ശമനമില്ലാത്ത ദളിത് പീഡനം: കാരണവും പരിഹാരവും

Una-incident-organised-crime-against-Dalits-Mamata-300x225.jpg
Share

”അച്ഛൻ അവരോട് നിർത്താനായി യാചിക്കുകയായിരുന്നു. ഞങ്ങൾ ചത്ത പശുവിനെ എടുക്കാൻ പോയതാണെന്ന് അദ്ദേഹം അവരോട് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, ഞങ്ങൾ അതിനെ കൊന്നതാണെന്നാണ് അവർ ശഠിച്ചത്. ഞങ്ങളുടെ കുപ്പായം ഊരി, വാഹനത്തോട് ചേർത്തുകെട്ടി, വലിയവടികൾക്കൊണ്ട് അവർ ഞങ്ങളെ പ്രഹരിച്ചുകൊണ്ടിരുന്നു. കുറച്ചു പോലീസുകാരടക്കം അമ്പതോളം പേരാണ് ഞങ്ങളെ തല്ലുന്നത് നോക്കിനിന്നത്. എന്നാൽ ആരും തന്നെ സഹായിച്ചില്ല. പകരം അവർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ അത് ചിത്രീകരിക്കുകയായിരുന്നു:” കഴിഞ്ഞ ജൂലൈ 11 ന്, ഗുജറാത്തിലെ ഗീർ സോംനാഥ് ജില്ലയിലെ ഊനാ പട്ടണത്തിൽ, സ്വയംപ്രഖ്യാപിത ഗോരക്ഷക്കുകളുടെ (ഹിന്ദു മതമൗലികവാദസംഘടനകളിൽ ഉൾപ്പെടുന്ന പശുസംരക്ഷകർ) നിർദ്ദയമായ ആക്രമണത്തിനിരയായ നാലു ദളിത് യുവാക്കളിലൊരാളുടെ മൊഴിയാണിത്.

ഗോരക്ഷക്കുകളാകട്ടെ തങ്ങളെന്തോ മഹാകാര്യം ചെയ്തതായി വമ്പു പറയുകയും (ഹിന്ദു മതത്തിൽ പശുവിനെ അമ്മയായിട്ടാണത്രേ കണക്കാക്കുന്നത്), ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊങ്ങച്ചത്തോടെ സാമൂഹികമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി മുപ്പതോളം ദളിതരാണ് ആത്മഹത്യ ചെയ്യുകയോ അതിനു ശ്രമിക്കുകയോ ചെയ്തത്. ബസുകൾക്കു നേരേ കല്ലേറുണ്ടാകുകയും ഗുജറാത്ത് സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ, പ്രദേശത്തേക്കുള്ള സർവ്വീസുകൾ നിർത്തുകയും ചെയ്തു. രാജ്യമൊട്ടാകെ ജനരോഷം ഉയരുകയും, പതിവ് മൗനംവെടിഞ്ഞ് തന്റെ പ്രതികരണം ഈ വിഷയത്തിൽ നടത്താൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കുകയും ചെയ്തു. എന്നാൽ ഊനാ പ്രശ്‌നത്തിന് കേവലം ഒരു ദിവസം മുമ്പ്, കർണ്ണാടകത്തിൽ ബാംഗ്ലൂരിന് 300 കിലോമീറ്റർ അകലെ ശാന്തിപുരഗ്രാമത്തിൽ, ബജ്‌രംഗ്ദൾ എന്ന അക്രമകാരികളായ ഹിന്ദുത്വസംഘടനയുടെ ഇരുപത്തിയഞ്ച് പ്രവർത്തകർ 5 ദളിതരെ ആക്രമിച്ചിരുന്നു. പശുവിനെ മോഷ്ടിച്ച് കശാപ്പു ചെയ്തു എന്ന് ആരോപിച്ചായിരുന്നു ഇത്.
ദളിതർക്കെതിരേയുള്ള കുറ്റകൃത്യങ്ങളും അക്രമവും വർദ്ധിക്കുന്നു.

ഈ രണ്ട് സംഭവങ്ങളും രാജ്യത്ത് ദളിതരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാണിക്കുന്നത്. 2011നും 2014നും ഇടയിൽ ഇന്ത്യയൊട്ടാകെ ദളിതർക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ 40% വർദ്ധനവുണ്ടായി എന്ന ഞെട്ടിക്കുന്ന വിവരമാണ് ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയും നൽകുന്ന കണക്കുകൾ കാണിക്കുന്നത്. 2015-ൽ ദളിതർക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ ഗുജറാത്ത് ആയിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഛത്തീസ്ഗഢും തുടർന്ന് രാജസ്ഥാനും. വാസ്തവമെന്തെന്നാൽ, 2016ൽ ഭേദഗതി ചെയ്ത ദളിത് പീഡനവിരുദ്ധ നിയമം അനുസരിച്ച് ദളിതർക്കെതിരേയുള്ള അക്രമത്തിന് മുന്നിട്ടിറങ്ങുന്നവരെ ശിക്ഷിക്കുന്നത് വളരെ ശുഷ്‌കമാണ്. അതുകൊണ്ടുതന്നെ, എന്തു ചെയ്താലും രക്ഷപെടാം എന്ന് ഈ അക്രമികൾക്കും അറിയാം.

ഈ അവസ്ഥ രാജ്യാതിർത്തികൾക്ക് പുറത്തുള്ളവർക്കും അറിയാം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ കണ്ടെത്തുന്നത് (നേരത്തെ 2000 ആദ്യപാദത്തിലും അടുത്തിടെ ജനുവരി 2016ലും) മനുഷ്യന്റെ അന്തസ്സിനും തുല്യതക്കും വിവേചനരാഹിത്യത്തിനും വിരുദ്ധമാണ് ജാതിവ്യവസ്ഥ എന്നതാണ്. കേവലം ജാതിയുടെ പേരിലുള്ള അക്രമമോ, ജാതിവിവേചനമോ മാത്രമല്ല എതിർക്കേണ്ടത് ജാതിസമ്പ്രദായം തന്നെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലേതടക്കമുള്ള സർക്കാരുകൾ ജാതിവിവേചനത്തിനെതിരെ നിയമങ്ങൾ പാസാക്കുന്നു, ബോധവൽക്കരണ പരിപാടികൾ നടപ്പാക്കുന്നു, സംവരണവും ക്വോട്ടാകളും പോലെയുള്ള സംവിധാനങ്ങൾ ഒക്കെ സ്വീകരിക്കുന്നുമുണ്ടെന്ന് കൗൺസിൽ റിപ്പോർട്ട് നിരീക്ഷിക്കുന്നു. എന്നിട്ടും, ദളിതർക്കെതിരേയുള്ള അക്രമവും, അവരെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ ഒഴിവാക്കി നിർത്തുന്നതും നിഷ്ഠൂരമായ രീതിയിൽ തുടരുന്നു. ഭാരത സർക്കാർ എന്തൊക്കെ ന്യായം നിരത്തിയാലും ജാതിവിവേചനത്തിന്റെ ക്രൂരത ഒളിച്ചുവെക്കാനാകില്ല. (ഫ്രണ്ട്‌ലൈൻ – 2016 ഏപ്രിൽ 29)

ദളിതർക്കു മേൽ എന്തൊക്കെ ക്രൂരതകളാണ് നടപ്പാക്കുന്നത്? തികച്ചും ഹീനമായ കുറ്റകൃത്യങ്ങൾ – ദളിതരുടെയും പലപ്പോഴും അവരുടെ ദളിതരല്ലാത്ത ജീവിതപങ്കാളികളുടെയും (ഗുജറാത്തിലെ റജൂലയിൽ നടന്നതു പോലെ) മൃഗീയമായ കൊലപാതകങ്ങൾ; കൗമാരക്കാരെയടക്കം ജീവനോടെ ചുട്ടുകൊല്ലുക; വെട്ടിയും കുത്തിയും കൊലപ്പെടുത്തുക; തുടങ്ങി കൂട്ടബലാൽസംഗങ്ങളും കൊള്ളയും കൊള്ളിവെപ്പും അപകടകരമായി പരിക്കേൽപ്പിക്കുന്നതുമടക്കമുള്ളവയാണ് നടക്കുന്നത്. പരസ്യമായ മറ്റനവധി ക്രൂരതകൾക്കു പുറമേ ആണിത്. നിത്യേന, നിരന്തരമായ അപമാനവും സഹിക്കേണ്ടി വരുന്നതിനാൽ, ഭയത്തിന്റെ അന്തരീക്ഷത്തിലാണ് പലപ്പോഴും അവർ ജീവിക്കുന്നത്. ചായക്കടകളിൽ നിന്നും അവർക്കായി കപ്പുകൾ നൽകാത്തതിനാൽ, ചായ കുടിക്കണമെങ്കിൽ ദളിത് സ്ത്രീകൾക്ക് സ്വന്തം കപ്പുമായി പോകേണ്ടി വരുന്നു. പലയിടത്തും പൊതുകിണറുകളിൽ നിന്നും വെള്ളം കോരാൻ അനുവാദമില്ല. മറ്റേതെങ്കിലും സ്ത്രീകൾ അറിയാതെ അവരെ തൊട്ടുപോയാൽ അവർ കൈകഴുകേണ്ടി വരുന്നു. ചത്ത മൃഗങ്ങളുടെ തോലുരിക്കാൻ അവർ വിസമ്മതിച്ചാൽ പ്രാദേശികപ്രമാണിമാരുടെ കോപവും അവർ സഹിക്കേണ്ടിവരുന്നു. ഇനി അങ്ങനെ ചെയ്യാൻ പോയാലും പശുരക്ഷകരുടെ ക്രൂരത നേരിടേണ്ടി വരുന്നു. സമൂഹത്തോടും തന്നോടു തന്നെയും അവർക്കു ചോദിക്കേണ്ടി വരുന്നു, മറ്റുള്ളവരെപ്പോലെ ഞങ്ങളും മനുഷ്യരല്ലേ? ഞങ്ങളുടെ സിരകളിൽ മനുഷ്യരക്തം തന്നെയല്ലേ ഒഴുകുന്നത്? പീഡിപ്പിക്കപ്പെടുവാനും, പക്ഷപാതപരമായി മാറ്റിനിർത്തപ്പെടാനും, നിരന്തരമായി ക്രൂശിക്കപ്പെടാനും, അധികാരകേന്ദ്രങ്ങൾക്കും സ്ഥാപിതതാൽപ്പര്യക്കാർക്കും സാമൂഹികമായി ഭ്രഷ്ട് കൽപ്പിച്ചു മാറ്റിനിർത്താനും വേണ്ടിയാണോ ഞങ്ങൾ ജനിച്ചത്?

