സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ മഹാനായ അയ്യൻകാളിയുടെ 159-ാമത് ജന്മദിനാഘോഷം രണ്ടുദിവസങ്ങളിലായി ചെങ്ങറ സമരഭൂമിയിൽ നടന്നു. സാമൂഹ്യപ്രവർത്തകനും സാഹിത്യകാരനുമായ ഇ.വി.പ്രകാശ് 27ന് രാവിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ്‌വിഎസ്‌വി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബേബി ചെരുപ്പിട്ടകാവ്, സമര സഹായ സമിതിയംഗം ബിനു ബേബി, സംസ്ഥാന രക്ഷാധികാരി അജികുമാർ കറ്റാനം, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി എസ്.രാധാമണി, കെ.കെ.അച്യുതൻ മാണികുളം, പി.കെ.ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ നടന്നു.
28ന് രാവിലെ പത്തനംതിട്ട അംബേദ്കർ ഭവനിലും സമരഭൂമിയിലെ വിവിധ ശാഖകളിലും പുഷ്പാർച്ചന നടന്നു. ശാഖകളിൽ നിന്നാരംഭിച്ച ജന്മദിന സന്ദേശറാലി 3-ാം കൗണ്ടറിലെ സമ്മേളന നഗരിയിലെത്തിച്ചേർന്നു. തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു. സമാപന സമ്മേളനം ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ.ബിജു ഉദ്ഘാടനം ചെയ്തു. തുടർന്ന് സമരഭൂമിയിലെ കലാ സംഘങ്ങളുടെ കോൽകളി, ഗാനമേള, നൃത്തം എന്നിവ അരങ്ങേറി.