ജനാഭിലാഷത്തെ വെല്ലുവിളിച്ച് പിണറായി ഭരണം

Share

എല്ലാ ഗവണ്മെന്റുകളുടെയും പതിവ് പല്ലവിയാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നുള്ളത്. ജനക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് പിന്നാക്കം പോകാനും കടുത്ത സാമ്പത്തിക നടപടികൾ കൈക്കൊള്ളാനുമാണ് ഈ പല്ലവി പാടാറുള്ളത്. എന്നാൽ ജിഎസ്ടി എന്ന പകൽക്കൊള്ളയുടെ പങ്കുപറ്റിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ഇങ്ങനെയൊരു വിലാപം സംസ്ഥാന ധനകാര്യ മന്ത്രി നടത്തുന്നത് ആശങ്കയുണർത്തുന്നു.

കെഎസ്ആർടിസിയിൽ പരമാവധി 25,000 രൂപയേ പെൻഷൻ നൽകൂ എന്ന തീരുമാനം കൈക്കൊണ്ടത് അടുത്തിടെയാണ്. ക്രിസ്തുമസ്സിനുമുമ്പ് ശമ്പളം നൽകുന്നത് എത്രയോ വർഷങ്ങളായി നിലനിൽക്കുന്ന കീഴ്‌വഴക്കമാണ്. ഇക്കുറി അതും തെറ്റിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തിലെ അപൂർവ്വം ആഘോഷവേളകളാണ് ഓണവും ക്രിസ്തുമസ്സുമൊക്കെ. അതിനുകൂടി അനുവദിക്കില്ല എന്നത് കഷ്ടംതന്നെ. ട്രഷറികളിൽ ഭാഗിക നിയന്ത്രണം വന്നുകഴിഞ്ഞു. ‘കിഫ്ബി’ യുടെ പേരിൽ വൻതോതിൽ കടം വാങ്ങിക്കൂട്ടുകയാണ് സർക്കാർ. ഒരു സാമ്പത്തിക ദുരന്തത്തിലേയ്ക്ക് നാടിനെ നയിക്കുന്ന നടപടികളാണിതെല്ലാം.
നടപ്പുവർഷം ഭൂമി രജിസ്‌ട്രേഷൻ ഏറ്റവും കുറവായിരുന്നു. എന്നാൽ സർക്കാരിന്റെ വരുമാനം വർദ്ധിച്ചതേയുള്ളൂ. കാരണം അന്യായമായ നികുതി നിരക്ക്തന്നെ. ഇപ്പോഴിതാ കെട്ടിടനിർമ്മാണച്ചട്ടം ലംഘിച്ച നിർമ്മാണങ്ങളെല്ലാം ക്രമപ്പെടുത്തിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പിഴ ഇനത്തിൽ പണം പിടുങ്ങാൻ മാത്രമല്ല നിയമ ലംഘകരിൽനിന്ന് കിമ്പളം തരപ്പെടുത്താനും ഇത് അവസരമൊരുക്കും.

ജനങ്ങളെ പിഴിഞ്ഞൂറ്റുന്നതിലല്ലാതെ ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഭരണക്കാർക്ക് യാതൊരു താല്പര്യവുമില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം 42,341 വീടുകൾക്ക് അനുമതി നൽകിയിട്ട് നിർമ്മാണം തുടങ്ങിയത് 14,195 മാത്രം. പൂർത്തിയായതാകട്ടെ വെറും 9 ശതമാനവും. കയറുല്പാദനത്തിൽ യന്ത്രവൽക്കരണം, പരിശീലനം, ഉല്പന്നങ്ങൾക്ക് ആഭ്യന്തര-വിദേശ കമ്പോളം എന്നിവയൊക്കെ ലക്ഷ്യംവച്ച് പെരുമണിൽ ആരംഭിച്ച ഹൈടെക് കയർ പാർക്ക് സമാധിയടഞ്ഞുകഴിഞ്ഞു. ‘ഇന്ത്യ: ഹെൽത്ത് ഓഫ് ദ നേഷൻസ് സ്റ്റേറ്റ്‌സ്’ എന്ന പേരിൽ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ജീവിതശൈലീ രോഗങ്ങൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ആരോഗ്യപരിപാലനത്തിന് പേരുകേട്ട ഒരു സംസ്ഥാനം പടിപടിയായി പിന്നാക്കം പോയതിന്റെ ദുരന്ത ഫലങ്ങളിലൊന്നാണിത്.
സംസ്ഥാനത്തെ പിടിച്ചുലച്ച ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റിനെ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സർക്കാർ കാണിച്ചത്. നിരവധിപേരുടെ മരണവും വലിയ തോതിലുള്ള നാശനഷ്ടങ്ങളും യഥാസമയം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു. ദുരന്തമേഖലകൾ സന്ദർശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതിലും വലിയ വീഴ്ചയുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളും വേണ്ടത്ര കാര്യക്ഷമമായില്ല. വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് ഇല്ലാത്തതിനാൽ അവയുടെ തകർച്ച മത്സ്യത്തൊഴിലാളികളുടെ ജീവിതംതന്നെ തകർത്തെറിയും.

