എന്തുകൊണ്ട് ബ്രിട്ടൻ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലമരുന്നു?

britain-economic-1662118317.jpg
Share

“ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്തമിക്കില്ല” എന്നായിരുന്നു ഒരു നൂറ്റാണ്ടുമുമ്പുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. ലോകത്തെ ഏറ്റവും പ്രബലമായ സാമ്രാജ്യത്വ ശക്തികളിലൊന്നായിരുന്നു ഇംഗ്ലണ്ടും സ്‌കോട്ലണ്ടും വെയില്‍സും വടക്കേ അയര്‍ലണ്ടുമടങ്ങുന്ന യുണൈറ്റഡ് കിഗ്ഡം. 18, 19 നൂറ്റാണ്ടുകളിലെ അതുല്യവും അതിഗംഭീരവുമായ വ്യാവസായിക വികസനത്തിലൂടെയാണ് ബ്രിട്ടന്‍ കരുത്താര്‍ജ്ജിച്ചത്. ലോകമെമ്പാടുമായി വ്യാപിച്ചുകിടന്നിരുന്ന കോളനികളെ കൊള്ളയടിച്ച് അവര്‍ സമ്പത്ത് കുന്നുകൂട്ടി. എന്നാല്‍, ഇന്ന് ബ്രിട്ടന്‍ രൂക്ഷവും അപരിഹാര്യവുമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്.

അനിവാര്യമായ ചരിത്രപ്രക്രിയയാല്‍ ആഗോള സാമ്രാജ്യത്വ-മുതലാളിത്തം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയി ലാക്കിയിരിക്കുന്നത്. ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് ബ്രിട്ടനെ വലയ്ക്കുന്നത്. പണപ്പെരുപ്പം 2022 ഒക്‌ടോബറില്‍ 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.1 ശതമാനത്തില്‍ എത്തി. തുടര്‍ന്നുള്ള മാസങ്ങളില്‍ അല്പം ആശ്വാസം നല്‍കിക്കൊണ്ട് 2023 ജനുവരിയില്‍ അത് 10.1 ശതമാനമായി. ഉപഭോക്തൃ വിലസൂചികയില്‍ ഒരു വര്‍ഷംകൊണ്ട് 10.4 ശതമാനം വര്‍ദ്ധനയുണ്ടായി. വൈദ്യുതിച്ചാര്‍ജ്ജും ഇന്ധനച്ചെലവും ഗണ്യമായി വര്‍ദ്ധിച്ചു. പാചകവാതക വില 129 ശതമാനമാണ് കൂടിയത്. വൈദ്യുതി നിരക്ക് 67 ശതമാനവും. ഭക്ഷ്യ വസ്തുക്കളുടെ വില 18 ശതമാനം കൂടി. പാവപ്പെട്ടവര്‍ ആഹാരം, ഹീറ്റര്‍, ഇന്ധനം എന്നിവയ്ക്കാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. പലരും ഭക്ഷണം കുറച്ചുകൊണ്ട് വാടകയ്ക്കുംമറ്റും പണം കണ്ടെത്തുന്നു. ഇന്ധനച്ചെലവ് കുറയ്ക്കാനായി പാചകം വേണ്ടെന്ന് വയ്ക്കുന്നു. ഗ്യാസ് കണക്ഷന്‍തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. ബാങ്കുകള്‍ പലിശനിരക്ക് കൂട്ടി പണപ്പെരുപ്പം 2ശതമാനത്തില്‍ താഴെനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല. ജീവിതനിലവാരവും വേതനവും പശ്ചിമയൂറോപ്പിലെ പൊതുനിലവാരത്തേക്കാള്‍ താഴെയായി. യഥാര്‍ത്ഥ വേതനം 15വര്‍ഷം മുമ്പത്തേതിനേക്കാള്‍ കുറഞ്ഞു. ഇത് 2022-23ല്‍ 4.3 ശതമാനം കുറയുമെന്നാണ് ഔദ്യോഗിക കണക്കുകൂട്ടല്‍. 1956ന് ശേഷമുള്ള ഏറ്റവും വലിയ പതനം. മുതലാളി ത്തവ്യവസ്ഥയുടെ പ്രവര്‍ത്തന നിയമങ്ങളുടെ ഫലംതന്നെയാണ് കുതിച്ചുയരുന്ന പണപ്പെരുപ്പം. മരണാസന്ന മുതലാളിത്തത്തിന്റെ ആഗോള സ്വഭാവമാണിത്.


