കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിൽ നാശം വിതയ്ക്കുന്നു

Share

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ എട്ട്, ഒൻപത് വർഷങ്ങളായി ഇത് വളരെ പ്രകടമാണ്. ഹരിതവാതകങ്ങളുടെ യാതൊരു നിയന്ത്രണവും ഇല്ലാത്ത പുറന്തള്ളൽ ഇതിനൊരു കാരണമാണ്. പെട്രോളിയം പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, വാഹനങ്ങൾ പുറന്തള്ളുന്ന വിഷവാതകങ്ങൾ, മലിനീകരണനിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ഫാക്ടറികൾ പുറന്തള്ളുന്ന വിഷവസ്തുക്കൾ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകുന്നു. വീണ്ടുവിചാരമില്ലാത്ത വനനശീകരണം, ചിന്താശൂന്യമായ നഗരവൽക്കരണം, ഇക്കോടൂറിസവും വൻതോതിലുള്ള തീർത്ഥാടനവും ഒക്കെ പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ പരിസ്ഥിതി സന്തുലനം താളംതെറ്റിക്കുന്ന സംരംഭങ്ങൾ തുടങ്ങിയവയും കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്നു. ചുരുക്കത്തിൽ, പരിസ്ഥിതി ദുരന്തങ്ങൾ പ്രകൃതി കോപമല്ല, മനുഷ്യസൃഷ്ടിയാണ് എന്ന് വ്യക്തമാണ്.
1992 മുതൽ ഇന്ത്യയിൽ ഉഷ്ണതരംഗം മൂലം മരിച്ചത് 24,000 പേരാണെന്ന് അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നു. “2050 ആകുമ്പോഴേക്കും ആരോഗ്യമുള്ള ഒരാൾക്കുപോലും അതിജീവിക്കാൻ കഴിയാത്ത തരത്തിൽ ഇത് മാരകമാകു”മെന്ന് ഒരു പഠനം പറയുന്നു. കൂടാതെ രാജ്യത്തിന്റെ 90% പ്രദേശങ്ങളും “അപകട” മേഖലയിലാകുമെന്നും പ്രവചിക്കുന്നു. കോടിക്കണക്കിനാളുകളുടെ നിലനിൽപ്പുതന്നെ ഇത് അപകടത്തിൽ ആക്കുമത്രേ. 2023ൽ ഇന്ത്യയിൽ ഉണ്ടായ മാരകമായ ഒരു ഉഷ്ണതരംഗത്തിൽ പലസ്ഥലങ്ങളിലും ചൂട് 49 ഡിഗ്രി വരെ ഉയർന്നു.
2023ൽ ചില സ്ഥലങ്ങളിൽ 45 ഡിഗ്രി വരെ ചൂട് ഉയർന്നത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വലിയ ദുരന്തമായിത്തീ ർന്നു. 2023 ഏപ്രിൽ 16ന് മുംബൈയിൽ 13 പേർ സൂര്യാഘാതത്തിൽ മരിച്ചു. നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. രാജ്യത്ത് ചൂട് കൂടിയതുമൂലം 16,700 കോടി തൊഴിൽ മണിക്കൂറുകൾ നഷ്ടപ്പെട്ടതായി 2022ൽ ക്ലൈമാറ്റ് ട്രാൻസ്പരൻസി റിപ്പോർട്ട് പറയുന്നു. 1990-99നെ അപേക്ഷിച്ച് ഇതിൽ 39% വർദ്ധന ഉണ്ടായിട്ടുണ്ട്. 2016നും 21നും ഇടയിൽ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ എന്നിവയൊക്കെ മൂലം 36 മില്യൺ ഹെക്ടർ സ്ഥലത്തെ കൃഷി നശിക്കുകയുണ്ടായി. 375 കോടി ഡോളറിന്റെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. അസഹനീയമായ ചൂടുമൂലം തൊഴിൽ സമയം വെട്ടിക്കുറച്ചതു വഴി വ്യവസായ, കാർഷിക, സേവന, നിർമ്മാണ മേഖലകളിൽ വലിയതോതിൽ വരുമാനനഷ്ടം ഉണ്ടായി. ഭാവിയിൽ ഇത് കൂടുതൽ മാരകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050ഓടെ പകൽ സമയത്ത് പുറത്തുള്ള ജോലികളിൽ 15% കുറവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.
1986 – 2006 കാലയളവിൽ 1.5 ഡിഗ്രി ചൂട് കൂടിയപ്പോൾ മഴയുടെയും മഞ്ഞുവീഴ്ചയുടെയും ഒക്കെ കാര്യത്തിൽ 6% വർദ്ധനയാണ് ഉണ്ടായത്. ഇത് മൂന്ന് ഡിഗ്രി ആകുമ്പോൾ മൂന്നിരട്ടി ആയിരിക്കും മഴയുടെ അളവ് . കഴിഞ്ഞ 30 വർഷത്തിനിടയിൽ മഴയുടെ ക്രമത്തിലും വലിയ വ്യതിയാനം ഉണ്ടായിട്ടുണ്ട്. കൃഷി, വനസംരക്ഷണം മത്സ്യബന്ധനം, തുടങ്ങിയ മേഖലകളെ ഇത് സാമ്പത്തികമായി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയുടെ കാര്യത്തിലും വലിയ വ്യത്യാസം ഉണ്ടാകും. 1.5ഡിഗ്രി ചൂട് കൂടുമ്പോൾ നദികൾ കരകവിഞ്ഞ് ഉണ്ടാകുന്ന നഷ്ടം 49 ശതമാനം വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്ന നഷ്ടം 5.7 ശതമാനം വർദ്ധിക്കും. ചൂട് മൂന്നു ഡിഗ്രി ഉയരുമ്പോൾ ഇതിനെ അപേക്ഷിച്ച് 4.6 മുതൽ 5.1 വരെ മടങ്ങ് ആയിരിക്കും നാശനഷ്ടം. ചൂട് കൂടുന്നതുവഴി ജിഡിപിയിൽ ഉണ്ടാകുന്ന നഷ്ടവും അത് ജീവിതനിലവാരത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനവും 2050ൽ 2.8 ശതമാനവും 2100ൽ 8.7 ശതമാനവും ആയിരിക്കും. ആഗോളതാപനത്തിൽ 1.5 ഡിഗ്രി വർദ്ധനവ് ഉണ്ടായാൽ 1986-2006 കാലയളവിനെ അപേക്ഷിച്ച് തൊഴിലാളികളുടെ ഉത്പാദനക്ഷമതയിൽ 5% കുറവുണ്ടാകു മെന്നും റിപ്പോർട്ട് പറയുന്നു. ആഗോള താപനിലയിൽ 2.5 ഡിഗ്രിയുടെ വർദ്ധന ഉണ്ടായാൽ ഉൽപാദനക്ഷമതയിൽ രണ്ട് മടങ്ങിലേറെ കുറവുണ്ടാകും എന്നും കണക്കാക്കപ്പെടുന്നു.


