പിണറായി സർക്കാരിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്നതാണ് അധികാരത്തിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. ഇടതുമുന്നണി സമ്പൂർണ്ണമായും ബാർമുതലാളിമാർക്ക് കീഴടങ്ങിയിരിക്കുന്നു, കേരളത്തിലെ ജനങ്ങളെയൊന്നാകെ ബാർമുതലാളിമാർക്കും മദ്യക്കച്ചവടക്കാർക്കും അടിയറവച്ചിരിക്കുന്നു, സാമൂഹ്യ നന്മയെയും ജനാഭിപ്രായത്തെയും സർക്കാർ വെല്ലുവിളിച്ചിരിക്കുന്നു.
മുഖ്യമന്ത്രി നേരിട്ട് നുണപ്രചാരണത്തിന് ചുക്കാൻ പിടിച്ചുകൊണ്ടാണ് മദ്യം കുത്തിയൊഴുക്കാൻ വഴിതെളിക്കുന്നത്. മദ്യത്തിനുവേണ്ടി കേരളത്തിൽ അക്രമം പെരുകുന്നു എന്നും ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്. ഇത് ഏത് കണക്കുകളെയും പഠനങ്ങളെയും ഉദ്ധരിച്ചാണ് പറഞ്ഞത് എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്.
ബാറുകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും എണ്ണം കുറച്ചതുകൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല, മദ്യലഭ്യത കുറഞ്ഞതുമൂലം മയക്കുമരുന്നുകളുടെ ഉപഭോഗം വർദ്ധിച്ചിരിക്കുന്നു, അതുകൊണ്ട് ബാറുകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും എണ്ണം വെട്ടിക്കുറയ്ക്കുകയെന്ന നയം തുടരാനാവില്ല തുടങ്ങിയ വാദങ്ങളാണ് സർക്കാരും ഭരണകക്ഷികളും നിരത്തുന്നത്.
മദ്യലഭ്യത വർദ്ധിപ്പിച്ചാൽ മയക്കുമരുന്ന് വ്യാപനം തടയാമേത്ര! മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനം തടയുവാൻ ഫലപ്രദമായ നടപടികൾ എന്തുകൊണ്ടാണ് സർക്കാർ സ്വീകരിക്കാത്തത്? എക്‌സൈസ്, പോലീസ് വകുപ്പുകളും മറ്റ് സർക്കാർ വകുപ്പുകളും എന്തുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നില്ല? ഭരണസ്വാധീനം ഉപയോഗപ്പെടുത്തിയാണ് ലഹരിമരുന്ന് മാഫിയ സമൂഹത്തിൽ ചുവടുറപ്പിച്ചിരിക്കുന്നത്. ബാറുകൾ അടച്ചുപൂട്ടിയതിനാലാണ് ലഹരിമരുന്ന് ഉപഭോഗം വർദ്ധിച്ചത് എന്ന സർക്കാർ ഭാഷ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് മാത്രമുള്ളതാണ്. മദ്യലഹരി ഒരുവനെ അനായാസം മയക്കുമരുന്നുകളുടെ മരണപ്പിടിയിലേക്ക് തള്ളിവിടുന്നു എന്നതാണ് യാഥാർത്ഥ്യം. മദ്യത്തിന്റെ കാര്യത്തിൽ വർജ്ജനവും മയക്കുമരുന്നിന്റെ കാര്യത്തിൽ നിരോധനവുമാണ് സർക്കാരിന്റെ നയം എന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ മുഖ്യമന്ത്രി പ്രസ്താവിച്ചതിന്റെ യുക്തി എന്താണ്
ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകും. സ്റ്റാർ പദവിയുള്ള ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാം. ഔട്‌ലെറ്റകളുടെ എണ്ണം കുറയ്ക്കില്ല. വിരുന്നു സൽക്കാരങ്ങളിൽ മദ്യം വിളമ്പാം. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകളിലും ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാക്കും. ഇങ്ങനെ പോകുന്നു മദ്യനയം. പുതിയ മദ്യനയം നടപ്പാക്കുന്നതോടെ ത്രീ-ഫോർ സ്റ്റാർ പദവിയുള്ള 150 ബാറുകളും 585 ബിയർ വൈൻ പാർലറുകളുമാണ് പ്രാഥമിക ഘട്ടത്തിൽ തുറക്കാൻ പോകുന്നത്. ഫലത്തിൽ കേരളത്തിൽ മദ്യം കുത്തിയൊഴുകും.
മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി
ജനങ്ങളുടെ അതിശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് മുൻ യുഡിഎഫ് സർക്കാർ ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാൻ നിർബന്ധിതമായതും ചില നടപടികൾ സ്വീകരിച്ചതും. സുപ്രീംകോടതിയുടെ ഇടപെടൽ മൂലം എഴുനൂറിലേറെ ബാറുകൾ അടച്ചുപൂട്ടിയതും ബിവറേജസ് ഔട്‌ലെറ്റുകളുടെ എണ്ണം പത്തുശതമാനം പ്രതിവർഷം കുറച്ചുകൊണ്ടുവന്നതുമൊക്കെ ചെറുതല്ലാത്ത ആശ്വാസമാണ് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിൽ സൃഷ്ടിച്ചത്. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വച്ച റിപ്പോർട്ടും പോലീസ് ഇന്റലിജൻസ് റിപ്പോർട്ടുകളും അടിപിടി, അക്രമം, വാഹനാപകടങ്ങൾ, ഗാർഹികപീഡനം തുടങ്ങിയ പ്രശ്‌നങ്ങളിൽ ഗണ്യമായ കുറവ് വന്നിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചു. എന്നാൽ അന്നുമുതൽ അതിനെതിരായ പ്രചാരണത്തിലാണ് ഇടതുമുന്നണി, വിശേഷിച്ചും സിപിഐ(എം). മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് വേണ്ടത് എന്ന വിചിത്രമായ വാദഗതി ഉയർത്തുകയാണ് സിപിഐ(എം).
മദ്യശാലകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ലഭ്യത സുഗമമാക്കുകയും ചെയ്തിട്ട് വർജ്ജനത്തെക്കുറിച്ച് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? തന്നെയുമല്ല വർജ്ജനം എങ്ങനെയാണ് ഒരു സർക്കാരിന് സ്വന്തം നയമായി പ്രഖ്യാപിക്കാനാകുക. വർജ്ജനം ഓരോ വ്യക്തിയും സ്വീകരിക്കേണ്ട നിലപാടാണ്. ഡീ അഡിക്ഷൻ സെന്ററുകൾ സമാന്തരമായി തുടങ്ങുന്നു എന്നതാണ് മറ്റൊരു പ്രഖ്യാപനം. ഡീ അഡിക്ഷൻ സെന്ററുകളിൽ മദ്യം നിർബന്ധപൂർവ്വം നിരോധിച്ചാണ് ചികിത്സ, അല്ലാതെ മദ്യം ല ഭ്യമാക്കിക്കൊണ്ടല്ല.
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടുവാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ കേരളം ആശ്വാസം കൊണ്ടു. 179 ബിവറേജസ് ഔട്ട്‌ലെറ്റുകളും ഈ ഉത്തരവിനെത്തുർന്ന് പൂട്ടപ്പെട്ടു. ഒപ്പം 1092 കള്ളുഷാപ്പുകളും 532 ബിയർ വൈൻ പാർലറുകളും 137 വിൽപ്പന കേന്ദ്രങ്ങളും 18 ക്ലബ്ബുകളും 9 മിലിട്ടറി കാന്റീനുകളും 8 ബാർ ഹോട്ടലുകളും ഒരു ബിയർ വൈൻ ഔട്ട്‌ലെറ്റുമാണ് സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പൂട്ടിയത്.