പിണറായി മന്ത്രിസഭയിൽനിന്ന് രണ്ടുവർഷം തികയുന്നതിനുമുമ്പേ മൂന്നു മന്ത്രിമാർ രാജിവച്ചുകഴിഞ്ഞു. ഇപി ജയരാജന്റെ വിഷയത്തിൽ ഗ്രൂപ്പ് താല്പര്യങ്ങൾകൂടി ഉൾച്ചേർത്തിരുന്നതിനാൽ തീരുമാനം വൈകിയില്ല. എന്നാൽ ശശീന്ദ്രനെ സംരക്ഷിക്കാൻ നല്ല ഉത്സാഹമായിരുന്നു. നിവൃത്തിയില്ലാത്തതുകൊണ്ട് രാജിവച്ചു. ചാനലിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതോടൊപ്പം മന്ത്രി ധാർമികത പാലിച്ചില്ലെന്നുകൂടി കുറ്റപ്പെടുത്തുന്ന ജെയിംസ് കമ്മീഷൻ റിപ്പോർട്ട് മന്ത്രിയെ കുറ്റവിമുക്തനാക്കി എന്ന വിചിത്ര വാദമുന്നയിച്ച് ശശീന്ദ്രനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോൾ. തോമസ് ചാണ്ടിയുടെ കാര്യം വന്നപ്പോൾ രാജി ഒഴിവാക്കാൻ പതിനെട്ടടവും പയറ്റി. എന്നിട്ടും രക്ഷ കിട്ടിയില്ല. ആരോഗ്യ മന്ത്രിയും വൈദ്യതി മന്ത്രിയും തൽസ്ഥാനത്ത് തുടരുന്നത് ധാർമികതയ്ക്ക് സിപിഎം വലിയ പ്രാധാന്യം കൽപിക്കുന്നില്ല എന്നതുകൊണ്ടുമാത്രമാണ്.

ഒരു മന്ത്രി ഗവണ്മെന്റിനെതിരെ ഹൈക്കോടതിയിൽ കേസുകൊടുക്കുന്നത് ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കും. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഹൈക്കോടതിക്ക് പറയേണ്ടിവന്നു. മന്ത്രിസഭായോഗം 4 മന്ത്രിമാർ ബഹിഷ്‌കരിച്ചു. ഇത് ബഹിഷ്‌കരണമല്ല വിട്ടുനിൽക്കലാണ് എന്നാണ് സിപിഐ പറഞ്ഞത്. രണ്ടും തമ്മിലുള്ള വ്യത്യാസം ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല. തോമസ് ചാണ്ടി വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് കോടതി പറഞ്ഞു. ഇടതുപക്ഷ ഗവണ്മെന്റ് മുതലാളിമാർക്കുവേണ്ടി നിലകൊള്ളുന്നോ എന്ന് കോടതി ചോദിച്ചിട്ടുപോലും യാതൊരു നാണക്കേടും തോന്നിയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഇത്തരം ചോദ്യങ്ങൾ കോടതിക്ക് നാണമുണ്ടെങ്കിൽ ഒഴിവാക്കാം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഇടതുപക്ഷ സ്വഭാവവും ജനാധിപത്യ രീതിയും മുന്നണി മര്യാദയുമില്ലെന്ന് പലവട്ടം കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യമായിട്ടുള്ളതാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയെ പരസ്യമായി അപമാനിച്ചും തീരുമാനമെടുക്കുന്നതിൽ അവഗണിച്ചുമാണ് സിപിഐ(എം) ഇക്കാലമത്രയും മുന്നോട്ടുപോയിട്ടുള്ളത്. കോഴ രാജാവ് കെ.എം മാണിയെയും ഇതിനകം തന്നെ നിരവധി പാർട്ടികളിലും മുന്നണികളിലും മാറിമാറി പ്രവർത്തിച്ച് തഴക്കമുള്ള വീരേന്ദ്രകുമാറിനെയും എൽഡിഎഫിൽ എടുത്ത് സിപിഐയെ ഒതുക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. സിപിഐ ദേശീയനേതൃത്വത്തിന് പൊടുന്നനെ ബിജെപിക്കെതിരെ കോൺഗ്രസ് കൂടി ഉൾപ്പെടുന്ന മുന്നണി വേണം എന്ന തോന്നലുണ്ടായതും വെറുതെയല്ല. തോമസ് ചാണ്ടിക്കുവേണ്ടി കേസ് വാദിക്കാൻ കോൺഗ്രസ്സ് എംപി തന്നെ കോട്ടിട്ടുവന്നതും ബിജെപി വിരുദ്ധ വിശാല മുന്നണിയുടെ താല്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണെന്ന് സമാധാനിക്കാം.