എന്നാൽ ഇന്ത്യയിലെ ഭരണാധികാരികൾക്ക് ഒരു കുലുക്കവും ഇല്ല. ലാഭം വർദ്ധിപ്പിക്കാനുള്ള ത്വരയിൽ കുത്തകകളും ബഹുരാഷ്ട്ര കോർപ്പറേഷനുകളും പരിസ്ഥിതി നിയമങ്ങളൊക്കെ നിരന്തരം കാറ്റിൽ പറത്തുകയാണ്. അധ്വാനിക്കുന്നവരുടെ ജീവിതത്തിൽ എന്തൊക്കെ കെടുതികൾ ഉണ്ടായാലും കുത്തകകളുടെ വർഗ്ഗതാൽപര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുകയാണ് അവർക്ക് സേവ ചെയ്യുന്ന ബൂർഷ്വാ പാർട്ടികൾ ചെയ്യുന്നത്. ബിജെപി ഗവൺമെന്റ് കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള നടപടികളെടുക്കുന്നതിനു പകരം അതിന് ആക്കം വർദ്ധിപ്പിക്കുന്ന നടപടികളാണ് എടുക്കുന്നത്. ഉത്തരാഖണ്ഡിൽ അടുത്തിടെ വലിയതോതിൽ ഉരുൾപൊട്ടലും മിന്നൽ പ്രളയവുമൊക്കെ ഉണ്ടായി. ഒന്നിലേറെ ജലവൈദ്യുത പദ്ധതികളും ചാർധാമിലേക്കുള്ള ഹിന്ദു തീർത്ഥാടന പദ്ധതികളും ഒക്കെ മണ്ണിന്റെ ഘടന തീരെ പരിഗണിക്കാതെ നടപ്പിലാക്കുന്നതിന്റെ ഫലമായിട്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. രാജ്യത്ത് പല ഭാഗങ്ങളില്‍, വിശേഷിച്ച് തീരപ്രദേശങ്ങളില്‍ സുനാമിയും കൊടുങ്കാറ്റുകളുംമൊക്കെ ആവർത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിൽ പെരുമഴ പെയ്യുമ്പോൾ കൃഷിഭൂമിയിൽ വരൾച്ച അനുഭവപ്പെടുന്നു.
അടുത്തിടെ ബിജെപി ഗവൺമെന്റ് ആദിവാസികളെ കുടിയിറക്കി വനമേഖലയിൽ ഖനനവും വ്യവസായങ്ങളും ഒക്കെ നടത്താനും കാടുവെട്ടിത്തെളിക്കാനുമൊക്കെ കോർപ്പറേറ്റുകൾക്ക് അനുമതി നൽകുന്ന നിയമ ഭേദഗതികൾ കൊണ്ടുവരികയുണ്ടായി. ശീതള പാനീയ വ്യവസായക്കാർക്ക് ഭൂഗർഭജലവും ഉപരിതല ജലവും വൻതോതിൽ ഊറ്റിയെടുക്കാനും അനുമതി നൽകിയിരിക്കുന്നു. ചില നദികളും നദീതടങ്ങളും പോലും കോർപ്പറേറ്റുകൾക്ക് വിറ്റിരിക്കുകയാണ്. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം വർദ്ധിപ്പിക്കുകയും പണിയെടുക്കുന്നവന്റെ ജീവിതം കൂടുതൽ ദുരിതമയമാക്കുകയും ചെയ്യും.


