യുപിയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ പിരിമുറുക്കത്തിൽ എസ്‌യുസിഐ(സി) കടുത്ത ഉൽകണ്ഠ രേഖപ്പെടുത്തുന്നു

Share

എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ്
2017 മാർച്ച് 25 ന് പുറപ്പെടുവിച്ച പ്രസ്താവന.

ബിജെപി ഗവൺമെന്റ് യുപിയിൽ അധികാരമേറ്റയുടനെ 36 അറവുശാലകളും നൂറുകണക്കിന് ഇറച്ചിക്കടകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആയിരക്കണക്കിന് തൊഴിലാളികളെ തൊഴിൽരഹിതരാക്കുന്നതും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നതുമായ നടപടിയായിരുന്നു ഇത്. ഇതേത്തുടർന്ന് യുപിയിൽ പൊടുന്നനെയുണ്ടായിരിക്കുന്ന വർഗ്ഗീയ സംഘർഷാന്തരീക്ഷത്തിൽ രാജ്യമാകെ ആശങ്കാകുലമാണ്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലും വിദ്യാഭ്യാസരംഗത്തും യുപി ഗവൺമെന്റ് ആവിഷ്‌ക്കരിക്കാൻപോകുന്ന നയങ്ങൾക്ക് ഒരു ഹിന്ദുമതാഭിമുഖ്യമുണ്ടാകുമെന്നും രാജ്യത്ത് അവശേഷിക്കുന്ന മതേതര അന്തരീക്ഷത്തെക്കൂടി ഇത് തകിടം മറിക്കുമെന്നുമുള്ള കടുത്ത ആശങ്ക ഇതോടെ ഉയർന്നിട്ടുണ്ട്. ഒരു ജനാധിപത്യസംവിധാനത്തിൽ ഒരാൾ എന്ത് കഴിക്കണമെന്ന് മറ്റുള്ളവർക്ക് തീരുമാനിക്കാനാവില്ലെന്നും ഒരു ഗവൺമെന്റിന് അത് ഒട്ടുംതന്നെ നിർദ്ദേശിക്കാനാവില്ലെന്നുമുള്ള കാര്യം അൽപ്പമെങ്കിലും ജനാധിപത്യബോധമുള്ള ഏവർക്കുമറിയാം. ഈ രംഗത്ത് ബിസിനസ്സ് നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെയാണ് ഈ നടപടി പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എന്നുമാത്രമല്ല, ചുരുങ്ങിയത് 50 രാജ്യങ്ങളിലേയ്‌ക്കെങ്കിലുമുള്ള മാംസകയറ്റുമതിയെയും ഇത് പ്രതികൂലമായി ബാധിക്കും. രാജ്യത്തിന്റെ സമ്പദ്ഘടനയെക്കൂടി ദുർബലപ്പെടുത്തുന്ന നടപടിയാണിത്. യുപിയിൽ സംഘപരിവാർ രാമക്ഷേത്രപ്രശ്‌നം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരികയാണ്. അടുത്തിടെ അലിഗർ മുസ്ലീംസർവ്വകലാശാലയിലെ ഒരു പ്രൊഫസർക്കെതിരെ എബിവിപി ഉന്നയിച്ച ആരോപണം വൈസ്ചാൻസലർ അടിസ്ഥാനരഹിതമെന്നുകണ്ട് തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴത്തെ ഗവൺമെന്റിന്റെ കാശ്മീർ നയത്തിലുള്ള അസംതൃപ്തിക്ക് ആക്കം വർദ്ധിപ്പിക്കുന്ന നിലപാടെടുത്തു എന്നായിരുന്നു ആരോപണം. പ്രൊഫസറെ സംരക്ഷിച്ചു എന്നുപറഞ്ഞ് എബിവിപിക്കാർ വൈസ്ചാൻസലറുടെ കോലം കത്തിച്ചു. ഇതെല്ലാം സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിന് ഇതെല്ലാം വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സാധാരണനില പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ടയാളുകളുടെ ഉപജീവനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനും മേൽപ്പറഞ്ഞ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഞങ്ങൾ യുപി ഗവൺമെന്റിനോടാവശ്യപ്പെടുകയാണ്. ഒരു വിധത്തിലുള്ള പ്രകോപനത്തിനും ഇരയാകരുതെന്നും ജീവിതപ്രശ്‌നങ്ങൾക്കെതിരായ സമരത്തിൽ ഒറ്റക്കെട്ടായിനിന്ന് കരുത്തുറ്റ സമരം വളർത്തിയെടുക്കണമെന്നും യുപി ജനതയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

 

Share this post

scroll to top