പൗരാണികകാലം തൊട്ടേ ഇന്ത്യയിൽ ദളിതർക്കെതിരേയുള്ള അതിക്രമങ്ങൾ നടക്കുന്നു. അത് സ്വാതന്ത്ര്യാനന്തരം തുടരുകയും ചെയ്യുന്നു. എന്നാൽ, ഗുജറാത്തും രാജസ്ഥാനും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും വിശിഷ്യാ കേന്ദ്രത്തിലും ബിജെപി അധികാരത്തിലേറിയതിനു ശേഷം, ദളിതർക്കെതിരേയുള്ള അക്രമങ്ങളിൽ പൊടുന്നനെ ഒരു വർദ്ധനവ് വ്യക്തമാണ്. വർഗ്ഗീയഭ്രാന്തരായ, അക്രമികളായ ചില വ്യക്തികളോ, ഉയർന്ന സമുദായക്കാരായ ഗ്രാമമുഖ്യന്മാരോ നടത്തുന്ന ഹീനമായ കുറ്റകൃത്യങ്ങൾക്കുപുറമേ സർക്കാരും ഭരണവൃന്ദവും വ്യത്യസ്ഥമായൊരു മനോഭാവമല്ല പുലർത്തുന്നത്. ദളിതർക്കെതിരേയുള്ള അക്രമങ്ങളാകട്ടെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ, ചെറുപട്ടണങ്ങളിലോ ഗ്രാമങ്ങളിലോ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ, കണ്ണടയ്ക്കാൻ പറ്റാത്ത ഉദാഹരണമായി നമുക്കുമുന്നിലുണ്ട്. പ്രാദേശിക ബിജെപി-എബിവിപി പ്രവർത്തകർ, സർവകലാശാലാ അധികൃതർ, കൂടാതെ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിൽ നിന്നടക്കം നേരിടേണ്ടി വന്ന അപമാനത്തിന്റെയും, വിവേചനത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായിട്ടാണ് ഈ ചെറുപ്പക്കാരൻ മരണത്തെ സ്വയം പുൽകിയത്. യുപി, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇതുപോലെ പരിതാപകരമായ സംഭവങ്ങൾ ഉണ്ടാകുന്നു. പഴയ കോൺഗ്രസ് സർക്കാരിനു കീഴിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. ഇതുപോലെ നിരന്തരമായി, നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ചുകൊണ്ട്, അങ്ങേയറ്റം ബീഭത്സമായി, ഇപ്പോളത്തെ ഹിന്ദു വർഗ്ഗീയ ബിജെപി സർക്കാരിന്റ കീഴിലെ പോലെ നടന്നിരുന്നില്ല. വാസ്തവത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ തങ്ങൾക്ക് എന്തുമാകാം എന്ന തോന്നലാണ് കാവിപ്പടക്ക് കൈവന്നിട്ടുള്ളത്.

വർദ്ധിക്കുന്ന മുതലാളിത്ത ചൂഷണവും ഒപ്പമുണ്ടാകുന്ന സാമൂഹിക തിന്മകളും
അധ്വാനിക്കുന്ന ദരിദ്രരായ ജനങ്ങളെയൊക്കെ ചോരയൂറ്റിക്കുടിച്ച് മുതലാളിത്തം ചൂഷണം ചെയ്യുമ്പോൾ തന്നെയാണ്, രാജ്യത്തിനാകെ അപമാനം വരുത്തിക്കൊണ്ട് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ നടക്കുന്നത്. തൊഴിലില്ലായ്മയും വർദ്ധിക്കുന്ന ദാരിദ്ര്യവും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ആകാശംമുട്ടെ ഉയരുന്ന വിലകൾ ജനത്തെ കൂടുതൽ പാപ്പരാക്കുന്നു. കണക്കുകൾ നമുക്കു മാറ്റിവെക്കാം. തങ്ങളുടെ വീടുകളിൽ നിന്ന്, സ്വന്തം സംസ്ഥാനങ്ങളിൽ നിന്ന്, ദൂരദേശങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ആയിരക്കണക്കിന് യുവാക്കൾ-അവരിൽ നല്ലൊരു ശതമാനം ദളിതരുമാണ്-ഇതു തന്നെയാണ് തൊഴിലില്ലായ്മയുടെ വേദനാജനകമായ തെളിവ്. സ്വന്തം മണ്ണിൽ നിന്നും പറിച്ചെറിയപ്പെട്ട്, സ്വന്തം രാജ്യത്തിലെ തന്നെ അപകടകരവും ശത്രുതാപരവുമായ അന്തരീക്ഷത്തിൽ നിലനിൽക്കാൻ പൊരുതേണ്ടി വരുന്നവർക്ക്, ജീവിതത്തിൽ തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു, തങ്ങളുടെ ധാർമിക-സദാചാര മൂല്യങ്ങൾ നഷ്ടപ്പെടുന്നു. അതു പോലെ തന്നെ വിപുലമായ മനുഷ്യക്കടത്തിന്റെ ഇരകളുണ്ട്. മെച്ചപ്പെട്ട ഒരു ജീവിതത്തിന്റെ വെറും വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ്, പലപ്പോഴും അവരുടെ കുടുംബങ്ങളുടെ കൂടെ സമ്മതത്തോടെ, പ്രധാനമായും ദരിദ്രരും അധഃസ്ഥിതരുമായ ദളിത് കുടുംബങ്ങളിൽ നിന്നും വളരെ നിസ്സാരമായി ഏജന്റുമാർ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കുരുക്കിലാക്കുന്നത്. ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാനായി ദാരിദ്ര്യത്തെക്കുറിച്ച് സർക്കാർ എന്തൊക്കെ അവകാശവാദം ഉന്നയിച്ചാലും ശരി, ജനങ്ങൾ എന്തുമാത്രം അസഹനീയവും അനിശ്ചിതത്വവും ദാരിദ്ര്യവും നിറഞ്ഞ ജീവിതമാണ് നയിക്കേണ്ടി വരുന്നതെന്നാണ് ഇത് കാണിക്കുന്നത്,. മറുവശത്ത്, കുത്തകളും കോർപ്പറേറ്റുകളും നേട്ടമുണ്ടാക്കുന്നു. കേന്ദ്രത്തിലാകട്ടെ, സംസ്ഥാനങ്ങളിലാകട്ടെ, സർക്കാരുകളെ കൈപ്പിടിയിലാക്കുന്നതിൽ അവർ വിജയിച്ചു. വളർച്ച, വികസനം എന്നീ പദാവലികൾ ഉപയോഗിച്ചുകൊണ്ട് ജനത്തിന്റെ കണ്ണിൽ പൊടിയിട്ട്, ഒന്നിനു പിറകേ മറ്റൊന്നായി തങ്ങൾക്കു വേണ്ട പരിഷ്‌കാരങ്ങൾ അവർ നടപ്പാക്കിയെടുക്കുന്നു. കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും അടിയാളരുടെയും വിശ്വസ്ഥ സേവകരുടെയും കണക്കെടുത്താൽ, ബൂർഷ്വാ, പെറ്റിബൂർഷ്വാ, സോഷ്യൽ ഡെമോക്രാറ്റിക് തുടങ്ങി എല്ലാ നിറങ്ങളിലും പെട്ട സേവകരായ രാഷ്ട്രീയ പാർട്ടികളിൽ തുടങ്ങി, വമ്പിച്ച ശമ്പളവും പരിശീലനവും നൽകി പരിപോഷിപ്പിച്ച് നിലനിർത്തിയിരിക്കുന്ന ബ്യൂറോക്രാറ്റുകളും ഭരണസംവിധാനവും, കൂടാതെ പാവനമെന്നു നമ്മൾ കണക്കാക്കുന്ന രാഷ്ട്രത്തിന്റെ മറ്റു തൂണുകളും ഉൾപ്പെടുന്നു. യഥാർത്ഥ ഭരണാധികാരികളായ ഈ കുത്തകകൾ ഇട്ടുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്കായി ഇവരെല്ലാം തന്നെ അവർക്കായി സ്തുതിഗീതം പാടി കുഴലൂത്തു നടത്തുന്നു. അതേ സമയം രാജ്യം കാണുന്നതോ, നടുറോഡിൽ പട്ടാപ്പകൽ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തുന്നു, ഭാര്യയെ ഭർത്താവും തിരിച്ചും കൊല ചെയ്യുന്നു, ലവ് ജിഹാദിന്റെ പേരിൽ സഹോദരൻ സഹോദരിയെ കൊല്ലുന്നു, അച്ഛൻ മകളെ പീഡിപ്പിക്കുന്നു അങ്ങനെ എന്തെല്ലാം. ‘സർവ്വശക്തമായ’ ഭരണകൂടമാകട്ടെ വെറുമൊരു കാഴ്ച്ചക്കാരനായി നിലകൊള്ളുന്നു. പലപ്പോഴും ഇരകൾ ദളിതരടക്കമുള്ള പിന്നാക്കക്കാരാകാം, ഭരണസംവിധാനമാകട്ടെ അവരോട് പക്ഷപാതപരമായും പെരുമാറുന്നു. കുറ്റവാളികളും അക്രമികളും ഭരിക്കുന്ന പാർട്ടികളുടെ കുടക്കീഴിലാണെന്ന് കാണുകയാണെങ്കിൽ, അവർക്കെതിരെ തെളിവുകൾ കണ്ടെത്താതിരിക്കാനാണ് പോലീസ് ശ്രമിക്കുക. ജനാധിപത്യത്തിന്റെയും നാഗരികതയുടെയും ഈ പരിഹാസ്യരൂപം എല്ലാ പരിധികളും ലംഘിക്കുകയാണ്.

