തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ ചരിത്രദൗത്യവുമായി എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മുന്നോട്ട്‌

Party-75-Main.jpg
Share

ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ അന്ത്യദശകത്തിൽ ഇന്ത്യൻ രാഷ്ട്രീയ രംഗം അത്യന്ത്യം ചലനാത്മകവും സങ്കീർണവും സംഭവബഹുലവുമായി പുരോഗമിച്ചുകൊണ്ടിരുന്ന നാളുകളിൽ, ആ കാലഘട്ടത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടും ഒരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ടും ബംഗാളിൽ ഒരു സംഘം യുവവിപ്ലവകാരികൾ ഒരു ചരിത്രദൗത്യം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുവന്നു. ബംഗാളിലെ അനുശീലൻ സമിതി എന്ന വിപ്ലവപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നവരും പിൽക്കാലത്ത് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇൻഡ്യ (എസ്‌യുസിഐ) എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ ശിബ്ദാസ് ഘോഷും സഹപ്രവർത്തകരുമായിരുന്നു അവർ. ദശാബ്ദങ്ങൾ നീണ്ടുനിന്ന സമരങ്ങളുടെയും വിപ്ലവമുന്നേറ്റങ്ങളുടെയും ഫലമായി ഉണ്ടാകാൻ പോകുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം ചൂഷിത ജനതയുടെ പൂർണ്ണവിമോചനം സാധ്യമാക്കില്ല എന്ന് അവർ വിലയിരുത്തി. ദേശീയ രാഷ്ട്രീയത്തിൽ പുതിയ കടമകളും വെല്ലുവിളികളും അത് സൃഷ്ടിക്കുമെന്ന് അവർ മുന്നിൽ കണ്ടു.
ഇന്ത്യയിലെ ചൂഷകരായ മുതലാളിവർഗ്ഗത്തെ പ്രതിനിധീകരി ക്കുന്ന കോൺഗ്രസിലെ വലതുപക്ഷ വിഭാഗം ബ്രിട്ടീഷ് സാമ്രാജ്യത്വ അധികാര കേന്ദ്രങ്ങളുമായി ധാരണയിൽ ഏർപ്പെട്ടുകൊണ്ട് അധികാരത്തിലേറി. ചൂഷണ വിമുക്തമായ ഒരു സമൂഹം സ്വപ്‌നം കണ്ടുകൊണ്ട് ഒട്ടനേകം വിപ്ലവകാരികളും ചൂഷിത ജനതയും നടത്തിയ പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും വൃഥാവിലാക്കി ക്കൊണ്ട് മറ്റൊരു ചൂഷണവാഴ്ചയുടെ അസ്തിവാരം ഒരുങ്ങുകയാണ് എന്ന് അവർ മനസ്സിലാക്കി. അനുശീലൻ സമിതിയിൽ പ്രവർത്തിച്ചിരുന്ന ആ വിപ്ലവകാരികളെ സംബന്ധിച്ച് സമരഭൂമിയും കാരാഗൃഹവാസവും ഉയർന്ന പ്രത്യയശാസ്ത്ര – ദാർശനിക വിഷയങ്ങളുടെ തീക്ഷ്ണമായ പഠനവേദികൂടിയായിരുന്നു. ലോകമെമ്പാടുമുള്ള ചൂഷിതരും മർദ്ദിതരുമായ ജനങ്ങളുടെ വിമോചന സ്വപ്‌നങ്ങൾക്ക് ചിറകുകകൾ നല്കിക്കൊണ്ട് സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രവും മാർക്‌സിസ്റ്റ് ദർശനവും അധൃഷ്യമായ കരുത്ത് പ്രദർശിപ്പിച്ചു് മുന്നേറിയിരുന്ന ആ നാളുകളിൽ, ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്നെന്നതുപോലെതന്നെ മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനം ഉറപ്പാക്കുവാൻ സോഷ്യലിസം മാത്രമാണ് മാർഗ്ഗമെന്ന് ഇന്ത്യയിലും തൊഴിലാളിവർഗ്ഗം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
1920കൾ മുതൽ സിപിഐ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ് ദർശനത്തിനുണ്ടായിരുന്ന യശസ്സും ജനപിന്തുണയും സ്വാഭാവികമായും ജനങ്ങളെ സിപിഐ യിൽ അണിനിരക്കാൻ പ്രേരിപ്പിച്ചു. ആദ്യകാല നേതാക്കളുടെയും പ്രവർത്തകരുടെയും തൊഴിലാളിവർഗ്ഗത്തോടുളള കറകളഞ്ഞ കൂറും ആത്മാർത്ഥതയും വളരെ വേഗം ആ പ്രസ്ഥാനത്തിന് ജനപിന്തുണ നേടിക്കൊടുത്തു. പ്രതീക്ഷയോടെ ജനങ്ങൾ ആ പ്രസ്ഥാനത്തെ നോക്കിക്കണ്ടു. കാർഷികമേഖലയിലെ ജന്മിത്ത കൊളോണിയൽ ചൂഷണത്തിനെതിരായ പ്രക്ഷോഭണങ്ങളുടെ ഭാഗമായും ഒരിടക്കാലമൊഴികെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും അവർ നയിച്ച പോരാട്ടങ്ങൾ സിപിഐയുടെ സ്വാധീനവും പിന്തുണയും കൂടുതൽ ഉറപ്പിച്ചു. എന്നാൽ, ദേശീയ പ്രസ്ഥാനത്തിലെ വർഗ്ഗവിന്യാസങ്ങളെയും ധാരകളെയും മാർക്‌സിസ്റ്റ് വിശകലന പദ്ധതിപ്രകാരം വിലയിരുത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു. പ്രസ്ഥാനങ്ങ ളെയും വ്യക്തികളെയും പ്രതിഭാസങ്ങളെയും കൃത്യമായി തിരിച്ചറിയാനുമായില്ല. സ്വാഭാവികമായും തദനുസൃതമായ തെറ്റുകൾ രാഷ്ട്രീയ നിലപാടുകളിലും ഉണ്ടായി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വീകരിച്ച നിലപാട് ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽനിന്നുതന്നെ അവരെ അകറ്റാൻ ഇടയാക്കി. എന്നുമാത്രമല്ല, ഈ നടപടികൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ദർശനത്തിനുതന്നെ അപകീർത്തികരമായി മാറി.


