അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നല്‍കുന്ന പാഠമെന്ത് ?

09election-map-lead1.jpg
Share

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ യുപിയിലടക്കം നാല് സംസ്ഥാനങ്ങളില്‍ ബിജെപിയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 95 ശതമാനം ജനങ്ങളുടെയും ജീവിതം വലിയ തകര്‍ച്ചയെ
നേരിടുന്ന സന്ദര്‍ഭത്തിലാണ് തെരഞ്ഞെുപ്പ് നടന്നത്. കുതിച്ചുയരുന്ന വിലകളും തൊഴിലില്ലായ്മയും,
കുത്തനെ ഇടിയുന്ന വരുമാനം, ഭീമമായ ചാര്‍ജ് വര്‍ദ്ധനവുകള്‍, ജീവിതത്തെയാകെ ഗ്രസിക്കുന്ന അരക്ഷിതാവസ്ഥ എന്നിവയൊക്കെയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍. ഇതോടൊപ്പം സർവവ്യാപിയായ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ഒരു പിടി സമ്പന്നരും കോടിക്കണക്കിന് ചൂഷിതരും തമ്മിലുള്ള അകലം അമ്പരപ്പിക്കുംവിധം വർധിച്ചുവരികയാണ്. ജനങ്ങൾ കടുത്ത അമർഷത്തിലായിരുന്നു. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം.

പഞ്ചാബിലെ ഫലത്തിൽ ഐതിഹാസികമായ കർഷക സമരത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് നാല് സംസ്ഥാനങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി ജയിച്ചു ? ഈ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം എന്തുകൊണ്ട് പ്രകടമായില്ല? ജീവിതപ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ?ഫാസിസ്റ്റ് സ്വേച്ഛാവാഴ്ചയുടെ ഈ കാലയളവിൽ ലോകത്തെവിടെയും ഈ പ്രതിഭാസമാണ് നമ്മൾ കാണുന്നത്.


യഥാർത്ഥ മാർക്സിസ്റ്റുകൾ തെരഞ്ഞെടുപ്പിനെ
വീക്ഷിക്കുന്നതെങ്ങനെ


ജന്മിത്തത്തിനും രാജവാഴ്ചയ്ക്കും എതിരെ പൊരുതിക്കൊണ്ടാണ് ലോകത്ത് ബൂർഷ്വാ ജനാധിപത്യ ഭരണം നിലവിൽ വരുന്നത്. മുതലാളിവർഗ്ഗം അന്ന് പുരോഗമനകാരിയായിരുന്നു. ജനങ്ങളുടെ അധികാരം സ്ഥാപിക്കുന്നു എന്നാണ് അവർ അവകാശപ്പെട്ടത്. ജനപ്രതിനിധികളുടെ ഭരണം ജനങ്ങളോട് കടപ്പെട്ടതായിരിക്കുമെന്ന് പ്രഖ്യാപിച്ചു.കൂടാതെ അനേകം സംഘടനകൾ ജനഹിതം പ്രകടിപ്പിക്കുകയും ജനാധിപത്യത്തിന്റെ കാവൽക്കാരായി നിലകൊള്ളുകയും ചെയ്തു. ഇതിൽ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടും. അവർ ജനപങ്കാളിത്തത്തോടെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തി. തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതി പൂര്‍വ്വകവുമായിരുന്നു. എന്നാൽ മുതലാളിത്തം ജീർണിക്കുന്തോറും തെരഞ്ഞെടുപ്പുകൾ പാഴ് വേലയായി മാറിക്കൊണ്ടിരുന്നു. ഇന്നത് പണവും കയ്യൂക്കും മാധ്യമങ്ങളും ഉദ്യോഗസ്ഥ സംവിധാനവുമൊക്കെ നിയന്ത്രിക്കുന്ന ഏർപ്പാടാണ്. മുതലാളിവർഗ്ഗ താല്പര്യം ഏറ്റവും നന്നായി സേവിക്കുമെന്നുറപ്പുളളവർ അധികാരത്തിലേറ്റപ്പെടുന്നു. ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കുകളിൽപോലും തെരഞ്ഞെടുപ്പുകൾ ആര് ജനങ്ങളെ അടിച്ചമർത്തണമെന്ന് തീരുമാനിക്കുന്ന ഏർപ്പാടാണെന്ന് 1917ൽ തന്നെ ലെനിൻ നിരീക്ഷിച്ചിരുന്നു.


ലെനിനനന്തര കാലഘട്ടത്തിൽ പാർലമെൻററി ജനാധിപത്യം കൂടുതൽ ജീർണ്ണിച്ചിരിക്കുന്നുവെന്നും എല്ലാ സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളിലും ഫാസിസം ഒരു പൊതു പ്രവണത ആയിരിക്കുന്നുവെന്നും സമുന്നത മാർക്സിസ്റ്റ് ദാർശനികനായ സഖാവ് ശിബ്ദാസ് ഘോഷ് നിരീക്ഷിച്ചു.ജനങ്ങൾക്ക് മതിയായ രാഷ്ട്രീയ പ്രബുദ്ധതയില്ലെങ്കിൽ, തൊഴിലാളിവർഗ്ഗം നിരന്തര സമരങ്ങളിലൂടെ അവരുടെ വർഗ്ഗ സംഘടന ശക്തിപ്പെടുത്തിയെടുക്കുന്നില്ലെങ്കിൽ, ജനങ്ങൾ അത്തരം ഒരു സംഘടനയാൽ സായുധരല്ലെങ്കിൽ, പണക്കൊഴുപ്പിന്റെയും പ്രചാരണ കോലാഹലങ്ങളുടെയും കുത്തൊഴുക്കിൽ അവർ ഒലിച്ചുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് തന്നു. വിപ്ലവം നടക്കുന്നതുവരെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ജനങ്ങൾ നിർബന്ധിതരാകും. വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാറായാൽ പിന്നെ തെരഞ്ഞെടുപ്പുകളുടെ ആവശ്യമില്ല. ജനങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുമ്പോൾ അവരോടൊപ്പമായിരിക്കാൻ വിപ്ലവകാരികളും അതിൽ പങ്കെടുക്കാൻ ബാധ്യസ്ഥരാണ്. എവ്വിധവും അധികാരത്തിലെത്താനും മുതലാളിത്ത വ്യവസ്ഥയെ സേവിക്കാനുമാണ് ബൂർഷ്വാ പാർട്ടികൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. വിപ്ലവകാരികളാകട്ടെ, ബഹുജന വിപ്ലവ പ്രവർത്തനത്തിന്റെ ഭാഗമായും. തെരഞ്ഞെടുപ്പുകളെ സമീപിക്കേണ്ടതെങ്ങനെ എന്നവർ ജനങ്ങളെ പഠിപ്പിക്കുന്നു. വിജയിച്ചാൽ നല്ലത്. എന്നാൽ എവ്വിധവും വിജയിക്കുക എന്നതല്ല സമീപനമെന്നും സഖാവ് ശിബ്ദാസ് ഘോഷ് ഓർമിപ്പിക്കുന്നു.


