ഹിജാബ് വിവാദം: ഭിന്നതയും സ്പർദ്ധയും സൃഷ്ടിക്കാനുള്ള ഫാസിസ്റ്റ് പദ്ധതി

images.jpg
Share

അടുത്ത കാലത്ത് ഹിജാബുമായി ബന്ധപ്പെട്ട വിവാദം കർണ്ണാടക സംസ്ഥാനത്ത് പടർന്നുപിടിക്കുകയുണ്ടായി. മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ ഈ വിഷയത്തിന് ഇന്ത്യ മുഴുവൻ പ്രചാരണം കൊടുക്കുകയായിരുന്നു. കർണ്ണാടക സംസ്ഥാനത്തെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ ഒരു പ്രിയൂണിവേഴ്സിറ്റി കോളേജിലാണ് ഈ വിവാദത്തിന്റെ തുടക്കം. ക്യാമ്പസിനുള്ളിൽ യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് കോളേജ് അധികൃതർ നിഷ്കർഷിച്ചപ്പോൾ, തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാതിനാൽ ഹിജാബ് മാറ്റാൻ 6 പെൺകുട്ടികൾ വിസമ്മതിച്ചു. ഇതിനെതിരായി, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഒരു കൂട്ടം ആൺകുട്ടികൾ കാവി ഷാളുകളും കാവി തലപ്പാവുകളും ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. കുറച്ച് ആളുകൾ വിദ്യാർത്ഥികൾക്ക് കാവി ഷാളുകളും കാവി തലപ്പാവുകളും വിതരണം ചെയ്യുന്നത് ആ സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന ചില വീഡിയോകളിൽ കാണാം. ഒരു മന്ത്രിയുടെ മകൻ കാവിഷാളുകളും തലപ്പാവുകളും വിതരണം ചെയ്യുകയും തിരിച്ചെടുക്കുകയും ചെയ്തിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളിൽവന്ന വാർത്തകളിൽ ഈ സാധനങ്ങൾ എല്ലാംതന്നെ സൂറത്തിൽനിന്ന് കൊണ്ടുവന്നതാണെന്ന് പറയുന്നു. ചില പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് കോളേജിൽ വരാൻ അനുവാദം കൊടുക്കുകയാണെങ്കിൽ തങ്ങൾക്ക് കാവി ഷാളുകളും തലപ്പാവുകളും ധരിച്ച് കോളേജിൽ വരാനും അനുവാദമുണ്ടാകണമെന്ന് ഒരു കൂട്ടം ആൺകുട്ടികൾ കോളേജ് അധികാരികൾക്ക് മുന്നിൽ ശഠിച്ചു. കോളേജ് അധികൃതർ രണ്ട് കൂട്ടരെയും കോളേജിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിൽ നിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹിജാബ് ധരിച്ച് പെൺകുട്ടികൾ കോളേജുകളിൽ എത്തിയ സ്ഥലങ്ങളിലെല്ലാം കാവി ഷാളുകളും തലപ്പാവുകളും ധരിച്ച് ആൺ കുട്ടികളും വൻതോതിൽ പ്രത്യക്ഷപ്പെട്ടു. അവർ വിദ്യാർത്ഥികൾ ആയിരുന്നോ അല്ലായിരുന്നോ എന്ന് ആർക്കും പറയാൻ കഴിയില്ല. രണ്ട് മതവിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്കിടയിൽ മനഃപൂർവ്വം ഭിന്നതയും സ്പർദ്ധയും സൃഷ്ടിക്കാൻ ആസൂത്രിതമായ പദ്ധതി ഉണ്ടായിരുന്നു എന്നതാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഉടൻതന്നെ ബൊമ്മെയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബിജെപി സർക്കാർ നിലവിൽ യൂണിഫോം നിലവിലുള്ള എല്ലാ കോളേജുകളിലും വിദ്യാർത്ഥികൾ യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണമെന്ന് ഉത്തരവ് ഇറക്കി. അതേ സമയംതന്നെ, വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ നിരീക്ഷിച്ചുകൊണ്ട് സർക്കാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിട്ടു.


