യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്‌

images-2.jpg
Share

യുക്രൈന്‍ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടെന്ത്? ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ സ്വഭാവം കൈവരിച്ചുകഴിഞ്ഞു. വിദേശത്തേക്ക് മൂലധനം കയറ്റുമതി ചെയ്യുകയും മറ്റ് രാജ്യങ്ങളുടെ അസംസ്കൃത വസ്തുക്കളും കുറഞ്ഞ വേതനത്തിന് ലഭ്യമാകുന്ന മാനവശേഷിയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ എല്ലാ സവിശേഷതകളും ഇന്ത്യ പ്രകടിപ്പിക്കുന്നു. ഏഷ്യയിൽ മാത്രമല്ല, ലോകത്തിലെതന്നെ ഒരു മഹാശക്തിയായി ഉയർന്നുവരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ആ അഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളർ ആയി മാറുമെന്ന പ്രധാനമന്ത്രിയുടെ വീമ്പിളക്കല്‍. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍വേണ്ടി ഇന്ത്യ യുഎസുമായി സൈനിക സഖ്യത്തിലേര്‍പ്പെടുകയാണ്.

ഇരുരാജ്യങ്ങളും സംയുക്ത നാവിക, വ്യോമ സൈനികാഭ്യാസങ്ങളിൽ പങ്കെടുക്കാറുണ്ട്. 2007ൽ, ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവർ ചതുഷ്‌കോണ സുരക്ഷാ ഡയലോഗ് (ക്യുഎസ്‌ഡി) രൂപീകരിച്ചു. ക്വാഡ് എന്നും വിളിക്കുന്ന ഈ വേദി, എല്ലാ അംഗരാജ്യങ്ങളുടെയും വിവര കൈമാറ്റത്തിനും സൈനിക പരിശീലനത്തിനുമുള്ള അനൗപചാരികവൂം തന്ത്രപ്രധാനവുമായ ഒരു വേദിയാണ്. 2006ൽ ഇന്ത്യ യുഎസുമായി ഹാനികരമായ ഒരു ആണവ കരാറിൽ ഏർപ്പെട്ടിരുന്നു. അതിന് ഒരു വർഷം മുമ്പ്, 2005 സെപ്റ്റംബറിൽ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (ഐഎഇഎ) നിർണായക യോഗത്തിൽ, ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തു. ഇറാൻ, ആണവനിർവ്യാപന ഉടമ്പടി (എൻപിടി) ലംഘിച്ചുവെന്ന് ആരോപിച്ച്, യുഎസും, യൂറോപ്യൻ യൂണിയൻ സഖ്യകക്ഷികളും അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു. 2003ൽ അമേരിക്ക ഇറാഖിനെ സൈനികമായി പിടിച്ചടക്കിയപ്പോൾ ഇന്ത്യ അതിനെ അപലപിച്ചില്ല. പകരം, നയതന്ത്രപരമായ രീതിയിൽ, അത് ‘നീതിയില്ലാത്തത്’ എന്ന് വിശേഷിപ്പിക്കുകയും ‘ശത്രുത’ നേരത്തെ അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. യുഎസും അവരുടെ നാറ്റോ സഖ്യകക്ഷികളും ലിബിയയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ കേണൽ ഗദ്ദാഫിയെ കൊലപ്പെടുത്തിയപ്പോൾ, ലിബിയൻ ജനതയുടെ രാഷ്ട്രീയ പരിവർത്തനത്തിനും രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും സാധ്യമായ എല്ലാ സഹായവും നൽകാനുള്ള സന്നദ്ധത പ്രകടിപ്പിക്കുക മാത്രം ചെയ്തുകൊണ്ട,് ഇന്ത്യ വീണ്ടും കരുതലോടെ പ്രതികരിച്ചു. അതേ സമയം, യുഎസുമായി അടുപ്പമുണ്ടെങ്കിലും, യുഎസ് സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള പ്രധാന സൈനികസഖ്യമായ നാറ്റോയിൽ ഇന്ത്യ ചേർന്നിട്ടില്ല. റഷ്യയെ അപലപിക്കുന്ന യുഎൻ പ്രമേയത്തി‌‍നെ തിരായ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നുകൊണ്ട്, യുക്രൈനെതിരായ റഷ്യൻ ആക്രമണത്തിൽ ഇന്ത്യ ഇത്തവണയും നിസ്സംഗത പുലർത്തി. എന്നാൽ പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യയുടെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ സൗഹൃദപരമായി ഉൾക്കൊള്ളുന്നു. ”ഇന്ത്യയ്ക്ക് റഷ്യയുമായി സങ്കീർണ്ണമായ ചരിത്രവും ബന്ധവുമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു”, ഇന്തോ-പസഫിക് സുരക്ഷാ കാര്യങ്ങളുടെ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി യുഎസിലെ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി അംഗങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. അങ്ങനെ, അമേരിക്കയെയോ, റഷ്യയെയോ ശത്രുവാക്കുന്നതിൽ നിന്ന് ഇന്ത്യ തന്ത്രപൂർവം വിട്ടുനിൽക്കുകയാണ്.


