ഡോക്‌ലാം തർക്കം: ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ച് ചർച്ചയ്ക്ക് തയ്യാറാകണം

15018565145984830218dc0.jpeg
Share

ചൈനയും ഭൂട്ടാനും തമ്മിൽ ഉടലെടുത്ത ഒരു പ്രശ്‌നത്തെത്തുടർന്ന് ഏതാണ്ട് ഒന്നരമാസം മുമ്പ് ചൈനീസ് സൈന്യം ഡോക്‌ലാം പീഠഭൂമിയിൽ ഒരു റോഡ് നിർമ്മാണം ആരംഭിച്ചു. ഈ പ്രദേശം തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ ഭൂട്ടാൻ സേന ഇത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെട്ടുകൊണ്ട് തർക്കം ഉന്നയിച്ചു. തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചൈനയുടെ നീക്കം തടയാൻ അവർ ശ്രമിച്ചെങ്കിലും അത് നിഷ്ഫലമായി. ഇന്ത്യയുടെ രംഗപ്രവേശം സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

ഇന്ത്യയും ചൈനയും
യുദ്ധഭീതി വളർത്തുന്നു

ഭൂട്ടാൻ ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യ അങ്ങോട്ട് സൈന്യത്തെ അയച്ചു. ഭൂട്ടാൻ തങ്ങളുടെ സംരക്ഷണയിലുള്ള രാജ്യമാണ് എന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ ഇന്ത്യൻ സൈന്യം തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തേയ്ക്ക് അതിക്രമിച്ചുകയറി എന്നാണ് ചൈന പറയുന്നത്. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിലേയ്ക്കാണ് ഇത് നയിച്ചത്. ഏതാനും ദിവസങ്ങൾക്കുശേഷം മറ്റുരാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെ മുമ്പാകെ, മുഖം രക്ഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നടത്തിയ വിശദീകരണം ഫലവത്തായില്ല. എന്തോ കാരണത്താൽ ഇന്ത്യയോട് സൈന്യത്തെ പിൻവലിക്കാൻ ഭൂട്ടാൻ ആവശ്യപ്പെട്ടിട്ടും തർക്കം തുടരുകയാണ്. ഇന്ത്യയിലാകട്ടെ, രാഷ്ട്രീയപാർട്ടികൾ, പ്രതിപക്ഷപാർട്ടികൾ പോലും ജനങ്ങളോട് കൃത്യമായി കാര്യങ്ങൾ വിശദീകരിക്കാൻ മെനക്കെടുന്നില്ല.

എന്നു മാത്രമല്ല, അവരെല്ലാം ചൈനക്കെതിരെ ആരോപണം ഉന്നയിക്കുന്നതിൽ ഒത്തുചേരുകയും കഴമ്പില്ലാത്ത അഭിപ്രായപ്രകടനങ്ങൾ നടത്തുകയുമാണ് ചെയ്തത്. എന്തുകൊണ്ട് ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന കാര്യം മാത്രം ആരും ഉന്നയിച്ചില്ല. ആർഎസ്എസ്- ബിജെപി ശക്തികളാകട്ടെ കേന്ദ്രത്തിലെ അധികാരമുപയോഗിച്ച് ദേശീയഭ്രാന്ത് വളർത്താൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ജനജീവിതത്തിലെ നൂറുകണക്കിന് പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ ഇതുവഴി കഴിയുന്നു. വിദേശകാര്യവക്താക്കളിലൂടെയും പാർട്ടിയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയുമൊക്കെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ചൈനയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഡോക്‌ലാമിൽ റോഡ് നിർമ്മിക്കാനുള്ള തീരുമാനം ഇതിൽപ്പെടും. ഇന്ത്യൻ സേനയെ പിൻവലിക്കുന്നതുവരെ യാതൊരു ചർച്ചയുമില്ലെന്നും തങ്ങളുടെ സൈന്യത്തെ പിൻവലിക്കണമെങ്കിൽ ഇതുപാലിച്ചേ തീരൂ എന്നുമാണ് അവരുടെ നിലപാട്. നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന് ചൈനീസ് സേന സജ്ജമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇത് തെളിയിക്കാനായി ടിബറ്റിലേയ്ക്ക് ശക്തമായൊരു സൈനിക നീക്കം അവർ നടത്തുകയും ചെയ്തു. ഇന്ത്യൻ സൈനികരെ തടവിലാക്കാനും വേണ്ടിവന്നാൽ വധിക്കാനും തയ്യാറാകുമെന്നും മറ്റും ചൈന ഭീഷണിമുഴക്കിയിട്ടുണ്ട്. ഇന്ത്യയെപ്പോലെ അവരും ദേശീയഭ്രാന്ത് വളർത്താൻ ശ്രമിക്കുകയാണ്. പ്രതിവിപ്ലവത്തിലൂടെ അവിടെ സ്ഥാപിതമായ മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന എണ്ണമറ്റ പ്രശ്‌നങ്ങളിൽപ്പെട്ടുഴലുകയാണല്ലോ ചൈനീസ് ജനതയും.
ഇന്ത്യയിലെയും ചൈനയിലെയും മുതലാളിത്ത ഗവൺമെന്റുകൾ സമാധാനത്തിനായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോഴും അവരുടെ വാക്കും പ്രവൃത്തിയും ജനങ്ങളിൽ ഭീതി വളർത്തുന്നതാണ്. ഈ തർക്കം ചർച്ചയിലൂടെ വേഗത്തിലും രമ്യമായും പരിഹരിക്കുന്നില്ലെങ്കിൽ സ്ഥിതി വഷളാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. ഈ മേഖലയിലെ രണ്ട് വൻശക്തികൾ തമ്മിൽ ഒരു യുദ്ധമുണ്ടായാൽ അത്, ഇരുരാജ്യങ്ങളിലെയും ഈ മേഖലയിലെ മറ്റ് ചെറിയ രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

