തെരുവുനായ ശല്യം:കരുക്കള്‍ നീക്കുന്നകച്ചവടശക്തികള്‍

Stray-Dogs-2.png
Share

തെ രുവുകളില്‍ സ്വൈരവിഹാരം നടത്തുന്ന നായ്ക്കളുടെ എണ്ണവും അവയുടെ ആക്രമണങ്ങളും വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലെ സാധാരണക്കാര്‍ ഇന്ന് ഭീതിയിലാണ്. ഇക്കഴിഞ്ഞ മാസം കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്, തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ ഒരു പതിനൊന്നു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.

തെരുവുനായയുടെ കടിയേറ്റതുവഴി 2022ല്‍ മാത്രം രണ്ടുലക്ഷം പേര്‍ക്കാണ് കേരളത്തില്‍ പേവിഷ കുത്തിവെയ്പ് എടുക്കേണ്ടി വന്നത്. 21 പേര്‍ മരിച്ചു. പ്രതിരോധ കുത്തിവെയ്‌പ്പെടുത്തിട്ടും ആളുകള്‍ പേവിഷബാധയേറ്റ് മരിച്ച സംഭവങ്ങളുമുണ്ടായി. വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേല്‍ക്കുന്നതും പേവിഷബാധയേല്‍ക്കുന്നതും നിത്യസംഭവമാകുന്നു. വാഹനങ്ങള്‍ക്കുനേരെയുള്ള തെരുവുനായ്ക്കളുടെ ആക്രമണവും, അവ സൃഷ്ടിക്കുന്ന അപകടങ്ങളും മരണങ്ങളും വേറെ.
ജനങ്ങളെ വളരെയധികം ബാധിക്കുന്ന പ്രശ്‌നമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്നത് ആസൂത്രിതമായ അലംഭാവമാണ്. എബിസി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. കേന്ദ്രസര്‍ക്കാരാകട്ടെ പുതിയ നിയമം കൊണ്ടുവരാമെന്നു പറഞ്ഞ് കൈകഴുകുന്നു. നിവൃത്തികെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് തെരുവുനായ പ്രശ്‌നത്തിനു പരിഹാരം തേടി സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുന്നു. കേരള സംസ്ഥാന ബാലാവകാശ കമ്മീഷനും, തെരുവുനായ പ്രശ്‌നം കുട്ടികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടയില്‍, കേരളത്തില്‍ നിര്‍ദ്ദയം നായ്ക്കളെ കൊന്നൊടുക്കുകയാണ് എന്ന മട്ടിലുള്ള പ്രചാരണവും ഒരു വശത്ത് നടക്കുന്നുണ്ട്. ഒരു കടലാസ് സംഘടന മേല്‍പ്പറഞ്ഞ, സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കിയിരിക്കുന്നു. സംസ്ഥാനത്ത് ആകെ 6600 തെരുവ് നായ്ക്കളേയുള്ളൂ എന്നതുള്‍പ്പടെയുള്ള വ്യാജവിവരങ്ങള്‍ നിറഞ്ഞ, ഈ അപേക്ഷ തള്ളിക്കളഞ്ഞിട്ടില്ലെന്നതാണ് ലഭ്യമായ വിവരം. ആരാണ് ഇത്തരം സംഘങ്ങള്‍ക്ക് പിറകിലെന്ന് അന്വേഷിച്ചുചെന്നാല്‍ തെരുവ് നായ പ്രശ്‌നം വഷളാക്കുന്നതിന്റെ പിറകിലെ കച്ചവടശക്തികളെ തിരിച്ചറിയാന്‍ കഴിയും.
തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുന്നില്‍ ഇക്കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ തന്നെ നിരവധി കേസുകള്‍ വന്നിട്ടുണ്ട്. പക്ഷേ. ഇത്തരം പരാതികള്‍ ഉണ്ടാകുമ്പോള്‍ തന്നെ, അറിയപ്പെടുന്നതും അല്ലാത്തതുമായ മൃഗസ്‌നേഹി സംഘടനകള്‍ രംഗത്തു വരികയും, രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന സിറ്റിംഗ് ഫീസുള്ള അഭിഭാഷകര്‍ കോടതികളില്‍ തെരുവുനായ്ക്കള്‍ക്കായി വാദിക്കാനെത്തുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നു. 2016ല്‍ തെരുവുനായ പ്രശ്‌നം പഠിക്കാനും ആക്രമണത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്കാനും സുപ്രീം കോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ 2022 സെപ്റ്റംബറില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണവും, അവയില്‍നിന്ന് കടിയേല്‍ക്കുന്ന കേസുകളും കുത്തനെ വര്‍ദ്ധിക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈക്കൊള്ളേണ്ടുന്ന അടിയന്തരനടപടികളെക്കുറിച്ച് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. അടിയന്തരപ്രാധാന്യം കൊടുക്കേണ്ട വിഷയമായിട്ടും കേസുകള്‍ അനന്തമായി നീളുന്നു. 2019ലെ ലൈവ്‌സ്റ്റോക്ക് സെന്‍സസ് അനുസരിച്ച് 2,89,986 തെരുവുനായ്ക്കളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് 170 പ്രദേശങ്ങളാണ് തെരുവുനായ പ്രശ്‌നം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. പക്ഷേ പ്രശ്‌നപരിഹാരത്തിന് നടപടികളൊന്നുമില്ല. പ്രശ്‌നം കൂടുതല്‍ വഷളാക്കിയ സര്‍ക്കാരുകളുടെ സമീപനം, ആസൂത്രിതമായ അലംഭാവത്തില്‍നിന്നും ഉണ്ടായിട്ടുള്ളതാണെന്ന് മുകളില്‍ സൂചിപ്പിച്ചത് ഇതിനാലാണ്.