സ്വാതന്ത്ര്യാനന്തരം ഇൻഡ്യയിൽ അധികാരത്തിൽ അവരോധിതമായ ഭരണകൂടത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിലും സാമ്പത്തിക ഘടനയെ വിലയിരുത്തുന്നതിലും അവർ തീർത്തും പരാജയപ്പെട്ടു. സാമ്പത്തിക-രാഷ്ട്രീയ സാഹചര്യത്തെ നിർണ്ണയിക്കുന്നതിൽ സംഭവിച്ച ഈ ഗുരുതരമായ പരാജയം, രാജ്യത്തിന്റെ വസ്തുനിഷ്ഠ വിപ്ലവപ്രക്രിയ യെയും അതിന്റെ സങ്കീർണ്ണതകളെയും പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന രാഷ്ട്രീയ ലൈൻ രൂപപ്പെടുത്താനാ വാത്ത സാഹചര്യത്തലേക്ക് അവരെ നയിച്ചു.
ശരിയായ മാർക്‌സിസ്റ്റ് വീക്ഷണവും വിശകലന രീതിയും പ്രയോഗപദ്ധതിയും ഗ്രഹിക്കുന്ന തിൽ ഇക്കൂട്ടർക്ക് സംഭവിച്ച അടിസ്ഥാനപിശക്, രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ മാത്രമല്ല, ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും മാർക്‌സിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ പ്രയോഗവത്ക്ക രിക്കുന്നതിൽ അവരെ പരാജയപ്പെടുത്തി. ബൂർഷ്വാ മാനവവാദവീക്ഷണത്തിൽ അധിഷ്ഠിതമായ ധാർമ്മിക സദാചാര നൈതിക ധാരണകളിൽനിന്നും തികച്ചും വ്യത്യസ്തമായ തൊഴിലാളിവർഗ്ഗ സംസ്‌കാരം നേതാക്കളുടെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും, സചേതനമായി പ്രയോഗിക്കുന്ന തിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാ യ ഉയർന്ന സാംസ്‌കാരിക ജീവിതം രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് അനുപൂരകമായി വളർത്തിയെടുക്കുന്നതിനും അവർക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല, കമ്മ്യൂണിസ്റ്റ് സംസ്‌കാരം ആർജ്ജിക്കാനുള്ള സമരത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുക പോലും ഉണ്ടായില്ല. സത്യസന്ധതയും ത്യാഗസന്നദ്ധതയും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും വ്യക്തിജീവിതത്തിൽനിന്നും വ്യക്തിവാദവും താൻപ്രമാണിത്തവും ഇല്ലാതാക്കാനും മാർക്‌സിസ്റ്റ് ദർശനത്തിന് ഇണങ്ങുംവിധം തൊഴിലാളിവർഗ്ഗ സംസ്‌കാരം ജീവിതത്തിൽ പാലിക്കാനും മാതൃകായോഗ്യരായ കമ്മ്യൂണിസ്റ്റുകളായി മാറാനും സിപിഐ നേതൃത്വത്തിന് കഴിയാതെ പോയി. സ്വാഭാവികമായും ബൂർഷ്വാ പെറ്റിബൂർഷ്വാ സംസ്‌കാരങ്ങളുടെ ഉൽപ്പന്നമായ ഗ്രൂപ്പിസവും വിഭാഗീയതയും തുടക്കംമുതൽത്തന്നെ ആ സംഘടനയുടെ ഭാഗമായി. പ്രത്യയശാസ്ത്ര കേന്ദ്രീയതയെ ആധാരമാക്കി സംഘടനാകേന്ദ്രീയത സൃഷ്ടിച്ചുകൊണ്ട് ഒറ്റ കല്ലിൽകൊത്തിയെടുത്ത ജൈവശരീരത്തിന് സമാനമായ ലെനിനിസ്റ്റ് പാർട്ടിസംഘടന സ്ഥാപിക്കുന്ന തിൽ അവർ പൂർണമായും പരാജയപ്പെട്ടു. ഇപ്രകാരം, ഇൻഡ്യൻ മണ്ണിൽ ഒരു ശരിയായ തൊഴിലാളിവർഗ്ഗ വിപ്ലവപ്പാർട്ടി നിലവിലില്ല എന്ന ചരിത്രപ്രധാനമായ നിഗമനത്തിൽ സഖാവ് ശിബ്ദാസ്‌ഘോഷും സഖാക്കളും എത്തിച്ചേർന്നു.

1948 ഏപ്രില്‍ 24 ന് നടന്ന രൂപീകരണയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റിംഗങ്ങള്‍. സഖാവ് ശിബ്ദാസ് ഘോഷ്(മധ്യത്തില്‍ ഇരിക്കുന്നത്), സഖാവ് സച്ചിന്‍ ബാനര്‍ജി(വലത്), സഖാവ് സുബോധ് ബാനര്‍ജി(ഇടത്). നില്‍ക്കുന്നവര്‍ ഇടതുനിന്ന് വലത്തേയ്ക്ക്: സഖാക്കള്‍ ഹിരണ്‍ സര്‍ക്കാര്‍, രതിന്‍ സെന്‍, പ്രതീഷ് ഛന്ദ, നിഹാര്‍ മുഖര്‍ജി


ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്നും ഇന്ത്യൻ ദേശീയ മുതലാളിവർഗ്ഗത്തിന്റെ കൈയിലേയ്ക്ക് അധികാരം കൈമാറിക്കൊണ്ട് പുതിയ ചൂഷണവാഴ്ചയ്ക്ക് അരങ്ങൊരുക്കപ്പെടുന്ന ആ കാലത്ത്, മുതലാളിത്ത ചൂഷണത്തിൽനിന്നുള്ള ജനങ്ങളുടെ വിമോചന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കപ്പെടുക എന്നത് ചരിത്രപരമായ ഒരു അനിവാര്യതയായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ അടയ്ക്കപ്പെട്ട സഖാവ് ശിബ്ദാസ് ഘോഷും സഖാക്കളും ജയിൽ മോചിതരായതിന് ശേഷം സ്വതന്ത്ര ഭാരതത്തിലെ തൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങളെ സംബന്ധിച്ച് ചരിത്രപരവും നിർണായകവുമായ ഒരു തീരുമാനം കൈക്കൊണ്ടു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ വിപ്ലവകരമായ രാഷ്ട്രീയ ദൗത്യത്തെ നയിക്കാനാകാത്ത പെറ്റിബൂർഷ്വാ പാർട്ടി മാത്രമാണ് സിപിഐ എന്നതിനാൽ ലെനിനിസ്റ്റ് സംഘടനാ രീതി അനുവർത്തിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാനുള്ള പ്രക്രിയയിൽ ഏർപ്പെടുക. ഇന്ത്യയിലെ തൊഴിലാളിവർഗ്ഗത്തിന്റെ യഥാർത്ഥ വിമോചന പ്രസ്ഥാനം രൂപീകരിക്കുക. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സഖാവ് ശിബ്ദാസ് ഘോഷ് ഉൾപ്പടെ ഏഴു വിപ്ലവകാരികൾ വർഷങ്ങൾ നീണ്ടുനിന്ന ആന്തരികവും ബാഹ്യവും കഠിനസമരത്തിലൂടെയാണ് 1948 ഏപ്രിൽ 24ന് ബംഗാളിലെ ജോയ് നഗറിൽ നടന്ന കൺവൻഷനിൽവച്ച് എസ്‌യുസിഐക്ക് രൂപം നൽകിയത്.
വളരെ സവിശേഷമായ ഒരു ജീവിത സമരമാണ് ശിബ്ദാസ്‌ഘോഷും സഖാക്കളും ഈ പ്രസ്ഥാനം കെട്ടിപ്പടുക്കാൻവേണ്ടി നടത്തിയത്. ഇടതുപക്ഷ തീവ്രവാദത്തിന്റെയും വലതുപക്ഷ അവസരവാദത്തിന്റെയും വ്യത്യസ്ത മുഖങ്ങൾ പ്രകടിപ്പിച്ചുകൊണ്ടിരുന്ന സിപിഐയുടെ നിലപാടുകളെ മുൻനിർത്തി കമ്മ്യൂണിസ്റ്റ് ദർശനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന മുൻവിധികളും സ്വയം പുരോഗമന പരിവേഷം അണിഞ്ഞുകൊണ്ട് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ബൂർഷ്വാസി സൃഷ്ടിച്ച വ്യാമോഹങ്ങളും, നാടിന്റെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ സംബന്ധിച്ചും ഇന്ത്യൻ വിപ്ലവത്തെ സംബന്ധിച്ചും സിപിഐ അവതരിപ്പിച്ച തെറ്റായ കാഴ്ചപ്പാടുകളും എല്ലാംചേർന്ന് ഒരുക്കിയ ആശയക്കുഴപ്പങ്ങളുടെ ചതുപ്പുനിലത്ത് പെട്ടുപോയ ജനങ്ങൾക്ക്, തികച്ചും വ്യത്യസ്തമായ ധാരണകൾ പകർന്നുനൽകി ഒരു പുതിയ പാർട്ടി പടുത്തുയർത്തുക അതീവ ദുഷ്‌കരമായിരുന്നു; വിശേഷിച്ച് കമ്മ്യൂണിസ്റ്റ് ദർശനത്തിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തിക്കൊണ്ടും സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്തുണയും അംഗീകാരവും ത്യാഗനിർഭരമായ പ്രവർത്തനങ്ങളുടെ ചരിത്രവും പ്രശസ്തരും പണ്ഡിതരുമായ നേതാക്കന്മാരുടെ ആധികാരികതയും മാധ്യമങ്ങളുടെ പിന്തുണയുമൊക്കെ പ്രയോജനപ്പെ ടുത്തിക്കൊണ്ടും സിപിഐ പ്രഭാവത്തോടെ നിലനിൽക്കുന്ന അക്കാലത്ത്. ബംഗാളിന്റെ ഒരു ചെറുനഗരത്തിൽ വളരെക്കുറച്ച് പേർ ചേർന്ന് രൂപീകരിച്ച എസ്‌യുസിഐ യെ ഒരു പാർട്ടിയായിപ്പോലും ആരും അന്ന് പരിഗണിച്ചിരുന്നില്ല.
മാധ്യമങ്ങളുടെ പിന്തുണയോ മതിയായ സാമ്പത്തിക ഉറവിടങ്ങളോ ഇല്ലാതെ അവഗണനയും ആക്ഷേപങ്ങളും നേരിട്ട് ശരിയെന്നു ബോധ്യപ്പെട്ട സത്യത്തിനുവേണ്ടി ഇന്ത്യയിലെ തൊഴിലാളിവർഗ്ഗത്തിന്റെ യഥാർത്ഥ വിപ്ലവ പാർട്ടി സൃഷ്ടിച്ചെടുക്കാനുള്ള സമാനതകളില്ലാത്ത സമരം അവിടെ ആരംഭിച്ചു. ക്രമേണ ജോയ് നഗറിൽനിന്നും ബംഗാളിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്കും ബംഗാളിന് പുറത്ത് ഇതര സംസ്ഥാനങ്ങളിലേയ്ക്കും ചിട്ടയായി വളർന്ന് രാജ്യമെമ്പാടും വ്യാപിച്ചു. ഇന്ന് രാജ്യത്ത് എവിടെയും നടക്കുന്ന ജനകീയ സമരങ്ങളുടെ ചാലകശക്തിയായും ഏറിയും കുറഞ്ഞും നിർണായ സ്വാധീനശക്തിയായും വലിയൊരളവിൽ നേതൃത്വമായും വർത്തിക്കാൻ പാർട്ടിക്കു കഴിയുന്നു.


കേരളത്തിന്റെ മണ്ണിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ അഞ്ച് പതിറ്റാണ്ടുകൾ


1967ലാണ് കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ വളരെ എളിയ തോതിൽ ആരംഭിക്കുന്നത്. കൊല്ലം ജില്ലയിൽ ടികെഎം എൻജിനീയറിംഗ് കോളജിലെ കുറച്ചു വിദ്യാർത്ഥികൾ പാര്‍ട്ടി സംഘാടനമെന്ന മഹത്തായ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുവന്നു. ഇന്ത്യയിലെ ഇടതുപക്ഷ മുന്നേറ്റത്തിന് തിരിച്ചടി ആരംഭിച്ച കാലഘട്ടമായിരുന്നു അത്. 1964ൽ സിപിഐ പിളർന്ന് സിപിഐ(എം)രൂപീകരിക്കപ്പെടുകയും 1967ൽ സിപിഐ(എം) പിളർന്ന് നക്‌സൽ ബാരി എന്ന പേരിൽ ഒരു വിഭാഗം പുറത്തുവരികയും സിപിഐ(എംഎൽ) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. കമ്മ്യൂണിസത്തിന്റെ പേരിൽ കമ്മ്യൂണിസത്തിന് നിരക്കാത്ത അക്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദപ്രവർത്തനങ്ങളും നടത്തി അവർ വിപ്ലവത്തിന്റെ മഹത്വത്തെയും യശസ്സിനെയും കെടുത്തി. രാജ്യത്താകെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു വശത്ത് ഭയം ജനിപ്പിക്കുന്നതും മറുവശത്ത് ആദർശവത്ക്കരിക്കപ്പെട്ടതുമായ ഒരു ചിത്രം സ്ഥാപിക്കപ്പെട്ടു. രണ്ടും യഥാർത്ഥ തൊഴിലാളിവർഗ്ഗ വിപ്ലവപ്രവർത്തനത്തിന് അത്യന്തം വിഘ്‌നം സൃഷ്ടിച്ചു. ഇതോടൊപ്പം സിപിഐ, സിപിഐ(എം) നേതൃത്വങ്ങളുടെ അപചയവും സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ റിവിഷനിസ്റ്റ് നേതൃത്വങ്ങളുടെ നിലപാടും ബുദ്ധി ജീവികൾക്കിടയിൽ നിരാശ പടർത്തി. അസ്തിത്വവാദവും നിരാശാവാദവും യുവാക്കളിൽ ഒരളവുവരെ സ്വാധീനം ചെലുത്തി. ഫലത്തിൽ ശരിയായ വിപ്ലവമുന്നേറ്റത്തിന് അടിമുടി പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ട ഒരു വേളയിലാണ് സംസ്ഥാനത്തിന്റെ മണ്ണിൽ എസ്‌യുസിഐ പ്രവർത്തനം തുടങ്ങുന്നത്. സാഹചര്യം എത്ര ദുഷ്‌കരമെങ്കിലും പാർട്ടി സംഘാടനത്തെ ചുമലിലേറ്റിയ സഖാക്കൾ വിപ്ലവകരമായ ക്ഷമയോടെ, അസാധാരണമായ ഇഛാശക്തിയോടെ ഓരോ ഇഞ്ചും പൊരുതി മുന്നേറി. വിപ്ലവത്തെ സ്വന്തം ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമായി കരളുറപ്പോടെ സ്വീകരിച്ച്, പാർട്ടി സെന്ററുകളിൽ ജീവിച്ച് മുഴുവൻ സമയപ്രവർത്തനത്തിന്റെ, തികച്ചും പുതിയ ജീവിതസപര്യ ഇവിടെ ആവിഷ്‌കരിച്ചു.
മുതലാളിത്ത ചൂഷണ വ്യവസ്ഥയ്‌ക്കെതിരെ, മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവമെന്ന ലക്ഷ്യത്തിന് അനുരോധമായി ബഹുജന സമരപ്രസ്ഥാനം വളർത്തിയെടുക്കാൻ പരിശ്രമിക്കുന്ന എസ്‌യുസിഐയുടെ രാഷ്ട്രീയമായ വ്യതിരിക്തതയും അർഹതയും തിരിച്ചറിയാൻ വളരെയേറെ സൂക്ഷ്മമായ രാഷ്ട്രീയജ്ഞാനം ആവശ്യമായിരുന്നു ആ ഘട്ടത്തിൽ. വിപ്ലവത്തിന്റെ ശരിയായ പാതയിൽ ഒരാളിൽ ബോദ്ധ്യം സൃഷ്ടിക്കുക എന്നത് വളരെയേറെ പരിശ്രമം ആവശ്യമായ ഒന്നായിരുന്നു. കമ്മ്യൂണിസത്തിന്റെ പേരിൽ ഇവിടെ പ്രവർത്തിച്ചുവന്നിരുന്ന വലിയ സ്വാധീനമുള്ള സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങൾ എസ്‌യുസിഐക്കെതിരെ നക്‌സലൈറ്റ് എന്നും സിഐയുടെ ഏജന്റ് എന്നും മറ്റും നുണപ്രചാരണം നടത്തി. ഒപ്പം, പാര്‍ട്ടിയുടെ പ്രവർത്തനം അസാധ്യമാക്കിത്തീർക്കത്തക്കവിധം പ്രവർത്തകർക്കുനേരെ അക്രമങ്ങൾ അഴിച്ചുവിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പതിറ്റാണ്ടുകളോളം ഈ അക്രമങ്ങളെ നേരിടേണ്ടിവന്നു.
പാർട്ടിയുടെയും വർഗ്ഗ ബഹുജനസംഘടനകളുടെയും തനതായ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ പ്രവർത്തനങ്ങൾ വഴി പാർട്ടി ക്രമേണ ജനങ്ങളിലെത്തുകയുണ്ടായി. ഉയർന്ന വിപ്ലവമൂല്യങ്ങളോടെയും കെട്ടുറപ്പോടെയും സംസ്ഥാനതലത്തിൽ ഒരു പാർട്ടിസംഘടന കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം വിജയകരമായി നിറവേറ്റാൻ ആദ്യത്തെ രണ്ട് പതിറ്റാണ്ടുകളിലെ കഠിനതരമായ സമരത്തിലൂടെ സഖാക്കൾക്കു കഴിഞ്ഞു. ഒപ്പം സുശക്തമായ ഒരു കേഡർ നിരയും സംസ്ഥാനത്ത് ഉയർന്നുവന്നു.
ഇടതുവലതു രാഷ്ട്രീയ മുന്നണികൾ തമ്മിലുള്ള തെരഞ്ഞെടുപ്പു മൽസരങ്ങളും അഞ്ചുവർഷത്തെ ഇടവേളയിൽ ഉണ്ടാകുന്ന ഭരണമാറ്റവും തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ലക്ഷ്യംവച്ചുകൊണ്ട് ഇരുകൂട്ടരും സമരങ്ങളെന്ന പേരിൽ നടത്തുന്ന ചക്കളത്തിപ്പോരാട്ടങ്ങളും ആണ് കേരള രാഷ്ട്രീയത്തിൽ അന്ന് പ്രധാന പ്രവണതയായിരുന്നത്. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കിയുള്ള സമരനാട്യങ്ങൾക്കപ്പുറത്ത് ജനകീയ സമരങ്ങളും ഉണ്ടായിരുന്നില്ല. 1990കളോടെ നിലനിന്നിരുന്ന മുന്നണി രാഷ്ട്രീയത്തിനു പുറത്ത്, കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്താഗതികൾക്കും ഉപരിയായ ഒരു ജനകീയ സമരശക്തിയെ രൂപപ്പെടുത്തി പുതിയൊരു രാഷ്ട്രീയ പ്രവണതയ്ക്ക് തുടക്കം കുറിക്കുവാൻ ദീർഘകാലത്തെ കഠിന പ്രവർത്തനങ്ങളിലൂടെ പാർട്ടിക്കു കഴിഞ്ഞു. കേരളീയ സമൂഹത്തിൽ അതിനുമുമ്പ് അത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടിരുന്നില്ല.


