കോട്ടയം ഭാരത് ആശുപത്രി സമരം, നഴ്‌സുമാരുടെ ആത്മവിശ്വാസം ഉയർത്തുന്ന വിജയം

Bharath-Jasmin-Shah.jpg
Share

111 ദിവസം നീണ്ടുനിന്ന കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രക്ഷോഭം ഡിമാന്റുകൾ നേടിയെടുത്തുകൊണ്ട് വിജയകരമായി അവസാനിച്ചത് തൊഴിലാളികളുടെ വിശിഷ്യാ നഴ്‌സുമാരുടെ ആത്മവിശ്വാസം ഉയർത്തിയിരിക്കുന്നു. നവംബർ 24ന് ലേബർ കമ്മിഷണർ വിളിച്ചുചേർത്ത ചർച്ചയിലാണ് ഭാരത് ഹോസ്പിറ്റൽ മാനേജ്‌മെന്റ്, യുണൈറ്റഡ് നഴ്‌സസ് അസ്സോസിയേഷൻ മുന്നോട്ടുവച്ച  ഡിമാന്റുകൾ അംഗീകരിക്കുവാൻ നിർബന്ധിതമായത്.

അന്യായമായി പിരിച്ചുവിടപ്പെട്ട 58 നഴ്‌സുമാർ ആഗസ്റ്റ് 7നാണ് ആശുപത്രിയുടെ മുൻപിൽ സമരം ആരംഭിച്ചത്. സംസ്ഥാനവ്യാപകമായി യുഎൻഎ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമാവുകയും ഭാരത് ആശുപത്രിയിൽ യുഎൻഎ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് 27 നഴ്‌സുമാരെ പിരിച്ചുവിടുന്നത്. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുക, അന്യായമായ കോൺട്രാക്ട് ലേബർ അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുക, ലീവുകൾ അനുവദിക്കുക തുടങ്ങിയ ഡിമാന്റുകൾ മുന്നോട്ടുവച്ചുകൊണ്ടാണ് നഴ്‌സുമാർ സമരരംഗത്ത് അണിനിരന്നത്. പതിറ്റാണ്ടുകളായി നഴ്‌സുമാരെ ചൂഷണം ചെയ്തുവന്നിരുന്ന ഭാരത് ആശുപത്രി മാനേജ്‌മെന്റും ആശുപത്രി മുതലാളിമാരുടെ സംഘടനയായ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസ്സോസിയേഷനും സമരം പരാജയപ്പെടുത്തുവാൻ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചു. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും സമരത്തിന് അനുകൂലമായ ഒരു സമീപനവും സ്വീകരിച്ചില്ല. മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ, എംപി, എംഎൽഎ തുടങ്ങിയവർ മുമ്പാകെ നഴ്‌സുമാർ സഹായം അഭ്യർത്ഥിച്ചെങ്കിലും ഏവരും ഭാരത് മാനേജ്‌മെന്റിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരം 90 ദിവസം പിന്നിട്ടു കഴിഞ്ഞപ്പോഴാണ് സമരപ്പന്തൽ സന്ദർശിക്കാൻ പോലും തയ്യാറായത്. തൊഴിൽ വകുപ്പ് മന്ത്രിയ്ക്ക് ഒരു കത്തു കൊടുക്കാം എന്ന വാഗ്ദാനം നൽകിയതല്ലാതെ അദ്ദേഹം സമരത്തിന് അനുകൂലമായി ഒന്നും ചെയ്തില്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ജില്ലാ ലേബർ ഓഫീസിൽനിന്നും നഴ്‌സുമാർക്ക് അനുകൂലമായ സമീപനമല്ല ഉണ്ടായത്. അസിസ്റ്റന്റ് ലേബർ ഓഫീസർ ഭാരത് ആശുപത്രിയിൽ 34 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയെങ്കിലും ഇതുവരെയും ആശുപത്രിയ്‌ക്കെതിരായ ഒരു നടപടിയും എടുത്തിട്ടില്ല. സി.പി.ഐ(എം), കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികൾ കക്ഷിഭേദമന്യേ ഭാരത് ആശുപത്രി മുതലാളിക്കുവേണ്ടി നിലകൊണ്ടിട്ടും, സർക്കാർ സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടും നഴ്‌സുമാരുടെ പോരാട്ടം വിജയിച്ചു എന്നത് തൊഴിലെടുക്കുന്നവരുടെയാകെ ആത്മിവിശ്വാസം ഉയർത്തുന്ന കാര്യമാണ്.