ഹൈവേകളുടെ ഓരത്ത് അടച്ചുപൂട്ടേണ്ടി വന്ന ബിവറേജസ് ഔട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ നടന്ന നീക്കങ്ങൾ ജനങ്ങളുടെ ശക്തമായ പ്രതിരോധത്തെത്തുടർന്ന് പരാജയപ്പെട്ടതും ബിവറേജസ് കോർപ്പറേഷൻ പോലീസ് സഹായം ആവശ്യപ്പെട്ടതുമെല്ലാം ജനങ്ങൾക്ക് മദ്യശാലകൾവേണ്ട എന്നതിന്റെ തെളിവാണ്. പൂട്ടപ്പെട്ട 179 ഔട്ട്‌ലെറ്റുകളിൽ 50-ൽ താഴെ മാത്രമേ പുനഃസ്ഥാപിക്കാൻ കോർപ്പറേഷന് സാധിച്ചുള്ളൂ. ബാക്കിയെല്ലാം ശക്തമായ ജനകീയ സമരത്തെത്തുർന്ന് പരാജയപ്പെടുകയാണ് ഉണ്ടായത്.
ജനങ്ങൾക്കുവേണ്ടാത്ത മദ്യശാലകൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ആർക്കുവേണ്ടിയാണ്? തിരുവനന്തപുരം മുതൽ ചേർത്തലവരെ നീണ്ടുകിടക്കുന്നത് ദേശീയ പാതതന്നെയല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർവക്കീൽ ബോധപൂർവ്വം മൗനം പാലിച്ചു. അതിന്റെ പേരിൽ കോടതി സർക്കാരിനെ ശാസിക്കുംവരെ എത്തി കാര്യങ്ങൾ. അടച്ചൂപൂട്ടപ്പെട്ട ഔട്ട്‌ലെറ്റുകൾ അതേ താലൂക്കിൽ തന്നെ തുറന്നു പ്രവർത്തിക്കാനും മദ്യനയം ശുപാർശ ചെയ്യുന്നുണ്ട്.
മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ എതിർപ്പില്ലാ രേഖ(എൻഒസി) വേണം എന്ന വ്യവസ്ഥയും റദ്ദാക്കി. നഗരപാലികാ ആക്ടിലെ 447-ാം വകുപ്പും പഞ്ചായത്തീരാജ് ആക്ടിലെ 232-ാം വകുപ്പുമാണ് ഭേദഗതി ചെയ്യപ്പെടുക. ഇതിനായി പഞ്ചായത്തീ രാജ് നഗരപാലികാ ആക്ട് ഭേദഗതി ചെയ്യാനും ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാനുമാണ് തീരുമാനം. മദ്യശാലകൾക്ക് ഇനിമേൽ എക്‌സൈസ് വകുപ്പിന്റെയും കെട്ടിട ഉടമയുടെയും അനുമതി മതിയാകും. പഞ്ചായത്തിന്റെ അനുമതി പ്രസക്തമല്ലാതാകും. ജനകീയ പ്രതിഷേധങ്ങളുടെ മുന്നിൽ വഴങ്ങേണ്ടിവരുന്ന പഞ്ചായത്ത് അധികാരികളെ രക്ഷിക്കുകയെന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്. ജനങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് പഞ്ചായത്തുകൾക്ക് പലപ്പോഴും അനുമതി നിഷേധിക്കേണ്ടി വരാറുണ്ട്. ജനങ്ങൾക്ക് അധികാരം എന്നതായിരുന്നു പഞ്ചായത്തീരാജ് കൊണ്ടുവന്നുകൊണ്ട് ഇടതുമുന്നണി അവകാശപ്പെട്ടത്. എന്നാൽ ബാർമുതലാളിമാർക്കുമുന്നിൽ പറഞ്ഞതെല്ലാം വിഴുങ്ങുകയും ജനങ്ങളുടെ അവകാശം മാത്രമല്ല, പഞ്ചായത്തുകളുടെ നാമമാത്രമായ അധികാരം പോലും കവർന്നെടുക്കുകയും ചെയ്തിരിക്കുന്നു.