എന്തുകൊണ്ട് തെരുവുനായ്ക്കള്‍ ഭീഷണിയാകുന്നു?


അടിസ്ഥാനപരമായി, നായ്ക്കള്‍ സവിശേഷബുദ്ധിയില്ലാത്ത, ചോദനകളാല്‍ നയിക്കപ്പെടുന്ന മൃഗങ്ങളാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം. മനുഷ്യകുടുംബത്തോടൊപ്പം അതിലെ അംഗത്തെപ്പോലെ കഴിയാന്‍ അതിനു സാധിക്കുന്നത് അതൊരു സംഘമൃഗം(Pack Animal) ആണെന്നതു കൊണ്ടാണ്. മനുഷ്യര്‍ വസിക്കുന്ന ഒരു പ്രദേശത്ത് ഒന്നോ രണ്ടോ തെരുവുനായ്ക്കള്‍ ഉണ്ടാകുന്നത് അത്ഭുതമൊന്നുമല്ല. എന്നാല്‍, ഒരു പ്രദേശത്തെ നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഈ സാഹചര്യം മാറുന്നു, മൃഗത്തിന്റെ സ്വഭാവവും മാറുന്നു. ഒന്നോ രണ്ടോ നായ്ക്കള്‍ മനുഷ്യര്‍ക്കിടയില്‍ ഒത്തുജീവിക്കുന്നതു പോലെയല്ല, നായ്ക്കളുടെ ഒരു കൂട്ടം രൂപപ്പെടുമ്പോള്‍. മൃഗത്തിന്റെ സഹജചോദനയനുസരിച്ച് തങ്ങളുടെ പ്രദേശവും ഭക്ഷണസ്രോതസ്സുും അവ സംരക്ഷിക്കും. അവിടേക്ക് കടന്നുവരുന്നു എന്നു തോന്നുന്ന മറ്റ് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമെതിരെ അവ കൂട്ടമായി ആക്രമണം നടത്തും. അവയെക്കാള്‍ കരുത്തു കുറഞ്ഞതായി തോന്നുന്നവര്‍ക്കെതിരെയാകും കൂടുതല്‍ ആക്രമണം. സ്വാഭാവികമായും കുട്ടികളും പ്രായമായവരും ഇതിന് കൂടുതല്‍ ഇരകളാകുന്നു. വന്ധ്യംകരണം നടത്തിയാലോ കുത്തിവെയ്‌പ്പെടുത്താലോ നായ്ക്കൂട്ടത്തിന്റെ ഈ സഹജചോദന ഇല്ലാതാവില്ല. അതുകൊണ്ട്, ഒരു പ്രദേശത്ത് നായ്ക്കളുടെ വംശവര്‍ദ്ധനവും കൂട്ടംകൂടലും മനുഷ്യര്‍ക്ക് അപകടം തന്നെയാണ്, അത് തടയേണ്ടതുമാണ്.