വിലക്കയറ്റവും വരുമാനത്തിലെ ഇടിവുംമൂലം ബ്രിട്ടന്റെ ജനസംഖ്യയില്‍ അഞ്ചിലൊന്ന്, അതായത് 1.4 കോടിയാളുകള്‍ ദാരിദ്ര്യത്തിലാണ്. 40 ലക്ഷംപേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയും. 15 ലക്ഷത്തിന് അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനുള്ള വകയില്ല. വെള്ളക്കാരായ കുട്ടികളില്‍ 26ശതമാനം ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ കറുത്ത വര്‍ഗ്ഗക്കാരും മറ്റുന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവരുമായ 46ശതമാനം കുട്ടികള്‍ ദരിദ്രരാണ്. സാമ്പത്തിക സമ്മര്‍ദ്ദം, മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യത്തെയും കുടുംബബന്ധങ്ങളെയും കുട്ടികളുടെ അവസ്ഥയെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നു. 40ലക്ഷം കുട്ടികള്‍ക്ക് മിനിമം ആഹാരംപോലും ലഭിക്കുന്നില്ല. 3,20,000പേര്‍ ഭവനരഹിതരാണ്. ഷെല്‍ടര്‍ എന്ന ഏജന്‍സി 2020 സെപ്തംബറില്‍ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം ഇത് 4ശതമാനമാണ് വര്‍ദ്ധിച്ചത്. ഭവനരഹിതര്‍ക്കായി 10 കോടി പൗണ്ടിന്റെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇന്നും 15 ശതമാനംപേര്‍ ഭവനരഹിതരാണ്. 1991മുതലുള്ള കണക്കുപ്രകാരം വാടകക്കാരുടെ എണ്ണം മൂന്നിരട്ടിയായി. താപനില 2 ഡിഗ്രിയിലും താഴുമ്പോഴും വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനമൂലം 60 ലക്ഷം ബ്രിട്ടീഷുകാര്‍ക്ക് റൂം ഹീറ്ററുകള്‍ ഉപയോഗിക്കാന്‍ നിവൃത്തിയില്ലാതിരിക്കുമ്പോള്‍, പ്രധാനമന്ത്രിയുടെ ഭാര്യ കോടിക്കണക്കിന് രൂപചെലവഴിച്ച് ഗോവയില്‍ ഒഴിവുകാലം ആഘോഷിക്കുന്നു.