1985ൽ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് തുടങ്ങിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പ്രക്ഷോഭമാണ്, കേരളത്തിൽ ചെറിയ തോതിലെങ്കിലും ജനകീയ സ്വഭാവത്തിൽ പടുത്തുയർത്താൻ പാർട്ടിക്കു കഴിഞ്ഞത്. വിദ്യാഭ്യാസ വിചക്ഷണരും അദ്ധ്യാപകരും ഉൾപ്പെടെ ഒരു ചെറിയ വിഭാഗത്തെ ഈ പ്രക്ഷോഭത്തോ ടൊപ്പം ചേർക്കാൻ കഴിഞ്ഞു.
സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലേയ്ക്ക് വന്ന ഗോർബച്ചേവ് 1985ൽ ആരംഭിച്ച ഗ്ലാസ്‌നോസ്റ്റ് പെരിസ്‌ട്രോയിക്ക എന്ന വിധ്വംസക പദ്ധതിയെ പിന്തുണച്ച്, ലോകത്തെ എല്ലാ റിവിഷനിസ്റ്റ് പാർട്ടികളെയുംപോലെ ഇന്ത്യയിൽ സിപിഐ, സിപിഐ(എം) പാർട്ടികൾ രംഗത്തുവരികയും ആ പദ്ധതികളെ പുകഴ്ത്തിക്കൊണ്ട് മാധ്യമങ്ങളിലൂടെ ആശയ പ്രചാരണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേയ്ക്ക് നയിക്കുന്ന ആ അപകടത്തെ തുടക്കത്തിലെ തിരിച്ചറിയാൻ എസ്‌യുസിഐയ്ക്ക് കഴിഞ്ഞു. ഗ്ലാസ്‌നോസ്റ്റ് പെരിസ്‌ട്രോയിക്ക പദ്ധതികൾ മുതലാളിത്ത പുനഃസ്ഥാപനത്തി നുളള ബ്ലൂപ്രിന്റ് ആണെന്നും ഗോർബച്ചേവ് വർഗ്ഗവഞ്ചകനാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പാർട്ടിയുടെ അന്നത്തെ പരിമിതമായ ശേഷിക്കുള്ളിൽനിന്നുകൊണ്ട് പരമാവധി ആശയ പ്രചാരണം നടത്തി. നൂറുകണക്കിന് രാഷ്ട്രീയ വിശദീകരണയോഗങ്ങൾ അന്ന് കേരളമെമ്പാടും സംഘടിപ്പിച്ചു. വർഗ്ഗവഞ്ചകരുടെ പക്ഷത്തുനിന്നുകൊണ്ട് പ്രബല ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചപ്പോൾ, ശരിയായ രാഷ്ട്രീയ വിശകലനം തൊഴിലാളിവർഗ്ഗത്തിനുമുമ്പാകെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചടിയുടെ ആ നാളുകളിൽ മാർക്‌സിസ്റ്റ് ദർശനത്തിന്റെ ഉണ്മയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടി നിലകൊണ്ടു. 1991ൽ സോവിയറ്റ് യൂണിയനിൽ പ്രതിവിപ്ലവം പൂർത്തീകരിച്ചുകൊണ്ട് മുതലാളിത്ത പുനസ്ഥാപനം നടന്നപ്പോൾ സോവിയറ്റ് യൂണിയന്റെ തകർച്ച മാർക്‌സിസം ലെനിനിസത്തിന്റെ തകർച്ചയല്ല വ്യക്തമാക്കുന്നത്, മറിച്ച് മാർക്‌സിസം ലെനിനിസത്തിൽനിന്നും വ്യതിചലിച്ചതിന്റെ ഫലമായുണ്ടായ തകർച്ചയാണെന്നും ദാർശനികമായി വിശദീകരിച്ചു. അത് മാർക്‌സിസ്റ്റ് ദർശനത്തിന്റെ ശാസ്ത്രീയതയും കരുത്തും ബോധ്യപ്പെട്ടുകൊണ്ട് മുന്നേറാൻ തൊഴിലാളിവർഗ്ഗത്തിന് ആത്മവിശ്വാസം നൽകി. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയന്റെ തകർച്ച എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ക്കും തിരിച്ചടിയുണ്ടാക്കിയപ്പോൾ എസ്‌യുസിഐ കൂടുതൽ ആധികാരികതയും സ്വീകാര്യതയും കരുത്തുമുള്ള പാർട്ടിയായി മാറി.