ഏറ്റവും അധഃസ്ഥിതരും ദരിദ്രരുമായ ദളിതർക്കെതിരേയുള്ള ഈ വർദ്ധിത പീഡനം എന്തുകൊണ്ട്? എന്തു കൊണ്ട് സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും നമ്മുടെ രാജ്യത്ത് ഈ വൃത്തികെട്ട ദാരിദ്ര്യവും വിവേചനവും അടിച്ചമർത്തലും നിലനിൽക്കുന്നു എന്നു മാത്രമല്ല, അത് കൂടുതൽ മോശമായ അവസ്ഥയിലേക്ക് പതിക്കുന്നത് നമ്മൾ കാണേണ്ടി വരുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം ഒന്നേയുള്ളൂ. എല്ലാ തിന്മകളുടേയും ദുരിതങ്ങളുടേയും കാരണം, ഇതിന്റെയൊക്കെ ഉത്ഭവം, നിലനിൽക്കുന്ന മുതലാളിത്ത സംവിധാനമാണ്. കഴിഞ്ഞുപോയ ദശകങ്ങളിലൂടെ ദൃഢീകരിക്കപ്പെട്ട ഈ സംവിധാനം തന്നെയാണ് ജനലക്ഷങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുന്നതും. ഭരിക്കുന്ന മുതലാളിത്തത്തിന്റെ കമ്പോള പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമ്പോൾ എല്ലാ തലങ്ങളിലുമുള്ള അടിച്ചമർത്തപ്പെടുന്നവർ നേരിടേണ്ടി വരുന്ന ആക്രമണവും കൂടുതൽ വ്യക്തവും രൂക്ഷവും ആകും.
ചൂഷിതരായ ജനങ്ങൾക്ക് ഈ ദുരിതത്തിൽ നിന്നും കരകയറാനുണ്ടായിരുന്ന മാർഗ്ഗം, ജാതി-മത-ഭാഷാ ഭേദമെന്യേ ജീവിതത്തിന്റെ എല്ലാ തുറകളിലും നിന്നുള്ള മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി അണിചേരുന്ന ഒരു കരുത്തുറ്റ ജനാധിപത്യ സമരത്തിന്റേതാണ്. അങ്ങനെയുള്ള ഒരു മുന്നേറ്റത്തിനു മാത്രമേ, അക്രമികൾക്കും വിവേചനവും അടിച്ചമർത്തലും സൃഷ്ടിക്കുന്നവർക്കുമെതിരെ എന്തെങ്കിലും സമ്മർദ്ദം ചെലുത്താനും സാധിക്കൂ. ജനജീവിതത്തിന് അൽപ്പം ആശ്വാസമേകുന്ന തരത്തിൽ ഒരു പ്രതിരോധമായി കൂടെ അത് പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇതൊരു വിദൂരസ്വപ്നമായി നിലനിൽക്കുന്നു. മറുവശത്ത്, ഭരിക്കുന്ന കുത്തകകളും അവരുടെ സേവകരും രൂപകൽപ്പന ചെയ്തു നടപ്പാക്കുന്ന വെറുപ്പിന്റെ ആശയങ്ങളും ഭിന്നിപ്പിക്കൽ നടപടികളും ജനത്തെ വിഭജിച്ചു നിർത്തുകയാണ്. അവരുടെ ഒരേയൊരു ലക്ഷ്യം ജനങ്ങളുടെ ഐക്യത്തെ തകർത്ത് അവരെ ജാതിയുടേയും മതത്തിന്റെയും അങ്ങനെ പല വ്യത്യാസങ്ങളുടേയും പേരിൽ കഷ്ണങ്ങളാക്കി അകറ്റിനിർത്തുക എന്നതാണ്. പരസ്പരം സംശയാലുക്കളാക്കി അവരെ നിലനിർത്തി, ഭ്രാതൃഹത്യാപരമായ കൂട്ടക്കൊലകളിലേക്കു വരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നയിക്കുന്നു. അതുവഴി, തങ്ങളുടെ യഥാർത്ഥ ചൂഷകർക്കെതിരെ ഒരുമിച്ചു നിന്നു പൊരുതുന്നതിൽ നിന്നും ജനത്തെ തടയുന്നു. പ്രതിസന്ധികളിൽ ആടിയുലയുന്ന ഈ മുതലാളിത്ത സംവിധാനം അങ്ങനെ ജീവൻ നിലനിർത്തുന്നു.

ഭരിക്കുന്ന കുത്തകമുതലാളിവർഗ്ഗമാണ് ഈ പദ്ധതിയെ വിരിയിച്ചെടുക്കുന്നത്.

ഭരണവർഗ്ഗവുമായും നിലനിൽക്കുന്ന സംവിധാനവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന, ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയപാർട്ടികളാകട്ടെ, ഈ പദ്ധതിനടപ്പിലാക്കുന്നതിനും അതിന്റെ പ്രഹരശേഷി കൂട്ടുന്നതിനും വേണ്ടി, തികഞ്ഞ കാര്യക്ഷമതയോടെ തങ്ങളുടെ സേവകവേഷം സന്തോഷത്തോടെ ആടുകയാണ്. അതുകൊണ്ട് നമുക്കു കാണാൻ സാധിക്കുന്നത്, ഒരു സമുദായത്തിലെ ചൂഷിതരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരു പാർട്ടി അധികാരത്തിലെത്തിയാൽ, മറ്റൊരു സമുദായത്തിൽ നിന്നുള്ള തങ്ങളുടെ സഹോദരരെ കൂട്ടുപിടിച്ച്, ആ നിസ്സഹായരെ തങ്ങളുടെ വാലിൽ കെട്ടി അധികാരം നേടിയെടുക്കാനായി മറ്റൊരു പാർട്ടി ശ്രമിക്കും. തെരഞ്ഞെടുപ്പു പ്രചാരവേളയിൽ ഈ പാർട്ടികളും നേതാക്കളും ഉയർന്ന പ്രസംഗപീഠങ്ങളിൽ നിന്നും പത്രമാധ്യമങ്ങളിൽ എഴുതിയും വാഗ്‌ധോരണികൾ മുഴക്കും. ഇതിലൂടെ, ദളിതരടക്കമുള്ള ചൂഷിതരായ പാവപ്പെട്ടവർക്കിടയിലെ ഏതെങ്കിലും വിഭാഗത്തിന്റെ ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ പ്രഖ്യാപിക്കും. എന്നാൽ ഇത്തരം പ്രസംഗങ്ങളും ലേഖനങ്ങളുമൊക്കെ അവരുടെ വോട്ടു രാഷ്ട്രീയത്തിൽ മാത്രം അവസാനിക്കും. വോട്ടെടുപ്പു കർമ്മം കഴിഞ്ഞാൽ പാവപ്പെട്ടവരോടുള്ള അവരുടെ ദയാവായ്പ്പ് വായുവിൽ അലിഞ്ഞുപോകും. ഭരിക്കുന്ന ചൂഷക മുതലാളിത്ത സംവിധാനം മാത്രം മാറ്റമില്ലാതെ നിലകൊള്ളും. സ്വാഭാവികമായും ജനങ്ങൾക്ക് യാതൊരു നന്മയും ലഭിക്കുകയുമില്ല.

ഈ പ്രക്രിയയെ തടഞ്ഞില്ലയെങ്കിൽ, കൂടുതൽ കരുത്തു നേടിയെടുക്കുന്ന മുതലാളിത്തം കൂടുതൽ ഹീനമായ ആക്രമണമാകും നടത്തുക. തങ്ങളുടെ ചൂഷക ഭരണകൂടസംവിധാനത്തിന്റെ ചക്രങ്ങൾക്കടിയിലിട്ട് അവർ ജനത്തെ അരയ്ക്കും. ഭരണവർഗ്ഗത്തിന്റെ അപ്പക്കഷണങ്ങൾക്കായി കാത്തു കിടക്കുന്ന ബൂർഷ്വാ-പെറ്റിബൂർഷ്വാ പാർട്ടികൾ ജനത്തെ പറ്റിക്കാൻ പുതിയ വഴികളും തന്ത്രങ്ങളും കണ്ടുപിടിക്കും. ജനത്തെ ഭിന്നിപ്പിച്ച്, ആ ഭിന്നതക്കു മേൽ അവർ അധികാരം നേടും. ദളിതരുടെ അങ്ങേയറ്റം അധഃസ്ഥിതവും ദാരിദ്ര്യം നിറഞ്ഞതുമായ അവസ്ഥ ദയവില്ലാത്ത മുതലാളിത്ത ചൂഷണത്തിന്റെ അവിഭാജ്യഘടകമാണ്. അതുകൊണ്ടു തന്നെ ദളിതരടക്കമുള്ള ചൂഷിതരായ ജനങ്ങൾ തങ്ങളുടെ ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ജനാധിപത്യ പ്രക്ഷോഭണത്തിനായി മുന്നിട്ടിറങ്ങുകയെന്നതു മാത്രമാണ് ഈ വർദ്ധിക്കുന്ന പ്രശ്‌നങ്ങൾക്കെതിരെ സ്വീകരിക്കാൻ പറ്റുന്ന ഒരേയൊരു വഴി.

ആരാണ് ദളിതർ? എന്തുകൊണ്ട് അവരെ അങ്ങനെ വിളിക്കുന്നു?

എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ ദളിതരെന്നു വിളിക്കുന്നത്? ആരാണ് അവരെ ദളിതരാക്കിയത്? തകർന്ന ജനങ്ങൾ എന്നർത്ഥം വരുന്ന ദളിതർ നേരത്തേ തൊട്ടുകൂടാത്തവരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഉയർന്ന സമുദായക്കാർ തങ്ങളെ ഉയർന്നവരാക്കി സ്ഥാപിക്കുന്ന തരത്തിൽ സൃഷ്ടിച്ചു നിലനിർത്തിപ്പോരുന്ന പഴഞ്ചൻ കർക്കശ ജാതിവ്യവസ്ഥയിൽ ഏറ്റവും താഴേത്തട്ടിൽ നിലനിർത്തിയിരിക്കുന്നവരാണ് ദളിതുകൾ. കഴിഞ്ഞ ജന്മത്തിൽ ഒരു വ്യക്തി ചെയ്ത നന്മയുടേയോ പാപത്തിന്റെയോ ഫലമായി ജന്മം കൊണ്ട് നിർണ്ണയിക്കപ്പെടുന്നതാണ് ജാതി എന്നതാണ് ഉയർന്ന ജാതിക്കാർ നിർണ്ണയിച്ചിരിക്കുന്ന നിർവ്വചനം. വിവാഹം, ജോലി, വീട് – അതായത് പ്രദേശത്തിന്റെ ഏതു ഭാഗത്ത് താമസിക്കണം, എന്നുവേണ്ട നിത്യജീവിതത്തിന്റെ ഭാഗമായതെല്ലാം ജാതി കൊണ്ട് നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. തകർക്കാനാകാത്ത വിശ്വാസമായി ഈ ആശയങ്ങൾ സമൂഹത്തിന്റെ മനോഭാവത്തിൽ ആഴത്തിൽ വേരിറക്കി. കാലങ്ങളോളം ഭയാദരവുകളോടെ കൊണ്ടുനടക്കാൻ തക്കവണ്ണം ഈ സംവിധാനത്തെ വളരെ കർക്കശമാക്കി. നാലു പ്രധാന ജാതികളിൽ (ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ) സമൂഹത്തിലെ ഏറ്റവും ഹീനജോലികൾ ചെയ്യേണ്ടിവരുന്ന ശൂദ്രരായിരുന്നു ഏറ്റവും താഴേത്തട്ടിലുണ്ടായിരുന്നത്. എന്നാൽ ഈ നാലു ജാതികളും ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്യേണ്ടി വരുന്ന, യഥാർത്ഥത്തിൽ ജാതിവ്യവസ്ഥക്കു പുറത്ത് നിർത്തിയിരിക്കുന്ന അഞ്ചാമത്തെ വിഭാഗമായി, സാമൂഹികഘടനയിൽ ഏറ്റവും താഴെയായി പരിഗണിക്കപ്പെട്ടിരുന്നവരാണ് ദളിതർ. എന്നാൽ സമൂഹത്തെ മുന്നോട്ടു നീക്കാൻ ഈ ജോലികൾ കൂടിയേ കഴിയൂ. എന്നിട്ടും ഈ ജോലികൾ നിർവ്വഹിച്ച് മറ്റുളളവർക്ക് ആശ്വാസം നൽകുന്നവരെ ജാതിഭ്രഷ്ടരായി മുദ്രകുത്തിയിരിക്കുന്നു. അതിനു പുറമേ, ജാതിവ്യവസ്ഥയുടെ കാർക്കശ്യം തലമുറകളോളം തങ്ങളുടെ അവസ്ഥ തുടരാൻ വിധിക്കപ്പെട്ടവരാക്കി അവരെ തള്ളിയിട്ടു. അങ്ങനെ ഇന്ത്യൻ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ദളിതർ, ഇന്നോളവും ഇപ്പോഴും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും എല്ലാ കാര്യങ്ങളിലും വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നു. കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നിവയുടെ ലഭ്യത തുടങ്ങി, എവിടെ ജീവിക്കണം എന്തു തൊഴിലെടുക്കണം എന്നതിൽ വരെയുളള നിയന്ത്രണങ്ങൾ – എല്ലായിടത്തും വിവേചനപരമായ സമീപനം. തൊഴിലെടുക്കുന്നതിലെ നിയന്ത്രണങ്ങൾ മൂലം ദളിത് കർമ്മശേഷിയുടെ മുക്കാൽ പങ്കും കാർഷിക തൊഴിലാളികളായും ശേഷിക്കുന്നവർ തുകൽപ്പണി, തൂപ്പുജോലി തുടങ്ങി തോട്ടിപ്പണി വരെ മാത്രം ചെയ്യാൻ വിധിക്കപ്പെട്ടവരാക്കുന്നു. ഇതിൽ, തോട്ടിപ്പണി ചെയ്യേണ്ടിവരുന്നവരാണ് ഏറ്റവും താഴ്ന്നവരായി കണക്കാക്കപ്പെടുന്നത്. കണക്കുകൾ പ്രകാരം പത്തുലക്ഷത്തോളം ജനസംഖ്യയുണ്ടെന്നു കരുതുന്ന ഇവരാണ് മനുഷ്യ വിസർജ്യങ്ങൾ വൃത്തിയാക്കൽ, ശവക്കുഴി വെട്ടൽ, ചത്ത മൃഗങ്ങളെ നീക്കം ചെയ്യൽ തുടങ്ങിയവയ്ക്ക് പരമ്പരാഗതമായി ചുമതലപ്പെട്ടവർ. സമൂഹത്തെ ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും രക്ഷിക്കുന്ന ഇത്തരം ജോലികൾ ചെയ്യുന്നവരാണെങ്കിലും, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വരുമാനം പോലും കണ്ടെത്താൻ ഇത് ദളിതരെ സഹായിക്കുന്നില്ല. സ്‌ക്കൂൾ വിദ്യാഭ്യാസം നേടുന്നതോ, ആവശ്യമായ ആതുരശുശ്രൂഷ ലഭിക്കുന്നതോ അവരുടെ വിദൂരസ്വപ്നങ്ങളിൽ പോലുമില്ല. ഇതിന്റെ ഫലമായി, ജനസംഖ്യയുടെ 16%, അതായത് 167 ദശലക്ഷം പേരുണ്ടെങ്കിൽ കൂടിയും ദളിതർ ഏറെയും തന്നെ ദരിദ്രരും, വിദ്യാഹീനരും, നിരക്ഷരരും, ശാരീരികമായി പോലും ശോഷിച്ചവരും അങ്ങേയറ്റത്തെ വിവേചനവും ദാരിദ്ര്യവും നേരിടേണ്ടിവരികയും ചെയ്യുന്നവരാണ്.

ഇവിടെ നാം അടിവരയിടേണ്ട വസ്തുതയുണ്ട്. താണ ജാതിക്കാരായി മുദ്രകുത്തപ്പെടുകയും, തീർച്ചയായും സമൂഹത്തിലെ ഏറ്റവും ദരിദ്രരായ വിഭാഗമായിരിക്കുകയും ചെയ്യുന്നവരാണ്, അധ്വാനിക്കുന്ന, ചൂഷിതരായ ദരിദ്രജനങ്ങളിലെ ദളിതർ എന്നറിയപ്പെടുന്ന ഈ വിഭാഗം. മറ്റു തരത്തിലുള്ള അടിച്ചമർത്തലുകൾക്ക് വിധേയരാകുമ്പോൾ തന്നെ, എങ്ങനെ പരിഗണിച്ചാലും, മുതലാളിത്ത സംവിധാനത്തിന്റെ നിർദ്ദയമായ അടിച്ചമർത്തലിനു വിധേയരാകുന്ന, ചൂഷിതരായ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയാണ് അവരും. അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങൾക്കിടയിൽ ഉള്ളതു പോലെ തന്നെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന ഒരു പിടി ആളുകൾ ദളിതർക്കിടയിലും ഉണ്ട്. ‘ക്രീമിലെയർ’എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രബലമായ ഈ ചെറുവിഭാഗം ഭരിക്കുന്ന മുതലാളിത്തത്തിന്റെയും അവരുടെ ഏജന്റുമാരുടേയും തന്നെ സൃഷ്ടിയാണ്. അടിച്ചമർത്തുന്ന ഭരണകൂടത്തോടുള്ള കറകളഞ്ഞ വിധേയത്വത്തിനു പകരമായി, സമ്പത്തും ആർഭാടവും അധികാരവും ആസ്വദിക്കാൻ താത്പര്യമുള്ള അവസരവാദികളായ വ്യക്തികളെ ദളിത് വിഭാഗങ്ങൾക്കിടയിൽ നിന്നും ഇവർ കണ്ടെത്തുന്നു. സ്വന്തം സമുദായങ്ങളുടെ യഥാർത്ഥ താൽപര്യത്തെ വഞ്ചിച്ചുകൊണ്ട് ഇവർ അടിച്ചമർത്തുന്നവരുടെ ഭൃത്യന്മാരായി മാറുന്നു. ചെറുന്യൂനപക്ഷമായ ഈ മേൽത്തട്ടുകാരുടെ അഭിവൃദ്ധിയും സ്വാധീനവും ചൂണ്ടിക്കാണിച്ചു കൊണ്ടാണ്, ‘പുരോഗതി’യുടെ പാതയിൽ അതിവേഗം മുന്നേറുന്ന ‘ജനാധിപത്യ’ ഇന്ത്യയിൽ, പിന്നാക്കത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്നും കടുത്ത ദാരിദ്ര്യത്തിൽ നിന്നും സാമൂഹികമായ ഒറ്റപ്പെടുത്തുന്നതിൽ നിന്നും ദളിതർ മോചിതരാകുന്നതിനെപ്പറ്റി ഭരിക്കുന്ന മുതലാളിവർഗ്ഗം അവകാശവാദം ഉന്നയിക്കുന്നത്. പക്ഷേ, ഏറ്റവും താഴേക്കിടയിലുള്ള അങ്ങേയറ്റം ദാരിദ്ര്യം അനുഭവിക്കുന്ന നിസ്വരായവരുടെ കൂട്ടത്തിൽ തന്നെയാണ് ദളിതരും.

ദളിതരെന്നു മുദ്ര കുത്തുന്നത്, ജനങ്ങളെ ഭിന്നിപ്പിച്ച് മുതലാളിത്തത്തിനെതിരെയുള്ള അവരുടെ ഒറ്റക്കെട്ടായ പോരാട്ടത്തിനെ തകർക്കാനുള്ള മാർഗ്ഗം