ഹിന്ദുവർഗ്ഗീയ അജണ്ട വ്യക്തം


ഇതിനിടെ ന്യൂനപക്ഷ സമുദായത്തിൽപെട്ട ചില വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിന് അനുകൂലമായ വിധി ലഭിക്കുന്നതിനായി കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ആദ്യത്തെ ദിവസംതന്നെ രണ്ട് വിഭാഗവും ഹിജാബും കാവി ഷാളും തലപ്പാവും ഇല്ലാതെ യൂണിഫോം ധരിച്ചുകൊണ്ട് മാത്രമേ കോളേജിൽ പ്രവേശിക്കാൻ പാടുള്ളു എന്ന ഇടക്കാല വിധി പുറപ്പെടുവിച്ചു. കർണ്ണാടക സർക്കാർ വീണ്ടും മൂന്ന് ദിവസത്തേയ്ക്കുകൂടി സ്കൂളുകളും കോളേജുകളും അടച്ചിട്ടു! അതുകൊണ്ട് വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ അധ്യയനം നഷ്ടപ്പെട്ടു. ചില കോളേജുകളിൽ അധികാരികൾ കോളേജിനുള്ളിൽ ഹിജാബ് മാറ്റുന്നതിനുള്ള സ്ഥലസൗകര്യം നൽകി. ചില കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയ ന്യൂനപക്ഷ സമുദായത്തിൽപെട്ട പെൺകുട്ടികൾക്ക് ഹൈക്കോടതി വിധിയുടെ പേരിൽ പ്രവേശനം നിഷേധിച്ചു. ഹിജാബ് തങ്ങളുടെ ആചാരത്തിന്റെ ഭാഗമാണെന്നും മതം വിദ്യാഭ്യാസത്തെക്കാൾ പ്രധാനപ്പെട്ടതാണെന്നും ചില പെൺകുട്ടികൾ വാദിച്ചു. അതുകൊണ്ട് അവർ ക്ലാസിൽ ഹാജരാവാതെ തിരിച്ചുപോയി. ചില ബിജെപി നേതാക്കളും ക്യാബിനറ്റ് മന്ത്രിമാരും ന്യൂനപക്ഷ സമുദായക്കാരായ പെൺകുട്ടികൾ പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന് ഭീഷണിപ്പെടുത്തുകയും നിങ്ങൾക്ക് വിദ്യാഭാസം ആവശ്യമില്ലെന്നുപറഞ്ഞ് കളിയാക്കുകയും ചെയ്തു. ഹിന്ദു വർഗീയതയും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വിദ്വേഷവും ആക്രമണോത്സുകതയോടെ. അനുവർത്തിച്ചുവരുന്ന ആര്‍എസ്എസ് -ബിജെപി-സംഘപരിവാർ ശക്തികളുടെ ജൽപ്പനങ്ങളായിരുന്നു അവ.


ഇതിനിടെ മൈസൂരിനടുത്തുള്ള മാണ്ഡ്യ നഗരത്തിൽ നടന്ന ഒരു സംഭവം പ്രത്യേകിച്ച് പരാമർശിക്കേണ്ടതുണ്ട്. ഹിജാബ് ധരിച്ച് നടന്നുപോകുകയായിരുന്ന ഒരു പെൺകുട്ടിയെ ഒരുകൂട്ടം ആൺകുട്ടികൾ പിൻതുടരുകയും അവളോട് ഹിജാബ് മാറ്റി ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പെട്ടെന്ന് ആ പെൺകുട്ടി തിരിഞ്ഞുനിന്ന് ‘അല്ലാഹു അക്ബർ’ എന്ന് ഉച്ചത്തിൽ വിളിച്ചു.കാവിവസ്ത്രധാരികളായ ഒരുകൂട്ടം ആൺകുട്ടികളെ ഒരു പെൺകുട്ടി ഒറ്റയ്ക്ക് ധൈര്യസമേതം വെല്ലുവിളിച്ച ദൃശ്യം ലോകം മുഴുവൻ വൈറലായി മാറി. സുധീരമായ ഈ പ്രവൃത്തിയെ പ്രകീർത്തിച്ചു കൊണ്ട് പലരും ഈ പെൺകുട്ടിക്ക് പാരിതോഷികമായി സംഭാവനകൾ നൽകി. ലഭിച്ച പണമെല്ലാം പാവപ്പെട്ടവർക്കും ആംബുലൻസുകൾക്കും ആശുപത്രികൾക്കും സംഭാവനയായി നൽകുമെന്ന് ആ കുട്ടി പ്രഖ്യാപിച്ചു. തന്നോട് അപമര്യാദയായി പെരുമാറിയ ആൺകുട്ടികളോട് ദേഷ്യമില്ലേയെന്ന് ഒരു പത്രലേഖകൻ ചോദിച്ചപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു: ” അജ്ഞ ത കാരണവും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടുമാണ് അവർ അങ്ങനെ പെരുമാറിയത്. അവർക്കെതിരെ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ല. അവർ എന്റെ സഹോദരൻമാരാണ്, അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത് “. തികച്ചും വിവേകപൂര്‍വ്വമായ നിലപാടാണിത്. പെൺകുട്ടിയുടെ ഈ പെരുമാറ്റത്തെ എല്ലാ വിഭാഗം ജനങ്ങളും പ്രകീർത്തിച്ചു.