വര്‍ദ്ധിക്കുന്ന ജനസംഖ്യയ്ക്കനുസരിച്ച് നൂതന സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി മാലിന്യസംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു പകരം, സര്‍ക്കാര്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്നും തന്ത്രപൂര്‍വ്വം പിന്മാറിത്തുടങ്ങിയതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ മാലിന്യക്കൂനകള്‍ വര്‍ദ്ധിച്ചു. ഇതില്‍ അറവുമാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും കൂടിയതോടെ, തെരുവിലെ നായ്ക്കള്‍ക്ക് വമ്പിച്ച ഭക്ഷണസ്രോതസ്സായി. തെരുവുനായ്ക്കള്‍ ക്രമാതീതമായി പെറ്റുപെരുകുന്നതില്‍ വര്‍ദ്ധിച്ച മാലിന്യം വലിയ പങ്കു വഹിക്കുന്നു എന്ന് എല്ലാ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.
2001 മുതല്‍ എബിസി പദ്ധതി നിയമം മൂലം സ്ഥാപിതമായതോടെ, തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി നായ്ക്കളെ പിടികൂടി കൊല്ലുന്നത് അവസാനിച്ചു. എന്നാല്‍ വന്ധ്യംകരിച്ചു എന്നു പറഞ്ഞയിടങ്ങളില്‍ പോലും നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുക മാത്രമാണ് ഉണ്ടായത്. ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളുടെ മേല്‍ കെട്ടിവെച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈയൊഴിയും. ഇപ്പോള്‍ ഒരു കുട്ടി കൊല്ലപ്പെട്ടതും അതിലേറെപ്പേര്‍ പേവിഷബാധയേറ്റു മരിച്ചതുമായ ഭീകരമായ സാഹചര്യം നിലനില്‍ക്കെയും സംസ്ഥാനസര്‍ക്കാര്‍ പറയുന്നത് കൂടുതല്‍ എബിസി സെന്ററുകള്‍ തുറക്കുമെന്നു മാത്രമാണ്. എന്നാല്‍ ഇതിലൂടെ മാത്രം ജനങ്ങള്‍ നേരിടുന്ന തെരുവുനായ ആക്രമണത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. അതിന് നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള നായ്ക്കളെ തെരുവില്‍ നിന്ന് ഒഴിവാക്കുകയും അപകടകാരികളായവയെ കൊല്ലുകയും വേണം. അതിനു പകരം ഇരുപതു വര്‍ഷത്തിലേറെയായിട്ടും ഫലമില്ലാത്തതും കാര്യക്ഷമമായി നടത്താന്‍ സാധിക്കാത്തതുമായ വന്ധ്യംകരണ പദ്ധതി മാത്രം ഉയര്‍ത്തിപ്പിടിക്കുന്നത് ആരുടെ താത്പര്യാര്‍ത്ഥമാണ്?


എബിസി പദ്ധതി എന്ന തട്ടിപ്പ്


തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും അവയില്‍നിന്നുള്ള അപകടം കുറയ്ക്കാനും ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോ ഗ്രാം എന്ന എബിസി പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക നിലപാട്. 2001ലാണ് നായ്ക്കള്‍ക്കായുള്ള ജനന നിയന്ത്രണ ചട്ടം, അഥവാ, എബിസി (ഡോഗ്‌സ്) വിജ്ഞാപനം ചെയ്യുന്നത്. ഈ വിജ്ഞാപനം വായിച്ചു നോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന ചില വസ്തുതകള്‍ നമുക്ക് അവഗണിക്കാനാവില്ല. ഒന്നാമതായി, ഇത്രയും മൃഗവൈവിധ്യമുള്ള ഈ രാജ്യത്ത്, എന്തു കൊണ്ടാണ് നായ്ക്കള്‍ക്ക് മാത്രമായി ഇങ്ങനെയൊരു നിയമം? 2001ലെ ഈ നിയമം വിജ്ഞാപനം ചെയ്തിരിക്കുന്നത്, അന്നത്തെ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയമാണ്. മൃഗസംരക്ഷണവകുപ്പിനെ മറികടന്ന് എങ്ങനെയാണ് സാംസ്‌ക്കാരികവകുപ്പിന് ഇങ്ങനെയൊരു ചട്ടം വിജ്ഞാപനം ചെയ്യാനാവുക? പദ്ധതി നടപ്പാക്കുന്നത് സ്വകാര്യ വ്യക്തികളുടെയും സ്വകാര്യ മൃഗക്ഷേമ സംഘടനകളുടെയും നിയന്ത്രണത്തിലായിരിക്കണം എന്നാണ് ഈ ചട്ടങ്ങള്‍ അനുശാസിക്കുന്നത്. അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും ചെലവു വഹിക്കേണ്ടതും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനവും. സര്‍ക്കാര്‍ സംവിധാനവും പണവും അടിസ്ഥാന സൗകര്യവും പ്രയോജനപ്പെടുത്തി പെരുത്ത സാമ്പത്തികനേട്ടം ഉണ്ടാക്കുന്ന ഈ സ്വകാര്യ സംഘടനകളില്‍ ചിലവ, ആന്റി റാബിസ് വാക്‌സിന്‍ ഉള്‍പ്പാദകരില്‍ നിന്നും പണം പറ്റുന്നവരാണെന്ന ആരോപണം മാധ്യമങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗക്ഷേമ സംഘടനകളിലൊന്നായ പീപ്പിള്‍ ഫോര്‍ ആനിമല്‍സിന്റെ സ്ഥാപകയും ബിജെപി നേതാവുമായ മനേക ഗാന്ധി വാജ്‌പേയി സര്‍ക്കാരില്‍ സാംസ്‌ക്കാരിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നപ്പോഴാണ്, തന്റെ അധികാരപരിധി മറികടന്ന് ഈ നിയമം കൊണ്ടുവന്നത്. പ്രതിരോധ വാക്‌സിന്‍ ഉല്‍പ്പാദകരുടെ കച്ചവടം കൊഴുപ്പിക്കാന്‍ സൗകര്യം ചെയ്തുനല്‍കുന്ന ഒന്നായാണ് എബിസി പദ്ധതി പ്രവര്‍ത്തിക്കുന്നത്. വ്യക്തമായ കച്ചവട താത്പര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടു തന്നെയാണ്, തികച്ചും പരാജയമെന്ന് ബോധ്യപ്പെട്ടിട്ടും ക്രമവിരുദ്ധവും യുക്തിരഹിതവുമായ ഈ നിയമം കോടതികളടക്കം ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്.
