നിരവധി വാചാടോപങ്ങൾക്കും നാടകങ്ങൾക്കുമൊടുവിൽ ബസ് ചാർജ് വർദ്ധനവ് എന്ന പ്രഹരം സാധാരണക്കാരന്റെ തലയിൽ കെട്ടിവെയ്ക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടെ ഓട്ടോ, ടാക്സി നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്(2.5) കിലോമീറ്ററിന് നിലവിലെ 8 രൂപയിൽ നിന്നും 10 രൂപയായും തുടരുന്നുളള കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്നും ഒരു രൂപയായും വർദ്ധിപ്പിച്ചു. കോവിഡ് കാലത്തെ യാത്ര നിയന്ത്രണങ്ങളുടെ പേരിൽ കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്നും 90പൈസയാക്കിയിരുന്നു. പൂർവസ്ഥിതിയിലായതിന് ശേഷം അത് പിൻവലിച്ചിരുന്നില്ല. മാത്രമല്ല, കോവിഡിന് മുൻപ് മിനിമം ചാർജിൽ രണ്ട് ഫെയർസ്റ്റേജ് (5കിലോമീറ്റർ) യാത്ര ചെയ്യാമായിരുന്നു. കോവിഡ് കാലത്ത് മിനിമം നിരക്കിൽ ഒരു ഫെയർസ്റ്റേജ് (2.5) മാത്രമായി യാത്ര ചെയ്യാവുന്ന ദൂരം കുറച്ചിരുന്നു. പുതിയ നിരക്ക് വർദ്ധനവിലും കോവിഡ് കാലത്തെ രീതി തുടരുന്നു. ഫാസ്റ്റ് പാസഞ്ചർ ബസുകളിലും സൂപ്പർ ഫാസ്റ്റ് ബസുകളിലും ആനുപാതികമായി വർദ്ധനവ് ഉണ്ടാകും. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിന് മുകളിലുള്ള സൂപ്പർ ക്ലാസ് ബസുകൾക്കു കോവിഡ് സമയത്ത് നൽകിയിരിക്കുന്ന യാത്രാ നിരക്കിലെ 30% ഇളവ് കഴിഞ്ഞ ദിവസങ്ങളിൽ പിൻവലിച്ചിരുന്നു. അതായത് കോവിഡ് കാലത്തെ യാത്ര നിരക്ക് വർദ്ധനവുകളെല്ലാം തുടരുന്നു; ഇളവുകളെല്ലാം പിൻവലിച്ചിരിക്കുന്നു. അതോടൊപ്പം ഭീമമായ ചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ യാത്രാ ചാർജ് വർദ്ധനവിനെ കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഈ ചാർജ് വർദ്ധനവ് എന്നാണ് സർക്കാരിന്റെ നാട്യം. പരീക്ഷാക്കാലത്ത് നാലു ദിവസത്തെ പണിമുടക്ക് നടത്തിക്കൊണ്ട് സ്വകാര്യ ബസ് മുതലാളിമാര്‍ നടത്തിയ സമരമാണത്രേ ഈ സമ്മർദ്ദം വർദ്ധിപ്പിച്ചത്.
സ്വകാര്യ ബസ് സമരത്തിന്റെ മറവിൽ കെഎസ്ആർടിസി ചാർജുകളും വർദ്ധിപ്പിച്ചു. കോവിഡ് കാലത്തിന്റെ മറവിൽ തിരക്കുള്ള ദിവസങ്ങളിൽ അധിക നിരക്ക് ഈടാക്കുന്ന രീതി കെഎസ്ആർടിസി അവലംബിച്ചിരുന്നു. അതോടൊപ്പമുളള ഈ വർദ്ധനവ് വലിയഭാരമാണമാണ് സൃഷ്ടിക്കുന്നത്. ഇന്ധനവില വർദ്ധനവിന്റെയും നഷ്ടത്തിന്റെയും കണക്കാണ് ഈ ചാർജ് വർദ്ധനവിന് ആധാരമായി അവതരിപ്പിക്കുന്നത്. എന്നാൽ അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ ചാർജാണ് കേരളത്തിലുള്ളത്. കർണ്ണാടകയിൽ മിനിമം ചാർജ് 5രൂപയും തമിഴ്നാട്ടിൽ 6രൂപയുമാണ്. മാത്രമല്ല, സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യവുമാണ്. ഇന്നത്തെ സാഹചര്യത്തിൽ നിരക്ക് വർദ്ധനവില്ലാതെ പിടിച്ചു നിൽക്കാനാവില്ലായെന്ന വാദം പൊളളയാണെന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് സ്വകാര്യ ബസ് മേഖലയും ഓട്ടോ, ടാക്സി മേഖലയും ഏകദേശം നിശ്ചലമായിരുന്നു. രണ്ടു വർഷത്തോളം നീണ്ടുനിന്ന നിയന്ത്രണങ്ങൾ മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ഈ വിഭാഗത്തെയും ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചത് അതിഭീമമായ ഇന്ധനവില വർദ്ധനവും നികുതിഭാരവുമാണ്. രണ്ടു തെരഞ്ഞെടുപ്പുകളുടെ കാലമൊഴിച്ചു നിർത്തിയാൽ, എല്ലാ ദിവസവും ഇന്ധനവില കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ പ്രഹസനമായെങ്കിലും കേന്ദ്രം ഇന്ധനനികുതിയിൽ നേരിയ കുറവ് വരുത്തിയപ്പോഴും ഒരു രൂപ പോലും കുറയ്ക്കാൻ കേരളസർക്കാർ ദാക്ഷിണ്യം കാണിച്ചിരുന്നില്ല. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ്, സ്വകാര്യ ബസുകൾക്ക് കോവിഡ് കാലത്തുപോലും നികുതിയിളവ് നൽകിയില്ല. മറിച്ച് ഈ പ്രതിസന്ധിയുടെ ബാധ്യത പൂർണമായും ജനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കുകയാണുണ്ടായത്. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി ചാർജ് വർദ്ധനവിനെ ന്യായീകരിക്കുവാനുളള ഒരു ഉപാധിയായി സർക്കാർ ഉപയോഗിക്കുകയായിരുന്നു. യാത്രാചാർജ് വർദ്ധനവ് എന്ന ഒരേയൊരു നിർദ്ദേശം മാത്രമാണ് സർക്കാർ നിയോഗിച്ച കമ്മീഷൻ അടിസ്ഥാനമാക്കിയത്.