90കളുടെ തുടക്കംമുതൽ രാജ്യം പുതിയൊരു രാഷ്ട്രീയ സാഹചര്യത്തിലേയ്ക്ക് നീങ്ങി. ദേശീയ തലത്തിൽ ആഗോളവത്ക്കരണത്തിന്റെ ഭാഗമായ നവലിബറൽ നയങ്ങളുടെ കടന്നുവരവ് ആരംഭിച്ചതോടുകൂടി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കിടയിൽ ഒരു സമവായം രൂപപ്പെട്ടു. ഭരണപ്രതിപക്ഷ ഭേദമില്ലാതെ പ്രസ്ഥാനങ്ങൾ ഒരേ നയത്തിന്റെ നടത്തിപ്പുകാരായി. അതേസമയം ക്ഷേമനടപടികൾ കൈയൊഴിയുന്ന നയങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരാൻ തുടങ്ങി. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോഴും ആ പ്രതിഷേധത്തെ പ്രക്ഷോഭമാക്കി വളർത്തിയെടുക്കാൻ പ്രതിപക്ഷം തയ്യാറായില്ല. അധികാരത്തിൽ ഇരിക്കുന്നവരുടെ നയങ്ങളോടുള്ള പ്രതിഷേധം മുതലാക്കി അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽവന്ന് അതേ നയം തുടരുകയും ചെയ്യുക. ഈ കൊടിയ വഞ്ചനയെ തുറന്നു കാട്ടി ജനകീയ സമരങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1992 കാലയളവിൽ വിലക്കയറ്റത്തിനും അതിനു കാരണമായ പുതിയ സാമ്പത്തികനയങ്ങൾക്കുമെതിരെ പ്രതിഷേധിക്കാൻ തയ്യാറുള്ള സാഹിത്യ സാംസ്‌കാരിക നായകരെ സമീപിച്ച് അവരെ ഒരു പൊതുവേദിയിൽ അണിനിരത്തി പുതിയൊരു പ്രക്ഷോഭത്തിനുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിച്ചു. വിലക്കയറ്റവിരുദ്ധ ജനകീയ സമരസമിതി എന്ന പേരിൽ ഒരു സ്വതന്ത്ര സമരപ്രസ്ഥാനം രൂപീകരിച്ചു. തലസ്ഥാനത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ അണിനിരത്തി വിലക്കയറ്റത്തിനെതിരായ പ്രതിഷേധ റാലി നടത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇദംപ്രഥമമായി വിപുലമായ ഒരു സ്വതന്ത്ര ജനാധിപത്യ സമരവേദി സൃഷ്ടിക്കപ്പെട്ടു. ഭരണപ്രതിപക്ഷ പ്രസ്ഥാനങ്ങൾക്കു പുറത്ത് ശക്തമായ ഒരു ജനകീയ പ്രതിപക്ഷമായി വർത്തിക്കാൻ കഴിയുന്ന ഒരു വിശാലമയ പ്രക്ഷോഭവേദി മേൽക്കുമേൽ അനിവാര്യമായി. പ്രത്യയശാസ്ത്ര ഭിന്നതകൾക്കും രാഷ്ട്രീയ മത-ജാതി ഭേദങ്ങൾക്കും ഉപരിയായി ഏവർക്കും അഭിപ്രായ ഐക്യമുള്ള പൊതുവിഷയങ്ങളിൽ ഒരുമിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്ന ജനവഞ്ചനയുടെ പൂർവചരിത്രമി ല്ലാത്ത പ്രഗത്ഭരായ ഒരു വലിയ നിര നേതാക്കൾ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ഒത്തുചേർന്നു. ഡോ.പി.കെ.സുകുമാരൻ, ആർ.എം.മനക്കലാത്ത്, പി.പി. ഉമ്മർകോയ, ബിഷപ്പ് പൗലോസ് മാർ പൗലോസ്, ലക്ഷ്മി എൻ.മേനോൻ, പവനൻ, പാനൂർ, ഡോ.എൻ.എ. കരീം, കെ.പി.കോസലരാമദാസ്, സി.രാധാകൃഷ്ണൻ, അഡ്വ.മഞ്ചേരി സുന്ദർരാജ് തുടങ്ങിയ കേരളത്തിന്റെ തലമുതിർന്ന പ്രമുഖ വ്യക്തിത്വങ്ങൾ ഏവരും തുറന്ന മനസ്സോടെ തിരുവനന്തപുരത്ത് കാർത്തിക തിരുനാൾ ആഡിറ്റോറിയത്തിൽ നടന്ന അതിവിപുലമായ ജനകീയ കൺവൻഷനിലൂടെ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സംസ്ഥാന പ്രസിഡന്റും ഡോ.വി.വേണുഗോപാൽ ജനറൽ സെക്രട്ടറിയുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എന്ന പേരിൽ ആ പ്രസ്ഥാനം സമാരംഭിച്ചു. സംസ്ഥാനത്തിന്റെ പ്രക്ഷോഭ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത് മാറി. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് വർഗ്ഗീയതയ്‌ക്കെതിരെ ഐക്യദാർഢ്യസമ്മേളനങ്ങളും റാലികളും സംഘടിപ്പിച്ചു. കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ ശക്തിപ്പെടുത്താനും ജനൈക്യം വളർത്താനും സംഭാവനകൾ നൽകിയ പ്രവർത്തന ങ്ങളായിരുന്നു അത്.
കെ.കരുണാകരൻ ഭരിക്കുന്ന കാലത്ത് കേരളത്തിൽ സർക്കാർ ആശുപത്രികളിൽ ചികിത്സാഫീസ് ഏർപ്പെടുത്തിയത് പുതിയൊരു പ്രക്ഷോഭത്തിന് തിരികൊളുത്തി. സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ മാസങ്ങളോളം നീണ്ട സമരകേന്ദ്രങ്ങൾ ആരംഭിച്ചു. സംസ്ഥാനതലത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചു. ആയിരങ്ങൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ചിനെത്തുടർന്ന് ചികിത്സാഫീസ് ജില്ലാ ആശുപത്രികളിലേയ്ക്കും പ്രാദേശിക ആശുപത്രികളിലേയ്ക്കും വ്യാപിപ്പിക്കുകയില്ല എന്ന് മുഖ്യമന്ത്രി സമരനേതാക്കൾക്ക് ഉറപ്പുനൽകി.