നടക്കാത്ത വന്ധ്യംകരണത്തിന്റെ പേരില്‍ ഖജനാവില്‍നിന്ന് കോടികള്‍ കുത്തിച്ചോര്‍ത്തുന്ന പദ്ധതിയാണ് എബിസി. ഒരുദാഹരണം കാണുക. തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ ഒരു മൃഗക്ഷേമ സംഘടന നടത്തിയ സര്‍വ്വേ 8000-10000 വരെ തെരുവുനായ്ക്കള്‍ നഗരപരിധിയില്‍ ഉണ്ടാകാമെന്നാണ് കണക്കാക്കുന്നത്. 2015ല്‍ നടന്ന സമാനമായ സര്‍വ്വേയില്‍ ഇത് 5000ത്തിനടുത്തായിരുന്നു. 2016-17 മുതല്‍ 2021-22 വരെ കോര്‍പ്പറേഷന്‍ എബിസി പദ്ധതിയിലൂടെ 12,715 പട്ടികളെ വന്ധ്യംകരിക്കാന്‍ ചെലവിട്ടത് 2.41 കോടി രൂപയാണ് എന്ന കണക്കും ഇവിടെ ചേര്‍ത്തു വായിക്കണം. വന്ധ്യംകരണത്തിനുശേഷവും നഗരത്തില്‍ പട്ടികളുടെ എണ്ണം ഇരട്ടിയായി എന്നത് വന്ധ്യംകരണം നടന്നിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.
ഇതിനു പുറമേയാണ് വര്‍ഷാവര്‍ഷം നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്കുന്നത്. രാജ്യം മുഴുവന്‍ അരങ്ങേറുന്ന ഈ പദ്ധതികളുടെ പേരില്‍ കണക്കറ്റ തുക തദ്ദേശസ്ഥാപനങ്ങള്‍ മുടക്കുന്നു. പദ്ധതി നടപ്പാക്കിയയിടങ്ങളില്‍ കണക്കില്‍ കാട്ടിയിട്ടുള്ള അത്രയും നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ടോ, കുത്തിവെയ്‌പ്പെടുത്തിട്ടുണ്ടോ, എന്ന് പരിശോധിക്കാന്‍ ആരുമില്ല. എബിസി എന്ന തട്ടിപ്പിനു കീഴില്‍, നായ്ക്കളെ വെറുതെ പിടിച്ചുകൊണ്ടുപോയി തിരികെ തുറന്നു വിടുകയാണ് ചെയ്യുന്നത്. അതിനാലാണ് സമ്പൂര്‍ണ്ണ വന്ധ്യംകരണം അവകാശപ്പെട്ട മേഖലകളില്‍പോലും പട്ടികള്‍ പെറ്റുപെരുകിയത്. വന്ധ്യംകരണത്തിനും കുത്തിവെയ്പ്പിനും ശേഷം തുറന്നുവിടണം എന്ന നിബന്ധനയുള്ളതുകൊണ്ട് വന്ധ്യംകരണവും കുത്തിവെയ്പ്പുമൊക്കെ കടലാസിലെ കണക്കുകള്‍ മാത്രം. തെരുവില്‍ നിന്നു പിടികൂടുന്ന നായ്ക്കളെ കുത്തിവെയ്പ്പും വന്ധ്യംകരണത്തിനുശേഷം കെന്നലുകളിലും ഡോഗ് ഷെല്‍ട്ടറുകളിലും പാര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ ഈ കള്ളക്കളിയുടെ വാതില്‍ അടയും. തെരുവില്‍നിന്ന് നായകളെ മാറ്റണമെന്നേ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ. അതിന് അവയെ കൂട്ടക്കശാപ്പു നടത്തേണ്ടതില്ല. തെരുവില്‍ നിന്നു മാറ്റി സംരക്ഷിക്കാന്‍ പാടില്ല എന്നു പറയുന്നത് സഹജീവിസ്‌നേഹമല്ല. അത്തരം ജന്തുസ്‌നേഹത്തിനു പിന്നില്‍ നിഷ്‌കളങ്കമായ താത്പര്യങ്ങളുമല്ല.