ഈ പ്രശ്നത്തിന്റെ തുടക്കം


ഹിജാബ് വിഷയത്തെ കൃത്യമായി വിലയിരുത്താൻ നമ്മുടെ രാജ്യത്തെ മതേതര സങ്കൽപ്പത്തിന്റെ വികാസ ചരിത്രവും അതിന്റെ പ്രത്യേകതകളും മനസ്സിലാക്കേണ്ടതുണ്ട്. എസ്‍യുസിഐ(സി)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഈ യുഗത്തിലെ സമുന്നത മാർക്സിസ്റ്റ് ചിന്തകരിലൊരാളുമായ സഖാവ് ശിബ്‌ദാസ് ഘോഷ് മാർക്സിസ്റ്റ് രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെകുറിച്ച് ഒരു ഉജ്വല വിശകലനം നടത്തുകയുണ്ടായി. സാമ്രാജ്യത്വവുമായും ജന്മിത്തവുമായും സന്ധിചെയ്ത ദേശീയ ബൂർഷ്വാസിയായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യധാരയെ നയിച്ചതെന്നും ഗാന്ധിജിയും നെഹ്റുവും പട്ടേലും അവരുടെ അനുയായികളും ഈ ധാരയുടെ പ്രതിനിധികളായിരുന്നുവെന്നും ഈ വിശകലനത്തിൽ സഖാവ് ശിബ്‌ദാസ് ഘോഷ് കാണിച്ചു തന്നിരുന്നു. അതോടൊപ്പം തന്നെ ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, അഷ്‌ഫഖുള്ള ഖാന്‍, സൂര്യസെൻ, പ്രീതിലത വദേദാർ തുടങ്ങിയവർ പ്രതിനിധാനം ചെയ്ത പെറ്റി ബൂർഷ്വാ വിപ്ലവകാരികളുടെ അനനുരഞ്ജനധാരയും നിലവിലുണ്ടായിരുന്നു. ഗാന്ധിജി നിസ്സംശയമായും സത്യസന്ധനായിരുന്നുവെങ്കിലും ഗാന്ധിസം എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ലൈൻ അധികാരമോഹികളായ ദേശീയമുതലാളി വർഗ്ഗത്തിന് അനനുരഞ്ജന ധാരയെ മറികടക്കാനും അന്തിമമായി ബ്രിട്ടീഷുകാർ പോയപ്പോൾ അധികാരം പിടിച്ചെടുക്കാനുമുള്ള ഒരു ഉപകരണമായിരുന്നുവെന്ന് സഖാവ് ശിബ്‌ദാസ്ഘോഷ് ചൂണ്ടിക്കാണിച്ചിരുന്നു. യൂറോപ്പിൽ, അത് ഇംഗ്ലണ്ടിലോ ഫ്രാൻസിലോ ജർമ്മനിയിലോ ആയിക്കൊള്ളട്ടെ, ബൂർഷ്വാ ജനാധിപത്യവിപ്ലവം പൂർത്തീകരിക്കപ്പെട്ടത് മുതലാളിത്തത്തിന്റെ ഉയർച്ചയുടെ ഘട്ടത്തിലായിരുന്നു. നവോത്ഥാന നായകരെല്ലാംതന്നെ മതേതരത്വ ധാരണയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനുള്ള വിപ്ലവസമാരത്തിലേർപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം വേരുറച്ചപ്പോഴേയ്ക്കും കമ്പോള പ്രതിസന്ധി കാരണം മുതലാളിത്തത്തിന് അതിന്റെ അനനുരഞ്ജന – വിപ്ലവ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല അത് ജീർണ്ണിക്കുകയും ചെയ്തിരുന്നു. സഖാവ് ശിബ്‌ദാസ്ഘോഷ് വിശദീകരിച്ചതുപോലെ “… ഇന്ത്യയിൽ രാഷ്ട്ര രൂപീകരണ പ്രക്രിയ ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു. ഈ സമയത്ത് ഒരു ലോക സാമൂഹികശക്തിയെന്ന നിലയിൽ അതിന്റെ വിപ്ലവ സ്വഭാവം നഷ്ടപ്പെട്ടിരുന്നുവെന്ന് മാത്രമല്ല വിപ്ലവവിരുദ്ധ സ്വഭാവം ആർജിക്കുകയും ചെയ്തിരുന്നു. ഇതിനുപരിയായി ഇന്ത്യൻ മുതലാളിത്തത്തിന് അതിന്റെ പ്രത്യേക സ്വഭാവ സവിഷേതകളുമുണ്ടായിരുന്നു. സ്വതന്ത്രമായി വളർന്ന് വികസിച്ച പാശ്ചാത്യ മുതലാളിത്തത്തിൽനിന്ന് വിഭിന്നമായി ഇന്ത്യൻ മുതലാളിത്തം വളർന്ന് വികസിച്ചത് വിദേശ സാമ്പത്തിക മൂലധനത്തിന്റെ ആധിപത്യത്തിന്റെ കീഴിലും ഫ്യൂഡൽ ബന്ധങ്ങളാൽ വലയം ചെയ്യപ്പെട്ടുമായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ സ്വാഭാവിക വളർച്ച മുരടിച്ചു പോയിരുന്നു…” (വര്‍ഗീയതാ പ്രശ്നം).