മുതലാളിത്ത ഇന്ത്യയുടെ വർത്തമാന സ്ഥിതി


സ്വാതന്ത്ര്യാനന്തരമുള്ള 75 വർഷക്കാലവും ഇന്ത്യയിലെ ജനങ്ങൾ ചൂഷണവും അടിച്ചമർത്തലും സഹിച്ചു. ജനാധിപത്യം ക്രമേണ ഫാസിസ്റ്റ് സ്വേഛാധിപത്യമായി. ജിഎസ്‌ടിയിലൂടെ കേന്ദ്രീകൃത നികുതി ഏർപ്പെടുത്തിയും സാമ്പത്തിക-ധനകാര്യ നിയന്ത്രണ സംവിധാനങ്ങളുടെ സ്വയംഭരണാവകാശം വെട്ടിച്ചുരുക്കിയും ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടും ബൂർഷ്വാ ഭരണകൂടം സാമ്പത്തിക കേന്ദ്രീകരണം സാധ്യമാക്കിയിരിക്കുന്നു. അതോടൊപ്പംതന്നെ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചും കരിനിയമങ്ങൾ പടച്ചുണ്ടാക്കിയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അന്വേഷണ ഏജൻസികളെയുമൊക്കെ വിധേയപ്പെടുത്തിയും നീതിന്യായ സംവിധാനത്തെപോലും വരുതിയിലാക്കാൻ ശ്രമിച്ചും രാഷ്ട്രീയാധികാരവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യ- സാംസ്കാരിക മണ്ഡലങ്ങളിലും ജനങ്ങൾ ആക്രമണവിധേയരാണ്. ജീവിതനിഷേധിയായ ചിന്താഗതികളാണ് പ്രചരിപ്പിക്ക പ്പെടുന്നത്. ഉപഭോക്തൃ മനോഭാവവും ലഹരിയും അശ്ലീലതയും രതിവൈകൃതങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സമൂഹത്തെ ഇത് കാർന്നുതിന്നുകയാണ്. മാനുഷിക മൂല്യങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളാകെ പ്രതിസന്ധിയുടെ പിടിയിലാണ്.
മതഭ്രാന്തും അന്ധതയും, ഇടുങ്ങിയതും വിഭാഗീയവുമായ ചിന്താഗതികളും പ്രോത്സാഹിപ്പിച്ച് യുക്തിചിന്ത യെയും ശാസ്ത്രീയ മനോഭാവത്തെയും തകർക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയുടെ വികാസത്തെ സയൻസിന്റെ വളർച്ചയായി വ്യാഖ്യാനിക്കുന്നു. സയൻസിന്റെ സാങ്കേതിക വശങ്ങളും ആത്മീയവാദവും അന്ധതയും യുക്തിഹീനമായ മനോഗതിയും സവിശേഷമായി ലയിക്കുമ്പോൾ ഫാസിസം ജന്മമെടുക്കുന്നുവെന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് വളരെ മുമ്പുതന്നെ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ ജനങ്ങൾ സ്വാർത്ഥരും നീചരും സാമൂഹ്യവിരുദ്ധരും ആയിത്തീരും.
ജനങ്ങൾക്ക് സ്വന്തം ഭരണകർത്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ടെന്നാണ് ഭരണവർഗം അവകാശപ്പെടുന്നത്. എന്നാൽ പ്രത്യക്ഷവും പരോക്ഷവുമായ മാർഗ്ഗങ്ങളിലൂടെ സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പിനെ അവർ അട്ടിമറിച്ചിരിക്കുന്നു.തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്കിന്ന് പ്രതീക്ഷയൊന്നു മില്ല.തെരഞ്ഞെടുപ്പുകൾവഴി എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് അവർ കരുതുന്നുമില്ല. ബൂർഷ്വാ പാർട്ടികൾ വെച്ചുനീട്ടുന്ന നിസ്സാര പ്രലോഭനങ്ങൾക്ക് അവർ വശംവദരാകുന്നതും അതുകൊണ്ടുതന്നെ. വോട്ടിംഗ് ശതമാനം കുറവാണെങ്കിൽ സ്ഥാപിത താൽപര്യക്കാർക്ക് കൃത്രിമം കാണിക്കാൻ എളുപ്പവുമാകും.ഇതിനെ ചെറുക്കാൻപോന്ന ശക്തമായ രാഷ്ട്രീയശക്തിയുടെ സാന്നിധ്യം അവർക്ക് അനുഭവവേദ്യമാകുന്നില്ല എന്നതാണ് ദുര്യോഗം. അധ്വാനിച്ച് ജീവിക്കുന്നവരെ വർഗ്ഗ-ബഹുജന സമരങ്ങളിലൂടെ രാഷ്ട്രീയ പ്രബുദ്ധരാക്കി മാറ്റണം.ചൂഷിത ജനത പൊതു ശത്രുവിനെതിരെ യോജിച്ചണിനിരക്കുമ്പോൾ ഭരണവർഗ്ഗം അവരിൽ കുത്തിനിറക്കുന്ന വിഭാഗീയ പ്രവണതകൾ പിൻവാങ്ങും.വലതുപിന്തിരിപ്പൻ ശക്തികൾക്കെതിരെ ശക്തമായ ഒരു ഇടതു ബദൽ വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ്. ഇത് അടിയന്തരാവശ്യകതയായി തീർന്നിരിക്കുന്നു. അതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തിയവരെങ്കിലും സിപിഐ(എം), സിപിഐ പാർട്ടികളോട് ഇത്തരമൊരു ഇടതുപക്ഷ ബദൽ രൂപീകരിക്കാനായി മുന്നോട്ടുവരാൻ നമ്മൾ നിരന്തരം ആവശ്യപ്പെട്ടത്. ഇങ്ങനെയൊരു ഇടതുപക്ഷ സമരശക്തി സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞാൽ സമരത്തിന്റെ ഭാഗമെന്നോണം ഇടതുപക്ഷീയത ഉയർത്തിപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പുകളിലും മത്സരിക്കാൻ കഴിയും. എന്നാൽ അവർ താല്പര്യം കാണിച്ചില്ല.
അധികാരം കൈയാളുന്നതിനുമുൻപ് സിപിഐ(എം), സിപിഐ പാർട്ടികൾ പാർലമെന്ററി താല്പര്യം മനസ്സിൽ വച്ചുകൊണ്ടാണെങ്കിൽപോലും ഇടതു-ജനാധിപത്യ സമരങ്ങളിൽ വീറോടെ പങ്കെടുത്തിരുന്നു. അധികാരം കിട്ടിയതോടെ അവർ ഇടതുപക്ഷീയത കൈവെടിഞ്ഞു. ബൂർഷ്വാ വോട്ടുരാഷ്ട്രീയത്തിന്റെയും കരുനീക്കങ്ങളുടെയും ആശാൻമാരായി. അധികാരത്തിലിരുന്ന് ജനകീയ സമരങ്ങളെ അടിച്ചമർത്താൻകൂടി തുനിഞ്ഞതോടെ നമുക്ക് ഒറ്റയ്ക്ക് സമരങ്ങൾ കെട്ടിപ്പടുക്കേണ്ടി വന്നു.


