തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കോർപ്പറേറ്റുകളെ വാനോളം വളർത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ വിധിയെഴുതുക

Share

പണിയെടുത്തുജീവിക്കുന്ന കോടിക്കണക്കിനു സാധാരണജനങ്ങൾക്ക് മനുഷ്യോചിതമായ ജീവിതം അസാദ്ധ്യമാക്കുന്ന, അതിധനികരുടെ വളർച്ചയ്ക്കായി മാത്രം ആവിഷ്‌കരിക്കപ്പെടുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് രാജ്യത്തെവിടെയുള്ള ജനങ്ങളുടെ അടിയന്തര രാഷ്ട്രീയ കടമ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ കർത്തവ്യം പ്രതിബദ്ധതയോടെ നിറവേറ്റാനും അതിനു സഹായകരമായ വിധിയെഴുത്ത് നടത്താനും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മണ്ഡലത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രമാണ് രാപകൽ പണിയെടുക്കുന്നത്. രാഷ്ട്രത്തിന്റെ ആസ്തികൾ മുതലാളിമാർക്ക് തുഛവിലയ്ക്ക് വിറ്റുമുടിച്ചും ജിഎസ്‌ടിയിലൂടെ കൊള്ളപ്പിരിവ് നടത്തി റിക്കാർഡ് സൃഷ്ടിച്ചും ഇന്ധനവില വർദ്ധനവിലൂടെ നിസ്സഹായരായ ജനങ്ങളെ കൂട്ടക്കവർച്ചയ്ക്ക് വിധേയമാക്കിയും മുന്നേറുകയാണ് കേന്ദ്ര ഭരണം. ഒരു നേരംപോലും ഭക്ഷണം കഴിക്കാനില്ലാത്തവരുടെ എണ്ണം പതിനാലര കോടിയായി ഉയർന്നിരിക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെയും ഔഷധങ്ങളുടെയും ഉയരുന്ന വിലകൾക്ക് മുമ്പിൽ ജനങ്ങൾ പ്രജ്ഞയറ്റ് നിൽക്കുന്നു. കടംവാങ്ങിയും ഖജനാവ് മുടിച്ചും അടിസ്ഥാനസൗകര്യ വികസനത്തിന്റെ മറയിൽ കോടാനുകോടി രൂപ മുതലാളിമാരുടെ പണപ്പെട്ടിയിലെത്തിക്കുകയാണ് ബിജെപി ഭരണം. വായ്പ-ജിഡിപി അനുപാതം ശ്രീലങ്കയുടേത് 102 ശതമാനമായപ്പോൾ സംഭവിച്ച ദുരന്തങ്ങൾ നമ്മുടെ രാജ്യത്തിന്റെ ശിരസ്സിലും താമസംവിനാ പതിക്കും. കാരണം ഇൻഡ്യയുടെ വായ്പ-ജിഡിപി അനുപാതം 74 ശതമാനമാണ്. കോൺഗ്രസ്സ് തുടക്കം കുറിച്ച നയങ്ങൾ ബിജെപി തീവ്രമായി നടപ്പാക്കുകയാണ് ഇന്ന് ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ വിധിയെഴുത്തിനുള്ള മാനദണ്ഡമായി ഈ രാഷ്ട്രീയസാഹചര്യത്തെ ഗണിക്കുകതന്നെ വേണം.