ഭാരത് ആശുപത്രിയുടെ മുന്നിലെ ചെറിയ റോഡിൽ നഴ്‌സുമാർ ഒന്നരമാസത്തോളം സമരം നടത്തിയപ്പോൾ തികച്ചും ക്രൂരമായ സമീപനമാണ് മാനേജ്‌മെന്റ് സമരക്കാരോട് സ്വീകരിച്ചത്. ആശുപത്രിയുടെ സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് വെള്ളം കൊടുക്കുന്നത് വിലക്കിയും ടോയിലറ്റ് സൗകര്യംപോലും ഇല്ലാതാക്കിയും മാനേജ്‌മെന്റ് സമരക്കാരെ ദ്രോഹിക്കുമ്പോഴും ഭരണാധികാരികളും മനുഷ്യാവകാശ കമ്മീഷനുമൊക്കെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. കടുത്ത യാതനകളെ അതിജീവിച്ചും ജോലിചെയ്ത് അന്തസ്സായി ജീവിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം നഴ്‌സുമാർ തുടർന്നു. സമരം ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുഎൻഎയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് നഴ്‌സുമാർ ആശുപത്രിയിലേയ്ക്ക് മാർച്ചുചെയ്തു. മാർച്ച് ആശുപത്രിയിലേയ്ക്ക് എത്തുംമുമ്പ് പോലീസ് ബാരിക്കേഡുകൾ തീർത്ത് നഴ്‌സുമാരെ തടഞ്ഞു. ആശുപത്രിയുടെ മുന്നിൽ സമരം നടത്തിവന്ന നഴ്‌സുമാരെ മൃഗീയമായ ലാത്തി ചാർജ്ജിലൂടെ അറസ്റ്റുചെയ്തു. ആശുപത്രിയുടെ 100 മീറ്റർ പരിധിയിൽ നഴ്‌സുമാരുടെ സമരം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇതിനകം മാനേജ്‌മെന്റ് സമ്പാദിച്ചു. എന്നാൽ, നഴ്‌സുമാർ സമരകേന്ദ്രം കോട്ടയം പഴയ പോലീസ് സ്‌റ്റേഷൻ മൈതാനത്തിന് സമീപത്തേയ്ക്ക് മാറ്റിക്കൊണ്ട് പോരാട്ടം ശക്തപ്പെടുത്തി.

ജില്ലാ ലേബർ ഓഫീസറും സംസ്ഥാന ലേബർ കമ്മീഷണറും വിളിച്ച ചർച്ചകളിൽ പങ്കെടുക്കുവാൻപോലും മാനേജ്‌മെന്റ് തയ്യാറായില്ല. ആശുപത്രി അടച്ചുപൂട്ടിയാൽപോലും ആരെയും സർവ്വീസിൽ തുടരുവാൻ അനുവദിക്കില്ല എന്ന നിലപാട് മാനേജ്‌മെന്റ് ആവർത്തിച്ചുകൊണ്ടിരുന്നു. മാനേജ്‌മെന്റിന്റെ സംരക്ഷകരായി രാഷ്ട്രീയ ഭേദെമന്യേ ഇടത്-വലത്-ബിജെപി മുന്നണികൾ നിലകൊണ്ടു എന്നതായിരുന്നു പിടിവാശിയുടെ ആധാരം.
ഒക്ടോബർ 17ന് നഴ്‌സുമാർ മരണം വരെ നിരാഹാരം ആരംഭിച്ചു. ഓരോദിവസം പിന്നിടുന്തോറും സമരത്തിന് ജനപിന്തുണ ഏറിവന്നു. കുരീപ്പുഴ ശ്രീകുമാർ, ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ്, കെ.കെ.രമ, ഡോ.എം.വി.ബിജുലാൽ, സി.ആർ.നീലകണ്ഠൻ, ജോഷി മാത്യു, റിമ കല്ലിങ്കൽ, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ പ്രമുഖരും പന്തലിൽ എത്തി നഴ്‌സുമാർക്ക് പിന്തുണ നൽകി. നിരാഹാരം കിടക്കുന്ന നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളികളോടെ അറസ്റ്റിനെ ചെറുത്തു. ”ഭാരത് ഹോസ്പിറ്റലിനെ വളർത്തി വലുതാക്കിയ നഴ്‌സുമാരെ കണ്ണീരുകുടിപ്പിക്കുന്ന ആശുപത്രി ബഹിഷ്‌ക്കരിക്കുക” എന്ന നമ്മുടെ പാർട്ടിയുടെ ആഹ്വാനം കോട്ടയം നിവാസികൾ ഗൗരവത്തോടെ ഏറ്റെടുക്കുന്നതാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്.

