കേന്ദ്രബജറ്റ് 2017: എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് ഫെബ്രുവരി 1 ന് പുറപ്പെടുവിച്ച പ്രസ്താവന

Share

ഭരണ മുതലാളിവർഗ്ഗത്തിന്റെയും അവരുടെ പിണിയാളുകളുടെയും നിക്ഷിപ്ത
താൽപ്പര്യങ്ങൾക്ക് നിരക്കുന്നതും സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്ക്
ഹാനികരവുമായ, മൂടിവയ്ക്കപ്പെട്ട വസ്തുതകളുടെയും മറച്ചുവയ്ക്കപ്പെട്ട
സത്യത്തിന്റെയും രേഖയാണ് കേന്ദ്രബജറ്റ്. -എസ്‌യുസിഐ(സി)വിലയിരുത്തുന്നു.

അനിയന്ത്രിതമായ വിലക്കയറ്റം, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, ദ്രുതഗതിയിലുള്ള തൊഴിൽനഷ്ടം, കുത്തനെ ഇടിയുന്ന വരുമാനം, പ്രാഥമികാരോഗ്യസംവിധാനങ്ങളുടെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അഭാവം, നോട്ടു നിരോധനത്തിന്റെ ഫലമായുള്ള അവരുടെ ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും പലമടങ്ങായുള്ള വർദ്ധന തുടങ്ങിയ രൂപത്തിലുള്ള സാമ്പത്തികാക്രമണങ്ങൾ മൂലം ജനങ്ങൾ പാപ്പരായിക്കൊണ്ടിരിക്കുമ്പോൾ, ഈ വിഷയങ്ങളെയൊന്നും 2017-ലെ യൂണിയൻ ബജറ്റ് ആത്മാർത്ഥമായി അഭിസംബോധന ചെയ്തിട്ടില്ല. അതിനുപകരം ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന വ്യാജപ്രസ്താവനകളും ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള വാചക കസർത്തുകളും നികുതി ഇളവുകളെക്കുറിച്ചുള്ള ചെപ്പടിവിദ്യകളും അവതരിപ്പിച്ചുകൊണ്ട് പതിവുപോലെ കോർപ്പറേറ്റ് നികുതി പടിപടിയായി വെട്ടിക്കുറയ്ക്കുകയും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ വ്യവസ്ഥകൾ ഉദാരമാക്കുകയും ഡിജിറ്റൽ യുഗത്തിലേയ്ക്കുള്ള പ്രവേശനം വിളംബരം ചെയ്യുകയും ചെയ്യുന്ന നയംതന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ഇതിനൊപ്പം, സ്ഥിരം പല്ലവികളായ ദാരിദ്ര്യ നിർമ്മാർജ്ജനം, കർഷകരുടെ വരുമാനവർദ്ധനവ്, പിന്നോക്ക ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനം എന്നിവയും ആവർത്തിച്ചിട്ടുണ്ട്.