കടുത്ത സാമ്പത്തിക അരക്ഷിതത്വവും തൊഴിൽനഷ്ടവുമുൾപ്പടെയുളള പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്കുമേൽ അധികബാധ്യത അടിച്ചേൽപ്പിക്കാതെ എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നത് എവിടെയും പരിഗണനാവിഷയമായില്ല. പകരം വിദ്യാർത്ഥികളുടേതുൾപ്പടെയുളള യാത്ര ചാർജ് വർദ്ധനവിന് കളമൊരുക്കുന്നതിൽ വ്യാപൃതരായിരുന്നു സംസ്ഥാന സർക്കാർ. രണ്ടു രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ഇത്തരമൊരു സാഹചര്യത്തിൽ ഉണ്ടായതാണ്. വിദ്യാർത്ഥികളുടെ മിനിമം യാത്ര ചാർജ് ഒരു രൂപയാണെന്നതും വിദ്യാർത്ഥികളിൽനിന്നും സ്വകാര്യ ബസുകാർ നിയമവിരുദ്ധമായി അധികം ചാർജ് ഈടാക്കുന്നുവെന്നുമുള്ള വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. വിദ്യാർത്ഥികളിൽനിന്നും പരമാവധി ഈടാക്കാവുന്ന ചാർജ് ആറുരൂപയാണ്. എന്നാൽ പലപ്പോഴും വിദ്യാർത്ഥികളിൽനിന്നും 10 രൂപയിലധികം ബസുകളിൽ വാങ്ങാറുണ്ട്. ഈ വിഷയത്തിൽ പല കേന്ദ്രങ്ങളിൽ സമർപ്പിക്കപ്പെട്ട പരാതികളിൽ നടപടിയെടുക്കുവാൻ വിമുഖത കാണിക്കുന്നവരാണ് ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രസ്താവന നടത്തുന്നത്. നിലവിൽ വിദ്യാർത്ഥികളിൽ നിന്നുമുണ്ടായ സംഘടിതമായ പ്രതിഷേധത്തെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാ ചാർജ് വർദ്ധിപ്പിച്ചിട്ടില്ല. എന്നിരുന്നാലും വിദ്യാർത്ഥികളുടെ ചാർജ് വർദ്ധനവിനും സാധ്യതയുണ്ട് എന്ന വിധത്തിലാണ് പുതിയ കമ്മിറ്റി നിയോഗിക്കപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിലനിൽക്കുന്ന യാത്രാ സംവിധാനങ്ങൾ ചെലവേറിയതാക്കുന്ന അതേ സർക്കാർ, കോടികൾ കടമെടുത്ത് സിൽവർലൈൻ പോലെയുള്ള കോർപ്പറേറ്റ് പാതകൾ ഒരുക്കാനുളള തത്രപ്പാടിലുമാണ്. ജനക്ഷേമമെന്ന പരിഗണന പോലുമില്ലാതെയാണ് പിണറായി വിജയൻ സർക്കാരിന്റെ ഭരണമെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ബസ് ചാർജ് വർദ്ധനവ്. യാത്രാചാർജ് വർദ്ധനവ് പിൻവലിക്കുക, ഇന്ധനവില വർദ്ധനവ് തടയുക, സ്വകാര്യ വാഹനങ്ങളുടെ കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക, കെഎസ്ആർടിസിയെ ശക്തിപ്പെടുത്തുക, വിദ്യാർത്ഥികളുടെ യാത്ര സമ്പൂർണമായും സൗജന്യമാക്കുക എന്നീ ഡിമാന്റുകൾ ഉന്നയിച്ച് ജനങ്ങൾ സമരരംഗത്ത് വന്നുകൊണ്ട് ചാർജ്ജ് വർദ്ധനവെന്ന കൊളളയ്ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്.