടെ പേരിലേക്ക് കാർഡ് മാറിയതോടെ ഫോറം പൂരിപ്പിച്ചുകൊടുക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ വരെ സംഘടിപ്പിക്കേണ്ടിവന്നു. അതുകൂടാതെ ആവശ്യമായ തെളിവുകൾ സംഘടിപ്പിക്കാനും ഫോട്ടോ എടുക്കാനും മറ്റുമായി വൃദ്ധകൾ വരെ നെട്ടോട്ടമോടുകയാണ്. എന്നിട്ടും മനഃപൂർവ്വം തെറ്റുകൾ വരുത്തിയ കാർഡുകൾ സിവിൽ സപ്ലൈസ് വകുപ്പ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. സർക്കാർ മാനദണ്ഡം അനുസരിച്ച് സൂക്ഷ്മദർശിനി വെച്ച് നോക്കിയിട്ടും യഥാർത്ഥ റേഷൻ അവകാശികൾ പട്ടികയിൽ ഉൾപ്പെടുന്നില്ല.അവർ പരാതി പറഞ്ഞു കുഴഞ്ഞു വീണുകൊണ്ടിരിക്കുന്നു.എത്ര വലിയ ദുര്യോഗമാണ് റേഷന്റെ പേരിൽ പാവപ്പെട്ട ജനങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.
റേഷൻ സമ്പ്രദായം കേരളത്തിൽ ആരംഭിച്ചതിന് ശേഷം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്നത്. 1965 ലാണ് ഇന്ത്യയിൽ ആദ്യമായി സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം കേരളത്തിൽ നിലവിൽ വന്നത്. 1966 ജൂലൈ 1 ന് കേരള റേഷനിംഗ് ഉത്തരവ് പുറത്തുവന്നതോടെ നിയമാനുസൃത റേഷൻ സമ്പ്രദായം കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ വിശപ്പിന് അറുതിവരുത്താനുള്ള ആദ്യചുവടുവെയ്പ്പായി മാറി. പൊതുവിതരണ സമ്പ്രദായത്തിന് തന്നെ അതൊരു മാതൃകയായിരുന്നു. അന്ന് എപിഎൽ, ബിപിഎൽ വിഭജനമില്ലായിരുന്നു. പിന്നീട് കേന്ദ്രസർക്കാർ എപിഎൽ-ബിപിഎൽ വിഭജനം കൊണ്ടുവന്നു. ഇത് ആക്രമണത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പലപ്പോഴായി വിഹിതം വെട്ടിക്കുറച്ചു. കേരളജനതയുടെ ഭക്ഷ്യസുരക്ഷിതത്വത്തിന് കരുത്തേകി അഞ്ചുപതിറ്റാണ്ടുകാലം നിലനിന്ന നിയമാനുസൃത റേഷൻ സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കാനുള്ള ഏറ്റവും ആസൂത്രിതവും നിയമപരവുമായ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കേന്ദ്രനിയമം കേരളത്തിൽ നടപ്പാക്കരുത്

കേന്ദ്ര ഭക്ഷ്യഭദ്രതാനിയമം കേരളത്തിൽ നടപ്പാക്കാൻ ആരംഭിക്കുന്നതോടെ വർഷാവർഷം ഇരുപത് ശതമാനം പേരെ മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ടിവരും. എപിഎൽ, ബിപിഎൽ പട്ടികയ്ക്ക് പകരമാണ് മുൻഗണനാ ലിസ്റ്റും മുൻഗണനേതരലിസ്റ്റും തയ്യാറാക്കാൻ കേന്ദ്രം നിർദ്ദേശിച്ചത്. അതുപ്രകാരം സംസ്ഥാനത്തെ 52.63 ശതമാനം ഗ്രാമവാസികളും 39.5 ശതമാനം നഗരവാസികളുമാണ് മുൻഗണനാലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് കേരളത്തിലെ ആകെ ജനസംഖ്യയുടെ 46.3 ശതമാനമാണ്. ബാക്കി 53.7 ശതമാനം ആളുകൾ ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ പുറത്താണ്.