റെയിൽ ബജറ്റിനെ പൊതുബജറ്റിൽ ലയിപ്പിച്ച, ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര ധനകാര്യമന്ത്രി, എല്ലാവിധത്തിലുമുള്ള ഗതാഗത സമ്പ്രദായങ്ങളുടെയും നല്ലരീതിയിലുള്ള നടത്തിപ്പിനാണ് ഈ ഒന്നിപ്പിക്കലെന്ന് പറയുന്നുണ്ടെങ്കിലും ചെലവിന്റെയും മത്സരത്തിന്റെയും അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കാനും ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ടുവാരുവാനുമായി, റെയിൽവേയെ കൂടുതൽ കൂടുതൽ സ്വകാര്യവൽക്കരിക്കുവാനാണ് ശ്രമിക്കുന്നത്. അടിക്കടി തകർന്നുകൊണ്ടിരിക്കുന്ന യാത്രാസേവനങ്ങൾക്കും സമയനിഷ്ഠ ഇല്ലായ്മയ്ക്കും പുറമേ, തുടർച്ചയായുണ്ടാകുന്ന അപകടങ്ങളും ട്രെയിൻയാത്രയെക്കുറിച്ച് ഗൗരവാവഹമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന മേഖലകളിലെ തസ്തികകൾ നികത്തിക്കൊണ്ടും, ചുമതലകളിൽ കൃത്യവിലോപം കാണിക്കുകയും ജാഗ്രതയിൽ വീഴ്ച വരുത്തുകയും ചെയ്യുന്നത് കർശനമായി നിരീക്ഷിച്ചുകൊണ്ടും ഗുരുതരമായ സുരക്ഷാപ്രശ്‌നം പരിഹരിക്കാനുള്ള സമയബന്ധിതമായ, മൂർത്തമായ യാതൊരു നടപടിയും നിലവിലുള്ള ഭരണ നേതൃത്വം പ്രഖ്യാപിക്കുന്നില്ല.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട നോട്ട് നിരോധനം, എങ്ങനെ, ഏതളവിൽ കള്ളപ്പണത്തെ ഇല്ലായ്മ ചെയ്തു, കള്ളനോട്ട് സംഘത്തെ നിശ്ചലമാക്കി, കള്ളനോട്ട് വിതരണത്തിലൂടെ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിക്കുന്നവരെ പരാജയപ്പെടുത്തി എന്നൊന്നും വിശദീകരിക്കാതെ, പൊള്ളയായ അവകാശവാദങ്ങൾ മറച്ചുവയ്ക്കാനായി, കേന്ദ്ര ധനകാര്യമന്ത്രി ”ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടങ്ങൾ സൃഷ്ടിക്കുവാനുതകുന്ന, ധീരവും നിർണ്ണായകവുമായ നടപടിയാണ് നോട്ട് നിരോധനം” എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യകളെക്കുറിച്ചും അവരുടെ വിളകൾക്ക് ന്യായവില നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും നിക്ഷിപ്തതാൽപ്പര്യക്കാർക്ക് നിസ്സാരവിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുവാൻ നിർബന്ധിതമാകുന്നതിനെക്കുറിച്ചും കർഷകരുടെ വർദ്ധിച്ചുവരുന്ന പാപ്പരീകരണത്തെക്കുറിച്ചും കർഷകത്തൊഴിലാളികളും കുടിയേറ്റത്തൊഴിലാളികളുമായുള്ള അവരുടെ പരിവർത്തനത്തെക്കുറിച്ചും യാതൊരു പരാമർശവും നടത്താതെ, കാർഷികമേഖലയ്ക്കുവേണ്ടി വർദ്ധിപ്പിച്ച ബജറ്റ് വിഹിതത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം പാവപ്പെട്ട ഗ്രാമീണരെ മുൻവർഷങ്ങളിലെപ്പോലെ ഒരിക്കൽകൂടി കബളിപ്പിച്ചു. സമാനമായി, ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും തദ്ദേശവൽക്കരണം(ആഭ്യന്തരമായി നിർമ്മിച്ച ഇലക്‌ടോണിക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന) മെട്രോ റെയിലിൽ ഉപയോഗിക്കുവാനുള്ള സാധ്യതയും ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ വിഹിതം വർദ്ധിപ്പിക്കുന്നതുമൊഴികെ, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മകമായ നീക്കങ്ങളെക്കുറിച്ചുള്ള യാതൊരു പരാമർശവും പുതിയ ബജറ്റിൽ ഇല്ല. സാമ്പത്തിക വളർച്ച ഉണ്ടായാൽത്തന്നെ അത് തൊഴിൽരഹിതമായിരിക്കുമെന്നുള്ള സാമ്പത്തിക സർവ്വേഫലത്തെ അവഗണിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ, അടിച്ചമർത്തപ്പെടുന്ന ബഹുജനങ്ങളുടെ അവസാന തുള്ളി ചോരവരെ ഊറ്റിയെടുത്ത് വ്യവസായ കുടുംബങ്ങളുടെയും കോർപ്പറേറ്റ് ഭീമന്മാരുടെയും പണപ്പെട്ടി നിറയ്ക്കുകയെന്ന ഏക ഉദ്ദേശ്യംമാത്രമുള്ള, കുത്തകകളാൽ നിയന്ത്രിക്കപ്പെടുന്ന, പ്രതിസന്ധിഗ്രസ്തമായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ ശുദ്ധഅസംബന്ധമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ, യുവാക്കളുടെ വ്യവസായ സംരംഭകത്വത്തിനും നൈപുണി വികസനത്തിനുമാണ് എല്ലാ ഊന്നലും കൊടുക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വാഗ്ദാനം ചെയ്യപ്പെട്ട 100 ദിവസങ്ങളിൽ 35 ദിവസം മാത്രമേ കഴിഞ്ഞ വർഷം തൊഴിൽ ലഭിച്ചിട്ടുള്ളുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വ്യവസായ സംരംഭകരുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ മുന്നേറ്റം, ബന്ധപ്പെട്ട ആളുകൾ പ്രതീക്ഷിച്ചതുപോലെ, ഒരു വൻപരാജയമായിരുന്നു. ആസൂത്രിതവും അല്ലാത്തതുമായ മുടക്കുമുതലുകളെത്തമ്മിൽ കൂട്ടിക്കലർത്തിയതുവഴി, ആസൂത്രിത ഉൽപ്പാദന നിക്ഷേപത്തെപ്പറ്റി സർക്കാരിന് ഒന്നുംപറയാനില്ലെന്ന് വ്യക്തമായിരിക്കുകയാണ്. എന്നാൽ, അടിസ്ഥാന വ്യവസായങ്ങളിൽ അൽപ്പമെങ്കിലും കൃത്രിമ ഉത്തേജനം സൃഷ്ടിക്കുവാനായി സമ്പദ്‌വ്യവസ്ഥയെ പട്ടാളവൽക്കരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി പട്ടാള ബജറ്റ് കഴിഞ്ഞ വർഷത്തെ 2.58 ലക്ഷംകോടി എന്നത് 2.74 ലക്ഷം കോടിയായി (പ്രതിരോധമേഖലയിലെ ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടാതെ) വർദ്ധിപ്പിച്ചു. സ്വച്ഛ് ഭാരത് നികുതിയിലൂടെ സൃഷ്ടിക്കപ്പെട്ട ഫണ്ട് നിശ്ചലമായിരിക്കുകയോ, വഴിമാറ്റിച്ചെലവഴിക്കുകയോ ചെയ്തുവെന്നാണ് അടുത്തിടെ സിഎജി നിരീക്ഷിച്ചത്. സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ച് ധനകാര്യമന്ത്രി പുകഴ്ത്തിപ്പാടിയപ്പോൾ ഈ വിഷയത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. അതുപോലെതന്നെ, സാധാരണക്കാരിൽനിന്ന് കാർഷിക സെസ്സ് ആയിപിരിച്ച അധിക വിഭങ്ങൾക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് പരാമർശിക്കുന്നതും അദ്ദേഹം ഒഴിവാക്കി. ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യവർഗ്ഗത്തിന്റെ രോഷത്തെ തണുപ്പിക്കുവാനായി, വരുമാനനികുതിയിൽ നൽകിയിട്ടുള്ള നിസാര ഇളവുകൾ, ജിഎസ്ടി നടപ്പാക്കുമ്പോൾ കുതിച്ചുയരുന്ന പരോക്ഷ നികുതിവഴി തുടച്ചുനീക്കപ്പെടും. പ്രത്യക്ഷ നികുതി നിരക്ക് നേരിയ തോതിൽ കുറച്ചതുവഴി ഉണ്ടായിട്ടുള്ള 20,000 കോടിരൂപയുടെ കുറവ്, സർവ്വീസ് ചാർജ്ജുൾപ്പെടെയുള്ള പരോക്ഷ നികുതികളുടെ വർദ്ധനവിലൂടെ 60,000 കോടിരൂപയായി സാധാരണക്കാരുടെ തലയിൽതന്നെ പതിക്കുമെന്ന് ഇപ്പോൾ വ്യക്തമാണ്.
ആത്യന്തികമായി, എല്ലാ സമ്മർദ്ദങ്ങളും ഒരു വായ്പാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കുമേലായിരിക്കും പതിക്കുക. അമേരിക്കയിൽനിന്നുതുടങ്ങി മറ്റു യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പടർന്ന സബ്‌പ്രൈം പ്രതിസന്ധിയിൽ ജനങ്ങൾ ഇതിന്റെ ദുരിതം നേരിൽ കണ്ടതാണ്. വൻകിട കോർപ്പറേറ്റുകളുടെയും വ്യവസായികളുടെയും കിട്ടാക്കടങ്ങൾ വർദ്ധിച്ചുവരുന്നതുമൂലമുള്ള ബാങ്കുകളുടെ ബാധ്യതകളെക്കുറിച്ച് യാതൊരു പരാമർശവും ബജറ്റിൽ ഇല്ല. ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്ന തുക എങ്ങനെ കണ്ടെത്തുമെന്നതിനെ സംബന്ധിച്ചും സൂചനകളില്ല. സർക്കാർ ഒന്നുകിൽ കൂടുതൽ കടമെടുക്കുകയോ, അല്ലെങ്കിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കാനിടയാക്കുംവിധം കൂടുതൽ നോട്ടുകൾ അടിച്ചിറക്കുകയോ ചെയ്യുമെന്നുള്ള കാര്യം വ്യക്തമാണ്.

ചുരുക്കത്തിൽ, ഭരണമുതലാളിവർഗ്ഗത്തിന്റെയും അവരുടെ പിണിയാളുകളുടെയും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് നിരക്കുന്നതും സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരവുമായ, മൂടിവയ്ക്കപ്പെട്ട വസ്തുതകളുടെയും മറച്ചുവയ്ക്കപ്പെട്ട സത്യത്തിന്റേതുമായ ഒരു ബജറ്റാണിത്.

 

 

Share this post

scroll to top