തെരഞ്ഞെടുപ്പിന് മുമ്പുള്ള സാഹചര്യം


മുതലാളിമാർ രഹസ്യമായി നൽകുന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവുമായിട്ടാണ് മുമ്പൊക്കെ ബൂർഷ്വാ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ഇന്ന് പരസ്യമായി തന്നെ പണം നൽകുന്നു. ബിജെപി ഭരണത്തിൽ ഇലക്ടറൽ ബോണ്ടുകൾവഴി സംഭാവന നൽകുന്ന ആളുടെ പേര് വെളിപ്പെടുത്താതെ പരസ്യമായി പണം കൈപ്പറ്റാം. ഭരണം കൈയാളുന്ന ബിജെപിക്കാണ് ഏറ്റവുമധികം പണവും മാധ്യമ പിന്തുണയും ഭരണ സൗകര്യങ്ങളും ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെറും റബ്ബർ സ്റ്റാമ്പാണ്. മുതലാളിവർഗ്ഗ താല്പര്യം ഇതുപോലെ സംരക്ഷിക്കുന്ന ഒരു പാർട്ടി വേറെയില്ല.


കോൺഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുന്നു. മോദിക്ക് ബദലായി ഒരു പാർട്ടിയോ നേതാവോ ഇല്ല.ദേശീയ താൽപര്യത്തിന്റെ പ്രതീകം എന്ന വ്യാജേന ഒരു അമാനുഷ വ്യക്തിത്വം മോദിയിൽ മുതലാളിവർഗ്ഗം ആരോപിച്ചെടുക്കുകയാണ്. ഒരു യഥാർത്ഥ വിപ്ലവ നേതൃത്വം ജനകീയ സമരങ്ങളുടെ നേതൃത്വത്തിലേക്ക് ഉയർന്നുവരുന്നതിനെ അവർ ഭയക്കുന്നു. കർഷകരുടെ ഐക്യം ഊട്ടിയുറപ്പിച്ച്, കുത്തകകൾക്കെതിരെ മുദ്രാവാക്യമുയർത്തി ഉയർന്നുവന്ന കർഷകപ്രക്ഷോഭം അവരെ ഞെട്ടിച്ചു. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന്, പ്രത്യേകിച്ച് യുപിയിൽ, അവർക്ക് നിർബന്ധമുണ്ടായിരുന്നു. കുത്തക മാധ്യമങ്ങളെല്ലാം തെരഞ്ഞെടുപ്പിനുമുമ്പേ ബിജെപിയുടെ വിജയം പ്രവചിച്ചു. ജാതി വർഗീയ പ്രചാരണത്തിലൂടെ ബിജെപി നില ഒന്നുകൂടി ഭദ്രമാക്കി. ജീവിത പ്രശ്നങ്ങളെല്ലാം പിന്തള്ളപ്പെട്ടു. മുമ്പ് വോട്ടേഴ്സ് ലിസ്റ്റിലെ തിരിമറിയും അക്രമവും ബൂത്ത് പിടിച്ചടക്കലുമൊക്കെയാണ് നടത്തിയിരുന്നത്. ഇപ്പോൾ മാധ്യമ പിന്തുണയോടെയുള്ള കൃത്രിമവും അരങ്ങേറുന്നു. പെഗസസ് പോലുള്ള ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തിയിരിക്കാനും സാധ്യതയുണ്ട്.
ബിജെപി ഹിന്ദു വർഗീയത കയ്യാളുന്നു എന്ന് വിമർശിക്കുന്ന ബൂർഷ്വാ പാർട്ടികളൊക്കെ മൃദുഹിന്ദുത്വ നിലപാട് എടുക്കാൻ നിർബന്ധിതരാകുന്നു എന്നതും ശ്രദ്ധേയമാണ്. മതേതരവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നെങ്കിലും ഇവർ കപട മതേതര ക്കാരാണ്. ഭരണകാര്യങ്ങളിലോ രാഷ്ട്രീയത്തിലോ സാമൂഹ്യ വിഷയങ്ങളിലോ മതത്തിന് പങ്കില്ലാതിരിക്കുക എന്നതാണ് മതേതര നിലപാട്. പ്രകൃത്യാതീതമായ ഒരു ശക്തിയെയും അത് അംഗീകരിക്കുന്നില്ല.മതം വ്യക്തിയുടെ സ്വകാര്യപ്രശ്നം മാത്രമാണ്. ബിജെപി വിരുദ്ധ നിലപാട് കൊണ്ടുമാത്രം ആരും മതേതരക്കാർ ആകുന്നില്ല. എന്നാൽ ഈ കപട മതേതരവാദികൾ എല്ലാ മതങ്ങൾക്കും തുല്യ പ്രോത്സാഹനം നൽകുന്നതിനെയാണ് മതേതരത്വമായി ചിത്രീകരിക്കുന്നത്. സ്വാഭാവികമായും ഹിന്ദുമത വിശ്വാസികൾക്ക് ഹിന്ദുത്വവാദികളോട് കൂടുതൽ ആഭിമുഖ്യം ഉണ്ടാകും. ചുരുക്കത്തിൽ മൃദുഹിന്ദുത്വ നിലപാട് ബിജെപിയുടെ ഹിന്ദുത്വ നിലപാടിന് കൂടുതൽ അവസരമൊരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽവേണം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ.