അതിർത്തി തർക്കങ്ങൾ പരിഹരിക്കാത്തതെന്തുകൊണ്ട് ?

ഈ പ്രശ്‌നത്തിന്റെ കാതൽ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആദ്യം വേണ്ടത് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ച് യുദ്ധഭീതി ഒഴിവാക്കുക എന്നതാണ്. അയൽരാജ്യങ്ങൾ തമ്മിലുള്ള അതിർത്തിതർക്കങ്ങൾ ദീർഘകാലം പരിഹരിക്കാതിരുന്നാൽ, കാഴ്ചപ്പാടിലും സമീപനത്തിലുമൊക്കെ അന്തരമുണ്ടാകാനും വാക്പയറ്റിലേയ്ക്കും സായുധസംഘർഷങ്ങളിലേക്കും സമ്പൂർണ യുദ്ധത്തിലേയ്ക്കുംവരെ നയിക്കപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാം തുടർച്ചയെന്നോണം സംഭവിക്കുന്ന കാര്യങ്ങളാണ്. അതു കൊണ്ടുതന്നെ, അതിർത്തി നിർണയവും പുനഃക്രമീകരണവും ഒക്കെയായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുരാജ്യങ്ങളും അടിയന്തരമായി ചർച്ച ചെയ്യുകയും ക്ഷമയോടെയും ശാന്തമായും തുറന്ന മനസ്സോടെയും പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. കോളണികളും അർധകോളണികളുമൊക്കെയായിരുന്നതും കരകൊണ്ട് അതിർത്തി പങ്കിടുന്നതുമായ രാജ്യങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പഴയ സാമ്രാജ്യത്വ ഭരണാധികാരികൾ അവരുടെ താൽപ്പര്യാർത്ഥം നിർണയിച്ച അതിർത്തികളാണ് നിലവിലുള്ളത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഇത്തരം തെറ്റിദ്ധാരണകളും ശത്രുതയുമൊക്കെ നീ്‌ക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ജനങ്ങളെ കബളിപ്പിക്കാനായി ഇതൊക്കെ നിലനിർത്താനായിരിക്കും ഭരണാധികാരികൾക്ക് താല്പര്യം. സൈനിക-വ്യവസായസംരംഭങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുന്നതിന് ന്യായീകരണമുണ്ടാക്കാൻ ഈ യുദ്ധഭീതി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ജനങ്ങളുടെ ചെലവിൽ ഇവ്വിധം സമ്പദ്ഘടനയെ സൈനികവൽക്കരിക്കുന്നത് മുതലാളിത്ത വ്യവസ്ഥയുടെ കൂടെപ്പിറപ്പായ, അപരിഹാര്യമായ കമ്പോള പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനുള്ള അവസാനപോംവഴി തേടലാണ്. ഏഷ്യയിലെ ഈ രണ്ട് വമ്പൻ മുതലാളിത്ത രാജ്യങ്ങളുടെയും കാര്യത്തിൽ ഇത് തീർത്തും ശരിയാണ്. രണ്ടും ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഗവണ്മെന്റുകളല്ല. അതിർത്തി തർക്കങ്ങൾ നിലനിർത്തിയും യുദ്ധഭീതി വളർത്തിയും ജനങ്ങളെ കബളിപ്പിച്ച് യുദ്ധാവശ്യങ്ങൾക്കുള്ള ചെലവ് വർദ്ധിപ്പിക്കുന്നതിന് ന്യായം കണ്ടെത്തുകയും നിലനിൽക്കുന്ന ചൂഷണവ്യവസ്ഥയ്ക്ക് എതിരായ ജനരോഷത്തെ ഇല്ലായ്മ ചെയ്യുകയുമാണിവർ. ചൈനയും ഭൂട്ടാനും തമ്മിൽ ഉടലെടുത്ത ഡോക്‌ലാം പ്രശ്‌നത്തിൽ ഇന്ത്യ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇന്ത്യ ഇടപെട്ടു. ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന അതിർത്തി പ്രശ്‌നവുമായി ഡോക്‌ലാം തർക്കത്തിന് യാതൊരു ബന്ധവുമില്ലതാനും