1997ൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മശതാബ്ദി ആചരണത്തിനായി രൂപീകരിക്കപ്പെട്ട നേതാജി അനുസ്മരണസമിതിയുടെയും ജനകീയ പ്രതിരോധ സമിതിയുടെയും ആഭിമുഖ്യത്തിൽ കേരളമെമ്പാടും ചരിത്ര പ്രദർശനം ഉൾപ്പെടെയുള്ള വിപുലമായ അനുസ്മരണപരിപാടികൾ നടത്തി, സ്വാതന്ത്ര്യസമരത്തിലെ അനനുരഞ്ജനധാരയുടെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ ആവർത്തിച്ച് ഉറപ്പിച്ചു. സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള നിരവധിയായ വ്യക്തിത്വങ്ങളെ കോർത്തിണക്കിക്കൊണ്ട് പാർട്ടിയുടെ മുൻകൈയിൽ നടത്തിയ പ്രവർത്തനത്തിന് വൻതോതിലുള്ള സ്വീകാര്യത ഉണ്ടായി.
ഇ.കെ.നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നവലിബറൽ നയങ്ങളുടെ ഭാഗമായി നടപ്പാക്കിയ ലോകബാങ്ക് പദ്ധതിയായ ഡിപിഇപിക്കെതിരെ അതിശക്തമായ വിദ്യാഭ്യാസ പ്രക്ഷോഭണം വളർത്തിയെടുത്തു. അഞ്ചുവർഷക്കാലത്തോളം തുടർന്നുവന്ന ആ പ്രക്ഷോഭം ഇടതുപക്ഷ സർക്കാരിന്റെ എല്ലാ നുണപ്രചാരണങ്ങളെയും തുറന്നു കാട്ടി. ഡിപിഇപി അനുകൂലികളെയും പ്രതികൂലികളെയും മുന്നൂറോളം വേദികളിൽ അണിനിരത്തി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ സംവാദങ്ങൾ നടത്തിക്കൊണ്ട് ജനങ്ങൾക്ക് ആശയവ്യക്തത നൽകി. നിരവധി രക്ഷാകർതൃസമിതികൾ രൂപീകരിച്ചു കൊണ്ട് ആ പ്രക്ഷോഭത്തിന് അസ്തിവാരമൊരുക്കി. നൂറുകണക്കിന് പൊതുയോഗങ്ങളും പ്രചാരണപരിപാടികളും സംഘടിപ്പിക്കപ്പെട്ടു. സർക്കാർ വാദങ്ങളെ തുറന്നു കാട്ടുന്ന എക്‌സിബിഷനുകൾ സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച് രണ്ടുതവണ സംഘടിപ്പിച്ചു. ഭരണപ്രതിപക്ഷ രാഷ്ട്രീയ ചേരിക്കു പുറത്ത് അത്തരമൊരു സുദീർഘമായ പ്രക്ഷോഭം വിശേഷിച്ച് വിദ്യാഭ്യാസത്തിന്റെ അക്കാദമിക വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് ജനങ്ങളെ വളരെയേറെ പ്രബുദ്ധരാക്കിയ പ്രക്ഷോഭം കേരളചരിത്രത്തില്‍ സവിശേഷമായ മുദ്രപതിപ്പിച്ച ഒന്നായി മാറി. ഡിപിഇപിയിലൂടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേഖലയിൽ ഉണ്ടാകാൻ പോകുന്ന അപകടത്തെ സംബന്ധിച്ച് നൽകിയ മുന്നറിയിപ്പുകൾ, ഇന്ന് അക്ഷരംപ്രതി സാധൂകരിക്കപ്പെട്ടതിലൂടെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ വിശകലനശേഷി വൻതോതിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കരിമണൽ ഖനനത്തിനെതിരെ തീരത്തെയാകെ ഇളക്കി മറിക്കുന്ന പ്രക്ഷോഭം വളർത്തിയെടുത്ത്, കരിമണൽ ഖനനത്തിന്റെ തീരുമാനം പിൻവലിപ്പിക്കാൻ കഴിഞ്ഞ ജനകീയസമരം സംഘടിപ്പിച്ച കരിമണൽ ഖനന വിരുദ്ധ ജനകീയ സമിതിയുടെ വലിയൊരു പ്രവർത്തകനിര എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ കേഡർമാരായിരുന്നു.
ചെങ്ങറയിലെ ഭൂരഹിതരുടെ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് ആ സമരത്തെ വിജയിപ്പിക്കാൻ കേരളമനസാക്ഷിയുടെ പിന്തുണ ഉറപ്പാക്കും വിധം വളരെ വലിയൊരു പ്രയത്‌നം പാർട്ടി നടത്തുകയുണ്ടായി. സിപിഐ(എം)ന്റെ നേതൃത്വത്തിൽ എൽഡിഎഫും ബിജെപിയും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചെങ്ങറ സമരത്തിന് എതിരെ ഉറച്ചുനിന്നു. അടിച്ചമർത്താൻ കൂട്ടുനിന്നു. സമരക്കാരെ സമരഭൂമിയിൽ ബന്ദികളാക്കി. ആ നിർണായകഘട്ടത്തിൽ സമരത്തിന് സർവപിന്തുണയും നൽകി പാര്‍ട്ടി പ്രക്ഷോഭത്തോടൊപ്പം അടിയുറച്ചുനിന്നു. കേരളമെമ്പാടും നൂറുകണക്കിന് സമ്മേളനങ്ങൾ നടത്തി ളാഹഗോപാലന് സ്വീകരണങ്ങൾ നല്കി, പ്രക്ഷോഭത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനായി ജനകീയ പ്രതിരോധ സമിതി നടത്തിയ മുഴുവൻ പ്രവർത്തന ങ്ങൾക്കും എല്ലാ സഹായങ്ങളും നൽകി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നിലകൊണ്ടു. ജനകീയ നേതാക്കളെ അണിനിരത്തി നൂറുകണക്കിന് സാംസ്‌കാരിക നായകന്മാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചു. എസ്‌യുസിഐ ചെങ്ങറ ഭൂസമരത്തിന് നൽകിയ പിന്തുണ എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ളാഹ ഗോപാലൻ മരണംവരെ പാർട്ടിയെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. മാവേലിക്കര മുട്ടത്ത്, നേതാജി സാമൂഹ്യസാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവേളയിൽ അദ്ദേഹം വികാരനിർഭരമായി പറഞ്ഞ വാക്കുകൾ ഇതിന് നിദർശനമാണ്. ‘പത്തനംതിട്ട നഗരത്തിൽ പാട്ടയുമായി നിൽക്കുന്ന ഇവരെക്കാണുമ്പോൾ എനിക്ക് പുച്ഛമായിരുന്നു. ചെങ്ങറ സമരഭൂമിയിൽ പിന്തുണ അറിയിച്ച് എത്തിയപ്പോൾ മറ്റു പലരെയും പോലെ ഇവരെയും ഞാൻ അകറ്റി നിർത്തി. എന്നാൽ പിന്നീട് എന്താണ് ഈ പാർട്ടിയെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇന്ന് ഈ പാർട്ടിയില്ലാതെ എനിക്ക് ജീവിക്കാനാകില്ല. ഈ പാർട്ടി ഇന്ന് എന്റെ രക്തത്തിന്റെ ഭാഗമാണ്’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒരു ആഗോളകുത്തകകയ്ക്കും ഭരണകൂടത്തിനുമെതിരെ കേരളത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾ നടത്തിയ ആ ജീവന്മരണ പ്രക്ഷോഭത്തോടൊപ്പം അടിയുറച്ചുനിൽക്കാൻ പാർട്ടിക്ക് കഴിഞ്ഞു. പാർട്ടിയുടെ വ്യതിരിക്തതയും നന്മയും കേരളത്തിലെ വലിയൊരു ജനവിഭാഗത്തിന് തിരിച്ചറിയാൻ അവസരം നല്കിയ പ്രക്ഷോഭമായിരുന്നു അത്.


