സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ അക്ഷരമാല പഠനസമരം

Save-Education-TVM.jpg
Share

സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംഘടിപ്പിച്ച അക്ഷരമാല സമരം സെക്രട്ടേറിയറ്റ് നടയിൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ ഉദ്ഘാടനം ചെയ്തു, അക്ഷരമാല ഒഴിവാക്കിയത് അക്ഷരജ്ഞാനം നിഷേധിക്കാനാണെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പുതിയ അധ്യയനവർഷം തുടങ്ങിക്കഴിഞ്ഞു. അക്ഷരമാല എവിടെ? അദ്ദേഹം ചോദിച്ചു.
മലയാളത്തിലെ ‘അ’ മുതലുള്ള സ്വരാക്ഷരങ്ങൾ ബ്ലാക്ക് ബോർഡിൽ എഴുതി അക്ഷരമാല പഠന ക്യാമ്പയിന് തുടക്കം കുറിച്ചത് പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണൻ. അക്ഷരമാല പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിൽ സമരം നടത്തേണ്ട ദുരവസ്ഥയിലാണ് കേരളത്തിലെ ഭാഷാസ്നേഹികൾ എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെന്നല്ല, ഇന്ത്യയിൽതന്നെ ആദ്യമായാണ് അക്ഷരപഠനം ആവശ്യപ്പെട്ട് തെരുവിൽ സമരം നടത്തുന്നതെന്നും ഈ സമരം ചരിത്രപരമായ പ്രാധാന്യം അർഹിക്കുന്നുവെന്നും സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ ഡോ.വിളക്കുടി രാജേന്ദ്രൻ പറഞ്ഞു.
അക്ഷരമാല ഭാഷയുടെ വാതിൽ ആണെന്നും അതിലൂടെയാണ് വിദ്യാർത്ഥികൾ ഭാഷാ ലോകത്തേക്ക് പ്രവേശിക്കുന്നതെന്നും അക്ഷരമാല പഠിപ്പിക്കാതെ സർക്കാർ ആ വാതിൽ അടച്ചിരിക്കുകകയാണെന്നും ഗവൺമെന്റ് ആർട്സ് കോളേജ് മുൻ മലയാളം വകുപ്പ് മേധാവി പ്രൊഫ.ആർ.ഗോപിനാഥൻ പറഞ്ഞു. തുടർന്ന്, നടന്ന തെരുവ് അക്ഷരചിത്രങ്ങളുടെ വര മലയാളം കലിഗ്രാഫർ നാരായണഭട്ടതിരി ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ പാർത്ഥസാരഥി വർമ്മ, കെ.ജി.അനിൽകുമാർ സുബിൻ എബ്രഹാം, ബിനു ബേബി എന്നിവർ നേതൃത്വം നൽകി.
പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, സുദർശനൻ കാർത്തികപറമ്പിൽ, സ്റ്റീഫൻസൺ മാത്യു, മുൻ അധ്യാപക സംഘടനാ നേതാവ് ജെ.ശശി, ബാബുക്കുട്ടി, പ്രൊഫ.പി.എൻ.തങ്കച്ചൻ, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ, ശശാങ്കൻ, കെ.ബിമൽജി എന്നിവർ പ്രസംഗിച്ചു. എം.ഷാജർഖാൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.ജോർജ്ജ് ജോസഫ് സ്വാഗതവും അഡ്വ. ഇ.എൻ. ശാന്തി രാജ് കൃതജ്ഞതയും രേഖപ്പെടുത്തി. സേവ് എഡ്യൂക്കേഷൻ നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദര്‍ശിച്ച്, അക്ഷരമാലയുടെ ബോധനം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എം.ഷാജർഖാൻ, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കല്‍, അഡ്വ.ഇ.എൻ.ശാന്തിരാജ് എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Share this post

scroll to top