എൻഡോസൾഫാൻ: ദുരിതബാധിതരുടെ പ്രക്ഷോഭം തുടരുന്നു

Endosulfan-TVM-1.jpg
Share

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം തുടങ്ങാൻ നിർബന്ധിതരായിരിക്കുന്നു. 2017ൽ നടന്ന, ദുരിതബാധിതരെ കണ്ടെത്താനുള്ള പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ 1905 പേരിൽ മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. മുഴുവൻ ദുരിതബാധിതർക്കും സുപ്രീംകോടതി 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെ വിധിച്ചെങ്കിലും ആകെയുള്ള 6212 പേരിൽ 3547 പേർക്ക് ഇനിയും ഒരുസഹായവും ലഭിച്ചിട്ടില്ല.
അനിശ്ചിതകാല സമരം ആരംഭിക്കുന്നതിന് മുന്നോടിയായി 2018 ഡിസംബർ 10ന് നടന്ന നിയമസഭാമാർച്ച് കൂടംകുളം സമരനേതാവ് എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് നടയിലെ അമ്മമാരുടെ സമരം ദയാഭായിയാണ് ഉദ്ഘാടനം ചെയ്തത്. എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അമ്പലത്തറ മുനീസ, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി 30 മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചു.

Share this post

scroll to top