ജനങ്ങൾ കുടിനിർത്തി ബാറുകളും ഷാപ്പുകളും അടച്ചുപൂട്ടട്ടെ എന്ന മന്ത്രി ടി.പി.രാമകൃഷ്ണന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം പാർട്ടിക്കാരിലുള്ള വിശ്വാസംകൊണ്ടുകൂടിയാകാം അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നു കരുതാനേ തരമുള്ളൂ. മദ്യവിരുദ്ധ സമരങ്ങളിൽ പാർട്ടിപ്രവർത്തകർ പങ്കെടുക്കുന്നതിനെ പാർട്ടി പരസ്യമായി വിലക്കിയിട്ടുമുണ്ട്.
സ്ത്രീകളുടെ സൈ്വര്യജീവിതത്തിനും സുരക്ഷിതത്വത്തിനും സർക്കാർ തെല്ലും വില കൽപ്പിക്കുന്നില്ല എന്നാണ് മദ്യനയം വ്യക്തമാക്കുന്നത്. കേരളത്തിൽ സ്ത്രീകൾക്കും പിഞ്ചുപെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഭയാനകമാം വിധം വർദ്ധിക്കുന്നു എന്നതും മദ്യവും തജ്ജന്യമായ മനോവൈകല്യങ്ങളും അതിന് കാരണമാകുന്നു എന്നതും ഇടതുമുന്നണിയെയും പിണറായി സർക്കാരിനെയും തെല്ലും അലോസരപ്പെടുത്തുന്നില്ല. മദ്യത്തിന്റെ ലഭ്യത മദ്യപാനശീലം വളർത്തുന്നതിൽ നിർണ്ണായകമായ ഘടകമാണ്. കുട്ടികളിൽ വളർന്നുവരുന്ന മദ്യപാനശീലം പരിശോധിച്ചാൽ, ലഭ്യതയും, മദ്യത്തിനനുകൂലമായ പ്രചാരണവുമാണ് അവരെ ഈ ശീലത്തിലേയക്ക് നയിക്കുന്നത് എന്ന് കാണാനാകും.
ബാറുകൾ പൂട്ടിയതുകൊണ്ട് ടൂറിസംമേഖല തകർന്നുവെന്ന് സർക്കാർ വാദിക്കുന്നു. കേരളത്തിൽ ടൂറിസ്റ്റുകൾ വരുന്നത് കേരളത്തിന്റെ സുന്ദരമായ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും സാംസ്‌കാരിക വിനിമയം ലക്ഷ്യം വച്ചുമാകണം. അതിനുപകരം മദ്യവും മദിരാക്ഷിയുമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിന്റെ ആകർഷണമെങ്കിൽ ആ ടൂറിസവും അതിലൂടെയുള്ള വരുമാനവും കേരളത്തിനുവേണ്ട എന്നു പറയാനുള്ള സാംസ്‌കാരിക നിലവാരവും ഇച്ഛാശക്തിയുമാണ് ഒരു സർക്കാർ കാണിക്കേണ്ടത്. കുടിച്ച് പൂസാകാനുള്ള സാഹചര്യമല്ല സർക്കാർ ഒരുക്കേണ്ടത്. വനിതാസഞ്ചാരികൾക്കുനേരെ കേരളത്തിൽ നടക്കുന്ന ആക്രമണങ്ങളും നോട്ടു നിരോധനവും സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ അതെല്ലാം മദ്യത്തിന്റെ പട്ടികയിൽ പെടുത്താനുള്ള നീക്കമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ബാറുകൾ പൂട്ടിയ കാലയളവിൽ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചുവെന്ന് മറ്റൊരു റിപ്പോർട്ടുമുണ്ട്. മദ്യമുതലാളിമാരോടുള്ള ഭക്തിയും കൂറുംമൂലം മൂലം പച്ചയായ യാഥാർത്ഥ്യങ്ങൾ കാണാനുള്ള വെളിവുപോലും ഭരണക്കാർക്ക് നഷ്ടമാവുകയാണ്.