ഉത്തർപ്രദേശ്


ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾ ജനങ്ങളുടെ പ്രശ്നങ്ങൾ മൂടിവെച്ചുകൊണ്ട് ഹിന്ദു വർഗീയതയും ന്യൂനപക്ഷ വിരോധവും രാമക്ഷേത്ര നിർമാണവും കപട ദേശസ്നേഹവുമൊക്കെയാണ് ചർച്ചയാക്കിയത്.യോഗി ഭരണം മാഫിയകളെ അമർച്ചചെയ്ത്, അഴിമതി അവസാനിപ്പിച്ച്, സ്ത്രീകളടക്കം മുഴുവൻ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കി, സംസ്ഥാനത്തെ സമാധാനത്തിലേയ്ക്കും അഭിവൃദ്ധിയിലേക്കും നയിച്ചു എന്നവകാശപ്പെട്ടു. എന്നാൽ വസ്തുത നേരെ മറിച്ചായിരുന്നു. യുപിയിൽ 32 ശതമാനത്തിനേ തൊഴിലുള്ളൂ, അതില്‍ ഭൂരിപക്ഷവും കരാർ തൊഴിൽ ചെയ്യുന്നവർ. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം 20 ലക്ഷമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ സമ്മതിച്ചതാണ്. 38 ശതമാനം പേർ ദരിദ്രരും 31 ശതമാനം നിരക്ഷരരുമാണ്. സ്ത്രീകൾക്കു മേലുള്ള അതിക്രമങ്ങൾ 2015ന് ശേഷം 66 ശതമാനം വർദ്ധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ സംസ്ഥാനമാണ് യുപി എന്നാണ്. ഉന്നാവോയിലെയും ഹത്രാസിലെയും കൂട്ട ബലാത്സംഗങ്ങൾ പൈശാചികതയുടെ പ്രതീകമായി മാറി. മത ന്യൂനപക്ഷങ്ങൾക്കും ദളിതരെന്ന് വിളിക്കപെടുന്നവർക്കുംനേരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെ പകുതിയും യുപിയിലാണെന്ന് മനുഷ്യാവകാശ കമ്മീഷൻ സാക്ഷ്യപ്പെടുത്തുന്നു. പശുസംരക്ഷകർ, റോമിയോ വിരുദ്ധസംഘം, ലൗ ജിഹാദ് വിരുദ്ധ പോരാളികൾ തുടങ്ങിയവരു ടെയൊക്കെ അതിക്രമങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു. 2017 മുതൽ വ്യാജ ഏറ്റുമുട്ടൽ കൊലകളും വർധിച്ചുവരികയാണ്. കസ്റ്റഡി മരണങ്ങൾ ഏറ്റവുമധികം നടക്കുന്നതും യുപിയിൽ തന്നെ.കോവിഡ് കാലത്ത് യുപിയിലെ ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അപര്യാപ്തതയും ഗവൺമെന്റിന്റെ അനാസ്ഥയും വളരെ പ്രകടമായി. ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചു.ഓക്സിജൻ സിലിണ്ടറുകളുടെ അപര്യാപ്തത ഏറെ മരണങ്ങൾക്ക് ഇടയാക്കി. ഓക്സിജൻ സിലിണ്ടർ ഇല്ലാത്തതുകൊണ്ട് ചികിത്സ നിരസിക്കുന്നതായി യോഗിയുടെ ജില്ലയിൽപോലും ആശുപത്രികൾക്ക് നിലപാട് എടുക്കേണ്ടിവന്നു. മരണസംഖ്യ വളരെ കുറച്ചു കാണിച്ചു.ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. വെന്റിലേറ്ററുകളുടെ കാര്യത്തിൽപോലും കരിഞ്ചന്ത നടക്കുന്നതായി ബിജെപി ക്കാരനായ കേന്ദ്ര തൊഴിൽമന്ത്രി യുപി മുഖ്യമന്ത്രിക്ക് കത്തെഴുതുന്ന സ്ഥിതിവരെ എത്തി. ആംബുലൻസുകളിലും തെരുവുകളിലുമൊക്കെ ആളുകൾ മരണത്തിന് കീഴടങ്ങുന്നതായി കാൺപൂരിലെ ബിജെപി എംപി യോഗിക്ക് കത്ത് എഴുതുകയുണ്ടായി.