സമൂഹത്തിന്റെ, വിശേഷിച്ചും ഗ്രാമങ്ങളിലെ, പ്രബലമായ ധനികശ്രേണിയെന്നു പറയുന്നത് ഇന്നും തീർച്ചയായും ഉന്നത ജാതികളിൽ പെട്ടവർ തന്നെയാണ്. പഴയ ജാതി അധിഷ്ഠിത ശ്രേണീസംവിധാനത്തെ, കൃത്യമായ സാമൂഹിക-ചരിത്ര കാരണങ്ങളാൽ ജനാധിപത്യവൽക്കരണം മുരടിച്ച നമ്മുടെ രാജ്യത്തെ മരണാസന്നമായ മുതലാളിത്തത്തിന്റെ ചൂഷണാധിഷ്ഠിത ഗ്രാമീണ സാഹചര്യവുമായി നടത്തിയ സവിശേഷ ലയനത്തിന്റെ ഫലമാണിത്. ഗ്രാമീണ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിച്ച്, അതു കൊണ്ടു തന്നെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളെ നിയന്ത്രിക്കുന്ന ഉന്നതജാതിക്കാർ തന്നെയാണ് പലപ്പോഴും ദളിതർക്കെതിരേയുള്ള അക്രമത്തിനും ചുക്കാൻ പിടിക്കുന്നതായി കണ്ടുവരുന്നത്. ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ വിഭജിച്ചു നിർത്തുവാനും, തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കുവാനും അടിച്ചമർത്തപ്പെടുന്നവരുടെ വിധേയത്വം ഉറപ്പാക്കാനുമായി, സ്വന്തമായി ഭൂമി കൈവശം വെക്കാൻ ദളിതരെ അനുവദിക്കാതിരിക്കുക എന്ന തന്ത്രം അവർ ഉപയോഗപ്പെടുത്തുന്നു. അതുമൂലം ഈ ഗ്രാമീണ മുതലാളിമാരുടെ ഭൂമിയിൽ നിർബന്ധിതവേലയെന്നോണം നിസ്സഹായരായി പണിയെടുക്കാൻ അവർ നിർബന്ധിതരാകുന്നു. അതല്ലെങ്കിൽ മുതലാളിമാർ നിശ്ചയിക്കുന്ന തുച്ഛമായ കൂലിക്ക് അവരുടെ വീട്ടുവേലക്കാരാകണം. മുമ്പു പറഞ്ഞ മറ്റു തരത്തിലുള്ള സാമൂഹിക-രാഷ്ട്രീയ അക്രമങ്ങൾക്കൊപ്പം സമാന്തരമായി ഈ ക്രൂരമായ സാമ്പത്തിക അതിക്രമവും അരങ്ങേറുന്നു. ജനകീയ സമ്മർദ്ദത്താൽ ഇനി എവിടെയെങ്കിലും കൃഷിക്കായി ദളിതർക്ക് ഭൂമി അനുവദിച്ചാലും ശരി, ഭരണാധികാരികളും ഭൂവുടമകളും ഉദ്യോഗസ്ഥരും കൂടിച്ചേർന്ന അവിശുദ്ധ കൂട്ടുകെട്ട്, അവരോട് ആജീവനാന്തം വിധേയത്വം കാട്ടുന്നവർക്ക് മാത്രം ഭൂമി ലഭിക്കുന്ന തരത്തിൽ അതിനെ മാറ്റിത്തീർക്കും. സ്വാഭാവികമായും സ്വജനപക്ഷപാതവും ഭരിക്കുന്ന പാർട്ടിയോടുള്ള ബന്ധവും ഇവിടെ പ്രധാന പങ്കു വഹിക്കുന്നു. അടുത്ത കാലത്തായി, ദളിത് യുവതലമുറ വളരെയധികം കഷ്ടപ്പെട്ട് നിർമ്മാണമേഖല, ഡ്രൈവിങ്ങ് തുടങ്ങിയ മറ്റു ജോലികൾ സ്വീകരിക്കുകയും അൽപ്പം കൂടി മെച്ചപ്പെട്ട വരുമാനം നേടിത്തുടങ്ങുകയും ചെയ്തു. എന്നാൽ ഇന്നത്തെ തൊഴിൽ അവസ്ഥയിൽ അത്തരം ജോലികൾ കണ്ടുപിടിക്കുന്നത് ദുഷ്‌കരമാകുന്നു. മരണാസന്ന മുതലാളിത്തത്തിന്റെ കുടില താല്പര്യങ്ങൾക്ക് വിധേയരായ, രാഷ്ട്രീയബോധമില്ലാത്ത അവരുടെ സഹപ്രവർത്തകരിൽ നിന്നും ദളിതർക്കു നേരിടേണ്ടി വരുന്ന അപമാനവും തടസ്സങ്ങളും അനവധിയാണ്. കൂടാതെ പരമ്പരാഗത തൊഴിൽ ആധിക്യവ്യവസായങ്ങൾ അടച്ചുപൂട്ടുന്നത് എല്ലാവർക്കും മാന്യമായ തൊഴിൽ നഷ്ടമാകാൻ കാരണമാകുന്നു. അപ്പോൾ നല്ലൊരു ജീവിതത്തെ കുറിച്ചുള്ള സ്വപ്നവും, ഈ പീഡനത്തിലും വിവേചനത്തിലും നിന്നുമുള്ള മോചനവും ദളിത് സമൂഹത്തിന് കൈമോശം വരുന്നു.
ഈ ഡിജിറ്റൽ ഇന്ത്യ യുഗത്തിലും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗത്തിന് സമൂഹത്തിൽ ദളിതർ എന്ന മുദ്ര തുടർന്നും പേറേണ്ടി വരുന്നു. ഇതാകട്ടെ, പഴഞ്ചൻ ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ചതും മരണാസന്നമായ, ദുഷിച്ച പിന്തിരിപ്പൻ മുതലാളിത്തം സംരക്ഷിച്ചു വളർത്തുന്നതുമാണ്. ഈ മുദ്ര ചാർത്തുമ്പോൾ ദളിതർ മറ്റ് ചൂഷിത ജനവിഭാഗങ്ങളിൽ നിന്നും വേർപെടുത്തപ്പെടുന്നു. ഇവിടെ, ജാതി-മത-പ്രാദേശിക ഭേദമന്യേ എല്ലാ അദ്ധ്വാനിക്കുന്ന ജനലക്ഷങ്ങൾക്കും മുമ്പാകെ ഒരു പ്രധാന ചോദ്യം ഒളിഞ്ഞിരിക്കുന്നു. അതെന്തെന്നാൽ, ദളിതരടക്കം ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളും എന്തുകൊണ്ട് ഈ കഷ്ടപ്പാടും മനുഷ്യത്വ രഹിതമായ ജീവിതസാഹചര്യങ്ങളും അനുഭവിക്കുന്നു. ഉത്തരമെന്തെന്നാൽ, നമ്മുടെ സമൂഹം, ജാതിമതാദികൾ എന്തുമായിക്കൊള്ളട്ടെ, രണ്ടു വർഗ്ഗങ്ങളായാണ് അടിസ്ഥാനപരമായി വിഭജിക്കപ്പെട്ടിരിക്കുന്നത്. കുറച്ച് ധനികരും ലക്ഷോപലക്ഷം ദരിദ്രരും; ഉടമവർഗ്ഗവും തൊഴിലാളികളും. മറ്റു വാക്കുകളിൽ, ഭരിക്കുന്ന ചൂഷകർ-മുതലാളിമാരും അവരുടെ ശിങ്കിടികളും-ഒരു വശത്തും, ചൂഷിതർ – അടിച്ചമർത്തപ്പെടുന്ന അധ്വാനിക്കുന്ന ബഹുജനം-മറുവശത്തും. ഇതാണ് മുതലാളിത്ത സംവിധാനത്തിലെ വർഗ്ഗവിഭജനം, അഥവാ ഭരിക്കുന്ന മുതലാളി വർഗ്ഗവും തൊഴിലാളികളും മറ്റ് അദ്ധ്വാനിക്കുന്നവരും ചേർന്ന ചൂഷിതവർഗ്ഗവും. ഈ രണ്ട് വർഗ്ഗങ്ങളും, ഒന്നു കൂടി വ്യക്തമാക്കിയാൽ അദ്ധ്വാനവും മൂലധനവും, തമ്മിലുള്ള അടിസ്ഥാനവൈരുദ്ധ്യങ്ങളിൽ നിന്നാണ് സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും ഉടലെടുക്കുന്നത്. ജാതിയുടേയും മതത്തിന്റെയും അടക്കമുള്ള പ്രശ്‌നങ്ങൾ ഇതിൽ നിന്നും തുടങ്ങുന്നു, ചിലപ്പോൾ ഇതിന് ചില സന്ദർഭങ്ങളിൽ ശ്രദ്ധിക്കപ്പെടേണ്ട മാനങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.

ഒരു വലിയ വിഭാഗം ജനങ്ങളെ ദളിതരെന്നു മുദ്ര കുത്തുന്നതും ഇതിൽ നിന്ന് ഉടലെടുക്കുന്നതു തന്നെയാണ്. വാസ്തവത്തിൽ, തങ്ങൾ സ്വയം സൃഷ്ടിച്ച പ്രതിസന്ധിയുടെ അവസ്ഥയെ മറികടക്കുവാനായി മുതലാളിത്ത ഭരണാധികാരികളും അവരുടെ കിങ്കരന്മാരും നടത്തുന്ന ഭ്രാന്തമായ ശ്രമത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണിത്. അതിലൂടെ, എല്ലാ വിഭജനങ്ങൾക്കും അതീതമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഒറ്റക്കെട്ടായുള്ള ഉയർന്നുവരവിനെ തകിടം മറിച്ച് തങ്ങളുടെ വികൃതമായ നിലനിൽപ്പിന്റെ ആയുസ്സു വർദ്ധിപ്പിക്കാനാണ് അവരുടെ ശ്രമം. പട്ടികജാതി-പട്ടികവർഗ്ഗം, പിന്നാക്ക ജാതികൾ, ദളിതർ എന്നൊക്കെയുള്ള വിഭജനം ചൂഷിതജനങ്ങളെ ചൂഷകമുതലാളിത്തത്തിനെതിരേ ഒറ്റക്കെട്ടായി നിലനിൽക്കാൻ അനുവദിക്കാതെ വിഭജിച്ചു നിർത്തുകയല്ലാതെ മറ്റൊന്നുമല്ല. പ്രാദേശികമായി ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ഈ വിഭാഗങ്ങൾ നേരിടേണ്ടി വരുന്ന പീഡനങ്ങളുടെ തീവ്രതയ്ക്കു വ്യത്യാസം വരുന്നില്ല. ഇവരനുഭവിക്കുന്ന കൊടിയ ദുരിതങ്ങളുടെ തായ്‌വേര് മരണാസന്നമായ പിന്തിരിപ്പൻ മുതലാളിത്തമാണെന്നതിൽ രണ്ട് അഭിപ്രായമില്ല.