ഇതിനിടെ 1917ൽ റഷ്യയിൽ മഹത്തായ നവംബർ വിപ്ലവം നടക്കുകയുണ്ടായി. മഹാനായ ലെനിന്റെ നേതൃത്വത്തിലും പിന്നീട് സ്റ്റാലിന്റെ നായകത്വത്തിലും യുഎസ്എസ്ആര്‍ കെട്ടിപ്പടുത്തു.. മുതലാളിത്തത്തെ അധികാരത്തിൽനിന്ന് പുറത്താക്കുകയും സോഷ്യലിസം കെട്ടിപ്പടുക്കുകയും ഒരു തൊഴിലാളിവർഗ്ഗ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്തു. സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാണി ച്ചതുപോലെ, തൊഴിലാളിവർഗ്ഗ വിപ്ലവഭീതിയാണ് ഗാന്ധിജിയുടെ ചിന്താഗതിയിൽ പ്രതിഫലിച്ചതും അദ്ദേഹത്തെ സാമ്രാജ്യത്വത്തോടും ജന്മിത്തത്തോടും സന്ധി ചെയ്യുന്ന നയം സ്വീകരിക്കുന്നതിലേയ്ക്ക് എത്തിച്ചതും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ സമരം നടത്തുന്നത് ഗാന്ധിജിയ്ക്ക് സ്വീകാര്യമായിരുന്നില്ല. അഹിംസ ആയുധമാക്കണമെന്ന് അദ്ദേഹം ഉൽബോധനം ചെയ്തു. വളരെ സമാധാനപരമായി പ്രതിഷേധിക്കാൻ അദ്ദേഹം സത്യാഗ്രഹം എന്ന രീതി അവലംബിച്ചു. മറുവശത്ത് ജന്മിത്തത്തോടും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ തിന്മകൾക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ സമരവും അനുരഞ്ജന സ്വഭാവമുള്ളതായിരുന്നു. ബൂർഷ്വാ ജനാധിപത്യ വിപ്ലവം നടന്ന യൂറോപ്പിൽ രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാമൂഹിക – സാംസ്കാരിക രംഗങ്ങളിൽ നടന്ന സമരവും സന്ധിയില്ലാത്തതും വിപ്ലവകരവുമായിരുന്നുവെന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ, “ഇന്ത്യയിലെ ദേശീയ നേതൃത്വം സാമൂഹിക -സാംസ്കാരിക വിപ്ലവാത്തിന്റെ ഭാഗമെന്ന നിലയിൽ ഇന്ത്യൻ ജനതയെ മതപരമായ ബന്ധനങ്ങളിൽനിന്ന് മോചിപ്പിച്ചുകൊണ്ട് സമൂഹത്തെ ജനാധിപത്യവൽക്കരിക്കാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, പകരം മതത്തെ ദേശീയതയിലൂന്നിയ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു ഉപാധിയാക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യൻ ദേശീയതയ്ക്ക് മതപരമായ ചായ്‌വ് ഉണ്ടായിരുന്നു. ഈ മതപരമായ ദേശീയത പ്രകടിതമായത് ഹിന്ദുമത പുനരുദ്ധാരണത്തി ലൂടെയായിരുന്നു.” (വര്‍ഗീയതാ പ്രശ്നം). ഗാന്ധിജി ജന്മിത്തത്തോട് സന്ധി ചെയ്യുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനായി സാമൂഹിക-സാംസ്കാരിക വിപ്ലവത്തിന്റെ ബാനർ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം ഈശ്വരനും അള്ളായും ഒന്നുതന്നെയാണെന്ന് പാടിക്കൊണ്ട് മതത്തിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയും എല്ലാവർക്കും നല്ലബുദ്ധി തോന്നിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. ഈ രീതിയിൽ അദ്ദേഹം ഹിന്ദുമതത്തെയും മതസഹിഷ്ണുതയിലുള്ള തന്റെ വ്യക്തിപരമായ വിശ്വാസത്തെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.


എന്താണ് മതേതരത്വം ?


