കേന്ദ്രഗവണ്‍മെന്റിന്റെ തൊഴിലാളിദ്രോഹ നയങ്ങള്‍ക്ക് താക്കീത് നല്‍കി ദ്വിദിന ദേശീയ പണിമുടക്ക്‌

Panimudak-TVM.jpg
Share

രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനങ്ങൾ ഇക്കാലമത്രയും പണിതുണ്ടാക്കിയ പൊതുസ്വത്ത് അത്രയും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ, രണ്ട് ദിവസം തുടർച്ചയായി പണിമുടക്കിക്കൊണ്ട് ഇന്ത്യൻ തൊഴിലാളി വർഗ്ഗം അതിന്റെ കരുത്ത് കാട്ടിയിരിക്കുന്നു. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, രാജ്യദ്രോഹ നയങ്ങൾക്കെതിരെ നടന്ന പൊതുപണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ആസാം, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ബന്ദിന് സമാനമായ സാഹചര്യമുണ്ടാക്കി. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ഛത്തീസ്ഘഢ്, പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യവസായമേഖലകൾ സമ്പൂർണ്ണമായി സ്തംഭിക്കുകയുണ്ടായി. ഡൽഹി, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ജമ്മു-കാശ്മീർ എന്നിവിടങ്ങളിലെ വ്യവസായ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി. ബാങ്ക്, ഇൻഷ്വറന്‍സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടപ്പെട്ടു. കൽക്കരി, ഉരുക്ക്, ചണം, തോട്ടം മേഖലാ തൊഴിലാളികൾ പണിമുടക്കിൽ സജീവമായിരുന്നു. എസ്മ പോലുള്ള കരിനിയമങ്ങളെയും ഹൈക്കോടതിയുടെ പണിമുടക്ക് നിരോധന ഉത്തരവുകളെയും നേരിട്ടുകൊണ്ട് തൊഴിലാളികൾ പണിമുടക്ക് വിജയിപ്പിച്ചു. തപാൽ, ബിഎസ്എൻഎൽ, ആദായ നികുതി ജീവനക്കാരും കേന്ദ്ര-സംസ്ഥാന സർവ്വീസ് ജീവനക്കാരും, വൈദ്യുതി മേഖലയിലെ തൊഴിലാളികളും മറ്റ് ജീവനക്കാരും പണിമുടക്കിൽ രണ്ട് ദിവസവും ഉറച്ചു നിന്നു. നിർമ്മാണം, ചുമട്ട്, കൈത്തറി, നെയ്ത്, ഗതാഗതം, ഗാർഹികം, വഴിയോരക്കച്ചവടം തുടങ്ങിയ അസംഘടിത മേഖലയും ചെറുകിട-ഇടത്തരം ഉല്പാദക യൂണിറ്റുകളും പൂർണ്ണമായും നിശ്ചലമായി. സിക്കിമിലെ സെക്യൂരിറ്റി തൊഴിലാളികൾ മുതൽ തീരപ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾവരെ പണിമുടക്കിൽ പങ്കാളികളായി. ആശ, അംഗൻവാടി, ഉച്ചഭക്ഷണ സ്കീം തൊഴിലാളികൾ പണിമുടക്കിൽ സജീവമായി പങ്കെടുത്തു. സംയുക്ത കർഷക മോർച്ച പണിമുടക്കിനെ പിന്തുണച്ചുകൊണ്ട് പ്രഖ്യാപിച്ച ഗ്രാമീണ ഹർത്താലിൽ കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള കാർഷിക മേഖല പണിമുടക്കിക്കൊണ്ട് തൊഴിലാളി-കർഷക ഐക്യം ബലപ്പെടുത്തി.


ഡയ്സ്‌നോൺ ബാധകമാക്കണമെന്നും, കൊച്ചി ബിപിസിഎല്ലിലും പാലക്കാട്ടെ ബെമലിലും കാക്കനാട്ടെ സെസ്സിലും പണിമുടക്ക് നിരോധിച്ചുകൊണ്ടും കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളെ അതിജീവിച്ചുകൊണ്ട് തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ അണിനിരന്നു.
ഐതിഹാസികമായ ഡൽഹി കർഷകസമരത്തിന്റെ വിജയം തൊഴിലാളികൾക്കിടയിലും വമ്പിച്ച ആത്മവിശ്വാസം സൃഷ്ടിച്ചിരി ക്കുന്നു. രാജ്യത്ത് പണിയെടുക്കുന്നവരുടെ ജീവിത സാഹചര്യം അത്രമേൽ ഞെരിഞ്ഞമർന്നിരിക്കുന്നു. സംഘടിതമേഖലയും സർക്കാർ-പൊതു മേഖലകളും, കരാർ തൊഴിലും നിശ്ചിതകാല തൊഴിലും പിടിമുറുക്കിയിരിക്കുന്നു. യഥാർത്ഥ കൂലിയുടെ അടുത്തെങ്ങുമെത്താത്ത അംഗീകൃത മിനിമം കൂലിപോലും ഇത്തരം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.

