എല്ലാം ശരിയാക്കാം എന്ന വലതുപക്ഷ മുദ്രാവാക്യമുയർത്തിയാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ടുപിടിച്ചത്. യുഡിഎഫ് ഭരണത്തോടുള്ള വെറുപ്പ് എൽഡിഎഫിന് മുതൽക്കൂട്ടായപ്പോൾ ഭരണത്തിലേയ്ക്ക് വഴിതുറക്കപ്പെട്ടു. രണ്ടുമുന്നണികൾക്കിടയിൽ കിടന്ന് ഞെരുങ്ങുന്ന ജനങ്ങൾ ശരിയായ രാഷ്ട്രീയദിശയിൽ നീങ്ങുന്നതുവരെ ഈ ഗതികേട് ആവർത്തിക്കും. അതുകൊണ്ട് ഭരണത്തിലേറുന്നവർക്ക് എന്തുമാകാം എന്നാണോ? പിണറായി ഭരണം അതാണ് തെളിയിച്ചിരിക്കുന്നത്.
അഞ്ചുവർഷത്തേയ്ക്ക് വിലകൂടില്ല എന്നതായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. ഇപ്പോൾ അരിക്ക് ഇരട്ടിവിലയായി. പാലിന് ലിറ്ററിന് 4 രൂപ കൂടി. പച്ചക്കറികൾക്ക് അസഹനീയമായ വിലവർദ്ധനവാണ്. റേഷൻ ഗോതമ്പ് വെട്ടിക്കുറച്ചു. ആട്ട തീരെ ഇല്ല. റേഷനരി വിഹിതവും ഗണ്യമായി കുറഞ്ഞു. കേന്ദ്രത്തെ പഴിപറഞ്ഞ് തടിതപ്പാനാകാത്തവിധം ഭീകരമാണ് സ്ഥിതിവിശേഷം. പെട്രോളിയം വിലവർദ്ധന, പാചകവാതക വിലവർദ്ധന തുടങ്ങി കേന്ദ്രംവക ആക്രമണങ്ങൾ വേറെയുമുണ്ട്. സപ്ലൈകോ വഴി വിലകുറച്ച് 10 കിലോ അരിവിതരണം നടത്തുന്നതുകൊണ്ട് പ്രശ്‌നത്തിന് ഒരു പരിഹാരവുമുണ്ടാകുന്നില്ല. വിതരണം ചെയ്യുന്നതാകട്ടെ റേഷനരിയുടെ നിലവാരത്തിലുള്ള അരിയാണുതാനും. വിലക്കയറ്റം തടയുന്നതിൽ സർക്കാർ ദയനീയപരാജയമാണ്. കേന്ദ്രവും സംസ്ഥാനവും ചേർന്ന് റേഷൻ സംവിധാനം തകർക്കുന്നതിന്റെ പ്രത്യാഘാതം കൂടിയാണീ വിലക്കയറ്റം.
ബഹറൈനിൽ നടന്ന ബഹറൈൻ-കേരള നിക്ഷേപക സംഗമത്തിൽ മുഖ്യപ്രസംഗം നടത്തവെ മുഖ്യമന്ത്രി പറഞ്ഞത് കേരളം നിക്ഷേപകരുടെ സ്വർണഖനിയാണ് എന്നത്രെ. നിക്ഷേപകർ സ്വർണം വാരുമ്പോൾ ജനങ്ങൾ പാപ്പരാകും എന്ന ലളിതമായ സാമ്പത്തികശാസ്ത്രം അറിയാത്ത ആളല്ല മുഖ്യമന്ത്രി. ഭരണത്തിന്റെ തൽസ്വരൂപം വെളിവാക്കി നിക്ഷേപകരെ ആകർഷിക്കുകയാണ് ലക്ഷ്യം. മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’യുടെ കേരള പതിപ്പ്.