ഇന്ത്യയില്‍ കോവിഡ് പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അതിന്റെ വ്യാപനം തടയാനുള്ള യാതൊരു നടപടിയും ബിജെപി ഗവണ്‍മെന്റ് സ്വീകരിച്ചില്ല. നിരാലംബരും ദരിദ്രരുമായ പ്രവാസി തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ സഹിച്ച ത്യാഗങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇവരില്‍ നല്ലൊരുപങ്ക് യുപിയില്‍നിന്നുള്ളവരായിരുന്നു. ഗവണ്‍മെന്റിന്റെ ഈ ക്രൂരമുഖം മാറുന്നത് തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോഴാണ്. കര്‍ഷക സമരം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് പുറത്തുവരാന്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കി, വര്‍ഗീയ ചേരിതിരിവ് മൂര്‍ദ്ധന്യത്തിലെത്തിക്കുക എന്ന പോംവഴിയാണവര്‍ കണ്ടെത്തിയത്. മുസ്ലീങ്ങളെ അക്രമികളും സാമൂഹ്യവിരുദ്ധരുമായി ചിത്രീകരിച്ചു. 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള മത്സരമെന്ന് യോഗി പറഞ്ഞത് ഈ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ്. ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങള്‍ കാഷായധാരിയായ യോഗിയെ ബുള്‍ഡോസര്‍ ബാബ എന്ന് പ്രകീര്‍ത്തിച്ചത് ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ നടത്തിയ അടിച്ചമര്‍ത്തലിന്റെ പേരിലായിരുന്നു. സൗജന്യ റേഷൻപോലുള്ള നിസ്സാര ആനുകൂല്യങ്ങൾ നൽകി എസ്‍സി, എസ്‍ടി, ഒബിസി വിഭാഗങ്ങളെ വശീകരിക്കാനുള്ള പദ്ധതിയും ഭംഗിയായി നിറവേറ്റി. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്കും ചില ആനുകൂല്യങ്ങൾ നൽകി. ജനങ്ങളെ തെണ്ടികളാക്കുക, എന്നിട്ടവർക്ക് നക്കാപ്പിച്ചകൾ എറിഞ്ഞുകൊടുത്ത് വിലയ്കെടുക്കുക. ഈ ഹീനതന്ത്രമാണ് ബൂർഷ്വ രാഷ്ട്രീയം പയറ്റുന്നത്. പണവും മാദ്ധ്യമ പിന്തുണയും ഭരണ സംവിധാനത്തിന്റെ ഒത്താശയുമെല്ലാം ബിജെപി വിജയത്തിന്റെ പിന്നിലുണ്ട്. കോർപ്പറേറ്റുകൾ നൽകുന്ന ഭീമമായ സംഭാവനകൾ വോട്ടർമാരെ വിലയ്ക്കെടുക്കാൻവേണ്ടി ഉപയോഗപ്പെടുത്തുന്നു. സമാജ്‌‌വാദി പാർട്ടിയും തന്നാലാവകുംവിധം ഈ അടവുകള്‍ പയറ്റി.
ഇത്രയൊക്കെ ചെയ്തിട്ടും അവരുടെ സീറ്റുകൾ 58 എണ്ണം കുറഞ്ഞു. ഡെപ്യൂട്ടി മുഖ്യമന്ത്രിയും 11 മന്ത്രിമാരും തോറ്റു. ഓരോ മണ്ഡലത്തിലും അവർക്ക് കിട്ടിയ ഭൂരിപക്ഷം ഒരു ശതമാനം മുതൽ അഞ്ച് ശതമാനംവരെ മാത്രമാണ്. കർഷക സമരം സ്വാധീനം ചെലുത്തിയ പടിഞ്ഞാറൻ യുപിയിൽ 19ൽ 13ലും അവർ തോറ്റു. രണ്ടാം സ്ഥാനത്തെത്തിയ സമാജ്‌വാദി പാർട്ടിയും ജാതി-മത രാഷ്ട്രീയമാണ് കളിച്ചത്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച അസാസുദീൻ ഒവൈസിയും മായാവതിയും ബിജെപിക്ക് പരോക്ഷ സഹായമായി. പ്രതിപക്ഷത്തിന്റെ അനൈക്യം മുതലെടുത്ത് സുസ്ഥിര ഗവണ്മെന്റ് എന്ന മുദ്രാവാക്യം അവർ ശക്തമായി ഉന്നയിച്ചു. എല്ലാം മോദി തീരുമാനിക്കുന്നതുപോലെയേ നടക്കൂ എന്ന ചിന്താഗതിയും പ്രബലപ്പെടുത്തി. ജനങ്ങൾക്ക് ശക്തമായ ബിജെപിവിരുദ്ധ വികാരമുണ്ടായിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താൻ അംഗീകാരവും വിശ്വസ്തതയുമുള്ള ഒരു ബദൽ ഇല്ലാതെപോയി.


