പെട്രോളിയം വിലവർദ്ധനവിനെതിരെ കരിദിനാചരണം

21685964_1388142067974253_267329812218583029_n.jpg
Share

പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിർണ്ണയാധികാരം എണ്ണക്കമ്പനികളെ ഏൽപ്പിച്ച് പിൻവാങ്ങിയ സർക്കാർ ജനങ്ങൾക്കുമേൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടുംചേർന്നതായിരുന്നില്ല ഈ നടപടി. അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയിൽ വിലയുമായി ആഭ്യന്തര വില കൂട്ടിക്കെട്ടുന്നതിന് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കൂപ്പുകുത്തിയിട്ടും ആഭ്യന്തര വിപണിയിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില ആനുപാതികമായി കുറയ്ക്കുന്നില്ലെന്നു മാത്രമല്ല അടിക്കടി വർദ്ധിപ്പിക്കുകയുമാണ്. ജി.എസ്.ടിയുടെ പരിധിയിൽ നിന്ന് പെട്രോളിയത്തെ ഒഴിവാക്കിയതും തോന്നുംപടി വിലനിശ്ചയിക്കാൻവേണ്ടിയാണ്. പാചകവാതക സബ്‌സിഡി അടുത്ത മാർച്ച് മാസത്തോടെ പൂർണ്ണമായും എടുത്തുകളയാനും തീരുമാനിച്ചിരിക്കുന്നു. അനുക്രമമായി ചെറിയ വർദ്ധനവ് ഏർപ്പെടുത്തി വഞ്ചനാപരമായി വൻവർദ്ധനവ് അടിച്ചേൽപ്പിക്കുന്ന ഹീനതന്ത്രവും സർക്കാർ ജനങ്ങൾക്കുമേൽ പയറ്റുകയാണ്.

ഒരുതരത്തിലും ന്യായീകരിക്കാനാവാത്തതും ജനങ്ങൾക്കുമേൽ യുദ്ധം പ്രഖ്യാപിക്കുന്ന സ്വഭാവത്തിലുള്ളതുമായ പെട്രോളിയം വിലവർദ്ധനവിനെതിരെ ദീർഘകാലമായി നമ്മുടെ പാർട്ടി എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) നിരന്തര പ്രചാരണത്തിലും സമരത്തിലുമാണ്. യാഥാർത്ഥ്യം തിരിച്ചറിയുന്ന ജനങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ നാനാകോണുകളിൽ നിന്ന് പ്രതിഷേധ ശബ്ദം ഉയർത്തിത്തുടങ്ങിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ കൂട്ടായ്മയും ജനകീയ പ്രതിരോധ സമിതിയും സെപ്തംബർ 22ന് കരിദിനമാചരിക്കാൻ ആഹ്വാനം നൽകിയത് ഈ പുത്തൻ ഉണർവ്വിന്റെ ഭാഗമായി കാണാം. കരിദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന ചില പ്രതിഷേധ പരിപാടികളുടെ ഹ്രസ്വമായ റിപ്പോർട്ട് ചുവടെ ചേർക്കുന്നു.

പെട്രോൾ വിലവർദ്ധനവിനെതിയുള്ള കരിദിനാചരണത്തിന്റെ ഭാഗമായി തൃശ്ശൂർ ടൗണിൽ പ്രതിഷേധ യോഗവും പ്രകടനവും നടന്നു. ബൈക്ക് കെട്ടി വലിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനത്തിൽ നിരവധി യുവാക്കൾ പങ്കെടുത്തു. ഡോ.പിഎസ്. ബാബു യോഗം ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് കെ.വി. ഗിരീശൻ, ജയ്‌സ് മുട്ടിക്കൽ, ജാക്‌സൺ ചുങ്കത്ത്, എം.പ്രദീപൻ, കെ.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. കെ.വി. ഗണേഷ്, മാർട്ടിൻ, എ.എം.സുരേഷ്. എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. മിനി സിവിൽ സ്റ്റേഷനുമുൻപിൽ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി പൊലീസ് മൈതാനിയിൽ സമാപിച്ചു. പ്രതിഷേധ യോഗം മേഖലാ കൺവീനർ എ.വി.ബെന്നി ഉദ്ഘാടനം ചെയ്തു. സജീവൻ പണിക്കശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സുജ ആന്റണി, കെ.വി രാജീവൻ,കെ.വി. വിനോദ് എന്നിവർ പ്രസംഗിച്ചു. നന്ദഗോപൻ കൊട്ടുവള്ളിക്കാട്, ആഷിക് ചാപ്പാറ, ഒ.എ.ശ്രീജ, സിറാജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
കരിദിനാചരണത്തിന്റെ ഭാഗമായിട്ടായി സാമൂഹ്യമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. കോട്ടക്കുന്നിൽനിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഞ്ചായത്ത് ഓഫീസിനു സമീപം സമാപിച്ചു. അവിടെ നടന്ന പ്രതിഷേധ യോഗത്തിൽ ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.സദാനന്ദൻ മുഖ്യപ്രസംഗം നടത്തി. ഹാരിസ് കല്ലുവയൽ അദ്ധ്യക്ഷത വഹിച്ചു. ബാലസുബ്രഹ്മണ്യം, ജിനീഷ് മീനങ്ങാടി, സി.എൻ.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിനു മുമ്പും ശേഷവുമായി കറുത്ത ബാഡ്ജ്, ലഘുലേഖ തുടങ്ങിയവയുടെ വിതരണം, വാഹനങ്ങളിൽ കരിങ്കൊടി കെട്ടിക്കൊടുക്കൽ, ഒപ്പുശേഖരണം തുടങ്ങിയവ നടന്നു. പരിപാടിക്ക് മുഹമ്മദ് ഹാഷിഖ്, ശ്രീലേഷ് ചെതലയം, ദേവസ്യ പുറ്റനാൽ, അമീൻ, കെ.മധുസൂദൻ, ഇസ്ഹാൻ മേപ്പേടി, വിഷ്ണു മൂലങ്കാവ്, ഷാൻ കൈപ്പഞ്ചേരി, ആൽവിൻ തുടങ്ങിയർ നേതൃത്വം നൽകി. പ്രതിഷേധ പരിപാടിക്ക് ജനങ്ങളിൽനിന്നും ആവേശകരമായ പ്രതികരണമുണ്ടായി.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ മുക്കടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഇളമ്പള്ളൂർ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജോൺകുഴിമതിക്കാട്, ആനന്ദൻപിള്ള, ബി.ശ്രീധരൻപിള്ള, രാജേന്ദ്രൻ, ഷെറഫ് കുണ്ടറ, വി.ആന്റണി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ ഫാ.ഗീവർഗ്ഗീസ് തരകൻ അദ്ധ്യക്ഷത വഹിച്ചു. എ.ജെയിംസ്, പി.പി.പ്രശാന്ത്കുമാർ, തഴുത്തലദാസ്, ബി.രാമചന്ദ്രൻ, ഡോ.കുഞ്ചാണ്ടിച്ചാൻ എന്നിവർ പ്രസംഗിച്ചു=

Share this post

scroll to top