കേന്ദ്ര ബിജെപി ഭരണത്തിന്റെ തനിപ്പകർപ്പ് നയങ്ങളാണ് സംസ്ഥാനത്ത് ഇടതുമുന്നണി നടപ്പാക്കുന്നത്. തങ്ങളുടെ നയമെന്ന് ഇടതുസർക്കാർ വ്യക്തമാക്കിയിട്ടുള്ള ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മുതലാളിത്ത ചൂഷണം ആയാസരഹിതമായി നടത്താൻ ബിജെപി സർക്കാർ കൊണ്ടുവന്ന നയമാണ്. മുഴുവൻ തൊഴിലാളികളെയും കരാർ വ്യവസ്ഥയിൽ നിയമനം നടത്തിയ കെ സ്വിഫ്റ്റ് എന്ന പുതിയ കമ്പിനി നടപ്പാക്കിയത് കൃത്യമായും മോദി സർക്കാരിന്റെ ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് എന്ന പദ്ധതിയാണ്. കേന്ദ്രസർക്കാർ മനുഷ്യത്വരഹിതമായി ഇന്ധന വില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ അതോടൊപ്പം ചേർന്ന് വൻ നികുതി ഇടാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വൻകിട കുത്തകകൾക്ക് കൃത്രിമ വിപണി ഉറപ്പാക്കുന്നതിനായി, അടിസ്ഥാനസൗകര്യ വികസനരംഗത്ത് അതിരില്ലാത്ത മൂലധനനിക്ഷേപം എന്ന ഭരണനയത്തിൽ ഇരുകൂട്ടരും അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്നു. ഈ മുതലാളിത്ത വികസന സങ്കൽപ്പത്തിന്റെ മകുടോദാഹരണമാണ് കെ െറയിൽ സിൽവർ ലൈൻ പദ്ധതി. ജനങ്ങളെ പണയപ്പെടുത്തി വാങ്ങിയെടുക്കുന്ന അതിഭീമമായ കടം സ്വകാര്യമൂലധനശക്തികളെ കൊഴുപ്പിക്കാൻ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. കുടിയിറക്കപ്പെടുന്നവരെയും ബഫർ സോണുകളിൽപെട്ടുപോകുന്നവരെയും മാത്രമല്ല, കടമെടുപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമ്പത്തികാഘാതത്തിന് സംസ്ഥാനത്തെ ജനങ്ങളെയൊന്നാകെ ഇരകളാക്കുന്ന വിനാശ പദ്ധതിയാണിത്. കേരളത്തിന്റെ പാരിസ്ഥിതികമായ നിലനിൽപ്പുതന്നെ അസാദ്ധ്യമാക്കുന്നു. അതിനാൽ കെ റെയിൽ പദ്ധതി ഉൾപ്പടെയുള്ള കോർപ്പറേറ്റ് അനുകൂലനയങ്ങൾക്കെതിരെയാകണം വിധിയെഴുത്ത്.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം കേരള നിയമസഭയിലെ കക്ഷി ബലാബലത്തിൽ യാതൊരു മാറ്റവും സൃഷ്ടിക്കുവാൻ പോകുന്നില്ലെങ്കിലും പുരോഗമനത്തിന്റെ ദിശയിൽ പരിമിതമെങ്കിലും ചില നല്ല ഫലങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. സംസ്ഥാനമെമ്പാടും ജനാധിപത്യ ജാഗ്രതയും ജനങ്ങളുടെ ഉണർവ്വും ഒരു പ്രക്ഷോഭത്തിന്റെ രൂപം സ്വീകരിച്ചിട്ടുള്ള പ്രതീക്ഷാനിർഭരമായ വേളയിലാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അർത്ഥപൂർണ്ണമായ നിലനിൽപ്പിനും വികാസത്തിനും വലിയ അളവിൽ ഉതകുന്ന ഐതിഹാസികമായ കെ റെയിൽ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭമാണത്. വികസനമെന്ന ബീഭൽസത ഒരു കോർപ്പറേറ്റ് അജണ്ടയാണെന്നും അതിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നവർ സ്വകാര്യമൂലധനത്തിന്റെ ദാസന്മാരാണെന്നും പ്രക്ഷോഭത്തിന്റെ നേരനുഭവങ്ങളിൽ നിന്ന് ജനങ്ങൾ ഇന്ന് തിരിച്ചറിയുന്നു. ഈ പ്രക്ഷോഭം പകരുന്ന ഉയർന്ന രാഷ്ട്രീയ ഉൾക്കാഴ്ചയും ആത്മവിശ്വാസവും സംസ്ഥാനത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കൂടുതൽ പ്രശോഭിതമാക്കുന്നു. ജനങ്ങൾ-പ്രത്യേകിച്ചു സ്ത്രീകൾ-ഒരു പ്രബുദ്ധശക്തിയായി ഉയരുന്നതിന് കേരളം സാക്ഷ്യംവഹിക്കുകയാണ്. ഇപ്രകാരം അതീവപ്രധാനമായ ഒരു ദൗത്യമായി ഉയർന്നുവന്നിട്ടുള്ള സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ തെരഞ്ഞെടുപ്പ് വേള വിനിയോഗിക്കപ്പെടണം. പണത്തിന്റെ കുത്തൊഴുക്കും മത-ജാതി സമവാക്യങ്ങളും വ്യാമോഹം പടർത്തുന്ന കപട വാഗ്ദാനങ്ങളും രംഗം കൈയടക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പിൻതള്ളിക്കൊണ്ട് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയപോരാട്ടമാക്കി മാറ്റിയെടുക്കാൻ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം ഉൾപ്പടെയുള്ള ജനങ്ങളുടെ ജീവൽപ്രധാനമായ വിഷയങ്ങളെ തെരഞ്ഞെടുപ്പിൽ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കണം.


ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിപുലമായ അധികാരം വിനിയോഗിച്ച് ബദൽ രാഷ്ട്രീയശക്തിയായി ഉയരാൻ അവരെ അടിമുടി പ്രാപ്തമാക്കുന്നത് ജനാധിപത്യപ്രക്ഷോഭം ഒന്നുമാത്രമാണ്. ജാതി-മത-വിഭാഗീയതകൾക്കും എല്ലാത്തരം സങ്കുചിതത്വങ്ങൾക്കും അതീതമായി ഐക്യപ്പെടാൻ ജനങ്ങളെ ജനാധിപത്യസമരം പരിശീലിപ്പിക്കും. മുതലാളിത്ത നയങ്ങളുടെ പിറകിലെ വർഗ്ഗാഭിലാഷങ്ങൾ സാധാരണക്കാരായ ജനങ്ങൾക്കുവരെ സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിയാന്‍ ഇടനൽകുന്ന പ്രക്ഷോഭരാഷ്ട്രീയം വളർന്നുവരാൻ സഹായകരമായ നിലപാട് യഥാർത്ഥ ഇടതുപക്ഷവിശ്വാസികൾ സ്വീകരിക്കണം. എങ്കിൽ മാത്രമേ എണ്ണമറ്റ ജീവിതയാതനകളുടെ മൂലകാരണമായ മുതലാളിത്തവ്യവസ്ഥയെ സ്ഥാനഭ്രഷ്ടമാക്കാനുള്ള രാഷ്ട്രീയമുന്നേറ്റം ശക്തിപ്പെട്ടുവരൂ. അതിനാൽ ജനാധിപത്യ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ പ്രാണനുതുല്യം നെഞ്ചോട് ചേർത്തുനിർത്താൻ ഏവരോടും പ്രത്യേകിച്ചു ഇടതുപക്ഷ വിശ്വാസികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top