ബാറുകളടച്ചാൽ സർക്കാരിന് വരുമാന നഷ്ടമുണ്ടാകുമെന്നാണ് ഒരു പ്രധാന വാദം. വരുമാനനഷ്ടത്തെക്കുറിച്ച് പറയുമ്പോൾ കേരളത്തിന്റെ, കേരളീയരുടെ ആകമാന വരുമാനത്തിൽ മദ്യത്തിന്റെ സ്വാധീനമെന്താണെന്ന് ഗവണ്മെന്റ് മിണ്ടുന്നില്ല. കുടുംബ അന്തരീക്ഷത്തിൽ, ആരോഗ്യത്തിൽ, ഉല്പാദനക്ഷമതയിൽ മദ്യം സൃഷ്ടിക്കുന്ന കൊടുംവിപത്ത് കാണുന്നില്ല. അസാന്മാർഗ്ഗികമായി സർക്കാരിന് ലഭിക്കുന്ന നാലായിരം കോടിയുടെ കണക്ക് പറയുന്നവർ, ഒരുവശത്ത് മദ്യത്തിന് വേണ്ടി തുലയ്ക്കുന്ന തുകയും മറുവശത്ത് അത് പ്രത്യുല്പാദനപരമായി വിനിയോഗിച്ചാലുണ്ടാവുന്ന സാമ്പത്തിക വളർച്ചയും സാമൂഹികാരോഗ്യവും കുടുംബങ്ങളുടെ മനസ്സമാധാനവുമെല്ലാം രൂപാക്കണക്കിൽ കൂട്ടുമ്പോൾക്കിട്ടുന്ന തുകയും തമ്മിൽ താരതമ്യം ചെയ്യട്ടെ. എന്നിട്ടുമതി ലാഭനഷ്ടക്കണക്കിന്റെ പരിശോധന. ചുരുക്കത്തിൽ, ഏതാനും ചില മദ്യമുതലാളിമാരുടെ താൽപ്പര്യംമാത്രമേ സർക്കാർ പരിഗണിക്കുന്നുള്ളൂ, മദ്യലഹരിക്കടിപ്പെട്ട ഭർത്താവിനെ, പിതാവിനെ, മക്കളെ ഓർത്ത് കേരളം കണ്ണീർവാർക്കുന്നത് കാണുന്നതേയില്ല.
അടുത്തകാലത്ത് മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനമാണ് ബീഹാർ. ഏതാനും നാളുകൾക്കുമുമ്പ് കേരളം സന്ദർശിച്ച ബീഹാർ മുഖ്യമന്ത്രി മദ്യനിരോധനം സർക്കാരിന്റെ വരുമാനത്തിൽ നഷ്ടമല്ല ഉണ്ടാക്കിയിട്ടുള്ളത് എന്ന് കണക്കുകൾ നിരത്തി ഉദ്ധരിക്കുകയുണ്ടായി. അദ്ദേഹം എടുത്തു പറഞ്ഞത് മദ്യത്തിനുവേണ്ടി ജനങ്ങൾ ചെലവഴിച്ചിരുന്ന പണം പ്രത്യുൽപ്പാദനപരമായി വിനിയോഗിക്കുന്നതിന്റെ സാദ്ധ്യതകളാണ്.
