ഗ്ലോബൽ ക്ലൈമറ്റ് സ്‌ട്രൈക്ക്: കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ബഹുജന കൺവൻഷൻ

Climate-strike-JPS-Thodupuzha-4.jpg
Share

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, ആഗോള കാലാവസ്ഥ സമരത്തിന്റെ ഭാഗമായി സെപ്തംബർ 28ന് തൊടുപുഴയിൽ ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു. പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനും ഗാഡ്ഗിൽ കമ്മിറ്റി അംഗവുമായ ഡോ.വി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട മലനിരകൾ മരണമുഖത്താണിപ്പോൾ നിലനിൽക്കുന്നതെന്നും പശ്ചിമഘട്ടം ഇല്ലെങ്കിൽ കേരളംതന്നെ അപ്രത്യക്ഷമാകുമെന്നും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ച് പാറമടകൾ നടത്താൻ അനുമതി കൊടുക്കുന്നതിലൂടെ കേരളത്തിലെ പ്രളയ ദുരന്തങ്ങളിൽ സാധാരണക്കാരായ അസംഖ്യം ആളുകളാണ് മരിക്കുന്നതെന്നും എന്നാൽ അതിൽ പാറമടക്കാരായ ആരും മരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെയുള്ള നുണപ്രചരണങ്ങൾക്ക് പിന്നിൽ പാറമട ലോബിയാണെന്ന് കൺവൻഷനിൽ പ്രസംഗിച്ച ഡോ.ഡി.സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ പാരിസ്ഥിതിക ഘടനയും പശ്ചിമഘട്ട മലനിരകളും അവിടങ്ങളിലെ മനുഷ്യരുടെ ആവാസവ്യവസ്ഥയും തകിടം മറിക്കുന്നതിൽ പ്രതിസ്ഥാനത്ത് സമാന്തര അധികാര സ്ഥാപനം പോലെ പ്രവർത്തിക്കുന്ന ഖനന മാഫിയയാണെന്നും അവർക്ക് കൂട്ടുനിൽക്കുന്ന സംസ്ഥാന സർക്കാരാണ് ദുരന്തങ്ങൾക്ക് ഉത്തരം പറയേണ്ടതെന്നും കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. പ്രകൃതി ദുരന്തങ്ങളിൽ സർവ്വതും നഷ്ടപ്പെട്ടവരെ ഉടനടി പുനഃരധിവസിപ്പിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. സമഗ്രവും ശാസ്ത്രീയവുമായി സമർപ്പിക്കപ്പെട്ട മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണ രൂപത്തിൽ നടപ്പിലാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

ആഗോള കാലാവസ്ഥാ സമരത്തിന്റെ ഭാഗമായി അൽ അസ്ഹർ കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. അനന്തു അനിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ, പ്രൊഫ.ജോയ് മൈക്കിൾ, ജോർജ്ജ് മാത്യു കൊടുമൺ, എസ്.രാജീവൻ, എ.എൻ.സോമദാസ്, ടി.കെ.സുധീർകുമാർ, എൻ.യു.ജോൺ, വിനോദ് കുമാർ, രാജു കൊന്നനാൽ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top