ഇന്ത്യയുടെ കടുംപിടുത്തത്തിൽനിന്ന് വ്യത്യസ്തമായ സമീപനമായിരുന്നു സോഷ്യലിസ്റ്റ് ചൈനയുടേത്

അന്ന് സാഹചര്യം വ്യത്യസ്തമായിരുന്നു. ഇന്ത്യ-ചൈന അതിർത്തി ഇന്നും കൃത്യമായി നിർണ്ണയിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ഇതേച്ചൊല്ലി 1962-ൽ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം നടന്നു. അന്ന് ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത രാഷ്ട്രീയപാർട്ടിയായ കോൺഗ്രസ്സിന്റെ നേതാവായിരുന്ന ജവഹർലാൽ നെഹ്രുവായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ചൈനയാകട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ മാവോ സെതുങിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ സോഷ്യലിസത്തിലേയ്ക്ക് കുതിക്കുന്ന ഘട്ടത്തിലായിരുന്നു. 1955-ലെ ബന്ദുങ് കോൺഫറൻസ് മുതൽ, ഒരു സോഷ്യലിസ്റ്റ് സമീപനം പിന്തുടർന്നുകൊണ്ട്, അതിർത്തി പ്രശ്‌നം പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഇന്ത്യയോട് ചൈന നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകർത്താക്കളും മലയോര രാജ്യങ്ങളായ നേപ്പാൾ, സിക്കീം, ഭൂട്ടാൻ എന്നിവിടങ്ങളിലെ രാജാക്കന്മാരും തമ്മിൽ, അവരുടെ താൽപ്പര്യാർത്ഥം ഉണ്ടാക്കിയ ധാരണപ്രകാരം നിർണ്ണയിച്ചതായിരുന്നു അതിർത്തികൾ. പടിഞ്ഞാറ് അക്ഷയ്ചിൻ, നടുക്ക് ഡോക്‌ലാം ഉൾപ്പെടുന്ന സിക്കിമിന്റെയും ഭൂട്ടാന്റെയും ചൈനയുടെയും സംഗമസ്ഥാനം, കിഴക്ക് മക്‌മോഹൻ രേഖ എന്നിവയായിരുന്നു തർക്കസ്ഥലങ്ങൾ. ഇന്ത്യയുമായി സൗഹൃദം പുലർത്തിയ ചൈന എല്ലാ തർക്കവിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്നും തീരുമാനമാകുന്നതുവരെ തൽസ്ഥിതി നിലനിർത്തണമെന്നും നിലപാടെടുത്തിരുന്നു. ആദ്യമൊക്കെ ചർച്ചയ്ക്ക് തയ്യാറായ ഇന്ത്യ താമസിയാതെ നിലപാടുമാറ്റി. അതിർത്തികൾ ‘മാറ്റാനാവില്ല’, അക്കാര്യത്തിൽ ‘വിട്ടുവീഴ്ചയില്ല’, അതിർത്തികൾ ‘പരമ്പരാഗതമായി നിലനിൽക്കുന്നതാണ്, ‘ഭൂമിശാസ്ത്രപരമായി സ്വാഭാവികമായി നിലനിൽക്കുന്നതാണിത്’ തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ഇന്ത്യ മുന്നോട്ടുവന്നു. ബ്രിട്ടീഷുകാർ ഏകപക്ഷീയമായി സ്ഥാപിച്ച മാക്‌മോഹൻ ലൈൻ തങ്ങളുടെ അതിർത്തിയാണെന്ന് ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ചിരുന്നു. ഈ അതിർത്തിപോലും മറികടന്ന് അവർ പട്രോളിംഗ് നടത്തുകയും സൈനിക പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചൈനീസ് ഗവൺമെന്റിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഒരു ഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രു ഇന്ത്യയുടെ അവകാശവാദം സ്ഥാപിച്ചെടുക്കാനായി സൈനിക നീക്കത്തിന് ഉത്തരവിടുകയും ജനങ്ങളിൽ യുദ്ധഭീതി വളർത്തുകയും ചെയ്തു. പിന്തിരിയാനുള്ള സോഷ്യലിസ്റ്റ് ചൈനയുടെ നിരന്തരമായ അഭ്യർത്ഥന ഇന്ത്യ ചെവിക്കൊള്ളാതെ വന്നപ്പോൾ, 1962 ഒക്‌ടോബർ 20 ന് ഇന്ത്യയുടെ നിമയവിരുദ്ധ ഔട്ട്‌പോസ്റ്റുകൾക്ക് നേരെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ആക്രമണം നടത്തി. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുണ്ടായിരുന്ന പോസ്റ്റുകൾ നശിപ്പിച്ചു. നാലു ദിവസത്തെ മുന്നേറ്റത്തിനുശേഷം ചൈനീസ് സേന പിൻവാങ്ങി. ഇന്ത്യ-ചൈന അതിർത്തിയായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശംവരെയേ ചൈനീസ് സേന മുന്നേറിയുള്ളൂ എന്ന കാര്യം പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ്. ഇരുകൂട്ടരും ചർച്ചയിലൂടെ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും തർക്കത്തിനുമുമ്പ് 1959-ൽ അംഗീകരിക്കപ്പെട്ട യഥാർത്ഥ നിയന്ത്രണരേഖ മാനിക്കണമെന്നും ഈ രേഖയിൽ നിന്ന് ഇരുകൂട്ടരുടെയും സൈന്യം 20 കിലോമീറ്റർ മാറിമാത്രമേ നിലയുറപ്പിക്കാവൂ എന്നും ഒരു പ്രസ്താവനയിലൂടെ ചൈന വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏകപക്ഷീയമായി യുദ്ധം നിർത്തി, പിടിച്ചെടുത്ത പ്രദേശങ്ങൾ ഉപേക്ഷിച്ച് ചൈനീസ് സേന മേൽപ്പറഞ്ഞ 20 കിലോമീറ്ററിനപ്പുറത്തേയ്ക്ക് പിൻവാങ്ങി. എന്നാൽ ഈ സമയത്തെല്ലാം ഇന്ത്യയിലെ ബൂർഷ്വാഗവൺമെന്റിന്റെ കടുംപിടുത്തം പ്രകടമായിരുന്നു. നിർദ്ദയമായ മുതലാളിത്ത ചൂഷണംകൊണ്ട് നടുവൊടിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ കാര്യത്തിൽ ഒട്ടും പരിഗണനയില്ലാത്ത, അവരുടെമേൽ യുദ്ധത്തിന്റെയും അടിയന്തരാവസ്ഥയുടെയും കെടുതികൾ നിർദ്ദാക്ഷിണ്യം അടിച്ചേൽപ്പിക്കുന്ന, മുതലാളിമാരുടെ വിശേഷിച്ച് കുത്തകകളുടെ താൽപ്പര്യം മാത്രം പരിഗണിക്കുന്ന ഒരു ഗവൺമെന്റിനെയാണ് ഈ നാളുകളിൽ ജനങ്ങൾ കണ്ടത്.