ഉത്തരാഖണ്ഡ്


ഉത്തർപ്രദേശ് മുറിച്ചുണ്ടാക്കിയ ഉത്തരാഖണ്ഡിന്റെ മണ്ണ് യുപിയെപ്പോലെതന്നെയാണ്. ബിജെപിയും കോൺഗ്രസും എഎപിയും മത്സരിച്ചപ്പോൾ ബിജെപിക്ക് 70ൽ 47ഉം കോൺഗ്രസിന് 19ഉം സീറ്റുകിട്ടി. ബിജെപിക്ക് 10 സീറ്റ് കുറഞ്ഞു. മുഖ്യമന്ത്രി തോറ്റു. ജനങ്ങൾ ഇവിടെയും ദുരിതത്തിലാണ്. പ്രകൃതി ദുരന്തത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ 5700 പേർ മരിച്ചു. 2000 പേർക്ക് പരുക്കേറ്റു. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള നിർമ്മാണങ്ങളും മറ്റും ദുരന്തങ്ങൾക്ക് കാരണമാകുന്നു. സാധാരണക്കാർക്കാണ് ഏറ്റവുമധികം ദുരിതങ്ങള്‍ സഹിക്കേണ്ടിവരുന്നത്. അവർക്ക് പ്രതിഷേധമുണ്ട്. എന്നാൽ അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തിൽ കാണുന്നില്ല. ദേവഭൂമി എന്നറിയപ്പെടുന്ന ഈ സംസ്ഥാനമിന്ന് ആർഎസ്എസ്-ബിജെപി നിയന്ത്രണത്തിലാണ്. ഇവടെ നടന്ന സന്ന്യാസിസഭ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനംചെയ്തിരുന്നു. ഈ മതശാസനം ഡൽഹി, യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ ഗവണ്മെന്റുകളെല്ലാം ശിരസാവഹിക്കണമെന്നാണ് അവരാവശ്യപ്പെട്ടത്. ഹരിദ്വാറിൽ ക്രിസ്തുമസോ ഈദോ ആഘാഷിക്കുന്നവരെ ആക്രമിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. ഇത് ആയുധ നിയമത്തിന്റെ ലംഘനവും, മതസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുംമേലുള്ള കടന്നുകയറ്റവുമാണ്. പക്ഷേ അവർക്കെതിരെ യാതൊരു നിയമനടപടിയും ഉണ്ടായില്ല. യഥാർത്ഥത്തിൽ തെരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണമെന്ന ദിശാസൂചനയാണ് ഈ സന്ന്യാസി സമ്മേളനം നൽകിയത്. യുപിയിലെപ്പോലെ ഇവിടെയും ശക്തമായ ബദലിന്റെ അസാന്നിദ്ധ്യത്തിൽ ജനങ്ങൾ ബിജെപിക്കുതന്നെ വോട്ടുചെയ്തു.


ഗോവ


പോർട്ടുഗീസുകാരിൽനിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ ബൂർഷ്വാരാഷ്ട്രീയത്തിന്റെ പിടിയിലാണ് ഗോവ. ഇടത്-ജനാധിപത്യ പ്രക്ഷോഭത്തിന്റെ അഭാവമാണ് കാരണം. മതപരമായ ഘടകങ്ങൾ, വിഘടന പ്രവണത, ജാതി-വംശ വികാരങ്ങൾ എന്നിവയൊക്കെ ഇവിടെ സജീവമാണ്. എല്ലാ ജനവിഭാഗങ്ങളും ഒന്നിക്കുന്ന സ്ഥിതിയില്ല. കോൺഗ്രസിന്റെ ദീർഘകാലത്തെ ദുർഭരണം ബിജെപി മുതലെടുത്തു. പണമൊഴുക്കി കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുത്ത് അധികാരം പിടിച്ചു. ഇരുകൂട്ടരോടും വിലപേശി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ചില പ്രാദേശിക പാർട്ടികളും ഇവിടെയുണ്ട്. ഇക്കുറി കുറച്ച് കോണ്‍ഗ്രസുകാര്‍ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. എല്ലാവരുംതമ്മിൽ മത്സരിച്ചപ്പോൾ ബിജെപിക്ക് വിജയം ഉറപ്പായി. അവർക്ക് ബദലാകാൻ ആർക്കുമായില്ല. പണവും അധികാരവും മാദ്ധ്യമപിന്തുണയുമൊക്കെ ബിജെപിക്ക് തുണയാകുകയും ചെയ്തു. നിരാശരായ കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ചതിന് തൃണമൂലിനെ പഴിക്കുന്നു.


മണിപ്പൂർ


വിഘടന ശക്തികൾക്ക് സ്വാധീനമുള്ള സ്ഥിതിയാണ് മണിപ്പൂരിൽ ഏറെക്കാലമായുള്ളത്. ഇവർ കോൺഗ്രസിനോടും ബിജെപിയോടും തരംപോലെ ചങ്ങാത്തംകൂടുന്നു. 2017ൽ കോൺഗ്രസ് വിട്ടുവന്ന രണ്ട് ഡസൻ നേതാക്കൾക്ക് ബിജെപി മന്ത്രിസ്ഥാനം നൽകി.ബിജെപിക്ക് 21ഉം കോൺഗ്രസിന് 28ഉം എംഎൽഎമാരുണ്ടായിട്ടും ബിജെപി ഭരിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി, നാഗ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി എന്നിവരുമായി ബിജെപി മുന്നണിയുണ്ടാക്കിയി രുന്നു. പ്രാദേശിക പാർട്ടികൾ അവരുടെ വിഘടനപരമായ രാഷ്ട്രീയം മറച്ചുവയ്ക്കുന്നില്ല. ഇക്കുറി കോൺഗ്രസ് സിപിഐ, സിപിഐ(എം), ആർഎസ്‌പി, ജനതാദൾ, ഫോർവേഡ് ബ്ലോക്ക് എന്നീ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ബിജെപിക്ക് ഭൂരിപക്ഷംകിട്ടി. നേരത്തെ ബിജെപി എൻഡിഎ സഖ്യം രൂപീകരിച്ചാണ് മത്സരിച്ചതെങ്കിൽ ഇത്തവണ സഖ്യം ഉണ്ടായിരുന്നില്ല. വടക്കുകിഴക്കൻ മേഖലയിൽ സൈന്യത്തിന് അമിതാധികാരം നൽകുന്ന സായുധസേന പ്രത്യേകാധികാര നിയമം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമായിരുന്നു സഖ്യം തകരാന്‍ കാരണം. ഭീകരവേട്ടയുടെ പേരിൽ 13 നിരപരാധികളെ വെടിവച്ചുകൊന്നതടക്കമുള്ള വിഷയങ്ങളിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ടായിട്ടും. ബിജെപിയുമായി ചങ്ങാത്തമുണ്ടായിരുന്ന പ്രാദേശിക പാർട്ടികൾ പരാജയപ്പെടുകയും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു എന്നത് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ്.