മതേതരത്വം എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നത്? മതേതരത്വം എന്നാൽ ഇഹലോകത്തെ അതായത് ഭൗതികലോകത്തെ സംബന്ധിക്കുന്നത് എന്നാണ് അർത്ഥമാക്കുന്നത്. മതേതര കാഴ്ചപ്പാട് അനുസരിച്ച് ഭരണകൂട സംബന്ധമായ എല്ലാ വിഷയങ്ങളും ഭൗതികലോകത്തെ കാര്യങ്ങളായതിനാൽ അവ നടപ്പാക്കുന്നത് മതപരമായ പരിഗണനകളില്ലാതെയും പ്രകൃത്യാതീത ശക്തികളെ അംഗീകരിക്കാതെയുമാണ്. മതത്തെ വ്യക്തിപരമായ കാര്യം മാത്രമായാണ് പരിഗണിക്കുന്നത്. ശിബ്‌ദാസ്ഘോഷിന്റെ വാക്കുകളനുസരിച്ച് ഒരു യഥാർത്ഥ മതേതര രാഷ്ട്രം “വിശ്വാസികൾക്ക് ഏതൊരു വിശ്വാസ സംഹിതയിലും വിശ്വസിക്കാനും അവിശ്വാസികൾക്ക് വിശ്വസിക്കാതിരിക്കാനുമുള്ള പൂർണ്ണസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. സാമൂഹ്യ-സാംസ്കാരിക-വിപ്ലവകടമകൾ നിർവഹിച്ചുകൊണ്ട് അത് സമൂഹത്തെ ജനാധിപത്യവൽക്കരിക്കുകയും മതത്തിന്റെ സ്വാധീനം കുറയ്ക്കുകയും ചെയ്യുന്നു” (വര്‍ഗീയതാ പ്രശ്നം). സ്വാഭാവികമായും ഇന്ന് അവതരിപ്പിക്കുന്നതുപോലെ, മതേതരത്വത്തെ എല്ലാ മതങ്ങൾക്കുമുള്ള പ്രോത്സാഹനമായി കണക്കാക്കാൻ പറ്റില്ല. ഒരു മതേതര രാഷ്ട്രം മതസംബന്ധമായ കാര്യങ്ങളിൽ നിക്ഷ്പക്ഷത പുലർത്തുകയും ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും മതത്തെ വ്യക്തിപരമായ കാര്യം മാത്രമായി കാണുകയുമാണ് ചെയ്യേണ്ടത്. ഒരാള്‍ക്ക് ഹിന്ദുവായോ മുസൽമാനായോ കൃസ്ത്യാനിയായോ ജീവിക്കാം, ക്ഷേത്രത്തിലോ പള്ളിയിലോ പോകാം, ഒരാള്‍ക്ക് നിരീശ്വരവാദിയായും ജീവിക്കാം. അത് തെരെഞ്ഞെടുക്കുന്നത് ആ വ്യക്തി മാത്രമാണ്. ഭരണകൂടം മതവിശ്വാസത്തിന്റെ കാര്യത്തിൽ തികഞ്ഞ നിക്ഷ്പക്ഷത പുലർത്തും. ഇതിനെയാണ് മതേതരത്വമെന്ന് വിളിക്കുന്നത്.


ഒരാളുടെ ചിന്ത എന്നത് ഏതെങ്കിലും സാമൂഹ്യ ചിന്തയുടെ വ്യക്തിവൽകൃതരൂപം മാത്രമാണ്. മുതലാളിത്ത സമൂഹം വർഗ്ഗ വിഭജിതമായതിനാൽ ചൂഷക വർഗ്ഗത്തിന്റെയും ചൂഷിത വർഗ്ഗത്തിന്റെയും ചിന്താധാരകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ഏതൊരാളുടെയും കാഴ്ചപ്പാടിനെ വർഗ്ഗപരമായ സമീപനത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയ തത്വശാസ്ത്രമായ മാർക്സിസം-ലെനിനിസം പഠിപ്പിക്കുന്നത് അതാണ്. എവിടെ നിന്നാണ് ഗാന്ധിജിക്ക് താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾ ലഭിച്ചത്? ഗാന്ധിജിക്ക് ജനങ്ങളോട് യഥാർത്ഥത്തിലുള്ള സ്നേഹമുണ്ടായിരുന്നു വെന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. പക്ഷെ തന്റെ ചിന്താഗതികളും കാഴ്ചപ്പാടുകളും എങ്ങിനെയാണ് മുതലാളിവർഗ്ഗത്തിന്റെ താൽപ്പര്യങ്ങളെ വളരെ നന്നായി പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. ഗാന്ധിസം തങ്ങളുടെ വർഗ്ഗതാൽപ്പര്യത്തിന് ഒട്ടുംതന്നെ ഭീഷണി ഉയർത്തുന്നില്ലെന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അവർ ഗാന്ധിജിയുടെ നേതൃത്വത്തെ ഉയർത്തി കാണിക്കുകയും സന്ധി ചെയ്യാത്ത വിപ്ലവകാരികളായ സ്വാതന്ത്ര്യ സമര സേനാനികളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു. അന്ന് സിപിഐ ഉണ്ടായിരുന്നുവെങ്കിലും അത് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതിരുന്നതിനാൽ സ്വാതന്ത്ര്യ സമരത്തിലെ അനുരഞ്ജന ധാരയെ ഒറ്റപ്പെടുത്തിക്കൊണ്ട് അനനുരഞ്ജന ധാരയുമായി ചേർന്നുകൊണ്ട് സോഷ്യലിസം സ്ഥാപിക്കാനായി മുന്നേറുക എന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞില്ല. മഹാനായ മാവോ സെ തുങ്ങ് ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയായ മാർക്സിസ്റ്റ് രീതി പിൻതുടർന്ന് ചൈനയിൽ ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിച്ചത്.