സമരത്തിന്റെ നൂറാം ദിവസം ബിജിത ചന്ദ്രൻ എന്ന നഴ്‌സ് അത്മഹത്യയ്ക്ക് ശ്രമിച്ചത് ആശുപത്രിയോടുള്ള ജനങ്ങളുടെ പ്രതിഷേധത്തെ ആളിക്കത്തിച്ചു. സമര സഹായ സമിതിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്ക് നൂറുകണക്കിന് ബഹുജനങ്ങൾ മാർച്ച് നടത്തി. സമര സഹായ സമിതി ചെയർമാനും എസ്‌യുസിഐ(സി) ജില്ലാ കമ്മിറ്റി അംഗവുമായ സഖാവ് ഇ.വി.പ്രകാശ് പ്രസംഗിച്ചുകൊണ്ടിരിക്കവെ വെസ്റ്റ് സിഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമം നടത്തുകയും ഹാൻഡ് മൈക്കും ബോക്‌സും ബലമായി പിടിച്ചെടുക്കുകയും സമരസഹായ സമിതി കൺവീനർ മഹേഷ് വിജയനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. സമരം ഓരോദിവസം പിന്നിടുന്തോറും വിവിധ പാർട്ടികളിൽപെട്ട സാധാരണക്കാരായ ജനങ്ങൾ സമരപന്തലിൽ എത്തിക്കൊണ്ടിരുന്നു. കോട്ടയം നഗരത്തെ പ്രക്ഷുബ്ധമാക്കിക്കൊണ്ടാണ് ഓരോ സമരദിവസവും കടന്നുപോയത്.
നവംബർ 24ന് സംസ്ഥാന ലേബർ കമ്മീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ ഗത്യന്തരമില്ലാതെ മാനേജ്‌മെന്റിന് പങ്കെടുക്കേണ്ടിവന്നു. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ, ഭാരത് ഹോസ്പിറ്റൽ യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, സെക്രട്ടറി ശ്രുതി എസ്.കുമാർ, ട്രഷറർ ബിൻസി ബേബി എന്നിവരാണ് യുഎൻഎയെ പ്രതിനിധാനം ചെയത് ചർച്ചയിൽ പങ്കെടുത്തത്. നഴ്‌സുമാർ മുന്നോട്ടുവച്ച ഡിമാന്റുകൾ എല്ലാം അംഗീകരിച്ചുകൊണ്ടാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉണ്ടായിട്ടുള്ളത്.

ഒത്തുതീർപ്പ് വ്യവസ്ഥകൾ

1.കോട്ടയം ഭാരത് ഹോസ്പിറ്റലിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് സമരത്തിലുള്ള മുഴുവൻ നഴ്‌സിംഗ് ജീവനക്കാരും 2017 ഡിസംബർ 31 വരെ സർവ്വീസിൽ തുടരുന്നതും അന്നേദിവസം സ്വമേധയാ പിരിഞ്ഞു പോകുന്നതുമാണ്.