അദ്ധ്വാനിക്കുന്നവർക്കിടയിൽ നുരഞ്ഞുപൊന്തുന്ന ആധിയും രോഷവും പണിമുടക്കിൽ എങ്ങും ദൃശ്യമായിരുന്നു. തൊഴിലാളികൾ ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം ജനങ്ങൾക്കും ദുസ്സഹമായ ജീവിത സാഹചര്യം സൃഷ്ടിക്കുകയും, കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ള ഒരു ചെറുപക്ഷത്തിന് രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കവർന്ന് നല്കുകയും ചെയ്യുന്ന ഭരണവർഗ്ഗത്തിനെതിരെ കടുത്ത അമർഷം ജനങ്ങൾക്കിടയിൽ പുകയുകയാണ്.
സംയുക്ത ട്രേഡ് യൂണിയൻ സമിതി മുന്നോട്ടുവച്ച പ്രധാനപ്പെട്ട 10 ഡിമാന്റുകളും പണിയെടുക്കുന്നവരുടെയും ബഹുജനങ്ങളുടെയും ജീവിത യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. കേന്ദ്ര ബിജെപി സർക്കാർ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സകല ആസ്തികളും സമ്പത്തും പ്രകൃതിവിഭവങ്ങളും സ്വദേശത്തും വിദേശത്തുമുള്ള കോർപ്പറേറ്റുകൾക്ക് പതിച്ചു നൽകുകയാണ്. രാജ്യത്ത് നിലവിലുണ്ടായിരുന്ന സുപ്രധാനങ്ങളായ 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ റദ്ദാക്കുകയും, കോർപ്പറേറ്റുകളുടെ ഇംഗിതങ്ങൾക്കുനുസരിച്ച് നാല് ലേബർ കോഡുകളാക്കി പാർലമെന്റിൽ പാസ്സാക്കുകയും ചെയ്തു. ഇതിലൂടെ തൊഴിലാളികളുടെ തൊഴിലവകാശങ്ങളും ട്രേഡ് യൂണിയൻ- സംഘടനാ അവകാശങ്ങളും നിഷേധിച്ചിരിക്കുന്നു. ഈ തൊഴിലാളി വിരുദ്ധ കോഡുകൾക്ക് സംസ്ഥാന സർക്കാരുകൾ റൂളുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. കോർപ്പറേറ്റുകളുടെ കൊടിയ ചൂഷണം സുഗമമാക്കാൻ കൊണ്ടുവന്ന “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്” നടപ്പാക്കിക്കൊണ്ട് തൊഴിലാളി താല്പര്യങ്ങളെ ചവിട്ടിമെതിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് യുവാക്കൾ അഭിമുഖീകരിക്കുന്നത്. പെട്രോൾ-ഡീസൽ വില നിത്യേന ഉയരുന്നു. നിത്യോപയോഗ സാധന വിലയും വർദ്ധിക്കുന്നു. നിയമാനുസൃതമായ പിഎഫ് പെൻഷൻ നൽകാൻ വിസമ്മതിക്കുന്നു എന്നു മാത്രമല്ല, കഴിഞ്ഞ 44 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 8.1 ശതമാനത്തിലേക്ക് പിഎഫ് പലിശ താഴ്ത്തുകയും ചെയ്തിരിക്കുന്നു. ബാങ്ക് സ്വകാര്യവൽക്കരണവും എൽഐസി വില്പനയും തകൃതിയായി നടക്കുന്നു. ഇത്തരമൊരു അതിരൂക്ഷമായ സാഹചര്യത്തിലാണ് പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടത്.