തൊഴിലാളിവർഗ്ഗ വിപ്ലവത്തെ തടയുകയും പക്ഷെ അതേസമയം, ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽനിന്ന് പുറത്താക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ഗാന്ധിജിയുടെ ആവശ്യകത. ഇതിൽനിന്നും തികച്ചും വിഭിന്നമായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസും ഭഗത് സിംഗും അവരുടെ അനുയായികളും പിൻതുടർന്ന സമീപനരീതി. നേതാജി ആഹ്വാനം ചെയ്തു – “നിങ്ങൾ എനിയ്ക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.” ബ്രിട്ടീഷുകാർ ആയുധം ഉപയോഗിച്ച് സ്വാതന്ത്ര്യ സമരം അടിച്ചമർത്തുമെന്നതിനാൽ ആയുധമെടുക്കാതെ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് അദ്ദേഹം ജനങ്ങളോട് വിശദീകരിച്ചു. മാർക്സിസം-ലെനിനസത്തിൽ വിശ്വസിച്ചിരുന്ന സ്വാതന്ത്ര്യസമര പോരാളിയായ ഭഗത് സിംഗും സായുധ സമരത്തിന്റെ ആ വശ്യകതയിൽ വിശ്വസിച്ചിരുന്നു.


സ്വാതന്ത്ര്യ സമരം കടമകള്‍ പൂര്‍ത്തീകരിച്ചില്ല


നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ഐഎന്‍എയിൽ ഹിന്ദുക്കളോടൊപ്പം നിരവധി മുസ്ലിങ്ങളും ഉണ്ടായിരുന്നതായി നമുക്കറിയാം. ജാതി-മതഭേദമെന്യെ എല്ലാവർക്കുമായി അദ്ദേഹം സ്ഥാപിച്ച സമൂഹ അടുക്കള വിഖ്യാതമാണ്. നവോത്ഥാന പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ലിംഗ തുല്യത ഐഎന്‍എയിൽ പ്രാവർത്തികമാക്കി ക്കൊണ്ട് അദ്ദേഹം വനിതകളുടെ ഝാൻസി റാണി റജിമെന്റ് ആരംഭിച്ചു. ഇതായിരുന്നു നേതാജിയും മറ്റ് വിപ്ലവകാരികളും നടത്തിയ സമരത്തിന്റെ സ്വഭാവം. പക്ഷെ ഗാന്ധിജിയ്ക്ക് ഇത്തരം സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹത്തിന് മതേതര-ജനാധിപത്യ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ ദേശീയ ബൂർഷ്വാസിയുമായി സന്ധിയിലേർപ്പെട്ടുകൊണ്ട് അധികാര കൈമാറ്റം നടത്തിയത്. ദേശീയ ബൂർഷ്വാസിയുടെ പാർട്ടിയായ കോൺഗ്രസ്സ് അങ്ങിനെ സ്വതന്ത്ര ഇന്ത്യയുടെ അധികാരം കയ്യാളി. തൊഴിലാളിവർഗ്ഗ വിപ്ലവത്തിലൂടെ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥിതി അവസാനിപ്പിക്കുന്നതിന് പകരം കേവലം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണ് ഇന്ത്യ നേടിയത്. സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം നടക്കാത്തതിനാൽ ഇന്ത്യൻ ജനത ജാതി, മതം, വംശം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ വിഘടിച്ചുനിന്നു. ഈ രീതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം അതിന്റെ കടമകൾ പൂർത്തീകരിക്കാതെ പാതിവഴിയിൽ അവസാനിച്ചു.