പരിസ്ഥിതി നാശം, ആണവ അവശിഷ്ടങ്ങൾ ഉണ്ടാക്കുന്ന അപകടം, റേഡിയോ ആക്ടീവ് വസ്തുക്കളുടെ പ്രസരണം തുടങ്ങിയവയെ മുൻനിർത്തി പല രാജ്യങ്ങളും ആണവ വൈദ്യുതി നിലയങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യാഗവൺമെന്റ് ബദൽ ഊർജ്ജ ഉറവിടം എന്ന പേരിൽ ഈ ഉപേക്ഷിക്കപ്പെട്ട സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഇന്ത്യയിലേക്ക് വാങ്ങിക്കൊണ്ടു വരികയാണ്. ഇതിന്റെ മറവിൽ ആണവായുധങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക്ക് നിരോധിക്കാൻ വളരെ ശുഷ്കാന്തി കാണിക്കുന്നതായി ഭാവിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം തടയാൻ യാതൊരു നടപടിയും എടുക്കുന്നില്ല. ഇത് പരിസ്ഥിതിക്ക് വലിയ ഹാനി വരുത്തിവയ്ക്കുന്നു. ഒരേസമയം വേട്ടക്കാരനോടൊപ്പവും ഇരയോടൊപ്പവും ഓടുകയാണ് അവർ.
ഇത് അനുസ്യൂതം തുടരാൻ അനുവദിക്കാമോ ? പാടില്ല. അപ്പോൾ, അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്നതുമായ നടപടികൾക്കെതിരെ അണിനിരക്കാനും കൂട്ടായ ചെറുത്തുനിൽപ്പിന്റെ ഫലമായി ഗവൺമെന്റ് ഇത്തരം കൊല്ലാക്കൊലയുടെ മാർഗത്തിൽനിന്ന് പിന്തിരിയുന്നു എന്ന് ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വം നാം ഏറ്റെടുത്തേ മതിയാകൂ.

Share this post

scroll to top