ഇന്ത്യയിലെയും ചൈനയിലെയും ഗവൺമെന്റുകൾ വിപുലീകരണ തന്ത്രങ്ങളുമായി ഇറങ്ങിത്തിരിക്കുന്നു

കുറച്ചുനാൾ ഈ ധാരണപ്രകാരം മുന്നോട്ടുപോയെങ്കിലും പിന്നീട് ഇന്ത്യാഗവൺമെന്റും ഇന്ത്യൻ സൈന്യവും പഴയനിലപാടിലേയ്ക്ക് തിരിച്ചുപോയി. വളരെ മുമ്പേ സാമ്രാജ്യത്വസ്വഭാവമാർജ്ജിച്ച ഇന്ത്യൻമൂലധനം കടുത്ത കമ്പോള പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും തന്മൂലം ചെറിയ രാജ്യങ്ങളിൽ വൻതോതിൽ മൂലധനനിക്ഷേപം നടത്തി അവരുടെ കമ്പോളവും വിഭവങ്ങളും ചൂഷണം ചെയ്തുവരികയുമായിരുന്നു. ഇതിനനുസൃതമായി അയൽരാജ്യങ്ങളോടുള്ള അവരുടെ മനോഭാവത്തിലും മാറ്റമുണ്ടായി. ദുർബലരായ അയൽരാജ്യങ്ങളുടെമേൽ വികസനമോഹപരമായി കടന്നുകയറ്റം നടത്തുന്ന പ്രവണത ദൃശ്യമായി. സിക്കിമിനെ ഇന്ത്യയോട് കൂട്ടിച്ചേർത്തത് ഇതിന്റെ ഉദാഹരണമാണ്. ഭൂട്ടാനാകട്ടെ പരമാധികാര പദവി വലിയൊരു പരിധിവരെ നഷ്ടപ്പെട്ട് ഇന്ത്യയുടെ ഒരു ആശ്രിത രാജ്യമായി മാറിക്കഴിഞ്ഞു. മറ്റ് ചെറിയ അയൽരാജ്യങ്ങളും ഇന്ത്യയുടെ ഈ വലിയേട്ടൻ മാനോഭാവത്തിൽ ആശങ്കയുള്ളവരാണ്. ഇപ്പോൾ ഭൂട്ടാൻ-ചൈന തർക്കത്തിൽ ചാടിവീണ് ഇടപെട്ടതിലും ഈ മനോഭാവം പ്രകടമാണ്. ഭൂട്ടാന്റെ ആഭ്യർത്ഥനപ്രകാരമാണിത് എന്ന് പറഞ്ഞിരുന്നെങ്കിലും ഭൂട്ടാൻ പിന്നീടത് പിൻവലിക്കുകയുണ്ടായി. ഈ മേഖലയിലെ ഒരു വൻശക്തിയായി മാറുക എന്ന മോഹവുമായാണ് ഈ നീക്കങ്ങളെല്ലാം ഇന്ത്യ നടത്തുന്നത്. ഏഷ്യയിലെ മറ്റൊരു വൻശക്തിയായ ചൈനയെ ഒതുക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ഇതിനായി ലോകത്തെ ഏറ്റവും വലിയ യുദ്ധദാഹിയായ അമേരിക്കയുമായും അവരുടെ ചങ്ങാതിയായ ഇസ്രായേലുമായും ആസ്‌ട്രേലിയ, ജപ്പാൻ എന്നിവരുമായും സൈനികസഖ്യമുണ്ടാക്കാൻപോലും ഇന്ത്യ തയ്യാറായിരിക്കുന്നു. ഈ വികസനമോഹങ്ങൾക്കൊന്നും ജനതാൽപ്പര്യവുമായി ഒരു ബന്ധവുമില്ലെന്നുമാത്രമല്ല, ജനങ്ങളുടെ ദുരിതങ്ങൾ പെരുക്കിക്കൊണ്ട് വൻതുകകൾ പട്ടാളാവശ്യങ്ങൾക്കുവേണ്ടി നീക്കിവയ്ക്കുകയും ചെയ്യുന്നു.