തോമസ് ചാണ്ടിയെ ഒഴിവാക്കുന്നതുകൊണ്ടുമാത്രം പാപഭാരം ഒഴിയുന്നില്ല. കയ്യേറ്റക്കാരുടെ മുന്നണിയാണ് എൽഡിഎഫ് എന്നതാണ് യഥാർത്ഥ സ്ഥിതി. ഉദ്യോഗസ്ഥ അഴിമതിയെക്കാൾ വലിയ രാഷ്ട്രീയ അഴിമതിയാണ് നടമാടുന്നതെന്നും കയ്യേറ്റമൊഴിപ്പിക്കൽ അസാദ്ധ്യമാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും സിപിഐ അനുകൂല റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തുറന്നടിച്ചത് ഓർക്കുമല്ലോ. പാറമടകൾ കൊലക്കളങ്ങൾ ആകുമ്പോഴാണ് അവയൊക്കെ എൽഡിഎഫ് ഭരണത്തിന്റെ തണലിൽ ലൈസൻസില്ലാതെ സുഗമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് ജനങ്ങളറിയുന്നത്. തോമസ് ചാണ്ടി കായലാണ് കയ്യേറിയതെങ്കിൽ ഇടതുമുന്നണി വിജയിപ്പിച്ച ഇടുക്കി എംപി ജോയ്‌സ് ജോർജ്ജും കുടുംബവും സർക്കാർ തരിശുഭൂമിയാണ് കയ്യേറിയത്. ദോഷം പറയരുതല്ലോ സെന്റൊന്നിന് നാലുരൂപയോളം വിലകൊടുത്താണ് 200 ഏക്കറോളം ഇവർ തരപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കയ്യേറ്റമൊഴിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരുദ്യോഗസ്ഥരെ സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ ഗുണ്ടകളാണ് ആട്ടിപ്പായിക്കുന്നത്. ഇവിടെ കയ്യേറ്റക്കാരുടെ ലിസ്റ്റിൽ സിപിഎം ജില്ലാക്കമ്മിറ്റി അംഗം വരെയുള്ളപ്പോൾ പിന്നെന്താണ് ചെയ്യാൻ കഴിയുക. പെരുമ്പാവൂരിലെ സിപിഎം കൗൺസിലർ, മറയൂരിലെ മുൻ സിപിഎം ഏരിയാ സെക്രട്ടറി തുടങ്ങി നിരവധി വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് സമ്പന്നമാണ് കയ്യേറ്റക്കാരുടെ ലിസ്റ്റ്.