ഇന്ത്യയുടെ നിലപാട്


പകരം ഇന്ത്യ ഇരുവരോടും സൗഹാർദ്ദപരമായ നിലപാട് കാണിക്കുകയും സമർത്ഥമായ വിലപേശലിലൂടെ ഇരുവരിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിലവിലെ ആഗോള സാഹചര്യത്തിൽ, പ്രധാന സാമ്രാജ്യത്വ ശക്തികൾ സാമ്പത്തികവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങളിൽ നിന്ന് പ്രാദേശികവും ഭാഗികവുമായ യുദ്ധങ്ങൾ സംഘടിപ്പിക്കുമെന്ന് ഭരിക്കുന്ന ഇന്ത്യൻ കുത്തകകൾക്കും അറിയാം. തോക്കിൻമുനയിലോ, ചൂഷണാത്മകമായ നവകൊളോണിയൽ മാർഗത്തിലൂടെയോ, അവർ തങ്ങളുടെ സ്വാധീന മേഖലകൾ വർധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, വളർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെയെങ്കിലും തടയുന്നതിന്, സമ്പദ്‌വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന സൈനികവൽക്കരണത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന ആയുധശേഖരം അവർക്ക് പുറത്തുവിടേണ്ടതുണ്ട്. ജനങ്ങളെ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലേക്കും പരാധീനതയിലേക്കും തള്ളിവിട്ടുകൊണ്ട്, സൈനിക ബജറ്റ് പതിവായി വർദ്ധിപ്പിച്ച്, മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളിൽനിന്ന് അത്യാധുനിക സൈനിക ഉപകരണങ്ങൾ വാങ്ങിക്കൊണ്ട്, ആയുധമത്സരത്തിൽ പ്രാമുഖ്യം നേടാൻ ഇന്ത്യയുടെ ഭരണാധികാരികൾ ശ്രമിക്കുന്നു. അതോടൊപ്പം, അവർക്ക് അതിർത്തിപ്രദേശങ്ങളിൽ യുദ്ധസമ്മർദ്ദം നിലനിർത്തുകയും, അയൽരാജ്യങ്ങളുമായി ഇടയ്ക്കിടെ സായുധ സംഘട്ടനങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം, മുതലാളിത്തത്തിന്റെ സൃഷ്ടിയായ പൊള്ളുന്ന ജീവൽപ്രശ്‌നങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനും, തളർച്ചയിലായ സമ്പദ്‌വ്യവസ്ഥയെ സൈനികവൽക്കരണത്തിലൂടെ കൃത്രിമമായി ഉത്തേജിപ്പിക്കാനും ഇതാവശ്യമാണ്. അതിനാൽ, അവർ ഒരു വശത്ത് അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാഷ്ട്രങ്ങളുമായും ഉള്ള ബന്ധവും, മറുവശത്ത് റഷ്യയുമായുള്ള ചരിത്രപരമായി ആഴമേറിയതും, തന്ത്രപരവുമായ ബന്ധവും നിലനിർത്തിക്കൊണ്ട് കൗശലപൂർവം മുന്നോട്ട് നീങ്ങുന്നു.


റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം


ഈ ചെറിയ പശ്ചാത്തലം യുക്രൈന്‍ പ്രതിസന്ധിയെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെ സംബന്ധിച്ച് ഉൾക്കാഴ്ച നൽകാൻ സഹായിക്കും. യുക്രൈന്‍ യുദ്ധത്തിന്റെ പേരിൽ ഐക്യരാഷ്ട്രസഭയിൽ റഷ്യയ്‍ക്കെതിരായ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് ഒരു കാരണമുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളെയും പോലെ, ഇന്ത്യയും എണ്ണയ്ക്കോ പ്രകൃതിവാതകത്തിനോ വേണ്ടി റഷ്യയെ ആശ്രയിക്കുന്നില്ല എന്നത് ശരിയാണ്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നുവെങ്കിലും കാര്യമായ അളവിൽ ഇറക്കുമതി ചെയ്യുന്നില്ല. എണ്ണ ഇറക്കുമതിയുടെ 1%, വാതക ഇറക്കുമതിയുടെ 0.2%, എന്നിങ്ങനെ മാത്രമാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പക്ഷേ, ആയുധ കൈമാറ്റത്തിന്റെ കാര്യത്തിൽ, റഷ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറ്റവും വലിയ ഇറക്കുമതിക്കാരനും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ ഏറ്റവും വലിയ കയറ്റുമതിക്കാരനും ആണ്. 2000 നും 2020നും ഇടയിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 66.5 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. ആയുധ ഇറക്കുമതിക്കായി ആ രണ്ട് ദശകങ്ങളിൽ ഇന്ത്യ ചെലവഴിച്ച 53.85 ബില്യൺ ഡോളറിൽ, 35.82 ബില്യൺ ഡോളറും റഷ്യയിലേക്കാണ് പോയത്. അതേ കാലയളവിൽ, യുഎസിൽ നിന്നുള്ള ഇറക്കുമതി 4.4 ബില്യൺ ഡോളറും, ഇസ്രായേലിൽ നിന്നുള്ളത് 4.1 ബില്യൺ ഡോളറുമാണ്. ചക്ര 3, ചക്ര 4 എന്നീ രണ്ട് ആണവ ബാലിസ്റ്റിക് അന്തർവാഹിനികൾ വാടകയ്ക്കെടുക്കാൻ ഇന്ത്യ റഷ്യയുമായി ചർച്ച നടത്തുന്നുണ്ട്. ഇതിൽ ആദ്യത്തേത് 2025-ഓടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇന്ത്യൻ കരസേനയുടെ പ്രധാന യുദ്ധ ടാങ്ക്നിര, പ്രധാനമായും റഷ്യൻ നിർമ്മിത ടി72എം1 (66%), ടി90എസ്(30%) എന്നിവയാണ്. ഇന്ത്യൻ നാവികസേനയുടെ പ്രവര്‍ത്തനസജ്ജമായ ഏക വിമാനവാഹിനിക്കപ്പൽ, സോവിയറ്റ് കാലഘട്ടത്തിലെ ഒരു കപ്പൽ നവീകരിച്ചെടുത്തതാണ്. കൂടാതെ മുഴുവൻ യുദ്ധവിമാനങ്ങളും ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും റഷ്യൻ നിർമ്മിതമോ, റഷ്യൻ ലൈസൻസിൽ ഇന്ത്യയിൽ നിർമ്മിക്കുന്നതോ ആണ്. (നാവികസേനയുടെ ഫൈറ്റർ ഫ്ലീറ്റില്‍ 43 മിഗ്-29കെ/ കെയുബി എന്നിവ ഉൾപ്പെടുന്നു). നാവികസേനയുടെ 10 ഗൈഡഡ്-മിസൈൽ ഡിസ്‌ട്രോയറുകളിൽ നാലെണ്ണം റഷ്യൻ കാഷിൻ ക്ലാസും, 17 ഫ്രിഗേറ്റുകളിൽ 6 എണ്ണം റഷ്യൻ തൽവാർ ക്ലാസുമാണ്. കൂടാതെ റഷ്യയിലേക്ക് പ്രതിവർഷം 2.5 ബില്യൺ ഡോളറിന്റെ ചരക്കുകളും യുക്രൈന്‍ ഉൾപ്പെടെയുള്ള സിഐഎസ് (കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ്) രാജ്യങ്ങളിലേക്ക് 1.5 ബില്യൺ ഡോളറും ഇന്ത്യ കയറ്റുമതി ചെയ്യുന്നു. അതിനാൽ, ആയുധങ്ങൾക്കായുള്ള ഈ കടുത്ത ആശ്രിതത്വവും, കയറ്റുമതി വിപണിയിലെ അനിശ്ചിതത്വവുമാണ് റഷ്യയ്‌ക്കെതിരെ ഒരു പ്രതിഷേധവും പ്രകടിപ്പിക്കുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കുന്ന കാരണങ്ങൾ. ഈ കാരണങ്ങൾ, ഇന്ത്യയിലെ ഭരിക്കുന്ന കുത്തക മുതലാളിമാരുടേതും, ബൂർഷ്വാ വർഗതാൽപ്പര്യങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരത്തിൽ അഭിഷേകം ചെയ്യപ്പെട്ട പാർട്ടികളുടേതും ആണെന്നും, ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും മനസ്സിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ കോൺഗ്രസ് അത് ചെയ്തിരുന്നു. ഇപ്പോൾ ബി.