യുഎൻഎ യൂണിറ്റ് രൂപീകരിക്കുകയും സംസ്ഥാന വ്യാപകമായി നഴ്‌സുമാർ നടത്തിയ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു എന്നതിന്റെ പേരിലുള്ള പ്രതികാര നടപടി എന്ന നിലയിലാണ് മാനേജ്‌മെന്റ് നഴ്‌സുമാരെ പിരിച്ചുവിട്ടത്. ആദ്യം 5 പേരെയും, അവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരംചെയ്തപ്പോൾ പിന്നീട് 27 പേരെയും പിരിച്ചുവിട്ടു. നഴ്‌സുമാരുടെ കരാർ കാലാവധി അവസാനിച്ചുവെന്നും ആരെയും പിരിച്ചുവിട്ടിട്ടില്ല എന്നുമുള്ള നുണപ്രചാരണമാണ് മാനേജ്‌മെന്റ് തുടക്കംമുതൽ നടത്തിവന്നത്. കരാർ അവസാനിക്കുന്ന ഡിസംബർ 31 വരെ സർവ്വീസിൽ തുടരുന്നതാണ് എന്ന വ്യവസ്ഥ അംഗീകരിച്ചതിലൂടെ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കരാർ അവസാനിച്ചുവെന്ന് മാനേജ്‌മെന്റ് പറഞ്ഞത് കളവായിരുന്നുവെന്ന് അംഗീകരിക്കുകയാണ് ചെയ്തത്. ആശുപത്രി ഇടിച്ചു പൊളിച്ച് വാഴ നട്ടാൽപോലും ആരെയും തിരിച്ചെടുക്കില്ല എന്ന ഭാരത് മാനേജ്‌മെന്റിന്റെ ധാർഷ്ട്യമാണ് തൊഴിലാളികളുടെ സംഘടിത ശക്തിക്കുമുന്നിൽ തകർന്നുവീണത്. തൊഴിലാളികളുടെ ആത്മാഭിമാനത്തെയും അവകാശബോധത്തെയും മാനേജ്‌മെന്റിന് അംഗീകരിക്കേണ്ടിവന്നു.

2. വ്യവസ്ഥ ഒന്ന് പ്രകാരം പിരിയുന്ന ജീവനക്കാർക്ക് നിലവിലുള്ള മിനിമം വേതനപ്രകാരമുള്ള 3 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുവാൻ മാനേജ്‌മെന്റ് സമ്മതിച്ചു.
നഴ്‌സുമാരുടെ സമരംതന്നെ തികച്ചും അന്യായമാണെന്ന് പറയുകയും കോടിക്കണക്കിന് രൂപ മുടക്കി സമരം പൊളിക്കാൻ ശ്രമിക്കുകയും ചെയ്തവരാണ് ഭാരത് ഹോസ്പിറ്റൽ മാനേജ്‌മെന്റും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷനും. സമരം ചെയ്ത രണ്ട് മാസത്തെയും ഡിസംബർ മാസത്തെയും ശമ്പളം നഷ്ടപരിഹാരമായി നൽകുവാൻ സമ്മതിച്ചതിലൂടെ സമരത്തെയും സമരസംഘടനയെയും മാനേജ്‌മെന്റിന് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. 6,500 മുതൽ 13,000 രൂപ വരെ ശമ്പളം മേടിക്കുന്നവരാണ് സമരംചെയ്ത നഴ്‌സുമാർ. എന്നാൽ, നഷ്ടപരിഹാരമായി നൽകേണ്ടത് കേരളത്തിലെ തൊഴിൽവകുപ്പ് അംഗീകരിച്ചിട്ടുള്ള മിനിമം വേതനമായ 13,500 രൂപയാണ്. മിനിമം വേതനത്തെ മാനേജ്‌മെന്റിന് ആദ്യമായി അംഗീകരിക്കേണ്ടി വന്നിരിക്കുന്നു എന്നത് നഴ്‌സിംഗ് സമൂഹത്തിനൊന്നാകെ ഗുണകരമാകും.

3. പിരിയുന്ന ജീവനക്കാർക്ക് 2017 ഡിസംബർ 31 വരെയുള്ള തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മാനേജ്‌മെന്റ് നൽകുന്നതാണ്.

4. ഭാരത് ഹോസ്പിറ്റലിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും നൽകിയിട്ടുള്ള സിവിൽ/ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതാണ്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ  ബാലപാഠം മറന്ന സിപിഐ(എം)