ജനാധിപത്യമുന്നേറ്റത്തിന്റെ അഭാവം പ്രശ്‌നം വഷളാക്കുന്നു

ഈ അവസ്ഥയുടെ ഏറ്റവും നിർഭാഗ്യകരമായ ഭാഗമെന്തെന്നാൽ, ഒരു ശക്തവും ഏകീകൃതവുമായ ജനാധിപത്യ മുന്നേറ്റത്തിന്റെ അഭാവത്തിൽ ഈ വഞ്ചനാകരമായ പദ്ധതികൾ മതിയായ നേട്ടമുണ്ടാക്കുന്നു. മുതലാളിത്ത ചൂഷണത്തിൽ നിന്നും ചൂഷിതജനങ്ങൾക്കു രക്ഷപെടാനുള്ള ഒരേയൊരു വഴിയാണ് ഈ ജനകീയമുന്നേറ്റം. മാർക്‌സിസത്തിനും ജനാധിപത്യമൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു, അധ്വാനിക്കുന്ന ജനങ്ങൾക്കായി പൊരുതുന്നു എന്ന് അവകാശപ്പെടുന്നവർ, ദളിതരടക്കം കഷ്ടപ്പെടുന്ന എല്ലാവരേയും ഒരുമിച്ചു ചേർത്തുള്ള സമരങ്ങൾ ശരിയായ ചിന്തയുടെയും സമീപനത്തിന്റെയും ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയായിരുന്നു വേണ്ടത്. എന്നാൽ ഈ കപടമാർക്‌സിസ്റ്റുകൾ പടിപടിയായി ഇത്തരം നീക്കങ്ങൾ നടത്താനുള്ള ചുമതലയ്ക്ക് പ്രാധാന്യം കൽപ്പിച്ചതേയില്ല. അവരുടെ വാക്കിലും പ്രവൃത്തിയിലും ഈ ലക്ഷ്യം നിഴലിക്കുന്നതേയില്ല. ബൂർഷ്വ-പെറ്റിബൂർഷ്വാ പാർട്ടികളിൽ നിന്നും യാതൊരു വ്യത്യാസവുമില്ലാത്ത, അധ്വാനത്തിനും മൂലധനത്തിനും ഇടയിൽ അനുരഞ്ജനം കണ്ടെത്താൻ ശ്രമിക്കുന്ന ഇവർ ദളിതരെ അധികാരത്തിലേക്കുള്ള വോട്ടുബാങ്കുകൾ മാത്രമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ അവർ ദളിത് താത്പര്യത്തെ കുറിച്ചു പറഞ്ഞാലോ, ദളിത് മുന്നേറ്റങ്ങളുടെ പ്രകടനം നടത്തിയാലോ, അത് അവരുടെ മറ്റ് നീക്കങ്ങളുടേത് പോലെ ബൂർഷ്വാ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റ പരിധികൾക്കകത്ത് ഒതുങ്ങിനിൽക്കുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ മതിയായ ജനാധിപത്യ മുന്നേറ്റങ്ങൾ എവിടയൊക്കെ കുറവോ, നിർജ്ജീവമോ ആണെങ്കിൽ അവിടെയൊക്കെ, സമ്പന്നരായ ഉയർന്ന ജാതിക്കാർക്ക് പ്രാമുഖ്യമുള്ള ഭരിക്കുന്ന മുതലാളി വർഗ്ഗം, ദളിത് അടക്കം ചൂഷിതരായ ജനങ്ങളുടെ വിവിധ വിഭാഗങ്ങൾക്കുമേൽ വിവിധ മുദ്രകൾ അടിച്ചേൽപ്പിച്ച് അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. അങ്ങനെ ആ അതദുഃഖിതരായ ഇല്ലായ്മക്കാരെ താഴ്ത്തിക്കെട്ടുന്നത് തുടരാനും കടുത്ത അടിച്ചമർത്തലിന് അവരെ വിധേയരാക്കാനും സാധിക്കുന്നു. മുതലാളിവർഗ്ഗത്തിന്റെ സേവകർ കൂടി രംഗത്തേക്ക് വന്ന,് അടിച്ചമർത്തലിന്റെ നുകത്തിനു കീഴിലേക്ക് കൂടുതൽ മനുഷ്യത്വരഹിതമായി ദരിദ്രരെ കൊണ്ടുവരുന്നു. പലപ്പോഴും പല സ്ഥലങ്ങളിലും ദളിതരുടെ പ്രശ്‌നങ്ങൾ പറഞ്ഞും ദളിത് ജനങ്ങളുടെ അത്യന്തം മോശമായ അവസ്ഥയും കഷ്ടപ്പാടും ചൂഷണം ചെയ്യാനും അതിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് അധികാരത്തിലേറാനും ശ്രമിക്കുന്ന ബൂർഷ്വ-പെറ്റിബൂർഷ്വാ പാർട്ടികൾ മുള പൊട്ടിയിരിക്കുന്നു. എന്നാൽ അധികാരം കൈപ്പിടിയിലൊതുങ്ങിയാലോ, എല്ലാ ആവേശവും ചോർന്ന് പോയി, സമ്പന്ന മുതലാളി വർഗ്ഗത്തെ അവർ ആവേശത്തോടെ സേവിക്കുന്നു. മുതലാളിത്ത സംവിധാനത്തിന്റെ അവിഭാജ്യഘടകമായി സ്വയം മാറി ഇത്രയും നാൾ തങ്ങൾ മുതലക്കണ്ണീർ പൊഴിച്ചുകൊണ്ടിരുന്ന അതേ ദളിത് സമൂഹത്തിനു മേലേ തന്നെ അവരും ചാടിവീഴുന്നു. തങ്ങളുടെ സങ്കുചിതമായ വർഗ്ഗതാത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം മുതലാളിത്തം അണിയിച്ചൊരുക്കുന്ന ഇത്തരം ദളിത് സംഘടനകളെക്കുറിച്ച് അടിച്ചമർത്തപ്പെടുന്ന ദളിത് ജനവിഭാഗങ്ങൾ തെറ്റിദ്ധാരണകൾ വച്ചുപുലർത്താതിരിക്കട്ടെ. ഈ ദളിത് സംഘടനകൾ, അടിച്ചമർത്തപ്പെടുന്ന എല്ലാ ജനങ്ങളുടേയും ആവശ്യങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന തങ്ങളുടെ ആവശ്യങ്ങളെ വഞ്ചിക്കുന്നതായാണ് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെടുന്നത് എന്നു കാണാം. മറ്റ് ബൂർഷ്വാ നേതാക്കളെപ്പോലെ തന്നെ, പ്രഖ്യാപിതമായും ഉന്നത ജാതിക്കാരുടേതായ പാർട്ടികളുമായി കൈകോർത്ത് ദളിത് നേതാക്കൾ അധികാരം പങ്കിടുകയും നേട്ടം കൊയ്യുകയും ചെയ്യുന്നത് അവർ കാണുന്നില്ലേ? ഇത്തരം ചില സ്വയംപ്രഖ്യാപിത ദളിത് സംഘടനകളുടെ നേതാക്കൾ മുഖ്യധാരാ ബൂർഷ്വാ പാർട്ടികളുടെ പിന്തുണയോടെ എംപിയും എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആകുന്നില്ലേ? അത് ഈ സമൂഹത്തിന്റെ കഷ്ടപ്പാടിന് എന്തെങ്കിലും കുറവുണ്ടാക്കിയിട്ടുണ്ടോ? ചില ദളിതുകൾ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. അതു കൊണ്ട് അവരുടെ ദാരിദ്ര്യം കുറഞ്ഞോ? പണ്ടും പല ദളിതരും ക്രിസ്തുമതവും ഇസ്ലാം മതവുമൊക്കെ സ്വീകരിച്ചിരുന്നു. അവരുടെ കഷ്ടപ്പാടിന് അറുതി വന്നോ? അടിച്ചമർത്തപ്പെടുന്ന ദളിത് സഹോദരരും, അവരോട് അനുഭാവം പുലർത്തുന്നവരും ഗൗരവത്തോടെ ചിന്തിക്കേണ്ടതാണിത്.

സംവരണമാണോ പോംവഴി?

എന്താണ് മോചനമാർഗ്ഗം എന്ന ചോദ്യത്തിന് ഉത്തരമായി, ആത്മാർത്ഥമായ ഉദ്ദേശ്യത്തോടു കൂടിയും ആശയക്കുഴപ്പത്താലും, ചിലപ്പോൾ കുടിലലക്ഷ്യങ്ങളാലും വിവിധ ആളുകൾ, സംവരണമാണ് പ്രശ്‌നപരിഹാര മാർഗ്ഗമായി നിർദ്ദേശിക്കുന്നത്. ദളിതരിലേയും മറ്റ് അധഃസ്ഥിത വിഭാഗങ്ങളിലേയും ജനങ്ങൾക്ക് ജാതീയതയിൽനിന്നും മറ്റ് അനുബന്ധ പ്രശ്‌നങ്ങളിൽ നിന്നും മോചനത്തിന് സംവരണമാണ് വഴിയായി കണ്ടത്. ഭീംറാവു റാംജി അംബേദ്കറിനെ പോലെ മഹാനായ ഒരു മനുഷ്യൻ തന്റെ സ്വന്തം ആശയങ്ങളിലും വീക്ഷണത്തിലും നിന്ന് താണ ജാതിക്കാരെന്നറിയപ്പെട്ടവർക്കായി ചില വഴികൾ നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ അനുയായികൾ അതേ വഴികൾ അതേപോലെ പിന്തുടരുന്നു. എന്നാൽ പരിഹാരമോ, പരിഹാരത്തിനുള്ള എന്തെങ്കിലും സാധ്യതകളോ ഉണ്ടായോ? മറിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു പോലെ ദളിതർക്കു മേലുള്ള അക്രമം വർദ്ധിക്കുകയല്ലേ? ശരിയായി ചിന്തിക്കുന്ന എല്ലാ ജനങ്ങളും അടിച്ചമർത്തപ്പെടുന്ന ജനലക്ഷങ്ങളും ഇവിടെ മനസ്സിലാക്കേണ്ടത്, വളരുന്ന തൊഴിലില്ലായ്മ പ്രശ്‌നം, ബൂർഷ്വാ-പെറ്റി ബൂർഷ്വാ പാർട്ടികൾക്ക് വിശേഷിച്ചും വർഗ്ഗീയ-പ്രാദേശികവാദ ശക്തികൾക്ക്, സംവരണത്തെ ഉപയോഗിച്ച് കുടിലമായ രാഷ്ട്രീയം കളിക്കാൻ ഏറ്റവും വളക്കൂറുള്ള മണ്ണാണ് നൽകിയിരിക്കുന്നത്. തൊഴിൽരഹിതരായ ജനലക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അധഃസ്ഥിതർക്ക് സംവരണം, മണ്ണിന്റെ മക്കൾക്ക് ജോലി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നു. ഇതിന്റെ ഫലമായി നമ്മുടെ നാട്ടിലെ താഴേക്കിടയിലുള്ള ജനങ്ങൾ ഇന്ന് പരസ്പര ശത്രുതയുള്ള രണ്ട് ചേരികളിലായി വിഭജിച്ചു നിൽക്കുന്നു – സംവരണ അനുകൂലികളും സംവരണ വിരുദ്ധരും. തൊഴിലില്ല പക്ഷേ സംവരണത്തിന്റെ പേരിൽ പോരും വക്കാണവും മാത്രം. ഇതു തന്നെയാണ് ഭരണാധികാരികൾക്കു വേണ്ടതും. ജനങ്ങൾ സാങ്കൽപ്പിക കാര്യങ്ങൾക്കു മേൽ പരസ്പരം പോരടിക്കട്ടെ. പരസ്പരവിനാശകരമായ ഇത്തരം പോരുകൾ ആത്യന്തികമായി ഭരിക്കുന്ന മുതലാളിത്തത്തെ മാത്രം സഹായിക്കുന്നു. അതുകൊണ്ടാണ് വർദ്ധിക്കുന്ന തൊഴിലില്ലായ്മ പ്രശ്‌നത്തിനു മുന്നിൽ ഈ സങ്കുചിത രാഷ്ട്രീയ കക്ഷികളൊക്കെ തന്നെ, ഒരു വിഭാഗം തൊഴിൽരഹിതരെ മറ്റൊരു വിഭാഗത്തിനെതിരേ അണിനിരത്തി, തൊഴിൽ ലഭിക്കാത്തതിന് പരസ്പരം കാരണമായി ചൂണ്ടിക്കാട്ടി അതിലൂടെ പരസ്പര വിദ്വേഷം വളർത്തുന്നത്. ഇപ്പോൾ ഈ വിഷയത്തെ കേന്ദ്രമാക്കി, കാര്യങ്ങൾ ഒരു വേദനാകരമായ ഘട്ടത്തിലെത്തി നിൽക്കുന്നു. നിരപരാധികളുടെ ജീവൻ എടുക്കുന്ന തരത്തിൽ സംഘർഷങ്ങൾ വളരുന്നു. ആത്മഹത്യകൾ കൂടി നടക്കുന്നു. എല്ലാവർക്കുമുള്ള തൊഴിൽ ലഭ്യമായിരുന്നുവെങ്കിൽ സംവരണം തന്നെ വേണ്ടി വരുമായിരുന്നോ എന്നത് മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടുണ്ടോ? അപ്പോൾ പിന്നെ എന്താണ് പ്രശ്‌നം.