ചൈനയെ സംബന്ധിച്ചാണെങ്കിൽ, കമ്മ്യൂണിസ്റ്റ് സാർവ്വലൗകികതയെ മുറുകെപിടിച്ചിരുന്ന നാളുകളിൽ അത് അതിർത്തിതർക്കങ്ങൾ ക്ഷമയോടെയും സമാധാനപരമായും പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ആക്രമണോത്സുകത വെടിഞ്ഞ് ഇരുരാജ്യങ്ങളും പിൻവാങ്ങണമെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും അതുപ്രകാരം പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുത്തുകൊണ്ട് ചൈനീസ് പട്ടാളം പിൻവാങ്ങുകയും ചെയ്തിരുന്നു. മാവോസെതുങ്ങിനെപ്പോലെ മഹാനായ നേതാവ് നയിക്കുന്ന സോഷ്യലിസ്റ്റ് രാജ്യത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന കാര്യങ്ങളായിരുന്നു ഇതെല്ലാം. എന്നാൽ പ്രതിവിപ്ലവം ആഴത്തിൽ സ്വാധീനംചെലുത്താൻ തുടങ്ങിയ 1978 മുതൽ ചൈന പിന്തുടരുന്നത് മറ്റേതൊരു സാമ്രാജ്യത്വശക്തിയുടെയും പോലുള്ള നയങ്ങൾ തന്നെയാണ്. ആഭ്യന്തര വിദേശ നയങ്ങളിൽ യാതൊരു തത്വദീക്ഷയുമില്ലാത്ത നിലപാടുകളാണ് ഇന്ന് മുതലാളിത്ത ചൈനയിലെ ഭരണാധികാരികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സോഷ്യലിസം ശക്തമായി നിലനിന്ന മൂന്ന് ദശാബ്ദക്കാലംകൊണ്ട് പടുത്തുയർത്തിയ വ്യാവസായിക ഘടനയെ ഉപയോഗപ്പെടുത്തിയിട്ടും, കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും പീപ്പിൾസ് ലിബറേഷൻ ആർമിയെന്നുമൊക്കെയുള്ള പേരുകൾ നിലനിർത്തി ചൈനയിലെയും പുറംലോകത്തെയും ജനങ്ങളെ കബളിപ്പിച്ചിട്ടും മുതലാളിത്ത ജീർണ്ണതയുടെ ഈ കാലഘട്ടത്തിൽ, ചൈനീസ് മുതലാളിത്തത്തിനും അനുദിനം വർദ്ധിച്ചുവരുന്ന പ്രതിസന്ധി ഒഴിവാക്കാൻ കഴിയുന്നില്ല. സർവ്വശക്തരായ ഒരു പിടി കുത്തകകളുടെ കയ്യിൽ പണവും അധികാരങ്ങളും കുമിഞ്ഞുകൂടിയിരിക്കുന്നു. ജനങ്ങൾക്കിടയിൽ വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം അനുദിനം വർദ്ധിക്കുന്നു. സ്വദേശ-വിദേശ കുത്തകകൾക്കുവേണ്ടി കർഷകർ കൃഷിഭൂമിയിൽനിന്ന് നിരന്തരം കുടിയൊഴിപ്പിക്കപ്പെടുന്നു. തൊഴിലാളികളെ കുടിയേറ്റത്തിന് നിർബന്ധിതരാക്കുംവിധം തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളും അഴിമതിയും ചൂഷണവും പെരുകി സാംസ്‌കാരികരംഗത്ത് വൻപ്രതിസന്ധി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സൈനിക-ഭരണച്ചെലവുകൾ വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നിവയൊക്കെയാണ് ഇന്ന് ചൈനയുടെ പ്രകടമായ സ്വഭാവം. ഇതോടൊപ്പം വമ്പൻ സൈനികശക്തിയും കൂടിയായതോടെ ചൈനീസ് ഭരണാധികാരികളിൽ ഒരു വല്യേട്ടൻ മനോഭാവം ഉടലെടുത്തിരിക്കുന്നു. ദുർബലരായ അയൽരാജ്യങ്ങളെ വരുതിയിലാക്കിയും ഇന്ത്യപോലുള്ള കൂടുതൽ ശക്തരായവരെ നേരിട്ടുകൊണ്ട് ഒതുക്കിയും ഒരു മ്പൻ സാമ്പത്തിക-സൈനിക ശക്തിയായി ഉയർന്നുവരിക എന്ന ഒറ്റലക്ഷ്യമേ ചൈനയിലെ മുതലാളിത്ത ഭരണാധികാരികൾക്കുള്ളൂ. ഡോക്‌ലാം സംഭവം ഇതാണ് സുവ്യക്തമാക്കിത്തരുന്നത്.
ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങൾ തങ്ങളുടെ മുതലാളിത്ത വ്യവസ്ഥകൾ നേരിടുന്ന പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്നു.