സമരത്തോട് തുടക്കം മുതൽ സിപിഐ(എം) സ്വീകരിച്ച നിലപാടുകൾ ആരിലും സംശയം ഉളവാക്കുന്നതായിരുന്നു. സമരത്തിന്റെ തുടക്കസമയത്ത് പിന്തുണ അഭ്യർത്ഥിച്ചുചെന്ന നഴ്‌സുമാരെ അപമാനിക്കുംവിധമാണ് ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പെരുമാറിയത്. യുഎൻഎ എന്ന സ്വതന്ത്ര ട്രേഡ് യൂണിയനിൽ സംഘടിച്ച് സമരം ചെയ്യുന്ന നഴ്‌സുമാർ അതുപേക്ഷിച്ച് സിഐടിയുവിൽ ചേരണം എന്നാണ് വാസവൻ ആവശ്യപ്പെട്ടത്. സിഐടിയു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥനും സമാനമായ പ്രതികരണമാണ് നടത്തിയത്. തുടക്കംമുതൽ സമരത്തെ തകർക്കുവാനുള്ള അശ്രാന്തപരിശ്രമമാണ് സിപിഐ(എം) നടത്തിയത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബാലപാഠംപോലും വിസ്മരിച്ച് മുതലാളി പക്ഷത്തേയ്ക്ക് സിപിഐ(എം) നേതാക്കന്മാർ കൂറുമാറിയിരിക്കുന്നു എന്ന് ഭാരത് ഹോസ്പിറ്റൽ സമരം ഒരിക്കൽകൂടി തെളിയിക്കുന്നു. സിപിഐ(എം) നേതാവും തൊഴിലാളി നേതാവുമായിരുന്ന സഖാവ് എ.കെ.ഗോപാലൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ ഒരിടത്ത് ഇപ്രകാരം പറയുന്നു ”ഞാനൊരു പ്രാസംഗികനല്ല, ഒരു പടയാളി മാത്രം. ഒരു സമരമുണ്ടായാൽ ഞാനും എന്റെ സഖാക്കളും നിങ്ങളുടെ മുന്നിലുണ്ടാവും”. തൊഴിലാളികൾ സംഘടിച്ച് തങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ തയ്യാറാകുമ്പോൾ കമ്മ്യൂണിസ്റ്റ് എന്നതോ പോകട്ടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം എന്താണ് ചെയ്യേണ്ടതെന്ന് എകെജിയുടെ വാക്കുകളിൽ വ്യക്തമാകുന്നുണ്ട്. തൊഴിലാളികളുടെ സമരത്തെ പിന്തുണച്ച് അവരിൽ വർഗ്ഗബോധം വളർത്തിയെടുക്കാനാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശ്രമിക്കേണ്ടത്. സിപിഐ(എം)ന്റെ നേതാക്കൾ വിലക്കിയിട്ടുപോലും ആ പാർട്ടിയുടെ സാധാരണ പ്രവർത്തകർ-തൊഴിലാളികൾ സഹജാവബോധത്തോടെ സമരത്തെ പിന്തുണച്ചുകൊണ്ട് എല്ലാ ദിവസവും സമരപ്പന്തലിൽ എത്തിയത് നേതാക്കന്മാരുടെ നിലപാടിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു.ഇടതുപക്ഷം എന്നവകാശപ്പെടുന്ന ഒരു ഗവൺമെന്റ് കേരളം ഭരിക്കുമ്പോഴാണ് നഴ്‌സുമാർ കൊടിയ യാതനകൾ അനുഭവിച്ച് 111 ദിവസം സമരം ചെയ്യേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ കോട്ടയത്ത് വന്നെങ്കിലും സമരപ്പന്തലിലെത്തി നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുവാൻപോലും തയ്യാറായില്ല. സിപിഐ(എം) ഒരു തൊഴിലാളിവർഗ്ഗ പാർട്ടയല്ല എന്നും, കൂലിക്കും മൂലധനത്തിനും ഇടയിൽ നിന്നുകൊണ്ട് തൊഴിലാളികളെ വഞ്ചിക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആണെന്നുമുള്ള എസ്‌യുസിഐ(സി)യുടെ വിശകലനം ശരിയാണെന്ന് ഭാരത് സമരം ഒരിക്കൽകൂടി സ്ഥാപിക്കുന്നു.

തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്‌യുസിഐ(സി) സമരത്തോടൊപ്പം നിലകൊണ്ടു. നഴ്‌സുമാരുടെ സമരത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ എഐഡിവൈഒ പ്രവർത്തകർ എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് പ്രചാരണം നടത്തുകയും തുടർന്ന് പാർട്ടിയുടെയും മറ്റ് മുന്നണി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് ജയ്‌സൺ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ മിനി കെ.ഫിലിപ്പ്, എസ്.രാജീവൻ, വി.കെ.സദാനന്ദൻ, ഷൈല കെ.ജോൺ തുടങ്ങിയവർ പല സന്ദർഭങ്ങളിലായി സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. വിവിധ പാർട്ടികൾ ചേർന്ന് രൂപംകൊടുത്ത സമരസഹായ സമിതിയുടെ ചെയർമാൻ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും എഐഡിവൈഒ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ഇ.വി.പ്രകാശ് ആയിരുന്നു. എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് സഖാവ് എം.കെ.ഷഹസാദ്, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് ആശാരാജ്, എഐയുടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എ.ജി.അജയകുമാർ, പാർട്ടി ടൗൺ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാവ് സാലി സെബാസ്റ്റിയൻ, സി.ആർ.രാജേഷ്, പാമ്പാടി ലോക്കൽ കമ്മിറ്റി അംഗം സഖാവ് റെലേഷ് ചന്ദ്രൻ, കടുത്തുരുത്തി ലോക്കൽ കമ്മിറ്റി അംഗം സഖാവ് ടി.എൻ.ബിജു തുടങ്ങിയവരും സമരത്തോടൊപ്പം രാപ്പകൽ നിലകൊണ്ടു.