ഇത്രയേറെ ഭരണ സ്തംഭനമുണ്ടായകാലം അടുത്തൊന്നുമുണ്ടായിട്ടില്ല. വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാരിന് കഴിയുന്നില്ല എന്നതാണ് സ്ഥിതി. ഐഎഎസ്-ഐപിഎസ് വടംവലി തുടങ്ങി കാരണങ്ങൾ പലത് നിരത്താമെങ്കിലും പിടിപ്പുകേട് മറച്ചുവയ്ക്കാനാകില്ല. സമയബന്ധിതമായി കണക്കുകളും നടപടി റിപ്പോർട്ടുകളും നൽകാത്തതിനാൽ കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട രണ്ടായിരം കോടിയോളം രൂപ വാങ്ങിച്ചെടുക്കാനും കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയടക്കം 27 പേരുടെ ഫോൺ ചോർത്തുന്നുവെന്ന പരാമർശമുണ്ടായത് നിയമസഭയിൽത്തന്നെയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെയും വിജിലൻസ് ഡയറക്ടറുടെയുമൊക്കെ ഫോൺ ചോർത്തുന്നതായി മുമ്പ് പരാതി ഉയർന്നിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ പോലീസിന് ഫോൺ ചോർത്താൻ കഴിയൂ. അതും രാജ്യ സുരക്ഷ പോലുള്ള ഗുരുതരമായ വിഷയങ്ങൾ അന്തർഭവിച്ചിട്ടുണ്ടെങ്കിൽ മാത്രം. ഇവിടെ അതൊന്നുമല്ല കാര്യം. സങ്കുചിത താൽപ്പര്യങ്ങളും പിടിപ്പുകേടുംതന്നെ. വിജിലൻസ് ഡയറക്ടർക്കെതിരെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ 250 ഓളം പേജ് വരുന്ന റിപ്പോർട്ട് ഒരു സ്വകാര്യവ്യക്തി കോടതിയിൽ ഹാജരാക്കിയത് കോടതിയെപ്പോലും അത്ഭുതപ്പെടുത്തിയതാണ്.
മുൻ മുഖ്യമന്ത്രിയടക്കം 26 പേർക്കെതിരെയാണ് ഈ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അതിൽ രണ്ട് എണ്ണത്തിൽ മാത്രമാണ് റിപ്പോർട്ട് നൽകിയത്. അതിൽത്തന്നെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഭരണത്തിലേറി 10 മാസം തികയുന്നതിനുമുമ്പേ രണ്ടു മന്ത്രിമാർ രാജിവച്ചുകഴിഞ്ഞു. സ്വജനപക്ഷപാതം, അഴിമതി, സദാചാരലംഘനം തുടങ്ങി അഭിമാനിക്കാൻ വകനൽകുന്ന കാര്യങ്ങളാണ് രാജിയിലേയ്ക്ക് നയിച്ചത്. സ്വകാര്യതയിലേയ്ക്ക് കടന്നുകയറിയതിന് മാദ്ധ്യമപ്രവർത്തകർക്കെതിരെ ഉറഞ്ഞു തുള്ളുന്ന സർക്കാർ, മന്ത്രിയുടെ സ്വകാര്യത സദാചാര രഹിതമായിരുന്നു എന്ന കാതലായ വശം മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. എണ്ണം പറഞ്ഞ് ആളെ കൊല്ലുന്ന മറ്റൊരു മന്ത്രി ഇപ്പോഴും രാജിവയ്ക്കാതെ കടിച്ചുതൂങ്ങുന്നതും ഈ സർക്കാരിനെ പരിഹാസപാത്രമാക്കുന്നുണ്ട് എന്നോർക്കണം.
മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന പോലീസ് വകുപ്പിൽനിന്നാണ് ഏറ്റവുമധികം ദുർഗന്ധം വമിക്കുന്നത്. പോലീസ് ഭരണം മോശമാണെന്ന് മുഖ്യമന്ത്രിയുടെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിതന്നെ വിലയിരുത്തി. കുറ്റമെല്ലാം പോലീസിന്റെ തലയിൽ വച്ചുകെട്ടിയെങ്കിലും പ്രധാനപ്രതി ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രിതന്നെയാണെന്ന് വ്യക്തമാണല്ലോ. ജിഷ കേസ്സിൽ പോലീസിന് ഗുരുതരവീഴ്ചയെന്ന് വിജിലൻസ് തന്നെ റിപ്പോർട്ട് നൽകിയിരിക്കുന്നു. ജിഷ്ണുകേസിൽ കൃഷ്ണദാസിന് ജാമ്യം ലഭിച്ചതിലും മറ്റുപ്രതികളെ ഇപ്പോഴും അറസ്റ്റുചെയ്യാത്തതിലും പോലീസിനെ കുറ്റപ്പെടുത്താതെ വയ്യല്ലോ? കൊച്ചിയിൽ ശിവസേനക്കാരുടെ ഗൂണ്ടായിസം അരങ്ങുതകർത്തപ്പോൾ പോലീസ് കാഴ്ചക്കാരായി നിന്നുകൊടുത്തു. വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നു. ജിഷ്ണുവധക്കേസിലടക്കമുള്ള വീഴ്ചകളെല്ലാം പ്രതികളെ സംരക്ഷിക്കുന്നതിലുള്ള വൈഭവമാകാം എന്ന കാര്യം അവഗണിക്കുന്നില്ല. കഴിഞ്ഞ 10 മാസത്തിൽ 232 സൈബർ കേസ്സുകൾ രജിസ്റ്റർ ചെയ്തതിൽ ഒരെണ്ണത്തിൽപോലും കുറ്റപത്രം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സിനിമാനടി നഗരമദ്ധ്യത്തിൽ ആക്രമിക്കപ്പെട്ടതും മദ്രസ അദ്ധ്യാപകൻ കൊലചെയ്യപ്പെട്ടതുമടക്കം ഞെട്ടിക്കുന്ന എത്രയോ സംഭവങ്ങളാണ് ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടായത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ സിപിഐ(എം) ഏരിയസെക്രട്ടറിക്ക് ജാഗ്രതക്കുറവുണ്ടായി എന്നാണ് പാർട്ടിതല അന്വേഷണത്തിൽ കണ്ടെത്തിയത്. പുറംലോകമറിയാതെ കൃത്യം നിർവ്വഹിച്ചില്ല എന്നതാവാം ജാഗ്രതക്കുറവ് എന്നതുകൊണ്ടുദ്ദേശിച്ചത്.
ജയിലുകളിലെ സ്ഥിതിയെക്കുറിച്ച് പല റിപ്പോർട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ പാർട്ടി ഗൂണ്ടകൾ സൈ്വരവിഹാരം നടത്തുകയാണ്. മദ്യം, ലഹരിവസ്തുക്കൾ, സെൽഫോൺ എന്നിവയൊക്കെ സുലഭമാണ്. ബ്ലോക്കുകൾതോറും തടവുകാർ പ്രത്യേക പാചകംതന്നെ നടത്തുന്നു. പരിശോധന നടത്താൻ പോലീസിന് ഭയമാണ്. ജോലിചെയ്യാൻ കൂട്ടാക്കാത്തവർപോലുമുണ്ട് തടവുകാരിൽ.