ജെ.പിയും അതേ പാത പിന്തുടരുകയാണ്. ശ്രദ്ധേയമായ കാര്യം, സിപിഐ(എം), സിപിഐ തുടങ്ങിയ കപട മാർക്‌സിസ്റ്റുകൾ പോലും യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതിൽനിന്ന് വിട്ടുനിന്നു എന്നതാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള സായുധ പോരാട്ടത്തിൽ സിപിഐ(എം) ”കടുത്ത ആശങ്ക” പ്രകടിപ്പിക്കുകയും, യുക്രൈനെതിരായ റഷ്യൻ സൈനിക നടപടിയെ ”ദൗർഭാഗ്യകരം” എന്ന് വിളിക്കുകയും ചെയ്തു. അതുപോലെ, അയൽരാജ്യത്ത് റഷ്യൻ സൈന്യം മുന്നേറുമ്പോൾ, യുക്രൈനിലെ മാനുഷികവും ഭൗതികവുമായ നഷ്ടങ്ങളിൽ സിപിഐ ആശങ്ക രേഖപ്പെടുത്തുകയും, സമാധാനം പുനഃസ്ഥാപിക്കണമെന്നും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു. ഒരു പക്ഷേ, അധികാരത്തിന്റെ ഇടനാഴിയിൽ നിലനിന്നുപോരുന്നതിനും, ഭരിക്കുന്ന ഇന്ത്യൻ കുത്തകകളുടെ പ്രീതി നേടുന്നതിനും അവർ ഉദ്ദേശിക്കുന്നുണ്ടാവാം. എന്നാൽ, മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയുടെ വീക്ഷണകോണിൽ നിന്ന്, യുക്രൈനിലെ സാമ്രാജ്യത്വ റഷ്യയുടെ സൈനിക അധിനിവേശത്തെ നമ്മുടെ പാർട്ടി ശക്തമായി അപലപിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള നാറ്റോ, മിക്ക കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും തങ്ങളുടെ നിയന്ത്രണ വലയം വ്യാപിപ്പിക്കുമ്പോൾ, മത്സരിക്കുന്ന സാമ്രാജ്യത്വശക്തി എന്ന നിലയിൽ യുക്രൈനെ തങ്ങളുടെ ആധിപത്യത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി, റഷ്യ യുക്രൈന്റെ മേൽ ആക്രമണം അഴിച്ചുവിട്ടു എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. യുഎസ് സാമ്രാജ്യത്വവും, റഷ്യൻ സാമ്രാജ്യത്വവും, തമ്മിൽ ആധിപത്യത്തിനായുള്ള പോരാട്ടമാണ് ലോകസമാധാനത്തെ അപകടപ്പെടുത്തുന്ന ഈ യുദ്ധ സാഹചര്യമുണ്ടാക്കിയതെന്ന് ഞങ്ങൾ വ്യക്തമായി സൂചിപ്പിച്ചു. വ്‌ളാഡിമിർ പുടിന്റെ ഗവൺമെന്റിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ “ലോക കമ്പോള മത്സരത്തിൽ സാമ്രാജ്യത്വ റഷ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക” എന്നതാണെന്ന്, റഷ്യൻ കമ്മ്യൂണിസ്റ്റ് വർക്കേഴ്‌സ് പാർട്ടി (ആര്‍സിഡബ്ല്യുപി) വ്യക്തമായിപ്പറഞ്ഞത് സന്തോഷമുളവാക്കുന്നു. “യുഎസും, യൂറോപ്പ്യന്‍ യൂണിയനും, റഷ്യയും തമ്മിലുള്ള സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളാണ് സംഘർഷത്തിന്റെ ഉറവിടം. ഈ യുദ്ധത്തിൽ റഷ്യൻ ഭരണകൂടത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ സാമ്രാജ്യത്വമാണെന്നതിൽ ഞങ്ങൾക്ക് സംശയമില്ല” അവർ നിരീക്ഷിച്ചു. പോലീസ് മുന്നറിയിപ്പുകൾ ലംഘിച്ച്, റഷ്യയിലെ സമാധാനപ്രേമികളായ സാധാരണ ജനങ്ങൾ, യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കാൻ ആയിരക്കണക്കിനായി തെരുവിലിറങ്ങിയിട്ടുണ്ട്. ”യുദ്ധം വേണ്ട!” ജനക്കൂട്ടം ഉറക്കെ വിളിക്കുകയും, ആക്രമിക്കപ്പെട്ട യുക്രൈന്‍ക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സാധാരണ പൗരന്മാരുടെ സമാനമായ പ്രതിഷേധങ്ങൾ മിക്കവാറും എല്ലാ രാജ്യങ്ങളിലും നടന്നിട്ടുണ്ട്. ”ഇത് പുടിന്റെ യുദ്ധമാണ്, റഷ്യൻ ജനതയുടെ യുദ്ധമല്ല”, നെതർലൻഡിലെ ഒരു റഷ്യൻ പ്രതിഷേധ സംഘാടകൻ പറഞ്ഞു.