2010-11 ലെ കേന്ദ്ര മാനദണ്ഡങ്ങൾക്കനുസരിച്ച് നടന്ന സെൻസസ്പ്രകാരമാണ് ഈ പട്ടിക തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അതിനെതിരെയാണ് ലക്ഷക്കണക്കിനാളുകൾ, സർക്കാർ ഭാഷയിൽ പറഞ്ഞാൽ, അർഹരായ ആളുകൾ പരാതികളുമായി മുന്നോട്ട് വന്നത്. അതുകൊണ്ട്, കേരളത്തിൽ റേഷൻ വാങ്ങി കഞ്ഞി കുടിക്കാൻ ശ്രമിക്കുന്ന മുഴുവൻ ആളുകൾക്കും റേഷൻ നൽകാൻ കഴിയുന്ന നിയമമാണ് നമുക്ക് വേണ്ടത്. സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനത്തെ അതേപടി നിലനിർത്തി കേരളജനതക്ക് അരിയും ഗോതമ്പും പഞ്ചസാരയും പയർവർഗ്ഗങ്ങളും വെളിച്ചെണ്ണയും ന്യായവിലക്ക് വിതരണം ചെയ്യാനുള്ള ഒരു സംവിധാനമൊരുക്കാൻ സംസ്ഥാനസർക്കാരിന് ചുമതലയുണ്ട്. അത് നിർവ്വഹിക്കാൻ ഇടതുമുന്നണി സർക്കാർ തയ്യാറാവണം.
കേന്ദ്രനിയമത്തിലെ ജനവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇടതുമുന്നണി മുന്നോട്ടുവരണം. കേന്ദ്രവിഹിതം കൊണ്ട് മാത്രം റേഷൻവിതരണം പൂർത്തീകരിക്കാനാവില്ലായെന്നതിനാൽ ബാക്കിയുള്ളവർക്കും അതേ നിരക്കിൽ റേഷനരി വിതരണം ചെയ്യാനുള്ള സബ്‌സിഡി സംസ്ഥാന സർക്കാർ നൽകണം. നിലവിലുള്ള ലിസ്റ്റിൽ നിന്ന് ജനങ്ങളെ പുറത്താക്കാനുള്ള കുതന്ത്രങ്ങൾ പയറ്റുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കൃഷിയെ ശക്തിപ്പെടുത്താനും ആഭ്യന്തരോല്പാദനം വർദ്ധിപ്പിക്കാനും ആവശ്യമായ വിധത്തിൽ കാർഷികനയം രൂപപ്പെടുത്താനും നടപടികൾ ഊർജ്ജിതമാക്കുകയും വേണം.
അതേപ്പോലെ, മാതൃ-ശിശുക്ഷേമ പദ്ധതികൾക്കും ഉച്ചക്കഞ്ഞി വിതരണത്തിനും ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് കേന്ദ്രപൂളിൽ നിന്ന് വിഹിതം നേടിയെടുക്കുകയും വേണം.

ജനാനുകൂലമായ ഒരു സർക്കാർ പ്രഥമ പരിഗണന നൽകേണ്ട കാര്യങ്ങളാണിവ. കേരളത്തിൽ പട്ടിണി മരണങ്ങൾ സംഭവിക്കാതിരിക്കണമെങ്കിൽ ഭക്ഷ്യഭദ്രതാ നിയമമെന്ന ജനവിരുദ്ധ നിയമം അപ്പടി നടപ്പാക്കാൻ കേരളഗവണ്മെന്റ് ശ്രമിക്കരുത്. ജനക്ഷേമകരമായ ഭക്ഷ്യനയം ആവിഷ്‌കരിക്കാനും സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായത്തെ ശക്തിപ്പെടുത്താനും സർക്കാർ തയ്യാറായേ തീരൂ.

Share this post

scroll to top