പോലീസ്-വിജിലൻസ് പോരാണ് പിടിപ്പുകേടിന്റെ മറ്റൊരു ഉദാഹരണം. 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് വിജിലൻസ് അന്വേഷണം നേരിടുന്നത്. വിജിലൻസ് കൂട്ടിലടച്ച തത്തയല്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിൽ വിജിലൻസ് രാജ് തന്നെ നടപ്പിലാക്കിയ ഡയറക്ടർ വ്യക്തിവിരോധം തീർക്കുന്നു എന്ന പരാതിപോലുമുണ്ടായി. വൻകിട അഴിമതികൾ അന്വേഷിക്കില്ല എന്ന് പോസ്റ്റർപതിച്ച് കോടതിയെപ്പോലും പരിഹസിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഒടുവിൽ ഡയറക്ടർക്ക് സ്ഥാനമൊഴിഞ്ഞ് പുറത്തുപോകേണ്ടിവന്നു. വിജിലൻസ് അന്വേഷണം നേരിടുന്ന പോലീസ് മേധാവിയെത്തന്നെ വിജിലൻസിന്റെ ചുമതല ഏൽപ്പിച്ചിരിക്കുകയാണിപ്പോൾ. ജയിലിൽ കിടക്കുന്ന ക്രിമിനലുകളെ വിട്ടയയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് പിടിപ്പുകേടില്ലാത്തത്. ഏറ്റവുമധികം തടവുകാരെ ഒറ്റയടിക്ക് വിട്ടയയ്ക്കാൻ ഗവർണറോട് ശുപാർശചെയ്തതിന്റെ ക്രെഡിറ്റും പിണറായി സർക്കാരിന് തന്നെ. കൊലപാതകം, ബലാൽസംഗം തുടങ്ങി കൊടുംപാതകങ്ങൾ ചെയ്തവരടക്കം 1850 പേരെയാണ് വിട്ടയയ്ക്കാൻ ശുപാർശ ചെയ്തത്. സുപ്രീംകോടതി ജഡ്ജിയായിരുന്നതുകൊണ്ടാകാം ഗവർണർക്ക് ഇതിൽ പന്തികേടുതോന്നിയത്. വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ലിസ്റ്റ് തിരിച്ചയച്ചു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളടക്കം പുറത്തുവരാതിരുന്നത് ഗവർണറുടെ ഈ ഇടപെടൽകൊണ്ടുമാത്രമാണ്.
അഴിമതിയുടെ കാര്യത്തിലും ഒട്ടുംപിന്നിലല്ല ഈ സർക്കാർ. സംസ്ഥാനത്ത് അഴിമതി ഇല്ലാതായിരിക്കുന്നുവെന്ന് പ്രസംഗിക്കാൻ മുഖ്യമന്ത്രി ബഹറൈനിൽപോയത് നന്നായി. സംസ്ഥാനത്ത് 13 വകുപ്പുകളിൽ അഴിമതി കൊടികുത്തി വാഴുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത്. തദ്ദേശഭരണവകുപ്പാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. സംസ്ഥാന ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതിൽ അഴിമതി, സൈബർ സുരക്ഷയുടെ പേരിൽ കൊല്ലത്തു നടത്തിയ അന്താരാഷ്ട്ര കോൺഫറൻസിൽ വൻ അഴിമതി, പോലീസ് വകുപ്പിൽ ഇ-ബീറ്റ് ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ അഴിമതി, അങ്ങനെ പോകുന്നു വിജിലൻസിന്റെ റിപ്പോർട്ട്. 38,000 ഏക്കർ സർക്കാർ ഭൂമിയാണ് വ്യക്തികളും സ്ഥാപനങ്ങളും കൈയ്യേറിയതായി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് നൽകിയത്. പാറയും മണ്ണും വെള്ളവുമടക്കം സർവ്വതും മാഫിയകൾ കൈയ്യടക്കിയിരിക്കുകയാണ്. മൂക്കുന്നി മലയിൽ 100 ഏക്കറാണ് കയ്യേറിയത്. ഇവിടെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് റിപ്പോർട്ട് വന്നുകഴിഞ്ഞു. സർക്കാരിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 466 പാറമടകളേ ഉള്ളൂ. എന്നാൽ വനഗവേഷണകേന്ദ്രം പറയുന്നത് 5924 എണ്ണമുണ്ടെന്നാണ്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽപോലും അനധികൃത ഖനനം നടക്കുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രം 50 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നു. പാലക്കാട് ജില്ലയിൽ 7 എണ്ണത്തിനേ അനുമതിയുള്ളൂവെങ്കിലും 100 ഇടത്ത് ഖനനം നടക്കുന്നുണ്ട്. ഇടുക്കി ജില്ലയിൽ 4 വമ്പൻക്വാറികളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്. പാറമടകൾക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർതന്നെയാണ് വേട്ടയാടുന്നതും.
