ജനവാസകേന്ദ്രങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കാനുള്ള നീക്കം ചെറുക്കുക

Share

ജനവാസകേന്ദ്രങ്ങളിൽ പോലീസ് സഹായത്തോടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻമാറണമെന്ന് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഹൈവേകളുടെ ഓരത്തുള്ള മദ്യശാലകൾ അടച്ചൂപൂട്ടുവാനുള്ള സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഈ നീക്കം നടത്തുന്നത്. മദ്യശാലകൾ മാറ്റിസ്ഥാപിക്കുക എന്നല്ല അടച്ചുപൂട്ടുക എന്നതാണ് കോടതി വിധി. കേരളത്തിലെ 136 മദ്യശാലകളിൽ 30ൽ താഴെയെണ്ണം മാത്രമേ മാറ്റിസ്ഥാപിക്കാനായുള്ളൂ എന്ന് ബിവറേജസ് കോർപ്പറേഷൻ സമ്മതിച്ചിരിക്കുന്നു. കേരളത്തിലുടനീളം ജനങ്ങൾ സ്വയം സംഘടിച്ച് മദ്യശാലകൾക്കെതിരെ അണിനിരന്നിരിക്കുന്നത് ജനങ്ങൾക്ക് മദ്യശാലകൾ വേണ്ട എന്നതുകൊണ്ടാണ്. സ്‌കൂളെന്നോ ആശുപത്രിയെന്നോ ജനവാസകേന്ദ്രങ്ങളെന്നോ പരിഗണിക്കാതെയാണ് സ്ഥലനിർണ്ണയം നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്കുവേണ്ടാത്ത മദ്യഷാപ്പുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കം അപലപനീയമാണ്. മദ്യശാലകൾ കൂടിയേ കഴിയൂ എന്ന വാശി ആരുടെ താൽപര്യം സംരക്ഷിക്കാനാണ്?

അടച്ചുപൂട്ടിയ ബാറുകൾ ടൂറിസത്തിന്റെ മറവിൽ തുറക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ബാറുകൾ അടച്ചൂപൂട്ടപ്പെട്ടിരിക്കുന്നു എന്നതുമൂലം ടൂറിസ്റ്റുകളുടെ എണ്ണം കുറയുന്നു എന്നാണ് വകുപ്പുമന്ത്രി പറയുന്നത്. ടൂറിസ്റ്റുകൾ മദ്യപാനം ലാക്കാക്കി വരുന്നവരാണ് എന്നതു ശരിയല്ല. അഥവാ അങ്ങനെ വരുന്നവരുണ്ടെങ്കിൽ അത്തരക്കാർ വരേണ്ടതില്ല എന്ന നിലപാടായിരിക്കണം ഒരു സർക്കാർ സ്വീകരിക്കേണ്ടത്. വനിതാസഞ്ചാരികൾക്കുനേരെ കേരളത്തിൽ നടക്കുന്ന ആക്രമണങ്ങളും നോട്ടുനിരോധനവും സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. എന്നാൽ അതെല്ലാം മദ്യത്തിന്റെ പട്ടികയിൽ പെടുത്താനുള്ള നീക്കമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

മദ്യത്തിന്റെ കെടുതികളും കേരളം അഭിമുഖീകരിക്കുന്ന സാംസ്‌കാരിക തകർച്ചയുടെ ആഴവും ‘ഭരണാധികാരികളെ തെല്ലും അസ്വസ്ഥതപ്പെടുത്തുന്നില്ല എന്നതും ആശങ്കാജനകമാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി മദ്യശാലകൾ സ്ഥാപിക്കാനുള്ള നീക്കത്തെ എവ്വിധവും ചെറുത്തുപരാജയപ്പെടുത്താൻ കക്ഷിഭേദമന്യേ ഒരുമിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

Share this post

scroll to top