ഈ അക്കാദമിക വർഷാരംഭംമുതൽ കേരളത്തിലെ കലാലയങ്ങളിൽ നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതകളും അക്രമരാഷ്ട്രീയവും വീണ്ടും സജീവമായ ചർച്ചയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമമാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. എസ്എഫ്ഐ സൃഷ്ടിക്കുന്ന ഭീകാരന്തരീക്ഷവും മാനസിക പിരിമുറുക്കവുംമൂലം പഠിക്കാൻ സാധിക്കുന്നില്ലെന്നും ഭാവിയില്ലാതാകുകയാണെന്നുമെഴുതി വെച്ചാണ് ആ വിദ്യാർത്ഥിനി കാമ്പസിനകത്തുവെച്ചുതന്നെ ജീവനൊടുക്കാൻ ശ്രമിച്ചത്. എസ്എഫ്ഐയും സിപിഐ(എം)ഉം ഒറ്റപ്പെട്ട സംഭവമെന്ന് വിളിച്ച് വിദ്യാർത്ഥിനിയുയർത്തിയ ആരോപണങ്ങളും അതേത്തുടർന്നുണ്ടായ പ്രതിഷേധവും അവഗണിക്കുവാൻ ശ്രമിച്ചുവെങ്കിലും ഏറെ താമസിയാതെ അടുത്ത പൊട്ടിത്തെറി യൂണിവേഴ്സിറ്റി കോളെജിൽനിന്നുതന്നെയുണ്ടായി.
സ്വന്തം പ്രവർത്തകന്റെതന്നെ നെഞ്ചത്തു കുത്തി, കാമ്പസിലെ വിമതശബ്ദം ഒതുക്കാൻ തുടങ്ങിയ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് നേതൃത്വത്തിനെതിരെ കലാലയമൊന്നാകെ പൊട്ടിത്തെറിച്ചു. പിന്നീടങ്ങോട്ട് പുറത്തുവന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രിമിനൽ സംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റിന്റെമാത്രം പ്രശ്നമെന്ന് ആരോപിച്ച് എസ്എഫ്ഐ നേതൃത്വവും സിപിഐ(എം) രാഷ്ട്രീയ നേതൃത്വവും കൈകഴുകാൻ നോക്കിയെങ്കിലും കലാലയത്തിന്റെ പരിധിയും കടന്ന് യൂണിവേഴ്സിറ്റിയും കേരള പിഎസ്സിയുംവരെ എത്തിനിൽക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുവന്നു.
ഇതേ സമയത്തുതന്നെ, തങ്ങൾ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാത്ത വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്ന എസ്എഫ്ഐ തിരുവനന്തപുരം ആർട്സ് കോളേജ് നേതാക്കന്മാരുടെ ശബ്ദരേഖയും പുറത്തുവന്നു. യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രൂപംകൊണ്ട, ജസ്റ്റിസ് ഷംസുദ്ദീൻ നേത്യത്വം കൊടുത്ത ജനകീയ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടും ഇക്കാലയളവിൽ പുറത്തുവന്നു. കേരളത്തിലെ നിരവധി കലാലയങ്ങൾ എസ്എഫ്ഐപോലെയുള്ള പ്രസ്ഥാനങ്ങൾ കൈയ്യൂക്കിന്റെ ബലത്തിൽ നിശബ്ദമാക്കിയിരിക്കയാണെന്ന വസ്തുത ഈ കമ്മീഷൻ പുറത്തുകൊണ്ടുവന്നു. അവശേഷിക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളെയെല്ലാം ഇല്ലാതാക്കുവാൻ ദേശീയ വിദ്യാഭ്യാസ നയവും ഖാദർ കമ്മീഷൻ റിപ്പോർട്ടും വർഗ്ഗീയവൽക്കരണവുമെല്ലാം വിദ്യാഭ്യാസമേഖലയെ അടിമുടി പ്രതിസന്ധിഗ്രസ്തമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലയളവിൽ കലാലയങ്ങളിൽ ജനാധിപത്യം പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് ആരോഗ്യകരമായ രാഷ്ട്രീയാന്തരീക്ഷം എങ്ങനെ സ്ഥാപിക്കാമെന്ന മാതൃക കാണിച്ചുകൊണ്ട് ചരിത്രപരമായ ഒരു കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇക്കാലയളവിൽ എഐഡിഎസ്ഒ പങ്കെടുത്തു. തിരുവനന്തപുരം ആർട്സ് കോളേജിൽ നീണ്ട ഇരുപത്തിമൂന്നു വർഷങ്ങൾക്കു ശേഷം ജനാധിപത്യ പ്രക്രിയകൾക്ക് തുടക്കം കുറിച്ചുകൊണ്ട് എഐഡിഎസ്ഒ പ്രവർത്തനമാരംഭിച്ചു. ഇവിടെ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയാണ് പതിവ്. ഇതര സംഘടനാപ്രവർത്തകർ ഇവിടെയില്ലാത്തതല്ല കാരണം. മറിച്ച് മറ്റാർക്കും ശബ്ദിക്കാനാകാത്തവിധം ഈ കാമ്പസ് എസ്എഫ്ഐ അടക്കിവാഴുകയായിരുന്നു. എന്തിനെന്ന്പോലുമറിയാത്ത പരിപാടികളിൽ വിദ്യാർത്ഥികളെയൊന്നടങ്കം പങ്കെടുപ്പിക്കുന്നതിൽ തുടങ്ങി, എന്ത് വസ്ത്രം ധരിക്കണം, എത്ര മണിക്ക് കാമ്പസിൽ വരണം, എപ്പോൾ മടങ്ങിപ്പോകണം തുടങ്ങി വിദ്യാർത്ഥികളുടെ എല്ലാ കാര്യങ്ങളും എസ്എഫ്ഐയായിരുന്നു തീരുമാനിച്ചിരുന്നത്.
