പുതുവൈപ്പ് പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 19 പ്രതിഷേധ ദിനമായി ആചരിക്കും

Share

2017 ജൂണ്‍ 19,
കൊച്ചി.

പുതുവൈപ്പിനില്‍ ഐ.ഒ.സി.ടെര്‍മിനലിനെതിരെ സമരം ചെയ്യുന്ന നിരായുധരായ ജനങ്ങള്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) എറണാകുളം ജില്ലാ കമ്മിറ്റി ജൂണ്‍ 19 ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ അറിയിച്ചു.
ജീവനും സ്വത്തിനും നേരെ ഉയരുന്ന അപകടകരമായ നീക്കത്തില്‍ പ്രതിഷേധിച്ച് പദ്ധതിക്കെതിരെ തെരുവിലിറങ്ങിയ സ്ത്രീകളും കുട്ടികളുമടക്കം അബാലവൃദ്ധം ജനകൂട്ടത്തിനുനേരെ പോലീസ് അതിക്രമം അഴിച്ചുവിടുകയാണ്. വന്‍ജനകീയപ്രതിഷേധമുയര്‍ന്നിട്ടും അതൊന്നും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. സമരം ചെയ്യുന്ന ജനങ്ങളുമായി സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി ഉണ്ടാക്കിയ വ്യവസ്ഥപോലും പാലിക്കാന്‍ കൂട്ടാക്കാതെ തികച്ചും ധാര്‍ഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ സമീപനമാണ് പോലീസിനെ എന്തുകാട്ടാളത്തവും കാണിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ആശങ്കകളെ പരിഗണിക്കാതെ നിലനില്‍ക്കുന്ന നിയമവ്യവസ്ഥകളുടെ സംരക്ഷണം പോലും നിരാകരിച്ചതുവഴി ഉയര്‍ന്നുവന്നിരിക്കുന്ന ന്യായമായ ജനകീയ സമരത്തിനുനേരെ നടത്തുന്ന ഇത്തരം അതിക്രമം ഇടതുരാഷ്ട്രീയത്തിന് അളവറ്റ കളങ്കമാണ് വരുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനകീയ സമരത്തിന്റെ ന്യായയുക്തത മനസ്സിലാക്കുന്ന ഏവരും ജനങ്ങള്‍ക്കൊപ്പം അണിനിരക്കണമെന്നും ജൂണ്‍ 19 പ്രതിഷേധദിനമായി ആചരിക്കണമെന്നും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഇന്ന് എറണാകുളത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍, പി.എം.ദിനേശന്‍, സി.ബി.അശോകന്‍, കെ.ഒ.ഷാന്‍, കെ.പി.സാല്‍വിന്‍, കെ.കെ.ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.

Share this post

scroll to top