പഞ്ചാബ്


ബിജെപി പരാജയപ്പെട്ടത് പഞ്ചാബിൽ മാത്രമാണ്. പഞ്ചാബിലെ കാർഷിക മേഖല സമ്പന്നമാണ്.നല്ല ജലസേചന സൗകര്യങ്ങളുമുണ്ട്.എന്നാൽ വിത്ത്, വളം തുടങ്ങിയവയുടെയൊക്കെ വിലവർധനവും കാർഷികോൽപന്ന സംഭരണത്തിലെ അഴിമതിയുമൊക്കെ കാരണം കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല. അവർക്ക് വായ്പകൾ തിരിച്ചടയ്ക്കാൻപോലും കഴിയാത്ത സ്ഥിതിയുണ്ട്.ഇത് കർഷകരിൽ വലിയ അസംതൃപ്തി വളർത്തിയിട്ടുണ്ട്. കൂടാതെ മുതലാളിത്ത ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെതന്നെ പഞ്ചാബിലും വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. ലഹരി ഉപയോഗവും സ്ത്രീകൾക്കു മേലുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നു. ചെറുപ്പക്കാർ ജോലിതേടി വിദേശത്ത് പോകുന്നത് പതിവാണ്. എന്നാൽ ഇവർ വിവാഹം കഴിച്ചുകൊണ്ടുപോകുന്ന സ്ത്രീകളെ വിദേശത്ത് ചെല്ലുമ്പോൾ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഇതുമൂലം യുവതികൾ വലിയ ദുരിതമനുഭവിക്കുന്നു. ഗുരുഗ്രന്ഥ സാഹിബിനെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ കഴിഞ്ഞ ഏഴ് വർഷമായി പല പ്രതിഷേധങ്ങളും പഞ്ചാബിൽ ഉയർന്നുവന്നിട്ടുണ്ട്. 2016ൽ ഭരണകക്ഷിയായ ശിരോമണി അകാലിദൾ, ഇവ്വിധം അപകീർത്തിപ്പെടുത്തുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകുന്ന നിയമം കൊണ്ടുവന്നു. സിഖ് ഭൂരിപക്ഷമുള്ള പഞ്ചാബിൽ ഇത് രണ്ട് പ്രശ്നങ്ങൾക്ക് കാരണമായി. ഒന്ന് മറ്റ് മതവിഭാഗങ്ങൾക്കുള്ളതിൽ കൂടുതൽ പ്രാധാന്യം സിഖ് മതത്തിന് നൽകുന്നു എന്ന ചിന്താഗതി വളരാൻ ഇതിടയാക്കി. രണ്ട്,ഭരണത്തിൽ ഇരിക്കുന്നവർ ഭൂരിപക്ഷ പ്രീണനം നടത്തുന്നു എന്ന ചിന്താഗതിയും പ്രബലമായി. 40 ശതമാനത്തോളം മറ്റുമതസ്ഥരുണ്ട് പഞ്ചാബിൽ. ഈ പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. മറ്റൊന്ന് ഐതിഹാസികമായ കർഷക സമരം പഞ്ചാബിൽ ചെലുത്തിയ സ്വാധീനമാണ്. ഇത് ബിജെപിയുടെ സാധ്യതകൾക്ക് കനത്ത തിരിച്ചടിയായി. ദുർഭരണവും തമ്മിൽതല്ലും കോൺഗ്രസിനെയും അനഭിമതമാക്കി. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ, സഖ്യം വിട്ടതോടെ ദുർബലമായി.


ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, രാജഗുരു, രാം പ്രസാദ് ബിസ്മിൽ, ഉദ്ധം സിംഗ് തുടങ്ങി നിരവധി വിപ്ലവകാരികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും നാടാണ് പഞ്ചാബെങ്കിലും അവിടെ ഇടതുപക്ഷം ദുർബലമാണ്.അങ്ങനെയാണ് മറ്റൊരു ബൂർഷ്വാ പാർട്ടിയായ ആം ആദ്മി പാർട്ടി കടന്നുവരുന്നത്. ഗാന്ധിയനായ അന്ന ഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പാർട്ടിയാണത്. ഡൽഹിയിൽ ബിജെപിക്ക് കനത്ത പ്രഹരം ഏൽപ്പിച്ച് അധികാരം പിടിച്ച പാർട്ടിയുമാണ്. ഇവർ വിപ്ലവം, അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും, ഭഗത് സിംഗിന്റെയും അംബേദ്കറുടെയും പാരമ്പര്യം അവകാശപ്പെടുകയും ചെയ്തുകൊണ്ട് ജനപക്ഷമുഖം പ്രദർശിപ്പിക്കുകയും ചെയ്തു. ഡൽഹി ഭരണത്തിൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത് എന്നതാണ് സത്യമെങ്കിലും പഞ്ചാബിലെ പ്രത്യേക സാഹചര്യത്തിൽ അവർ സ്വാധീനം നേടി.
2014ൽ അരവിന്ദ് കെജരിവാൾ ദ ട്രിബ്യൂണിന് ഒരു ഇന്റർവ്യു നൽകിയിരുന്നു. സോഷ്യലിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ബിസിനസ് എന്റെ രക്തത്തിലുള്ളതാണ് എന്നത്രെ. ഭരണത്തിൽ ഇത് നന്നായി പ്രതിഫലിക്കുകയും ചെയ്തു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെല്ലാം ഡൽഹി സംസ്ഥാനത്തും നടപ്പാക്കി. വൈദ്യുതി, കുടിവെള്ളം, റോഡ് ഗതാഗതം തുടങ്ങിയ മേഖലകളിലൊക്കെ ബഹുരാഷ്ട്ര കുത്തകകളെ ആനയിക്കുകയും ചെയ്തു. എന്നിട്ടും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ പഞ്ചാബിൽ ഏതെങ്കിലുമൊരു പാർട്ടിക്ക് നേടാൻ കഴിഞ്ഞിട്ടില്ലാത്ത വിജയമാണവർ കരസ്ഥമാക്കിയത്. നാലിൽ മൂന്ന് ഭൂരിപക്ഷം. പരമ്പരാഗത ബൂർഷ്വാ പാർട്ടികളിൽ പഞ്ചാബ് ജനതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഇതവർ മുതലാക്കി. ഭഗത് സിംഗിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും ഹിന്ദുമതാഭിമുഖ്യം കെജരിവാൾ മറച്ചുവയ്ക്കുന്നില്ല. കർഷക സമരം നയിച്ച സംയുക്ത കിസാൻ മോർച്ചയിലെ ചില ഘടകകക്ഷികളുമായി അദ്ദേഹം രഹസ്യബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.


നിഗമനങ്ങൾ


ഈ തെരഞ്ഞെടുപ്പ് ഫലം ഏല്ലാവരുടെയും കണ്ണ് തുറപ്പിക്കേ ണ്ടതാണ്. പഞ്ചാബിലൊഴികെ ഒരിടത്തും ഈ ഫലം ജനവികാരം പ്രതിഫലിപ്പിക്കുന്നില്ല. ജനങ്ങളിൽ ബിജെപി വിരുദ്ധ മനോഭാവം ശക്തമായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയസ്ഥിതി, കോൺഗ്രസ്, ബിജെപി പോലുള്ള പാർട്ടികളുടെ നിലപാടുകൾ എന്നിവയൊക്കെ ജനങ്ങൾ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ നേട്ടങ്ങളും ഒരുപിടി സമ്പന്നർ കയ്യടക്കുകയും ബഹുഭൂരിപക്ഷവും അപമാനകരമായ സാഹചര്യത്തിൽ ജീവിക്കുകയും ചെയ്യണോ എന്ന് ജനങ്ങൾ തീരുമാനിക്കണം. തെരഞ്ഞെടുപ്പിലായാലും ജനജീവിതത്തിലായാലും അഴിമതി തടയാൻ ശക്തവും സംഘടിതവും നിരന്തരവുമായ ജനകീയ സമരങ്ങൾ വളർന്നുവരണം. സിപിഐ(എം), സിപിഐ പാർട്ടികൾ ഇടതുപക്ഷ സമര രാഷ്ട്രീയം വെടിഞ്ഞതിനാൽ ആ ഉത്തരവാദിത്വം നമ്മുടെ ചുമലിലാണ്. ഉന്നതമായ തൊഴിലാളിവർഗ സംസ്കാരത്തിന്റെയും നൈതികതയുടെയും അടിത്തറയിൽ അത്തരത്തിലുള്ള ജനകീയ മുന്നേറ്റം വളർത്തിയെടുക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നമ്മൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു പോരാട്ടം നമ്മൾ നടത്തി. ആവേശകരമായ ജനപിന്തുണ നമുക്ക് ലഭിച്ചു. ബൂർഷ്വാ വോട്ടുരാഷ്ട്രീയത്തിന്റെ ചെപ്പടിവിദ്യകളിൽ മയങ്ങാതെ സമരപാതയിലേയ്ക്ക് ജനങ്ങൾ വരണം. സഖാവ് ശിബ് ‌ദാസ് ഘോഷിന്റെ ഇക്കാര്യത്തിലുള്ള മാർഗനിർദ്ദേശം ഇപ്രകാരമണ്: ”രാഷ്ട്രീയത്തിൽ പരസ്പരം പോരടിക്കുന്ന പല ശക്തികളും പ്രവർത്തിക്കുന്നതായി പുറമേയ്ക്ക് കാണാം. പലരെയും മാദ്ധ്യമങ്ങൾ അവ്വിധം അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അന്തിമ പോരാട്ടത്തിന്റെ കാര്യമെടുത്താൽ പരസ്പര വിരുദ്ധമായ രണ്ട് ശക്തികളേയുള്ളു എന്നാണെന്റെ അഭിപ്രായം. പേരെന്തുമാകട്ടെ, വിപ്ലവത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തിയും വിപ്ലവത്തെ എതിർക്കുന്ന ശക്തിയുമാണത്. വിപ്ലവവിരുദ്ധ രാഷ്ട്രീയത്തിൽ കോൺഗ്രസുണ്ട്, ഇടതുപക്ഷ വാചാടോപക്കാരും ജനാധിപത്യ സോഷ്യലിസത്തോട് പ്രതിബദ്ധത പ്രഖ്യാപിക്കുന്നവരുമുണ്ട്. അതോടൊപ്പം വലതുപക്ഷ പിന്തിരിപ്പന്മാരും വശീകരണ മുദ്രാവാക്യങ്ങളുയർ ത്തുന്നവരുമുണ്ട്. മറുവശത്താകട്ടെ വിപ്ലവ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരും.” (ഇന്ത്യയിലെ ബഹുജന സമരങ്ങളും യുവാക്കളുടെ കർത്തവ്യങ്ങളും)

Share this post

scroll to top