മൂന്നാർ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടുന്നുവെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കയ്യേറ്റങ്ങൾ പരിശോധിക്കാൻ ചെല്ലുമ്പോൾ കയ്യേറ്റക്കാർ നാട്ടുകാരെ ഇളക്കിവിട്ട് തടസ്സം സൃഷ്ടിക്കുന്നു. ദേവികുളം സബ്കളക്ടർക്കെതിരെ യുദ്ധംപ്രഖ്യാപിച്ചിരിക്കുകയാണ് സിപിഐ(എം) മൂന്നാറിൽ. അനധികൃത നിർമ്മാണം തടഞ്ഞാൽമതി, അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയോ ഏറ്റെടുക്കുകയോ വേണ്ട എന്നതാണ് സർക്കാർ നിലപാട്. സിപിഐ(എം) എംഎൽഎ രാജേന്ദ്രൻ കയ്യേറ്റക്കാരനാണെന്ന് അസന്നിഗ്ധമായി തെളിഞ്ഞതോടെ ചെറുകിടക്കാരെ സംരക്ഷിക്കാനെന്നപേരിൽ ജനങ്ങളെ ഇളക്കിവിട്ട് നേരിടാനാണ് പാർട്ടി തീരുമാനം. കയ്യേറ്റക്കാർ എല്ലാ പാർട്ടികളിലുമുള്ളതിനാൽ പ്രാദേശിക നേതാക്കൾ കക്ഷിഭേദമെന്യെ ഒന്നിച്ചിരിക്കുകയാണ്. 5 സെന്റിലോ മറ്റോ ഒരു കൂരകെട്ടിതാമസിക്കുന്ന സാധാരണക്കാരുടെയോ ചെറുകച്ചവടക്കാരുടെയോ പ്രശ്‌നമല്ലിത്. അവർക്ക് പട്ടയം നൽകി സർക്കാരിന് സംരക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ വൻകിട റിസോർട്ടുകളും നിർമ്മാണങ്ങളും പെരുകുകയാണ് ഹൈറേഞ്ചിൽ. മൂന്നാറിൽ മാത്രം 5000 പേർക്ക് താമസിക്കാൻ ഇപ്പോൾതന്നെ സൗകര്യമുണ്ടെന്നാണ് കണക്ക്. ഇവരിൽപലരും സർക്കാർ ഭൂമി വകഞ്ഞെടുത്തിട്ടുണ്ട്. പല സ്ഥാപനങ്ങളുടെയും കയ്യിൽ അനധികൃത ഭൂമിയുണ്ട്. ഇതെല്ലാം തിരിച്ചുപിടിക്കാനും ഹൈറേഞ്ചിന്റെ പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. ചെറുകിടക്കാരന്റെ പേരുപറഞ്ഞ് കയ്യൂക്കുകൊണ്ട് കയ്യേറ്റം മറയ്ക്കാൻ ശ്രമിക്കുന്നവരും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്നപേരിൽ കാലാകാലങ്ങളിൽ നാടകം കളിക്കുന്നവരും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
വിദ്യാഭ്യാസരംഗത്ത് ഇടതുഭരണം നടപ്പിലാക്കിയതെല്ലാം വിധ്വംസകപദ്ധതികളായിരുന്നല്ലോ. ഡിപിഇപി മുതൽ സ്വാശ്രയകോളേജുകൾ വരെയുള്ള ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇപ്പോഴിതാ അവർ പരീക്ഷകളെ പ്രഹസനമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പത്താംക്ലാസ്സിലെ കണക്കുപരീക്ഷയ്ക്ക് സ്വകാര്യസ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങളാണ് ആവർത്തിച്ചത്. എതിർപ്പിനെത്തുടർന്ന് പരീക്ഷ വീണ്ടും നടത്തേണ്ടിവന്നു. ഒറ്റപ്പെട്ട സംഭവമല്ല എന്നതുകൊണ്ടാണ് പരീക്ഷാ വിരോധികൾ ഗൂഢനീക്കം നടത്തുന്നു എന്ന് സംശയിക്കുന്നത്. പ്ലസ് വൺ ജ്യോഗ്രഫിയിലും ഇതേ തെറ്റ് ആവർത്തിച്ചു. ഭരണാനുകൂല സംഘടനയുടെ മോഡൽ ചോദ്യപേപ്പറിൽനിന്ന് 42 ചോദ്യങ്ങൾ. പത്താംക്ലാസ് ഹിന്ദിചോദ്യപേപ്പറിലെ അബദ്ധങ്ങൾ, മലയാളം ചോദ്യപേപ്പറിൽ ഇംഗ്ലീഷ് ചോദ്യങ്ങൾ തുടങ്ങി വീഴ്ചയുടെ ഘോഷയാത്രയാണ് കാണുന്നത്. മോഡൽ ചോദ്യപേപ്പർ തയ്യാറാക്കി കോടികൾ കൊയ്യുന്ന അദ്ധ്യാപക സംഘടനകൾ, ചോദ്യം സ്വകാര്യസ്ഥാപനങ്ങൾക്കു വിൽക്കുന്ന അദ്ധ്യാപഹയന്മാർ, ഇവരെയൊക്കെ ഏകോപിപ്പിക്കുന്ന സ്ഥാപിത താൽപ്പര്യക്കാർ അങ്ങനെ പോകുന്നു വിദ്യാഭ്യാസ വിധ്വംസനത്തിന്റെ കണ്ണികൾ.
വലിയ വിദ്യാർത്ഥി സംഘടനകളെന്ന് വീമ്പിളക്കുന്നവർക്ക് വിദ്യാഭ്യാസമേഖലയുടെ ഈ അപചയത്തിൽ ആശങ്കയേതുമില്ല. കക്ഷി-രാഷ്ട്രീയ പരിഗണനവച്ച് അവർ സർക്കാർ നടപടികളെ ന്യായീകരിക്കുന്നു, സമരം പൊളിക്കുന്നു. എസ്എഫ്‌ഐ തിരുവനന്തപുരം ലോ അക്കാദമി സമരത്തിൽ സ്വീകരിച്ച നിലപാടും യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗൂണ്ടായിസവും മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചതും എറണാകുളം നഗരത്തിൽ ഐഎൻടിയുസിയുമായി നടത്തിയ തെരുവുയുദ്ധവുമൊക്കെ പന്തീരാണ്ടുകൊല്ലം കുഴിലിലിട്ടാലും നേരെയാകാത്തതാണ് അവരുടെ നിലപാടുകളെന്ന് വ്യക്തമാക്കുന്നു. കസേരകത്തിച്ചതിൽ വ്യാപകപ്രതിഷേധമുയർന്നിട്ടുമിതാ ന്യൂമാൻ കോളേജിൽ പ്രിൻസിപ്പാളിന്റെ മുറിതന്നെ തകർത്തിരിക്കുന്നു ഈ പരാക്രമികൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി ഭരണം. ക്ലാസ്സ് മുറികളെ ലോകനിലവാരത്തിലെത്തിക്കും എന്നാണ് അവകാശവാദം. ലോകനിലവാരത്തിലാക്കാനെന്നു പറഞ്ഞ് കേരളത്തിൽ ഇവർ നടപ്പാക്കിയ കരിക്കുലം-സിലബസ് പരിഷ്‌ക്കരണങ്ങൾ വിദ്യാഭ്യാസത്തെ എത്രവലിയ പതനത്തിലെത്തിച്ചുവെന്ന് നമ്മൾ കണ്ടതാണ്. സ്വാശ്രയകോളേജുകൾ കച്ചവടകേന്ദ്രങ്ങൾ മാത്രമല്ല മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായി അധഃപതിച്ചതിന് എൽഡിഎഫിന് യുഡിഎഫിനെപ്പോലെതന്നെ ഉത്തരവാദിത്വമുണ്ട് എന്ന കാര്യം ആർക്കാണറിയാത്തത്.