യുഎൻഎ നേതൃത്വവും സമര സഹായ സമിതിയും കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേർന്ന് പരസ്പര ധാരണയോടെ സമരത്തെ നയിച്ചു. ആദ്യഘട്ടത്തിൽ സമരത്തെ പിന്തുണച്ച് രംഗത്തുവന്ന കേരള ജനപക്ഷം സമരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ സമരസഹായ സമിതിയിൽ നിന്ന് പിൻവാങ്ങുകയും ജനപക്ഷത്തിന്റെ കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ജോർജ്ജ് സമരവിരുദ്ധ നിലപാടുകളോടെ രംഗത്തുവരികയും ചെയ്തു. സമരപ്പന്തൽ പൊളിക്കുന്നതിനുവേണ്ടിപ്പോലും മാനേജ്‌മെന്റ് ശ്രമിക്കുകയുണ്ടായി. സമരസഹായ സമിതിയിലും സമരം ചെയ്യുന്ന നഴ്‌സുമാർക്കിടയിലും വിള്ളലുണ്ടാക്കി സമരത്തെ തകർക്കുവാനുള്ള മാനേജ്‌മെന്റിന്റെ എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കുവാൻ നമ്മുടെ പാർട്ടി നേതൃത്വത്തിന് സാധിച്ചു. സമരത്തിന് യാതൊരുവിധ വ്യതിചലനവുമുണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചതും യുഎൻഎ-യെ വിശ്വാസത്തിലെടുത്തുകൊണ്ട് നമ്മുടെ പാർട്ടി നേതൃത്വം നടത്തിയ കൃത്യമായ ഇടപെടലുകളിലൂടെയായിരുന്നു. എറണാകുളത്തു നടന്ന യുഎൻഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലേയ്ക്ക് പാർട്ടിയെ ക്ഷണിച്ചതും ഭാരത് സമരത്തിലൂടെ രൂപപ്പെട്ടുവന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
ഭാരത് സമരം നഴ്‌സുമാരുടെ പോരാട്ടങ്ങൾക്ക് കരുത്തുപകരും

കേരളത്തിൽ നഴ്‌സുമാർ അതിവേഗം വലിയൊരു സംഘടിത ശക്തിയായിക്കൊണ്ടിരിക്കുകയാണ്. സിഐടിയു, എഐടിയുസി, ബിഎംഎസ്, തുടങ്ങിയ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളെ തള്ളിക്കളഞ്ഞുകൊണ്ട് നഴ്‌സുമാർ സ്വതന്ത്ര ട്രേഡ് യൂണിയനായ യുഎൻഎ-യിൽ സംഘടിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള കാര്യമാണ്. തുച്ഛമായ ശമ്പളത്തിന് അടിമകളെപ്പോലെ പണിയെടുത്തുവന്നിരുന്ന നഴ്‌സുമാർ അവകാശങ്ങൾ ചോദിക്കാൻ പ്രാപ്തരാകുന്നത് മറ്റ് തൊഴിൽ മേഖലകളിലെ സംഘടിതരല്ലാത്തവർക്കും ആത്മവിശ്വാസമേകും. ഭാരത് അശുപത്രിയിലെ നഴ്‌സുമാർ നടത്തിയ സമരവും അതിന്റെ വിജയവും കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ സംഘടന ഉണ്ടാകുന്നതിന് ഇടവരുത്തും. ആശുപത്രി മുതലാളിമാർ ഇനിയൊരു നഴ്‌സിനെയും പിരിച്ചുവിടാൻ ധൈര്യപ്പെടാത്തവിധം വീറുറ്റതായിരുന്നു ഭാരത് ആശുപത്രിയിലെ ധീരരായ നഴ്‌സുമാരുടെ പോരാട്ടം.

Share this post

scroll to top