കയ്യേറ്റം ഒരു ജില്ലയിലൊതുങ്ങുന്നില്ല എന്നത് സിപിഐ(എം)ന്റെ വിശാല വീക്ഷണത്തിന് ഉദാഹരണമാണ്. നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചാണ് സിപിഐ(എം) എംഎൽഎ പി.വി.അൻവർ വാട്ടർ തീം പാർക്ക് നടത്തുന്നത്. പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തിയതുകൊണ്ടാകാം ഇദ്ദേഹം നിയമസഭയുടെ പരിസ്ഥിതി സമിതിയിലും അംഗമാണ്. ആ നിലയ്ക്ക് നോക്കുമ്പോൾ മാവേലിക്കര സഹകരണ ബാങ്ക് ക്രമക്കേടിൽ മുഖ്യ പ്രതിയെ അറസ്റ്റുചെയ്ത ഉടനെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ തെറ്റുപറയാനാവില്ല.
കാലാവധിയെത്തുന്നതിനുമുമ്പേ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് പാർട്ടി നേതാവിനെ പ്രസിഡന്റാക്കിയതുമാത്രമാണ് കാര്യക്ഷമമായ ഒരു നടപടി എന്നനിലയിൽ ചൂണ്ടിക്കാട്ടാവുന്നത്. സിപിഎം-ബിജെപി കയ്യാങ്കളിയുടെ കാര്യത്തിലും മച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ കണ്ടത് അണികൾക്കുപകരം നേതാക്കന്മാർതന്നെ പോർക്കളത്തിലിറങ്ങുന്നതാണ്. പതിവിൽനിന്ന് വ്യത്യസ്തമായതുകൊണ്ട് ഇത് കൗതുകമുണർത്തുകയും ചെയ്തു. എന്നാൽ മുതിർന്ന നേതാക്കൾ അസംബ്ലിയിൽ കാഴ്ചവച്ച പ്രകടനത്തോളം വന്നില്ലെന്നുമാത്രം. സംഘർഷങ്ങളും കൊലപാതകങ്ങളും ധാരാളം കണ്ടിട്ടുണ്ടെങ്കിലും കൊന്നയാളുടെ പാർട്ടി ബന്ധത്തെച്ചൊല്ലി കടിപിടി കൂടുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. കയ്പമംഗലത്ത് അതും കാണേണ്ടിവന്നു. കേരളത്തിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ സംഘർഷങ്ങളിലും ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഒരറ്റത്ത് സിപിഐ(എം) ആയിരിക്കുമല്ലോ. ഇത് വിരസതയുണ്ടാക്കുമോ എന്ന് ആശങ്കയുള്ളതുകൊണ്ട് ഇക്കുറി അല്പം നർമ്മം കലർത്തിയതാകാം. മരണവീട്ടിൽനിന്ന് ഇരുകൂട്ടരും പുറത്താക്കപ്പെട്ടെങ്കിലും ഹർത്താലടക്കമുള്ള അനുബന്ധ ആഘോഷങ്ങൾക്കും കുറവൊന്നുമുണ്ടായില്ല. മനുഷ്യ മനസ്സാക്ഷിയെ എത്രകാലം ഇവരിങ്ങനെ കൊഞ്ഞനംകുത്തും എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

