അരക്ഷിതമായ സാമൂഹ്യസംവിധാനത്തിന്റെ ഇരയാണ് കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. മയക്കുമരുന്നിന് അടിമയായ, അതെത്തുടര്‍ന്ന് സസ്പെൻഷനിലായിരുന്ന യുപി സ്കൂൾ അധ്യാപകനായ പ്രതിയെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യപരിശോധനയ്ക്കിടയിലാണ് ആശുപത്രി ഉപകരണങ്ങൾ കൈക്കലാക്കിയ പ്രതി ഡോക്ടറെ മൃഗീയമായി കൊലപ്പെടുത്തിയത്.
ഡോക്ടർ വന്ദനയുടെ ദാരുണമരണത്തിന് ഉത്തരവാദികൾ പോലീസും സർക്കാരുമാണ്. ഇത്രത്തോളം അക്രമാസക്തനായ ഒരുവനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല എന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ആരോഗ്യ പ്രവർത്തകർ ആശുപത്രികളിൽ ആക്രമിക്കപ്പെടുന്നത് തുടർക്കഥയായിരിക്കു കയാണ്. രണ്ടുവർഷത്തിനിടയിൽ ഇരുനൂറോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആശുപത്രികളിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും സർക്കാർ ആശുപത്രികളിൽ ആവശ്യമായത്ര ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്നും മെഡിക്കൽ കമ്മ്യൂണിറ്റി നിരന്തരമായി ഉയർത്തുന്ന ആവശ്യത്തോട് സർക്കാർ പുലർത്തിപ്പോരുന്ന തികഞ്ഞ നിസ്സംഗതയും കുറ്റകരമായ അലംഭാവവുമാണ് ഡോ.വന്ദന ദാസ് എന്ന യുവ ഡോക്ടറുടെ ദാരുണ മരണത്തിന് ഇടയാക്കിയത്. ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ എന്ന് വീമ്പുപറയുന്ന സർക്കാർ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ തെല്ലും പരിഗണിക്കുന്നില്ല. ഹൗസ് സർജന്മാരെയും പിജി വിദ്യാർത്ഥികളെയും കാഷ്വാലിറ്റി ഡ്യൂട്ടിയിലുൾപ്പെടെ നിയോഗിച്ച് പൊതുജനാരോഗ്യരംഗത്തെ സ്ഥിരനിയമനം ഇല്ലാതെയാക്കുകയാണ്.ആശുപത്രികളുടെ എണ്ണവും രോഗികളുടെ എണ്ണവും വർദ്ധിക്കുമ്പോഴും സ്റ്റാഫ് പാറ്റേൺ അതിനനുസരിച്ച് മാറുന്നില്ല.
ആരോഗ്യ പ്രവർത്തർക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ പ്രതിസ്ഥാനത്തു നിർത്തി ജനങ്ങളുടെ കൈയടിനേടാനാണ് ജനപ്രതിനിധികളടക്കം പലപ്പോഴും ശ്രമിക്കുന്നത്. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ കേസ് എടുക്കാൻ പണിമുടക്കിസമരം ചെയ്യേണ്ടി വേണ്ടിവരുന്നു എന്നത് ദൗർഭാഗ്യകരമാണ്. കൊല്ലപ്പെട്ട ഡോക്ടർക്ക് മതിയായ എക്സ്പീരിയൻസില്ലായിരുന്നു എന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. സുരക്ഷ ഒരുക്കേണ്ടുന്നവർ തന്നെ തള്ളിപ്പറയുന്നത് കുറ്റവാളികൾക്കാണ് ശക്തി പകരുന്നത്. സർക്കാർ ആശുപത്രികളുടെ പരാധീനതകളും വെളിപ്പെടുത്തുന്നു ഡോക്ടർ വന്ദനയുടെ മരണം. സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആവശ്യമായ പ്രാഥമിക ചികിത്സ നൽകാനായില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കു ന്നത്.
സർക്കാരിന്റെ ജനദ്രോഹകരമായ മദ്യ-ലഹരി നയത്തിന്റെയും കൂടെ ഇരയാണ് ഡോ.വന്ദന. ലഹരിക്ക് അടിമയായ സന്ദീപ് എന്നപ്രതിയെ സൃഷ്ടിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽനിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ഒരുകൈകൊണ്ട് ലഹരി മാഫിയയെയും മറുകൈകൊണ്ട് ഇരകളെയും തലോടുന്ന ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടേത്. ലഹരിക്കടിമയായ പതിനഞ്ചുകാരൻ ജഡ്ജിയെ കുത്താൻ ശ്രമിച്ചു എന്ന വാർത്തയും വന്നുകഴിഞ്ഞു. അധ്യാപകനെന്നോ വിദ്യാർത്ഥിയെന്നോ ഭേദമില്ലാതെ ജനങ്ങളെ അടിപ്പെടുത്തുംവിധം ലഹരിവ്യാപിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നു. ഈ സാഹചര്യത്തിൽ, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുവാനാവശ്യമായ നടപടികൾ ഉടന്‍ സ്വീകരിക്കണം. സർക്കാർ ആശുപത്രികളിൽ ആവശ്യമായത്ര ഡോക്ടർമാരും നഴ്സുമാരും മറ്റ് സ്റ്റാഫുമുൾ പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും മതിയായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം. മദ്യ-ലഹരി മാഫിയയെ കർശനമായി അടിച്ചമർത്തണം. മദ്യത്തിന്റെയും ലഹരിയുടെയും വ്യാപനം കർശനമായി തടയണം. ഈ ആവശ്യങ്ങൾ നേടിയെടുക്കാനുതകുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ പാതയിലണിനിരക്കണമെന്ന് മെഡിക്കൽ കമ്മ്യൂണിറ്റിയോടും ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.