കപടജന്തുസ്‌നേഹത്തിന്റെ മറവില്‍ ഒളിച്ചുകടത്തുന്നത് നഗ്‌നമായ വിപണി താത്പര്യങ്ങള്‍


എബിസി പദ്ധതി പലയിടത്തും പണം വാങ്ങി നടപ്പാക്കാനുള്ള കരാറെടുത്തിരുന്നത് മൃഗക്ഷേമ സംഘടനകള്‍ എന്ന ലേബലിലുള്ളവരും എന്‍ജിഒകളുമായിരുന്നു. സമ്പൂര്‍ണ്ണ പരാജയമാണെന്ന് വ്യക്തമായിട്ടും ഇതിനുവേണ്ടി അതിശക്തമായ ലോബിയിങ്ങ് നടക്കുന്നു. വിവിധ കോടതികളില്‍ പദ്ധതിക്കെതിരെയുള്ള കേസുകളില്‍ എതിര്‍വാദത്തിനായി വിലപിടിപ്പുള്ള അഭിഭാഷകരെത്തുന്നു. പദ്ധതിയെക്കുറിച്ച് യാതൊരു ഓഡിറ്റിങ്ങിനും തയ്യാറാകാതെ വീണ്ടും ഈ പദ്ധതിക്കായി മാത്രം സര്‍ക്കാരുകള്‍ വാദിക്കുന്നു. വ്യക്തമായ മനുഷ്യാവകാശലംഘനം ഉണ്ടായിട്ടും നീതിപീഠങ്ങള്‍ ഈ വിഷയത്തില്‍ ഉദാസീനത പുലര്‍ത്തുന്നു. ഇതെല്ലാം കാണിക്കുന്നത്, അതിശക്തമായ കച്ചവടതാത്പര്യങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടെന്നതാണ്.
വാക്‌സിന്റെ കമ്പോളം വികസിക്കണമെങ്കില്‍ തെരുവുനായ്ക്കള്‍ കുറയാന്‍ പാടില്ല എന്ന കണക്കുകൂട്ടലാണ് ഈ പ്രശ്‌നത്തെ ഇന്നത്തെ മാനത്തിലെത്തിച്ചത്. നായകള്‍ക്കുള്ള വന്ധ്യംകരണവും പ്രതിരോധകുത്തിവെയ്പ്പും, മനുഷ്യര്‍ക്ക് എടുക്കേണ്ട പ്രതിരോധ കുത്തിവെയ്പ്പുമെല്ലാം ശതകോടികളുടെ മൂല്യമുള്ള കമ്പോളമാണ്. തെരുവുനായ്ക്കള്‍ ഇല്ലാതായാല്‍, അല്ലെങ്കില്‍ അവയുടെ എണ്ണം കുറഞ്ഞാല്‍ നിലവില്‍ ഈ മേഖലയില്‍ കൊള്ളലാഭം കൊയ്യുന്ന കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ കുറവു വരും. അവര്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ അതായത്, പ്രതിരോധ കുത്തിവെയ്പ്പിനും വന്ധ്യംകരണത്തിനും മനുഷ്യര്‍ക്കുള്ള കുത്തിവെയ്പ്പിനുമൊക്കെയുള്ള മെഡിക്കല്‍ ഉത്പന്നങ്ങള്‍ വിറ്റഴിയാതെ പോകും. ലാഭം, പരമാവധി ലാഭം-അതിനായി എന്തു വഴിയും സ്വീകരിക്കുക എന്ന കച്ചവട മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. ആ ലാഭതാത്പര്യം തന്നെയാണ് തെരുവുനായകള്‍ക്ക് ഈ പ്രത്യേക പരിഗണന നേടിക്കൊടുക്കുന്നത്.
ആഗോള മൃഗവാക്‌സിന്‍ വ്യവസായം 12 ശതകോടി ഡോളര്‍ മൂല്യമുള്ളതാണ്. ഇന്ത്യയില്‍ ഇതിന്റെ മൂല്യം നിലവില്‍ 100 കോടി ഡോളറായാണ് കണക്കാക്കുന്നത്. ഇതാകട്ടെ നിലവില്‍ വളര്‍ന്നു കൊണ്ടിരിക്കുകയുമാണ്. ലോകത്ത് മൃഗങ്ങള്‍ക്കുള്ള വാക്‌സിനുകളുടെ ഏറ്റവും വലിയ ഉത്പാദകരിലും ഉപഭോക്താക്കളിലും ഒരാളാണ് ഇന്ത്യ. കൂടാതെ, കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പേവിഷബാധയ്‌ക്കെതിരേയുള്ള ദേശീയ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച്, രാജ്യത്തെ മുഴുവന്‍ നായകള്‍ക്കും-തെരുവുനായ്ക്കളും വീടുകളില്‍ വളര്‍ത്തുന്നവയും അടക്കം, പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‌കേണ്ടതുണ്ട്. പ്രതിവര്‍ഷം ഇന്ത്യയില്‍ 20,000 ഓളം മനുഷ്യര്‍ പേവിഷബാധയാല്‍ മരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിനു പേര്‍ക്ക് ഇവിടെ നായ്ക്കളുടെ കടിയേല്ക്കുന്നു. ഇവര്‍ക്കെല്ലാം പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‌കേണ്ടതുണ്ട്. അതും ശതകോടികളുടെ മൂല്യമുള്ള വിപണിയാണ്. അതായത്, വളരെ ലാഭസാധ്യതയുള്ള വലിയൊരു കമ്പോളം നായ്ക്കളുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നു. കോടതികളില്‍ കേസു കൊടുക്കാനെത്തുന്ന കടലാസ് സംഘടനകളെയും മറ്റ് മൃഗക്ഷേമ സംഘടനകളെയും സാമ്പത്തികമായി സഹായിക്കുന്നതില്‍ ഈ കമ്പോളത്തിന്റെ ശക്തികള്‍ ഉണ്ടാകും എന്നു ന്യായമായും നമുക്കു സംശയിക്കാം. ജനങ്ങളുടെ സുരക്ഷയ്ക്ക് പുല്ലുവില കല്‍പ്പിക്കുന്ന എബിസി പോലെയുള്ള യുക്തിരഹിത നിയമങ്ങള്‍ നടപ്പാക്കണമെങ്കില്‍ അതിനു പിന്നില്‍ വമ്പിച്ച സാമ്പത്തിക താത്പര്യം തന്നെയാണ് എന്നതില്‍ സംശയിക്കാനാകില്ല. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ മുന്‍മേധാവി കൂടിയായ കേരളത്തിലെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍, വന്ധ്യംകരണത്തിന്റെയും പ്രതിരോധ കുത്തിവെയ്പ്പുകളുടെയുമൊക്കെ പിന്നില്‍ 2800 കോടി രൂപയുടെ കച്ചവടമാണ് രാജ്യത്ത് ഒരു വര്‍ഷം നടക്കുന്നതെന്നും പട്ടികളെ കൊല്ലരുതെന്നും, അതിനെ പിടിച്ചാല്‍ തിരികെ പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുവന്നു തുറന്നുവിടണമെന്നും നിബന്ധന വെക്കുന്നതിനു പിന്നില്‍ ഈ കോര്‍പ്പറേറ്റ് താത്പര്യമാണെന്നും തുറന്നടിച്ചിരുന്നു. ആര്‍ക്കും ഖണ്ഡിക്കാനാകാത്ത സത്യമാണ് അദ്ദേഹം അവതരിപ്പിച്ചത്.