ഭരണം ജനഹിതത്തിനെതിരാകുന്നതനുസരിച്ച് മാദ്ധ്യമങ്ങളോടുള്ള സമീപനവും ശത്രുതാപരമാകുന്നുണ്ട്. സെക്രട്ടേറിയറ്റിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ തുനിഞ്ഞത് യാദൃശ്ചികമല്ല. ‘ഗെയ്ൽ’ സമരത്തോടും ‘ഐഒസി’ സമരത്തോടുമൊക്കെ സ്വീകരിച്ച നിലപാടിലും അസഹിഷ്ണുത പ്രകടമാണ്. കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരം പൊളിക്കാൻ നടത്തിയ ശ്രമങ്ങളും ചില്ലറയല്ല.
യുഡിഎഫ് ഭരണത്തിലെ അഴിമതിയും അധാർമികതയും മനംപിരട്ടലുണ്ടാക്കിയപ്പോഴാണ് എൽഡിഎഫിന് തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കാൻ ജനങ്ങൾ തയ്യാറായത്. മുൻകാല എൽഡിഎഫ് ഭരണങ്ങളൊന്നും ഒരു പ്രതീക്ഷയ്ക്കും വക നൽകുന്നതായിരുന്നില്ല. നയങ്ങളുടെ കാര്യത്തിൽ ഇരുകൂട്ടരും ഒരേ നിലപാടുകാരാണ് എന്ന വസ്തുതയും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. എങ്കിലും ഇടതുപക്ഷമെന്ന പേരിന് നിരക്കുന്ന എന്തെങ്കിലുമൊക്കെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകളാണ് ചുരുങ്ങിയ കാലംകൊണ്ട് പിണറായി ഭരണം തകർത്തുകളഞ്ഞത്. മദ്യ-ക്വാറി മാഫിയകളുടെയും വിദ്യാഭ്യാസ കച്ചവടക്കാരുടെയും ഭൂമി കയ്യേറ്റക്കാരുടെയുമൊക്കെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഭരണം ജനങ്ങളിൽ കടുത്ത നിരാശയാണ് ഉളവാക്കിയിരിക്കുന്നത്.
ബിജെപി-സംഘപരിവാർ ശക്തികൾ രാജ്യത്തെ അന്ധകാരത്തിലേയ്ക്ക് നയിക്കുമ്പോൾ ഇടതുപക്ഷ-ജനാധിപത്യ-മതേതര ശക്തികളെയാണ് ജനങ്ങൾ പ്രതീക്ഷയോടെ കാണുന്നത്. ഇടതുപക്ഷത്തിന്റെ പേരിൽ സിപിഐ(എം)ഉം ഇടതുമുന്നണിയും കാഴ്ചവയ്ക്കുന്നത് നയങ്ങളിലും നിലപാടുകളിലും വലതുപക്ഷ ഭരണംതന്നെയാണ്. സംസ്ഥാനത്ത് സംഘപരിവാർ ശക്തികളുടെ വളർച്ചയ്ക്കുകൂടി ഇത് വഴിവയ്ക്കുന്നു. മഹനീയമായ കമ്മ്യൂണിസ്റ്റ് ദർശനത്തിലേയ്ക്ക് യുവതലമുറ ആകൃഷ്ടരാകുന്നതിന് ഇത് പ്രതിബന്ധമാകുന്നു. ബംഗാളിലടക്കം ഇന്ത്യയിലെവിടെയും ശക്തി ക്ഷയിക്കാനല്ലാതെ ഒരു നേട്ടവുമുണ്ടാക്കാൻ സിപിഎം, സിപിഐ പോലുള്ള പാർട്ടികളുടെ ഇടതുപക്ഷേതരമായ പ്രയാണം സഹായകമായിട്ടില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയാനെങ്കിലും കഴിയേണ്ടതുണ്ട്.

പാർലമെന്ററി നേട്ടങ്ങൾക്കുവേണ്ടി വലതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടുകൾ ഇനിയെങ്കിലും ഉപേക്ഷിക്കണം. അന്ധവിശ്വാസങ്ങളിലേയ്ക്കും അനാചാരങ്ങളിലേയ്ക്കുംവരെ സമൂഹത്തെ നയിക്കുന്ന നിലപാടുകൾ താത്ക്കാലികമായി വോട്ടിന്റെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയേക്കാമെങ്കിലും ദൂരവ്യാപകമായ ഭവിഷ്യത്താണ് അത് സമൂഹത്തിലുണ്ടാക്കുക. ഇന്ത്യൻ മണ്ണിൽ മാർക്‌സിസത്തിന് വേരോട്ടമുണ്ടാക്കാൻവേണ്ടി എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ച വിപ്ലവകാരികളെയും രക്തസാക്ഷികളെയും മറന്നുകളയരുത്. റഷ്യൻ വിപ്ലവത്തിന്റെ ശതാബ്ദി ആചരണം വിപ്ലവത്തിനായി സമർപ്പിതമായ പോരാട്ടം നടത്താൻ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകൾക്ക് വർദ്ധിത വീര്യം നൽകിയ സന്ദർഭമാണിത്. ജീവിതദുരിതങ്ങളും പ്രതിസന്ധികളും നാൾക്കുനാൾ പെരുകുമ്പോൾ ജനങ്ങൾക്കുമുന്നിൽ ചെപ്പടിവിദ്യകൾ പയറ്റാതെ കഠിനതരമെങ്കിലും അനിവാര്യമായ വിപ്ലവപാതയെ മുറുകെപ്പിടിക്കുക മാത്രമാണ് പോംവഴി എന്ന് മറക്കാതിരിക്കുക.

Share this post

scroll to top