സാമ്പത്തിക മാന്ദ്യം


2019ല്‍ ബ്രിട്ടന്റെ ജിഡിപി -0.2 ശതമാനം എന്ന നിലയിലേയ്ക്ക് താഴ്ന്നു. 2012നുശേഷമുള്ള ഏറ്റവും മോശംസ്ഥിതി. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതോടെ ദേശീയ വരുമാനത്തില്‍ 18-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് 2020ല്‍ ഉണ്ടായത്. ഇതില്‍നിന്ന് കരകയറാനായെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് നാമമാത്രമായിരുന്നു. വളര്‍ച്ച മന്ദഗതിയിലായതോടെ യഥാര്‍ത്ഥ വരുമാനം കുറഞ്ഞു. ജനങ്ങള്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞതോടെ റവന്യൂ വരുമാനവും ഇടിഞ്ഞു. ഭരണാധികാരികള്‍ ഇതൊന്നും ഗൗരവമായെടുക്കുന്നില്ല. സാഹചര്യത്തെ അതിലളിതവല്‍ക്കരിച്ച് അവതരിപ്പിക്കുകയാണവര്‍. ദരിദ്രര്‍ ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പായാതെ പണിയെടുത്ത് ജീവിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. വിലക്കയറ്റം, വേതനത്തിലെ അസമത്വം, തൊഴിലവസരങ്ങളിലെ ഇടിവ്, വംശീയ വിവേചനം, തൊഴില്‍ രംഗത്തെ തടസ്സങ്ങള്‍ തുടങ്ങിയവയൊന്നും അവര്‍ കണക്കിലെടുക്കുന്നില്ല. പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ 2022ലെ അവസാന മൂന്നുമാസങ്ങളില്‍ സ്ഥിര ശമ്പളത്തില്‍ 2.5 ശതമാനവും ആകെ വേതനത്തില്‍ 3.1 ശതമാനവും ഇടിവുണ്ടായി.
യുകെയില്‍ 2022 ഡിസംബറില്‍ രേഖപ്പെടുത്തിയ തൊഴില്‍ദാന നിരക്ക് 3.7 ശതമാനമാണ്. 1974നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. 2023-25ല്‍ തൊഴിലില്ലായ്മ ഗണ്യമായി വര്‍ദ്ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2022 നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് 6.5 ശതമാനംവരെ ഉയര്‍ന്നേക്കാമത്രെ. സ്വാഭാവികമായും ഡിമാന്റിലും വളര്‍ച്ചയുണ്ടാകില്ല. ദീര്‍ഘകാലമായുള്ള കുറഞ്ഞ നിക്ഷേപത്തിന്റെ ഫലമാണിത്. യുകെയിലെ ബിസിനസ്സിന്റെ 99 ശതമാനവും ചെറുകിട-ഇടത്തരം മേഖലയിലാണ്. തൊഴില്‍ വിഹിതത്തിന്റെ അഞ്ചില്‍ മൂന്നും, സ്വകാര്യ മേഖലയുടെ വരുമാനത്തിന്റെ പകുതിയും ഇവിടെനിന്നാണ്. സാമ്പത്തികവും സാമൂഹികവുമായ നേട്ടമുണ്ടാക്കുന്ന മേഖലകളിലേയ്ക്ക് അധികമൂലധനം ചാലുതിരിച്ചുവിടുന്നില്ല. ദശാബ്ദങ്ങളായുള്ള കുറഞ്ഞ നിക്ഷേപത്തിനും പരിഹാരമില്ല. ഉല്‍പാദനക്ഷമമല്ലാത്തതും ഊഹക്കച്ചവടപരവുമായ മേഖലകളിലേക്കാണ് മൂലധനമൊഴുകുന്നത്.
പ്രധാന അടിസ്ഥാനഘടനാ വികസന സംരംഭങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്രിട്ടന്റെ വടക്കന്‍ മേഖലയെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ബ്രിട്ടന് പുതിയ നിക്ഷേപങ്ങള്‍ കൂടിയേ തീരൂ. പട്ടണങ്ങളിലും നഗരങ്ങളിലും, ഭവനനിര്‍മ്മാണ രംഗത്തും അടിസ്ഥാന ഘടനാ മേഖലയിലും വിലകുറഞ്ഞ, ക്ലീന്‍-ഗ്രീന്‍ ഊര്‍ജ്ജ സംരംഭങ്ങളിലും നിക്ഷേപങ്ങള്‍ വരണം. ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ കുറവ് ഈ രംഗത്തുണ്ടെന്നാണ് ഗവണ്മെന്റ് കണക്കാക്കുന്നത്. എന്തുകൊണ്ടാണിത്? ചൂഷിത ജനതയ്ക്ക് തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതുവഴി ക്രയശേഷിയിലുണ്ടാകുന്ന ഇടിവുമൂലം ഉടലെടുക്കുന്ന കമ്പോള പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥ ആഗോളമായി അഭിമുഖീകരിക്കുന്നതാണ്. കമ്പോളമില്ലെങ്കില്‍, പരമാവധി ലാഭത്തിന് സാദ്ധ്യതയില്ലെങ്കില്‍ ഉല്‍പാദനപരമായ മേഖലകളില്‍ മൂലധനമിറക്കാന്‍ കുത്തകകള്‍ തയ്യാറാകില്ല. 2009 മുതല്‍ തൊഴില്‍ രംഗത്ത് വളര്‍ച്ച മുരടിച്ചിരിക്കുകയാണ്. ജിഡിപി വളര്‍ച്ചയെയും യഥാര്‍ത്ഥ വേതനത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ് കുറഞ്ഞ ഉല്‍പാദനക്ഷമത. ഈ നൂറ്റാണ്ട് പിറന്നതിനുശേഷം തൊഴില്‍രംഗത്തുനിന്നുള്ള വിഹിതം ഉയര്‍ന്നിട്ടേയില്ല. ഉല്‍പാദന വളര്‍ച്ചയുടെ കാര്യത്തില്‍ മാന്ദ്യം നേരിടുന്നത് ബ്രിട്ടന്‍ മാത്രമല്ലെങ്കിലും ജി-20 രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലാണ് അവര്‍.


യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും


2018ല്‍ ബ്രിട്ടനില്‍ നടന്ന റഫറണ്ടത്തില്‍ 48നെതിരെ 52 ശതമാനം വോട്ടുനേടിയാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേറിട്ടുപോകാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഇതേച്ചൊല്ലി വലിയ രാഷ്ട്രീയ സംവാദങ്ങളുണ്ടായി. എന്തിനാണ് ബ്രിട്ടന്‍ പുറത്തുപോയത്? രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രണ്ട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. അമേരിക്കയ്ക്ക് കൈവന്ന സാമ്പത്തിക-രാഷ്ട്രീയ മേധാവിത്വത്തില്‍നിന്ന് മോചനം നേടുക എന്നതായിരുന്നു ഒന്ന്. യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും കുറച്ച് ബാധിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആയിരുന്നു, സാമ്പത്തികമായും സൈനികമായും അവര്‍ ലോകത്ത് മേധാവിത്വം ഉറപ്പിച്ചു. ആഴംവച്ചുവരുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ആവശ്യമായ കമ്പോളമുറപ്പാക്കിക്കൊണ്ട് സ്വന്തം സ്വാധീനമേഖല തിരിച്ചുപിടിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ഈ ലക്ഷ്യത്തോടെ, യുദ്ധത്താല്‍ തകര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ആദ്യം യൂറോപ്യന്‍ ഇക്കണോമിക് കൗണ്‍സിലിന് (ഇഇസി) രൂപംനല്‍കി. അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ഈ സംരംഭത്തിന് സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങള്‍ക്കിടയിലുള്ള അനിവാര്യമായ ആന്തരിക വൈരുദ്ധ്യം ഒഴിവാക്കാനാകുമായിരുന്നില്ല. സ്വന്തം വര്‍ഗ്ഗനിലപാടും തൊഴിലാളിവര്‍ഗ്ഗത്തിനും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനുമെതിരായി ഒന്നിച്ചുനില്‍ക്കുകയെന്ന അടിസ്ഥാന ആവശ്യകതയുംമൂലം അമേരിക്കന്‍ സാമ്രാജ്യത്വം യൂറോപ്പിലെ മുതലാളിത്ത- സാമ്രാജ്യത്വ രാജ്യങ്ങളെ നാറ്റോയില്‍ അംഗമാകാന്‍ നിര്‍ബ്ബന്ധിതമാക്കി. സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസത്തെയും പിടിച്ചുകെട്ടുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടായിരുന്നു. എന്നിട്ടും അമേരിക്കന്‍ മേധാവിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നു.