രാജ്യത്തെ തൊഴിലാളികളെ മാത്രമല്ല, ജനങ്ങളെ ആകമാനം ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടാണ് ഈ പൊതു പണിമുടക്ക് നടന്നത്. കർഷകരും, യുവാക്കളും, വിദ്യാർത്ഥികളും, ഇടത്തരക്കാരും എല്ലാം പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബിഎംഎസ് ഒഴികെയുള്ള പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതിയാണ് ഈ പൊതുപണിമുടക്ക് ആഹ്വാനം ചെയ്തത്.
സംയുക്ത ട്രേഡ് യൂണിയൻ സമിതിയിലെ അഞ്ചാമത്തെ യൂണിയനായ ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എഐയുറ്റിയുസി) അഖിലേന്ത്യാ പ്രസിഡണ്ട് സഖാവ് കെ.രാധാകൃഷ്ണയും, ജനറൽ സെക്രട്ടറി സഖാവ് ശങ്കർദാസ് ഗുപ്തയും പൊതുപണിമുടക്ക് വിജയിപ്പിച്ച മുഴുവൻ തൊഴിലാളികളെയും അഭിവാദ്യം ചെയ്യുകയുണ്ടായി. ഈ വിജയത്തെ ദൃഡീകരിച്ചുകൊണ്ട് കൂടുതൽ ഉയർന്ന അനിശ്ചിതകാല പ്രക്ഷോഭണത്തിന് തയ്യാറെടുക്കാൻ അവർ തൊഴിലാളികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.


സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 1000 ൽപരം സമര കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച്, പണിമുടക്കിയ തൊഴിലാളികൾ രണ്ട് ദിവസവും ഒത്ത് ചേരുകയും പ്രകടനങ്ങളും റാലിയും നടത്തുകയും ചെയ്തു. പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് ഏതാണ്ട് നാല് മാസക്കാലം വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികൾ സംസ്ഥാനത്ത് നടക്കുകയുണ്ടായി. പണിമുടക്കിന് 14 ദിവസം മുമ്പുതന്നെ തൊഴിൽ സ്ഥാപനങ്ങളിൽ രേഖാമൂലം പണിമുടക്ക് നോട്ടീസ് നൽകുകയും ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പ്രവർത്തനങ്ങൾക്കു പുറമെ, എഐയുറ്റിയുസി യുടെയും അഫിലിയേറ്റഡ് യൂണിയനുകളുടെയും തനതായ ബാനറിലും നിരവധി പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുകയുണ്ടായി. വ്യാപകമായ ചുമരെഴുത്തും പോസ്റ്റർ പ്രചരണവും വളരെ മുൻകൂട്ടിതന്നെ നടത്തിയിരുന്നു. പണിമുടക്കിന്റെ ഡിമാന്റുകൾ അടങ്ങുന്ന ഡൽഹി കൺവൻഷൻ പ്രഖ്യാപനത്തിന്റെ പ്രചാരണവും സംസ്ഥാനത്തുടനീളം നടത്തി. വാഹന പ്രചരണ ജാഥകളും കോര്‍ണര്‍ യോഗങ്ങളും നടത്തി.
രാജ്യത്തെ ജനങ്ങളുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങൾ മുൻനിർത്തിക്കൊണ്ട് അദ്ധ്വാനിക്കുന്ന മുഴുവൻ വിഭാഗങ്ങളും ഒന്നിച്ചു ചേർന്ന് നടത്തുന്ന ഇത്തരമൊരു പൊതു പണിമുടക്കിനോട് സംസ്ഥാനത്തെ മാദ്ധ്യമങ്ങൾ നിഷേധാത്മക സമീപനമാണ് പുലർത്തിയത്. ഭരണ വർഗ്ഗതാല്പര്യത്തിൽനിന്നും മാധ്യമങ്ങൾ മുക്തമല്ല എന്നിരിക്കിലും, കച്ചവട താല്പര്യത്തിന്റെ പേരിലെങ്കിലും നേരത്തെ നൽകിയിരുന്ന വാർത്താപ്രാധാന്യം ഈ പൊതുപണിമുടക്കിന് നൽകിയില്ല. മാത്രമല്ല, പണിമുടക്കിന് ആധാരമായ ഏതെങ്കിലും പ്രശ്നങ്ങൾ വാർത്തയാക്കുന്നതിനുപകരം, നിഷേധാത്മക വാർത്തകൾക്ക് വേണ്ടി കൂടുതൽ ഉത്സാഹം കാണിക്കുകയും ചെയ്തു. ഈ സാഹചര്യം, തൊഴിലാളി പ്രസ്ഥാനങ്ങളിൽനിന്നും കൂടുതൽ ഉയർന്ന നിലവാരവും ജാഗ്രതയും ആവശ്യപ്പെടുന്നുണ്ട്.

Share this post

scroll to top