വിളപ്പിൽശാലയിലും മൂലമ്പിള്ളിയിലും ദേശീയപാത സ്വകാര്യവത്ക്കരണത്തിനും കുടിയിറക്കലിനും എതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളിലും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നിർണ്ണായകമായ പങ്ക് വഹിച്ചു. ജനങ്ങളുടെ സ്വന്തംസമരസമിതികൾ സൃഷ്ടിക്കാൻ പാർട്ടിയുടെ പ്രവർത്തകർ രാപകലില്ലാതെ പ്രയത്‌നിച്ചു. കെ റെയിൽവിരുദ്ധ പ്രക്ഷോഭവും ഇതേ രീതിയിൽ വളർന്നു വന്നതാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ നേതൃത്വത്തിൽ രൂപപ്പെട്ടുവന്ന സമരമല്ല. ഏതാനും മനുഷ്യസ്‌നേഹികൾ മുൻകൈയെടുത്ത് രണ്ട് മൂന്ന് ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടക്കം കുറിച്ചതാണ് ഈ പ്രക്ഷോഭം. സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുനീങ്ങിത്തുടങ്ങി ഏറെ വൈകാതെതന്നെ ഏകദേശം രണ്ടുവർഷങ്ങൾക്കുമുമ്പ് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ വിളിച്ചു ചേർത്ത ഒരു ഓൺലൈൻ കൺവൻഷനിലൂടെയാണ് സംസ്ഥാനത്തെ വിവിധ സമര പ്രതിനിധികളെയും ജനകീയ സമരനേതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രൂപീകരിക്കുന്നത്. തുടർന്ന് ജനകീയ സമിതി ഈ പ്രക്ഷോഭത്തെ സംസ്ഥാനത്തിന്റെ പതിനൊന്ന് ജില്ലകളിലും അടിത്തറയുള്ള ഒന്നാക്കി, കല്ലിനുമേൽ കല്ല് വച്ച് വളർത്തിയെടുത്തു. ജനാധിപത്യവിശാസികൾ, പരിസ്ഥിതി പ്രവർത്തകർ, പൗരാവകാശ പോരാളികൾ ഒപ്പം കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണ മനുഷ്യർ തുടങ്ങി എണ്ണമറ്റ സമരസംഘാടകർ വിശ്രമരഹിതമായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് കേരളം കാണുന്ന അസാധാരണമായ ജനകീയ മുന്നേറ്റം. കക്ഷിരാഷ്ട്രീയ പരിഗണനകൾക്കും ജാതി-മത-വർഗ്ഗ ഭേദങ്ങൾക്കും അതീതമായി പദ്ധതിയുടെ ഇരകളും അല്ലാത്തവരുമായ പതിനായിരക്കണക്കിനാളുകൾ അണിനിരന്നിട്ടുള്ള ഈ സമരസമിതി കേരളത്തിന്റെ ഭാവിപ്രക്ഷോഭങ്ങളുടെ ഉദാത്തമാതൃകയാണ്. നൂറുകണക്കിന് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)പ്രവർത്തകർ, ഈ പ്രക്ഷോഭത്തിൽ തികഞ്ഞ സമർപ്പണമനോഭാവത്തോടെ, സത്യസന്ധമായ പോരാട്ടവീര്യത്തോടെ അണിനിരന്നിരിക്കുന്നു. കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ അടിയുറച്ച വോളന്റിയർമാരായി, സംഘാടകരായി, നേതാക്കന്മാരായി അവർ രാപകൽ പ്രവർത്തിക്കുന്നു. പാർട്ടിയുടെ മേൽവിലാസത്തിലല്ല, പാർട്ടിയുടെ പതാകയേന്തിയുമല്ല.


ജനാധിപത്യസമരങ്ങൾ ഇടതുരാഷ്ട്രീയത്തിന്റെ
പ്രാണൻ


വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നിമിഷം നിർവ്വഹിക്കേണ്ട ഏറ്റവും ഗൗരവതരമായ ഉത്തരവാദിത്തമെന്താണ്? ദേശീയ നവോത്ഥാന പ്രസ്ഥാനത്തിലൂടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെയും മുന്നേറിയതും അപൂർണമായി തുടരുന്നതുമായ സമൂഹത്തിന്റെ ജനാധിപത്യവത്ക്കരണപ്രക്രിയയുടെ പൂർത്തിയാക്കി രാജ്യത്തെ ജനതയെ ഒന്നാകെ ഉദാത്തമായ ജനാധിപത്യ പ്രബുദ്ധതയുടെ തലത്തിലേക്ക് ഉയർത്തുകയെന്ന ചരിത്രപരമായ കടമ ഇന്ന് നിർവ്വഹിക്കേണ്ടത് തൊഴിലാളിവർഗ്ഗപ്രസ്ഥാനമാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യ പ്രക്ഷോഭങ്ങളുടെ സംഘാടനമാണ് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പരമപ്രധാനമായ ചുമതല. സംസ്ഥാനനിയമസഭകളി ലോ പാർലമെന്റിലോ ഏതാനും ഇരിപ്പിടങ്ങൾ നേടാനായി ചെയ്തുകൂട്ടുന്ന മൂന്നാംകിട രാഷ്ട്രീയം ഇടതുരാഷ്ട്രീയത്തെ വളർത്തുകയില്ല, മറിച്ച് നിരന്തരമായി തളർത്തുകയാണ്. അപചയത്തിന്റെ പടുകുഴിലേക്ക് നിപതിക്കുന്ന സാമൂഹ്യസാഹചര്യത്തെ തടഞ്ഞുനിർത്താനുള്ള ജനാധിപത്യമുന്നേറ്റം ഇനി ഒരു നിമിഷം വൈകിക്കൂടാ.
ജനകീയ സമരങ്ങൾ വളർന്നുവരികയും അതുവഴി ചൂഷകവർഗ്ഗത്തിന്റെ താൽപര്യങ്ങൾ പരാജയപ്പെടുത്തപ്പെടുകയും വേണം. ചൂഷിതരുടെ ഐക്യവും ശക്തിപ്പെട്ടുവരണം. ഭരണകൂടത്തെയും അതിന്റെ താൽപര്യംപേറുന്ന രാഷ്ട്രീ പാർട്ടികളെയും ജനങ്ങൾ തിരിച്ചറിയണം. സമരങ്ങളുടെ പ്രാധാന്യവും കരുത്തും ബോധ്യമാകണം. സാമൂഹ്യമാറ്റത്തിനനുരോധമായി സാമൂഹ്യരംഗം മാറണമെങ്കിൽ സ്വതന്ത്രമായ ജനകീയ സമരങ്ങൾ വളർന്നുവന്നേ മതിയാകൂ. ഭരണാധികാരികളുടെ മുതലാളിത്ത നയങ്ങൾക്കും നിലവിലുള്ള വ്യവസ്ഥിതിയുടെ മാലിന്യങ്ങൾക്കുമെതിരെയുള്ള ജനകീയപ്രക്ഷോഭം ജനങ്ങളുടെ പാഠശാലകളായി മാറും. വ്യവസ്ഥിതിയോട് കലഹിക്കുന്ന സംസ്‌കാരവും മനോഘടനയും ജനങ്ങളെ ഒരു പുതുശക്തിയാക്കി ഉയർത്തും. ഉന്നതമായ ചിന്തയും രാഷ്ട്രീയ കാര്യശേഷിയും ജനങ്ങളിൽ അത് സൃഷ്ടിക്കും. നിലനിൽക്കുന്ന ഉൽപ്പാദനക്രമത്തിന്റെ മ്ലേഛമായ ഒന്നിനോടും സന്ധിചെയ്യാത്ത, സൗരഭ്യമാർന്ന നീതിബോധവും ധാർമ്മികതയും ജീവിതത്തിൽ പ്രകാശം പരത്തുന്ന നിർഭയരായ ജനങ്ങൾ ജനാധിപത്യപ്രക്ഷോഭങ്ങളിലൂടെ ഉയർന്നുവരും. സമൂഹം മാറ്റത്തിന്റെ പേറ്റുനോവ് ആഹ്ലാദപൂർവ്വം സ്വീകരിക്കും. ഈ വ്യവസ്ഥിതിയെ സ്ഥാനഭൃഷ്ടമാക്കാ നുള്ള അന്തിമസമരത്തിന് കാഹളമുയരുന്ന മഹനീയ വേള ഉദയം ചെയ്യും. ഇങ്ങിനെ ജനങ്ങളെ മുതലാളിത്തവ്യവസ്ഥക്കെതിരെ പൊരുതാൻ സജ്ജരാക്കുന്ന, സുദൃഢമായ രാഷ്ട്രീയശക്തിയാക്കി പരിവർത്തനപ്പെടുത്തുന്ന മഹത്തായ ലക്ഷ്യമാണ് ജനാധിപത്യസമരങ്ങൾക്കുള്ളത്. അതിനാലാണ് നമ്മൾ ഇടതുരാഷ്ട്രീയത്തിന്റെ പതാകവാഹകർ ജനകീയസമരങ്ങളെ പ്രാണനെപ്പോലെ ഗണിക്കുന്നത്.