ലീവെടുക്കണമെങ്കിൽപോലും എസ്എഫ്ഐ നേതാക്കന്മാരുടെ സമക്ഷം അവധി അപേക്ഷ സമർപ്പിക്കണമായിരുന്നു. ഈ കാമ്പസിലാണ് എഐഡിഎസ്ഒ സംസ്ഥാന കൗൺസിലംഗവും രണ്ടാം വർഷ ബിഎസ്സി വിദ്യാർത്ഥിയുമായ ജെ.മീര ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. പ്രവേശനം നേടിയ നാൾമുതൽ മീര തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിക്കൊണ്ട് എസ്എഫ്ഐയുടെ ആധിപത്യത്തിനെതിരെ നിലകൊണ്ടിരുന്നു. എന്നാൽ മീരയെ കാമ്പസിൽ ഒറ്റപ്പെടുത്തിക്കൊണ്ടും സഹകരിക്കുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ടും നിശബ്ദമാക്കാനുളള ശ്രമമാണ് എസ്എഫ്ഐ ആദ്യം നടത്തിയത്. പിന്നീട് എഐഡിഎസ്ഒയെ പരിചയപ്പെടുത്തിക്കൊണ്ട് നോട്ടീസ് വിതരണം നടത്തിയപ്പോൾ അവ പരസ്യമായി കത്തിക്കാനും എസ്എഫ്ഐ മടിച്ചില്ല. എന്നാൽ മീര പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ വ്യതിരിക്തതയും മഹത്വവും തിരിച്ചറിഞ്ഞ ഒരു കൂട്ടം വിദ്യാർത്ഥികൾ ക്രമേണ മീരയ്ക്കൊപ്പം ചേർന്നു. ഇവ്വിധത്തിൽ ആർട്സ് കോളെജിൽ ജനാധിപത്യ അന്തരീക്ഷം പുനഃസ്ഥാപിക്കുന്ന സമരത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ എഐഡിഎസ്ഒ മത്സരിച്ചു. എസ്എഫ്ഐയ്ക്കെതിരായ ഏക സ്ഥാനാർത്ഥിയായിരുന്നു മീര. മീരയ്ക്ക് പിന്തുണ നൽകാനെത്തിയവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു എതിരില്ലാത്ത വിജയം നേടാനുളള എസ്എഫ്ഐയുടെ കുത്സിത ശ്രമത്തെ തകർത്തുകൊണ്ട് ഒരു ചെറിയ വിഭാഗം വിദ്യാർത്ഥിനികൾ എഐഡിഎസ്ഒയ്ക്കൊപ്പം അടിയുറച്ചു നിലകൊണ്ടു. ഒടുവിൽ, വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ മുനയൊടിക്കുവാൻ രൂപംകൊണ്ട ‘ലിങ്തോ കമ്മീഷ’ന്റെ പിന്തിരിപ്പൻ ശുപാർശകൾ പ്രകാരം നോട്ടീസ് വിതരണം നടത്താൻ പാടില്ലെന്നും എഐഡിഎസ്ഒ നോട്ടീസ് വിതരണം നടത്തിയെന്നുമാരോപിച്ച് മീരയുടെ സ്ഥാനാർഥിത്വം അസാധുവാക്കാൻ എസ്എഫ്ഐ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. തങ്ങളുടെ സങ്കുചിത താത്പര്യങ്ങൾക്കായി, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന വില കുറഞ്ഞ തന്ത്രങ്ങളിറക്കാനും എസ്എഫ്ഐ മടിക്കില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു ഈ നടപടി. ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട്, കാമ്പസ് ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനായി എഐഡിഎസ്ഒ ഉയർത്തുന്ന മഹത്തായ രാഷ്ട്രീയസംസ്കാരത്തിന് പിന്തുണയേകി 170 വിദ്യാർത്ഥികൾ സഖാവ് മീരയ്ക്ക് വോട്ട് ചെയ്തു. 380 വോട്ടുകൾ നേടി സാങ്കേതികമായി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജയിച്ചെങ്കിലും കാൽ നൂറ്റാണ്ടായി ഗുണ്ടാരാജ് നിലനിന്നിരുന്ന കാമ്പസിന്റെ നിശബ്ദത തകർത്തെറിയുന്ന കരുത്തുറ്റ പ്രതിരോധനിരയ്ക്ക് രൂപംകൊടുക്കുക എന്ന ചരിത്രദൗത്യം എഐഡിഎസ്ഒ നിർവഹിച്ചു.