ഇന്ത്യൻ പൗരന്മാരെ രക്ഷിച്ചതിന്റെ പേരില്‍ ആത്മപ്രശംസ


രണ്ട് പ്രധാന സാമ്രാജ്യത്വശക്തികൾ പരസ്പരം എതിർത്തുനിൽക്കുമ്പോൾ, ദുരിതമനുഭവിക്കുന്ന മനുഷ്യരാശി നേരിടുന്ന ബുദ്ധിമുട്ടുകളുടെ വിവിധ മുഖങ്ങൾ അനാവരണം ചെയ്യപ്പെടുകയാണ്. നമ്മുടെ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നതിന്റെ അമിതമായ ചിലവ് താങ്ങാനാവാതെ, മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിനായി യുക്രൈനിലേക്ക് പോയ 20,000ത്തോളം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന നഷ്ടങ്ങളും, പീഡനവും, ദുരിതവും ഇതിനൊരു ഉദാഹരണമാണ്. ഇവിടെ ഒരു കോടി രൂപയാണെങ്കിൽ, യുക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപമാത്രമാണ് ചെലവ്. ”മെഡിക്കൽ വിദ്യാഭ്യാസ നയങ്ങൾ ശരിയായ തരത്തില്‍ ആയിരുന്നെങ്കിൽ പിന്നെ വിദേശത്തേക്ക് പോകേണ്ടി വരില്ലായിരുന്നു,” കോപാകുലനായ ഒരു രക്ഷിതാവ് പറഞ്ഞു. എന്നാൽ അത്തരം വിദ്യാർത്ഥികളെ മോശമായി ചിത്രീകരിക്കാനും, പരിഹസിക്കാനും ഭരണകക്ഷിയായ ബിജെപി നേതാക്കൾക്ക് ഒരു മടിയുമില്ല. യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ച ദിവസം, ബിജെപിയുടെ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു, ”വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% ഇന്ത്യക്കാരും ഇന്ത്യയിൽ യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നതിൽ പരാജയപ്പെടുന്നവരാണ്”. എന്നാല്‍, ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥി തന്റെ പ്രീ-യൂണിവേഴ്‌സിറ്റി കോഴ്സിൽ 97% മാർക്ക് നേടിയിരുന്നുവെന്നാണ് അവന്റെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.


2021 ഡിസംബറിന്റെ തുടക്കംമുതൽ യുക്രൈനെ കേന്ദ്രീകരിച്ച് സംഘർഷം വർദ്ധിക്കുകയും, സാഹചര്യം ഒരു സൈനിക സംഘട്ടനത്തിലേക്ക് എത്തുന്ന രീതിയിൽ, വഷളാകുമെന്ന് വിവിധ കോണുകളിൽനിന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങൾ 2022 ജനുവരിയിൽതന്നെ തങ്ങളുടെ പൗരന്മാരെ യുക്രൈനിൽനിന്ന് തിരികെ കൊണ്ടുവരാൻ തുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാർ തിടുക്കം കാട്ടിയില്ല. കൂടാതെ, ഭരണകക്ഷിയായ ബിജെപിയുടെയും, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെയും ശ്രദ്ധ അപ്പോൾ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. അതിനാൽ, ഇന്ത്യക്കാരെ, പ്രത്യേകിച്ച് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരായ വിദ്യാർത്ഥികളെ അടിയന്തിരമായി സംരക്ഷിക്കേണ്ടതിനും, ആവശ്യമെങ്കിൽ ഒഴിപ്പിക്കേണ്ടതിനും പകരം, ഇതിന്റെ പ്രാധാന്യത്തെ സൗകര്യപൂർവ്വം വിസ്മരിച്ചു.


തിരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിൽ ആയിരിക്കുമ്പോൾ, സർക്കാർ ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. ഇന്ത്യൻ പൗരന്മാരെ, കൂടുതലും വിദ്യാർത്ഥികളെ, യുക്രൈനിൽനിന്ന് ഒഴിപ്പിക്കാൻ ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചു. ഏറെ പ്രയത്നത്തിനൊടുവിൽ, ഭൂരിഭാഗം വിദ്യാർത്ഥികളും യുക്രൈനുമായി അതിർത്തി പങ്കിടുന്ന ഹംഗറി, റൊമാനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന്, സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ വിമാനങ്ങളിൽ കയറി. അവിടെയെത്തിയപ്പോൾ, അവരിൽ ചിലരെ കേന്ദ്രമന്ത്രിമാർ ‘ഭാരത് മാതാ കീ ജയ്’ വിളികളോടെയും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചും പുഷ്പങ്ങൾ നൽകി സ്വീകരിച്ചു. എന്നാൽ സംഘർഷമേഖലയിൽനിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ സമയോചിതമായ നടപടികൾ സ്വീകരിക്കാത്തപ്പോൾ, പൂക്കൾ വിതരണം ചെയ്യുന്നതുപോലുള്ള പ്രകടനങ്ങൾ അർത്ഥശൂന്യമാണെന്ന് പറഞ്ഞ്, രോഷാകുലരായ വിദ്യാർത്ഥികൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. തനിക്ക് നൽകിയ റോസാപ്പൂവ് ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു ഇന്ത്യൻ വിദ്യാർത്ഥി പറഞ്ഞു, “ഇപ്പോൾ ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾക്ക് ഇത് നൽകുന്നു. ഇതുകൊണ്ടെന്തു കാര്യം? ഞങ്ങൾ ഇതുകൊണ്ടെന്തു ചെയ്യും? അവിടെ ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബങ്ങൾ എന്തു ചെയ്യുമായിരുന്നു?” യുക്രൈനിലെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് തങ്ങൾ നേരിട്ട പീഡനത്തിന്റെയും അപകടത്തിന്റെയും ഞെട്ടിക്കുന്ന വിവരണം നൽകിയത്. യുക്രൈനിയൻ പട്ടാളക്കാർ അവരോട് വളരെ മോശമായി പെരുമാറി, ആൺകുട്ടികളെ തല്ലുകയും, പെൺകുട്ടികളെ ചവിട്ടുകയും, വായുവിലേക്ക് വെടിയുണ്ടകളും, കണ്ണീർ വാതക ഷെല്ലുകളും ഉതിർക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു. യുക്രൈനിലെ ഇന്ത്യൻ എംബസിയിൽനിന്ന് സഹായം ലഭിച്ചോ എന്ന ചോദ്യത്തിന്, അവർ മറുപടി പറഞ്ഞത്, ”ഞങ്ങൾ എന്ത് ചെയ്താലും അത് ഞങ്ങൾ സ്വന്തം നിലയിലാണ് ചെയ്തത്… ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ഞങ്ങളെ ഞങ്ങളുടെ വിധിക്ക് വിട്ടു.” എന്നിട്ടും, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി, വിദ്യാർത്ഥികൾക്ക് യുക്രൈന്‍ വിടുന്നതിനുവേണ്ടി ഇന്ത്യൻ സർക്കാർ അവർക്ക് ‘ഒരുപാട് മുൻകൂർ അറിയിപ്പ് നൽകിയിട്ടുണ്ട്’ എന്ന് അവകാശപ്പെട്ടുകൊണ്ട് ലജ്ജയില്ലാതെ ഗവൺമെന്റിന്റെ നടപടികളെ ന്യായീകരിക്കാൻ ശ്രമിച്ചു.


സമൂഹമാദ്ധ്യമങ്ങളിലെ വ്യാജപ്രചാരണം