കോൺഗ്രസ്സിന്റേത് കപട മതേതരത്വം; ബിജെപിയുടേത് തുറന്ന ഹിന്ദുവർഗീയത


സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ്സ് ഒരിക്കലും യഥാർത്ഥ മതേതരത്വ നയങ്ങൾ പിൻതുടർന്നിരുന്നില്ല എല്ലാ മതങ്ങളെയും പ്രീണിപ്പിക്കുക എന്ന കോൺഗ്രസ്സിന്റെ നയം ഒരിക്കലും മതേതരത്വമായി കാണാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സഖാവ് ശിബ്‌ദാസ് ഘോഷ് ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. ഇസ്ലാം മതത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് പാക്കിസ്ഥാനെ ഒരു മതാധിഷ്ഠിത രാഷ്ട്രമെന്ന് വിളിക്കുകയാണെങ്കിൽ എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയെ ഒരു ബഹുമതാധിഷ്ഠിത രാജ്യമെന്ന് വിളിക്കേണ്ടിവരും. മതേതര രാഷ്ട്രമെന്ന് വിളിക്കാനാവില്ല. കോൺഗ്രസ്സ് ഗവൺമെന്റുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും എല്ലാത്തരം മതാനുഷ്ഠാനങ്ങളും നടത്താൻ പ്രോത്സാഹനം നൽകി. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റുമന്ത്രിമാരും ഹിന്ദുമതാനുഷ്ഠാനങ്ങൾ പരസ്യമായി നടത്തി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽപോലും റോക്കറ്റ് വിക്ഷേപണത്തിനുമുമ്പ് പൂജ നടത്തുന്നു.


മറുഭാഗത്ത് ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിച്ച് വോട്ടുനേടുക എന്ന ഉദ്ദേശത്തോടെ ഷാ ബാനോ കേസിൽ സുപ്രീം കോടതി വിധി മറികടക്കാൻ രാജീവ് ഗാന്ധി നിയമനിർമ്മാണം നടത്തി. അതേസമയംതന്നെ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനായി ബാ ബറി മസ്ജിദിലെ രാംലല്ല അവർക്കായി തുറന്നുകൊടുത്തു. ഈ നടപടി ഹിന്ദുവർഗീയത ആളിക്കത്തുന്നതിലേക്ക് നയിക്കുകയും ഹിന്ദു-മുസ്ലീം സൗഹാർദ്ദത്തിൽ വിള്ളലുണ്ടാക്കുകയും ചെയ്തു. ഇങ്ങനെ കോൺഗ്രസ്സ് ഗവൺമെന്റുകൾ പല തവണ സങ്കുചിത പാർലമെന്ററി താൽപ്പര്യങ്ങൾക്കായി ജനങ്ങളിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ചേരിതിരിവുണ്ടാക്കിയെന്ന് മാത്രമല്ല ഇതിനായി വർഗീയലഹളകളും സൃഷ്ടിച്ചു. ഇപ്പോൾ ബിജെപി ഗവൺമെന്റുകൾ പരസ്യമായ ഹിന്ദു വർഗീയ പ്രചാരണത്തിലൂടെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വിദ്വേഷം പരത്തുകയും സമൂഹത്തിൽ മതാധിഷ്ഠിതമായ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് ഇലക്ഷനുകളിൽ നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യയിലെ മതേതരത്വമെന്ന പേരിൽ അറിയപ്പെടുന്നതിന്റെ ചരിത്രം.


ഈ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ഹിജാബ് വിഷയം പഠിച്ചാൽ ഇത് മനഃപൂർവ്വം സൃഷ്ടിച്ച വിവാദമാണെന്ന് മനസ്സിലാകും. ഹിന്ദുമതാചാരങ്ങളായ ഗണപതിപൂജ, സരസ്വതി പൂജ, ആയുധ പൂജ എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥിരമായി നടന്നുവരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ചോദിക്കാനുള്ളത് ഹിജാബ് മാത്രമായി എന്തുകൊണ്ടാണ് ഒരു വിവാദ വിഷയമാക്കുന്നത്? ഇത് വിവേചനപരമല്ലേ? വാർഗ്ഗീയത ആളിക്കത്തിക്കുക എന്നത് മാത്രമല്ലേ ഇതിന് പിന്നിലുള്ള ഉദ്ദേശം?


ഹിജാബ് വിവാദം വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍


സ്വതന്ത്ര ഇന്ത്യയിൽ ദശാബ്ദങ്ങളായി മുതലാളിവർഗ്ഗം സാധാരണ ജനങ്ങളെയും തൊഴിലാളിവർഗ്ഗത്തെയും നിർദ്ദയം ചൂഷണം ചെയ്ത് പാപ്പരാക്കിയിരിക്കുകയാണ്. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, ജോലിയിൽനിന്നും പിരിച്ചുവിടൽ എന്നിവ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ജനജീവിതം അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. വിവിധ വിഭാഗം ജനങ്ങൾ അവരുടെ ജീവിത പ്രശ്നങ്ങളെ മുൻനിർത്തി സമരത്തിനിറങ്ങിക്കൊണ്ടിരിക്കുകയാണ്. അസംബ്ലി തെരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എങ്ങിനെയും അധികാരത്തിൽ വരാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുകയാണ്, പ്രത്യേകിച്ചും ഉത്തർ പ്രദേശിൽ. അതിനായി ജനങ്ങളിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ അവര്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത് ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ നേടിയെടുക്കാനാണ്.