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ പ്രാഥമികകടമ തങ്ങളുടെ മുതലാളിത്ത ചൂഷണ ഭരണത്തിനെതിരെ പൊരുതുക എന്നതാണ്. ഒരുപിടി കുത്തകകളുടെ കയ്യിൽ അധികാരവും പണവും കേന്ദ്രീകരിക്കുക, ഭീകരമായ അസമത്വവും വിവേചനവും, കടുത്തപട്ടിണി, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, കർഷകർ കുത്തകകൾക്കുവേണ്ടി കൃഷിഭൂമിയിൽനിന്ന് കുടിയിറക്കപ്പെടുന്നത്, കർഷകരുടെയും ചെറുകിടകച്ചവടക്കാരുടെയും കടക്കെണിയും ആത്മഹത്യയും, തൊഴിൽ രഹിതരായ യുവാക്കൾ കുറ്റവാളികളായിമാറുന്നത്, സ്ത്രീകൾക്കും കുട്ടികൾക്കും നേരെനടക്കുന്ന ഭീകരമായ ആക്രമണങ്ങൾ തുടങ്ങിയവയൊക്കെയാണ് ചൈനയിലെപ്പോലെതന്നെ ഇന്ത്യയിലെ ചൂഷിത ജനതയും അഭിമുഖീകരിക്കുന്നത്. ഹൃദയശൂന്യമായ ഈ വ്യവസ്ഥയ്‌ക്കെതിരെ ജനങ്ങൾ സംഘടിക്കാതിരിക്കുന്നതിനുവേണ്ടി ജാതീയത-വർഗ്ഗീയത-വംശീയത തുടങ്ങി എല്ലാത്തരം വിഭാഗീയതകളും ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കുന്നു. മുതലാളിത്ത മോഹങ്ങൾക്കും പദ്ധതികൾക്കും ഇണങ്ങുംവിധം ജനങ്ങളെ ആട്ടിത്തെളിക്കാനായി ദേശീയഭ്രാന്ത് വളർത്തുന്നു. അതിർത്തിയിലെ പ്രശ്‌നങ്ങളെയും ജനങ്ങളെ ആവേശം കൊള്ളിക്കാനായി ഇവർ ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയും ചൈനയും വൻശക്തികളാകുന്നതുകൊണ്ട് ചൂഷിത ജനതയുടെ ഒരു താൽപ്പര്യവും സംരക്ഷിക്കപ്പെടാൻ പോകുന്നില്ല എന്ന യാഥാർത്ഥ്യം ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തിരിച്ചറിയണം. കുത്തകകൾക്കും അവരുടെ പിണിയാളുകൾക്കും മാത്രമേ ഇതുവഴി നേട്ടമുണ്ടാകൂ. വ്യവസായ-സൈനിക കൂട്ടുകെട്ടിന്റെ താൽപ്പര്യാർത്ഥമാണ് അതിർത്തിത്തർക്കങ്ങൾ പരിഹരിക്കാതെ യുദ്ധഭീതി വളർത്തി നിലനിർത്തുന്നത്. മുതലാളിത്തമാണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകാതിരിക്കാനാണ് ദേശീയഭ്രാന്ത് വളർത്തുന്നത്. സോഷ്യലിസത്തിനു കീഴിലായിരുന്നപ്പോൾ ചൈനയ്ക്കുണ്ടായിരുന്ന എല്ലാ നന്മകളും അസ്തമിച്ച് അത് തീർത്തും സങ്കുചിതമായി മാറിയിരിക്കുന്നു. ധാർഷ്ട്യവും വിരട്ടലും അതിക്രമവും തുടങ്ങി ഒരു വളർന്നുവരുന്ന സാമ്രാജ്യത്വശക്തിയുടെ എല്ലാ സവിശേഷതകളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഏറെക്കാലമായി ഇന്ത്യൻ മുതലാളിത്ത ഭരണാധികാരികളും ഈ ദിശയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഇന്ത്യയെയും ചൈനയെയും തകർച്ചയിൽനിന്ന് രക്ഷിക്കാൻ ജനജാഗ്രതയ്‌ക്കേ കഴിയൂ