കുടിവെള്ളവും റേഷനുമില്ലാത്ത മാസങ്ങളാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം കടന്നുപോയത്. ബാറുകൾ തുറക്കാൻ കാണിക്കുന്ന അത്യുൽസാഹത്തിന്റെ നേരിയൊരംശംപോലും ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മദ്യം കുത്തിയൊഴുക്കാൻ തീരുമാനിച്ചതിനു പിന്നിൽ സർക്കാർ ഉയർത്തുന്ന വാദഗതികൾ ദുർബ്ബലങ്ങളാണെന്നു മാത്രമല്ല, ജനവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ്. എന്നിട്ടും നിർബന്ധബുദ്ധിയോടെ എന്തിന് നീങ്ങുന്നു എന്നതിന് മദ്യലോബിയോടുള്ള ഭക്തിയും അവർ നൽകിയ കിഴിയോടുള്ള കൂറും മാത്രമാണ് കാരണം എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതിനും അപ്പുറത്തുള്ള രാഷ്ട്രീയ താൽപര്യങ്ങൾ അതിനുപിന്നിലുണ്ട്. ജനജീവിതത്തിനുമേൽ മുതലാളിത്തം നടത്തുന്ന കടന്നാക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ഇതിനെതിരെ ഉയർന്നുവരുന്ന ചെറുത്തുനിൽപ്പ് സാദ്ധ്യത മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം മരണഭീതിയുണർത്തുന്നതാണ്. പട്ടിണികിടക്കുന്ന ഒരു ജനതയ്ക്കുപോലും സാംസ്‌കാരികവും ധാർമ്മികവുമായ നട്ടെല്ലുണ്ടെങ്കിൽ ഉണർന്നു പൊരുതാനാകും. അത് മുൻകൂട്ടി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭരണാധികാരികൾ, ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ മദ്യത്തിലും മയക്കുമരുന്നിലും തളച്ചിടാൻ ശ്രമിക്കുന്നത്. ഇടതുപക്ഷമെന്നവകാശപ്പെടുന്ന സിപിഐ(എം) സർക്കാരിന്റെ മദ്യനയം ഈ മുതലാളിവർഗ്ഗ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നതാണ് ഖേദകരം. മദ്യരാജാക്കന്മാരും അവരുടെ പിണിയാളുകളായ രാഷ്ട്രീയക്കാരും അവർ നയിക്കുന്ന സർക്കാരും ചേർന്ന് കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാൻ ശ്രമിക്കുമ്പോൾ സാമൂഹ്യനന്മയും സമാധാനവും സുരക്ഷയും കാംക്ഷിക്കുന്ന ജനങ്ങൾ ഒന്നാകെ വീറുറ്റ സമരപാതയിൽ അണിനിരണം. മദ്യവിരുദ്ധ ജനകീയ സമരസമിതികൾക്ക് രൂപംകൊടുത്തുകൊണ്ട് കൂടുതലുയർന്ന തലത്തിലേക്ക് പ്രക്ഷോഭം വളർത്തിയെടുക്കേണ്ടതുണ്ട്.
മദ്യനയത്തിനെതിരെ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)
സെക്രട്ടേറിയറ്റ് മാർച്ച്
എൽഡിഎഫ് സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയത്തിനെതിരെ ജൂൺ 30 ന് എസ്‌യുസിഐ (കമ്മ്യുണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സാമൂഹ്യനന്മയെയും ജനാഭിലാഷത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് മദ്യരാജാക്കന്മാർക്ക് വേണ്ടി സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എസ്‌യുസിഐ(കമ്മ്യുണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയേറ്റംഗം ഡോ.വി വേണുഗോപാൽ പറഞ്ഞു. മദ്യത്തിന്റെ ലഭ്യത ക്രമേണ കുറയ്ക്കണമെന്ന് യുഡിഎഫ് സർക്കാർ തീരുമാനിച്ചത് ശക്തമായ ജനകീയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു. എൽഡിഎഫ് ഗവൺമെന്റും ആ നയം തുടരണമെന്നായിരുന്നു ജനാഭിലാഷം. എന്നാൽ, അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മദ്യത്തിന്റെ മണമുണ്ടായിരുന്നു. അധികാരത്തിലേറിയ നാൾ മുതൽ തന്നെ മദ്യാലയങ്ങൾ വ്യാപിക്കാനുള്ള കരുനീക്കങ്ങളാണ് എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരുന്നത്. വളരെ വിചിത്രമായ വാദഗതികളാണ് മദ്യനയം നടപ്പാക്കാൻ സർക്കാർ ഉന്നയിക്കുന്നത്. മദ്യനയം തിരുത്തിക്കുറിക്കുന്നതിനായി അതിശക്തമായ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10.30 ന് പാളയം ഫൈൻ ആർട്‌സ് കോളേജിനു മുന്നിൽ നിന്നും മാർച്ച് ആരംഭിച്ചു. ജി.എസ്. പത്മകുമാർ, ജെയ്‌സൺ ജോസഫ്, ഷൈല കെ.ജോൺ, ആർ.കുമാർ, ഇ.വി.പ്രകാശ്,ആർ.അപർണ്ണ എന്നിവർ പ്രസംഗിച്ചു.