ഏകധ്രുവ ലോകം എന്ന് വിളിച്ചുകൂവുമ്പോഴും ഈ രാജ്യങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം പല പ്രശ്‌നങ്ങളിലും മറനീക്കി പുറത്തുവന്നു. യുഎസ്-യുകെ ശക്തികളുടെ ഇറാഖ് അധിനിവേശത്തെ ഫ്രാന്‍സും ജര്‍മ്മനിയും എതിര്‍ത്തു. അധികാരം നഷ്ടപ്പെട്ട റഷ്യന്‍ മുതലാളിവര്‍ഗ്ഗം ക്രൂഷ്‌ചേവിന്റെ തിരുത്തല്‍വാദ നേതൃത്വവുമായി കൈകോര്‍ത്തുകൊണ്ട് സോവിയറ്റ് സോഷ്യലിസത്തെ അട്ടിമറിച്ച ദുഃഖകരമായ സാഹചര്യത്തെത്തുടര്‍ന്ന് 1992ല്‍ ഇഇസി കൂടുതല്‍ ശക്തവും വിശാലവുമായ സഖ്യമായ യൂറോപ്യന്‍ യൂണിയന് (ഇയു) വഴിയൊരുക്കി. ഒരു കൂട്ടം യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഖ്യം എന്ന നിലയിലാണ് ഇത് നിലവില്‍ വന്നത്. പൊതുവായ നയങ്ങള്‍, ചുങ്കനിരക്കുകള്‍, കറന്‍സി എന്നിവയുടെയൊക്കെ കാര്യത്തില്‍ ധാരണയായി. ക്രമേണ പുതിയ രാജ്യങ്ങളെക്കൂടി ഉള്‍ക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ സംവിധാനമായി മാറി. ആഗോള ബിസിനസ്സ് രംഗത്ത് അമേരിക്കയെ നേരിടാനും അംഗരാജ്യങ്ങളുടെ ആഭ്യന്തര കമ്പോളത്തിലേയ്ക്ക് അവര്‍ കടന്നുകയറുന്നത് തടയാനുമാണ് ലക്ഷ്യം വച്ചത്. എന്നാല്‍ തുടക്കംമുതല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നു. തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കണമെന്ന അഭിപ്രായമായിരുന്നു ബ്രിട്ടന്. ഭൂരിപക്ഷതീരുമാനം മതിയെന്നായിരുന്നു ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയുമൊക്കെ അഭിപ്രായം. അംഗരാജ്യങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരോ, പാര്‍ലമെന്റോ ജനങ്ങളോ തിരഞ്ഞെടുക്കുന്നവരോ അധികാരം നിയന്ത്രിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഒന്നാം ലോക യുദ്ധാനന്തരം മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങള്‍ വലിയൊരു സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ ലെനിന്‍ ഇങ്ങനെയെഴുതി: ”കോളനികളുടെ വീതംവയ്പിന് ധാരണയുണ്ടാക്കാന്‍ മുതലാളിത്തത്തിന് ഒരു യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് യൂറോപ്പ് ആവശ്യമാണ്. മുതലാളിത്തത്തില്‍ ബലപ്രയോഗമല്ലാതെ മറ്റൊരു വ്യവസ്ഥയോ തത്വമോ സാദ്ധ്യമല്ല… മുതലാളിമാര്‍ക്കും മുതലാളിത്ത ഭരണകൂടങ്ങള്‍ക്കുമിടയില്‍ താല്‍ക്കാലിക കരാറുകളൊക്കെ തീര്‍ച്ചയായും സാദ്ധ്യമാണ്. പക്ഷേ ഏതുവരെ? യൂറോപ്പില്‍ സോഷ്യലിസത്തെ സംഘംചേര്‍ന്ന് അടിച്ചമര്‍ത്താനും, കോളനികളില്‍നിന്നുള്ള കൊള്ളമുതല്‍ ജപ്പാനില്‍നിന്നും അമേരിക്കയില്‍നിന്നും സംരക്ഷിക്കാനും ഉതകുന്നിടത്തോളം മാത്രം…രാഷ്ട്രങ്ങളുടെ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭരണകൂടരൂപമെന്നത്, യൂറോപ്പിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ഐക്യനാടുകള്‍ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ദ വേള്‍ഡ്) ആണ്. അതിന്റെ രൂപീകരണമാകട്ടെ, സോഷ്യലിസവുമായി ബന്ധപ്പെട്ട കാര്യമാണ്. കമ്മ്യൂണിസം പൂര്‍ണ്ണ വിജയം നേടുന്നതോടെ ജനാധിപത്യ ഭരണകൂടങ്ങളടക്കം എല്ലാ ഭരണകൂടരൂപങ്ങളും അപ്രത്യക്ഷമാകും.”
ലെനിന്‍ വീണ്ടും വ്യക്തമാക്കുന്നു:”…
സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കിടയില്‍ പൊതുവായുണ്ടാകുന്ന ഐക്യമെന്നത് രണ്ട് യുദ്ധങ്ങള്‍ക്കി ടയിലെ ഒരു വെടിനിര്‍ത്തല്‍ കാലയളവിേലയ്ക്കുമാത്രമാണ്. സമാധാന സഖ്യങ്ങള്‍ യുദ്ധങ്ങള്‍ക്ക് കളമൊരുക്കാനുള്ള കാലയളവും യുദ്ധങ്ങളുടെതന്നെ സൃഷ്ടിയുമാണ്. ഒന്ന് മറ്റൊന്നിനെ അനിവാര്യമാക്കുന്നു. അതായത്, ലോക സമ്പദ്ഘടനകള്‍ക്കും രാഷ്ട്രീയ സംവിധാനങ്ങള്‍ക്കുമുള്ളില്‍ ഉരുത്തിരിയുന്ന സാമ്രാജ്യത്വ കൂട്ടുകെട്ടുകളുടെയും ബന്ധങ്ങളുടെയും അടിത്തറയില്‍നിന്ന് സംഘര്‍ഷകാലവും സംഘര്‍ഷേതരമായ കാലവും മാറിമാറിവരുന്നു.” (സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം) എത്ര പ്രവചന തുല്യമായ നിരീക്ഷണം.


യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമിടയില്‍
വൈരുദ്ധ്യം മൂര്‍ച്ഛിക്കുന്നു


യൂറോപ്യന്‍ യൂണിയനിലുള്ള 28 അംഗരാജ്യങ്ങള്‍ പ്രത്യേകിച്ചും യൂറോ കറന്‍സിയായിട്ടുള്ള (യൂറോ സോണ്‍) 19രാജ്യങ്ങള്‍ ഇന്ന് ആടിയുലയുകയാണ്. മുതലാളിത്ത സമ്പദ്ഘടനയുടെ അനിവാര്യമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണിവ. വ്യവസായ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ബ്രിട്ടന്റെ സമ്പദ്ഘടനയെയും മാന്ദ്യം പിടികൂടിയിരിക്കുന്നു. ഉല്‍പാദനത്തില്‍ 1.8 ശതമാനത്തിന്റെ കുറവാണ് മാനുഫാക്ചറിംഗ് മേഖലയിലുണ്ടായത്. ഉല്‍പാദനം കുത്തനെ ഇടിയുന്നതോടെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു. കറണ്ട് അക്കൗണ്ടിലെ കമ്മി എന്നാണിതറിയപ്പെടുന്നത്. 2013 ജനുവരി, ഫെബ്രുവരി കാലയളവില്‍ ഇത് 12 ബില്യന്‍ പൗണ്ടായിരുന്നു. വലിയ കറണ്ട് അക്കൗണ്ട് കമ്മി, അമിതമായി വിദേശ പണത്തെ ആശ്രയിക്കുന്ന സ്ഥിതിയില്‍ ബ്രിട്ടനെ എത്തിച്ചു. രൂക്ഷമായ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന ആഗോള മുതലാളിത്ത സമ്പദ്ഘടനയുടെ ആഘാതങ്ങള്‍ക്കെല്ലാം ഇതുവഴി ബ്രിട്ടന്‍ ഇരയായി. സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും ഗവണ്മെന്റിന്റെ വായ്പയെടുക്കല്‍ വല്ലാതെ വര്‍ദ്ധിപ്പിച്ചു. ബ്രിട്ടന്റെ പൊതുമേഖലാവായ്പ 2013ല്‍ 90 ബില്യന്‍ പൗണ്ടായി ഉയര്‍ന്നു. അതായത് ജിഡിപിയുടെ 4.9ശതമാനം. എന്നിട്ടും കമ്മി അവശേഷിച്ചുവെന്നുമാത്രമല്ല കടം 1.5 ട്രില്ല്യന്‍ പൗണ്ടായി ഉയരുകയും ചെയ്തു.


യൂറോപ്യന്‍ യൂണിയനിലെ ആന്തരിക വൈരുദ്ധ്യങ്ങള്‍മൂലം ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക് മുതലായ ചില രാജ്യങ്ങള്‍ യൂറോസോണില്‍ അംഗമായില്ല. ബ്രിട്ടന്‍ പൗണ്ട് നിലനിര്‍ത്തിയതുപോലെ അവരും സ്വന്തം കറന്‍സി നിലനിര്‍ത്തി. അമേരിക്കയുടെ ലോകവ്യാപാരത്തിലെ പങ്ക് 17ശതമാനവും യൂറോ സോണ്‍ രാജ്യങ്ങളുടേത് 19 ശതമാനവും ആയിരിക്കെ, ഡോളറിന്റെ മേധവിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സമാന്തരമായി പ്രബലമായൊരു സാമ്പത്തിക മേഖല സൃഷ്ടിക്കാന്‍ യൂറോയിലൂടെ കഴിഞ്ഞെന്ന് അതിന്റെ വക്താക്കള്‍ വാദിച്ചു.
ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഗ്രീസ്, അയര്‍ലന്റ് തുടങ്ങിയവയുടെമേല്‍ കടഭാരം വര്‍ദ്ധിക്കുകയും ജര്‍മ്മനി, ഫ്രാന്‍സ് പോലെയുള്ള രാജ്യങ്ങള്‍ അവയ്ക്കുമേല്‍ കര്‍ശന നടപടികള്‍ അടിച്ചേല്‍പിക്കുകയും ചെയ്തതോടെ യൂറോപ്യന്‍ യൂണിയനിലെ, വിശേഷിച്ച് യൂറോസോണ്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ‘ഏക യൂറോപ്പ്’ സംവിധാനത്തില്‍നിന്ന് പുറത്തുവരണമെന്ന് മുറവിളികൂട്ടി. യൂറോപ്യന്‍ യൂണിയനും യൂറോയുമാണ് ദുരന്തകാരണമെന്ന് അവര്‍ വിളിച്ചുപറഞ്ഞു. മുമ്പ് ഗ്രീസിലെ ജനങ്ങള്‍ ഇതേ ആവശ്യമുന്നയിച്ചിരുന്നു. അത് ഗ്രെക്‌സിറ്റ് (ഗ്രീക്ക് എക്‌സിറ്റ്) എന്നാണറിയപ്പെട്ടത്. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ബ്രെക്‌സിറ്റ് എന്ന മുദ്രാവാക്യമുയര്‍ത്തി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ കുറഞ്ഞ വേതനത്തിന് നിയമിക്കുന്നതിലൂടെ തങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുവെന്ന പരാതി അവര്‍ ഉന്നയിച്ചു. ഇതുവഴി വ്യവസായികളുടെ ലാഭം വര്‍ദ്ധിക്കുക എന്ന നേട്ടം മാത്രമാണുണ്ടായത്. ബ്രെക്‌സിറ്റ് അനുകൂലികളും ബ്രിട്ടീഷ് ഗവണ്മെന്റും ഉരുവിട്ടത് ‘ഗ്ലോബല്‍ ബ്രിട്ടന്‍’ എന്ന മുദ്രാവാക്യമായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ നുകത്തില്‍നിന്ന് സ്വതന്ത്രമായാല്‍ മറ്റ് രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാര ഇടപാടുകള്‍ നടത്താം എന്ന ആശയമാണ് അവര്‍ മുന്നോട്ടുവച്ചത്. 2020 ജനുവരി 31ന് അവര്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവന്നു. ”പതിറ്റാണ്ടുകളായി ഉപയോഗിക്കാതെ ദുര്‍ബ്ബലമായിപ്പോയ പേശീബലം നമ്മള്‍ പുനരുജ്ജീവിപ്പി ച്ചെടുക്കുകയാണ്” എന്നാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.