എന്തു ചെയ്യണം?


പ്രശ്‌നം പരിഹരിക്കണമെങ്കില്‍ അതിന് ബഹുമുഖനടപടികളാണ് വേണ്ടത്. ഒന്നാമതായി, എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും തെരുവുമൃഗങ്ങളെ പാര്‍പ്പിക്കാന്‍ മതിയായ സൗകര്യങ്ങളോടെ യുദ്ധകാലാടിസ്ഥാനത്തില്‍ സംവിധാനങ്ങളുണ്ടാകണം. മൃഗക്ഷേമ സംഘടനകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അവര്‍ ഇത്തരം സംവിധാനങ്ങള്‍ സ്വന്തം നിലയില്‍ സ്ഥാപിച്ചു നടത്താനാണ് മുന്‍ഗണന നല്‍കേണ്ടത്. രണ്ടാമതായി, നായ്ക്കളെ പിടികൂടാനുള്ള സംവിധാനങ്ങളും, അതിന് ശാസ്ത്രീയ പരിശീലനം കിട്ടിയ കൂടുതല്‍ ആളുകളെയും ഉപയോഗപ്പെടുത്തി, കൃത്യമായ മേല്‍നോട്ടത്തോടെ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ഈ ഷെല്‍ട്ടറുകളിലാക്കണം. മൂന്നാമതായി, അക്രമസ്വഭാവമുള്ളതും പേയുള്ളവയുമായ നായ്ക്കള്‍ക്ക് ദയാവധം നല്‍കണം. വാസ്തവത്തില്‍ നിലവിലെ നിയമങ്ങളില്‍ തന്നെ അതിനുള്ള അനുമതിയുണ്ട്. എന്നാല്‍ അത് പ്രയോഗിക്കാന്‍ തയ്യാറാകുന്നില്ലെന്നു മാത്രം. തെരുവില്‍ നിന്നും നായകളെ മാറ്റുക എന്നതിനു തന്നെയാണ് അടിയന്തര പ്രാധാന്യം നല്‍കേണ്ടതുണ്ട്. കൂടാതെ, സ്വകാര്യ വ്യക്തികള്‍ക്ക് നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സിങ്ങും പ്രതിരോധകുത്തിവെയ്പ്പും നിര്‍ബന്ധമാക്കണം. ഇവയെ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനും ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സംവിധാനമുണ്ടാകണം. അതേപോലെ തന്നെ, അപകടകാരികളായ പിറ്റ്ബുള്‍ പോലെയുള്ള ഇനങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് നിരോധിക്കണം. ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കുന്ന നായ്ക്കളെ സ്വകാര്യവ്യക്തികള്‍ക്ക് ദത്തെടുത്തു വളര്‍ത്താന്‍ നല്കാവുന്നതാണ്. ഒപ്പം, മാലിന്യസംസ്‌ക്കരണം സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തത്തില്‍ കാര്യക്ഷമമാക്കണം. തെരുവുകളില്‍നിന്നും നായ്ക്കളെ ഒഴിവാക്കി, പേവിഷബാധയില്‍ നിന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം. സ്വസ്ഥമായി ജീവിക്കാനും സഞ്ചരിക്കാനുമുള്ള സാധാരണക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം.

Share this post

scroll to top