ഇതേ കാലയളവിൽതന്നെയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ സമാനമായ ഒരു സമരം എഐഡിഎസ്ഒ ആലപ്പുഴ ജില്ലാ സെക്രട്ടറി വി.പി.വിദ്യ നടത്തിയത്. പ്രസ്തുത കാമ്പസിലെ ഒന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായ വിദ്യ ഒക്ടോബർ 11ന് നടക്കാനിരിക്കുന്ന കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷൻ നൽകി. മുൻകാലങ്ങളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിക്കുന്ന കാമ്പസാണിതും. ഇവിടെയും നോമിനേഷനിൽ പിന്തുണ നൽകാനെത്തിയവർ ഭീഷണികൾ നേരിടേണ്ടിവന്നു. എന്നാൽ ഭയത്തെ ജയിച്ച സഹപാഠികളുടെ പിന്തുണയോടെ വിദ്യ നോമിനേഷൻ നൽകിയെങ്കിലും എസ്എഫ്ഐയുടെ ഏകപക്ഷീയമായ വിജയം ഉറപ്പാക്കുവാൻ, വിദ്യയുടെ നോമിനേഷൻ തള്ളിയതായി സൂക്ഷ്മപരിശോധനയിൽ റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. എന്നാൽ എസ്എഫ്ഐയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഉപജാപകസംഘമാണ് എഐഡിഎസ്ഒയുടെ നോമിനേഷൻ തളളിയതെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ശേഖരിച്ചു കൊണ്ട് സർവ്വകലാശാല അധികൃതർക്ക് പരാതി സമർപ്പിക്കുകയും വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയുമിടയിൽ പ്രചരണം നടത്തുകയും ചെയ്തു. കാമ്പസിൽ പുതുമുഖമായിരുന്നിട്ടും കൈയൂക്കിന്റെ ബലത്തിൽ ഇക്കാലമത്രയും കാമ്പസ് അടിക്കിഭരിച്ചിരുന്നവർക്കെതിരെ സഖാവ് വിദ്യ സധൈര്യം നടത്തിയ പോരാട്ടം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഭിനന്ദനങ്ങൾ നേടി. ഒടുവിൽ സഖാവ് വിദ്യയുടെ നോമിനേഷൻ സ്വീകരിക്കാനും തെരഞ്ഞെടുപ്പ് നടത്താനും സർവ്വകലാശാല തീരുമാനിച്ചു.
വർഷങ്ങളായി തെരഞ്ഞെടുപ്പ് പ്രക്രിയകളും മറ്റ് മനുഷ്യാവകാശങ്ങളും തടഞ്ഞിരുന്ന ക്യാമ്പസുകളിൽപോലും വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ സ്ഥാപിച്ചുകൊണ്ടുള്ള ജനാധിപത്യ സമരങ്ങൾക്ക് മാതൃകയായാണ് മുഴുവൻ ക്യാമ്പസുകളിലും എഐഡിഎസ്ഒ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. ആൾക്കൂട്ടമല്ല, ആശയാടിത്തറയുളള ബോധപൂർവമായ ഇടപെടലുകളാണ് ആരോഗ്യകരമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇരുൾമൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ, ഭയം ഊട്ടിയുറപ്പിക്കുകയല്ല, മറിച്ച് നിർഭയരായി അനീതിയെ ചോദ്യം ചെയ്യുവാൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്നതാണ് ഇടതുപക്ഷ വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വം എന്നുകൂടി സ്ഥാപിക്കുന്നതായിരുന്നു എഐഡിഎസ്ഒ നടത്തിയ തെരഞ്ഞെടുപ്പ്പ്രവർത്തനങ്ങൾ.