സാമൂഹികരംഗത്തും അപചയത്തിന് ആക്കം വർദ്ധിപ്പിക്കുകയാണ് പിണറായി ഭരണം. മദ്യശാലകൾ സംരക്ഷിക്കാൻ ഭഗീരഥ പ്രയത്‌നമാണവർ നടത്തുന്നത്. പ്രവർത്തനസമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചും പൂട്ടിയ ബാറുകളിൽ കള്ള് വിളമ്പിയും പൂട്ടിയ കള്ളുഷാപ്പുകൾ തുറന്നും മദ്യശാല കണ്ടെത്താൻ വെബ്‌സൈറ്റ് സൗകര്യമൊരുക്കിയും കോടതി വിധിയെ മറികടക്കാനാണ് ശ്രമം. മദ്യത്തിൽനിന്നുള്ള വരുമാനത്തിനുപകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല എന്നനിലപാടാണ് ധനകാര്യമന്ത്രിക്കുള്ളത്. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മദ്യശാലകൾ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റതോടെ പുതിയ തന്ത്രങ്ങൾക്ക് രൂപംകൊടുക്കാനുള്ള തിരക്കിലാണവർ. പ്രീഡിഗ്രിബോർഡ് പേര് മാറ്റി പ്ലസ്ടുവാക്കി നടപ്പിലാക്കിയ അനുഭവസമ്പത്ത് സംസ്ഥാനപാതയെ സാധാരണറോഡാക്കി മദ്യശാല നിലനിർത്താൻ ഉപയോഗപ്പെടുത്തുന്നകാര്യവും പരിഗണനയിലുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ ഇപ്പോഴും നമ്മുടെ സംസ്ഥാനം മുൻപന്തിയിൽതന്നെ തുടരുന്നു. സ്ത്രീ പീഡനകേസ്സുകളിൽ പോലീസ് നഗ്നമായി പ്രതികൾക്കുവേണ്ടി നിലകൊള്ളുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടിയുള്ള വകുപ്പുകളുടെയും ക്ഷേമസമിതികളുടെയും പ്രവർത്തനത്തിൽ വീഴ്ചയുണ്ടാകുന്നുവെന്ന് വകുപ്പ് മന്ത്രിതന്നെ സമ്മതിച്ചിരിക്കുകയാണ്. പല കേസ്സുകളിലും മനുഷ്യാവകാശകമ്മീഷന് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കേണ്ടിവരുന്നുണ്ട്. സ്‌കൂളുകൾ ലഹരിയുടെ പിടിയിലാണെന്ന് എക്‌സൈസ് കമ്മീഷണർ തന്നെ വെളിപ്പെടുത്തുന്നു. സ്‌കൂളുകളെ ലഹരിവിമുക്തമാക്കിയാൽ മൊത്തം ലഹരി ഉപയോഗത്തിന്റെ പകുതി കുറയ്ക്കാനാകും എന്ന വെളിപ്പെടുത്തൽ ഞെട്ടൽ ഉളവാക്കുന്നതാണ്.
വ്യവസായരംഗത്തും സ്ഥിതി ആശാവഹമല്ല. ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട് പ്രകാരം 50 പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 13,969 കോടി രൂപയാണ്. കഴിഞ്ഞ വർഷം മാത്രം 1452 കോടി നഷ്ടം വരുത്തി. ഈ നഷ്ടത്തിൽ അഴിമതിയുടെയും പിടിപ്പുകേടിന്റെയുമൊക്കെ പങ്ക് വലുതാണ്. ഇതിന്റെ കെടുതികൾ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികൾക്കും ജനങ്ങൾക്കുമാണ്. കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും ആ സ്ഥാപനത്തിന്റെ തന്നെയും ദയനീയസ്ഥിതി ഇതിന് ഉത്തമോദാഹരണമാണ്.
