എഐഡിഎസ്ഒ സംസ്ഥാന സംഘാടക ക്യാമ്പ്‌

DSO-Camp.jpeg
Share

എഐഡിഎസ്ഒ സംസ്ഥാന സംഘാടകരുടെ ത്രിദിന പഠനക്യാമ്പ് മെയ് 28,29,30 തീയതികളിൽ മുട്ടം നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രത്തിൽ നടന്നു. എഐഡിഎസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് വി.എൻ.രാജശേഖർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020നെതിരെ അഖിലേന്ത്യാ തലത്തിൽ എഐഡിഎസ്ഒ സംഘടിപ്പിക്കുന്ന സമരങ്ങൾക്ക് അധ്യാപകരും ബുദ്ധിജീവികളും നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ നന്മ ആഗ്രഹിക്കുന്നവർ പ്രതീക്ഷയോടെ കാണുന്ന ഈ സമരത്തെ ശക്തിപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
‘ജീവിതവും സംഘടനയും’ എന്ന വിഷയത്തെ ആധാരമാക്കി നടന്ന ആദ്യ സെഷനിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്സൺ ജോസഫ് ‘നാം എന്തുകൊണ്ട് വിപ്ലവകാരികളാകണം’ എന്ന വിഷയത്തെ ആധാരമാക്കി സംസാരിച്ചു. ഈ പ്രഭാഷണത്തെ അടിസ്ഥാനമാക്കി നടന്ന ചർച്ചകൾക്ക് മറുപടി നൽകിക്കൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പോളിറ്റ്ബ്യൂറോ അംഗം സഖാവ് കെ.രാധാകൃഷ്ണ സംസാരിച്ചു. എസ്‌യുസിഐ( കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ വേദിയിൽ സന്നിഹിതനായിരുന്നു.
‘എഐഡിഎസ്ഒ സംഘാടനം- സാധ്യതകൾ, വെല്ലുവിളികൾ’ എന്ന വിഷയത്തെ ആധാരമാക്കി എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ആർ.അപർണ സംസാരിച്ചു. ‘വിപ്ലവകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിൽ പുരോഗമന സാഹിത്യത്തിന്റെ പങ്ക്’ എന്ന വിഷയത്തെ ആധാരമാക്കി എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് സംസാരിച്ചു. തുടർന്ന് ‘സർദാർ ഉദ്ദം’ എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു.
‘മഹാനായ തൊഴിലാളി വർഗ്ഗ നേതാവ് സഖാവ് ശിബ്‌ദാസ് ഘോഷ് ‘ എന്ന പുസ്തകത്തിന്റെ അവതരണം എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റിഅംഗം സഖാവ് ആഷ്ന തമ്പി നടത്തി. ‘മാർക്സിസത്തിന്റെയും ദ്വന്ദാത്മക ഭൗതികവാദത്തിന്റെയും സാരാംശങ്ങളിൽ ചിലത് ‘ എന്ന പുസ്തകത്തിന്റെ അവതരണം സംസ്ഥാന കമ്മിറ്റിയംഗം സഖാവ് രെലേഷ് ചന്ദ്രൻ നടത്തി. ഈ പുസ്തകത്തെ ആധാരമാക്കി നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് മറുപടി നൽകിക്കൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ഷൈല കെ.ജോൺ സംസാരിച്ചു. എഐഡിഎസ്ഒ അഖിലേന്ത്യാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ബിനു ബേബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ് .അലീന അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അകിൽ മുരളി സ്വാഗതവും കെ.റഹിം കൃതജ്ഞതയും പറഞ്ഞു.

Share this post

scroll to top