മരിക്കുന്ന മുതലാളിത്തത്തിന്റെ അവസാനമില്ലാത്ത പ്രതിസന്ധിയുടെ ഒഴിവാക്കാനാകാത്ത പരിണതഫലങ്ങളാണ് ചുറ്റും. തൊഴിലുകൾ കുറയുന്നു, തൊഴിലില്ലായ്മ വർദ്ധിക്കുന്നു, ഉള്ളവരുടെ ജോലി തന്നെ നഷ്ടപ്പെടുന്നു, ഭൂമിയിൽ നിന്നും ഒഴിപ്പിച്ച കർഷകർ നിലനിൽപ്പിനായി മറ്റു മാർഗ്ഗങ്ങളില്ലാതെ അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നു. കമ്പോളപ്രതിസന്ധിയിലൂടെ പാപ്പരാക്കപ്പെട്ട്, വാങ്ങൽശേഷി നഷ്ടപ്പെട്ട ജനങ്ങൾ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കപ്പെടുന്നു. പുതിയ കൂടുതൽ തൊഴിൽ ആധിക്യവ്യവസായങ്ങൾ തുടങ്ങുന്നത് പോയിട്ട് ഉള്ളവ നിലനിർത്താൻ പോലും സാധിക്കുന്നില്ല. യന്ത്രവൽക്കരണവും കമ്പ്യൂട്ടർവൽക്കരണവും തൊഴിലാളികളുടെ എണ്ണത്തെ കുറച്ച് സ്ഥിതി കൂടുതൽ വഷളാക്കുന്നു. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ പോലും പുതിയ നിയമനങ്ങൾക്കു മേൽ രഹസ്യ നിയമനനിരോധനം തന്നെ കൊണ്ടുവന്ന് എത്ര കുറഞ്ഞ കൂലിയും സ്വീകരിച്ച് പണിയെടുക്കാൻ ജനത്തെ നിർബന്ധിതരാക്കുന്നു. അടുത്തിടെ പശ്ചിമബംഗാൾ സർക്കാരിലെ 5000 ക്ലാസ് ഫോർ ജോലികൾക്കായി, പിഎച്ച്ഡിയുള്ളവരടക്കം 26 ലക്ഷം അപേക്ഷകരാണ് എത്തിയത്. യാതൊരു ഭാവിപ്രതീക്ഷയുമില്ലാത്ത അധഃസ്ഥിതജനങ്ങളിൽ നിന്നും വിശേഷിച്ചും യുവാക്കളിൽ നിന്നും ഒളിച്ചുവെക്കുന്ന യാഥാർത്ഥ്യമാണിത്. ശരിയായ പരിഹാരനടപടികളിൽ നിന്നും അവരെ വഴിതെറ്റിക്കുന്നതിനു വേണ്ടി, സംവരണമെന്ന മധുരഫലം അവർക്കായി നീട്ടുകയും, അതിലൂടെ അവരെ ആശയക്കുഴപ്പത്തിലാക്കി, പരസ്പരം വിശ്വാസരാഹിത്യവും അടുപ്പമില്ലായ്മയും സൃഷ്ടിക്കുന്നു.

എന്താണിതിന്റെ പരിണിതഫലം? വൈകാരികതയോടു കൂടിയല്ലാതെ സംവരണവിരുദ്ധർ ഈ പ്രശ്‌നത്തെ സമീപിച്ചാൽ അവർക്കു വ്യക്തമാകും, സംവരണമേ ഇല്ലയെങ്കിൽ കൂടിയും ആകെയുള്ള തൊഴിൽരഹിതരിൽ ചെറിയ ശതമാനത്തിനു പോലും തൊഴിൽ നൽകാൻ ആവശ്യമായ തൊഴിലവസരങ്ങൾ ഇവിടെയുണ്ടാകുന്നില്ലയെന്ന്. മറുവശത്ത്, സംവരണാനുകൂലികൾ ഈ പ്രശ്‌നത്തേയും സംവരണം കൊണ്ടുവന്നതിനു ശേഷമുള്ള രാജ്യത്തിന്റെ ചരിത്രത്തേയും പരിശോധിച്ചാൽ അവർക്കും മനസ്സിലാകും, എല്ലാ ജോലികളും സംവരണം ചെയ്താൽ തന്നെയും, ദളിതരും മറ്റ് പിന്നാക്കക്കാരും അടക്കമുള്ളവരിൽ ഒരു ചെറിയ ശതമാനത്തിനൊഴികെ മറ്റാർക്കും തന്നെ തൊഴിൽ ലഭിക്കുകയില്ല. യഥാർത്ഥത്തിൽ സംവരണനയം കൊണ്ട് ദളിതരിലും മറ്റ് സമുദായങ്ങളിലും പെടുന്ന കുറച്ച് സവിശേഷപരിഗണന ലഭിച്ചവരൊഴികെ, മറ്റ് ബഹുഭൂരിപക്ഷം വരുന്നവർക്കും തങ്ങളുടെ അവസ്ഥയിൽ ഒരംശം പോലും മെച്ചം കാണാൻ കഴിയുന്നില്ല. തൊഴിലില്ലായ്മ എന്ന ആഴത്തിൽ വേരിറങ്ങിയ ഒരു പ്രശ്‌നത്തിന് കാരണമോ പരിഹാരമോ ആകാൻ സംവരണത്തിനാകുന്നില്ല എന്നാണ് തെളിയിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ലോകമുതലാളിത്തം നേരിടുന്ന കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ ഈ കാലഘട്ടത്തിൽ, ഏതൊരു മുതലാളിത്ത രാജ്യത്തിലും സംവരണം പോലെയുള്ള മാർഗ്ഗങ്ങളിലൂടെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നത് ജനത്തെ തെറ്റിദ്ധരിപ്പിച്ച്, തെരഞ്ഞെടുപ്പു വിജയങ്ങൾക്കായി ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുവാനാണ്.

ഇന്ന് എത്തിച്ചേർന്നിരിക്കുന്ന സാഹചര്യം, ഒരു വശത്ത് ഏറ്റവും അധഃസ്ഥിതരായ ജനവിഭാഗങ്ങൾ മാത്രമല്ല, അൽപ്പം മെച്ചപ്പെട്ട അവസ്ഥയിൽ കഴിയുന്ന, സംവരണമെന്ന ചോദ്യമേ ആവശ്യമില്ലാത്ത സമുദായങ്ങൾ കൂടി ഇപ്പോൾ സംവരണത്തിനായി പിടി മുറുക്കുന്നു. താരതമ്യേന മെച്ചപ്പെട്ട ഈ സമുദായങ്ങളും സംവരണ അർഹതയില്ലാത്ത മറ്റു സമുദായങ്ങളും, സംവരണം മൂലമാണ് തൊഴിൽ ലഭിക്കാത്തത് എന്ന അവരുടെയിടയിലെ തൊഴിൽരഹിതരുടെ ആവലാതിയാലാണ് പ്രചോദിതരായിരിക്കുന്നത്. സംവരണം അനുഭവിക്കുന്ന വിഭാഗങ്ങളാകട്ടെ, തുല്യമായി ചൂഷണം നേരിടുന്ന തൊഴിൽരഹിതരായ മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കെതിരെ, അവരാണ് ജോലികളെല്ലാം കൊണ്ടുപോകുന്നത് എന്ന പേരിൽ ശത്രുത വളർത്തുന്നു. എല്ലാ വിഭാഗം അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളിൽ നിന്നും സത്യം മറച്ചുവെക്കപ്പെടുന്നു. തുടർച്ചയായ തെറ്റിദ്ധരിപ്പിക്കൽ, തത്പരകക്ഷികളുടെ നുണപ്രചാരണം, വിഭാഗീയവികാരങ്ങളെ ഊതിപ്പെരുപ്പിക്കുന്നത്, ഇതെല്ലാം അവരുടെ വീക്ഷണത്തെ അന്ധമാക്കുന്നു. എങ്ങനെയാണ് നിർദ്ദയമായി അടിച്ചമർത്തുന്ന മുതലാളിത്തവും അതിന്റെ സേവകരും പിന്നിൽ നിന്നും ചരടുകൾ വലിച്ച് ഭ്രാതൃഹത്യാപരമായ കലാപങ്ങളിലേക്ക് സംവരണത്തിന്റെ പേരിൽ അവരെ നയിക്കുന്നതെന്ന് അവർ കാണാതെ പോകുന്നു. ഒരിക്കൽ കൂടി ആവർത്തിക്കട്ടെ, ജനങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ എത്രത്തോളം കൂടുതലായി ഇരിക്കുന്നുവോ, അത് ഭരണാധികാരികൾക്ക്, അവരേറ്റവും ഭയക്കുന്ന ജനങ്ങളുടെ ഐക്യത്തേയും സാഹോദര്യത്തേയും അഖണ്ഡതയേയും തടസ്സപ്പെടുത്തുവാൻ കൂടുതൽ ഗുണകരമായിരിക്കും.