ഇന്ത്യയുടെ രക്ഷപെടുത്തല്‍ ശ്രമങ്ങള്‍ തടസ്സപ്പെടുകയും, അവിടെ കുടുങ്ങിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ഉത്കണ്ഠാകുലമായ നിമിഷങ്ങളിൽകൂടി കടന്നുപോകുകയും ചെയ്തപ്പോൾ, സർക്കാരിന്റെ വിജയങ്ങളെ പെരുപ്പിച്ചു കാണിക്കാൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിശ്ശബ്ദമായി ആസൂത്രണംചെയ്ത, വ്യാജവിവര പ്രചാരണം രൂപപ്പെട്ടുവരികയായിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പക്കു ന്നതിനുപുറമേ, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ അവരുടെ വിധിയാണ് അതെന്ന രീതിയിൽ തെറ്റായി കുറ്റപ്പെടുത്തി, തീവ്രദേശീയവാദം ആളിക്കത്തിച്ചുകൊണ്ട്, ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും മഹത്വപ്പെടുത്തി പോസ്റ്റുകൾ ഇട്ടു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മോദിയെ വിമർശിച്ച, യുക്രൈനില്‍ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികളെ അവമതിച്ചുകൊണ്ട് അവരെ ‘പാമ്പിന്‍കുഞ്ഞുങ്ങൾ’ എന്നുവിളിച്ച് പരിഹസിക്കുകയും, യുക്രൈന്‍ മോദിയെ ലോകത്തിലെ ‘ഏറ്റവും ശക്തനായ നേതാവ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിലേക്ക് ഇതുപോയി. യുദ്ധം പരിഹരിക്കാൻ യുക്രൈനും റഷ്യയും ഇന്ത്യയുടെ സഹായം തേടിയെന്ന മറ്റൊരു തെറ്റായ അവകാശവാദവും ഇവര്‍ പ്രചരിപ്പിച്ചു.
വിവിധ ബിജെപി അനുകൂല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കണ്ട ഒരു സന്ദേശം ഇങ്ങനെയായിരുന്നു:”യുദ്ധമേഖലയിൽനിന്ന് സുരക്ഷിതമായി പുറത്തുകടക്കുകയാണ് നിങ്ങളുടെയാവശ്യം. എന്നിട്ട് നിങ്ങൾക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങൾ നൽകിയില്ലെന്ന് പറഞ്ഞ് ടിവി ക്യാമറകൾക്ക് മുന്നിൽവന്ന് കരയുകയാണ്. വിദ്യാർത്ഥികളെ അവരുടെ വീട്ടുപടിക്കൽവരെ ഹെലികോപ്റ്ററിൽ കൊണ്ടുപോയി ഇറക്കണം, ഒരു ചുമട്ടുതൊഴിലാളിയെ ഏര്‍പ്പാടാക്കി അവരുടെ ലഗേജ് കൊണ്ടുപോകാൻ സർക്കാർ പണം നൽകണമായിരുന്നു, മോദി അവരെ തലയിൽ ചുമന്ന് വീട്ടിൽ ഇറക്കണമായിരുന്നു, അല്ലേ?” ഈ വിധേനയുള്ള സമൂഹമാദ്ധ്യമങ്ങളിലെ ഗൂഢോദ്ദേശ്യത്തോടെയുള്ള പ്രചാരണങ്ങളിൽ വിദ്യാർത്ഥികളെ ദുഷ്ടരായി ചിത്രീകരിക്കുകയും അവരുടെ കഷ്ടപ്പാടുകളെ പരിഹസിക്കുകയും ചെയ്തു.
വസ്തുതാപരമാണോ പ്രചരണങ്ങൾ എന്ന് അന്വേഷിക്കുന്ന രണ്ട് ഏജൻസികൾ, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും, ഇത്തരമൊരു പ്രചാരണം ബിജെപി സംവിധാനങ്ങള്‍ നടത്തുന്നതാണ് എന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരവസരത്തിൽ, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു, തന്റെ രാജ്യത്തിന്റെ സൈന്യം യുക്രൈനിലെ ഇന്ത്യൻ സിവിലിയന്മാരെ ഉപദ്രവിക്കില്ലെന്നും, അത്തരം സാധാരണക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും വാഗ്ദാനം ചെയ്തതായി അവകാശപ്പെടുന്ന ഒരു ചിത്രീകരണം കണ്ടെത്തി. ഒരു അന്വേഷണ ഏജൻസി, ഈ അവകാശവാദങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. ഷോയ്ഗു ഈ അവകാശപ്പെട്ടതുപോലെ ഒരുകാര്യവും പറഞ്ഞിട്ടില്ല. കൂടാതെ ഇന്ത്യയുടെ വിമാനങ്ങള്‍ ഒരിക്കലും നിരോധിത മേഖലയിലേക്ക് പറന്നിട്ടില്ല. സ്ഥിതിഗതികൾക്കനുസൃതമായി പ്രവർത്തിക്കാൻ വൈകിയതിന് മോദി സർക്കാർ നേരിടുന്ന വിമർശനങ്ങളെ നേരിടാൻ അവര്‍ക്ക് ഇത്തരം കെട്ടിച്ചമക്കലുകൾ ആവശ്യമാണെന്ന് അന്വേഷണ സംഘങ്ങൾ വാദിച്ചു.