പൊതുമേഖലയെ ക്ഷീണിപ്പിക്കുന്ന നയങ്ങളും നടപടികളും ആവിഷ്‌ക്കരിക്കുന്നവർ കശുവണ്ടി രംഗത്ത് സ്വകാര്യമേഖലയ്ക്ക് ബജറ്റിൽ 20 കോടി വകയിരുത്തിയിട്ടുണ്ട്. കശുവണ്ടി തൊഴിലാളികളുടെ ചോരയൂറ്റി പ്രമാണിമാരായവർ അന്യസംസ്ഥാനങ്ങളിലെ വിലകുറഞ്ഞ അദ്ധ്വാനശേഷി ചൂഷണംചെയ്ത് കൊള്ളലാഭമടിക്കാൻ ഫാക്ടറികൾ അങ്ങോട്ട് പറിച്ചുനടുകയാണ്. സംസ്ഥാനത്ത് കശുവണ്ടി ഫാക്ടറികൾ അടച്ചിട്ട് ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളെ ദുരിതക്കയത്തിൽ തള്ളിയിട്ടിരിക്കുകയാണിവർ. എൽഡിഎഫിന് ഏറ്റവുമധികം വോട്ടുകിട്ടിയ മേഖലയാണിതെന്ന കാര്യം കൂടി ഓർക്കുക.
വികസനത്തിന്റെ പേരുപറഞ്ഞ് ദേശീയപാതകൾ സ്വകാര്യവൽക്കരിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് പിണറായി സർക്കാർ. പതിനായിരക്കണക്കിനാളുകളെ കുടിയൊഴിപ്പിച്ചുകൊണ്ടാണ് ഇത് അരങ്ങേറാൻ പോകുന്നത്.
വിദ്യാഭ്യാസചെലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീമമായ വർദ്ധന, ആരോഗ്യപരിപാലനം സാധാരണക്കാർക്ക് അപ്രാപ്യമായിമാറുന്ന സ്ഥിതി, കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ചാർജ്ജ് വർദ്ധന, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, യഥാർത്ഥവരുമാനത്തിലെ ഇടിവ്, റേഷൻ ആനുകൂല്യങ്ങളിൽനിന്നടക്കം ദരിദ്രർ പുറന്തള്ളപ്പെടുന്ന സ്ഥിതി, കുതിച്ചുയരുന്ന വിലകളും ചാർജ്ജുകളും, വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ, കാർഷിക മേഖലയിലെ പരാധീനതകൾ, പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ച, ട്രേഡ്‌യൂണിയൻ അവകാശങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം, വർഗ്ഗീയതയുടെ വളർച്ച, വർദ്ധിച്ചുവരുന്ന അഴിമതി, മൂല്യത്തകർച്ച, വയോജനങ്ങൾ അനാഥരാക്കപ്പെടുന്ന സാഹചര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളിൽപ്പെട്ട് നട്ടം തിരിയുകയാണ് ജനങ്ങൾ. ഒരു പ്രശ്‌നത്തിനും ശമനമുണ്ടാക്കാൻ എൽഡിഎഫ് ഭരണത്തിനായിട്ടില്ല. എല്ലാം ശരിയാക്കാമെന്നുപറഞ്ഞവർ എല്ലാരംഗത്തും പരാജയമാണ്. ഇതിന്റെയെല്ലാം ഭാരം ജനങ്ങളുടെ ചുമലിലാണ് പതിക്കുന്നത്. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ബിജെപിക്ക് അവസരമൊരുങ്ങുന്നു എന്ന അപകടവും ഇതോടൊപ്പമുണ്ട്.
വല്ലാത്തൊരു പതനത്തിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അധികാരത്തിന്റെ രുചി നുണഞ്ഞ് മുതലാളിത്ത സേവകരായി ജനവിരുദ്ധപാതയിലൂടെ നീങ്ങുകയല്ല, മുതലാളിത്ത ചൂഷണത്തിനും മുതലാളിത്ത ഹീനപദ്ധതികൾക്കുമെതിരെ ജനങ്ങളെ അണിനിരത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഏക പോംവഴിയെന്ന തിരിച്ചറിവാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവർക്ക് ഉണ്ടാകേണ്ടത്.