ഇലന്തൂർ ആഭിചാര കൊല : കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക; സംഭവത്തെക്കുറിച്ച് പഴുതില്ലാത്ത അന്വേഷണം നടത്തുക; അശാസ്ത്രീയതയും അന്ധവിശ്വാസവും തടയാനുള്ള നടപടി സ്വീകരിക്കുക

WhatsApp-Image-2022-10-13-at-5.55.55-PM.jpeg
Share

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ആഭിചാര കൊലപാതകങ്ങളെ എസ്‌യുസി ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രവും പഴുതില്ലാത്തതുമായ അന്വേഷണം നടത്തണമെന്നും കിരാതമായ ഈ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും കർശന ശിക്ഷ ഉറപ്പാക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) ആവശ്യപ്പെട്ടു.

മാസങ്ങൾക്കുമുമ്പ് ഒരു സ്ത്രീയെ കടത്തിക്കൊണ്ടുവരികയും കൊലപ്പെടുത്തുകയും ചെയ്തതിൽ കൃത്യമായി അന്വേഷണം നടന്നിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. സംഭവം ആവർത്തിക്കാനും ഒരാളുടെ കൂടി ജീവൻ നഷ്ടപ്പെടാനും ഇത് കാരണമായി.വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ സംഭവിച്ചകാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നു എന്നത് വളരെ ഗൗരവത്തോടെ കാണണം. ഇത്തരം കുറ്റകൃത്യ ങ്ങളിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാത്തത് കുറ്റവാളികൾക്ക് അഴിഞ്ഞാടാനുള്ള പ്രോത്സാഹനമായി മാറുകയാണ്.
നവോത്ഥാന മുന്നേറ്റങ്ങളിലൂടെ ഒരു കാലത്ത് കേരളം നേടിയെടുത്ത സാംസ്‌കാരികനിലവാരവും യുക്തിബോധവും അതിവേഗം കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രാകൃതമായ അവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടുപോകുന്നു. ഇതൊക്കെ തടയാൻ ബാധ്യതയുള്ള സർക്കാർ അതിനു വളംവയ്ക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്.


അന്ധവിശ്വാസത്തിലധിഷ്ഠിതമായ പ്രവൃത്തികളെ തടയുന്ന നിയമം പാസ്സാക്കാൻ കാണിക്കുന്ന ബോധപൂർവമുള്ള അലംഭാവം സംസ്ഥാന സർക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം വ്യക്തമാക്കുന്നു. പാരമ്പര്യത്തിന്റെ മഹത്വവൽക്കരണത്തിന്റെ പേരിൽ എല്ലാത്തരം അന്ധവിശ്വാസങ്ങളും പുതിയ വിദ്യാഭ്യാസ നയത്തിലൂടെ അടിച്ചേല്പിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം നമ്മുടെ സമൂഹത്തിന്റെ അധ:പതനത്തിനു ആക്കം കൂട്ടും. ഇത്തരം പൈശാചിക സംഭവങ്ങൾ നാട്ടുനടപ്പാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. പെട്ടെന്ന് ധനികരാവാൻ ലോട്ടറിചൂതാട്ടവും സഹകരണബാങ്ക് തട്ടിപ്പും കൊള്ളയും കൊലപാതകങ്ങളും മുതൽ ആഭിചാരകൊലവരെ ചെന്നെത്തുന്ന സാഹചര്യം മുതലാളിത്ത വ്യവസ്ഥയുടെ ജീർണതയാണ് വെളിവാക്കുന്നത്. ചിന്തയിലും സമീപനത്തിലും ശാസ്ത്രീയ ആഭിമുഖ്യം വച്ചു പുലർത്തിക്കൊണ്ട് ജീവിത പ്രതിസന്ധി കളെയും പ്രശ്നങ്ങളെയും വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതിനും ശാസ്ത്രീയ പരിഹാരം തേടുന്നതിനും സമൂഹം ഒരു പുതിയ സാംസ്കാരിക ഉണർവിന് തയാറാവണമെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

Share this post

scroll to top