ബ്രെക്‌സിറ്റ്-അനന്തര ദുരന്തം


യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സമ്പദ്ഘടന യൂറോപ്യന്‍ യൂണിയനില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ടു. ബ്രെക്‌സിറ്റിനുശേഷം ഇമിഗ്രേഷന്‍, കയറ്റുമതി, വിദേശനിക്ഷേപം തുടങ്ങിയവയൊക്കെ കുറഞ്ഞു. ബ്രിട്ടന്റെ സമ്പദ്ഘടന ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചുരുങ്ങാന്‍ ഇത് ഇടയാക്കും. വേര്‍പെടുത്തലിന്റെ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ബ്രിട്ടന്റെ സമ്പദ്ഘടന ബലിഷ്ഠമായിട്ടില്ല. ഏക കമ്പോളത്തില്‍നിന്ന് പിന്‍വാങ്ങിയത് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. യൂറോപ്യന്‍ യൂണിയനുമായിട്ടുള്ള വ്യാപാരം കുത്തനെ ഇടിഞ്ഞു. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയെ അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഇറക്കുമതി ഏതാണ്ട് 25 ശതമാനം കുറഞ്ഞു. 2021 ഉടനീളം ഈ പ്രവണത തുടര്‍ന്നു.


യൂറോപ്യന്‍ യൂണിയനില്‍നിന്ന് മാത്രമല്ല, ഏക കമ്പോളത്തില്‍നിന്നും ഏക ചുങ്കവ്യവസ്ഥയില്‍നിന്നും കൂടിയാണ് ബ്രിട്ടന്‍ പിന്‍മാറിയത്. 2016ല്‍ യൂറോപ്യന്‍ യൂണിയനുമായിട്ടുള്ള വ്യാപാരം 50 ശതമാനത്തിലേറെ കുറഞ്ഞു. യൂറോപ്പിലേയ്ക്ക് കയറ്റുമതി നടത്തിയിരുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും കൂടിയ ചുങ്കത്തിനും ചാര്‍ജ്ജുകള്‍ക്കുമൊക്കെ വിധേയമാകേണ്ടിവന്നു. ബ്രിട്ടന്റെ ജിഡിപിയില്‍ 4ശതമാനം കുറവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടു. അതായത് 140 ബില്യന്‍ പൗണ്ടിന്റെ വ്യത്യാസം. സെന്റര്‍ ഫോര്‍ യൂറോപ്യന്‍ റിഫോം പറയുന്നത് 5.2ശതമാനത്തിന്റെ കുറവാണ്. ബ്രെക്‌സിറ്റിന് ശേഷം പൗണ്ടിന്റെ മൂല്യം 16ശതമാനം ഇടിഞ്ഞു. അതോടെ ഇറക്കുമതിക്ക് കൂടുകയും ആഭ്യന്തര പണപ്പെരുപ്പത്തിന് ഇടയാക്കുകയും ചെയ്തു. കയറ്റുമതിയില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതുമില്ല.
2022ന്റെ ആദ്യ പാദത്തില്‍ ബ്രിട്ടന്റെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 8.3 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. രാജ്യത്തേയ്ക്കുള്ള മൂലധനമൊഴുക്ക് കുറഞ്ഞു. ഇത് കറന്‍സിയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി. 