എഐഡിഎസ്ഒ സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി പ്രവർത്തകർക്കായി 2018 ഡിസംബർ 28,29 തീയതികളിൽ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് മുട്ടം നേതാജി സാമൂഹ്യ സാംസ്‌കാരിക പഠന കേന്ദ്രത്തിൽ നടന്നു. ഡിസംബർ 28 ന് എഐഡിഎസ്ഒയുടെ 65-ാം സ്ഥാപന വാർഷിക ദിനാചരണത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡന്റ് ബിനു ബേബി പതാക ഉയർത്തി. തുടർന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നവോത്ഥാന മുന്നേറ്റം പ്രദാനം ചെയ്ത മതേതര ജനാധിപത്യ മൂല്യങ്ങളും ജനാധിപത്യ വിദ്യാഭ്യാസവും സംരക്ഷിക്കുവാൻ വിപ്ലവ ബോധമാർജ്ജിച്ച വിദ്യാർഥികളുടെ പ്രയത്നം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ബിനു ബേബി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർ ഖാൻ, എഐഡിഎസ്ഒ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ.എൻ.ശാന്തിരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ടീയ പ്രശ്‌നങ്ങളെക്കുറിച്ച് അവതരണവും ചർച്ചകളും നടന്നു. പഠനപരിപാടികൾക്ക് സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, സംസ്ഥാന നേതാക്കളായ എ.ഷൈജു, ആർ.അപർണ, എം.കെ.ഷഹസാദ്, എസ്.അലീന, മേധ സുരേന്ദ്രനാഥ്, അകിൽ മുരളി, കെ.റഹിം എന്നിവർ നേതൃത്വം നൽകി. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് എം.ഷാജർ ഖാൻ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തിൽ എസ്‌യുസിഐ(കമ്മ്യുണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് ജെയ്‌സൺ ജോസഫ് സമാപനസന്ദേശം നൽകി.