വർഗ്ഗസമീപനമില്ലാതെ പ്രശ്‌നത്തിനു  പരിഹാരം കാണാൻ കഴിയില്ല

നമ്മുടേതുൾപ്പടെ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും പരസ്പരം എതിർക്കുന്ന രണ്ട് വർഗ്ഗങ്ങളാണ് ഉള്ളത്-ഉൽപ്പാദന ഉപാധികളുടെ ഉടമസ്ഥരായ മുതലാളിമാരും, തങ്ങളുടെ അധ്വാനം വിൽക്കുന്ന മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളും. ദളിതരടക്കമുള്ള അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളെല്ലാം മനസ്സിലാക്കേണ്ട ചരിത്രവസ്തുതയാണിത്. ആദ്യത്തേത് ചൂഷകനും രണ്ടാമത്തേത് ചൂഷിതനുമാണ്. മുതലാളിത്തമാണ് എല്ലാ തിന്മകളുടേയും ദുരിതങ്ങളുടേയും കാരണം. മരിച്ചുകൊണ്ടിരിക്കുന്ന ആ ചൂഷകമുതലാളിത്ത സംവിധാനത്തെ തൂത്തെറിഞ്ഞ്, പകരം ഉല്പാദനോപാധികളുടെ ഉടമസ്ഥത സ്വകാര്യമേഖലയിൽ നിന്നും പൊതുഉടമസ്ഥതയിലേക്ക് മാറ്റണം. ഇവിടെ മുതലാളിത്തത്തിൽ നിന്നും വ്യത്യസ്ഥമായി, ലാഭം പരമാവധി നേടുക എന്ന ലക്ഷ്യത്തോടെയുള്ള ഉല്പാദനത്തിനു പകരം, സമൂഹത്തിന്റെ വളരുന്ന ഭൗതിക-ആത്മീയ ആവശ്യങ്ങൾ നിറവേറ്റി അതിലൂടെ ദളിതരുടേതടക്കമുള്ള നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്ന ഉല്പാദനം പകരം വെക്കണം. ഇതിനായി രാജ്യവ്യാപകമായി നീറുന്ന ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുവാനായി, പ്രത്യേകിച്ചും എല്ലാവർക്കും വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാനുള്ള ആവശ്യങ്ങൾ മുൻനിർത്തി, ഒരു ശക്തവും സംഘടിതവുമായ ജനാധിപത്യ മുന്നേറ്റം ഉണ്ടാകണം. ദളിതരടക്കം സമാനതാത്പര്യങ്ങളുള്ള എല്ലാ വിഭാഗം അധ്വാനിക്കുന്ന ജനങ്ങളേയും ഇതിൽ ഒരുമിച്ചണിനിരത്തണം. ഇങ്ങനെ, ഉയർന്ന സംസ്‌കാരത്തിലും ശരിയായ നേതൃത്വത്തിലും അധിഷ്ഠിതമായ ഒരു മുന്നേറ്റം വളർത്തിയെടുക്കുമ്പോൾ, സംവരണാനുകൂല-സംവരണവിരുദ്ധ മനോഭാവങ്ങൾ ഉപേക്ഷിക്കേണ്ടിവരികയും അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ ഐക്യം പാറപോലെ ഉറയ്ക്കുകയും ചെയ്യും.
രാജ്യത്ത് സംവരണം അവതരിപ്പിച്ച സമയത്തും യഥാർത്ഥ മാർക്‌സിസ്റ്റ് ശക്തികൾ ഈ വസ്തുതകളൊക്കെ ചൂണ്ടിക്കാണിക്കുകയും, സംവരണത്തിന്റെ ഈ കുറിപ്പടി, ഉദ്ദേശിക്കുന്ന ജനവിഭാഗങ്ങൾക്ക് യാതൊരു ആശ്വാസവും കൊണ്ടുവരില്ലെന്നു മാത്രമല്ല, യഥാർത്ഥശത്രുവിനെ അവരിൽ നിന്നും മറച്ചുപിടിച്ച് ആശയക്കുഴപ്പത്തിലേക്കും നിരാശയിലേക്കും അവരെ വലിച്ചിഴയ്ക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഭരിക്കുന്ന മുതലാളിത്തത്തിന്റെയും അവരുടെ പാദസേവകരുടെയും സത്യം മറയ്ക്കുവാൻ വേണ്ടിയുള്ള ആർപ്പുവിളികൾക്കിടയിൽ ആ ശബ്ദം മുങ്ങിപ്പോയി.
വർഗ്ഗവിഭജിതമായ നമ്മുടെ സമൂഹത്തിൽ, തൊഴിലാളി വർഗ്ഗ സമീപനമില്ലാതെയും അടിച്ചമർത്തപ്പെടുന്ന തൊഴിലാളി വർഗ്ഗത്തിനായി, വർഗ്ഗസമീപനത്തിൽ നിന്നും വർഗ്ഗ ആശയ-സംസ്‌കാരത്തിൽ നിന്നും മുന്നേറ്റം വളർത്തിയെടുക്കാതെയും, അതേസമയം തന്നെ ഈ മുന്നേറ്റങ്ങളെ നയിക്കാൻ യഥാർത്ഥ തൊഴിലാളിവർഗ്ഗ പാർട്ടിയെ വളർത്തി ശക്തിപ്പെടുത്താതെയും, ദളിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലയെന്നും അംഗീകരിക്കേണ്ട സമയമായി. അവസാനം വരേയും ആത്മാർത്ഥമായി ഉറച്ചു നിൽക്കുന്ന ഒരു യഥാർത്ഥ വിപ്ലവ തൊഴിലാളിവർഗ്ഗ പാർട്ടി ഉണ്ടാകണമെന്നത് വിട്ടുപോകാൻ പാടില്ല. ഈ പ്രധാനകാര്യം അവഗണിച്ചാൽ വേണ്ട പരിഹാരം ഒരിക്കലും ഉണ്ടാകില്ല.

വിപ്ലവത്തിലൂടെ മുതലാളിത്തത്തെ പിഴുതെറിയുന്നതാണ് പ്രശ്‌നത്തിന്റെ പരിഹാരം

ഇതു വരെയുള്ള ചർച്ചയിൽ നിന്നും നാം കണ്ടത് യഥാർത്ഥത്തിൽ രണ്ട് പ്രശ്‌നങ്ങളുണ്ടെന്നാണ്. ഒന്ന് അടിസ്ഥാനകാരണമായ മുതലാളിത്തത്തിൽ നിന്നും വരുന്നത്. എല്ലാ പരിധികളും ലംഘിച്ച് വളരുന്ന ദളിതർക്കുമേലുളള കടന്നുകയറ്റം. ഒപ്പം, സംവരണം നൽകണോ വേണ്ടയോ എന്ന പേരിൽ ദളിതരുടെ ആവശ്യങ്ങൾക്കു മേലുള്ള മുന്നേറ്റം താറുമാറാക്കപ്പെടുന്നു. എല്ലാ തരത്തിലും പെട്ട രാഷ്ട്രീയകക്ഷികളൊക്കെ തന്നെ പരിതാപകരമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പിന്തുടരുന്നത്. വർഗ്ഗചൂഷണത്തിലും ഭരണത്തിലും വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതാണ് പ്രശ്‌നമെന്ന സത്യം വെള്ള പൂശി മറയ്ക്കപ്പെടുന്നു. ഒരേയൊരു മറുമരുന്ന് ജനങ്ങളെ സത്യത്തെക്കുറിച്ചു ബോധവാന്മാരാക്കുക എന്നതാണ്.

വീണ്ടും ആവർത്തിക്കട്ടെ, ദളിതരും മറ്റുള്ളവരും അടക്കം അധ്വാനിക്കുന്ന എല്ലാ ജനങ്ങളും ഉൾക്കൊള്ളുന്ന, മാർക്‌സിസം-ലെനിനിസത്തിന്റെ ഉന്നതമായ ആശയത്തിൽ അധിഷ്ഠിതമായി, തൊഴിലാളിവർഗ്ഗ സംസ്‌കാരം-നൈതികത-സദാചാരത്തിന്റെ മഹാസൗധത്തിനുമേൽ, യുക്തിപരമായ മനോഭാവത്താലും ശാസ്ത്രീയ രീതിയിലുള്ള വിശകലനത്താലും പ്രചോദിതമായ ഒരു സംഘടിത മുന്നേറ്റത്തിനു തുടക്കം കുറിക്കാതെ, അങ്ങേയറ്റം സഹിക്കേണ്ടി വരുന്ന ദളിതരടക്കം, അടിച്ചമർത്തപ്പെടുന്ന ദശലക്ഷങ്ങൾക്ക് തങ്ങളുടെ മോശമായ സാഹചര്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. അതു വരേക്കും, മുതലാളിത്തം അധികാരത്തിലിരിക്കുന്ന കാലത്തോളം, ഭീകരമായ മുതലാളിത്ത സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക ചൂഷണം, ഒരു പക്ഷേ വർധിതമായിത്തന്നെ നിലനിൽക്കാം. ഒപ്പം ദളിത് വിഷയത്തിലുള്ള സവിശേഷപ്രശ്‌നങ്ങളും. ചൂഷിതജനസമൂഹങ്ങളുടെ മുഖത്തേക്ക് തീവ്രയാഥാർത്ഥ്യങ്ങൾ തുറിച്ചു നോക്കുകയാണ്. അതാവശ്യപ്പെടുന്നത്, അവർ സത്യത്തെ തിരിച്ചറിഞ്ഞ്, ശരിയായ നടപടിക്കായി, ശരിയായ നേതൃത്വത്തിനു കീഴിൽ, എല്ലാത്തരം തടസ്സങ്ങളും, ഭിന്നിപ്പിക്കുന്ന പിന്തിരിപ്പൻ ആശയങ്ങളും ചിന്തകളും തള്ളിക്കളഞ്ഞ്, ധൈര്യസമേതം ഉയർന്നെഴുന്നേൽക്കണമെന്നാണ്. ഇങ്ങനെ ഉയർന്ന നൈതികതയിലും സദാചാരബോധത്തിലും അധിഷ്ഠിതമായ, മുതലാളിത്ത വിരുദ്ധ വിപ്ലവമുന്നേറ്റത്തിന് അനുഗുണമായ ശരിയായ രാഷ്ട്രീയലൈൻ അടിസ്ഥാനമാക്കിയ, നിരന്തരവും ശക്തവുമായ ജനാധിപത്യമുന്നേറ്റത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിൽ മാത്രമേ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും തൊഴിലാളിവർഗ്ഗത്തിനുമിടയിലുള്ള എല്ലാത്തരം കൃത്രിമ വേർതിരിവുകളും തുടച്ചുമാറ്റപ്പെടുകയുള്ളു. അവരുടെ സഹോദരതുല്യമായ പോരാട്ട ഐക്യം അരക്കിട്ടുറപ്പിക്കപ്പെടു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന, വഞ്ചനയുടെ കളി കളിക്കുന്ന ഭരണമുതലാളിവർഗ്ഗത്തിന്റെയും അവരുടെ കൂട്ടാളികളുടെയും നട്ടെല്ലിലൂടെ ആ ഐക്യം കൊള്ളിമീൻ പായിക്കും.

 

Share this post

scroll to top