ഭരണകർത്താക്കൾ ഇത്തരം വഞ്ചനാപരമായപ്രവൃത്തികള്‍ ചെയ്യുന്നതെന്തുകൊണ്ട് ?


ചുരുക്കത്തിൽ, നേരത്തെ വിശദീകരിച്ച വസ്തുതകള്‍ക്കുമേല്‍ യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഇതാണ്. രാജ്യത്തിനകത്താണെങ്കിലും, ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ വിദേശത്താണെങ്കിലും, തീവ്രമോ അസഹനീയമോ ആയ ദുരിതങ്ങളില്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍, സത്യം വളച്ചൊടിക്കാനുള്ള തങ്ങളുടെ കൗശലത്തിലും ആത്മപ്രശംസയുടെ അഹങ്കാരത്തിലും അഭിരമിക്കുകയാണ് ബിജെപി സര്‍ക്കാര്‍. അധ്വാനിക്കുന്ന ജനങ്ങൾക്ക് രാഷ്ട്രീയ അവബോധം ഇല്ലാത്തതുകൊണ്ടുമാത്രം ഭരിക്കുന്ന, കുത്തകകൾക്ക് വിധേയരായ ബിജെപിയും അതിന്റെ സർക്കാരും ഇത്തരം കുറ്റകൃത്യങ്ങളിൽനിന്നും കെട്ടിച്ചമച്ച പ്രചാരണങ്ങള്‍ നടത്തി രക്ഷപ്പെടുകയാണ്. ബിജെപിയുമായി ശത്രുത നടിക്കുന്ന കപട മാർക്സിസ്റ്റുകൾ ഉൾപ്പെടെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളും, തെരഞ്ഞെടുപ്പിൽ മികച്ച ഫലം നേടുന്നതിന് ആവശ്യമായ പരിധിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. അവർ ജനങ്ങൾക്ക് ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നത് വ്യർത്ഥമാണ്. മറിച്ച്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരിധിയിൽ ജനങ്ങളെ ഒതുക്കാനാണ് അവരുടെ ശ്രമം. അതിനാൽ, ആശയക്കുഴപ്പത്തിലകപ്പെട്ട ജനങ്ങൾ, ആകർഷകമായ മുദ്രാവാക്യങ്ങളാലോ, കപട ദേശസ്‌നേഹത്തിന്റെയോ, സങ്കുചിത ദേശീയവാദത്തിന്റെയോ മുദ്രാവാക്യങ്ങളിൽ ആകൃഷ്ടരായി, കപട തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഈ പാർട്ടി, അല്ലെങ്കിൽ ആ പാർട്ടി, അതുമല്ലെങ്കിൽ ബൂർഷ്വാ പാർട്ടികളുടെ കൂട്ടുകെട്ടുകൾ, ഇവയെ മാറിമാറി പിന്തുണച്ചുകൊണ്ടിരിക്കുന്നു.
അവരുടെ അറിവില്ലായ്മയെ മുതലെടുത്തുകൊണ്ട്, ഭരിക്കുന്ന കുത്തകകളും അവരുടെ പിണിയാളുകളും ധനം സമ്പാദിക്കുകയും, അവരെ കബളിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയെയും അതുപോലെതന്നെ എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ഇത് സത്യമാണ്. സഖാവ് ലെനിന്റെ പ്രവചനം വിശദീകരിച്ചുകൊണ്ട്, എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും സമുന്നതനായ മാർക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ സഖാവ് ശിബ്‌ദാസ് ഘോഷ് വളരെ മുമ്പേ ഇത് ചൂണ്ടിക്കാണിച്ചിരുന്നു:
”സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിലെ യുദ്ധങ്ങളുടെ അനിവാര്യതയുടെ നിയമം, ആ കാലഘട്ടത്തിലെ പ്രത്യേക സാമ്പത്തിക സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവരുന്ന രാഷ്ട്രീയ സമ്പദ്‍വ്യ വസ്ഥയുടെ നിയമമാണ്. ഈ സാഹചര്യങ്ങള്‍ പ്രധാനമായും കമ്പോളത്തിനായുള്ള വിവിധ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുള്ള മത്സരവും, സാമ്രാജ്യത്വ കാലഘട്ടത്തില്‍ ഈ പ്രതിയോഗിത വൈരുദ്ധ്യത്തിന്റെ തീവ്രതയേറുന്നതുമാണ്.” (കോൾ ഓഫ് ദി അവർ, സമാഹൃത കൃതികള്‍, വാല്യം 2). ”ഇന്ന് സോഷ്യലിസ്റ്റ് രാജ്യങ്ങളെ മുതലാളിത്ത രാജ്യങ്ങള്‍ വലയം ചെയ്തിരിക്കുന്നു. ഇതിനുപകരം ഏതാനും മുതലാളിത്ത രാജ്യങ്ങള്‍മാത്രം അവശേഷിക്കുകയും അവയെ ഭൂരിഭാഗം വരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വലയംചെയ്യുകയും ചെയ്യുമ്പോഴോ, അല്ലെങ്കില്‍ ലോകമെമ്പാടും സോഷ്യലിസ്റ്റ് വിപ്ലവം വിജയിക്കുമ്പോഴോ മാത്രമേ, മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി യുദ്ധത്തെ നിഷ്കാസനം ചെയ്യാൻ കഴിയൂ.” (യുദ്ധം, സമാധാനം, സമാധാനപരമായ സഹവർത്തിത്വം, സമാഹൃത കൃതികള്‍, വാല്യം 1)


അതിനാൽ, ഭരിക്കുന്നവരുടെ ഇത്തരം ഹീനമായ കളികളും, അവരുടെ വ്യത്യസ്ത രൂപങ്ങളിലുള്ള കിങ്കരന്മാരെയും തിരിച്ചറിഞ്ഞുകൊണ്ട്, എല്ലാ വിധത്തിലുമുള്ള ശങ്കകളും സംശയങ്ങളും ഭയവും ഉപേക്ഷിച്ച് സധൈര്യം മുന്നോട്ടുവന്ന്, ശരിയായ വിപ്ലവ നേതൃത്വത്തിന് കീഴിൽ സ്വന്തം പോരാട്ടങ്ങൾ കെട്ടിപ്പടുക്കാൻ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇത്, വിപ്ലവത്തിലൂടെ മുതലാളിത്ത അടിച്ചമർത്തലിന്റെ നുകത്തിൽനിന്ന് മോചനം നേടുന്നതിന് മാത്രമല്ല, തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് വഴങ്ങി കുറച്ച് ആശ്വാസം നൽകാന്‍ നിലനില്‍ക്കുന്ന അധികാര സ്ഥാനങ്ങളെ നിർബന്ധിക്കുന്നതിനുവേണ്ടിയും കൂടിയാണ്. കഷ്ടപ്പെടുന്ന ദശലക്ഷങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നതിനും, ശക്തമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള വർഗ, ബഹുജന സമരങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസം ഉയര്‍ത്തുക എന്നതും അനിവാര്യമായിരിക്കുന്നു.

Share this post

scroll to top