ഭരണവർഗ്ഗത്തിന്റെ ഈ കളികൾ തിരിച്ചറിയാൻ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കഴിയണം. ഡോക്‌ലാം പോലുള്ള വിഷയങ്ങൾ യുക്തിപൂർവ്വം പരിശോധിക്കാൻ അവർ തയ്യാറാകണം. ഈ വൻശക്തികൾ അവരുടെ സാമ്രാജ്യത്വപദ്ധതികളുമായി മുന്നേറുകയും തർക്കങ്ങൾ യുദ്ധങ്ങളായി പരിണമിക്കുകയും ചെയ്യുന്നത് തടയാൻ, ഉറച്ച നിലപാടെടുത്തുകൊണ്ട് അഭിപ്രായരൂപീകരണവും പോരാട്ടവും വളർത്തിയെടുക്കുന്നതിലൂടെ ജനങ്ങൾക്ക് സാധിക്കും. സൈനിക ഇടപെടലിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാനാവില്ല. അതുകൊണ്ട് ഉടൻ സൈന്യത്തെ പിൻവലിക്കാൻ ഇരുകൂട്ടരും തയ്യാറാകണം. അതിർത്തിതർക്കം പോലുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ ക്ഷമയോടെയും സമാധാനപരമായും നടത്തുന്ന ചർച്ചകളിലൂടെ മാത്രമേ കഴിയൂ എന്ന കാര്യം ജനങ്ങൾ തിരിച്ചറിയണം.
അൽപ്പം സമയമെടുത്താലും ഇതിന് മറ്റ് എളുപ്പ വഴികളില്ല. പ്രശ്‌നം ഇന്ത്യയും ചൈനയും തമ്മിലോ, ചൈനയും ഭൂട്ടാനും തമ്മിലോ അല്ലെങ്കിൽ മറ്റുള്ളവർ തമ്മിലോ ആകട്ടെ ന്യായയുക്തവും ശാശ്വതവുമായ പരിഹാരത്തിന് ചർച്ചയുടെ മാർഗ്ഗം പിന്തുടർന്നേ മതിയാകൂ. അതിർത്തിയുമായി ബന്ധപ്പെട്ട ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളെ ആധാരമാക്കി, ഭരണപരവും സാമ്പത്തികവും വാണിജ്യപരവുമൊക്കെയായ ആവശ്യകതകൾ കണക്കിലെടുത്തുവേണം പരിഹാരമുണ്ടാക്കാൻ. അതിർത്തിക്കിരുവശത്തുമുള്ള ജനങ്ങളുടെ മതം, ആചാരം, ഭാഷ തുടങ്ങി സംസ്‌കാരവും ശീലങ്ങളുമൊക്കെയായി ബന്ധപ്പെട്ട ഘടകങ്ങളും കണക്കിലെടുക്കണം. ഇവയൊക്കെ ജനങ്ങളുടെ വികാരങ്ങളെയും മനോഭാവങ്ങളെയും ആഴത്തിൽ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരു രാജ്യത്തിനും അതിന്റെ തീരുമാനം മറ്റൊരു രാജ്യത്തിനുമേൽ എതിർപ്പില്ലാതെ അടിച്ചേൽപ്പിക്കാനാവില്ല.

യുക്തിക്കുനിരക്കുന്ന, ക്ഷമാപൂർവ്വമുള്ള, ജാഗ്രത്തായ ചർച്ചകളിലൂടെയും ആശയവിനിമയത്തിലൂടെയും മാത്രമേ പ്രശ്‌നപരിഹാരം കണ്ടെത്താനാകൂ. ഈയൊരു മാർഗ്ഗം അവലംബിക്കുന്നതിനായി ബന്ധപ്പെട്ട ഭരണാധികാരികൾക്കുമേൽ സമ്മർദ്ദം ചെലുത്താൻ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ ആത്മാർത്ഥവും ഊർജ്ജസ്വലവുമായ പ്രവർത്തനം നടത്തണം. ഡോക്‌ലാം വിഷയത്തിൽ അടിയന്തരമായി ചെയ്യേണ്ടത് ഇരുകൂട്ടരും സൈന്യത്തെ പിൻവലിക്കുക എന്നതാണ്. മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് ഭൂട്ടാന്റെ ആഭ്യന്തരവും ബാഹ്യവുമായ കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ഇന്ത്യയിലെ ബൂർഷ്വാ ഭരണാധികാരികൾ തയ്യാറാകണമെന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

Share this post

scroll to top