50 വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയുടെ കടം ജിഡിപിയുടെ 320 ശതമാനം എന്ന ഗുരുതരമായ അവസ്ഥയിലേയ്‌ക്കെത്തുമെന്നും പ്രവചനമുണ്ടായി. മറ്റൊരു പ്രത്യാഘാതം യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പ്രവാസികളുടെ ഒഴുക്ക് നിലച്ചതാണ്. ഇത് ലോറി ഡ്രൈവര്‍മാര്‍, ടൂറിസം രംഗത്തെയും ഗതാഗതമേഖലയിലെയും തൊഴിലാളികള്‍ എന്നിവരില്‍ വലിയ കുറവുണ്ടാക്കി. ബ്രെക്‌സിറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അനിവാര്യമായിരുന്നു. ആഗോള സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ പൊതുവായ, തീവ്രമായ കമ്പോള പ്രതിസന്ധിയുടെ ഭാഗമാണിത്. ഇതിന്റെയെല്ലാം ഭാരം താങ്ങേണ്ടിവരുന്നത് ജനങ്ങളാണ്.


ജനങ്ങളുടെ സമരങ്ങള്‍
ശരിയായ ദിശയിലേയ്ക്ക് നയിക്കപ്പെടണം


കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്രിട്ടനില്‍ നടക്കുന്ന പണിമുടക്കുകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുക്കുന്നത്. ആരോഗ്യ പരിപാലന സംവിധാനത്തെയും റെയില്‍ ഗതാഗതത്തെയുംവരെ ഇത് തകരാറിലാക്കി. ആയിരക്കണക്കിന് ആംബുലന്‍സ് ഡ്രൈവര്‍മാരും യൂണിവേഴ്സിറ്റി ജീവനക്കാരും സേവന-വേതന വ്യവസ്ഥകളെച്ചൊല്ലി പണിമുടക്കിലാണ്.


മഹാനായ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനായ സഖാവ് ശിബ്‌ദാസ് ഘോഷിനാല്‍ സ്ഥാപിതമായ നമ്മുടെ പാര്‍ട്ടി എസ്‌യുസിഐ(സി) ആവര്‍ത്തിച്ച് ചൂണ്ടിക്കാണി ച്ചിട്ടുള്ളത്, മുറിവൈദ്യം കൊണ്ടോ പൊള്ളയായ പ്രഖ്യാപനം കൊ ണ്ടോ പ്രശ്‌നം പരിഹരിക്കാനാകില്ല എന്നതാണ്. ഗവണ്മെന്റുകള്‍ മാറുന്നതുകൊണ്ടും പ്രശ്‌നപരിഹാര മുണ്ടാകില്ല. ഇംഗ്ലണ്ടില്‍ ലേബര്‍ പാര്‍ട്ടി അല്ലെങ്കില്‍ ടോറി പാര്‍ട്ടി എന്നതുപോലെ ഇന്ത്യയില്‍ ബിജെപി അല്ലെങ്കില്‍ കോണ്‍ഗ്രസ്സ്, ആരു ഭരിച്ചാലും, മുതലാളിത്ത വാഴ്ച തുടരുവോളം ജനങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളും തുടരും. ഇത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതിനാല്‍, മുതലാളിത്ത വ്യവസ്ഥയെത്തന്നെ തൂത്തെറിയാന്‍ പോന്ന മഹത്തായ പോരാട്ടത്തിന് അനുരോധമായി, ജനങ്ങളുടെ ന്യായമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കണം. വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ഉപാധികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് മുതലാളിത്ത-വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം വിജയകരമായി പൂര്‍ത്തിയാക്കണം. ഇക്കാര്യം ഗൗരവമായി പരിശോധിക്കുവാനും മുതലാളിത്ത നുകത്തില്‍നിന്ന് മോചനം നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുവാനും ബ്രിട്ടനിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

Share this post

scroll to top