പാർട്ടി നേതൃത്വവും ഇൻഡ്യയെമ്പാടുമുള്ള ആയിരക്കണക്കിന് എസ്‌യുസിഐ കേഡർമാരും ഈ ചരിത്രദൗത്യം ചുമലിലേറ്റാൻ സർവ്വഥാ സജ്ജരാണ്. മൃഗീയമായ ചൂഷണത്തിനിരയാകുന്ന, നീതിനിഷേധിക്കപ്പെടുന്ന, അവകാശങ്ങൾ ചതച്ചരയ്ക്കപ്പെടുന്ന സാധാരണമനുഷ്യരുടെ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാൻ ഒരു നിമിഷം പാഴാക്കാതെ പ്രയത്‌നിക്കുന്ന പാർട്ടിയാണ് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്). പാർലമെന്ററി ലക്ഷ്യങ്ങൾക്കോ സങ്കുചിതമായ രാഷ്ട്രീയനേട്ടങ്ങൾക്കോ വേണ്ടിയല്ല ഈ പ്രവർത്തനങ്ങൾ. സമരോപകരണങ്ങളെന്ന നിലയിൽ ജനകീയകമ്മിറ്റികൾ രൂപപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ പ്രതിഷേധത്തിന് സംഘടിതരൂപം നൽകുകയാണ് ഏറ്റവും അടിസ്ഥാനപ്രവർത്തനം. ജനകീയ കമ്മിറ്റികളുടെ വിപുലമായ ശൃംഖലയെ ഏകോപിപ്പിച്ചുകൊണ്ട് ഉയർന്ന തലങ്ങളിൽ പോരാട്ടത്തിന് ഏകമുഖം നൽകി ശക്തവും സുഘടിതവുമായ സമരസംഘടനയെ വാർത്തെടുക്കും. സുസജ്ജമായ ഈ സമരസംഘടനയിലെ ജനാധിപത്യപ്രവർത്തനത്തിന്റെ പരിശീലനം, വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ രാഷ്ട്രീയവിദ്യാഭ്യാസം ജനങ്ങൾക്ക് നൽകും. എല്ലാ തലങ്ങളിലും ജനങ്ങളുടെ സ്വന്തം നേതാക്കൾ ഉയർന്നുവരും. സമരലക്ഷ്യത്തോടുള്ള അടിയുറച്ച കൂറും രാഷ്ട്രീയകാര്യശേഷിയും മാത്രമായിരിക്കും യോഗ്യത. ഈ ജനകീയ സമരക്കമ്മിറ്റികൾ ഭരണാധികാരികളെ നിലയ്ക്കു നിർത്താൻ കഴിയുന്ന ബദൽ രാഷ്ട്രീയ ശക്തി സൃഷ്ടിക്കും. ഇന്ത്യയെമ്പാടും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ട് ഈ രാഷ്ട്രീയ ദൗത്യമാണ് പാർട്ടി നിർവഹിച്ചുകൊണ്ടിരിക്കുന്നത്.


എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)ന്റെ പതാകയേന്തുക


ആദർശവും സത്യസന്ധതയും കുഴിച്ചുമൂടപ്പെട്ട, ചീഞ്ഞഴുകി ദുർഗ്ഗന്ധം വിമിക്കുന്ന ഇൻഡ്യൻ രാഷ്ട്രീയത്തിൽ നിസ്വാർത്ഥതയുടെയും നെറിവിന്റെയും ഉത്തമപ്രതീകമാണ് എസ്‌യുസിഐ. ഏതു നീച മാർഗ്ഗത്തിലൂടെയും വ്യക്തിസൗഭാഗ്യങ്ങൾ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം മാത്രമായി പാർലമെന്ററി രാഷ്ട്രീയം അധഃപതിച്ചിരിക്കുന്ന ഈ ദുരന്തകാലത്ത്, അവിടെ സ്ഥാനം ഉറപ്പിക്കാൻ മൽസരിക്കുന്ന പാർട്ടികൾക്കിടയിൽ ഈ പ്രസ്ഥാനത്തെ കാണാനാവില്ല. മനംമടുപ്പിക്കുന്ന വ്യവസ്ഥാപിതരാഷ്ട്രീയത്തിന്റെ പാതയിലല്ല ഈ പാർട്ടിയുടെ പ്രയാണം. ജനങ്ങളുടെ ജീവൽപ്രധാനമായ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട്, മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന് അനുരോധമായ നിലയിൽ ജനാധിപത്യപ്രക്ഷോഭം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ അണുവിടവ്യതിചലിക്കാതെ മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ് എസ്‌യുസിഐ. അവകാശപ്പോരാട്ടരംഗത്തെ എസ്‌ യുസിഐയുടെ സമർപ്പണത്തെ, വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ ജനങ്ങൾ ആദരവോടെ വീക്ഷിക്കുന്നു. വിലമതിക്കുന്നു. ഇരുൾ മൂടുന്ന ഇൻഡ്യൻ രാഷ്ട്രീയരംഗത്തെ പ്രകാശഗോപുരമാണ് ഈ പ്രസ്ഥാനം. വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളെല്ലാം അവയുടെ രാഷ്ട്രീയമായ ഉൾക്കരുത്തിലും സംഘടനാപരമായ കെട്ടുറപ്പിലും വലിയ തകർച്ചകളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മാർക്‌സിസത്തെ തള്ളിപ്പറയുവാൻ പോലും മടിയില്ലാത്തവിധം അവർ അധ:പതിച്ചു. വ്യവസ്ഥിതിയുടെ ആരാധകരും പിന്തുണക്കാരുമായി അവർ മാറി. എന്നാൽ കമ്മ്യൂണിസത്തിന് ഇന്ത്യയിൽ മാത്രമല്ല, ആഗോളവ്യാപകമായിത്തന്നെ തിരിച്ചടിയുണ്ടായ കഴിഞ്ഞ മൂന്നുപതിറ്റാണ്ട് വിശേഷിച്ച് ആഗോളീകരണത്തിന്റെ കനത്ത ആക്രമണങ്ങൾ അരങ്ങേറിയ മൂന്നുപതിറ്റാണ്ട് എസ്‌യുസിഐയുടെ ചടുലമായ വളർച്ചയുടെ കാലഘട്ടമായിരുന്നു. മുതലാളിത്തത്തിന്റെ കനത്ത ആക്രമണം ജനങ്ങൾക്കുമേൽ വർദ്ധിക്കുമ്പോൾ ശരിയായ വർഗ്ഗനിലപാട് പുലർത്തുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ പാർട്ടി ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യമാകുന്നു. പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളും ഈ കാലയളവിൽ വലിയ മുന്നേറ്റങ്ങൾ കൈവരിച്ചു.


1948ൽ രൂപംകൊണ്ട നാൾമുതൽ ഇപ്പോൾവരെ മാർക്‌സിസം ലെനിനിസം ശിബ്ദാസ്‌ഘോഷ് ചിന്തകളിൽ അടിയുറച്ചുനിന്നുകൊണ്ട് അവസരവാദപരമായ യാതൊരുവ്യതിയാനങ്ങൾക്കും വിധേയമാകാതെ തൊഴിലാളിവർഗ്ഗത്തിന്റെ സമരപതാക മേൽക്കുമേൽ ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മുന്നേറുന്നു. 74 വർഷങ്ങൾ പിന്നിടുന്ന പാർട്ടിയെ ഈ മണ്ണിൽസ്ഥാപിക്കുവാൻ ജീവനും ജീവിതവും സമർപ്പിച്ച് മാതൃകായോഗ്യമായി പോരടിച്ച് വിടവാങ്ങിയ വിപ്ലവകാരികളെ മുൻനിർത്തിക്കൊണ്ട് മാർക്‌സിസം ലെനിനിസം സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളിൽ അടിയുറച്ച് പോരാട്ടം തുടരുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

Share this post

scroll to top