നമ്മുടെ പാർട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍


നമ്മുടെ പാർട്ടിയും മുന്നണി സംഘടനകളും തുടക്കം മുതൽ തന്നെ ശാസ്ത്രീയ മതേതര ജനാധിപത്യ വിദ്യാഭ്യാസം നടപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത് നടപ്പാക്കുന്നില്ല എന്നുമാത്രമല്ല അതിന് വിപരീതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വേദാന്തത്തിൽ വിശ്വസിച്ചിരുന്ന വിവേകാനന്ദൻപോലും മതം വിദ്യാഭ്യാസത്തിൽ ഇടപെടരുതെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും നവോത്ഥാന നായകർ എല്ലാവരും മതത്തെ വിദ്യാഭ്യാസത്തിൽനിന്ന് മാറ്റിനിർത്തണമെന്നും മതത്തെ ഒരു വ്യക്തിയുടെ സ്വകാര്യവിഷയമായിമാത്രം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനുള്ള സമരം ഇപ്പോഴും കാര്യമായി മുന്നേറിയിട്ടില്ല. പക്ഷെ എല്ലാവിധ മതാചാരങ്ങളും ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിച്ചിരിക്കുമ്പോൾ ഹിജാബ് വിഷയം മാത്രം ഉയർത്തുന്നത് എന്തിനുവേണ്ടിയാണ്? എല്ലാ മതാചാരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിക്കുകയാണെങ്കിൽ ഹിജാബ് നിരോധനത്തിനും ന്യായീകരണമുണ്ട്. പക്ഷെ മറ്റെല്ലാ മതാചാരങ്ങളും അതേപടി തുടരാൻ അനുവദിക്കുകയും ഒന്ന് മാത്രം നിരോധിക്കുകയും ചെയ്യുന്നത് നഗ്നമായ വർഗീയത മാത്രമാണ്.


എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) കാർണ്ണാടക സംസ്ഥാന ഘടകവും അതിന്റെ മുന്നണി സംഘടനകളായ എഐഡിഎസ്ഒ, എഐഡിവൈഒ, എഐഎംഎസ്എസ് എന്നിവയും വർഗീയത ആളിക്കത്തിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളെ ശക്തമായി അപലപിച്ചുകൊണ്ടും മാണ്ഡ്യയിലെ പെൺകുട്ടിയുടെ ധീരതയെ പ്രകീർത്തിച്ചും പ്രസ്താവനകൾ പുറപ്പെടുവിക്കുകയു ണ്ടായി. എഐഡിഎസ്ഒ പ്രവർത്തകർ ഈ നീചമായ പ്രവൃത്തികൾ തുറന്നുകാട്ടാനായി വിദ്യാർത്ഥികളുടെയിടയിൽ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തി. എഐഡിവൈഒ, എഐഎംഎസ്എസ് പ്രവർത്തകരും നവോത്ഥാന നായകരുടെ ഉദ്ധരണികൾ ചുവരെഴുത്ത് നടത്തിക്കൊണ്ട് പ്രചാരണ പ്രവർത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ജനങ്ങൾ ബിജെപിയുടെ ദുഷ്‌പ്രചരണങ്ങളിൽ വീണുപോയിട്ടില്ല. അവർ മുതലാളിവർഗ്ഗത്തിന്റെ ഗൂഢപദ്ധതികൾ മനസ്സിലാക്കുകയും അതിനെതിരെ സമരരംഗത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയുമാണ്. ഐതിഹാസികമായ കർഷക സമരം വിജയം വരിച്ചത് നാം കണ്ടുകഴിഞ്ഞു. മാർച്ച് 28, 29 തിയതികളിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ പത്തോളം തൊഴിലാളി സംഘടനകളുടെ കീഴിൽ അണിനിരന്നുകൊണ്ട് രാജ്യവ്യാപകമായി സമരം നടത്തുകയാണ്. നമ്മുടെ ജനത ഇന്ദിരാ ഗാന്ധിയുടെ ഫാസിസ്റ്റ് അടിയന്തരാവസ്ഥയ്ക്കെതിരെ തിരിച്ചടിച്ച ചരിത്രമുള്ളവരാണ്. അതുകൊണ്ട് മോദി നയിക്കുന്ന ബിജെപി ഗവൺമെന്റും പൊരുതുന്ന ജനങ്ങളുടെ ഐക്യം തകർക്കാൻ വർഗ്ഗീയ വിദ്വേഷം വളർത്താനുള്ള ഹീന പദ്ധതിയിൽ വിജയിക്കാൻ പോകുന്നില്ല.

Share this post

scroll to top